പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രോഗികളുടെ നീണ്ട നിരയില്‍ തന്‍റെ ഊഴവും കാത്ത് നില്‍ക്കവേയാണ് ,കൃഷ്ണന്‍കുട്ടിയുടെ കണ്ണുകളില്‍ ആ കാഴ്ച്ചഉടക്കിയത് ,
മെഡിക്കല്‍പഠനത്തിന് ശേഷമുള്ള നിര്‍ബന്ധിത ഗ്രാമീണസേവനത്തിന്‍റെ ഭാഗമായി ,സ്വന്തം ഗ്രാമത്തില്‍ തന്നെ ജോലിചെയ്യുവാന്‍ തുടങ്ങുന്ന ഡോക്ട്ടര്‍ ആതിരക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഒരു പ്രമുഖ യുവജനസംഘടനയുടെ ഫ്ലക്സ്ബോര്‍ഡ് .....
" മേനോന്‍ സാറിന്‍റെ മോളാ ഡോക്ട്ടര്‍ ..."
ചീല്ക്സാമുറിയില്‍ നിന്നും പുറത്തേക്കിറങ്ങിയ ആരുടെയോ വാക്കുകള്‍ കൃഷ്ണന്‍കുട്ടിയുടെ കാതുകളിലും അലയടിച്ചു ...................
"കൃഷ്ണാ ,നിന്‍റെ ഭാര്യ ചെയ്ത ഈ ഒരു സഹായം ,അത് മരിച്ചാലും മറക്കില്ല ഞങ്ങള്‍ , പൂജാമുറിയില്‍ നിത്യവും വിളക്ക് കൊളുത്തിപ്രാര്‍ത്ഥിക്കുന്ന ദൈവങ്ങള്‍ക്കൊപ്പമാണ്ഞങ്ങളുടെ മനസ്സില്‍ നിങ്ങളുടെ സ്ഥാനം "
വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയിലെ പ്രമുഖസ്വകാര്യ ആശുപത്രിയിലെ സര്‍ജറി വാര്‍ഡിനു മുന്നില്‍ നിന്ന് തന്‍റെ ഇരുകൈകളും കൂട്ടിപിടിച്ച് ഗോവിന്ദമേനോന്‍ പറഞ്ഞ വാക്കുകള്‍ മനസ്സിലുടെ കടന്നുപോകവേയാണ് ഡോക്ട്ടറെ കാണുവാനുള്ള ഊഴം കൃഷ്ണന്‍കുട്ടിയെ തേടിയെത്തുന്നത് ............
" അഞ്ചു ദിവസം കൂടി ഈ മരുന്ന് തന്നെ കഴിക്ക് എന്നിട്ട് കുറവില്ലേല്‍ വാ ."
ചീട്ടിലെക്ക് മരുന്നിന്‍റെ പേരുകള്‍ കുറിച്ച് മൊബൈലില്‍ തന്നെ തേടിയെത്തിയ വാട്ട്സ് അപ്പ് സന്ദേശത്തിലേക്ക് ഡോക്ട്ടര്‍ ആതിര കണ്ണോടിക്കവേയാണ് കൃഷ്ണന്‍കുട്ടി തന്‍റെ ആകുലതഅറിയിച്ചത് ...
"കഴിഞ്ഞ കുറച്ച് ദിവസമായി ഇതേ മരുന്ന് തന്നെയാണ് കഴിക്കുന്നത് ,കുറവ് തോന്നിക്കുന്നില്ല ,വേറെ എന്തേലും മരുന്നു കുറിച്ച് തന്നാല്‍ നന്നായി "
" എന്നാല്‍ നിങ്ങള്‍ ഇവിടെ വന്നിരുന്നു മരുന്ന് കുറിക്ക് ,ഓരോന്ന് ഇറങ്ങിക്കോളും ,അടുത്ത ആളെ വിളിക്ക് സിസ്റ്ററെ "
കൃഷ്ണന്‍കുട്ടിയുടെ വാക്കുകളോട് അസ്വസ്ഥത പ്രകടിപ്പിച്ച് ആതിര അടുത്തരോഗിയിലെക്ക് കടക്കുമ്പോള്‍ , ശാരീരിക അസ്വസ്ഥതകളുമായി കൃഷ്ണന്‍കുട്ടി ആ ആശുപത്രി വരാന്തയില്‍ നിന്നും പുറത്തേക്ക് നടന്നു നീങ്ങി ....................
"എന്ത് പറ്റി കൃഷ്ണാ മുഖമൊക്കെ ആകെ വിളറിയിരിക്കുന്നല്ലോ ?",
ചായനല്കുനതിനിടയില്‍ നാട്ടുകാരനായ ചായക്കടക്കാരന്‍ ബാലന്‍റെ ചോദ്യത്തിന് മറുപടി മൌനത്തിലോതുക്കി ,ചായകുടിച്ച ശേഷം വീട് ലക്ഷ്യമാക്കി കൃഷ്ണന്‍കുട്ടി നടന്ന്‍ നീങ്ങവേ ചായക്കടയിലെ ചര്‍ച്ച കൃഷ്ണന്‍കുട്ടിയെ കുറിച്ചായി....
"പെണ്ണുംമ്പുള്ള മരിച്ചതോടെ കൃഷ്ണന്‍ ഒറ്റക്കായി മക്കളും ഇല്ലല്ലോ,ഇപ്പോള്‍ ആ വാടകവീടും ഒഴിയേണ്ടിവരുന്നു "
"ആവശ്യമില്ലാത്ത പണിയാണ് കൃഷ്ണന്‍ കാണിച്ചത് , ഞാന്‍ അതറിഞ്ഞപ്പോഴേ അന്ന്‍ വിലക്കിയതാണ് ,ഇപ്പോള്‍ എന്തായി മേനോന്‍ സാറിന്‍റെ മോള് രക്ഷപെട്ട് ഡോക്ട്ടറുമായി , കൃഷ്ണന്‍റെ ഭാര്യ മരിക്കുകയും ചെയ്തു"
ചായക്കട ബാലനും , പത്രക്കാരന്‍ ഗോപിയുമായുള്ള സംഭാഷണം കേട്ടിരുന്ന പഞ്ചായത്ത് മെമ്പര്‍ ബാബു ഇടപെട്ടു ...
" നിങ്ങള്‍ ഇങ്ങനെ ഒന്നും പറയാതെ , കരള്‍ ദാനം ചെയ്തു എന്ന് കരുതി കൃഷ്ണന്‍റെ ഭാര്യ മരിച്ചത് അത് കൊണ്ടൊന്നുമല്ല ,അവര്‍ക്ക് അറ്റാക്ക് വന്നല്ലേ മരിച്ചത് , അത് കൃഷ്ണന്‍റെ വിധി "
" അത് മെമ്പര്‍ പറയുന്നത് ശരിയാരിക്കും ,എന്നാലും കാര്യം നടന്ന്‍ കഴിഞ്ഞപ്പോള്‍ ആ മേനോന്‍ സാര്‍ തനിഗുണം കാട്ടിയില്ലെ , ഇന്നത്തെ കൃഷ്ണന്റെ അവസ്ഥയില്‍ അദ്ധെഹം മനസ്സ് വെച്ചാല്‍ കുറഞ്ഞത് സ്വന്തമായിട്ട് ഒരുകിടപ്പാടം എങ്കിലും കൃഷ്ണന് തരപ്പെടുത്തി കൊടുക്കാന്‍ കഴിയും, ഒന്നുമല്ലേലും അവരുടെ മോളുടെ ജീവന്‍രക്ഷിച്ചത് അവരല്ലേ ,അതും അഞ്ചു പൈസ പ്രതിഫലം വാങ്ങാതെ "
ചായക്കട ചര്‍ച്ചകള്‍ പുരോഗമിക്കവേ ,പഴയ ഓര്‍മ്മകളിലുടെ സഞ്ചരിച്ച്കൃഷ്ണന്‍ തന്‍റെ വാടകവീടിന്‍റെ പടികളില്‍ അലസമായി ഇരുന്നു ,
ആറേഴു വര്ഷം മുമ്പ് , നാടാകെ കോളിളക്കം ഉണ്ടാക്കിയ പ്രണയവിവാഹത്തിന് ശേഷം അലീനയുമായി താന്‍ എത്തിയത് ഏറെ അകലെയുള്ള ഈ നാട്ടിലാണ് ,അലീനയുടെ കയ്യും പിടിച്ച് താന്‍ ആദ്യമായി കയറിയ ഈ വീടും ഇന്ന് മുതല്‍ തനിക്ക് അന്യമാകുകയാണ് ,അലീനക്കൊപ്പം ഈ വീടും ഇനി ഓര്‍മ്മകളില്‍ മാത്രം ...................
"എന്തോന്നെടെ കൃഷ്ണാ നീ ആലോചിക്കുന്നത് , വായനശാല കെട്ടിടത്തോട് ചേര്‍ന്നുള്ള മുറി തല്ക്കാലത്തേക്ക് തയ്യാറാക്കിയിട്ടുണ്ട് ,തല്ക്കാലം നീ അങ്ങോട്ട് മാറ് ,പിന്നെ നമുക്ക് എന്തെന്ന് വെച്ചാല്‍ ആലോചിക്കാം "
അവിടേക്ക് കടന്ന് വന്ന മെമ്പര്‍ ബാബുവും,വായനശാല സെക്രട്ടറി മുജീബും പറഞ്ഞ വാക്കുകളാണ് കൃഷ്ണനെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത് ....
"അതൊന്നും ശരിയാവില്ല ,ഞാന്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാണ് "
കൃഷ്ണന്‍റെ വാക്കുകളില്‍ നിരാശയും ,ദുഖവുമടക്കം വ്യത്യസ്ഥവികാരങ്ങള്‍ അലയടിച്ചിരുന്നു ....
"ഒരു ശരികേടുമില്ല ഈ വായനശാല ഇവിടെ തുടങ്ങാന്‍ ഏറെ പണിപ്പെട്ടത് നീയും അലീനയും തന്നെയല്ലേ ? "
ബാബുവിന്‍റെ വാക്കുകള്‍ക്കൊപ്പം കൃഷ്ണന്‍റെ ഓര്‍മ്മകള്‍ ആ ദിനങ്ങളിലേക്ക് മടങ്ങി .....
വായനശാല നാടിന് സമര്‍പ്പിച്ച അതെ ദിവസമാണ് ,തന്‍റെ ആശങ്കകളെയും എതിര്‍പ്പുകളെയും മറികടന്ന്‍ അലീന ആ തീരുമാനം എടുത്തത് .....
ഗുരുതരമായ കരള്‍രോഗം ബാധിച്ച മേനോന്‍ സാറിന്‍റെ പ്ലസ്സ്ടു കാരി മകള്‍ ആതിരക്ക് അനുയോജ്യമായ ബി നെഗറ്റിവ് ബ്ലഡ് ഗ്രൂപ്പുള്ള കരള്‍ ദാതാവിനെ തേടിയുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കവെ , അതെ രക്തഗ്രൂപ്പ് കാരിയായ അലീന അതിനു സമ്മതം മൂളിയ ദിനം ....
"എന്താണ് ചേട്ടായി ഇങ്ങനെ ,നമ്മളെപോലുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ മടിച്ചു നിന്നാല്‍ ,പിന്നെന്ത് സാമൂഹികപ്രവര്‍ത്തകരാണ് നമ്മള്‍ "
തന്‍റെ ആശങ്കകള്‍ക്ക് മീതെ അലീനയുടെ വാക്കുകള്‍ ഉയര്‍ന്നത് കൃഷ്ണന്‍റെ ഓര്‍മ്മകളില്‍ തിളങ്ങി .....
വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ,ആതിരജീവിതത്തിലേക്ക് മടങ്ങിയെത്തി ,ഒപ്പം അലീനയും ,അതോടെ തന്‍റെ കരള്‍ദാനം ചെയ്യാന്‍ സന്മനസ്സ് കാട്ടിയ അലീന പത്രതാളുകളിലും , നാട്ടിന്‍പുറത്തെ പൊതുവേദികളിലെ ആദരിക്കല്‍ ചടങ്ങുകളിലും നിറഞ്ഞു നിന്ന കാലം..............
വര്‍ഷങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി ,
ആതിര വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷം മേനോന്‍ സാറിന്‍റെ വീട്ടില്‍ പുരോഗമിക്കുന്ന അതെ രാത്രിയിലാണ് ,ഏറെ അകലെയല്ലാതെ തന്‍റെയീ വാടകവീട്ടിലെ കിടപ്പ്മുറിയില്‍ നിശബ്ദഹൃദയസ്തംഭനത്തിന്‍റെ രൂപത്തില്‍ മരണം താന്‍പോലുമറിയാതെ അലീനയെ തന്നില്‍നിന്നും കൂട്ടികൊണ്ട് പോകുന്നത്............
" മേനോന്‍ സാറും മോളുമൊക്കെ നമ്മളെ മറന്നാലും ,ആ കുട്ടി പഠിച്ച് ഡോക്ട്ടര്‍ ആകുമ്പോള്‍ നമുക്കും അഭിമാനിക്കാം ,നമ്മളും അതിനു ഒരു കാരണക്കാര്‍ അല്ലെ "
മരണത്തിന് കീഴടങ്ങുന്നതിന് മണിക്കുറുകള്‍ മുമ്പ് അലീന സന്തോഷത്തോടെ തന്നോട് പറഞ്ഞവാക്കുകള്‍ കൃഷ്ണന്‍ ഓര്‍ത്തെടുക്കുകയായിരുന്നു ......
"നീ എന്ത് ആലോചിക്കുവാ ,സാധനങ്ങള്‍ എല്ലാം എടുക്ക് നമുക്ക് വായനശാലയിലോട്ട് മാറാം ,ഇവിടെ പുതിയ താമസക്കാര്‍ ഇപ്പോള്‍ എത്തും "
മെമ്പര്‍ ബാബുവിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഏറെ നേരമായുള്ള ഉമ്മറപ്പടിയിലെ ഇരുത്തം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുവാന്‍ കൃഷ്ണനെ പ്രേരിപ്പിച്ചത് ......
"എങ്ങനെയുണ്ടായിരുന്നു മോളെ ആദ്യദിവസത്തെ അനുഭവം "
"ഓ വെറുത്ത്പോയി ,എനിക്ക് പറ്റില്ല ഈ സര്‍ക്കാര്‍ ആശുപത്രിയും ,കുറെ കോളനിവാസി രോഗികളും "
ആദ്യദിവസത്തെ ഡ്യുട്ടികഴിഞ്ഞ്ആതിര മേനോന്‍ സാറിനൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ,തന്‍റെ ചോദ്യത്തിന് ആതിരയുടെ മറുപടി കേട്ടപ്പോള്‍ ഒരു ചിരിയുടെ അകമ്പടിയോടെ മേനോന്‍ സര്‍ മകളെ ആശ്വസിപ്പിച്ചു ....
"അച്ഛന്‍റെ ഒരു ആഗ്രഹമാണ് ,നാട്ടില്‍ ഒരു ദിവസമെങ്കിലും ഡോക്ട്ടര്‍ ആയിട്ട് മകള്‍ ജോലിചെയ്യണമെന്നു , കുറച്ച് ദിവസമൊന്നു കഴിയട്ടെ ,നമുക്ക് മാറാം "
അത്യാവശ്യ സാധനങ്ങളും കയ്യിലെടുത്ത് , ബാബുവിനും ,മുജീബിനുമൊപ്പം ആ വാടകവീടിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ കൃഷ്ണന്‍ ഒരിക്കല്‍കൂടി ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കി....
"അലീനക്കൊപ്പം ,ഇനിയീ വീടും ഓര്‍മ്മകളില്‍ മാത്രം "
ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ,ഹൃദയംനുറുങ്ങുന്ന വേദനയോടെ ആ വായനശാലകെട്ടിടം ലക്ഷ്യമാക്കി കൃഷ്ണന്‍ നടന്നു നീങ്ങുമ്പോള്‍ , ചിരിയുംകളിയുമായി മേനോന്‍സാറും മകളും സഞ്ചരിക്കുന്ന കാര്‍ കൃഷ്ണനെ മറികടന്ന് എതിര്‍ദിശയില്‍ മുന്നോട്ട് കുതിക്കുന്നുണ്ടായിരുന്നു ..............................
കെ.ആര്‍.രാജേഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക