Slider

ഇരകള്‍.

0
Image may contain: 1 person, smiling, selfie

അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്നും രക്ഷപെടാനാണ് അയാള്‍ അടുത്തു കണ്ട കോഫീഷോപ്പില്‍ കയറിയത്. നട്ടുച്ചയില്‍ തിളച്ചുമറിയുന്ന നഗരത്തില്‍ മഴ പെയ്തത് പെട്ടെന്നായിരുന്നു. ഈ സമയത്ത് ഒരു കോഫി കുടിക്കാനുള്ള ആവശ്യം തോന്നിയില്ലെങ്കിലും കയറിയ സ്ഥിതിയ്ക്ക് അയാള്‍ ഒരു കോഫി ഓര്‍ഡര്‍ ചെയ്തു. മഴയൊന്നു ശമിക്കുന്നതുവരെ സമയം തള്ളിനീക്കണമല്ലോ. ഇരുണ്ട വെളിച്ചമുള്ള ആ ശീതീകരിച്ച മുറിയില്‍ ആള്‍ക്കാര്‍ അധികമൊന്നും ഇല്ലായിരുന്നു.
ബോറടിയുടെ ഒരല്പം സമയം തള്ളിനീക്കാന്‍ തയാറായി അയാള്‍ ഇരിക്കുമ്പോഴാണ് ഗ്ലാസ്‌ ഡോര്‍ തുറന്ന് ഒരു പെണ്‍കുട്ടിയും പുറകെ ഒരു ചെറുപ്പക്കാരനും അകത്തേക്ക് എത്തിയത്. മഴത്തുള്ളികള്‍ അവരുടെ മുടിയിലും വസ്ത്രങ്ങളിലും ചിത്രങ്ങള്‍ വരച്ചിരുന്നു. മഴയുടെ ഇരകള്‍ തന്നെ ഇവരും – അയാള്‍ ഓര്‍ത്തു. പെണ്‍കുട്ടിയുടെ കൈയില്‍ കുറച്ചു വലിയ ഒരു എയര്‍ബാഗ്‌ ഉണ്ടായിരുന്നു. മൂലയ്ക്ക് ഉള്ള ഒരു ടേബിളിന്‍റെ വശത്ത് അത് വെച്ചിട്ട് അവര്‍ അവിടെ ഇരുന്നു. ചെറുപ്പക്കാരന്‍ ഒരു വലിയ തൂവാല കൊണ്ട് പെണ്‍കുട്ടിയുടെ മുടി തുവര്‍ത്തിയിട്ട് പിന്നീട് സ്വന്തം തലയും തുവര്‍ത്തി. ചുവരില്‍ വെച്ചിരുന്ന അബ്സ്ട്രാക്റ്റ് ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അറിയാതെ അയാളുടെ കണ്ണുകള്‍ ആ പെണ്‍കുട്ടിയിലേക്ക് നീളുന്നുണ്ടായിരുന്നു. അവള്‍ അയാള്‍ക്ക് അഭിമുഖമായിട്ടും പയ്യന്‍ എതിരായിട്ടും ഇരുന്നത് അയാള്‍ക്ക് സൌകര്യം ആയി.
ഇവര്‍ ഏതായാലും കല്യാണം കഴിഞ്ഞവര്‍ അല്ല. അയാള്‍ അനുമാനിച്ചു. പെണ്‍കുട്ടിയുടെ വേഷം ഹാഫ്സാരിയാണ്. കണ്ടിട്ട് നാട്ടിന്‍പുറത്തുകാരെപ്പോലെയുണ്ട്. നാട്ടില്‍ നിന്നും ഒളിച്ചോടി വന്നവര്‍ ആകാനാണ് സാധ്യത. ആ എയര്‍ബാഗില്‍ ഡ്രസ്സുകള്‍ ആവും. ഇന്നിപ്പോള്‍ വല്ല ഹോട്ടലും തപ്പി ഇറങ്ങിയതാവും. കോഫി കുടിക്കുന്നതിന്റെ ഇടയില്‍ പെണ്‍കുട്ടിയുടെ കണ്ണുകള്‍ നിറയുകയും പയ്യന്‍ എന്തൊക്കെയോ പറഞ്ഞ് അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പുറത്ത് മഴ തകര്‍ത്തുപെയ്യുന്നുണ്ടായിരുന്നു. മഴയൊന്നു ശമിച്ചപ്പോള്‍ അയാള്‍ ബില്‍ പേയ് ചെയ്തു. അവരും മഴ നില്ക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി. അയാള്‍ ഇറങ്ങിയ പുറകേതന്നെ അവരും പുറത്തേക്കിറങ്ങി.
അവര്‍ ഹോട്ടലിന്റെ സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ അയാള്‍ അവരെ തടഞ്ഞു.
“അല്ല..മക്കളേ, എങ്ങോട്ടാ രണ്ടുപേരും കൂടെ ബാഗുമൊക്കെയായിട്ട്?”
പെട്ടെന്നുള്ള ചോദ്യത്തില്‍ അവര്‍ ഒന്നു പകച്ച പോലെ തോന്നി.
“ഞങ്ങള്‍ എങ്ങോട്ടോ ആയിക്കോട്ടെ? എന്താ ഇപ്പൊ നിങ്ങളുടെ പ്രശ്നം?”
പയ്യന്‍ പ്രതികരിച്ചു.
ങ്ങാഹാ... ഒളിച്ചോടുകയും വേണം. ചോദിച്ചാല്‍ അഹങ്കാരവും.....അയാള്‍ മനസിലോര്‍ത്തു. അങ്ങിനെയങ്ങ് വിട്ടാല്‍ പറ്റില്ലല്ലോ......
“ഒളിച്ചോട്ടം ആവും ഇല്ലേ? അല്ലാ..എവിടുന്നാ വരുന്നേ?” അയാളുടെ ശബ്ദത്തില്‍ ഒരല്പം ധാര്‍ഷ്ട്യവും ഒപ്പം പരിഹാസവും കലര്‍ന്നിരുന്നു.
“ഇതൊക്കെ ചോദിയ്ക്കാന്‍ നിങ്ങളാരാ... ഞങ്ങള്‍ ഒളിച്ചോടുകയോ ഒളിക്കാതെ ഓടുകയോ എന്തെങ്കിലും ചെയ്യും. അത് ഞങ്ങളുടെ സൌകര്യം. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ?” പയ്യന്‍റെ ശബ്ദവും ഉയര്‍ന്നു.
പതുക്കെ ആളുകള്‍ ചുറ്റും കൂടാന്‍ തുടങ്ങിയിരുന്നു. കാര്യങ്ങള്‍ പരസ്പരം ചോദിക്കുകയും പറയുകയും ചെയ്തപ്പോള്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി.
“ഇന്നത്തെ കാലത്തെ വളര്‍ത്തുദോഷം എന്നല്ലാതെ എന്തു പറയാന്‍...”
“ഇതുങ്ങളെ പിടിച്ചു പോലീസില്‍ എല്പ്പിക്കുകയാ വേണ്ടത്...”
“അച്ഛനമ്മമാരെ അറിയിച്ചാല്‍ മതി. എന്തിനാ വെറുതെ പോലീസും പട്ടാളവുമൊക്കെ....”
“ഇതിപ്പോ... അവരായി അവരുടെ പാടായി, എന്തിനാ മറ്റുള്ളവര്‍ ഇതിലൊക്കെ ഇടപെടുന്നത്.....”
ഒരല്പ്പം പ്രായമായ ഒരു സ്ത്രീയാണ് ഒടുവില്‍ അവരുടെ രക്ഷയ്ക്ക് എത്തിയത്.
“മക്കളേ... നിങ്ങള്‍ എന്താ ഏതാ... എന്നൊന്നും ചോദിക്കുന്നില്ല... കാലം വല്ലാത്തതാ...ആടിനെ പട്ടിയാക്കുന്ന കുറെ മനുഷരും... നിങ്ങള്‍ എവിടെയാന്ന് വെച്ചാ ഇരുട്ടുന്നതിന്‌ മുന്‍പ് വേഗം ചെന്ന് ചേരാന്‍ നോക്ക്...”
ഒച്ചയും ബഹളവും കണ്ടിട്ടാണെന്ന് തോന്നുന്നു ആ വഴി പോയ ഒരു പോലീസും അവിടെയെത്തി.
“എവിടേക്കാ..ഈ കുട്ടിയേയും കൊണ്ട്?” പോലീസ് ഒരല്പ്പം മര്യാദയുടെ ഭാഷയില്‍ ആണ് ചോദിച്ചത്....
“സാറേ...ഇതെന്‍റെ പെങ്ങളാ... നേര്‍പെങ്ങളല്ല..വല്യമ്മയുടെ മകള്‍. ഇവിടെ ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ഹോസ്റ്റലില്‍ ചേര്‍ത്തതാ. ഇന്നാ വീട്ടില്‍ നിന്നും ഡ്രസ്സുകളും ഒക്കെ കൊണ്ടുവരുന്നത്... ഇവളെ ഹോസ്റ്റലില്‍ കൊണ്ടുവിടാന്‍ വന്നതാ....നാട്ടില്‍ നിന്നുമുള്ള ബസ്സിറങ്ങിയപ്പോള്‍ മഴ തുടങ്ങി. ഇവിടെ നിന്നും ഹോസ്റ്റല്‍ ഒരു മൂന്നാല് കിലോമീറ്റര്‍ ദൂരമുണ്ട്. ഒരു കാപ്പി കുടിക്കാന്‍ കയറിയതാ....”
ഒറ്റ ശ്വാസത്തില്‍ പയ്യന്‍ ഇത്രയും പറഞ്ഞു. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാതെ പോയാല്‍ മതി എന്നായിരുന്നു അവന്
“അല്ലാ...ആരാ ഈ പ്രശ്നങ്ങള്‍ തുടങ്ങി വെച്ചത്?”
ആരോ ചോദിച്ചപ്പോള്‍ പയ്യന്‍ അയാളെ ചൂണ്ടിക്കാട്ടി.
അയാള്‍, അപ്പോള്‍വന്ന ഒരു ഫോണില്‍ സംസാരിക്കുകയായിരുന്നു .
“ങാ... സേതു.... ഞാന്‍ ഇപ്പൊത്തന്നെ അങ്ങോട്ടെത്താം...ഇവിടെ ഒരു പ്രശ്നത്തിന്‍റെ പുറകെയാ.... ആ പയ്യനെ ആ വീട്ടില്‍ നിന്നും പോകാന്‍ സമ്മതിക്കേണ്ട... കൂട്ടുകാരനാ, ക്ലാസ്സ്‌ മേറ്റാ.. എന്നൊക്കെ പറയും. പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കയറിനിരങ്ങാന്‍ അവനെന്താ കാര്യം? ഇതൊക്കെ അപ്പപ്പോ നിര്‍ത്തിയില്ലെങ്കില്‍ പിന്നെ കൂടുതല്‍ വഷളാവും”
ഫോണ്‍ വെച്ചതും ഇവിടെ കാര്യങ്ങള്‍ തനിക്കനുകൂലമല്ലെന്ന് മനസിലായപ്പോള്‍ ആ വഴി വന്ന ഒരു ഓട്ടോ വിളിച്ച് പെട്ടെന്നയാള്‍ അപ്രത്യക്ഷമായി...
അടുത്ത ഇരകളുടെ അടുത്ത് എത്രയും വേഗമെത്താനുള്ള വെമ്പലോടെ....

by: SreedeviVijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo