Slider

എറണാകുളം മറൈൻഡ്രൈവിലെ ഒരു സായാഹ്നം

1

ഫ്ലാറ്റുകളിലെ ഓടകളിൽ നിന്നുള്ള ചീജലം കായലിലേക്ക് ഒഴുക്കുന്നത് കൊണ്ടാകാം പടിഞ്ഞാറൻ കാറ്റ് കായലോളപരപ്പുകളെ തഴുകി മൂക്കിലേക് വലിഞ്ഞു കയറുമ്പോൾ വല്ലാത്തൊരസ്വസ്ഥത തോന്നി.എന്നാലും സൂര്യസ്തമയത്തിലെ അരുണകിരണങ്ങൾ കായലോളങ്ങളിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ആഫ്രിക്കൻ പായലുകളിലും തട്ടി പ്രതിഫലിക്കുമ്പോൾ ഉള്ള മനോഹാരിത അവർണനീയം തന്നെ.അങ്ങകലെ രണ്ടു കൂറ്റൻ കപ്പലുകൾ വലിയ കയറുകളാൽ തുറമുഖമായി ബന്ധിച്ചിരിക്കുന്നു.കപ്പലുകളിലെ പുകക്കുഴലുകളിൽ നിന്നും ഉയർന്നുപൊങ്ങുന്ന പുക അതിലെ ജീവനക്കാരുടെ രാപ്പകലില്ലാത്ത അധ്വാനത്തിന്റെ പ്രതീകം എന്നോണം അന്തരീക്ഷത്തിൽ നിഴലിച്ചു നിൽക്കുന്നു.കടലിന്റെ മാറിലേക്ക് അണയാൻ വെമ്പൽകൊള്ളുന്ന കായലിന്റെ നിശബ്ദ സൗന്ദര്യം വെറുതെയങ്ങു കണ്ടുനിൽക്കാൻ തന്നെ എന്ത് രസമാണ്.
ചക്രവാളങ്ങളെ വാരിപ്പുണരുന്ന കടലിനു ഒത്തിരി കഥകൾ നമ്മോടു പങ്കുവെക്കാനുള്ളത് പോലെ.കറുത്തമുത്തും മഞ്ഞലോഹവും കൊള്ള യടിക്കാനീവശ്യസൗന്ദര്യ ഭൂമികയിൽ ആർത്തിയോടെ പാഞ്ഞെത്തിയ വിദേശികളുടെ നൊസ്റ്റാൾജിയ മുതൽ ,വാണിജ്യ താല്പര്യത്തിനായി അവളുടെ ( കടലിന്റെ) മാറിലേക്ക് കത്തികുത്തിയിറക്കി ചെളികോരുന്ന ഡ്രഡ്ജിങ് കപ്പലുകളോടുള്ള അമർഷം മുതൽ, ആധുനികസംസ്ക്കാരത്തിന്റെ മേനിനടിക്കലിനായി ചീട്ടുകൊട്ടാരം പോലെ ഉയർത്തിക്കെട്ടിയ ഫ്ളാറ്റുകളും സ്ഥാപനങ്ങളും ഒഴുക്കുന്ന വിഷമാലിന്യം നശിപ്പിക്കുന്ന തന്റെ അരുമയായ മൽസ്യകുഞ്ഞുങ്ങളുടെ സങ്കടം മുതൽ, എന്തിന് അധികം,അന്നത്തെ അന്നത്തിനായി വമ്പൻ തിരകളെ കീറിമുറിച്ചു അഴിമുഖത്തിനപ്പുറം മൽസ്യസമ്പത്തു തേടിപ്പോകുന്ന മുക്കുവകുടുംബങ്ങളുടെ പട്ടിണിയുടെ കദനകഥകൾ വരെ, അങ്ങനെ അങ്ങനെ എന്തൊക്കെ പറയാനുണ്ടവൾക്ക് .അവളുടെ നിശബ്ദമായ കഥ പറച്ചിലിനിടയിൽ ആരോ എന്നെ തട്ടി വിളിച്ചു...
"സർ ..ബോട്ടിങ്.. ഒരുമണിക്കൂർ ബോട്ടിങ്...60 രൂപ.. ഒരു കൗതുകത്തിന് ഞാൻ ചോദിച്ചു..എന്തൊക്കെയാണ് കാണിക്കുക..അയാൾ വാചാലനായി.. സർ.. ഒരു മണിക്കൂർ മ്യൂസിക് ബോട്ട് യാത്ര..കപ്പൽ ചാനലിലൂടെയാണ് യാത്ര.കപ്പലുകളെ അടുത്ത് കാണാം .വളരെ വലിയ കപ്പലുകളാണ് ..ദൂരെ നിന്നും നോക്കുന്നത് പോലെയല്ല അടുത്തു ചെന്നാൽ ...അത് വേറെ ഒരു രൂപമാണ്.പിന്നെ ബോൾഗാട്ടി പാലസിനടുത്ത് പോകും ..വൈപ്പിനും വല്ലാർപ്പാടവും അടുത്ത് കാണാം" ....വർഷത്തിന്റെ മുക്കാൽ ഭാഗത്തോളം കപ്പലിൽ ജോലി ചെയ്തു കപ്പലിനോട് തന്നെ വിരക്തി തോന്നിയ ഒരാളിനോടാണ് താൻ ഇങ്ങനെ വാചലനാകുന്നത് എന്നറിയാതെ അയാൾ പറഞ്ഞു നിർത്തി ..."സർ ടിക്കറ്റ് എടുക്കട്ടേ"...ഞാൻ സ്നേഹത്തോടെ നിരസിച്ചു.എന്നാലും മനസിലൂടെ ഒരു കാര്യം കടന്നുപോയി .തന്റെ വാക്ചാതുര്യം കൊണ്ട് ദിവസം മുഴുവൻ കൊച്ചിയുടെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്ന ഈ ബോട്ട് ജീവനക്കാർ അവന്റെ തുപ്പൽ വറ്റിച്ചു മുതലാളിയുടെ കീശയിൽ എത്തിക്കുന്ന വലിയ തുകയിൽ നിന്നും ,അവന്റെയും അവന്റെ കുടുംബത്തിന്റെയും വയറ്റിപ്പിഴപ്പിന് വേണ്ടിയാണല്ലൊ എന്നോട് ഇത്രയും നേരം സംസാരിച്ചത് എന്ന് ആലോചിച്ചപ്പോ ആ ബോട്ട് യാത്രക്ക് പോകാത്തതിൽ വല്ലാത്തൊരു കുറ്റബോധം തോന്നി.ആ സങ്കടത്തിന്റെ ഹാങ്ങ് ഓവറിൽ ഇരുന്നത് കൊണ്ടാണോ എന്തോ, പിന്നാലെ വന്ന കപ്പലണ്ടിക്കാരനിൽ നിന്നും കപ്പലണ്ടി വാങ്ങി അയാൾക്ക് നേരെ പത്തു രൂപ നീട്ടിയപ്പോൾ എന്തോ വലിയ കാര്യം ചെയ്ത ചരിതാർഥ്യം തോന്നി എനിക്ക്.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു വിളി.."
മോനെ കൈ നോക്കട്ടെ...ഭൂതം ഭാവി എല്ലാം പറയും"..ഭൂതം അറിയണ്ട...കഴിഞ്ഞുപോയത് അറിഞ്ഞിട്ട് എന്തുകാര്യം.പിന്നെ ഭാവി..അത് നിങ്ങൾ പറഞ്ഞാൽ പിന്നെ അത് കൊണ്ട് ഒരു ടൈംടേബിൾ ഉണ്ടാക്കി,മരിക്കുവോളം അത് നോക്കി ജീവി്ച്ചാൽ പോരെ..എന്റെ പരിഹാസം ആ സ്ത്രീയെ വേദനിപ്പിച്ചിരിക്കണം എന്ന് അവരുടെ മറുപടിയിൽ നിന്ന് എനിക്ക് മനസിലായി..."മോനെ... വയറ്റിപ്പിഴപ്പിന് വേണ്ടിയാ...കളിയാക്കണ്ട..മോന്റെ പ്രായം ഉള്ള ഒരു മകൻ എനിക്കും ഉണ്ട്.അവൻ എന്റെ വയറു നിറച്ചിരുന്നെങ്കിൽ മോന്റെ ഭാവി പറഞ്ഞു ദക്ഷിണക്ക് വേണ്ടി എനിക്ക് യാചിക്കേണ്ടി വരില്ലായിരുന്നു"....
മോനെ എന്നാവിളിയിൽ ഏതൊരു മാതാവും അവരുടെ മക്കൾക്കിടുന്ന സ്നേഹ-വാത്സല്യ കടിഞ്ഞാണിന്റെ ശക്തി ഉള്ളത് പോലെ എനിക്ക് തോന്നി.ക്ഷമാപണ ഭാവേന ഞാൻ പറഞ്ഞു..എന്റെ കൈ നോക്കിക്കൊള്ളു.. ദക്ഷിണ തരാം..
അവരുടെ മുഖത്ത് സന്തോഷം നിഴലിച്ചു .എന്റെ കൈവെള്ളയിൽ പിടിച്ചു അവർ എന്തൊക്കെയോ പ്രവചനങ്ങൾ നടത്തിയപ്പോ എന്റെ ഉപബോധമനസ് അവരുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലെ കറുത്തകാഴ്ചകൾക്കായി അലയുകയായിരുന്നു.എന്തൊക്കെയോ ഞാൻ മൂളിക്കേട്ടു.എന്നിട്ട് ഞാൻ ചോദിച്ചു..നിങ്ങളുടെ മക്കൾ?
കണ്ഠമിടറിക്കോണ്ട് അവർ തുടർന്നു... രണ്ടു മക്കൾ .എനിക്കിപ്പൊ വയസു 55 കഴിഞ്ഞിരിക്കുന്നു..ജീവിതത്തിലെ താങ്ങും തണലായും നിന്ന ഭർത്താവു 4 വര്ഷം മുൻപ് എന്നെവിട്ടു പോയി.കൂലിവേല ചെയ്ത് കഷ്ടപ്പെട്ട് മക്കളെ വലുതാക്കി.നല്ല വിദ്യാഭ്യാസം നൽകി.6 സെന്റ് സ്ഥലവും അതിൽ ഒരു ചെറിയ വീടും ആണ് അങ്ങേര് ഉണ്ടാക്കിയ സമ്പാദ്യം.. പഠിപ്പിച്ചു മിടുക്കരാക്കിയ രണ്ടു ആണ്മക്കളില്ലേടി നമുക്ക്.അവർ പോന്നു പോലെ വാഴിക്കും നമ്മളെ എന്ന് അങ്ങേര് എപ്പോഴും പറയുമായിരുന്നു.എന്നാൽ അങ്ങേരുടെ കാലശേഷം വന്നുകയറിയ പെണ്ണുങ്ങളുടെ വാക്കുകേട്ടു ചാഞ്ചാടുന്ന നട്ടെല്ലില്ലാത്ത ആണ്മക്കളെയായിരുന്നല്ലോ ഞാൻ പത്തുമാസം ഗർഭം ചുമന്നത് എന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങൾക്ക് പിന്നീടുള്ള ദിവസങ്ങൾ സാക്ഷിയായി.മക്കൾക്ക് അമ്മയെക്കാൾ ഇഷ്ട്ടം സ്വത്തിനോടുള്ള ഭ്രമം ആയെന്നു മനസിലായപ്പോൾ, പിന്നീട് അവർ കാണിച്ച അവഗണന എന്നെ ഇപ്പോഴത്തെ കാക്കാലത്തിയാക്കി മാറ്റി..
ഏതൊരു വയറിന്റെ വിളിക്ക് ഉത്തരം നൽകാനാണോ ആ അമ്മ യാചിക്കുന്നത് അതിലായിരുന്നില്ലേ അവർ രണ്ടു മക്കളെ പത്തുമാസം ചുമന്നത്.അതെ വയറിൽ മക്കളുടെ ചവിട്ടും തൊഴിയും സഹിച്ചു മരണത്തെക്കാൾ വേദനയുള്ള പ്രസവവേദന സഹിച്ചു അവരെ പാലൂട്ടിയത് ഇങ്ങനെ ഒരു അവഗണനക്കായിരുന്നോ.?ആ വയറിലെ പൊക്കിൾകൊടി ആയിരുന്നില്ലേ ആ മക്കളെ താങ്ങിക്കെട്ടിയിരുന്ന ഏറ്റവും ബലമുള്ള ചരട്.?.അതിനേക്കാൾ വില നീ വന്നു കയറിയ പെണ്ണിന്റെ പാവടച്ചരടിനു നൽകിയതെന്തിനായിരുന്നു?ആ വയറിൽ നിന്നും പുറംതള്ളാത്ത ആർത്തവരക്തം തളം കെട്ടിയതിൽ നിന്നല്ലേ നീ ആദ്യ പ്രാണവായു എടുത്തത്.?എന്നി്ട്ടിപ്പൊ ഒരു ചാൺ വയറിന്റെ ഒരുപിടി ചോറിനായി തളർന്ന കാലും ക്ഷീണിച്ച മനസുമായി എന്നെപ്പോലുള്ളവരുടെ കൈവെള്ളയിലെ രേഖകളുടെ തെളിമ നോക്കേണ്ടിവരുന്നു ആ പാവത്തിന് എന്ന് ചിന്തിച്ചിരിക്കുമ്പോൾ വീണ്ടും ഒരു വിളി...
"മോനെ..മനസും ശരീരവും വല്ലാതെ തളർന്നിരി ക്കുന്നു.മനസിന്റെ ഇഷ്ട്ടത്തിനു അനുസരിച്ചു കാലുകൾക്ക് ചുവടുവാക്കാനാകുന്നില്ല..ഇനിയിതുപോലെ എത്ര നാൾ എന്നറിയില്ല മോനെ"....
ഒത്തിരി കരഞ്ഞു ശീലച്ചതുകൊണ്ടാകാം അവരുടെ കണ്ണുകളിൽ നിന്നും പുറത്തേക്ക് ഒഴുകാതെ തളം കെട്ടി നിന്ന കണ്ണീരിന്റെ ഉപ്പിന് ഞാൻ നോക്കിയിരുന്ന ,എന്നോട് കഥ പറഞ്ഞിരുന്ന കടലിന്റെ ഉപ്പിനെക്കാൾ സാന്ദ്രത കൂടുതൽ ഉള്ളത് പോലെ തോന്നി എനിക്ക്.
ഞാൻ നൽകിയ ദക്ഷിണ മടിക്കുത്തിലേക്ക് തിരുകി എന്നോട് യാത്ര പറഞ്ഞപ്പോൾ എന്റെ കടക്കണ്ണിൽ നിറഞ്ഞ കണ്ണുനീർ മറ്റുള്ളവർ കാണാതെ തുടക്കാൻ ഞാൻ നന്നേ പ്രയാസപ്പെട്ടു.ലോകം വലുതായപ്പോ മനുഷ്യ മനസ്സ് എത്രയോ എത്രയോ ചെറുതായിപ്പോയി എന്ന് തോന്നിയ നിമിഷം..ആ അമ്മയെ പോലുള്ള ഒരുപാട് അമ്മമാർക്ക് ജീവിച്ചിരുന്നപ്പോൾ നൽകാത്ത ഒരുപിടി ചോറ് നാളെ ബലി ചോറായി നൽകിയാൽ മോക്ഷം കിട്ടും എന്ന് കരുതുന്ന ആധുനിക തലമുറക്ക് സമർപ്പിക്കുന്നു ഈ കുറിപ്പ്.....
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo