Slider

ഒരു പെണ്ണുകാണൽ......

0

ഈ കഥ വായിച്ച് ആരും എന്നെ തല്ലാൻ വരരുത്.. ഞാൻ പാവമാ
ഒരു പെണ്ണുകാണൽ......
................
ഒരുദിവസം രാവിലെ ഉറക്കമുണർന്ന് പല്ലു തേക്കാൻ പോയപ്പോൾ കുളിമുറിയിലെ കണ്ണാടിയിൽ നോക്കിയപ്പോഴാണ് ഞാനാ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്..എൻ്റെ മൂക്കിൽ പല്ല് മുളച്ചിരിക്കുന്നു..
"അമ്മേ"
ആകാംക്ഷയോടെയും അതിലേറെ ആശങ്കയോടെയും അമ്മയെ ഞാൻ നീട്ടി വിളിച്ചു
"എന്താടാ രാവിലെ..ഇത്ര അലറി വിളിക്കാൻ"
"നോക്കമ്മേ എൻ്റെ മൂക്കിൽ പല്ലു മുളച്ചിരിക്കുന്നു"
"ആ പ്രായമാകുമ്പോൾ അതൊക്കെ സാധാരണമാണ്"
ഞാൻ ഞെട്ടിപ്പോയി
'എന്ത് എനിക്ക് പ്രായമായന്നോ.അവിശ്വസനീയം'
ഞാനൊന്ന് കണ്ണാടിയിൽ വീണ്ടും വീണ്ടും നോക്കി.ശരിയാണ് മുടിയും താടിയും ചെറുതായി നരയ്ക്കാൻ തുടങ്ങിയിരിക്കുന്നു..അപ്പോഴാണ് ഞാനെൻ്റെ വയസ്സിനെ കുറിച്ചോർത്തത്...അതേ മുപ്പതും നടപ്പും.
"മുപ്പത് വയസ്സായിട്ടും പെണ്ണ് കെട്ടാതെ നടക്കാൻ നിനക്ക് നാണമില്ലേടാ"
പറഞ്ഞത് വേറാരുമല്ല കണ്ണാടിയിലെ എൻ്റെ പ്രതിരൂപം.ഞാനെൻ്റെ കവിളിൽ പതുക്കെ അടിച്ചു
'ഛേ..നാണക്കേട്..കൂടെ പഠിച്ച രതീഷിനും മനോജിനും രാജേഷിനുമൊക്കെ കല്ല്യാണം കഴിഞ്ഞ് പിള്ളേരുമായി'
എൻ്റെ മൂക്കിൽ പല്ല് മുളച്ചിട്ടും അമ്മയുടെ ഭാഗത്ത് നിന്ന് ഒരു അനുകൂലമായ തീരുമാനങ്ങളും എന്തെ വരാത്തതെന്ന് ഞാൻ ആലോചിച്ചു.
"അമ്മേ...അമ്മ ഈ വീട്ടിലെ പണിയെല്ലാം എടുത്ത് ക്ഷീണിച്ചു..അല്ലേ?"
"ഓ..അമ്മയോട് എൻ്റെ മോനെന്താ സ്നേഹം.. എന്നാ ഇന്നുമുതൽ അടുക്കളപണിയും വീട്ടിലെ പണിയെല്ലാം മോനെടുക്ക്.ഞാൻ മോൻ്റെ പണിയെടുക്കാം"
കൂടുതൽ സംസാരിച്ചാൽ അമ്മ എന്നെ കൊണ്ട് അടുക്കള പണി എടുപ്പിക്കുമെന്ന് തോന്നിയതിനാൽ ഞാൻ പതുക്കെ പിൻവലിഞ്ഞു..വരാന്തയിൽ ഇരുന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് നല്ലവണ്ണം കായ്ച്ചു നില്ക്കുന്ന വീടിൻ്റെ മുന്നിലെ ടി ഇൻറ്റു ഡി തെങ്ങ് കാണുന്നത്.
"അമ്മേ ഈ മുറ്റത്ത് നിക്കണ തെങ്ങ് എപ്പോൾ വച്ചതാണെന്ന് ഓർമ്മയുണ്ടോ"
"അത് നീ കോളേജിൽ പഠിക്കുമ്പോൾ വച്ചതാണ്..നിനക്ക് ഓർമ്മയില്ലേ"
'കോളേജിൽ പഠിക്കുമ്പോൾ,അതായത് പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ്.. എന്നെക്കാളും പതിനെട്ട് വയസ്സ് ചെറുപ്പമുള്ള തെങ്ങ് പോലും കുലച്ചു എന്നിട്ടും ഞാൻ മാത്രം ഇങ്ങനെ ഒറ്റാൻ തടിയായി നില്ക്കുന്നു'
എൻ്റെ ആത്മഗതം അല്പം ഉറക്കെയായി പോയി,അതോ മനപൂർവ്വമോ..
എന്തായാലും സംഗതി ഏറ്റു അമ്മ എന്നെ പെണ്ണ് കെട്ടിക്കാൻ തീരുമാനിച്ചു. പിന്നീടുള്ള രാത്രിയിൽ എൻ്റെ സ്വപ്നങ്ങളിൽ ഐശ്വരാ റായിയുടെയും ശോഭനയുടെയും മഞ്ജു വാര്യരുടെയും മറ്റും മുഖഛായയുള്ള പെൺകുട്ടികൾ വന്ന് നൃത്തം ചെയ്യാൻ തുടങ്ങി.ഒരു കല്ല്യാണ ബ്രോക്കറെ തപ്പിപിടിച്ച് അയാൾക്ക് എന്നെ പൂർണമായും ഞാൻ തന്നെ വിറ്റു..അയാളുടെ കൈയിൽ കിട്ടിയ കുരങ്ങിനെ പോലെ അയാളെന്നെ കൊണ്ടു നടന്നു.കഴുത്തിൽ കയറില്ലെന്ന ഒരറ്റ വ്യത്യാസം മാത്രം.
പെണ്ണ് കാണാൻ പോകാൻ തുടങ്ങിയപ്പോഴാണ് ഞാൻ മറ്റൊരു സത്യമറിയുന്നത്..ഞാൻ കാണാൻ പോയ പെൺപിള്ളേരെല്ലാം അഭിഷേക് ബച്ചനെ പോലെയും പൃഥ്വിരാജിനെ പോലെയും സൽമാൻ ഖാനെ പോലെയുമുള്ള ആൺപിള്ളേരെ സ്വപ്നം കണ്ടിരുന്നെന്ന്.
മിക്സ്ച്ചറും ചിപ്സും മധുരമുള്ള പലഹാരങ്ങളും ചായയും കുടിച്ച് എനിക്ക് പ്രഷറും ഷുഗറും വരുമെന്ന് പോലും ഞാൻ ഭയന്നു..അത് വന്നാലും കുഴപ്പമില്ലായിരുന്നു.ഏതെങ്കിലും ഒരു പെണ്ണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു.വിദ്യാഭ്യാസം മാത്രം പോരാ നല്ല സർക്കാർ ജോലിയും സൗന്ദര്യവും വിവാഹ കമ്പോളത്തിൽ അത്യാവശ്യമാണെന്ന് ആ സമയത്താണ് എനിക്ക് ബോധ്യമായത്.
പത്ത് പതിനാല് പെൺപിള്ളേരെ കണ്ടു 'വെള്ളിമൂങ്ങ'യിലെ മാമച്ചനെ പോലെ കെട്ടാചരക്കായി ഇരിക്കാനായിരിക്കും എൻ്റെ വിധി..ഇനി ഒരുപക്ഷെ പഴയകാമുകിയുടെ മോളെ കെട്ടാമെന്ന് വച്ചാലും അങ്ങനെയൊന്ന് ഇല്ലാത്തത് കൊണ്ട് ആ പ്രതീക്ഷയും അസ്തമിച്ചു.അതുകൊണ്ട് സന്യാസിയാവാൻ തീരുമാനിച്ചു. അതിനായി ദീക്ഷ വളർത്താൻ തീരുമാനിച്ചു.അമ്മയ്ക്ക് ഞാനും എനിക്ക് അമ്മയും മാത്രം മതി.അല്ലെങ്കിലും ഈ പെൺപിള്ളേരൊന്നും ശരിയല്ല..
'അവള് വേണ്ട്റാ ഇവള് വേണ്ട്റ
ഈ കാണുന്നവളുമാരൊന്നും വേണ്ട്റ'എന്ന് എൻ്റെ പ്രതിരൂപം എന്നെ നോക്കി പാടി..മൂപ്പരെന്നെ കളിയാക്കിയതാണെന്ന് എനിക്കറിയാം, മൂപ്പരല്ലേ വെറുതെ നടന്നിരുന്ന എന്നെ മൂപ്പിച്ച് പെണ്ണ് കെട്ടിക്കാൻ നടന്നത്.എന്നിട്ട് നൈസായി അങ്ങ് ഊരി പോയി..
ഇനി പെണ്ണും പിടക്കോഴിയും വേണ്ട എന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് ഒരു ഫോൺ കോൾ എന്നെ തേടി വന്നത്
"സഖാവേ നിങ്ങളെ കല്ല്യാണം ശരിയായ"
ഞാൻ വീണ്ടും വെള്ളിമൂങ്ങയിലെ മാമച്ചനായി
"ഏട്ന്ന് ആഗ്രഹൊണ്ട് അത് ഞാൻ ബിചാരിച്ചാൽ മാത്രം പോരല്ല"
"സഖാവേ..സഖാവിന് പറ്റിയൊരു പെണ്ണുണ്ട്.പോയി കാണുന്നത് കൊണ്ട് വല്ല കൊയപ്പുണ്ടാ
"എനിക്കെന്ത് കൊയപ്പം,പക്ഷെ ബീട്ട് പോവൂലാ..മിക്സ്ച്ചറും ചിപ്സും തിന്ന് ബെറുതെ നാണം കെടാൻ എനക്ക് പറ്റൂലാ
"സഖാവ് ബീട്ട് പോണ്ടാ ഓള് കാവില് ബരും,ആട്ന്ന് കണ്ടാമതി"
"അത് ഒരു കണക്കിന് നന്നായി.ആടയാക്കുമ്പം ഓക്കെന്നെ പിടിച്ചില്ലെല് തെയ്യോം കണ്ട് ബരാലാ"
അങ്ങനെ എൻ്റെ സ്വന്തം(പകുതി ബാങ്ക്ക്കാരുടെതും)മൂചക്ര വിമാനത്തിൽ രണ്ട് ചങ്ക് ചങ്ങാതിമാരെയും കൂട്ടി പെണ്ണ് കാണാൻ പോയി.വിമാനം ലാൻ്റ് ചെയ്ത് സഹ പൈലറ്റ്മാർ ചെക്കിംഗ് തുടങ്ങി.അല്പം കഴിഞ്ഞപ്പോൾ ഒരു തരുണിമണി നല്ല ഉറച്ച കാലടികളോടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.ഇതവൾ തന്നെ എൻ്റെ മനസ്സ് പറഞ്ഞു
"ഇന്നയാൾ പറഞ്ഞിട്ട് ബെര്ന്നല്ലേ"
"അതേ"
"ഞാനാണ് ചെക്കൻ..നിൻ്റെ പേര് ചോയിക്കുന്നതിന് മുമ്പ് ചിലത് അങ്ങോട്ട് പറയാ..എൻ്റെ പേര് ബിജു"..വിമാനത്തെ ചൂണ്ടി "ദാ ഈ കാണുന്ന വിമാനം ഓട്ടലാണ് എൻ്റെ പണി.എന്നെ ഇഷ്ടപ്പെട്ടെങ്കിൽ മാത്രം നിൻ്റെ പേരും വീട്ടുക്കാരെയും കുറിച്ച് പറഞ്ഞാൽ മതി"
അവൾ എൻ്റെ മുഖത്ത് നോക്കി..മറ്റ് പെണ്ണുങ്ങളെ പോലെ മുഖത്തൊരു നാണവുമില്ല..ഇവൾ പെണ്ണ് തന്നെയല്ലേ(ദൈവമേ ഇത് വായിച്ച് അവളെന്നെ പഞ്ഞിക്കിടാതിരുന്നാൽ മതിയായിരുന്നു).മുഖത്ത് ഭയങ്കര ഗൗരവം,തൻ്റേടം.അവളുടെ ആ ഗൗരവവും തൻ്റേടവുമായിരുന്നു എനിക്ക് ഇഷ്ടമായത്..അത് വെറും പൊള്ളയായിരുന്നു എന്ന് പിന്നീടല്ലേ മനസ്സിലായത്..
"എനക്ക് നിങ്ങളെ കണ്ടിട്ട് ഇഷ്ടകുറവൊന്നും തോന്നീലാ"..
'മോനെ മനസ്സിൽ ലഡ്ഡു പൊട്ടി'
അവൾ അവളുടെ വീട്ടുക്കാരെ കുറച്ചും അവളെ കുറിച്ചും സംസാരിച്ചു
"നിങ്ങക്കെന്നെ ഇഷ്ടായിനെങ്കിൽ ബീട്ടില് ബാ"
'മോനെ മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി'
പെങ്ങന്മാരെയും അളിയന്മാരെയും കൂട്ടി അവളുടെ വീട് കാണാൻ പോയി..പുഴ കരയിലുള്ള ഒരു ചെറിയ വീട്..ആ വീട്ടിലാണെങ്കിൽ അവളുടെ ബന്ധുകളെല്ലാമായി നിന്ന് തിരിയാൻ പറ്റാത്തത്ര ആൾക്കാരും.കുറച്ചു കഴിഞ്ഞപ്പോൾ അതിലൊരു അളിയനെയും പെങ്ങന്മാരെയും കാണാനില്ല..നോക്കുമ്പോൾ അവളുടെ ആങ്ങള ചെക്കനുമായി തോണിയിൽ ഉല്ലാസയാത്ര നടത്തുന്നു..അപ്പോൾ തന്നെ മനസ്സിൽ ഒരിക്കൽ കൂടി വലിയൊരു ലഡ്ഡു പൊട്ടി.
എനിക്കാണെങ്കിൽ ടെൻഷനായി എന്താണ് അവരോട് പറയേണ്ടത് എന്നറിയില്ല.
അളിയനും പെങ്ങന്മാരും കൂടി തോണി സവാരി കഴിഞ്ഞു വരുമ്പോഴെക്കും മൂത്ത അളിയനും അവളുടെ വീട്ടുക്കാരും കൂടി ഞാനെന്ന ഒറ്റകൊമ്പനെ അവളെന്ന പിടിയാനയെ ഉപയോഗിച്ച് തളച്ചിരുന്നു.
ജാതിയും ജാതകവും മുഹൂർത്തവും നോക്കാതെ അഞ്ചു വർഷം മുമ്പുള്ള ഒരു കൃഷ്ണപിള്ള ദിനത്തിൽ അവൾ എന്നെ ചെറിയ(വലിയ)ചങ്ങലയിട്ട് തളച്ചു.ആ ചങ്ങല പൊട്ടിക്കാൻ അവള് സമ്മതിക്കാറുമില്ല എനിക്കാ ചങ്ങല പൊട്ടിക്കാൻ താല്പര്യവുമില്ല.അവൾ സമ്മതിച്ചാലും(സമ്മതിക്കുമോ)....എനിക്കും ജീവനിൽ കൊതിയുണ്ട്...അല്ല പിന്നെ
N.B:ഇത് വായിച്ചു കഴിഞ്ഞാൽ എന്നെ കാണാൻ ആരും മെഡിക്കൽ കോളേജിലേക്ക് വരണമെന്നില്ല..എൻ്റെ പാതി എന്നെ ഒന്നും ചെയ്യില്ല(അങ്ങനെ വിശ്വസിക്കാം അല്ലേ..പടച്ചോനെ കാത്തോളണെ)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo