Slider

ദര്‍ഗയിലെ പെണ്‍കുട്ടി

0

ദര്‍ഗയിലെ പെണ്‍കുട്ടി
.......................................................................
ഓരോ യാത്രയും ലക്ഷ്യമില്ലാത്തതായിരുന്നു . കണ്ട മുഖങ്ങൾ അടുത്തറിഞ്ഞ നിമിഷങ്ങൾ അനുഭവിച്ച ജീവിതങ്ങൾ . പിന്നീടെപ്പോഴോ ഓർത്തെടുക്കാമെന്ന ഉറപ്പിൽ അവയെല്ലാം പെറുക്കിക്കൂട്ടി ഓർമ്മയുടെ ചവറ്റു കോട്ടയിലേക്കെറിഞ്ഞിട്ട് കാണാത്ത ലോകങ്ങൾ തേടിയുള്ള പ്രയാണങ്ങൾ .
ഒരിക്കൽ പോലും തിരിഞ്ഞു നോക്കുവാൻ ശ്രമിച്ചിട്ടില്ല . ഒരു മടങ്ങിപ്പോക്കിനേക്കാൾ മുന്നോട്ടു ഇനിയുമുണ്ടെന്ന ധാരണ അത്രത്തോളമായിരുന്നു . പക്ഷെ പിന്നീടെപ്പോഴാണ് ആ മുഖം മാത്രം എന്നിലേക്ക്‌ കടന്നു വന്നത് . അതോ ഇനി ഞാൻ തിരിച്ചു പോവുകയായിരുന്നോ . ആ മുഖം. വെള്ളാരം കണ്ണുള്ള, തുടുത്ത കവിളുകളിൽ നിറഞ്ഞ പുഞ്ചിരി വരച്ചു വെച്ച നിഷ്കളങ്കമായ ആ കുഞ്ഞു മുഖം . ആൾക്കൂട്ടത്തിനിടയിൽ പാറിപ്പറന്ന ചെമ്പൻ മുടിയുമായി വഴിയരികിൽ അവളിരിക്കുന്നതു കാണാൻ തന്നെ ഒരഴകായിരുന്നു . റോസാപ്പൂവിന്റെ ഇതളുകൾ നിറച്ച പൂക്കൊട്ടയിൽ തട്ടി സൂര്യപ്രകാശം അവളുടെ മുഖത്തെ ചുമപ്പിച്ചു .
ഒരു യാത്രയയിലാണ് ആ പെൺകുട്ടിയെ ഞാൻ ആദ്യമായി കാണുന്നത് . മുഗൾ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകൾ തേടി ഹൈദെരാബാദിലേക്ക് . നാമക്കൽ സ്റ്റേഷനിൽ എന്റെ ട്രെയിൻ ചൂളം വിളിച്ചൊടുങ്ങുമ്പോൾ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ .
ആളും ആരവവും ഒഴിഞ്ഞ സ്റ്റേഷൻ . ട്രെയിൻ കാത്തിരിക്കുന്നവരും പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്നവരുമായി കുറച്ചു പേർ മാത്രം . ആ നിശബ്ദതയിൽ നിന്നും ഞാൻ പുറത്തു ചാടി . ,മഹാ സാമ്രാജ്യത്തിന്റെ ഗതകാല സ്മരണകളുറങ്ങുന്ന ആ നഗരത്തിൽ എന്നെ സ്വീകരിക്കാൻ ബാല്യകാല സുഹൃത്ത് പുലർച്ചെ തന്നെ എത്തിയിട്ടുണ്ടായിരുന്നു .
‘നമസ്കാരം സാർ’
‘നമസ്‍കാരം , ഞാൻ തനിക്കൊരു ബുദ്ധിമുട്ടായിയോടൊ’
‘ലേശം ആയെന്നു കൂട്ടിക്കോ . എന്നാലും വരാതെ തരമില്ലല്ലോ’ .
‘എല്ലാം പെട്ടെന്നായിരുന്നു . പൂനെയിൽ നിന്നാണ് ഇങ്ങോട്ടു വരാനുള്ള ബോധോദയം ഉണ്ടായതു .
ട്രെയിനിൽ കയറിയതിനു ശേഷമാണ് താനിവിടെ ഉണ്ടല്ലോ എന്നോർത്ത് തന്നെ’ .
‘ആക്ച്വലി നീ ഇന്നലെ വിളിക്കുമ്പോൾ ഞാൻ ഡ്യൂട്ടിയിലായിരുന്നു . രാത്രി ഒരു മണി ആയി ഷിഫ്റ്റ് കഴിഞ്ഞപ്പോൾ . ഒന്ന് മയങ്ങി നേരെ ഇങ്ങോട്ടു പോന്നു . അല്ല എന്താ വരവിന്റെ ഉദ്ദേശം’ .
‘പ്രത്യേകിച്ചൊന്നുമില്ല , ഇവിടമൊക്കെ ഒന്ന് കണ്ടു കറങ്ങി നമുക്കുള്ള വാർത്തകൾ വല്ലതും കൊത്തിപ്പെറുക്കി നാട്ടിലേക്കു മടങ്ങണം’ .
‘എന്നാ പിന്നെ അങ്ങനായിക്കോട്ടെ . ഞാനിന്നു ലീവാണ് . നമുക്ക് റൂമിൽ പോയി ഒന്ന് ഫ്രഷായിട്ട് അൽപ്പം വിശ്രമിക്കാം’ .
ചാർമിനാറിൻറെയും മക്ക മസ്‌ജിദിന്റെയും തെരുവീഥികളിൽ നിന്നും ഇടനാഴികളിലേക്കു അവന്റെ ബൈക്കിൽ പോകുമ്പോൾ പുതിയ കാഴ്ചകളുമായി എന്നെ വരവേൽക്കുന്ന ആ നഗരത്തെ കൺകുളിർക്കെ ഞാൻ കണ്ടു . നൈസാമിന്റെ പ്രൗഢഗംഭീരമായ സിംഹാസനത്തിനു വിരിമാറു നൽകിയ നഗരം . പള്ളികളും മിനാരങ്ങളും കോട്ടകളും നിര നിരയായി തിങ്ങി ഞെരുങ്ങി നിൽക്കുന്ന കൊച്ചു കൊച്ചു വീടുകളും മുഗൾ വാസ്തുകലയുടെ ഓർത്തിരിക്കാനുള്ള കാഴ്ചകൾ സമ്മാനിക്കുന്നുണ്ട് ഈ ഓൾഡ് ഹൈദരാബാദിൽ.
തീപ്പെട്ടിക്കൂട് അടുക്കിയ പോലുള്ള ഒരു ഇരുനില ബിൽഡിങ്ങിന്റെ മുന്നിൽ ബൈക്ക് നിർത്തുമ്പോഴാണ് പിന്നിട്ട കാഴ്ചകളിൽ ഭ്രമിച്ചിരിക്കയായിരുന്നു ഞാനെന്നു തിരിച്ചറിഞ്ഞത് . തടി കൊണ്ട് പണിത അങ്ങിങ്ങായി പൊടിഞ്ഞുതുടങ്ങിയ ഒരു പഴയ ഗോവണി ചവിട്ടിക്കയറി ഞങ്ങൾ റൂമിലെത്തി .
ഓട് പാകിയ മോന്തായത്തിനു കാലമേറെ കഴിഞ്ഞിരിക്കുന്നു . തട്ടിൻപുറത്തെ പലകകൾ പലതും ചിതലു കൊണ്ടുപോയിരിക്കുന്നു . പച്ചനിറമുള്ള ഭിത്തിയുടെ കൊച്ചു ജനാലകൾ തുറന്നിട്ടാൽ ഹൈദരാബാദ് നഗരത്തിന്റെ വിദൂര ദൃശ്യം കാണാം . ചാർമിനാറിന് മുകളിലേക്കുദിച്ചുയരുന്ന സൂര്യനും അവയ്ക്കു കുറുകെ പറന്നുപൊങ്ങുന്ന പ്രാവുകളും എന്റെ കണ്ണുകളെ മനോഹാരിയാക്കി .
ചെന്നപാടെ കട്ടിലിലേക്ക് ചാഞ്ഞവൻ ഉറങ്ങുവാനുള്ള തിടുക്കം കാട്ടി . ഞാനും അങ്ങനെ തന്നെ . യാത്ര ട്രെയ്‌നിലായിരുന്നെങ്കിലും ഉറക്കം തീരെ ഉണ്ടായിരുന്നില്ല . ഒന്ന് മയങ്ങിയേക്കാമെന്നു കരുതി കട്ടിലിലേക്ക് മലർന്നപ്പോഴാണ് മച്ചിന്റെ മൂലയിലെ ഭിത്തിയിൽ ആ ചിത്രം എന്റെ ശ്രദ്ധയിൽ പെട്ടത് . പച്ചപ്പട്ടു പുതച്ച ഒരു ദർഗ . അതിൽ അറബിയിലെന്തൊക്കെയോ എഴുതിയിരിക്കുന്നു .
‘മുൻപ് ഇവിടെ താമസിച്ചിരുന്ന ആരുടേതോ ആകണം .
ഞാനായിട്ട് മാറ്റാൻ പോയില്ല .
ഇവിടെ അടുത്തുള്ള ഒരു ദർഗയാ .
വൈകുന്നേരം നമുക്കവിടെ പോകാം . അവൻ തിരിഞ്ഞു കിടന്നു .
അൽപനേരം എന്തൊക്കെയോ ആലോചിച്ചു കിടന്ന ഞാൻ അറിയാതെ സ്വപ്‌നങ്ങളുടെ മട്ടുപ്പാവിലേക്കു തല ചായ്ച്ചു . തലേന്നത്തെ യാത്രയും അതിനും മുന്നേയുള്ള അലച്ചിലുമെല്ലാം മരണസമാനമായ ഒരു നിദ്രയിലേക്കു നയിച്ചു .
‘ഹലോ മാഷെ എണീക്ക് . എന്തൊരുറക്കമാടോ താൻ .”
കണ്ണ് തുറന്നതൊരങ്കലാപ്പോടെയാണ് . ഇത്രയും നേരം ഉറങ്ങുവാനായി കാത്തിരിക്കയായിരുന്നോ എന്റെ ശരീരം . അടുത്ത കാലത്തൊന്നും ഇങ്ങനെ ഉറങ്ങിയിട്ടില്ല .
തൻറെ കൂർക്കം വലി കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത്ത് .
പെട്ടെന്ന് റെഡിയാക് നമുക്ക് പുറത്തേക്കു പോകാം .
ഞാൻ രാവിലെ പറഞ്ഞില്ലേ ഒരു ദർഗ . അതിനടുത്ത്‌ നല്ല ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലുണ്ട് .
വൈകുന്നേരം.
സൂര്യൻ അങ്ങ് പടിഞ്ഞാറെവിടെയോ സന്ധ്യയുടെ വരവും കത്ത് നിൽക്കെയാണ് . വഴിവിളക്കുകൾ അണിഞ്ഞൊരുങ്ങിയ തെരുവുകളിൽ കച്ചവടം പൊടി പൊടിക്കുന്നു .
പഴക്കച്ചവടക്കാർ , ചെരുപ്പുകുത്തികൾ , ഫാൻസി സ്റ്റോറുകൾ , ഭക്ഷണശാലകൾ , വൈവിധ്യങ്ങളായ മധുര പലഹാരങ്ങൾ നിരത്തി വെച്ചിരിക്കുന്ന ബേക്കറികൾ . ദർഗയിലേക്കുള്ള നേർച്ചയൊരുക്കുന്ന പൂക്കച്ചവടക്കാർ , ഊദും അത്തറും നൽകി സുഗന്ധം പരത്തുന്ന ഫക്കീറുമാർ , ദഫ്ഫു മുട്ടി പാട്ടു പാടി കടന്നു പോകുന്ന മലാങ്കുകൾ .
ദർഗയിൽ നിന്നുയരുന്ന ഖവ്വാലിയുടെ തരംഗങ്ങൾ അവിടമാകെ ഒരു ഉത്സവത്തിന്റെ പ്രതീതിയുണർത്തി .
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ ഖവ്വാലി സദസ്സുകൾ ഉണ്ടാകാറുണ്ട് . ദൂരെ ദേശങ്ങളിൽ നിന്നും വരുന്ന സൂഫി സംഗീതജ്ഞർ നടത്തുന്ന ഗസൽ സന്ധ്യകൾ കേട്ടിരിക്കാൻ നല്ല രസമാണ് .
“താനിവിടെ ഒരു നിത്യ സന്ദർശകനാണെന്നു തോന്നുന്നല്ലോ .”
ഇടയ്ക്കൊക്കെ . ഒറ്റക്കുള്ള ജീവിതത്തിൽ ഈ ആളും തിരക്കുമൊക്കെ ഒരാശ്വാസമാണ് .
ദൈവ വിശ്വാസം തീരെയില്ലാത്ത താനെങ്ങനെയാണ് ഈ ദർഗയോട് ഇത്ര അറ്റാച്ചഡ് ആയെതെന്നാണ് എനിക്ക് അതിശയം .
ഒരിക്കലൂം വിശ്വാസത്തോടുള്ള ആസക്തിയൊന്നുമല്ല .
ഇനിയങ്ങോട്ടു നടക്കുമ്പോൾ ഒന്നു ശ്രദ്ധിച്ചു നോക്കുക . എത്രെയത്ര മനുഷ്യരാണ് ഇവിടേയ്ക്ക് വരുന്നത് . അതിലുപരി എത്ര കുടുംബങ്ങളാണ് ഇവിടെ നിന്നും ഉപജീവന മാർഗം തേടുന്നത് .
കച്ചവടക്കാർ , അഭയാർത്ഥികൾ , തൊഴിലാളികൾ , അങ്ങനെ ജാതി മത ഭേദമന്യേ എല്ലാവർക്കും ഒരു ആശ്രയ കേന്ദ്രം .
ഇവിടം മാത്രമല്ല ഒട്ടുമിക്ക ആരാധനാ കേന്ദ്രങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധം ഗുണമാകുന്നുണ്ട് എന്നാണ് എന്റെ ഒരു തോന്നൽ . അവൻ പറഞ്ഞു നിർത്തി .
“ചൂഷണങ്ങൾ ഇല്ലാ എന്നാണോ അപ്പോൾ താൻ കരുതിയിരിക്കുന്നത് . ഞാൻ ചോദിച്ചു .”
തീർച്ചയായിട്ടും ധാരാളം ഉണ്ട് . അതെല്ലാ മേഖലയിലും ഇല്ലേ . ഇവിടെ തന്നെ നോക്കു, നമ്മളീ നടന്നു പോകുന്ന വഴിയിൽ നമ്മുടെ പോക്കറ്റിൽ കണ്ണുവെച്ചിരിക്കുന്ന എത്ര പേരുണ്ട് .
പോക്കറ്റടിക്കാർ , ആളുകളുടെ അന്ധവിശ്വാസങ്ങളെ മുതലെടുക്കുന്നവർ , കള്ളക്കച്ചവടക്കാർ , അങ്ങനെ എത്രെയെത്ര വിഭാഗങ്ങൾ . അതാണ് ഞാൻ പറഞ്ഞതു എല്ലാ തരത്തിലും ആളുകൾ ജീവിതം തേടുന്നുണ്ട് .
ദൈവം മാത്രമുള്ള ലോകത്തെ ചെകുത്താന്റെ പ്രസക്തി എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു അല്ലേ . ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .
മിണ്ടിയും പറഞ്ഞും ഞങ്ങൾ അവിടെയെത്തി .
പർദ്ദയിട്ടവർ , സാരിയുടുത്തവർ , ചുരിദാറിട്ടവർ , തൊപ്പി വെച്ചവർ , താടി വളർത്തിയവർ , ജുബ്ബയിട്ടവർ , പാന്റും ഷർട്ടും ഉള്ളവർ . കൊച്ചുകുട്ടികൾ , വടിപിടിച്ചവർ , റോസാപ്പൂവും ചന്ദനത്തിരിയും നിറച്ച തളികയുമായി നടന്നകലുന്നു . വിശ്വാസം ഹൃദയത്തിലേക്കാവാഹിച്ചു ആത്മീയതയുടെ ശാന്തി തേടിയുള്ള യാത്ര .
എല്ലാത്തരം ആളുകളും വന്നു ചേരുന്നിടം .
എല്ലാത്തരം ആളുകളും കച്ചവടം നടത്തുന്നിടം .
എല്ലാത്തരം ആളുകളുടെയും അഭയ കേന്ദ്രം .
ജീവിതം തേടിയുള്ള ചിന്തകൾ ജന്മം നൽകിയതാണ് നാമീ കാണുന്ന വിശ്വാസങ്ങളെല്ലാം .
പകൽ സന്ധ്യക്ക്‌ വഴിമാറിയ , അലങ്കാര വിളക്കുകൾ പ്രഭ ചൊരിയുന്ന ,ചന്ദനത്തിരിയുടെ , അത്തറിന്റെ മണം വീശുന്ന , ആത്മീയ വിശുദ്ധിയുടെ കുളിർ തേടി അബാലവൃന്ദം ഒഴുകിയെത്തുന്ന ആ നേരം.
ഒറ്റ നോട്ടം ആ ഒരൊറ്റ നോട്ടം എന്റെ കണ്ണിലുടക്കി .
ഹൃദയത്തിൽ നിന്നും എന്തോ ഒന്ന് ഇറങ്ങി നടന്നവിടേക്കു പോയി .
ഞാനും നടന്നു ആൾക്കൂട്ടത്തിനിടയിലൂടെ .
ഒരു തണുത്ത കാറ്റു എനിക്കും മുന്നേ കടന്നു പോയി .
നേർത്ത നനുത്ത ചെമ്പിച്ച മുടിയിഴകൾ മുഖത്തു നിന്ന് മാടിയൊതുക്കുമ്പോൾ വെള്ളാരം കണ്ണുള്ള ആ കുഞ്ഞു മുഖം ഞാൻ കണ്ടു . തുടുത്ത കവിളുകളിലെ നിറഞ്ഞ തിളക്കവും ചുവന്ന ചുണ്ടുകളിലെ വിരിഞ്ഞ ചിരിയും കണ്ടു. വഴിയരികിലെ ഒരു മൂലയിൽ റോസാപ്പൂവിതളുകൾ നിറച്ച കുട്ടയുമായി എല്ലാവരെയും നോക്കി പുഞ്ചിരിച്ചിരിക്കുന്ന ഒരു കുഞ്ഞു കച്ചവടക്കാരി .
ഡോ താനാ കുഞ്ഞിനെ കണ്ടോ .
എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത് . ഇവിടെല്ലാവരും കച്ചവടത്തിനായി ബഹളം കൂട്ടുമ്പോൾ അവൾ മാത്രം ചിരിച്ചു കൊണ്ട് എല്ലാവരെയും നോക്കി ഇരിക്കുന്നു .
ഞാനെന്റെ ബാല്യകാല സുഹൃത്തിനോടു പറഞ്ഞു .
അവളാരെയും വിളിക്കാറില്ല . എല്ലാവരെയും ചിരിച്ചു കൊണ്ട് നോക്കും . ആരെങ്കിലുമൊക്കെ അവളുടെ കയ്യിൽ നിന്നും പൂക്കൾ വാങ്ങും .
അതെന്താ അങ്ങനെ . ഈ തിരക്കിനിടയിൽ ആളുകൾ ശ്രദ്ധിക്കണമെങ്കിൽ മിണ്ടാതിരിന്നിട്ടു കാര്യമുണ്ടോ .
“ഡോ ആ കുഞ്ഞിനു സംസാരിക്കാൻ കഴിയില്ല . അതൊരു ഊമയാണ് .”
ഒരു നിമിഷം അവിടമാകെ നിശബ്ദമായി .
എനിക്കു ചുറ്റുമുള്ളതെല്ലാം അകന്നു പോയി .
എന്റെ ഹൃദയമിടിപ്പ് മാത്രം കേൾക്കാം .
അസാധാരണമാം വിധം അതിന്റെ തോത് ഉയർന്നു കൊണ്ടിരുന്നു .
അതിലെവിടെയോ മുറിഞ്ഞിരിക്കുന്നു . രക്തം പൊടിയുന്നു . ഒരു നീറ്റൽ .
കണ്ണീരു കലർന്ന തേങ്ങലുള്ള ഒരു നോവ് ഉള്ളിലെവിടെയോ അനുഭവപ്പെട്ടു .
അതുവരെയുള്ള എല്ലാ ഉത്സാഹവും മാറ്റി നിർത്തി നിർവികാരനായി ഞാൻ അവനോടു ചോദിച്ചു .
തനിക്കറിയാമോ ആ പെൺകുട്ടിയെ ?
അറിയാം . ഇവിടെ പതിവായി വരുന്നവർക്കൊക്കെ അറിയാം .
അവൾക്കൊരമ്മയുണ്ട് . ആരോ സമ്മാനിച്ച ഗർഭവുമായി കൊല്ലങ്ങൾക്കു മുന്നേ ഈ ദർഗയിൽ അഭയം തേടിയതാണവർ . ഇവൾ ജനിച്ച ശേഷം അവർ ഒരു മാനസികരോഗിയായി മാറി .അവരെവിടുന്നു വന്നുവെന്നാർക്കും അറിയില്ല . അവരെ തേടി ആരും വന്നിട്ടുമില്ല . എങ്ങനെയോ ഇവിടെ എത്തിപ്പെട്ടു . ആ കുഞ്ഞു ജനിച്ചതും വളർന്നതുമെല്ലാം ഇവിടെ തന്നെ . ഭക്ഷണവും താമസവുമെല്ലാം ഈ ദർഗയിൽ തന്നെ . ദൂരെ നിന്നും വരുന്നവർക്കായുള്ള സത്രമുണ്ടിവിടെ . അവിടെ ഉള്ളവർ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരു പങ്കു ഇവർക്കും കൊടുക്കും .
നീയാ കാണുന്ന മനുഷ്യനെ കണ്ടോ . ദർഗയ്ക്കരികിലുള്ള ഒരു വല്യ പൂക്കടയിലേക്കു കൈ ചൂണ്ടി കൊണ്ടവൻ പറഞ്ഞു .
അയാൾ എല്ലാ ദിവസവും ഒരു കുട്ട പൂവ് ആ പെൺകുട്ടിക്ക് കൊടുക്കും . അത് വിറ്റു കിട്ടുന്ന പണം അവൾക്കുള്ളതാണ് . അലഞ്ഞു തിരിഞ്ഞു നടന്നാൽ അതു മുതലെടുക്കാൻ ആളുകളുണ്ടാവും ഇവിടെ .
സ്നേഹിക്കുവാനും വഞ്ചിക്കുവാനും കഴിയുന്ന മനുഷ്യർക്കിടയിലാണ് നമ്മൾ ജീവിക്കുന്നത് . ദൈവത്തിനും ചെകുത്താനും പ്രസക്തിയുള്ള ലോകം .
ഞങ്ങൾ അവൾക്കരികിലേക്കു നടന്നു .
പട്ടുകെട്ടിയ ഫക്കീറുമാർ അത്തറു പൂശിയ , മൈലാഞ്ചി മൊഞ്ചുള്ള ഹൂറിമാർ തളികയേന്തിയ , പടച്ചോനെ പ്രണയിക്കുന്ന സൂഫികൾ ഗസലു മൂളിയ ആ രാവിൽ ആ കുഞ്ഞു വെള്ളാരം കണ്ണുകളിൽ ഞാൻ പടച്ചോനെ കണ്ടു .
കണ്ണു ചിമ്മാതെ നോക്കിയിരുന്നെന്നെ ആ കുഞ്ഞു കൈകൾ തൊട്ടു .
അവളുടെ ചുവന്ന ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി എന്റെ ഹൃദയത്തിലും തൊട്ടു .
രണ്ടു തളികയിൽ ഞാൻ പൂക്കൾ വാങ്ങി .
ഒന്ന് ദർഗയിലേക്കും
മറ്റൊന്നു എന്റെ മകൾക്കും . ........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo