നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹിജഡ (ചെറുകഥ)


ഹിജഡ (ചെറുകഥ)
**********************
നാട്ടിൽ നിന്ന് ഓണം കഴിഞ്ഞു ബാംഗളൂർ നഗരത്തിലേക്കുള്ള മടക്കയാത്രയിൽ ആയിരുന്നു ഞാൻ. എന്റെ കമ്പർട്‌മെന്റിൽ ഞാൻ ഒഴികേ ബാക്കി എല്ലാം പുരുഷന്മാർ. പെട്ടന്ന് ആണ് ഒരു കൂട്ടം ഭിന്നലിംഗക്കാർ കയ്യടിയും പാട്ടുമായി എത്തിയത്. പുരുഷന്മാരുടെ ശരീരത്തിൽ തൊട്ടും തലോടിയും അവർ പണം അവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ പ്രവർത്തികൾ നിർവികാരതയോടെ ഞാൻ നോക്കി ഇരുന്നു. അവരെ നോക്കുന്ന മറ്റു കണ്ണുകളിൽ വെറുപ്പും പുച്ഛവും എല്ലാം കാണാമായിരുന്നു.
" നിങ്ങൾ എന്റെ അടുത്ത് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ രക്ഷപെട്ടു. സ്ത്രീകളെ കണ്ടാൽ അവർ അടുത്ത് വരില്ല. എനിക്കാണേൽ അവറ്റകളെ കാണുന്നതെ അറപ്പാ" അടുത്ത ഇരുന്ന ആൾ അവർ പോയതിനു ശേഷം പറഞ്ഞു. അയാളുടെ കണ്ണിലെ ആ വെറുപ്പ് അതെന്നെ ഒരുപാടു വേട്ടയാടിയിട്ടുള്ളതാണ്.
നല്ല മഴ ഉള്ള ഒരു കാർക്കിട മാസത്തെ രാത്രിയിൽ ആണ് അമ്മ എനിക്ക് ജന്മം നൽകിയത്. അന്ന് തോരാതെ പെയ്ത മഴയിൽ കരഞ്ഞു കൊണ്ട് ഞാൻ ഈ ലോകത്തേക്ക് വന്നു. എന്റെയും എന്നെ ഓർത്തു എന്റെ അമ്മയുടെയും കണ്ണുകൾ പിന്നീട് ഒരുപാടു തോരാതെ പെയ്തു.
ഞാൻ ലക്ഷ്മി. ആ പേര് തന്നെ എന്നിൽ കെട്ടി ഏല്പിച്ച ഒന്ന് പോലെ ആണ് എനിക്ക് തോന്നിയിരുന്നത്. ചെറുപ്പത്തിൽ ഞാൻ ഒരു തന്റെടി പെണ്ണ് ആണെന്ന് ആണ് എല്ലാവരും കരുതിയത്. അച്ഛൻ വാങ്ങി തന്നിരുന്ന പട്ടു പവാടയേക്കാൾ ചേട്ടന്റെ ഷർട്ടും നിക്കറും ഇടാൻ ആയിരുന്നു എനിക്ക് ഇഷ്ടം. അത് ഒരുപാടു തല്ല് വാങ്ങി തന്നു എനിക്ക്. ആണ്കുട്ടികളോട് തല്ലു കൂടാൻ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. അവരോട് ഒത്തു കളിക്കാനായിരുന്നു എനിക്ക് പ്രിയം.
വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞു പെണ്ണിന്റെ ശരീരത്തിൽ കുടുങ്ങിപ്പോയ എന്നിലെ ആണിന്റെ മനസിനെ. അതെ ഞാൻ ഒരു ഭിന്നലിംഗ വ്യക്തി ആണ്. പെണ്ണിന്റെ ശരീര സാമ്യങ്ങളോടെ ആണിന്റെ മനസുമായി. ജനിച്ചവൾ. ദൈവത്തിന്റെ ഒരു ചെറു കുസൃതി. പക്ഷെ എന്നെ മനസിലാക്കുവാൻ ആരും ശ്രമിച്ചില്ല. എന്റെ വീട്ടുകാർ പോലും.
എന്നിലെ സ്ത്രീ ശരീര വളർച്ചയോട് യോജിക്കാൻ എന്റെ മനസിന് ആവുന്നെ ഇല്ലായിരുന്നു. മാറിടങ്ങൾ എന്നെ തോൽപിക്കാൻ വളർച്ച ആരംഭിച്ചപ്പോൾ അവയെ ഇടിച്ചു താഴ്ത്തി വിജിയിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ സ്വയം വേദന നൽകിയതല്ലാതെ ഒന്നും സംഭവിച്ചില്ല. ശരീരം പെണ്ണായി വളർന്നപ്പോൾ മനസ് ആണായി വളർന്നു. പക്ഷെ പൂർണമായും ഒരു പെണ്ണും അല്ലായിരുന്നു ഞാൻ. ഞാൻ അത്തരത്തിൽ ആണെന്ന് മനസിലാക്കിയ അന്ന് മുതൽ അച്ഛൻ എന്നോട് മിണ്ടിയിട്ടില്ല. ചേട്ടന്റെ കണ്ണുകൾ വെറുപ്പോടും അറപ്പോടും കൂടെ മാത്രമേ എന്നെ നോക്കിയിട്ടൊള്ളൂ.
മറ്റുള്ള കുട്ടികളെ പോലെ പഠിക്കണം എന്നത് എനിക്ക് വാശി ആയിരുന്നു. കളിയാക്കളുകൾക്കിടയിലും ഞാൻ അത് കൊണ്ട് പഠിത്തം മുടക്കിയില്ല. അമ്മയുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് അതെനിക്ക് സാധിച്ചത്. സന്മനസുള്ള അദ്ധ്യാപകരും എന്നെ പ്രോത്സാഹിപ്പിച്ചു. ഒറ്റപെടലുകൾക്ക് ഇടയിൽ ആണ് എനിക്ക് ഒരു കൂട്ടുകാരനെ കിട്ടിയതു അവന്റെ പേര് മനു. ആൺകുട്ടികൾ അവരുടെ കൂടെ എന്നെ കൂട്ടില്ല ഏറ്റവും കൂടുതൽ കളിയാക്കുന്നതും അവർ തന്നെ. പെൺകുട്ടികൾക്ക് ഭയം അറപ്പ് തുടങ്ങിയവ.എങ്കിലും മനു എന്നോട് മിണ്ടുമായിരുന്നു. ഇടക്ക് എന്റെ അടുത്ത് വന്നിരിക്കും. മറ്റുള്ളവർ കളിയാക്കിയിട്ടും അവൻ എന്നോടുള്ള മനോഭാവം മാറ്റിയില്ല.
ഞങ്ങൾ ഡിഗ്രിക്കു പഠിക്കുന്ന കാലം. മനു തിരെഞ്ഞെടുത്ത വിഷയം തന്നെ ഞാനും എടുത്തു. കോളേജിൽ മനുവിനും കുറച്ചു പേർക്കും മാത്രമേ എന്നെ പറ്റി അറിയൂ. എന്നെ കണ്ടാൽ ഒരു ഭിന്നലിംഗ വ്യക്തി ആണെന്ന് പെട്ടെന്ന് തിരിച്ചറിയില്ലായിരുന്നു. അതെന്നെ സ്കൂൾ ജീവിതം പോലെ ഒറ്റപ്പെടുത്തിയില്ല. പക്ഷെ മനസ് കൊണ്ട് ഞാൻ ധരിക്കുന്ന വേഷം എന്റെ ചുറ്റുപാടുകൾ ഒന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. പഠിക്കണം മറ്റുള്ളവരുടെ മുൻപിൽ നിവർന്നു നിൽക്കണം. അതിനു വേണ്ടി എന്റെ മനസ്സിനെ ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഒരു നല്ല ജോലി സമ്പാദിച്ചു അത് കൊണ്ട് ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു ആണായി മാറണം. ചിത്സക്കു ചിലവുണ്ട് എന്നെ സഹായിക്കാൻ ഈ ലോകത്തു ഞാൻ മത്രെമേ ഒള്ളു എന്നതായിരുന്നു സത്യം.
ഡിഗ്രി കോഴ്സിന്റെ അവസാനം ഉള്ള പ്രൊജക്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഒരു കൂട്ടുകാരന്റെ വീട്ടിൽ ഒരുമിച്ചു കൂടിയപ്പോൾ ആണ് അത് സംഭവിച്ചത്. മനുവും ഞാനും പിന്നെ അവന്റെ രണ്ടു അടുത്ത കൂട്ടുകാരും ആയിരുന്നു ടീമിൽ. ഞാൻ കൂട്ടുകാരന്റെ വീട്ടിൽ സമയത്തു തന്നെ എത്തി. മറ്റുള്ളവർ എത്തിയിരുന്നില്ല. അവൻ ആദ്യം മാന്യമായി പെരുമാറി എങ്കിലും പതിയെ ഭാവം മാറി. "ഓ അല്ലെങ്കിലും നിന്റെ വർഗത്തിൽ പെട്ടവരൊക്കെ ഇതൊക്കെ ചെയ്താ ജീവിക്കുന്നെ.. പിന്നെ നിനക്കെന്താ ഒന്ന് അഡ്ജസ്റ്റ് ചെയ്താല്?" അതും പറഞ്ഞവൻ കടന്നു പിടിച്ചു. ഞാൻ ശക്തമായി എതിർത്തു. "ഇത്രക്ക് എതിർക്കാൻ നീ പെണ്ണെന്നും അല്ലാലോ? ഹിജഡ തന്നെ അല്ലെ.. തുടക്കം ആണെന്ന് കരുതിയാൽ മതി അതോ അല്ലെ...?" അവന്റെ വാക്കുകൾ എന്നെ വല്ലാതെ കുത്തി. ഞാൻ അവനെ ഒരു ആണിന്റെ വീര്യത്തോടെ അടിച്ചു. " അതേടാ ഞാൻ ഹിജഡ തന്നെ ആണ്. പക്ഷെ നീ പറഞ്ഞ പോലെ അല്ല ഞാൻ മാന്യമായി തന്നെ ജീവിക്കും" . അതും പറഞ്ഞു ഞാൻ ഇറങ്ങി.
ആ സംഭവം എന്നെ വല്ലാതെ ഉലച്ചു. എത്ര നല്ല രീതിയിൽ ജീവിച്ചാലും എന്നെ പോലുള്ളവരെ മറ്റുള്ളവർ കാണുന്ന രീതി വേറെ ആണ്. കുറെ പേർ ആ രീതിയിൽ ജീവിക്കുന്നു അത് അവരുടെ മാത്രം തെറ്റല്ല. സമൂഹം അവരെ അങ്ങനെ ആക്കി മാറ്റുകയാണ്. അന്ന് ഞാൻ ഒരു തീരുമാനം എടുത്തു. ആണായി മാറുവാനുള്ള എന്റെ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. ഒരു ഭിന്നലിംഗ വ്യക്തി ആയി തന്നെ ഞാൻ ജീവിക്കും മാന്യമായി. മറ്റുള്ള തെറ്റായി നടക്കുന്ന ഭിന്നലിംഗക്കാർക്കു മാതൃകയായി.
ഇന്ന് ഞാൻ ബാംഗളൂർ ഒരു കമ്പനിയിൽ ജോലി ചെയുന്നു. ഒരു ജോലി ലഭിക്കാൻ കുറെ ബുദ്ധിമുട്ടി. എന്നാലും സമൂഹത്തിൽ ഇപ്പോൾ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ഇന്ന് എന്നെ പ്രതി അമ്മ കരയുന്നില്ല. മനുവിനെ പോലെ കുറച്ചു നല്ല സുഹൃത്തുക്കളും ഇപ്പോൾ എനിക്കുണ്ട്‌. ഇപ്പോൾ ജോലി ചെയ്യുന്ന എന്റെ ലക്ഷ്യം ആണായി മാറുക എന്നത് അല്ല എന്നെ പോലെ ജനിച്ച കുറച്ചു പേരെ എങ്കിലും നല്ല ജീവിതത്തിലേക്ക് പിടിച്ചു കയറ്റുക എന്നതാണ്.

Jinu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot