Slider

ഒറ്റച്ചിറകുള്ള വാനമ്പാടി..(ഭാഗം രണ്ട്)..

0

..........................
രണ്ടു ദിവസങ്ങൾക്ക് മുമ്പ്...
പ്ലാൻ്റർ കുറുവേലീൽ വർക്കിച്ചൻ്റെ കൊട്ടാര സദൃശ്യമായ വീട്ട് മുറ്റത്തേക്ക് പോലീസിൻ്റെ രണ്ടു ബോലെറോ ജീപ്പുകൾ ഇരമ്പി വന്നു.തൊട്ടു പുറകിൽ എസ്പി ഫിറോസ് അലിയുടെ ഇന്നോവയും..ആദ്യത്തെ ജീപ്പിൽ നിന്നും സിഐ ചന്ദ്രമോഹനും എസ്ഐ ധനപാലനും ഇറങ്ങി വന്ന് എസ്പിക്ക് നേരെ സല്യൂട്ട് കൊടുത്തു.രണ്ടാമത്തെ ജീപ്പിൽ നിന്നും ഡിവൈഎസ്പി ബെന്നി പോളും ഇറങ്ങി വന്നു.
പുറത്ത് വാഹനങ്ങളുടെ ശബ്ദം കേട്ട് ഇറങ്ങി വന്ന വർക്കിച്ചൻ കാണുന്നത് മുറ്റത്ത് നിരന്നു നില്ക്കുന്ന പോലീസുകാരെയാണ്.
"ആഹാ..വർക്കി സാറ് ഇവിടെ ഉണ്ടായിരുന്നോ?എന്താ സാറെ സുഖം തന്നെയല്ലേ?" എസ്.പി ഫിറോസ് അലിയുടെ സംസാരത്തിൽ പരിഹാസ ചുവ
പോലീസുകാർ വീടിനകത്തു പ്രവേശിച്ചു
"എവിടെയാ സാറെ സാറിന്റെ അരുമ സന്താനം അലക്സി ചെറിയാൻ?"
"ഇവിടെ... ഇവിടെയില്ല.."
"ബെന്നി കേറി നോക്കടോ"
"യെസ് സാർ"
പോലീസുകാർ അകത്തു കയറി പരിശോധന തുടങ്ങി
"അവരെ ഇവിടെ ഒളിപ്പിക്കാൻ മാത്രമുള്ള വിഡ്ഡിയാണ് താൻ എന്ന് ഞാൻ കരുതുന്നില്ല.. എന്നാലും നമ്മുടെ ഒരു വിശ്വാസത്തിന് ..എവിടെയാ താൻ അയാളെയും കൂട്ടു പ്രതികളെയും ഒളിപ്പിച്ചത്?"
"ഞാൻ ആരെയും ഒളിപ്പിച്ചിട്ടില്ല..അവരെവിടെയാ ഉള്ളതെന്ന് എനിക്കറിയില്ല"
"അത് കള്ളം...തനിക്ക് അറിയാം.. താനാണ് അവരെ ഒളിപ്പിച്ചത് എന്ന് തൻ്റെ മുഖം പറയുന്നുണ്ട്..തൻ്റെ ചങ്ങാതി വിശ്വംഭരൻ എംഎൽഎ സ്ഥാനം രാജിവെച്ചത് അറിഞ്ഞു കാണുമല്ലോ..അല്ലേ...ഓരോ മക്കൾ കാരണം അച്ഛന്മാർ എന്തൊക്കെ സഹിക്കണം അല്ലെടോ"
"സാർ..ഇവിടെയെങ്ങും ആരുമില്ല"
"അപ്പോൾ തനിക്ക് ഒന്നുമറിയില്ല അല്ലേ...ശരി..എവിടെ ഒളിപ്പിച്ചാലും ഞങ്ങളവരെ പൊക്കും..ആരെയും വെറുതെ വിടണ്ട എന്നാണ് മുഖ്യമന്ത്രിയുടെ ഓർഡർ..ഞങ്ങളുടെ കൈയ്യിൽ കിട്ടിയാൽ ചിലപ്പോൾ ദേ..ആ കാണുന്ന പിള്ളേര്..പുതിയ റിക്രൂട്ട്‌മെന്റാ..എടുത്ത് ശരിക്കും പെരുമാറും..അതുകൊണ്ട് അവരോട് കീഴടങ്ങാൻ പറഞ്ഞേക്കു.. അതാ അവർക്കും തനിക്കും നല്ലത്"
എസ്പി ഫിറോസ് അലിയും സംഘവും പുറത്തേക്ക് നടന്നു.
"സാർ അയാൾക്കറിയാം അവരെവിടെ ഉണ്ടെന്ന്..ഒന്ന് എടുത്തിട്ട് കുടഞ്ഞാൽ അയാള് തത്ത പറയുന്നത് പോലെ പറയും"
"വേണ്ട ചന്ദ്രമോഹൻ..അയാളൊരു ഹാർട്ട് പേഷ്യൻ്റാണ്..വല്ലതും പറ്റിയാൽ..ശ്രീജിത്തിൻ്റെ കേസിൽ സർക്കാരും പോലീസും ഇപ്പോൾ പഴി കേട്ടു കൊണ്ടിരിക്കയാണ്..അതിനിടയിൽ ഇതും..നമുക്ക് അവരെ പുകച്ച് പുറത്ത് ചാടിക്കാം"
"ധനപാലാ"
"സാർ"
"രണ്ടു മൂന്ന് പോലീസുകാരെ മഫ്തിയിൽ ഇവിടെ നിയമിക്ക്..ആരൊക്കെ എപ്പോഴൊക്കെ എങ്ങോടൊക്കെ പോകുന്നു എന്ന് വാച്ച് ചെയ്യ്"
"യെസ് സാർ"
"ബെന്നി..ഇന്നു തന്നെ വർക്കിയുടെ വീട്ടുക്കാരുടെ മുഴുവൻ പേരും ഫോൺ നമ്പറും കഴിഞ്ഞ രണ്ടാഴ്ച മുതലുള്ള ഇൻ-കമിങ്,ഔട്ട്-ഗോയിങ് അടക്കമുള്ള വിവരങ്ങൾ എനിക്ക് എത്തിച്ചു തരണം..പിന്നെ ഇനിയങ്ങോട്ടുള്ള ഫോൺ കോളുകൾ ട്രെയ്സ് ചെയ്യാൻ പോലീസ് ഐ.റ്റി സെല്ലിനോട് പറയണം..ഡിജിപിയുടെ പെർമിഷൻ ഞാൻ വാങ്ങി തരാം"
"യെസ് സാർ"
പോലീസ് വാഹനങ്ങൾ വർക്കിച്ചൻ്റെ വീടിന്റെ ഗെയിറ്റ് കടന്ന് അല്പ ദൂരം മുന്നോട്ടു പോയതും ഒരു ചുകന്ന പ്രാഡോ വർക്കിച്ചൻ്റെ ഗെയിറ്റിലൂടെ അകത്തേക്ക് പ്രവേശിച്ചു..അപ്പോൾ ആ വാഹനം ഓടിച്ചിരുന്നത് ഒരു യുവതിയായിരുന്നു.
***** **** *****
രാത്രിയിലെ ആഘോഷങ്ങൾക്ക് ശേഷം രാവിലെ ആറുപേർക്കും ബോധം തെളിയുമ്പോൾ ഒരു ഇരുണ്ട മുറിയിൽ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു.. ആർക്കും പരസ്പരം കാണാൻ സാധിക്കാത്ത അത്ര ഇരുട്ട്..അല്പ സമയം കഴിഞ്ഞപ്പോൾ മുറിയിൽ ആരോ ലൈറ്റ് തെളിയിച്ചു.. അപ്പോഴാണ് അവരാ കാഴ്ച കാണുന്നത് ആറു പേരും പൂർണ നഗ്നരാണ്..കൈകൾ രണ്ടും അവിടെയുള്ള ഇരുമ്പ് തൂണുകളുമായി ബന്ധിച്ചിരിക്കുന്നു..മുറിയിലേക്ക് ഒരു രൂപം നടന്നു വരുന്നു..
'അത് അവളല്ലേ..ഇന്നലേ നമ്മളെ കുടിപ്പിച്ചു കിടത്തിയവൾ'
"നമ്മളെങ്ങനെ ഇവിടെ? ഇതേതാ സ്ഥലം?"
"ഇതോ ഇതെൻ്റെ സാമ്രാജ്യം.. ഇവിടെ നിങ്ങളെ തേടി ആരും വരില്ല"
"എന്തിനാടി ഞങ്ങളെ കെട്ടിയിട്ടത് അതും ഈ കോലത്തിൽ"
അവളൊന്ന് പൊട്ടി ചിരിച്ചു
"നിങ്ങളെ ഒന്ന് വ്യക്തമായി കാണാൻ.. ഒരു പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്തിയവർക്ക് മറ്റ് ആണുങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് നോക്കിയതാ...ഇല്ല നിങ്ങൾക്ക് ഒരു പ്രത്യേകതയും ഇല്ല..എന്നിട്ടും നിങ്ങൾ?..ഇനി എല്ലാ ആണുങ്ങളും നിങ്ങളെ പോലെ നീചന്മാരാണോ?"
അവളുടെ ശബ്ദത്തിലുള്ള മാറ്റം അവരെ അമ്പരിപ്പിച്ചു..
"നീ..നീ ആരാ?"
അവളുടെ പൊട്ടിചിരികൾ ഉറക്കെയായിരുന്നു..
"ഹ...ഹ...ഹ...ഞാൻ... കാളി...ഭദ്രകാളി..അസുരന്മാരുടെ രുധിരം കുടിച്ച് സംഹാര നൃത്തം ആടിയവൾ"
മുടിയഴിച്ചിട്ട് നാവു നീട്ടി കണ്ണുകൾ രണ്ടും ഉരുട്ടി അവൾ അവരെ പേടിപ്പിക്കുന്നത് പോലെ അഭിനയിച്ചു..അവൾക്ക് സത്യത്തിൽ ഭ്രാന്തുണ്ടോ എന്നു പോലും അവർ സംശയിച്ചു..
"പക്ഷെ ഞാൻ നിങ്ങളെ രക്ഷിക്കാൻ വന്നതാണ്... ഈ കേസിൽ നിന്നും ഈ ഭൂമിയിൽ നിന്നും...നിങ്ങൾക്ക് രക്ഷപെടേണ്ടേ?"
"വേണം"
"അതേ...രക്ഷപെടണം..ഞാൻ നിങ്ങളെ രക്ഷപെടുത്തണം അല്ലേ..."
വിഷ്ണുവിന്റെ മുഖത്തേക്ക് അവൾ ആഞ്ഞടിച്ചു..അവൻ്റെ മുടി പിടിച്ചു മുഖം മുകളിലേക്ക് ഉയർത്തി..ഇപ്പോഴവളുടെ മുഖം ശരിക്കുമൊരു ഭദ്രകാളിയെ പോലെ തോന്നിച്ചു..
"നിങ്ങളെ ഇങ്ങനെ കാണുമ്പോൾ എനിക്ക് തോന്നുന്ന വികാരം എന്താണെന്നറിയോ..കാമം..ആ കാമം നിൻ്റെയൊക്കെ ശരീരത്തോടല്ല..നിൻ്റെയൊക്കെ ശരീരത്തോട് എനിക്ക് തോന്നുന്നത് വെറുപ്പും അറപ്പുമാണ്...ഈ കാമത്തിന് നിൻ്റെയൊക്കെ മരണം എന്നു കൂടി അർത്ഥമുണ്ട്."
അവളുടെ മുഖത്ത് രൗദ്ര ഭാവം..അവളുടെ നോട്ടം നേരിടാനാവാതെ അവർ ശരിക്കും ഭയന്നു
"കൊല്ലാൻ പോകുകയാ എല്ലാത്തിനെയും..മരണം നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും ചെറിയ ശിഷ്യയാണ്..അതുകൊണ്ട് തന്നെ അങ്ങനെ പെട്ടെന്ന് ഞാൻ നിങ്ങളെ മരണത്തിന് വിട്ടു കൊടുക്കില്ല..ആ മരണം എങ്ങനെ വേണമെന്ന് ഞാൻ നിശ്ചയിക്കും..ഞാൻ വിധിക്കും..ഇവിടെ കോടതിയും ജഡ്ജിയും ആരാച്ചാരും എല്ലാം ഞാൻ തന്നെ"
അവളുടെ കണ്ണുകളിൽ കത്തുന്ന പകയുടെ അഗ്നി കണ്ട് ആറു പേരും ഭയപ്പാടോടെ അവളെ നോക്കി..ആ അഗ്നിയിൽ വെന്തുരുകാനുള്ള ഈയാംപാറ്റകളാണ് തങ്ങളെന്ന് അവർ തിരിച്ചറിഞ്ഞു.
"നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവരാൻ കുറച്ചു ഉറക്കഗുളികകളുടെ ആവശ്യമേ ഉണ്ടായിരുന്നുള്ളു...നിങ്ങളറിയാതെ നിങ്ങൾ കഴിക്കുന്ന മദ്യത്തിലേക്ക് അവ ചേർത്തു..നിങ്ങൾ കരുതി രാത്രി നിങ്ങൾക്ക് ആഘോഷിക്കാൻ ഒരു പെണ്ണ്,മദ്യം..പോരാത്തതിന് അച്ഛന്മാരുടെ ഉന്നതങ്ങളിലെ സ്വാധീനം.. നിങ്ങളെ തൊടാൻ ഒരു നിയമത്തിനും സാധിക്കില്ല എന്ന്"
സംസാരത്തിനിടയിൽ അവൾ ഒരു ബാഗിൽ നിന്നും ഗ്ലൗസ് എടുത്ത് കൈകളിൽ ധരിച്ചു.. വലതു കൈയിൽ ഒരു സർജിക്കൽ ബ്ലേഡുമായി അവൾ അലക്സിയുടെ അടുത്തേക്ക് നടന്നു..അത് അവൾ അവൻ്റെ കഴുത്തിലേക്ക് വച്ചു.അവളുടെ കൈകൾ അവൻ്റെ ശരീരത്തിലൂടെ ചലിക്കും തോറും ചെറുതായി ചോര പൊടിയാൻ തുടങ്ങി.
"ഒരു നിയമത്തിനും നിങ്ങളെ ഞാൻ വിട്ടു കൊടുക്കില്ല..എന്നിട്ടെന്തിനാ..നിങ്ങളെ പോലെയുള്ളവരെ തീറ്റി പോറ്റി അഞ്ചോ ആറോ വർഷം കഴിഞ്ഞ് പുറത്തിറങ്ങി മസിലും പെരുപ്പിച്ച് വീണ്ടും ഏതെങ്കിലും പെണ്ണിനെ ഇല്ലാതാക്കാനോ..തനിക്ക് ഒക്കെ വേണ്ടി കോടികൾ വിലയുള്ള വക്കീൽ കൂട്ടങ്ങൾ പുറത്ത് കാത്തിരിക്കുന്നുണ്ട് എന്നറിയാം.."
"ഞങ്ങളെ...ഞങ്ങളെ ഒന്നും ചെയ്യരുത്.. എന്തു വേണമെങ്കിലും ചെയ്യാം"
"എന്തു വേണമെങ്കിലും ചെയ്യുമോ?എങ്കിൽ ചെയ്യു..നീയൊക്കെ കൂടി നശിപ്പിച്ചു കൊന്നു കളഞ്ഞ ആ പൊന്നു മോൾക്ക് ജീവൻ തിരിച്ചു കൊടുക്ക്..നെഞ്ചു പൊട്ടി കരയുന്ന അവളുടെ അച്ഛനമ്മമാരെ കണ്ടിട്ടുണ്ടോ നിങ്ങൾ?അവരുടെ വേദന എന്താണെന്ന് അറിയുമോ നിങ്ങൾക്ക്?അവൾ നിങ്ങളുടെ കാലു പിടിച്ചു കരഞ്ഞിട്ടുണ്ടാവില്ലേ എന്നെ ഒന്നും ചെയ്യരുതേ എന്നും പറഞ്ഞ്..നിങ്ങൾ അവളുടെ നിലവിളി കേട്ടോ..അപ്പോൾ നിങ്ങൾക്ക് കാമം തലയ്ക്ക് പിടിച്ചു...എനിക്കും കാമമാ..എൻ്റെ കാമ പൂർത്തികരണത്തിന് നിങ്ങൾ മരിച്ചേ തീരു"
അവൾ എല്ലാവരെയും മാറി മാറി നോക്കി.. അവൾ അല്പം ശാന്തമായത് പോലെ
"നിങ്ങളിൽ ഒരാളെ ഞാൻ കൊല്ലില്ല..അത് ഞാൻ നിങ്ങൾക്ക് തരുന്ന ഒരു ഓഫർ.. പക്ഷെ അത് ആരെ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം..ആരും സ്വയം പേര് പറയരുത്"
അവരുടെ മുഖത്ത് ചെറിയ ആശ്വാസം കണ്ടെങ്കിലും ആരും ആരുടെയും പേരു പറഞ്ഞില്ല
"നിങ്ങൾ പറയാത്ത സ്ഥിതിക്ക് ഞാനൊരു കാര്യം ചെയ്യാം നറുക്ക് ഇടാം"
അവൾ വെള്ള പേപ്പറിൽ ഓരോരുത്തരുടെയും പേരെഴുതി..ചുരുട്ടി കൈയിൽ ഇട്ട് കുലുക്കി.. അതിൽ നിന്നും ഒരു പേരെടുത്തു..എല്ലാവരുടെയും മുഖത്ത് ആകാംക്ഷ
അവൾ മനോജിൻ്റെ അടുത്തേക്ക് നീങ്ങി
"കൺഗ്രാജൂലേഷൻ... ഭാഗ്യവാൻ... താൻ മാത്രം മരണത്തിൽ നിന്നും രക്ഷപ്പെട്ടു"
ആശ്വാസം കൊണ്ട് മനോജ് ഒരു ദീർഘനിശ്വാസം വിട്ടു..മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു..അവൻ്റെ ഉള്ളിലെ ഭയം മാറി പകരം അവളെ കൊന്നു തിന്നാനുള്ള പക അവനിൽ ജനിച്ചു..താൻ രക്ഷപ്പെട്ടിട്ട് വേണം ഇവളെ ഇഞ്ചിഞ്ചായി കൊല്ലാൻ എന്നവൻ മനസ്സിൽ കരുതി.
പക്ഷെ മരണത്തേക്കാൾ ഭീകരമായിരിക്കും ജീവിച്ചിരിക്കുന്നത് എന്ന് മാത്രം അവൻ കരുതിയില്ല.
"അപ്പോൾ എങ്ങനെയാ കാര്യങ്ങൾ തുടങ്ങാം അല്ലേ..ഇനി ആർക്കും സംസാരമില്ല..ഇനി വെറും കാഴ്ചകൾ.. ആ കാഴ്ചകൾ എല്ലാവരും കൺനിറയെ കാണണം"
അവൾ എല്ലാവരുടെയും വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു.. കൈകാലുകളിലെ കെട്ട് ഒന്നു കൂടി മുറുക്കി...അലക്സിയേ വിട്ടവൾ വിനോദിൻ്റെ അടുത്തേക്ക് നീങ്ങി..അവൻ ഭയം കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.
(തുടരും)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo