Slider

#മഴവാക്ക് ബാക്കിവെച്ച വടുക്കൾ

0

#മഴവാക്ക് ബാക്കിവെച്ച വടുക്കൾ
-------------------------------------------
റെയിൽവേ സ്റ്റേഷനിലെ ഇരിപ്പുറയ്ക്കാത്ത കസേരയിലിരുന്ന് അയാൾ വഴുതിക്കൊണ്ടിരുന്നു.
കൈത്തലത്തിലേക്ക് മുഖമമർത്തി ഒന്നു മയങ്ങാനുള്ള അയാളുടെ ശ്രമങ്ങളെ വാശിയോടെയെന്ന വണ്ണം ആ ഇരിപ്പിടം തോൽപ്പിച്ചുകൊണ്ടിരുന്നു.അയാൾക്ക് ചെറുതായി മടുപ്പ് തോന്നിത്തുടങ്ങിയിരിക്കണം.ആ മടുപ്പോടെ തന്നെ അയാൾ സ്വന്തം കാൽപ്പാദങ്ങളിലേക്ക് വെറുതെ ഒന്നു നോക്കി. കോട്ടൺമുണ്ടിന്റെ നീലകര പാതി മറച്ചിരുന്ന ഒരു ചുണങ്ങ് അയാളുടെ കാൽപ്പാദത്തിൽ വരണ്ടുണങ്ങിക്കിടന്നിരുന്നു.അൽപം പ്രയാസപ്പെട്ടു കുനിഞ്ഞ് അയാളാ ചുണങ്ങിൽ മൃദുവായ് തലോടി.
ഉച്ചവെയിൽ ചുളിച്ച കണ്ണുകളോടെ അവൾ അങ്ങോട്ടു നടന്നുകയറിയത് ആ നിമിഷത്തിലായിരുന്നു.ചുണ്ടിൽ വിരിഞ്ഞു നിന്ന പരിചയച്ചിരി ദൂരെ നിന്നു തന്നെ അവളയാളെ കണ്ടു എന്നതിന്റെ സൂചനയായി നമുക്ക് അനുമാനിക്കാം.ഇനി ചിലപ്പോൾ അവളങ്ങോട്ടു നടന്നുകയറാനുള്ള കാരണം തന്നെ അയാളാകാനും മതി.
ചുണങ്ങിൽ നിന്നും കൈയെടുക്കും മുൻപു തന്നെ ആരോ വിളിച്ചിട്ടെന്ന വണ്ണം അയാൾക്ക് തലയുയർത്തി നോക്കേണ്ടതായി വന്നു.
കൗതുകം മറയ്ക്കാൻ തെല്ലും ശ്രമിക്കാതെ അയാളവളെ നോക്കി.
'നീ?'
'ഞാൻ വായന'
'സുന്ദരിയാണ്'
അവളുടെ കവിളിലേക്ക് ഒരു കുഞ്ഞുനാണം ഓടിക്കിതച്ചെത്തി.അതിനെ തെല്ലും ഗൗനിക്കാതെ അവളയാൾക്കു നേരെ കൈ നീട്ടി.ഊഷ്മളമായ ഒരു ഹസ്തദാനം.
ഇങ്ങനെയാണ് അവർ പരിചയപ്പെട്ടത്...അപ്രതീക്ഷിതമായി
അവർക്കു പുറകിലപ്പോൾ ട്രെയിനിന്റെ വരവറിയിച്ചു കൊണ്ട് അനൗൺസ്മെന്റ് മുഴങ്ങി.ട്രെയിൻ അങ്ങോട്ടെത്താനായ് കിതച്ചോടിക്കൊണ്ടിരുന്നു.
അവരിന്നു യാത്ര ചെയ്യേണ്ടത് ആ ട്രെയിനിലാണ്.തിരക്കുകളൊഴിച്ചിട്ടൊരു കംപാർട്ട്മെന്റ് രണ്ടു വിൻഡോ സീറ്റുകളുമായി അവർ വരുന്നതിനെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു.
ചിരപരിചിതരെ പോലെ അവരങ്ങോട്ടു തന്നെ കയറിവന്നു.ജാലകങ്ങൾക്കരികിൽ പരസ്പരം അഭിമുഖമായ് ഇരുന്നു.ആ ദൃശ്യം ഒരു ക്യാമറാഫ്രെയിമിലേക്കോ എണ്ണച്ഛായാചിത്രത്തിലേക്കോ പകർത്തപ്പെടാൻ മാത്രം സുന്ദരമായിരുന്നു.തിരുനാവായയിലെ താമരപ്പൊയ്കകൾ കൂടി പശ്ചാത്തലത്തിൽ വന്നാൽ ചിത്രത്തിനു പുതിയൊരു മാനം തന്നെ കൈവന്നേക്കും.
മൗനം മടുപ്പിനെ കൂട്ടുവിളിച്ചു തുടങ്ങിയപ്പോഴാണ് അവൾ നിള വരളുന്നതിനെ കുറിച്ചു പരിതപിച്ചത്.പുറന്തോടിൽ നഖമുരസി എറിച്ചു നിൽക്കുന്ന ഒരു വക്കിനെ നുള്ളി വലിച്ചെടുക്കുന്നതു പോലെ തീർത്തും അനാവശ്യമായിരുന്നു അത്.കാരണക്കാർ നാം തന്നെയാണെന്നിരിക്കെ എന്തിനു വെറുതെ വിലപിക്കുന്നു എന്നൊരു മറുചോദ്യത്തിലയാൾ ആ ശ്രമത്തിന്റെ മുനയൊടിക്കുകയും ചെയ്തു.
പിന്നീടാണ് അയാൾ അവൾക്കു വായിക്കാൻ മാത്രമായ് സ്വയം തുറന്നിട്ടത്.നേരും നുണയും അയാളിലിട കലരുന്നത് അവൾ കണ്ടു.ഇഷ്ടമൊട്ടും കുറയാതെ ഓരോ താളുകളായ് അവൾ മറിച്ചു കൊണ്ടിരുന്നു...ഏതാണ്ട് മധ്യഭാഗത്തെവിടെയോ വെച്ചാണ് ഈ യാത്രയെക്കുറിച്ച്...അവളെക്കുറിച്ച് വളരെ മുൻപേ താനെഴുതിയിട്ടുണ്ട് എന്നയാൾ അവകാശപ്പെട്ടത്.തെളിവിനായ് താളുകളിൽ നിന്നു താളുകളിലേക്കയാൾ ഊളിയിടുന്നത് ചെറുചിരിയോടെ അവൾ നോക്കിനിന്നു.തെളിവുകളൊന്നുമില്ലാതെ തന്നെ താനയാളെ വിശ്വസിക്കുമെന്ന് അവൾക്കറിയാമായിരുന്നു.
അവളുടെ നീണ്ട വിരലുകളിൽ തെരുപ്പിടിച്ച് കണ്ണുകളിലേക്കുറ്റു നോക്കി ആഴമുള്ളൊരു സ്വരത്തിലയാൾ ചോദിച്ചു
'എന്തെങ്കിലും അപരിചിതത്വം തോന്നിയോ നിനക്കെന്നോട്?'
അത്രയും തന്നെ ആഴമുള്ള മൗനം കൊണ്ടാണ് അവൾ പ്രതിവചിച്ചത്
ഇല്ല.നിങ്ങൾ എനിക്കു പരിചിതനാണ്.വാക്കും വായനയും എന്നും പരസ്പരം പൂരിപ്പിക്കുന്നുവല്ലോ...
വായനയ്ക്കെങ്ങനെയാണ് വാക്ക് അപരിചിതനാവുക?
ആ നിമിഷത്തിന്റെ നടുവിലേക്ക് മഴ പെയ്തിറങ്ങിയത് പൊടുന്നനെയായിരുന്നു.അവളോ അയാളോ അപ്പോഴവിടെ മഴയെ പ്രതീക്ഷിച്ചിരുന്നില്ല.ചില്ലുജനാലകൾ ധൃതിപ്പെട്ട് താഴ്ത്തപ്പെട്ടു.അഴുക്കു നിറം പിടിപ്പിച്ച ജനാലയ്ക്ക് പുറത്ത് മഴ നൃത്തച്ചുവടുകളോടെ കാത്തുനിന്നു.അവളുടെയുള്ളിലൊരു ചിലങ്കയുടെ താളമുണർന്നു.
മഴ അവളുടെ മനസ്സിലേക്ക് ഇരച്ചു പെയ്തു ...ഏതോ മഴനൂലിഴയുടെ അറ്റത്തു നിന്ന് പ്രണയം അവളെ എത്തിപ്പിടിച്ചു.അവൾ സ്വയം പ്രണയം തന്നെയായി രൂപാന്തരപ്പെട്ടു.
അപ്പോഴവൾക്ക് ഏറ്റവും ആവശ്യം ഒരു കാമുകന്റെ സാമീപ്യമായിരുന്നു.
അതിനവൾ ഉത്ക്കടമായി ആഗ്രഹിക്കവേ ഒരു മന്ത്രണം പോലെ കാതിനരികിൽ അയാളുടെ സ്വരം
'ഐ ലവ് യൂ വായന'
വേർതിരിച്ചറിയാൻ ഏറെ വിഷമിക്കേണ്ടി വന്നേക്കാവുന്ന ഒരു ഭാവം അപ്പോളവളിൽ ഉണ്ടായി.അവൾ പതിയെ മുഖം തിരിച്ച് അയാളെ നോക്കി.ഇപ്പോൾ മഴ പെയ്യുന്നത് അയാളുടെ കണ്ണുകളിലാണെന്ന് അത്ഭുതത്തോടെ അവളറിഞ്ഞു.താനലിഞ്ഞലിഞ്ഞ് ആ മഴയിൽ ലയിക്കുകയാണോ എന്നവൾ ഭയന്നു.അതൊരു മാന്ത്രികനിമിഷമായിരുന്നു.അനിർവ്വചനീയമായ ഒരു സൗന്ദര്യം അതിനുണ്ടായിരുന്നു.അതു കൊണ്ടു തന്നെ അതിനായുസ്സ് ഏതാനും നിമിഷങ്ങൾ മാത്രമായിരുന്നു
പൊടുന്നനെ സ്വയം പരിഹസിക്കുന്നൊരു ചിരിയോടെ അവൾ വായനയിലേക്കു തിരിച്ചെത്തി.
'നല്ല രസമുള്ളൊരു തമാശ'
പറയവേ തന്നെ അവളയാളുടെ തോളിലേക്ക് തല ചായ്ച്ചു.
മുടിച്ചുരുളുകളിൽ അയാളുടെ കവിളമരുന്നതാസ്വദിച്ചു കൊണ്ട് അവൾ വീണ്ടും മഴയിലേക്കു മിഴി നട്ടു.മഴ ജനാലയിൽ എന്തൊക്കെയോ തിരക്കിട്ടെഴുതിക്കൊണ്ടിരുന്നു.അവളത് വായിച്ചെടുക്കാൻ ശ്രമിക്കുമ്പോഴേക്ക് ട്രെയിൻ അവളെയും കൊണ്ട് നിറവെയിലിലേക്കോടി കയറി.യാത്ര ചോദിക്കാനാവാതെ പുറകിൽ വിതുമ്പി നിന്ന മഴയെ വെറുതെ അവളൊന്നു തിരിഞ്ഞു നോക്കി.
ആ വെയിലിലേക്കാണ് എഴുത്തിനിറങ്ങേണ്ടിയിരുന്നത്.അവിടെയാണ് ആ യാത്ര അവസാനിക്കേണ്ടതെന്ന് വളരെ മുന്നേ തീരുമാനിക്കപ്പട്ടതാണ്.
മുണ്ടിലെ ചുളിവുകൾ കുടഞ്ഞുനിവർത്തി അയാൾ തന്റെ തോൾസഞ്ചിയെടുത്തു.
തിരക്കിലേക്ക് ഒരു പൊട്ടായ് അലിയുന്നതിനു തൊട്ടുമുൻപ് ചില്ലുജാലകമുയർത്തി അയാളവളുടെ ചുവന്ന മൂക്കുത്തികല്ലിൽ ഒന്നു തൊട്ടു.
"ഇനിയും കാണാം"
അയാളുടെ നനുത്ത ചിരിയിലേക്ക് നോക്കുമ്പോഴും അവളുടെ ഭയം മഴയെഴുതിയ വാക്കുകൾ വായിക്കപ്പെടാതെ മാഞ്ഞുപോകുമോ എന്നായിരുന്നു.
തിരിഞ്ഞു നോക്കാതെ പുറകിലേക്കു കൈ വീശിക്കൊണ്ട് അയാളാ തിരക്കിലേക്കു നടന്നു.കണ്ണിൽ നിന്നു മറഞ്ഞിട്ടും അയാളുടെ കൈത്തലം കുറച്ചു നേരം കൂടി അവൾക്കു കാണാൻ കഴിഞ്ഞു.അതും മാഞ്ഞേക്കുമെന്നു തോന്നിയ നിമിഷം അവൾ കണ്ണുകളിറുക്കിയടച്ചു.എന്നെന്നേക്കുമായി ആ കൈത്തലം മനസ്സിന്റെ ചെപ്പിലടച്ചതു പോലെ...
അപ്പോഴെന്തുകൊണ്ടോ അവൾ മഴയെ ഓർത്തു.ജാലകത്തിൽ മഴ ബാക്കി വെച്ച വാക്കുകളെക്കുറിച്ചോർത്തു.
ഒരാന്തലോടെ അവളാ ജാലകം വലിച്ചുതാഴ്ത്തി.ജാലകത്തിൽ ഏതാനും വടുക്കളേ ബാക്കിയുണ്ടായിരുന്നുള്ളൂ.മഴവാക്ക് മറന്നു വെച്ച വടുക്കൾ...
അവളവയിലൂടെ വിരലോടിച്ചു.അസഹ്യമായൊരു നൊമ്പരം അവൾക്കനുഭവപ്പെടുന്നുണ്ടായിരുന്നു.അവളുടെ വിരലുകൾ മഴയുടെ പാടുകളെ ഇങ്ങനെ പൂരിപ്പിച്ചു...
"ഇനി കാണില്ല"
ഓർമ്മപ്പുസ്തകത്തിലൊരിതളായ് ചേർത്തെഴുതാൻ അവൾക്കാ വടുക്കൾ മതിയായിരുന്നു.
അവൾ വായനയായിരുന്നല്ലോ...എഴുത്തിനെ പൂരിപ്പിക്കാൻ പഠിച്ചവൾ.
------------------------------------------
 ദിവിജ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo