Slider

പറവകള്ക്കുള്ളത്- കഥ മത്സരം 2017 ലേക്ക് ഒരു കഥ

0

പറവകള്ക്ക് ആകാശമുണ്ടെന്നൊക്കെ പഴഞ്ചൊല്ലില് പറയുമെങ്കിലും ഞങ്ങള് കാക്കകള്ക്ക് ആകാശം തുറന്നിടുന്ന സ്വാതന്ത്ര്യമൊന്നും തലചായ്ക്കാന് മണ്ണിലിടമില്ലാത്ത മനുഷ്യപുത്രര് അനുവദിച്ചിട്ടില്ല. 
ശവവും സപിണ്ഡിയും മാത്രം തിന്നു ജീവിക്കാന് ശപിക്കപ്പെട്ട ഞങ്ങള് ചിലപ്പോളൊക്കെ അവരുടെ അടുക്കളയില് വേവുന്ന മസാലക്കറികള് ഓട്ടക്കണ്ണിട്ടുനോക്കാറുണ്ടെന്നത് വാസ്തവം തന്നെ. അതിനു ശിക്ഷയായി അവരുടെ ആട്ടും കല്ലേറും എന്നും സഹിക്കുന്നവരാണ് ഞങ്ങള്. കാക്കകളെ ആട്ടാന് മാത്രമായി കല്ലും കവണയുമായി ഇറയത്ത് കുട്ടികളെ ഇരുത്തുന്ന പതിവ് ഇന്നും പല ഗ്രാമങ്ങളിലുമുണ്ട്.
വിരുന്നുവരുന്നവരുടെ നിഴല് ദൂരെക്കാണുമ്പോഴൊക്കെ ഞങ്ങള് അടുക്കളക്കാര്ക്ക് ജാഗ്രതാസന്ദേശം നല്കാന് ശ്രമിക്കാറുണ്ടെങ്കിലും ഞങ്ങളുടെ ആ സദുദ്ദേശത്തെ മനുഷ്യപുത്രര് ദുര്വ്യാഖ്യാനം ചെയ്യുകയായിരുന്നു.ഞങ്ങളാണ് വിരുന്നുകാരെ വിളിച്ചുകൊണ്ടുവരുന്നതെന്ന് അവര് അവരുടെ സിനിമകളില് പാടി.
ഞങ്ങളുടെ ഇടങ്ങള് പരിമിതിപ്പെടുത്തുകമാത്രമല്ല പലതരം പഴംചൊല്ലുകളിലൂടെയും പുരാണകഥകളിലൂടെയും പരോക്ഷമായി അവര് ഞങ്ങളെ പുച്ഛിക്കുകയും പരിഹാസപാത്രങ്ങളാക്കുകയും ചെയ്തുപോന്നു.
മുട്ടയില്നിന്ന് പിച്ചക്കാലുവെച്ചു പുറത്തുവരുന്ന കുഞ്ഞുങ്ങളെ നോക്കി ഞങ്ങള് "പൊന്നിന് കുടം" എന്നുപറയാറുള്ളത് അവര്ക്ക് ഇഷ്ടപ്പെട്ടില്ല. "കാക്കയ്ക്കും പൊന് കുഞ്ഞ്" എന്ന് പറഞ്ഞ അവര് കൈകൊട്ടി ചിരിച്ചു.
ഒന്നു കുളിക്കാന് പോലും ഞങ്ങള്ക്ക് ഭയമാണ്. "അല്ലെങ്കിലും ഈ കാക്കള് കുളിച്ചിട്ടെന്തുകാര്യം? കൊക്കാവാന് പറ്റുമെന്നാ വിചാരം!"
ഈയിടെയായി ആരും കാണതെ പെട്ടെന്നൊന്നു മുങ്ങിയെന്നുവരുത്തി ധ്രുതിയില് ചിറകുകള് കുടയുന്ന 'കാക്കകുളി'മാത്രമാണ് ഞങ്ങള്ക്ക് കുളി.
ആ സൂത്രക്കുളിയും മുടക്കാന് പല ദുഷ്പ്രചരണങ്ങളും ഈ മനുഷ്യപുത്രര് പരത്തിവരുന്നുണ്ട്. ‘കാക്കകുളി’കണ്ടാല് അവര്ക്ക് പുല വരുമത്രെ.
ഇനിയുമുണ്ട് വിലക്കുകള് പലതും. എച്ചില് ഭക്ഷിച്ചു കഴിയുന്ന ഞങ്ങള് താമരവളയം മാത്രം ഭക്ഷിക്കുന്ന അരയന്നങ്ങളോട് മത്സരിക്കരുത്. തിന്നു കൊഴുത്ത് അലസന്മാരായ അരയന്നങ്ങള്ക്ക് ചിറകുണ്ടെങ്കിലും പറക്കാനാവില്ല. ഒന്നു പറന്നുപൊന്തുമ്പോഴേക്കും അവരുടെ ചിറകുകള് കുഴയും.
അവരുടെ വെണ്മക്ക് ഞങ്ങളുടെ ചിറകുകളുടെ ശക്തിയേക്കാള് കൂടുതല് 'മാര്ക്ക്"കൊടുത്ത് മണ്ണില് തല്ചായ്ക്കാന് ഇടമില്ലാത്ത ഈ മനുഷ്യര് ഞങ്ങളെ തോല്പ്പിച്ചു. വേഗത്തില് ഉയരത്തില് പറന്നുയുര്ന്ന ഞങ്ങളെ അവര് അഹങ്കാരികള് എന്ന് വിളിച്ചു.
മണ്ണില് പോലും തലചായ്ക്കാന് ഇടമില്ലാത്ത ഇവരെ മണ്ണിന്റേയും വിണ്ണിന്റേയും അധിപര് ആക്കിയത് വിണ്ണിലിരിക്കുന്ന ദൈവമാണത്രെ! അവരെ അവരുടെ ദെെവം കാത്തോട്ടെ. ഇനി മുതല്‍ ബലിച്ചോറുണ്ണാന്‍ ഞങ്ങളെ കെെകൊട്ടി വിളിച്ചാലും ഞങ്ങള്‍ വരില്ല.
പുഴയീലോ തോട്ടിലോ അവര്‍ അതു കലക്കിക്കോട്ടെ. വെള്ളം മലിനമാക്കുന്നത് അവര്‍ക്ക് രസമാണല്ലോ!


by: Rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo