Slider

എഴുത്തുകാരൻ

0

എഴുത്തുകാരൻ
*~~~~~~~~~~~*
നീട്ടിയുള്ള വിസിലടിയും തറയിൽ വടിയിടിച്ചുള്ള നടത്തവും കേട്ടുകൊണ്ടാണ് ശ്യാംമോഹൻ ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നത്.
ചൗക്കിദാർ ഗംഗാറാമാണ്. അസ്ഥികൾ കോച്ചുന്ന ഈ ഡിസംബറിലെ തണുപ്പത്തും അയാൾ തന്റെ ഡ്യൂട്ടി ഭംഗിയായി നിർവ്വഹിക്കുകയാണ്. രാത്രിമുഴുവനും ഹൗസ്സിങ് കോളനിയില് ടോർച്ചുമടിച്ചു വിസ്സിലുംമുഴക്കി നടന്ന് അയാള് തന്റെ സാന്നിദ്ധ്യം കോളനിക്കാരെ അറിയിച്ചുകൊണ്ടേയിരിക്കും... നാളെയാവട്ടെ.. അയാൾക്കൊരു ജാക്കെറ്റും, ഷൂസ്സും കൊടുക്കണം.
ശ്യാംമോഹൻ പതിയെ കിടക്കയിൽ കിടന്നുകൊണ്ടുതന്നെ കൈയ്യെത്തിച്ചു സൈഡ് ടേബിളിലിരുന്ന തന്റെ മൊബൈല് ഫോണെടുത്ത് സമയം നോക്കി 2:10 അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നുനോക്കി ഉറക്കം വരുന്നില്ല. ഡോക്ടർ ബാനർജിയുടെ ജർമ്മൻ ഷെപ്പേർഡ് കൂട്ടിൽക്കിടന്ന് കുരച്ചു ബഹളമുണ്ടാക്കുന്നുണ്ട്... എന്താണാവോ..കാര്യം?
അയാൾ ലൈറ്റിടാതെ സാവധാനം കിടക്കയിൽ എഴുന്നേറ്റിരുന്നു. മുറിയിലെ അരണ്ട വെളിച്ചത്തിൽ അടുത്തുകിടക്കുന്ന വിദ്യയെനോക്കി അവൾ ചരിഞ്ഞു കിടന്ന് ശാന്തമായി ഉറങ്ങുകയാണ്. സ്വതസിദ്ധമായുള്ള മന്ദസ്മിതം ഉറക്കത്തിലുമുണ്ട്. യൗവനം വിടപറയാൻ മടിച്ചുനിൽക്കുന്ന അവളുടെ ശരീരത്തിൽനിന്നും ഉർന്നുപോയ ബ്ലാങ്കെറ്റെടുത്തു അവളെ നന്നായി പുതപ്പിച്ചശേഷം അയാൾ മര്ജാരപാദങ്ങളോടെ മുറിക്കു പുറത്തേക്കിറങ്ങി വാതിൽ ചാരി. കോറിഡോറില് ക്ലോത്ത് ഹാംഗറിൽ ഇട്ടിരുന്ന കാശ്മീരി ഷാളെടുത്തു പുതച്ചു. 'ഹോ.. നല്ല തണുപ്പുണ്ട്'.
മകൻ രാഹുലിൻറെ മുറിയില് നേർത്ത വെട്ടം കാണുന്നുണ്ട്. അവൻ ഇതുവരെ ഉറങ്ങിയില്ലേ..??
ചാരിയിട്ടിരുന്ന വാതിൽ മെല്ലെ തുറന്നുനോക്കുമ്പോൾ.. അവൻ നല്ല ഉറക്കത്തിലാണ്. റൂം ഹീറ്ററിന്റെ മങ്ങിയ പ്രകാശത്തിൽ ശ്യാംമോഹൻ കണ്ടു രാഹുൽ പഠിച്ചുകൊണ്ടിരുന്ന എൻട്രൻസിന്റെ ബുക്ക് താഴെവീണു കിടക്കുന്നത്. അയാൾ ബുക്കെടുത്തു ഷെഫിൽവെച്ചിട്ട് അൽപ്പനേരം മകനെ നോക്കി അങ്ങനെ നിന്നു.
അവൻ വളർന്നുപോയിരിക്കുന്നു.. തന്റെ പ്രതീക്ഷകൾ മുഴുവനും അവനിലാണ് അർപ്പിച്ചിരിക്കുന്നത്. മെല്ലെ കുനിഞ്ഞു ആ നെറ്റിത്തടത്തിലൊരുമ്മ കൊടുത്തു. കുട്ടിക്കാലത്തെപ്പോലെ അവനെ ചേർത്തുനിർത്തി മുത്തങ്ങൾക്കൊണ്ടു വീർപ്പുമുട്ടിക്കാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. പക്ഷെ....! അയാൾ പതിയെ മുറിക്കു പുറത്തേക്കു കടന്നു.
സ്റ്റഡിടേബിളില് തലേന്ന് പകുതിയെഴുതിവെച്ച കഥയ്ക്ക് പൂർണ്ണത നൽകാൻ തനിക്ക് കഴിഞ്ഞിട്ടില്ല. എഴുതിവെച്ച ലാസറ്റ് പാരഗ്രാഫിലൂടെ വേഗമൊന്ന് കണ്ണോടിച്ചു വായിച്ചു.
"റാം നാം സത്യ ഹേ."
"റാം നാം സത്യ ഹേ."
എന്ന ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തില് അച്ഛന്റെ മൃതശരീരവും ചുമന്നുകൊണ്ട് 'ബാലുഘാട്ടി'ലേക്കുള്ള മകൻറെ യാത്രയാണ്.
ഇടയ്ക്കവൻ വിങ്ങിപ്പൊട്ടുന്നുമുണ്ട്.
വിഷബാധയേറ്റുള്ള മരണമാണ്. സമയം അതിക്രമിച്ചുപോയിരുന്നതിനാൽ ഡോക്ടർമാർ കൈമലർത്തി. 'ശ്യാംസുന്ദർ' തൻറെ എല്ലാ ഉത്തരവാദിത്വങ്ങളും ബാക്കിവെച്ചിട്ടാണ് പോകുന്നത്.. ക്ലെമാക്സ് ഒന്ന് തിരുത്തിയാലോ...?? ആ മകൻെറ ദുഃഖം കാണാൻ വയ്യ. ശ്യാംമോഹനിലെ എഴുത്തുകാരൻ തലപുകഞ്ഞാലോചിച്ചു. ചിന്തകൾ കെട്ടുപിണഞ്ഞു.
പെട്ടെന്ന്, ഹാളിലെ കർട്ടനുകൾക്കിടയിൽ ആരുടെയോ നിഴലനങ്ങിയോ..?
മുറ്റത്തെ ബോഗൺവില്ലയുടെ ചുവട്ടിലേക്ക് വീണുകിടക്കുന്ന അമ്പിളിക്കലയുടെ നേർത്തവെട്ടം ജനലിൻറെ കണ്ണാടിചില്ലുകൾക്കിടയിലൂടെ കാണാം.
‘ഹേയ്... ആരുമില്ല’ തനിക്കു വെറുതെ തോന്നിയതാണ്.
ശ്യാംമോഹൻ സ്വയം സമാധാനിച്ചുകൊണ്ടു ബാക്കി ഭാഗം എഴുതി പൂർത്തിയാക്കി. അയാളതിൽ ഇങ്ങനെ എഴുതി ചേർത്തു.
'ഘാട്ടിലെ (ശവങ്ങൾ സംസ്കരിക്കുന്നതിനുള്ള നദീ തീരത്തെ സ്ഥലം) സംസ്കാരവേളയിൽ ശ്യാംസുന്ദറിൻറെ മകൻ അത്ഭുതപ്പെട്ടു. തന്റെ അച്ഛന്റെ ശവശരീരത്തിൽ ഒരു തുടിപ്പ് അനുഭവപ്പെട്ടോ..?
സ്നാദികർമ്മങ്ങൾക്കുശേഷം ചിതയിലേക്ക് എടുത്തുവെയ്ക്കാൻ ശ്രമിച്ചപ്പോഴാണ് ആ സംശയം മകന് തോന്നിയത്. അവൻ കൂടെയുള്ള ബന്ധുമിത്രാദികളോട് വിവരം സൂചിപ്പിച്ചു. അവരും കണ്ടു പതിയെ ആ കൈവിരലുകള് അനങ്ങുന്നതും ശരീരം ചെറുതായി വിറകൊള്ളുന്നതും.. അതാ.. ആ കണ്ണുകളും പതിയെ തുറന്നുവരുന്നു. ആർക്കും വിശ്വസ്സിക്കാനായില്ല. ശവശയ്യയിൽനിന്നും ശ്യാംസുന്ദർ പതിയെ എണീറ്റുവന്നു. അവിടെക്കൂടിയിരുന്ന എല്ലാവരും അമ്പരന്നു. സന്തോഷത്തിൻറെയും ആഹ്ളാദത്തിൻറെയും അസുലഭനിമിഷങ്ങൾ...!!
മകൻ അച്ഛനെ വാരിപ്പുണർന്നു.
ഏറ്റവും ഒടുവിലായി ശ്യാംമോഹൻ ഇങ്ങനെ എഴുതി. 'ചിത്രഗുപ്തന്റെ കണക്കുപുസ്തകം തെറ്റിയിരിക്കുന്നു.. ശ്യാംസുന്ദർ ജീവിത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ഇനി ആഘോഷത്തിന്റെ സുന്ദരനിമിഷങ്ങൾ ....!!’ ശുഭം..
ആയാളിലെ എഴുത്തുകാരൻ അഭിമാനംപൂണ്ടു..
ഇതുതന്നെയാണ് തന്നിലെ എഴുതുകാരന്റെ വിജയവും.. വെറുതെയല്ല വായനക്കാർ തന്റെ ഓരോ സൃഷ്ടികൾക്കായി കാത്തിരിക്കുന്നതും..
ആത്മസംതൃപ്തിയോടെ അയാൾ നോട്ട്പാഡ് അടച്ചുവെച്ചു മുറിയിലേക്കുപോയി.
നേരം പുലരാറായിരിക്കുന്നു. നീണ്ടുനിവർന്നു ശ്യാംമോഹൻ കമ്പിളിപ്പുതപ്പിനുള്ളിലേക്കു കയറി.
രാവിലെ ചായയുമായെത്തിയ വിദ്യ ശ്യാംമോഹനെ തൊട്ടുവിളിച്ചു. "ശ്യാമേട്ടാ...!!"
ഞെട്ടിപ്പോയി!!
ആ ശരീരം തണുത്തു മരവിച്ചുപോയിരുന്നു.. "ശ്യാമേട്ടാ...........!!" ആ കരച്ചിലൊരു ആർത്തനാദമായി മാറി. അപ്പോഴും സ്വീകരണമുറിയിലെ സ്റ്റഡിടേബിളില് 'ചിത്രഗുപ്തന്റെ കണക്കുപുസ്തകം' എന്ന രചന പ്രസീദ്ധീകരണത്തിനായി കാത്തു കിടക്കുന്നുണ്ടായിരുന്നു...
ചിത്രഗുപ്തന് കണക്കുകൾ ഒരിക്കലും പിഴക്കാറില്ല... അദ്ദേഹത്തിൻറെ കണക്കുപുസ്തകത്തിൽ ‘എഴുത്തുകാരൻ ശ്യാംമോഹൻ..' എന്ന പേര് വ്യക്തമായി സ്വർണ്ണലിപികളിൽ അവിടെ എഴുതിച്ചേർത്തിരുന്നു...!!
*~~~~~~~~~~~*
ബിന്ദു പുഷ്പൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo