നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റച്ചിറകുള്ള വാനമ്പാടി(ഭാഗം നാല്)...


......................
പിടഞ്ഞു തീർന്ന വിനോദിനെ വിട്ടവൾ വിഷ്ണുവിന്റെ അടുത്തേക്ക് നീങ്ങി.
"വിഷ്ണു വിശ്വംഭരൻ.. ഭരണകക്ഷിയിലെ ഏറ്റവും ശക്തനായ എംഎൽഎയായിരുന്ന വിശ്വംഭരൻ്റെ മകൻ..അല്ലറചില്ലറ രാഷ്ട്രീയ പ്രവർത്തനവും ബിസിനസുമായി കഴിയുന്നു..ചേട്ടൻ വരുൺ ഡൽഹിയിൽ കേന്ദ്ര സർവീസ് ഉദ്യോഗസ്ഥൻ...പകൽ മാന്യനായ അച്ഛൻ്റെ എല്ലാ കൊള്ളരുതായ്മകൾക്കും കുടപിടിച്ചു കൊടുക്കുന്നവൻ..അതുകൊണ്ട് തന്നെ മകൻ എന്തു ചെയ്താലും അതിനെ വിശ്വംഭരൻ എതിർക്കില്ല..വിശ്വംഭരനുമായി എനിക്ക് പഴയ ഒരു കണക്കുണ്ട്..ആ കണക്ക് ഇങ്ങനെയങ്ങ് തീരട്ടേ അല്ലേ"
വിഷ്ണുവിന്റെ മുഖം ഭയത്താൽ വിളറി വെളുത്തു.സ്വന്തം കൂടെ പിറപ്പിനെ പോലെ നടന്നവൻ കൺമുന്നിൽ ജീവനറ്റു കിടക്കുന്നത് കണ്ടപ്പോൾ സമനില തെറ്റിയവനെ പോലെ അവൻ പെരുമാറി.അവൾ അവൻ്റെ നെഞ്ചിലേക്ക് ആ ബ്ലേയ്ഡ് മുട്ടിച്ചു വച്ചു.
"നിനക്ക് ഞാൻ ഒരു ഓഫർ തരാം..എങ്ങനെ മരിക്കണമെന്ന് നിനക്ക് തീരുമാനിക്കാം.അതല്ല കൂട്ടുകാരനെ പോലെ മതിയെങ്കിൽ അങ്ങനെ"
അവളുടെ തീഷ്ണമായ കണ്ണുകളിൽ നോക്കാനാവാതെ അവൻ മുഖം തിരിച്ചു. അവൻ്റെ നെഞ്ചിൽ അവൾ ആഴത്തിൽ മുറിവേല്പിച്ചു.
"നിന്നെ ഞാൻ വേഗത്തിൽ കൊല്ലില്ല..ഇഞ്ചിഞ്ചായി ഓരോ അണുവിലും വേദന തിന്ന് നീ ചാവണം..നിൻ്റെ പ്രാണ വേദന എനിക്ക് കാണണം...നീ അനുഭവിക്കുന്നത് നീ ചെയ്ത തെറ്റിനുള്ള ശിക്ഷ മാത്രമല്ല നിൻ്റെ അച്ഛൻ വിശ്വംഭരൻ ചെയ്ത തെറ്റിനും കൂടിയുള്ള ശിക്ഷ..കാലം എനിക്കായി കാത്തു വച്ച നീതി"
അവളുടെ കൈകൾക്ക് വേഗതയേറി...അവൻ്റെ ശരീരത്തിൽ മുറിവുകളുടെ എണ്ണം കൂടി കൂടി വന്നു..ചോരയിൽ കുളിച്ച ഒരു മാംസ പിണ്ഡം പോലെ അവനെ തോന്നിച്ചു.വായിൽ ഒട്ടിച്ച പ്ലാസ്റ്റർ കാരണം അവനൊന്ന് കരയാൻ പോലും സാധിച്ചില്ല.മുറിയിൽ ആകെ രക്തം തളംകെട്ടി നിന്നു...ചോരയും മാംസവും കൂടി കലർന്നുള്ള രൂക്ഷഗന്ധം അവിടമാകെ വ്യാപിച്ചു.
വലിയൊരു ചാക്ക് കൊണ്ടു വന്ന് അവൾ വിനോദിൻ്റെ ശവശരീരം അതിലേക്ക് തള്ളി കയറ്റി..ചോരയുടെ വഴുവഴുപ്പ് കാരണം പലപ്പോഴും അവൾ തെന്നി വീഴാൻ പോയി.. ഭാരമേറിയ ചാക്ക് കെട്ട് വലിച്ച് കൊണ്ടവൾ പുറത്തേക്ക് നടന്നു.
***** **** ***** ****
"ഹലോ എസ്പി ഫിറോസ് അലി ഹിയർ"
മറുതലയ്ക്കിൽ നിന്നും വന്ന വാർത്ത കേട്ട് ഫിറോസ് അലി ചാടിയെഴുന്നേറ്റു.
"വാട്ട്? എപ്പോൾ ?എവിടെയാണുള്ളത്?"
ഫിറോസ് അലിയുടെ ഇന്നോവ കോട്ടൂർ പുഴക്കരയിലേക്ക് എത്തുമ്പോൾ കൂടി നിന്ന ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന സിഐ ചന്ദ്രമോഹനനെയും പോലീസുക്കാരെയുമാണ് കണ്ടത്
"ചന്ദ്രമോഹൻ"
"സാർ"
"ആരാണ് ആദ്യം ബോഡി കണ്ടത്?"
"രാവിലെ പൂഴി വാരാൻ വന്നവരാണ്..കൈ മാത്രമാണ് പുറത്തുണ്ടായിരുന്നത്..അവർ പറയുന്നത് ആ കൈയിൽ വിരലുകൾ ഇല്ലായിരുന്നു എന്നാണ്"
"ആരാണെന്ന് കൺഫോം ചെയ്തോ?"
"ഇല്ല..ഇപ്പോൾ കരയ്ക്കെടുത്തതേയുള്ളു"
കരയ്ക്കെടുത്ത ചാക്കു കെട്ട് പോലീസുകാർ തുറന്നു.. പൂർണ നഗ്നനായ ഒരു ചെറുപ്പക്കാരൻ്റെ മൃതദേഹമായിരുന്നു അത്..ഇരു കൈയ്യുകളിലെയും തള്ള വിരലുകൾ ഒഴിച്ച് ബാക്കി എല്ലാം അറുത്തു മാറ്റപ്പെട്ട നിലയിൽ കാണപ്പെട ആ ശരീരത്തിൽ ജനനേന്ദ്രിയവും ഉണ്ടായിരുന്നില്ല..ശവശരീരത്തിന് ഒരു ദിവസത്തിലേറെ പഴക്കവും ഇല്ലായിരുന്നു.. ആ മൃതദേഹം കണ്ട എസ്പി ഫിറോസ് അലിയും പോലീസുക്കാരും ഞെട്ടി തരിച്ചു.
****
'ശിവദ കൊലപാതക കേസിലെ പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ട നിലയിൽ.. പ്രശസ്ത ക്രിമിനൽ ലോയർ മാത്യൂ ജോണിൻ്റെ മകനും ശിവദ എന്ന എട്ടു വയസ്സുക്കാരിയെ ബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കൊലപാതകവും നടത്തിയ പ്രതികളിൽ ഒരാളുമായ വിനോദ് മാത്യു ജോണാണ് കൊല്ലപ്പെട്ടത്..കോട്ടൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്..മൃതദേഹം പൂർണമായും നഗ്നമായിരുന്നു.ഇരു കൈകളിലേയും വിരലുകളും ജനനേന്ദ്രിയവും അറുത്തു മാറ്റപ്പെട്ട നിലയിലാണ് മൃതദേഹം കാണപ്പെട്ടത്'
ചാനലിലെ ബ്രേക്കിംഗ് ന്യൂസ് കണ്ട ഹരികുമാർ ഇരിപ്പിടത്തിൽ നിന്ന് ചാടിയെഴുന്നേറ്റു.അയാളുടെ ഉള്ളിൽ സന്തോഷം അലയടിച്ചു..അകത്തേ മുറിയിൽ തളർന്ന് കിടന്നിരുന്ന ലതയേ വീൽചെയറിൽ ഇരുത്തി അയാൾ സ്വീകരണമുറിയിലേക്ക് കൊണ്ടു വന്നു..ടിവിയുടെ ശബ്ദം അയാൾ ഉറക്കെയാക്കി..അയാൾക്കൊന്ന് പൊട്ടി ചിരിക്കണമെന്ന് തോന്നി..ലതയുടെ മുഖത്തും സന്തോഷത്തിൻ്റെ ലാഞ്ചന..തങ്ങളുടെ പൊന്നുമോളെ കൊന്നവർക്ക് ഈശ്വരൻ നല്ക്കുന്ന ശിക്ഷ..അല്ല ഇത് ഈശ്വരനല്ല ഈശ്വരനും കാലനുമായി പുനർജനിച്ച ആരുടെയോ ശിക്ഷ.
***** **** *****
രണ്ടു ദിവസത്തിനടയിൽ അഞ്ചു കൊലപാതകങ്ങൾ..സാക്ഷര കേരളം നടുങ്ങി വിറച്ചു..അഞ്ചു കൊലപാതകങ്ങളും ഒരേ രീതിയിൽ..എല്ലാ മൃതദേഹങ്ങളും കൈവിരലുകളും ജനനേന്ദ്രിയങ്ങളും നഷ്ടപ്പെട്ട നിലയിൽ.. മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേർത്തു. പോലീസിൻ്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷ പാർട്ടികളും സംസ്ക്കാരിക നായകന്മാരും കുറ്റപ്പെടുത്തി..ഇന്നലെ വരെ ബാലപീഡകരെ കഴുത്തറുത്ത് കൊല്ലണമെന്ന് പറഞ്ഞു നടന്നവർ ഇന്ന് ഇരകളുടെ മനുഷാവകാശത്തെ കുറിച്ച് ചർച്ചയായി..ചാനലുകളിലെ അന്തി ചർച്ചകളിൽ ഇരകളുടെ കുടുംബങ്ങളുടെ കണ്ണീര്..ആ കണ്ണീരിൽ ഒരു പാവം എട്ടു വയസ്സുകാരിയും അവളുടെ മരണത്തോടെ തളർന്നു പോയ അമ്മയുടെയും അച്ഛൻ്റെയും കണ്ണീരുകളും മുങ്ങി പോയി.. അവർക്ക് അർഹിച്ച ശിക്ഷ ലഭിച്ചെന്ന് പൊതു ജനം വിധിയെഴുതിയപ്പോഴും കൊലപാതകത്തെ അപലപിച്ച് നീതിന്യായ കോടതിയും രംഗത്ത് വന്നു.
** ***
മുഖ്യമന്ത്രിയുടെ ചേംബർ
"എന്താടോ ഇത്...അഞ്ചു കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്.. ഇതിന് സമാധാനം പറയേണ്ടത് സർക്കാറാണ്..എനിക്ക് എത്രയും പെട്ടെന്ന് ഇതിനൊരു റിസൽട്ട് കിട്ടിയേ തീരു..കാരണം പോലീസ് വകുപ്പും ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നറിയാലോ..എവിടെ നിങ്ങളുടെ എസ്പി"
എസ്പി ഫിറോസ് അലി മുഖ്യമന്ത്രിയെ സല്ല്യൂട്ട് ചെയ്തു.
"സാർ..അന്ന് ഞങ്ങൾ അവരെ വ്യക്തമായി ബ്ലോക്കിയതാണ്."
"എന്നിട്ടവരെവിടെ?ആറു പേരിൽ അഞ്ചു പേരും കൊല്ലപ്പെട്ടു.. ഇനി ഒരാൾ മാത്രം.. മൃതദേഹങ്ങൾ എല്ലാം കാണപ്പെട്ടത് കണ്ണൂർ-വയനാട് ജില്ലകളിൽ അപ്പോൾ അതിനർത്ഥം പ്രതികൾ കേരളം വിട്ട് പോയിട്ടില്ല എന്നല്ലേ"
ഡിജിപി ദേബ്ദർ കുമാറിനെ നോക്കി കൊണ്ട് മുഖ്യമന്ത്രി പാറയ്ക്കൽ ശിവരാമൻ പറഞ്ഞു
"ഈ കേസ് ക്രൈംബ്രാഞ്ചിന് വിടുന്നു..രണ്ടാഴ്ച സമയം തരുന്നു..അപ്പോഴേക്കും പ്രതികളെ പിടിച്ചിരിക്കണം.എന്തു പറയുന്നു ഡിജിപി?.ഇല്ലെങ്കിൽ പ്രതിപക്ഷത്തിൻ്റെ വായ് മൂടി കെട്ടാൻ ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കാം"
"വേണ്ട സാർ..ഫിറോസും ടീം നന്നായി ഹാർഡ് വർക്ക് ചെയ്തിറുന്നു എന്ന് എനിക്കറിയാം..അവരെ കുറ്റപ്പെടുത്തിയിട്ട് കാറ്യമില്ല..അവറെ ഈ ടീമിലും ഉൾപ്പെടുത്തണം..കേസിന്റെ പുരോഗതിക്ക് അത് നല്ലതാണ്..ക്രൈംബ്രാഞ്ച് ഐജി ദിവാക്കറിന് ഈ കേസിൻ്റെ ചുമതല കൊടുക്കാം..ഐ എഗ്രീ സാർ..വിത്ത് ഇൻ ടൂ വീക്സ് വീ വിൽ അറസ്റ്റ് ദെം"
"അറസ്റ്റ് ചെയ്താൽ താങ്കൾക്ക് ഇതേ കസേരയിൽ കുറച്ചു കാലം കൂടി ഇരിക്കാം"
യോഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി പുറത്തേക്ക് പോയി.
*** *** ****
ഹരികുമാറിന്റെ വീട്ടിലേക്ക് ക്രൈംബ്രാഞ്ച് ഐജി ദിവാക്കറിൻ്റെയും എസ്പി ഫിറോസ് അലിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നു.
"മിസ്റ്റർ ഹരികുമാർ നിങ്ങളുടെ മകളെ കൊന്നവരുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാനാണ് ഞങ്ങൾ വന്നത്..ഞങ്ങളോട് സഹകരിക്കണം"
"എന്താണ് സാറന്മാർക്ക് അറിയേണ്ടത്?എൻ്റെ മകൾ എങ്ങനെയാണ് മരിച്ചതെന്നോ?എനിക്ക് ആരെങ്കിലുമായി ശത്രുത ഉണ്ടായിരുന്നു എന്നോ?"
അയാളുടെ ശബ്ദം ക്ഷോഭം കൊണ്ട് വിറച്ചിരുന്നു.
"കൂൾഡൗൺ മിസ്റ്റർ ഹരി"
"ഞങ്ങൾക്ക് നിങ്ങളെ സംശയിച്ചേ മതിയാകു..കാരണം കൊല്ലപ്പെട്ടവർ മുഴുവൻ താങ്കളുടെ മകളുടെ കൊലപാതകത്തിന് കാരണക്കാരെന്ന് ആരോപിക്കുന്നവർ"
"വെറും ആരോപണം മാത്രമേ ഉള്ളു അല്ലേ സാറേ...ഇനിയീ കൊല്ലപ്പെട്ടവർ മുഴുവൻ നിരപരാധികളാണെന്ന് നിങ്ങൾ കോടതിയിൽ റിപ്പോർട്ട് കൊടുക്കുമായിരിക്കും....കാരണം കൊല്ലപ്പെട്ടവർ മുഴുവനും പ്രമുഖരുടെ മക്കളാണല്ലോ...നഷ്ടപ്പെട്ടത് ഞങ്ങൾക്കാണ് സാർ..ഞങ്ങളുടെ ജീവനാണ്..ഞങ്ങളുടെ പ്രതീക്ഷകളാണ്..അവർക്ക് എൻ്റെ മോളുടെ ഇത്തിരി ജീവനെങ്കിലും ബാക്കി വെക്കാമായിരുന്നില്ലേ..ഒരാൾ ഇപ്പോഴും അകത്ത് തളർന്ന് കിടക്കുകയാണ്..മോളുടെ മരണശേഷം ഞങ്ങളിന്നലേ നല്ലവണ്ണം സന്തോഷിച്ചു..വയർ നിറയെ ആഹാരം കഴിച്ചു.ഇനി ഞങ്ങൾക്ക് കരയാൻ മനസ്സില്ല"
അയാളുടെ ശബ്ദം ഉറച്ചതായിരുന്നു
"മിസ്റ്റർ ഹരികുമാർ ഞങ്ങൾക്ക് നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടി വരും"
"എന്തിന് സാർ..എൻ്റെ മകളെ കൊന്നവരെ കൊന്നത് ആരാണെന്ന് എനിക്കറിയില്ല...അവരെ കൊല്ലണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..എൻ്റെ ലത ഇങ്ങനെ തളർന്നു പോയില്ലായിരുന്നുവെങ്കിൽ അവരെ തേടി പിടിച്ചു ഞാൻ കൊന്നേനെ..ആ നീചന്മാരെ കൊന്നത് ആരായാലും ശരി അവർ ഞങ്ങളുടെ ദൈവമാണ്..എൻ്റെ മകൾകും ഞങ്ങൾക്കും നീതി വാങ്ങി തന്ന ദൈവം"
"നിയമം ആർക്കും കൈയിലെടുക്കാനുള്ളതല്ല മിസ്റ്റർ.. നിങ്ങളൊക്കെ നിയമം കൈയിലെടുക്കാൻ തുടങ്ങിയാൽ പോലീസും കോടതിയുമൊക്കെ എന്തിനാ"
"നിയമം..ഈ നിയമം ആരുണ്ടാക്കിയതാണ് സാർ...ഈ നിയമത്തിലൂടെ എത്ര പേർക്ക് നീതി കിട്ടി?എൻ്റെ മോള് മരിക്കുന്നതിനും മുമ്പേ എത്ര പിഞ്ചുകുട്ടികളെ എത്ര സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു...ഡൽഹിയിലെ നിർഭയ എന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നിട്ട് ഞാനടക്കമുള്ള പുരുഷ വർഗ്ഗം പ്രതിഷേധിച്ചു..എന്നിട്ടോ പിന്നെയും പിന്നെയും പീഡനങ്ങൾ.. കൊന്നവനെ പ്രായപൂർത്തിയാവാത്തതിനാൽ ജയിലിൽ നിന്നും വിട്ടപ്പോൾ തയ്യൽമെഷീനും പതിനയ്യായിരം രൂപയും..ട്രെയിനിൽ വച്ച് നിസഹായകയായ സൗമ്യയെ ഒരു യാചകൻ അതും ഒറ്റകൈയ്യനായ ഗോവിന്ദച്ചാമി കൊന്നപ്പോൾ അവന് വേണ്ടി വാദിക്കാൻ കോടികൾ വിലയുള്ള വക്കീൽ..ഒരു തെരുവ് തെണ്ടിക്ക് എങ്ങനെയാണ് സാർ കോടികൾ വിലയുള്ള വക്കീലിനെ വെക്കാനുള്ള പണം ലഭിച്ചത്?"
അയാളുടെ ക്ഷോഭം അല്പം അടങ്ങിയത് പോലെ
"നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യാം...പക്ഷെ അപ്പോഴും ഞാൻ ചിരിക്കുകയുള്ളു..കാരണം യഥാർത്ഥ ദൈവം പുറത്തുണ്ട്..അവൻ അവൻ്റെ കർമ്മം പൂർത്തിയാക്കുക തന്നെ ചെയ്യും...എൻ്റെ മോളുടെ മരണം ഒരു നിമിത്തമായി..ഇന്നലെ കേന്ദ്രസർക്കാർ പോക്സോ നിയമത്തിൽ ഭേദഗതി വരുത്തി...നല്ല തീരുമാനം.. പക്ഷെ ഒന്ന് ചോദിച്ചോട്ടെ സാറന്മാരെ പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവർ കുട്ടികളല്ലേ..പതിനേഴ് വയസ്സിന് താഴെയുള്ള എല്ലാ പീഡനങ്ങളും പോക്സോ നിയമപ്രകാരം കുട്ടികളോടുള്ള അതിക്രമമാണ്..അപ്പോൾ പിന്നെ പന്ത്രണ്ട് വയസ്സിൽ താഴെ എന്നത് മാത്രമാണോ കുട്ടികളെ പീഡിപ്പിച്ചവർക്കുള്ള കൊലകുറ്റം ചുമത്താവുന്നത്...സ്ത്രീകളെ തൊടുന്നവൻ്റെ കഴുത്ത് വെട്ടുന്ന നാടുകളുണ്ട് സാറേ...അത്തരം നിയമങ്ങളൊന്നും വേണ്ട..എന്നാലും ഇനിയൊരു പെണ്ണിനെയും തൊടാൻ പേടിക്കുന്ന തരത്തിലുള്ള ഒരു നിയമം കൊണ്ടു വന്നൂടെ സാർ"
"തൻ്റെ പ്രസംഗം കേൾക്കാനല്ല ഞങ്ങൾ വന്നത്...തൂക്കിയെടുത്ത് അകത്തിടടോ..താൻ പ്രതിയാണോ അല്ലയോ എന്ന് ഞങ്ങൾ ചോദ്യം ചെയ്യുമ്പോൾ മനസ്സിലാവും"
ഹരികുമാറിനെയും കൊണ്ട് പോലീസ് വാഹനങ്ങൾ പോകുമ്പോൾ തങ്ങളുടെ മൂക്കിൻ തുമ്പത്ത് വച്ച് ആറാമനെ വിചാരണ ചെയ്യുന്നത് ഐജി ദിവാക്കറോ എസ്പി ഫിറോസ് അലിയോ അറിഞ്ഞില്ല.
(തുടരും)
ബിജു പെരുംചെല്ലൂർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot