
വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിന് ശേഷവും ഞങ്ങൾക്കിടയിൽ അതേപോലെ പ്രണയം നിലനിൽക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിച്ചിരുന്നു ആ മൊബൈൽ സന്ദേശം കാണുന്നത് വരെ . ഭർത്താവിന്റെ മൊബൈൽ പരിശോധിക്കുകയോ മുഖപുസ്തകത്തിന്റ പാസ്സ്‌വേർട് ചോദിക്കുകയോ ചെയ്യാത്ത ഒരു ഭാര്യ ആയിരുന്നു ഞാൻ .കാരണം അത്രമേൽ വിശ്വസിച്ചിരുന്നു .മോളുണ്ടായതിനു ശേഷവും ഞങ്ങൾ മുൻപത്തെ പോലെ സ്നേഹത്തിൽ തന്നെയായിരുന്നു .എപ്പോളായിരുന്നു ഇതാരംഭിച്ചതു എന്ന് മാത്രം വ്യക്തമായിരുന്നില്ല തീവ്രമായി സ്നേഹം പ്രകടിപ്പിക്കുന്ന ഒരു ശബ്ദസന്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു .
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ മുറികളിൽ നിന്ന് മുറികളിലേക്ക് നടന്നു കൊണ്ടിരുന്നു .ഒരു തവണ ബാഗെടുത്തു തുണികളടുക്കി വെച്ച് യാത്രയ്ക്ക് ഒരുങ്ങി . പിന്നീട് ആത്മഹത്യാ ചെയ്താലോ എന്ന് ചിന്തിച്ചു ബ്ലൈഡ് എടുത്തു ഞരമ്പിൽ ചേർത്ത് വെച്ച് കണ്ണുകളടച്ചു . അതും സാധിക്കുന്നില്ല മോളുടെ മുഖം ഓർക്കുമ്പോൾ ഉള്ളിൽ അഗ്നി ആളുമ്പോലെ . ശരീരം ആ അഗ്നി ദഹിപ്പിച്ചു കളയുമോ എന്ന ഭീതിയിൽ ഷവറിനു കീഴിൽ ഏറെ നേരം നിന്നു വെള്ളത്തിന് പോലും ഉടലിന്റെ ചൂടിനെ തണുപ്പിക്കാനാവുന്നില്ല .
കരയാൻ കഴിഞ്ഞിരുന്നുവെങ്കിൽ .ഭിത്തിയിൽ ചാരിയിരിക്കുമ്പോൾ .മനസ്സ് മരവിച്ചു പോയിരിക്കുന്നു .
എവിടെങ്കിലും തനിക്കു പിഴച്ചുവോ? മകളുണ്ടായതിനു ശേഷം വിവേകിനെ ശ്രദ്ധിക്കാൻ പഴയതു പോലെ തനിക്കു കഴിഞ്ഞില്ലേ ?വിവേകിനിഷ്ടമുള്ള പലഹാരങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടു എത്ര നാളായിട്ടുണ്ടാകും? അത് പക്ഷെ മോളെ നോക്കുന്ന തിരക്കിൽ തനിക്കു കഴിയാഞ്ഞിട്ടല്ലേ ?പഴയതു പോലെ രാത്രിയിൽ നിലാവ് കാണാനും മഴ പെയ്യുന്ന വൈകുന്നേരങ്ങളിൽ ഒന്നിച്ചു നനയാനും കഴിയാറില്ല ചിലപ്പോളെക്കെ വിവേക് പരിഭവം പറയാറുണ്ട്
"നിനക്കിപ്പോൾ ന്നെ ശ്രദ്ധിക്കാൻ നേരമില്ല .നീ മുല്ലപ്പൂവ് ചൂടി കണ്ടിത്രെ നാളായി ?"
ശരിയാണ് താൻ വിവേകിനെ അലസമായി വിട്ടു പോയിട്ടുണ്ട് .സ്വന്തമായതിനേ വീണ്ടുമടുക്കിപ്പിടിക്കണം എന്ന് തോന്നിയിട്ടില്ല . കൈവിരൽ തുമ്പിലൂടെ ഉതിർന്നു പോകാൻ അത് മഴതുള്ളിയല്ലല്ലോ .ശബ്ദ സന്ദേശത്തിലെ വരികൾ വീണ്ടുമവളുടെ ഓര്മയിലെത്തി
"ലവ് യു താര .പക്ഷെ ചിന്നനെ വിട്ടു ഞാൻ നിന്നിലേക്ക് വരില്ല കേട്ടോ "
ചിന്നു ഞാനാണ് . വിവേകിന്റെ ജീവിതവും എന്നിലാണ് .ഒരു താരയ്ക്കും വിവേകിനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല .അതെന്റെ മകളുടെഅച്ഛനായത് കൊണ്ടോ എന്റെ താലികെട്ടിയ ഭർത്താവായകൊണ്ടോ അല്ല . വിവേക് എന്റെ പുരുഷൻ ആണ് .എന്റെ പ്രണയം .അത് ഞാൻ നഷ്ടപ്പെടുത്തി കളയില്ല .എന്നിലതൊരു വാശിയായി . വിവേകിനോട് ക്ഷമിക്കാൻ ഞാൻ തയ്യാറായി
വിവേകിനിഷ്ടമുള്ള ഇലയട ഉണ്ടാക്കി വെച്ച് വിവേകിനിഷ്ടമുള്ള മുല്ലപ്പൂ ചൂടി ഞാൻ കാത്തിരുന്നു.വിവേകിനോട് സംസാരിക്കുമ്പോളും ചിരിക്കുമ്പോളും ഉള്ളിലെ അഗ്നിപർവതം പൊട്ടിയൊഴുകരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു എനിക്ക് .
(((This story written by AmmuSanthosh @ Nallezhuth. Copyright with author & Nallezhuth)))
അമ്മയോട് കുറച്ചു ദിവസം എന്റെ കൂടെ നില്ക്കാൻ പറഞ്ഞു .മകളുടെ കാര്യങ്ങൾ അമ്മയ്ക്ക് കൂടെ വിട്ടുകൊടുത്തു ഞാൻ വിവേകിന്റെ പഴയ ചിന്നു ആയി ,വിവേകിന് പലപ്പോളും എന്നോടെന്തോ പറയണമെന്ന് തോന്നാറുണ്ട് .അതൊരു കുറ്റസമ്മതമാണെന്നു അറിയാവുന്നതു കൊണ്ട് ഞാൻ വിഷയം വഴിതിരിച്ചു വിടുമായിരുന്നു . മഴ പെയ്ത രാത്രിയിൽ ഒന്നിച്ചു നനഞ്ഞുറങ്ങുമ്പോൾ ഞാൻ ഉറങ്ങിയെന്നു കരുതി വിങ്ങിപ്പൊട്ടി വിവേക് എന്റെ നെറ്റിയിൽ ചുംബിക്കുന്നത് ഞാൻ അറിഞ്ഞു . ചില ദിവസങ്ങളിൽ അവധിയെടുത്തു വെറുതെ എനിക്കൊപ്പം മൗനമായി ഇരിക്കുന്നത് കാണുമ്പോൾ ആ മനസ്സ് ഒരു മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നത് ഞാൻ നോക്കിക്കണ്ടു .ഒരു ക്ഷമാപണം എപ്പോളും ആ മിഴികളിൽ മുട്ടിത്തിരിഞ്ഞു നിന്നു.
ഈ നഗരത്തിൽ നിന്നു വിവേക് ട്രാൻസ്ഫർ വാങ്ങിയത് എന്നോട് പിന്നീടാണ് പറയുന്നത് . അത് വിവേകിന്റ് തീരുമാനമായിരുന്നു . ദുരബലമാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതാവും . യാത്രയുടെ തലേന്ന് വിവേക് എന്റ്റെ മുന്നിൽ മുട്ട് കുത്തിയിരുന്ന് മടിയിൽ തല ചേർത്ത് വച്ചു.
"ചിന്നു ഞാൻ നിന്നോടൊരു തെറ്റ് ചെയ്തിട്ടുണ്ട് ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട് "
ഒരു ശുദ്ധീകരണം പോലെ എല്ലാ സങ്കടവും മിഴിനീരിൽ ഒഴുക്കി കളഞ്ഞു ശാന്തനായി അവൻ ഉറങ്ങുമ്പോൾ ഞാൻ നിറുകയിൽ ചുംബിച്ചു .
ഒരു ശുദ്ധീകരണം പോലെ എല്ലാ സങ്കടവും മിഴിനീരിൽ ഒഴുക്കി കളഞ്ഞു ശാന്തനായി അവൻ ഉറങ്ങുമ്പോൾ ഞാൻ നിറുകയിൽ ചുംബിച്ചു .
പുരുഷൻ പലപ്പോളും നിഷ്കളങ്കനായ കുഞ്ഞിനെ കണക്കാണ് .ഭംഗിയുള്ള കളിപ്പാട്ടങ്ങളിൽ ആകൃഷ്ടനായിപോകുന്ന, ശാസിക്കാനും തിരുത്താനും ആളില്ലെങ്കിൽ വഴിതെറ്റിപ്പോകുന്ന, ഒരു കരുതലിനും ലാളനയ്ക്കും എപ്പോളും കൊതിക്കുന്ന ഒരു കുഞ്ഞിനെ കണക്കെ .
സ്വന്തം മകൻ എന്ത് തെറ്റു ചെയ്താലും പൊറുക്കാൻ തയ്യാറാകുന്ന അമ്മമനസ്സ് സ്വന്തം പുരുഷന്റെ മുന്നിലും അല്പം അലിഞ്ഞാൽവിവാഹമോചനങ്ങളുടെ എണ്ണം എത്രയോ കുറഞ്ഞേനേ .
കാരണം സ്ത്രീക്ക് മാത്രമേ ആ വിശുദ്ധ പദവി ദൈവം കൊടുത്തിട്ടുള്ളു .'"അമ്മ "എന്ന വിശുദ്ധ പദവി .
By Ammu Santhosh
New perception on life..u r really good writer..God bless u really inspirational
ReplyDelete