
ഇവളൊരു രണ്ടാഴ്ച എന്‍റെ അമ്മച്ചീടെ കൂടെ പോയി നിക്കട്ടെ. ഇവളുടെ അനാവശ്യകറക്കവും കുറയും. അമ്മച്ചീടെ പരാതിയും മാറും" ബ്രേക്ക്‌ഫാസ്റ്റിന്റെ സമയത്താണ് അപ്പച്ചന് പെട്ടെന്നൊരു ബോധോദയം ഉണ്ടായത്. അതു കേട്ടപാതി, കേള്‍ക്കാത്തപാതി അമ്മച്ചിയും പിന്താങ്ങി. ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞില്ല. കൂട്ടുകാരോടൊപ്പം കറങ്ങിയും സിനിമ കണ്ടും ഷോപ്പിംഗ് നടത്തിയും സന്തോഷമായി ഇരിക്കുന്ന എന്നെക്കണ്ടിട്ട് രണ്ടു പേര്‍ക്കും സഹിക്കുന്നില്ല. അതാ.. ഈ കെട്ടുകെട്ടിക്കല്‍. എതിര്‍ത്തിട്ടും വലിയ പ്രയോജനമൊന്നും ഇല്ല എന്നറിയാവുന്നതു കൊണ്ടുതന്നെ ആ കുഗ്രാമത്തില്‍ പോയി രണ്ടാഴ്ച താമസിക്കാമെന്ന് ഞാനും സമ്മതിച്ചു. ലാപ്ടോപും മൊബൈലും വൈഫൈയും ഒക്കെയുണ്ടെങ്കില്‍ ഒരു രണ്ടാഴ്ചയൊക്കെയെന്തോന്ന്? അല്ലെങ്കിലും പൊതുവേ ഒരു ശുഭാപ്തിവിശ്വാസിയാണ് ഞാന്‍.
അപ്പോം അടയുമൊക്കെ ചുട്ട് എന്നേയും കാത്തിരിക്കുന്ന വല്യമ്മച്ചിയെ കണ്ടതും ഞാന്‍ കെട്ടിപ്പിടിച്ച് എന്‍റെ സന്തോഷം തെളിയിച്ചു. അല്ലെങ്കിലും വലിയമ്മച്ചിയെ പിണക്കിയിട്ടു എനിക്കെന്തു ഗുണം. ഇണക്കത്തിലൊക്കെ നിന്നാല്‍ ചിലപ്പോള്‍ എന്തെങ്കിലുമൊക്കെ ഗുണം ഉണ്ടാവാനും മതി.
"നിനക്ക് വീട്ടില്‍ വല്ല ആലോചനയും ഉണ്ടോ ഏലിക്കുട്ടീ?" രണ്ടു ദിവസം കഴിഞ്ഞ് ഒരു ഉച്ചയ്ക്കാണ് വല്യമ്മച്ചി എന്നോടിത് ചോദിച്ചത്. ഏലിയാന എന്ന എന്‍റെ സുന്ദരമായ പേര് വല്യമ്മച്ചിയ്ക്ക് ഏലിക്കുട്ടിയാണ്.
"ഇല്ല, വല്യമ്മച്ചീ"
പറഞ്ഞപ്പോള്‍ അറിയാതെ എന്‍റെ മുഖത്തൊരു വാട്ടം വീണത് വല്യമ്മച്ചീടെ കണ്ണില്‍പെട്ടൂന്ന് എനിക്ക് തോന്നി.
"അതിനെവിടാ നിന്‍റെ തള്ളയ്ക്ക് ഇതൊക്കെ ആലോചിക്കാന്‍ സമയം? അവള് വലിയ ജോലിക്കാരിയല്ലിയോ?"
എന്നോട് സഹതാപം പ്രകടിപ്പിക്കുന്നതിനൊപ്പംതന്നെ കിട്ടിയ അവസരം മരുമോള്‍ക്കിട്ട് ഒരു പാരവെക്കാനും വല്യമ്മച്ചി മറന്നില്ല.
എന്നോട് സഹതാപം പ്രകടിപ്പിക്കുന്നതിനൊപ്പംതന്നെ കിട്ടിയ അവസരം മരുമോള്‍ക്കിട്ട് ഒരു പാരവെക്കാനും വല്യമ്മച്ചി മറന്നില്ല.
പിറ്റേന്ന് വല്യമ്മച്ചി തന്‍റെ വലംകൈയ്യും ഉപദേശിയുമായ വേലക്കാരി ജാനുവിനോടും വിഷയം അവതരിപ്പിച്ചു.
"അല്ലാ, ആ വക്കച്ചന്‍റെ മോന്‍ ...പേരെന്തുവാ... ങാ.. ബേബിച്ചന്‍ .... ദുബായീന്ന് അടുത്തുതന്നെ വരുന്നൂന്ന് കേട്ടല്ലോ... അവനെ നമ്മുടെ ഏലിക്കുട്ടിയ്ക്കൊന്നു ആലോചിച്ചാലോ..."
"അതിനമ്മച്ചീ, ആ ചെറുക്കന് പഠിത്തമൊക്കെ കുറവല്ലയോ. അതൊക്കെ ഈ കുഞ്ഞിന്‍റെ തള്ള സമ്മതിക്കുമോ?"
"അവടമ്മേടെ ഒരു പഠിത്തം. ഒരു പി എച് ഡി യും വെച്ചോണ്ട് എന്നാത്തിനാ? രണ്ടും കൂടെ ജോലിയെടുത്തിട്ട് ഒരു സാധാരണ വീടും ഒരു കുഞ്ഞു കാറുമല്ലാതെ എന്നാ ഒലത്തി? ഈ ബേബിച്ചനാണേല്‍ ദുബായീ പോയേപ്പിന്നെ മണിമാളികയാ അവിടെ കെട്ടിയിരിക്കുന്നെ. മുറ്റത്തു കിടക്കുന്നതോ ബെന്‍സ് കാറും. കാര്യം, വക്കച്ചന് അതിന്‍റെ പൊങ്ങച്ചവും അഹങ്കാരവുമൊക്കെയുണ്ട്. അല്പനര്‍ത്ഥം കിട്ടിയാല്‍... എന്നാണല്ലോ പ്രമാണം. വക്കച്ചനതൊട്ടു തെറ്റിക്കുന്നുമില്ല. എന്നാലും ഏലിക്കുട്ടി അതൊക്കെ കൈകാര്യം ചെയ്തോളും. അവളെന്നേപ്പോലെ മിടുക്കിയാ"
മെയ്യനങ്ങാതെ ഒരല്പം സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന കുഞ്ഞുമോഹമുള്ള എന്നെ എടുത്താല്‍ പൊങ്ങാത്ത പഠിപ്പൊക്കെ പഠിപ്പിച്ച് ജോലിക്കാരിയാക്കണമെന്നു വിചാരിക്കുന്ന എന്‍റെ അപ്പന്റെയും അമ്മച്ചിയുടെയും ഹിറ്റ്ലര്‍നയത്തെ ശക്തിയുക്തം മനസു കൊണ്ടെതിര്‍ത്തു നില്ക്കുന്ന എനിക്ക് വല്യമ്മച്ചിയുടെ സംസാരം തേന്മഴയായി.
ബേബിച്ചനെപ്പറ്റി വല്യമ്മച്ചി പറഞ്ഞതും ഞാന്‍ ബാല്യകാലത്തെ ഓര്‍മകള്‍ വലിച്ചു പുറത്തേക്കിട്ടു. ഒരിത്തിരി കറുത്ത്, ഈര്‍ക്കിലി പോലുള്ള ചെക്കനായിരുന്നു അന്ന് ബേബിച്ചന്‍. എന്നേക്കാള്‍ ഒരു അഞ്ചാറു വയസ്സെങ്കിലും കൂടുതുല്‍ കാണും. അന്നൊക്കെ അവന്‍ വര്‍ത്തമാനത്തിന് എത്തുമ്പോള്‍ ഞാന്‍ ഒട്ടും അവനെ വകവെച്ചിരുന്നില്ല. കാഴ്ചയ്ക്കും പഠിത്തത്തിനും സാമ്പത്തികമായും താഴെയായിരുന്നു അന്നവന്‍. ചെക്കന്മാര്‍ പക്ഷേ, ഒരു പ്രായമൊക്കെ ആവുമ്പോള്‍ ഒന്നു മിനുങ്ങി കാണാനൊക്കെ ഒരു ശേല് വെക്കും, ഞാനോര്‍ത്തു. അല്ലെങ്കിലും ആമ്പിള്ളാരുടെ മേന്മ അവരുടെ ജോലിയും സമ്പാദ്യവുമൊക്കെയല്ലേ?
പിറ്റേന്ന് നാടു കാണാനെന്നുള്ള വ്യാജേന ഞാന്‍ വക്കച്ചന്‍റെ വീടിന്‍റെ മുന്നിലൂടെ നടന്നു. പണ്ട് പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന വീടിന്‍റെ സ്ഥാനത്ത് തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന ഒരു മനോഹരസൌധം. ചുറ്റുമുള്ള ചെറിയ പ്ലോട്ടുകളെല്ലാം വാങ്ങി ഒന്നാക്കിയ, ഏകദേശം ഒരേക്കര്‍ വരുന്ന പറമ്പ്. പുല്‍ത്തകിടികളും പാമും അലങ്കാരച്ചെടികളുമായി ആകപ്പാടെ ആരും ഒന്നു നോക്കിപ്പോകുന്ന സെറ്റപ്പ്.... വല്യമ്മച്ചിയുടെ ബുദ്ധിയില്‍ എനിക്ക് ശരിക്കും മതിപ്പ് തോന്നി. ഒന്നു തഞ്ചത്തില്‍ നിന്നു കൊടുത്താല്‍ മതി. വല്യമ്മച്ചി എല്ലാം വേണ്ടപോലെ ചെയ്തോളും.
ഇതിനിടയ്ക്ക് ബേബിച്ചന്‍ ദുബായില്‍ നിന്നും എത്തിയതും മറ്റു കുഞ്ഞുകുഞ്ഞു വിശേഷങ്ങളുമെല്ലാം ജാനു ചൂടോടെ വല്യമ്മച്ചിക്ക് എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു.
ഒരു ദിവസം ഞാനും വല്യമ്മച്ചിയും വരാന്തയില്‍ ഒരല്പം പരദൂഷണവുമായി ഇരിക്കുമ്പോഴാണ് വക്കച്ചനും ഭാര്യയും ബേബിച്ചനും കൂടെ എത്തിയത്.
"ഇതെന്നതാ ... മുന്നറിയിപ്പില്ലാത്ത പെണ്ണുകാണലോ" വല്യമ്മച്ചി എന്നോട് സ്വരം താഴ്ത്തി പറഞ്ഞു.
"നീ ഉള്ളീ പൊക്കോ. കുറച്ചു കഴിഞ്ഞ് ചായേം പലഹാരവുമായി വന്നേക്കണം കേട്ടോ" ഞാന്‍ മനസില്‍ കാണുന്നത് വല്യമ്മച്ചി മാനത്തു കാണും എന്നോര്‍ത്തു കൊണ്ട് ഞാന്‍ വേഗം ഉള്ളിലേക്ക് പോയി. പെണ്ണിന് അടക്കവും ഒതുക്കവും ഇല്ലെന്ന് വരുന്നവര്‍ക്കും തോന്നരുതല്ലോ.
കൊണ്ടു വന്നു വെച്ച ബേക്കറി പലഹാരങ്ങള്‍ ലോഭമില്ലാതെ വെട്ടി വിഴുങ്ങിക്കൊണ്ടിരുന്ന ബെബിച്ചനെ ഞാന്‍ ഒളിഞ്ഞു നിന്ന് നോക്കി. പാവം. വെച്ചുവിളമ്പിക്കൊടുക്കാന്‍ ആരുമില്ലാത്തതു കൊണ്ട് നല്ല ആഹാരങ്ങള്‍ കണ്ടിട്ട് കാലങ്ങള്‍ കുറേ ആയിക്കാണും. അതാ ഈ ആക്രാന്തം. പക്ഷേ, തിന്നാതേം കുടിക്കാതേം കിടക്കുവാന്ന് കണ്ടാല്‍ തോന്നിക്കത്തുമില്ല. പണ്ടത്തെ ഈര്‍ക്കിലി രൂപമൊക്കെ മാറി ഇപ്പോള്‍ ഒരു പോത്തിന്‍റെ സൈസ് ആയിട്ടുണ്ട്.
തിന്നാനുള്ളതൊക്കെ ഒരുവിധം തീര്‍ത്തപ്പോഴാണ് ഏതാണ്ട് മാസികയുടെ ഇരട്ടി വലുപ്പമുള്ള ഒരു കവര്‍ നീട്ടിക്കൊണ്ടു വന്നവര്‍ മാറ്ററിലേക്ക് കടന്നത്..
"ത്രേസ്സ്യാമ്മേ, ഞങ്ങള്‍ ഇവന്‍റെ കല്യാണം വിളിക്കാന്‍ വന്നതാ... ദുബായില്‍ അവന്‍റെ കൂടെ ജോലി ചെയ്യുന്ന കുട്ടിയാ.. ജാതിയൊക്കെ ഒന്നായതു കൊണ്ട് ഞങ്ങളും പിന്നെ എതിര്‍ത്തില്ല. ത്രേസ്യ വന്നേക്കണേ... ഈ കൊച്ചിനെക്കൂടെ തീര്‍ച്ചയായും കൊണ്ടുവരണം"
വലിയൊരു ഞെട്ടല്‍ മറച്ചു പിടിച്ചുകൊണ്ട് സുന്ദരമായി പുഞ്ചിരിക്കുകയും ബേബിച്ചനെ കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്തു കൊണ്ട് വല്യമ്മച്ചി അവരെ യാത്രയാക്കി.
"ഒരു ബേബിച്ചന്‍ ഇല്ലെങ്കില്‍ ഒരു റോയിച്ചന്‍. അല്ല പിന്നെ. ഈ ത്രേസ്യയോടാ കളി. അല്ലെങ്കിലും വല്ലവളുമാരേയൊക്കെ പ്രേമിച്ചുനടക്കുന്ന ഇവനെയൊന്നും എന്‍റെ കൊച്ചിന് വേണ്ട.."
അവര്‍ പോയപ്പോള്‍ വല്യമ്മച്ചി പ്രഖ്യാപിച്ചു.
അവര്‍ പോയപ്പോള്‍ വല്യമ്മച്ചി പ്രഖ്യാപിച്ചു.
****
ബി എം ഡബ്ല്യൂ യില്‍ രണ്ടു പെമ്പിള്ളാരേം കൊണ്ട് നാട്ടില്‍ എത്തുമ്പോള്‍ എന്‍റെ മനസ് പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ അവധിക്കാലത്തിന്‍റെ ഓര്‍മയിലായിരുന്നു. ഇന്നെന്‍റെ "കൊച്ചുത്രേസ്യ" യുടെ എണ്‍പതാം പിറന്നാള്‍. അന്ന് വല്യമ്മച്ചി എനിക്കു വേണ്ടി കണ്ടുപിടിച്ച "മുന്തിയ" കെട്ടില്‍ എനിക്ക് കിട്ടിയ രണ്ടു സുന്ദരി പെമ്പിള്ളേര്‍ കൂടെ....
ബി എം ഡബ്ല്യൂ യില്‍ രണ്ടു പെമ്പിള്ളാരേം കൊണ്ട് നാട്ടില്‍ എത്തുമ്പോള്‍ എന്‍റെ മനസ് പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ അവധിക്കാലത്തിന്‍റെ ഓര്‍മയിലായിരുന്നു. ഇന്നെന്‍റെ "കൊച്ചുത്രേസ്യ" യുടെ എണ്‍പതാം പിറന്നാള്‍. അന്ന് വല്യമ്മച്ചി എനിക്കു വേണ്ടി കണ്ടുപിടിച്ച "മുന്തിയ" കെട്ടില്‍ എനിക്ക് കിട്ടിയ രണ്ടു സുന്ദരി പെമ്പിള്ളേര്‍ കൂടെ....
"ഇതാരാ.. എന്‍റെ എലിക്കുട്ടിയല്യോ..." എന്നെ കണ്ടതും മറ്റുള്ളവരെയെല്ലാം വിട്ടിട്ട് വല്യമ്മച്ചി എന്‍റെ അടുത്തെത്തി. "എന്നതാ എലിക്കുട്ടീ, നിന്നെ കണ്ടിട്ട് ഇതെത്ര നാളായി. ങ്ങാഹാ.. നിന്‍റെ പിള്ളേരങ്ങ് വലുതായല്ലോ. ഡിഗ്രി കഴിയുമ്പോള്‍ മൂത്തതിനെ കുറച്ചു ദിവസം ഇങ്ങോട്ട് വിട്ടേക്കണം കേട്ടോ."
"അതു പിന്നെ പറയണോ എന്‍റെ കൊച്ചു ത്രേസ്യേ"
വല്യമ്മച്ചിയേയും ചേര്‍ത്തു പിടിച്ചുകൊണ്ട് ഉള്ളിലേക്ക് നടക്കുമ്പോള്‍ ഞാന്‍ എന്‍റെ പിള്ളേരോട് പറഞ്ഞു.
"നിങ്ങളു വിചാരിക്കുന്ന പോലൊന്നുമല്ല, എന്‍റെ വല്യമ്മച്ചി ആളു പുലിയാണു കേട്ടാ..."
BY: Sreedevi vijayan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക