Slider

മണലാരണ്യ മനസ്സിലെ കനൽക്കാറ്റ് (ചെറുകഥ)

0

(ഫേസ്ബുക്കിൽ മുൻപ് പോസ്റ്റിയതു നല്ലെഴുത്തിലേക്ക് വീണ്ടും)
മണലാരണ്യ മനസ്സിലെ കനൽക്കാറ്റ് (ചെറുകഥ) =====================================
അതിരാവിലെ തന്നെ പുറത്തുപെയ്യുന്ന മഴ മരുഭൂവിലെ മണലിന്റെ ദാഹം മാറ്റാൻ പാടുപെടുന്നുണ്ടായിരുന്നു.പല്ലുതേക്കാനായി കണ്ണാടിയുടെ മുന്നിൽ നിന്ന ബഷീർ തന്റെ കുഴിഞ്ഞകണ്ണും കറുത്ത കൺതടങ്ങളും മുഖത്തെവല്ലാതെ മാറ്റിയിരിക്കുന്നല്ലോയെന്നാലോചിച്ചു നെടുവീർപ്പെട്ടു.വയസ്സ് മുപ്പതേ പിന്നിട്ടുള്ളുവെങ്കിലും നരകൾ ബാധിച്ച തലമുടികൾ വാർദ്ധക്യത്തിന്റെ പുറംചട്ടയയാളുടെ ശരീരത്തിനണിയിപ്പിച്ചു കൊടുത്തിരുന്നു.ഉമ്മാന്റെ ഭാഷയിലെ ഭാഗ്യനരയല്ലയിതെന്നും പോഷണക്കുറവും ടെൻഷനും ഭൂരിഭാഗം പ്രവാസികൾക്കും സമ്മാനിക്കുന്നതാണീ നരയെന്ന് അയാളും തിരിച്ചറിഞ്ഞിരുന്നു.കൊല്ലങ്ങളായി ഗൾഫിൽ ജോലിചെയ്യുന്ന ബീരാന്റെ മോൻ ഷറഫിന്റെ ജോലിടെ പത്രാസാണവന്റെ മൊഞ്ചിന്റെ രഹസ്യമെന്നത് ജിദ്ദയിലെ കൊടുംചൂടിൽ പണിയെടുക്കുന്ന നിർമാണത്തൊഴിലാളിയായ അയാളിലെ പച്ചമനുഷ്യന്റെ മനസിനെ ഇടക്കിടക്ക് നുള്ളി നോവിച്ചിരുന്നു.എങ്കിലും പടച്ചോന്റെ നരകത്തിലെ ചൂടുപോലെ ഈ മരുഭൂമി ചുട്ടുപഴുക്കുമ്പോൾ തന്റെ ഖൽബിലെ അണയാത്തകനലുകൾ പലപ്പോഴുമയാളെ ഇത്തരം ചിന്തകളുടെ ചക്രവ്യൂഹത്തിൽ നിന്നും സ്വതന്ത്രനാക്കിയിരുന്നു....ഇടക്കിടക്കുവരുന്ന പനിയും ശാരീരികക്ഷീണവും വല്യപെരുന്നാളിനു അവധിക്ക് നാട്ടിൽ പോകുന്ന ചിന്തകൾക്ക് മുന്നിലയാളെ തുലോം അലട്ടിയിരുന്നില്ല.ലേബർ ക്യാമ്പുകളിലെ മൂട്ടകടി സഹിച്ചും അത്താഴവിശപ്പ് വെറും കുബൂസിലൊതുക്കിയും താൻ സ്വരുക്കൂട്ടിയ തുച്ഛമായ സംഖ്യ അയാളെ നാട്ടിലേക്ക് പോകാൻ കൂടുതൽ ഉത്സാഹഭരിതനാക്കി....
കോഴിക്കോട്ടെ കല്ലായിക്കാരൻ സുലൈമാന്റെ മോൻ ചെറുപ്രായത്തിൽ തന്നെ ഓടിത്തളർന്നിരുന്നു.പതിവ് തെറ്റാതെ ഇഷാ നിസ്‌ക്കാരാനന്തരം തന്റെ കിനാവ് കാണലിലേക്കയാൾ വഴുതി വീണു.കല്ലായിപ്പുഴയിലെ മണലുവാരി അന്നം നൽകിയിരുന്ന ഉപ്പ ,ബഷീറെന്ന കൗമാരക്കാരൻ തന്റെ സ്വപ്നങ്ങളുടെ ലോകത്തിലേക്ക് ചിറകുവിടർത്തിപ്പറക്കും മുൻപേ,ചുമലിൽ കുടുംബഭാരം ഏല്പിച്ചു ഈ ദുനിയാവിൽ നിന്നും യാത്രയായി.അടുക്കള മാത്രം ലോകമെന്നുകരുതുന്ന ഉമ്മയെയും പത്താൻ തരം കഴിഞ്ഞ മൂത്തപെങ്ങളും പറക്കമറ്റാത്ത കുഞ്ഞുപെങ്ങളും പട്ടിണിയാവാതിരിക്കാൻ അയാൾക്ക് തന്റെ പുസ്തകങ്ങളോടു സലാം പറയേണ്ടി വന്നു.എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴേ വയസറിയിച്ച പെങ്ങളുടെ വരാനിരിക്കുന്ന കല്യാണക്കാര്യം പറഞ്ഞു ഉമ്മ തന്റെ ഉള്ളിലെ ആദി മിക്കരാത്രികളിലും ഉപ്പാനോട് ഓതുന്നത് അയാളോർത്തു. "ന്റെ നബീസു ഇയ്യ് ആളെ പിരാന്താക്കാണ്ട് ഇച്ചിരി ചായേന്റെ ബെള്ളം ങ്ങട്ട് തരീൻ"..എന്ന് പറഞ്ഞു ഒരു ഒഴുക്കൻ മറുപടിയിൽ ഉമ്മയെ ഉപ്പ ഒഴിവാക്കിയിരുന്നെങ്കിലും;പെണ്ണിന് പതിനെട്ടു കഴിഞ്ഞാൽ പ്രായക്കൂടുതലെന്നു കരുതണ തന്റെ നാട്ടിൽ, ഉപ്പാടെ ഖൽബിൽ അടുപ്പത്തെ ചായേടെ ചിരട്ടക്കനലിനെക്കാളും വലിയ നെരിപ്പോടെരിയുന്നത് മറ്റാരേക്കാളും നന്നായി അയാൾ മനസ്സിലാക്കിയിരുന്നു...ഒടുവിൽ ജീവിതച്ചുമട് തന്റെ തലയിൽ വച്ച് ഉപ്പ പള്ളിക്കാട്ടിലേക് യാത്രയായപ്പോ ,ആ തന്തോക്കിന്റെ (ശവമഞ്ചം) മുൻപിൽ വലതുഭാഗത് പിടിച്ച കൈകൾ പേനയും പുസ്തകവും വലിച്ചെറിഞ്ഞു കൈക്കോട്ടും സിമന്റു ചട്ടിയും പിടിക്കാൻ ശീലിച്ചത് ഒരു പുസ്തകത്തിന്റെ ഏട് മറിക്കും പോലെ അയാൾ ഓർത്തെടുത്തു.
പുരയിടത്തിലെ ആധാരം സൊസൈറ്റി ബാങ്കിൽ പണയം വച്ച കാശ് ഉപ്പയുടെ കൂട്ടുകാരൻ ബാങ്ക് പ്രസിഡണ്ട് രാജേട്ടനിൽ നിന്നും കൈപ്പറ്റുമ്പോൾ പെങ്ങളെ തെറ്റില്ലാതെ വീട്ടിൽ നിന്നും ഇറക്കിവിടാനാണല്ലോ റബ്ബ് ഹറാമാക്കിയ പലിശയിടപാടിൽ തനിക്കും ഭാഗമാകേണ്ടിവന്നത് എന്നാലോചിച്ചയാൾ പടച്ചവനോട് പൊറുക്കലിനെ തേടി.കാലം ശരവേഗത്തിൽ മുന്നോട്ടു പായുന്നതിനിടയിൽ ഒരു സാധാരണ കുടുംബത്തിലെ ഫൗസിയെ മഹർ നൽകി ഇണയാക്കിയ അയാളിലെ പുതിയാപ്ലയുടെ മധുവിധുവിന്റെ മധുരം ജീവിതത്തിന്റെ കൈപ്പുരസങ്ങൾക്കു മുന്നിൽ വഴിമാറി...
രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴേക്കും ജീവിത ഭാരം അയാളെ വല്ലാതെ അലട്ടിത്തുടങ്ങിയിരുന്നു.പകൽ മുഴുവൻ മൈസണ് ഹെൽപ്പറായും രാത്രി വൈകുവോളം ഓട്ടോ ഡ്രൈവറായും വേഷം കെട്ടിയെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട അയാൾ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിൽ ഫൗസിയുടെ ഉള്ള സ്വർണ്ണമെല്ലാം വിറ്റുപെറുക്കിയിപ്പൊ ഈ മരുഭൂമിയിലെത്തിയിരിക്കുന്നു.
രണ്ടു വർഷം മുൻപ് പള്ളിയിലെ മുസ്ലിയാരുടെ ദുആക്ക് ആമീൻ പറഞ്ഞു എല്ലാവരോടും യാത്രപറഞ്ഞു വീട്ടിലെ ഉമ്മറപ്പടിയിൽ നിന്നും ഇറങ്ങിയപ്പോ കണ്ണിൽ തളംകെട്ടിയ കണ്ണുനീരിനു പിന്നിലെ മങ്ങിയ പ്രതിബിംബംപോലെ നിന്ന ഉമ്മയുടെയും ഫൗസിയുടെയും പൊന്നുമക്കളുടെയും രൂപം ഓർത്തപ്പോൾ വീണ്ടും കണ്ണുകളിൽ ഈറൻ അണിഞ്ഞത് അയാൾ അറിഞ്ഞില്ല.കാടു കയറിയ ചിന്തകൾക്ക് തടയിട്ടു കൂട്ടുകാരുടെ വിളി പെട്ടെന്നയാളെ ഉണർത്തി.."ബഷീർ നീ ഇങ്ങനെ സ്വപ്നം കാണാതെ വല്ലതും കഴിക്കാൻ വരുന്നേൽ വാ"...ഭക്ഷണം കഴിച്ചുന്നു വരുത്തി അയാൾ ഭാര്യയെ വിളിച്ചു.പതിവ് വിശേഷങ്ങളും ഒപ്പം പരിഭവവും പങ്കുവച്ചു അവൾ അയാളെ വീർപ്പുമുട്ടിച്ചു...
"ഈടെ എല്ലാർക്കും സുഖാണിക്ക.ഉമ്മാക്ക് വാതത്തിന്റെ മുട്ടുവേദന ഇച്ചിരി ജാസ്തിയായിരിക്കണ്...ഇക്കാക്ക മന്നിട്ട് ബൈദ്യര് ഹസ്സൻപുള്ളാക്കാനെ കാണാന്ന് പറേണ്ട്..ഐശമോളീടെ കുത്തീര്ന്നു ടി. വി. കാണണ്..ആശിക്ക് ചോറീറ്റ കയിഞ്ഞ് വേഗോറങ്ങിക്കണ്..ഓന് ഇങ്ങടെ ഫോട്ടോ എപ്പളും കാണോന്നും പറഞ്ഞു ഈടെ എന്നെ ബേജാറാക്കലാണ്.... പിന്നെ പലിശേങ്കിലും കെട്ടാൻ പറഞ്ഞു ബാങ്കീന്നു രായേട്ടൻ വിളിച്ചാർന്നിനി...ഐശാനെ ഇക്കൊല്ലം അങ്ങാടിപ്പുറത്തെ ഇംഗ്ലീശ് മീഡിയം ഉസ്കൂളി ചേർക്കണോം...വയസ് നാലര കയിഞ്ഞിരിക്കണ്...സർക്കാർ ഉസ്കൂളിലെ പഠിപ്പ് മോശാന്നു വടക്കേലെ സൂറായും കെട്ട്യോനും പറേണ്ടാർന്നു..പെങ്ങളൂട്ടി സ്കൂളി പോണ്ട്..ഓൾക്കും പ്രായായിവരാണ് അല്ലാഹ്.."....ഫൗസി ഇടയ്ക്കു നിർത്തി...അയാൾ എല്ലാം മൂളിക്കേറ്റു...."ഞാൻ വല്യപെരുന്നാളിന് മുൻപ് വരാം..ലീവുണ്ട്."..."ആ പിന്നേ... ഫൗസി വീണ്ടും..."ഇത്തോണ ഇങ്ങള് വരുമ്പോ ന്റെ കയ്യിലും കാതിലും ഇച്ചിരി പോന്നു മാങ്ങി തന്നോളി...അയൽകൂട്ടത്തിലെ ഉമ്മലൂന്റേം ആരിഫാന്റേം കുത്തുവാക്ക് കേട്ടന്റെ തൊലി ഉരിഞ്ഞിക്കണ്.."....ലിസ്റ്റുകളുടെ പട്ടിക നീണ്ടപ്പോ,"ഹും... വാങ്ങാം ...ശരി എന്നാ... ബാലൻസ് തീരാറായി" എന്നും പറഞ്ഞയാൾ കോൾ കട്ട് ചെയ്തു..
അങ്ങനെ രണ്ടു കൊല്ലത്തിനു ശേഷം നാട്ടിൽ പോകാൻ അയാൾ ഒരുങ്ങി..എല്ലാ ഗൾഫുകാരെയും പോലെ കൂട്ടുകാർ കെട്ടിയ പെട്ടിയിൽ റോയൽ മിറാജിന്റെ സ്‌പ്രേയും യാർഡ്‌ലിയുടെ സോപ്പും പൗഡറും കുറച്ചു ഉടുപ്പുകളുമായി അയാൾ നാട്ടിലെത്തി.കാത്തിരിപ്പിനറുതിവരുത്തി എത്തിയ മാരനെപ്പോലെ മൈലാഞ്ചിയിട്ട ഫൗസിയുടെ കൈകളിൽ നിന്നും മധുനുകർന്ന രാവുകളും,പൊന്നുമക്കളുടെ കിന്നാരങ്ങളും കൊഞ്ചലുകളും, ഉമ്മയുടെ വാത്സല്യവും കൊച്ചു കൊച്ചു ആവലാതികളും, കൂട്ടുകാർ പങ്കിട്ട രണ്ടുവർഷത്തെ നാട്ടുവിശേഷങ്ങളും,വലിയപെരുന്നാളിന്റെ അത്തറിൻ മണവും, ഒക്കെയായി ദിനരാത്രങ്ങൾ വേഗത്തിൽ കടന്നുപോയി.ലീവ് തീരാൻ ദിവസങ്ങൾ ബാക്കി നിന്നപ്പോ തന്റെ ഇടവിട്ടുള്ള പനിക്കും-ക്ഷീണത്തിനും വരുന്നൊരു വർഷത്തേക്കെങ്കിലും മരുന്ന് സ്റ്റോക്ക് ചെയ്യാൻ അയാൾ ഡോക്ടറുടെ അടുത്തെത്തി..
സ്കാനിംഗ്-ബ്ലഡ് റിപ്പോർട്ടുകളുമായി ഡോക്ടറുടെ റൂമിൽ കയറിയ അയാളോട് ഡോക്ടർ കാര്യങ്ങൾ തിരക്കി.."എന്ത് ചെയ്യുന്നു?"...പുറത്താണ് എന്നും ഇനി അഞ്ചാറു ദിവസം കഴിഞ്ഞാൽ തിരികെ പോകുമെന്നും അയാൾ മറുപടി നൽകി..ഡോക്ടർ തുടർന്നു..."ബഷീർ ..ഞാൻ കാര്യങ്ങൾ ഓപ്പണായി പറയുവാണ്..നിങ്ങളുടെ കരളിൽ ഒരു തടിപ്പ് കാണുന്നുണ്ട്..രക്തത്തിലെ കൗണ്ടിലും ഒരു വേരിയേഷൻ ഉണ്ട്..ഐ തിങ്ക് ദിസ് മെ ബി എ സിംപ്റ്റം ഓഫ് ലിവർ കാൻസർ..ബിയോപ്സി എടുത്താലേ കാൻസറാണോയെന്ന് ഉറപ്പിക്കാൻ പറ്റു.. പക്ഷേ..പേടിക്കാനൊന്നുമില്ല..പൂർണമായും ഭേദമാക്കാൻ പറ്റും..എറണാകുളത്തു ഡോക്ടർ പി.വി ഗംഗാധരൻ എന്റെ ഫ്രണ്ടാണ്..ഞാൻ റെഫർ ചെയ്യാം..ബട്ട്..ടൈം വേസ്റ്റ് ചെയ്യരുത്..."
ഡോക്ടറുടെ റൂമിൽ നിന്നും പുറത്തിറങ്ങിയ അയാൾക്ക് തന്റെ നാഡിഞെരമ്പുകൾ വലിയുന്നതായും കണ്ണുകളിൽ ഇരുട്ടുകയറുന്നതായും തോന്നി.അനുദിനം തന്റെ ശരീരത്തിൽ പെരുകുന്ന അർബുദ കോശങ്ങൾ തന്റെ ദുനിയാവിന്റെ ദിനങ്ങൾക്ക് എണ്ണം പറയുന്നുണ്ടെന്നയാൾ തിരിച്ചറിഞ്ഞിരുന്നു..മലക്കുൽ മൗത്ത്( മരണത്തിന്റെ മാലാഖ) റൂഹ് (ആത്മാവ് )പിടിക്കും മുൻപ് തനിക്കുചെയ്തു തീർക്കേണ്ട കാര്യങ്ങൾ ബഷീറിനെ കൂടുതൽ വ്യസനപ്പെടുത്തി.തന്നെ കാത്തിരിക്കാനും ഇഷ്ടപ്പെടാനും ആളുകൾ ഉണ്ടാകും മുൻപേ ഒരു മാംസപിണ്ഡമായി ആ വയറ്റിൽ ചുമന്നനാൾ മുതൽ എന്നെ സ്നേഹിക്കുന്ന എന്റെ പൊന്നുമ്മ യും ,നഷ്ടവസന്തങ്ങളിൽ പുഞ്ചിരിതൂകി ഇഷ്ടവസന്തങ്ങളെ സ്വപ്നം കാണുന്ന തന്റെ ബീവിയും, പുസ്തകത്താളുകളിൽ മയിൽപ്പീലി പ്രസവിക്കുന്ന കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന തന്റെ പൊന്നോമനകളുടെ നിഷ്കളങ്കമുഖവും അയാളെ കൂടുതൽ നൊമ്പരപ്പെടുത്തി..
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാതിരുന്ന ആ രാത്രിയിൽ നെഞ്ച് പൊട്ടുന്ന വേദനയോടെ അയാളാ തീരുമാനം എടുത്തു.. ഇക്കാലത്തിനിടക്ക് ഒരു നിമിഷം പോലും തനിക്കായി ജീവിച്ചിട്ടില്ല....ഉറ്റവരുടെയും ഉടയവരുടെയും സുഖത്തിനും സന്തോഷത്തിനുമായി ഹോമിച്ച തന്റെ ജീവിതത്തിനു ഒരു പക്ഷെ ഏറിയാൽ ഇനി ഒന്നോ-രണ്ടോ കൊല്ലംകൂടി ആയുസ്സ് കാണുമായിരിക്കും..അതും അങ്ങനെതന്നെ പോട്ടെയെന്ന് തീരുമാനിച്ചുറച്ചു സങ്കടങ്ങൾ ഫൗസിയോടുപോലും പങ്കുവക്കാതുള്ളിലൊതുക്കി എപ്പോഴോ അയാൾ ഉറങ്ങിപ്പോയി.....
മടക്കയാത്രയുടെ ദിവസം വന്നപ്പോൾ ഇത്തവണ എല്ലാവരും അയാളെ യാത്രയാക്കാൻ എയർപോർട്ടിലെത്തി..എല്ലാവരോടും യാത്ര പറഞ്ഞു ചെക്കിങ്ങിനായി അകത്തേക്ക് പോകുമ്പോൾ തന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും താൽക്കാലിക വിരഹത്തിന്റെ കണ്ണുനീർ അയാളുടെ മനസ്സിൽ മായാതെ കിടന്നു..എമിഗ്രേഷൻ കൗണ്ടറിലെ ക്യുവിൽ നിന്നും അകത്തേക്ക് നടന്നു നീങ്ങുമ്പോൾ അയാളുടെ മനസ്സിൽ പടച്ചവനോട് ഒരു ദുആ മാത്രമേ ഉണ്ടായിരുന്നുള്ളു.. "അടുത്ത തവണ തന്നെക്കാണുമ്പോഴുള്ള തന്റെ ഉറ്റവരുടെ കണ്ണീർ തന്റെ മയ്യിത്ത് (മൃതശരീരം) കണ്ടുകൊണ്ടുള്ളതാവല്ലേ റബ്ബേ.. അത്രയെങ്കിലും ഈ പടപ്പിന് നീ ദുനിയാവു നീട്ടണെ നാഥാ.........."
########..എത്ര കഷ്ടപ്പെട്ടാലും കുടുംബപ്രാരാബ്ധങ്ങളുടെ വറ്റാത്ത കടലുമായി പ്രവാസജീവിതം നയിക്കുന്ന പ്രിയപ്പെട്ട ബഷീറുമാർക്കായി (പ്രവാസികൾക്കായി )ഈ ചെറുകഥ സമർപ്പിക്കുന്നു....#####
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo