Slider

യാത്ര

0
Image may contain: 1 person, outdoor, nature and water

അങ്ങകലെ മഞ്ഞു പുതച്ച മലനിരകള്‍ കാണാം. ഇനിയും 2-3 മണിക്കൂര്‍ യാത്ര ഉണ്ടെന്ന് ഗൈഡ് പറയുമ്പോള്‍ എന്‍റെ കാഴ്ചകള്‍ പുറത്തുള്ള അതിമനോഹര ദൃശ്യങ്ങളിലായിരുന്നു. . ഷിംല - കുളു - മണാലി - മഞ്ഞില്‍ ജന്മംകൊണ്ട ഹിമാചല്‍പ്രദേശിലെ ഈ മനോഹരസ്ഥലങ്ങള്‍ കടന്ന് .വേദപുരാണേതിഹാസങ്ങള്‍ക്ക് രംഗവേദിയൊരുക്കിയ ഹിമാലയസാനുക്കളിലേക്കൊരു യാത്ര. അതെന്‍റെ ഒരു നിയോഗമാവാം. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട് വിട്ടുപോയ അച്ഛനെത്തിരക്കിയുള്ള ഒരു യാത്ര.
ഒരു ടൂര്‍ ഗ്രൂപ്പിന്‍റെയൊപ്പം യാത്രയ്ക്ക് ഒരുമ്പെടുമ്പോള്‍ മനസില്‍ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഴയ തെറ്റുകള്‍ക്കെല്ലാം മാപ്പ് പറഞ്ഞ് അച്ഛനെ തിരികേ കൊണ്ടുവരണം. അതിനു കഴിഞ്ഞില്ലെങ്കില്‍ അച്ഛനെപ്പോലെ ഹിമവല്‍സാനുക്കളില്‍ അഭയം തേടണം.
"വയസ്സാകുമ്പോള്‍ ചിലര്‍ക്ക് സ്വബോധം നശിക്കുമെന്ന് കേട്ടിട്ടുണ്ട്" ഞാന്‍ പാക്ക് ചെയ്യുന്നത് നോക്കിക്കൊണ്ടു നിന്ന ഭാര്യ പുശ്ചിച്ചു. "ഇതു തന്നെയായിരുന്നു നിങ്ങളുടെ അച്ഛനും. സംഭവിച്ചത്" മറുപടി അര്‍ഹിക്കാത്ത ആ വാക്കുകളെ അവഗണിച്ച് യാത്ര തിരിക്കുമ്പോള്‍ മനസ് പിന്നോട്ട് കുതിക്കുന്നുണ്ടായിരുന്നു.
പഴയകാലം അവിടെ ഒരു ചലച്ചിത്രം പോലെ നിറഞ്ഞാടി. പെന്‍ഷന്‍ പറ്റിയ പ്രായമായ അച്ഛന്‍റെയും അമ്മയുടേയും അടുത്ത് ജോലി നഷ്ടപ്പെട്ട മകന്‍ കുടുംബവുമായി എത്തുന്നത്.. ആ വിഷമസ്ഥിതിയില്‍ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ച അവരുടെ ചുമലില്‍ ചിലവുകളും വീട്ടിലെ ജോലികളും കുട്ടികളെ നോക്കലും ഏല്‍പ്പിച്ച് സ്വന്തം കാര്യം മാത്രം നോക്കി വീട്ടില്‍ ആധിപത്യം ഉറപ്പിക്കുന്ന മകനും ഭാര്യയും. പിന്നീട് രണ്ടുപേരും ജോലി നേടിയപ്പോഴും കിട്ടുന്ന ശമ്പളം സ്വന്തം ആര്‍ഭാടങ്ങളിലേക്കും നീക്കിയിരുപ്പിനും വേണ്ടി മാത്രം അവര്‍ ഉപയോഗിക്കുമ്പോള്‍ ഒന്നും പറയാതെ എല്ലാം സഹിക്കുന്ന ആ വൃദ്ധദമ്പതികള്‍.
ഒരു വീഴ്ചയെത്തുടര്‍ന്ന് കിടപ്പിലായ അമ്മ മരിച്ചപ്പോഴാണ് അച്ഛന്‍റെ ദുരിതങ്ങള്‍ അതിന്‍റെ പൂര്‍ണതയില്‍ എത്തുന്നത്. എല്ലാ വിഷമങ്ങളിലും താങ്ങായിനിന്ന അമ്മ പോയപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ അച്ഛന്‍റെ കണ്ണിലെ ദൈന്യത ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. സമയാസമയങ്ങളില്‍ ആഹാരമോ ശ്രദ്ധയോ എന്തിന് ഒരു നല്ല വാക്കോ സാമീപ്യമോ പോലും ആരില്‍ നിന്നും ലഭിക്കാതെ വല്ലാത്ത ഒരു വിഷാദത്തിലേക്ക് വഴുതി വീണിരുന്നു അദ്ദേഹം. അവഗണനയും അവഹേളനങ്ങളും താങ്ങാവുന്നതിലപ്പുറമായപ്പോഴാവും അച്ഛന്‍ ഒരു കത്ത് എഴുതിവെച്ചിട്ട് പോകാന്‍ തീരുമാനിച്ചത്.
"എന്നെത്തിരക്കി ആരും വരേണ്ട. പല കാലങ്ങളിലായി ആഗ്രഹിച്ച ഒരു യാത്ര പോവുകയാണ് ഞാന്‍. ഇനി ഒരു തിരിച്ചുവരവുണ്ടാവുകയില്ല."
"അഹങ്കാരം, അല്ലാതെന്തു പറയാനാ.. വയസ്സുകാലത്ത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാന്‍" ഒരു ശല്യം തലയില്‍ നിന്നും ഒഴിഞ്ഞുപോയി എന്നൊരു ചിന്തയായിരുന്നെങ്കിലും ഭാര്യ. പറഞ്ഞത് ഇങ്ങനെയാണ്. ഞാനും മനസില്‍ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ് ചിന്തിച്ചത്.
കാലം എന്തിനും ഒരു മറുപടി ഒരുക്കി വെച്ചിട്ടുണ്ടാവും. അതു പലപ്പോഴും യൌവനത്തിന്റെ തീഷ്ണതയില്‍ പലരും മനസിലാക്കുന്നില്ല. സ്വന്തം തെറ്റുകളുടെ തിരിച്ചറിവുകള്‍ പലപ്പോഴും ഉണ്ടാവുന്നത് അതു ഒരു തിരിച്ചടിയായി മുന്നില്‍ എത്തുമ്പോഴായിരിക്കും. ഞാനോര്‍ത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മക്കളുടെ ഉത്തരവാദത്വമില്ലായ്മയും അവരുടെ ധാര്‍ഷ്ട്യവും അവഹേളനകളുമാവാം അച്ഛന്‍റെ പക്ഷത്തു നിന്നുകൊണ്ട് തിരിഞ്ഞു ചിന്തിക്കാന്‍ എനിക്ക് വഴിയൊരുക്കിയത്. സ്വന്തം കര്‍മങ്ങള്‍ എല്ലാവര്‍ക്കും ഒരിക്കല്‍ അനുഭവിക്കേണ്ടി വരും എന്നത് ഞാന്‍ തിരിച്ചറിയുകയായിരുന്നു.
"അങ്കിള്‍ തനിച്ചാണോ?"
പാട്ടില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് ഏതോ ഒരു ലോകത്തായിരുന്ന അടുത്ത സീറ്റിലെ പയ്യന്‍ ഇയര്‍ പ്ലഗ് മാറ്റി ചോദിച്ചപ്പോള്‍ ഒന്നു ചിരിക്കുക മാത്രം ഞാന്‍ ചെയ്തു. വര്‍ത്തമാനത്തിനു താത്പര്യം ഇല്ലെന്ന് തോന്നിയതു കൊണ്ടാവാം അവന്‍ പിന്നൊന്നും ചോദിക്കാതെ അവന്‍റെ ലോകത്തിലേക്ക് തന്നെ മടങ്ങിപ്പോയി.
നീണ്ട ഒരു യാത്രയുടെ അവസാനം ബസ്‌ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ മനസ്സില്‍ ഒരു ശാന്തത പരക്കുന്നത് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു.. അച്ഛന്‍ പലപ്പോഴായി ഹിമാലയം സന്ദര്‍ശിക്കണം എന്ന ആഗ്രഹം പറഞ്ഞു കേട്ടിട്ടുള്ളതു കൊണ്ടാവാം ഇവിടെത്തന്നെയാവും അച്ഛന്‍ ഉണ്ടാവുക എന്നെനിക്ക് തോന്നിയതും വിധി എന്നെ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നതും...
ഗ്രൂപ്പിനെ വിട്ട് ഞാന്‍ തനിയെ എന്‍റെ വഴികള്‍ തേടി നീങ്ങിത്തുടങ്ങി. ഹിമസാനുക്കളില്‍ അവിടിവിടെയുള്ള ഗുഹകള്‍ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ഇവിടെവിടെങ്കിലും ആവാം അച്ഛന്‍ ഉണ്ടാവുക എന്ന തോന്നല്‍ എന്നില്‍ ശക്തമായി. മുന്നില്‍ . ജടാധാരികളായ മഹര്‍ഷിമാര്‍. ഇവരിലാരെങ്കിലും അച്ഛനാണോ? അച്ഛന്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ലല്ലോ.
ഓരോ മുഖങ്ങളും നോക്കിക്കൊണ്ട്‌ ഞാന്‍ മുന്നോട്ടു നടക്കുമ്പോള്‍ . ഏതോ ഒരു പ്രതീക്ഷ എന്നെ മുന്നോട്ട് നയിച്ചു കൊണ്ടിരുന്നു.
(ശ്രീദേവി വിജയന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo