Slider

ഓർമയായ് മാറിയ വയൽ കാഴ്ചകൾ സ്വപ്നം കാണുന്നവൻ

0

പച്ചവിതാനിച്ച പാടത്തിനിക്കരെ,
പടിഞ്ഞാറൻ കാറ്റിന്റെയീരടി കേട്ടിട്ട്,
പത്തരമാറ്റുള്ള കൊയ്ത്തു നിലങ്ങളിൽ ,
സ്വർണ്ണത്തിൻ നിറമുള്ള കതിരുകൾ കണ്ടവൻ.
മേൽമുണ്ടാൽ നാണം മറച്ചൊരാപെണ്ണുങ്ങൾ ,
നാലുംകൂട്ടി മുറുക്കിച്ചുമപ്പിച്ച-
ചുണ്ടിൽ വിരിഞ്ഞൊരാ കൊയ്ത്തിന്റെ പാട്ടുകൾ,
നാലാളുകേൾക്കെയങ്ങീണത്തിൽ പാടുന്നു..
കൊയ്ത്തു കഴിഞ്ഞൊരാ പാടത്തിൻ മധ്യത്തിൽ,
കൊറ്റികൾ തത്തകൾ കൊത്തിപ്പെറുക്കുന്നു.
ആവോളം നെന്മണി വാരിയെടുത്തിട്ട്,
ആനന്ദഭൈരവി പാടും മാടത്തകൾ
തോട്ടുവരമ്പിന്റെ ചാരത്തുനിൽക്കുമീ-
കൈതോലക്കൈകളിൽ തിങ്ങിയിരിക്കുന്നു.
വയലിൻ നടുവിലെച്ചിറയുടെ പടിയിന്മേൽ,
വെള്ളാരം കല്ലുകൾ ചിതറിക്കിടക്കുന്നു.
മുങ്ങാംകുളിയിടും ചെറുമീനിൻ വരവിനായി,
നോക്കിയിരിക്കുന്ന കൊറ്റിതൻ കൂട്ടങ്ങൾ.
കറ്റകൾ വാരിപ്പെറുക്കുന്നു നാരിമാർ,
കറ്റമെതിക്കൊന്നു നാന്ദി കുറിച്ചിടാൻ.
ചേറിൻ മണമുള്ള കൊയ്ത്തരുവാളിനെ,
ചേലുള്ളരരയിൽ തിരുകിയവർ നീങ്ങുന്നു...
ചിങ്ങത്തിൻ കാഴ്ചകളന്തരംഗത്തിലൂ-
ടെത്രയോ മിന്നിമറിഞൊന്നു പോയപ്പോ,
പെട്ടെന്നു ഞെട്ടിയുണർന്നൊന്നു നോക്കുമ്പോൾ,
കണ്ട കിനാവിലെ ചിത്രങ്ങൾ ബാക്കിയായ്.
ഗതകാല ഹരിതാഭ നെൽവയൽ കാഴ്ചക-
ളിപ്പുത്തൻ തലമുറക്കന്യമായീടുന്നോ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo