Slider

ഉണ്ടക്കണ്ണു

0
ഛെ പോ അസത്തെ '
രാവിലെ തന്നെ നമ്മടെ ബുള്ളറ്റിൽ ഒരു വൃത്തികെട്ട പൂച്ച കയറി ഇരിക്കുന്നു.
കൈ വീശി ഓടിച്ചിട്ട്‌ പൂച്ചക്ക് ഒരു കുലുക്കവും ഇല്ലെന്നു കണ്ടപ്പോൾ, പിന്നെ ഒന്നും നോക്കിയില്ല മുറ്റത്തു കിടന്ന ഒരു മച്ചിങ്ങ എടുത്തു അതിന്റെ തലമണ്ട ലക്ഷ്യമാക്കി ഒരു കിണുക്കങ്ങു കൊടുത്തു.
മ്യാവു, മ്യാവു, മ്യാവു "
ഓ എന്റെ ലക്ഷ്യം പിഴച്ചില്ല, മച്ചിങ്ങ പൂച്ചയുടെ തലയിൽ തന്നെ കൊണ്ട്.
ഇനി നിന്നെ എന്റെ വണ്ടിയിൽ കണ്ടാൽ പൊന്നു മോളെ, നിന്നെ ഞാൻ പീസ് പീസാക്കും എന്ന് പൂച്ചയെ നോക്കി വെല്ലുവിളിച്ചു ഞാൻ തിരിഞ്ഞതും.
'പീസ് പീസാക്കാൻ ഇങ്ങ് വാ "
ങേ,, ഇതാരാടാ ഈ കള്ളിപൂച്ചക്കു വക്കാലത്തു പറയാൻ വന്നിരിക്കുന്നത് എന്നു തിരിഞ്ഞു നോക്കുമ്പോൾ,
അപ്പുറത്തെ മൃദുലേച്ചിയുടെ മതിലിന്റെ അപ്പുറത്ത് ഉണ്ട കണ്ണുരുട്ടി ഒരു പെണ്ണ്.
അയ്യോ, അവളുടെ ഒരു നോട്ടം.
ഞാനും ഒന്നു കാക്ക നോക്കുന്ന മാതിരി ഒന്നു നോക്കി.
'നീ ഇങ്ങോട്ടു വാടി മാളു അവിടെ നിന്നു ഏറു കൊള്ളാതെ.
ഹയ്യട, ഉണ്ടക്കണ്ണിയുടെ ആ ഡയലോഗ് കേൾക്കേണ്ട താമസം, ആ കൊനുഷ്ട്ട് പൂച്ച ഒറ്റ ഓട്ടം.
മതിലിന്മേൽ ചാടി കയറിയ പൂച്ചയുടെ തലയിൽ സ്നേഹത്തോടെ തലോടി അവൾ ചോദിച്ചു.
മോൾക്ക്‌ വേദനിച്ചോടി "
പൂച്ച ഒരു മ്യാവു അങ്ങ് ഇട്ടു കൊടുത്തു.
പൂച്ചയുടെ തലയിൽ ഒന്നൂടെ തലോടി വീണ്ടും എന്നെ ഒന്നു കലിപ്പിച്ചു നോക്കിയിട്ടു അവൾ തിരിഞ്ഞു നടന്നു.
അന്നാലും ഇവളേതാ മൃദുലേച്ചിയുടെ വീട്ടിൽ.
അമ്മ മുറ്റമടിച്ചു വട്ടം ചുറ്റി വരുന്നത് കണ്ടു.
അല്ലമ്മേ, ഏതാ അപ്പുറത്തൊരു ഉണ്ടക്കണ്ണി.
ഏത്, നിയ മോളോ..
ആ, പേരൊന്നും എനിക്കറിയില്ല ആ വൃത്തികെട്ട പൂച്ചയുമായി എന്തൊക്കെയോ അവിടെ നിന്നും പറയുന്നത് കേട്ടെ.
ആ, അത് മൃദുലേടെ മൂത്ത ചേട്ടന്റെ മോളാ, നേഴ്സ് ആണ്, മ്മടെ ശ്രീകൃഷ്ണ ഹോസ്പിറ്റൽ ജോലി ചെയ്യുന്നു.
ആ, ചെറുപ്പത്തിൽ ഇവിടെ വന്നു നിന്ന ആ ഈർക്കിലി പെണ്ണാ ഇത്.
പോടാ, മിടുക്കിയാ, അവൾ,. എന്റെ കാലുവേദനക്കു എവിടെന്നൊക്കെ മരുന്നു മേടിച്ചു എന്നിട്ട് ഒരു കുറവും ഉണ്ടായില്ലല്ലോ, ആ കൊച്ചു ഒരു കുഴമ്പ് തന്നു എന്റെ കാലുവേദന പമ്പ കടന്നു.
അല്ലേലും വീടിന്റെ അയൽവക്കത്തൊരു നേഴ്‌സ് കൊച്ചുള്ളത് വളരെ നല്ലതാണു.
രെമ ചേച്ചി എങ്ങനെയുണ്ട് ഇപ്പോൾ കാലുവേദന.
വീണ്ടും മതിലിനപ്പുറത് ഉണ്ടക്കണ്ണി പ്രത്യക്ഷപെട്ടു. പക്ഷെ ഇപ്പോൾ ഉണ്ടക്കണ്ണു നല്ല വിടർന്ന കണ്ണായിരിക്കുന്നു.
ആ കുറവുണ്ട് നിയ മോളെ.
ആ വെള്ളം ചൂടാക്കി കാലിൽ പിടിച്ചിട്ടു തന്നെയല്ലേ കുഴമ്പ് പുരട്ടുന്നത്.
അതെ, എല്ലാം മോള് പറഞ്ഞത് പോലെ തന്നാ ചെയ്യുന്നത്.
കുഴമ്പ് തീരാണെ പറഞ്ഞോട്ടോ, ഞാൻ ഹോസ്പിറ്റൽ നിന്നും വരുമ്പോൾ കൊണ്ടുവരാം.
ഇത്രയും പറഞ്ഞു കൊണ്ട് അവൾ വീണ്ടും തിരിഞ്ഞു, ആ തിരിയലിനു ഇടയിലും ഇത്തവണയും എന്നെ നോക്കി ഒന്നു കണ്ണുരുട്ടിയോ എന്നൊരു സംശയം.
ഞാൻ അതു കാര്യമാക്കാതെ അകത്തേക്കു പോയി.
രാവിലത്തെ ചായ കുടിയും ഒക്കെ കഴിഞ്ഞു ഒന്നു പുറത്തേക്കിറങ്ങാം എന്നു കരുതി.
ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടയിൽ അപ്പുറത്തേക്കൊന്നു വെറുതെ ഒന്നു പാളി നോക്കണം എന്നൊരു തോന്നൽ.
നേരെ നോക്കാനൊരു മടി കൊണ്ടു ബൈക്ക് തിരിച്ചു കയറിയിരുന്നു,, എന്നിട്ട് തലമുടി ചീകുന്നതു പോലെ ഒന്നു കുനിഞ്ഞു കണ്ണാടി തിരിച്ചു ഒന്നു നോക്കി, ഏയ്യ് കാണലില്ലല്ലോ, ചിലപ്പോൾ ഹോസ്പിറ്റൽ പോയി കാണും.
വണ്ടിയുടെ കിക്കെർ അടിക്കാൻ നേരം കേട്ടു പുറകിൽ നിന്നും ഒരൊച്ച.
ആന്റി ഞാൻ ഇറങ്ങുവാണെ.
ഹോ, അപ്പൊ ഉണ്ടക്കണ്ണി ഇറങ്ങുന്നെ ഉള്ളു.
ഞാൻ വണ്ടി തിരിച്ചു, ഒന്നു ചുമ്മാ നോക്കിക്കളയാം എന്നു കരുതി ബൈക്കൊന്നു സ്ലോ ആക്കി.
നോക്കുകയും ചെയ്തു വായുവിലേക്ക് ഒന്നു നീട്ടി 'തു ' എന്നു തുപ്പുകയും ചെയ്തു.
ശെടാ, ഇതു എന്നെ നോക്കി തുപ്പിയതോ അതോ തുപ്പാൻ വന്നിട്ട് തുപ്പിയതോ.
എന്തരോ എന്തോ.
ഞാൻ കവലയിലേക്കു വണ്ടി വിട്ടു.
കവലയിലേക്കും വഴി ചങ്ക് ഫ്രെണ്ട് ബിജോയ്‌ സെബാട്ടി പനിച്ച കുളത്തിൽ ഇരുന്നു ചൂണ്ടയിടുന്നു.
എന്താടാ മീൻ വല്ലതും കൊത്തിയോ.
ഓ ഒരെണ്ണം കൊത്തി തുടങ്ങിയതാ നീ വന്നപ്പോ പോയി.
ഒന്നു പോടാപ്പാ, ഞാനേ ഒടുക്കത്തെ ഐശ്വര്യം ആണ്. ഇപ്പോൾ ചൂണ്ടയിൽ വന്നു കൊത്തും.
എടാ, ഈ പെണ്ണുങ്ങൾക്ക്‌ പൂച്ചയെ ഒക്കെ വലിയ ഇഷ്ട്ടമാണല്ലേ.
അതു പിന്നെ ചോദിക്കാനുണ്ടോ, പൂച്ച, തത്തമ്മ, പ്രാവ്, ഒക്കെ പെണ്ണുങ്ങൾക്ക്‌
ഭയങ്കര ഇഷ്ടമല്ലേ.
ശോ, വേണ്ടായിരുന്നു..
അല്ല, എന്തു വെണ്ടാർന്നു..
ഏയ്യ്, ഒന്നുമില്ല, ഞാൻ ഇപ്പോൾ വരാം.
അല്ല, നീ പോവണോ.
ആ, ഒരത്യാവശ്യം ഉണ്ട്.
ഞാൻ അവിടെ നിന്നും വണ്ടി നേരെ കവലയിലെ മീൻ കടയിലേക്കു വിട്ടു.
മാളുവിനെ ഒന്നു ഇമ്പ്രെസ്സ് ചെയ്തു കളയാം, കൂടാതെ നിയയെ ഒന്നു ഇരുത്തുകയും ചെയ്യാം.
മീൻ കടയിലെത്തിയ ഞാൻ മീനിട്ടിരിക്കുന്ന തട്ടിലേക്കൊന്നു നോക്കി.
ചാളയും, കിളിയും, കൊഞ്ചും. ഊലാവ്‌, പാമ്പാട, ഇങ്ങനെ മീനുകളെല്ലാം മത്സരിച്ചു കിടക്കുന്നു.
ഞാൻ പോക്കറ്റൊന്നു തപ്പി,
ചുക്കിച്ചുളുങ്ങിയ ഒരു പത്തു രൂപയും ഒരമ്പതും കയ്യിൽ തടഞ്ഞു.
ചേട്ടാ ചാള എന്നാ വില.
കിലോ നൂറ്റിനാല്പതു.
ഒരമ്പത് രൂപക്കൂള്ളത് തരാവോ.
ഞാൻ വിനയനായി ചോദിച്ചു.
മീൻകാരൻ ചേട്ടൻ ബുള്ളെറ്റിലേക്കും എന്റെ മുഖത്തേക്കും ഒന്നു നോക്കിയിട്ടു ഒരു ആറു ചാള കവറിലിട്ടു തന്നു.
ബുള്ളറ്റിൽ വരുന്നവർക്കെന്ന ചാള മേടിച്ചൂടേ എന്ന പുച്ഛ ഭാവത്തിൽ അയാളെ ഒന്നു നോക്കി ഞാൻ വണ്ടിയെടുത്തു.
വീട്ടിലെത്തി അടുക്കളയിൽ നിന്നും ഒരു കത്തിയും ചട്ടിയും എടുത്തു നേരെ അലക്കു കല്ലിന്റെ ചോട്ടിലിരുന്നു മീൻ നന്നാക്കാൻ തുടങ്ങി.
എവിടെ ആ പൂച്ച,, സാധാരണ അമ്മ മീൻ നന്നാക്കുമ്പോൾ കിടന്നു വട്ടം ചുറ്റുന്നത് ആണല്ലോ.
ആഹാ എന്റെ മോൻ മീനൊക്കെ നാന്നാക്കുവോ,
ഓ, അമ്മ ബാക്കിൽ വന്നു ഒരു പുച്ഛമിട്ടു.
കുറെ, നാളായി ഞാൻ ഒരു മീൻകറി വെക്കണം എന്നു വിചാരിച്ചിട്ട്. ഇന്നാണ് അതിനൊരു അവസരം ഒത്തു വന്നത്.
ഉവ്വേ,, ഞാൻ എല്ലാം കാണുന്നുണ്ടെ.
അമ്മ അർത്ഥം വച്ചു ഒരു ചിരി ചിരിച്ചു അകത്തോട്ടു പോയി.
ഞാൻ വീണ്ടും ചുറ്റും നോക്കി, ശെടാ ഈ മാളു ഇതെവിടെ പോയി, ആരോട ഒന്നു ചോദിക്ക്യാ..
ഇനി ഒരു വഴിയെ ഉള്ളു..
ഞാൻ വേഗം കത്തിയെടുത്തു അലക്കു കല്ലിലിട്ടു രണ്ടു ഉര അങ്ങ് ഉരച്ചു.
മൂന്നാമത്തെ ഉരക്കു മുന്നേ മാളു മുന്നിൽ ഹാജർ.
നീ എവിടെ പോയിരുന്നെടി "കള്ളി "ചേട്ടൻ നിനക്കു വേണ്ടി മീൻ മേടിച്ചോണ്ട് വന്നത് കണ്ടില്ലെയോ.
മ്യാവു,, അതൊന്നു വാല് വായുവിൽ ചുഴറ്റി മീൻ ചട്ടിയിലേക്കു നോക്ക് നാക്കു പുറത്തിട്ടു വട്ടത്തിൽ ഒന്നു കറക്കി.
ഞാൻ ഒരു ചാളയെടുത്തു തല വെട്ടി അതിനു ഇട്ടു കൊടുത്തു.
കൊതിയോടെ അവളതു അകത്താക്കാൻ തുനിഞ്ഞതും.
മാളു,,,,,,
നീട്ടിയൊരു വിളി ആയിരുന്നു.
വിളി വന്ന ഭാഗത്തേക്കു ഞാൻ നോക്കുമ്പോൾ ഉണ്ടക്കണ്ണുരുട്ടി നിയ നില്ക്കുന്നു.
വിളി കേട്ടതും ചാള തല അവിടെയിട്ടു മാളു ഒരൊറ്റ ഓട്ടം.
ശെടാ,, ഇതെന്തു പൂച്ച എന്ന ഭാവത്തിൽ ഞാൻ നോക്കിയിരിക്കുമ്പോൾ ഒരു കാക്ക വന്നു ആ മീൻ തലയും കൊണ്ടു പോയി.
ബാക്കിയുണ്ടായിരുന്ന അഞ്ചു ചാളയും നന്നാക്കി ഞാൻ എഴുന്നേൽക്കുമ്പോൾ കാണർന്നു നല്ല നെയ്മീൻ വെട്ടിയതിന്റെ വേസ്റ്റ് അകത്താക്കുന്ന മാളുവിനെ.
നിയ കാണാനും മാളുവിനെ ഇമ്പ്രെസ്സ് ചെയ്യാനും ഷോ ക്ക് മീൻ മേടിച്ച എന്നെ കൊണ്ടു അമ്മ അത് കറിയും വപ്പിച്ചിട്ടേ അടുക്കളയിൽ നിന്നും വിട്ടോളു.
വൈകുന്നേരം ഒന്നു പുറത്തേക്കിറങ്ങി ഒന്നു ചുറ്റിയടിച്ചു വരുമ്പോഴുണ്ട് ഉമ്മറത്ത്‌ ദേ ഇരിക്കുന്നു നമ്മുടെ ഉണ്ടക്കണ്ണി.
അമ്മയോടു വർത്താനം പറഞ്ഞു ഇരിക്കുന്നതിന് ഇടയിൽ എന്നെ കണ്ടതും മുഖം വീർത്തു. വീണ്ടും ഒരു പുച്ഛഭാവം.
ഞാൻ ഒന്നു ചിരിച്ചു അമ്മയോടു പറഞ്ഞു.
അല്ല ഇന്ന് വിരുന്നുകാരൊക്ക ഉണ്ടല്ലോ.
അച്ഛമ്മക്കൊരു പെട്ടെന്നൊരു വയ്യായ്ക വന്നു മോനേ.
അയ്യോ എന്തു പറ്റി.
പ്രഷർ കൂടിയതിന്റെ ആണെന്നാണ് നിയ പറഞ്ഞത്.
ഞാൻ അച്ഛമ്മയുടെ മുറിയിലൊന്നു പോയി വന്നു.
അച്ഛമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോണോ അമ്മേ.
വേണ്ട, ആ ഞാനൊരു ഗുളിക കൊടുത്തിട്ടുണ്ട്, കുറവായിക്കോളും.
മോള് ഇവിടിരിക്കു ഞാൻ ഒരു ചായ എടുക്കാം.
വേണ്ട, രമേച്ചി.
അവിടെ ഇരിക്കന്നു, ചായ കുടിച്ചിട്ട് പോയാൽ മതി.
അമ്മ ചായ ഇടാൻ അകത്തേക്കു പോയതും ഞാൻ ഉമ്മറത്തെ തിണ്ണയിൽ തപ്പി തടഞ്ഞു നിന്നു.
ശ്രീകൃഷ്ണ ഹോസ്പിറ്റലിൽ ആണല്ലേ.
എന്തോ ഞാൻ പറഞ്ഞത് നിയ കേട്ടില്ലെന്നു തോന്നുന്നു, മറുപടിയൊന്നും വന്നില്ല.
ഞാൻ ഒന്നുകൂടി ഒന്നു മുരടനക്കി ചോദിച്ചു.
ശ്രീകൃഷ്ണ ഹോസ്പിറ്റലിൽ ആണല്ലേ.
ഉം. ഇത്തവണ ഒരു മൂളൽ ഉണ്ടായി.
നല്ല ഹോസ്പിറ്റൽ ആണ് ശ്രീകൃഷ്ണ.
അതെ..
ഓ ഇത്തവണ തിരുവായ ഒന്നു മൊഴിഞ്ഞു.
അടുത്തത് എന്തു ചോദിക്കും എന്നു കരുതി ഞാൻ തല വട്ടം കറക്കിയപ്പോഴേക്കും അമ്മ ദേ ചായയും കൊണ്ടു വരുന്നു.
ന്നാ, മോളെ ചായ കുടിക്കു.. ദേ കൊഴുക്കട്ടയും ഉണ്ട്.
ഹും, ബാക്കിയുള്ളോൻ ഒരു ചായ ചോദിച്ചാൽ മിനിമം ഒരു മണിക്കൂർ എടുക്കുന്ന ആളാ, പത്തുമിനുട്ടുകൊണ്ടു കൊഴുക്കട്ടയും താങ്ങി കൊണ്ടു വന്നേക്കുന്നു, ഒന്നങ്ങോട്ടു മിണ്ടി തുടങ്ങിയില്ല.
ഏതായാലും അവളുടെ ഗുളിക കൊള്ളാം പ്രഷർ കൂടി തലകറങ്ങിയ അച്ഛമ്മ പുലി പോലെ എഴുന്നേറ്റു നടക്കുന്നു.
അടുക്കളയിൽ നിന്നും അമ്മ വീണ്ടും പറയുന്നത് കേട്ടു,
അയൽവക്കത് ഒരു നേഴ്സു ഉള്ളത് നല്ലതാണു.
അയൽവക്കത്തു ആക്കണ്ട വീടിനുള്ളിലും ഒരു നേഴ്സു ഉള്ളത് നല്ലതാണു. എന്നു ഞാനും മനസ്സിൽ പറഞ്ഞു.
പിറ്റേന്ന് ക്ലബ്ബിലെ കളിയും കഴിഞ്ഞു കുറച്ചു വൈകിയാണ് ഇറങ്ങിയത്.
വീട്ടിലേക്കു പോകും വഴിയെ അയൽവക്കത്തെ നേഴ്സു ഡ്യൂട്ടി കഴിഞ്ഞു പോകുന്നത് കണ്ടു.
ഞാൻ പതുക്കെ വണ്ടിയൊതുക്കി.
അല്ല ഇന്ന് കുറച്ചു വൈകിയോ.
എന്റെ ചോദ്യത്തിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല എന്നു മാത്രമല്ല മുഖം ഒന്നു വീർപ്പിക്കുകയും ചെയ്തു.
അല്ല അന്ന് മാളുവിനെ ഞാൻ എറിഞ്ഞതു കൊണ്ടാണോ എന്നോട് തനിക്കിത്ര ദേഷ്യം.
ഇതു കെട്ടോടു കൂടി അവൾ തിരിഞ്ഞു നിന്നു എന്നോട് ഒരു ചോദ്യം.
ഇയാൾക്കിപ്പോ എന്താ വേണ്ടത്.
കണ്ണുരുട്ടിയുള്ള ആ ചോദ്യത്തിന് മുന്നിൽ ഒന്നു ഇളിച്ചു കൊണ്ടു ഒന്നും വേണ്ട എന്ന രീതിയിൽ ഞാൻ തലയാട്ടി.
തിരികെ വന്നു വണ്ടിയെടുത്തു അവളുടെ പുറകെ തന്നെ പതുക്കെ വണ്ടിയെടുത്തു.
പുറകെ കൂട്ട് വന്നതു കൊണ്ടാവാം ഗേറ്റ് തുറന്നു കേറാൻ നേരം അവളുടെ മുഖത്തു ഒരു പുഞ്ചിരി പോലെ എനിക്കു തോന്നി.
അന്നുറങ്ങാൻ കിടന്നപ്പോൾ ശരീരത്തിൽ ആകെയൊരു ചൂട് പോലെ തോന്നി.
കാര്യമാക്കിയില്ല പുതച്ചു മൂടി കിടന്നു.
നേരം വെളുത്തപ്പോൾ തല പൊട്ടി പുളയുന്ന വേദന, എനിക്കാനെ പറ്റുന്നില്ല ശരീരം മുഴുവനും ചുട്ടു പൊള്ളുന്നത് പോലെ.
അമ്മ മുറിയിലേക്കു വന്നു കാപ്പി വച്ചിട്ട് പറഞ്ഞു.
ഇന്നലെ നല്ലോണം പനിയുണ്ടായിരുന്നു ദേ ഈ ചുക്ക് കാപ്പി കുടിക്ക്, പനി മാറിക്കോളും.
അമ്മ പോയപ്പോൾ ഞാൻ ചുക്ക്‌ കാപ്പി കിടന്നു കൊണ്ടു നീട്ടിയെടുത്തു.
കുടിക്കാൻ വായിലേക്കു വച്ചതും,
ഒരശരീരി എന്റെ ഉള്ളിൽ നിന്നുണ്ടായി.
"മോനേ ഇത് കുടിക്കല്ലേ,
ഇതു കുടിച്ചാൽ നിന്റെ പനി പോകും. '
അപ്പോഴാണ് അമ്മയുടെ സ്ഥിരം ഡയലോഗ് എന്റെ മനസ്സിൽ വീണ്ടും വന്നു മന്ത്രിച്ചത്‌.
'അയൽവക്കത്തൊരു നേഴ്സു ഉള്ളത് നല്ലതാണു '
പിന്നെ ഞാൻ ഒന്നും നോക്കിയില്ല.
ചുക്ക്‌ കാപ്പി നേരെ ജനൽ വഴി പുറത്തേക്കൊഴിച്ചു.
വീണ്ടും പുതച്ചു മൂടി അവിടെ കിടന്നു.
കുറച്ചു കഴിഞ്ഞു അമ്മ വന്നു നോക്കുമ്പോൾ ഞാൻ പനി കൊണ്ടു വിറക്കുകയാണ്.
അയ്യോ, മോനേ പനി കുറഞ്ഞില്ലേ.
ശരിക്കും വിറക്കുന്നുണ്ടല്ലോ.
ഉം, ഉം, എന്നിൽ നിന്നും ഒരു മൂളക്കം മാത്രം.
പിന്നെ അമ്മ ഒന്നും നോക്കിയില്ല അയൽവക്കത്തെ നഴ്‌സിനെ വിളിക്കാൻ ഓടി.
അങ്ങനെ അമ്മ നിയയെയും കൊണ്ടു എന്റെ മുറിയിൽ തിരിച്ചെത്തി.
ഞാൻ കണ്ണടച്ച് അതെ കിടപ്പു തന്നെ.
നിയ വന്നു എന്റെ നെറ്റിയിൽ കൈ വച്ചു പനിയുണ്ട്.
ഹോസ്പിറ്റലിൽ കൊണ്ടു പോകണം.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
സുരേഷേട്ടന്റെ ഓട്ടോ മുറ്റത്തെത്തി.
നിയയും അമ്മയും കൂടിയെന്നെ താങ്ങിയെടുത്തു ഓട്ടോയിലാക്കി.
ആദ്യം കയറിയ അമ്മയുടെ മടിയിൽ എന്റെ കാലും നിയയുടെ മടിയിൽ എന്റെ തലയും ഞാൻ അങ്ങ് വച്ചു കൊടുത്തു.
സുരേഷേട്ടൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌ പോലെ ഓട്ടോയിൽ ചിലമ്പൊലികാറ്റേ പാട്ടും വച്ചിരുന്നു.
ഇടക്ക് അയ്യോ അയ്യോ എന്നു ഞാൻ തലയിൽ കൈ വച്ചു ഒച്ചയിട്ടപ്പോൾ, നിയയുടെ കൈകൾ എന്റെ തലയിൽ വട്ടം പിടിച്ചു.
അമ്മ ഉള്ളം കാലിൽ ഉരച്ചു കൊണ്ടിരുന്നു.
അങ്ങനെ ശ്രീകൃഷ്ണ ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു കഴിഞ്ഞപ്പോൾ രണ്ടു ദിവസം അഡ്മിറ്റ് ആക്കാൻ പറഞ്ഞു.
അച്ഛമ്മ വീട്ടിൽ ഒറ്റക്കുള്ളത് കൊണ്ടു രണ്ടു ദിവസവും അമ്മ പകൽ മാത്രം വന്നു പോയി.
ഡേ ഡ്യൂട്ടി കഴിഞ്ഞു നിയയെ രാത്രിയിലും കണ്ടപ്പോൾ ഞാൻ ചോദിച്ചു.
തനിക്കു ഇന്ന് ഡേ ഡ്യൂട്ടി അല്ലെയിരുന്നു.
ഉം,
പിന്നെ, എന്താ ഈ സമയം.
ആ കക്ഷത്തിൽ ഉള്ളി വച്ചു പനി പിടിപ്പിച്ചു ഇനിയാരെങ്കിലും വന്നാലോ.
ങേ, കഷത്തിലോ ആര് ഉള്ളി വച്ചു.
ഓട്ടോയിൽ മലർന്നു കിടന്നു ഇങ്ങോട്ടു വരുമ്പോൾ ഓർക്കണം കഷത്തിന്നു ചതഞ്ഞ ഉള്ളിയൊക്കെ കിട്ടുമെന്നു.
കാര്യം എനിക്കു ചെറിയ പനി ചൂട് ഉണ്ടായിരുന്നു, പിന്നെ കക്ഷത്തിൽ ഉള്ളി വച്ചു പനി കൂട്ടിയാൽ താൻ നോക്കാൻ വരുമെന്ന് ഉറപ്പായിരുന്നു.
അപ്പോൾ അയൽവക്കത്തൊരു നേഴ്സു ഉള്ളത് നല്ലതാണല്ലേ, നിയ ചോദിച്ചു.
അയൽവക്കത്തെ നേഴ്സു വീട്ടിലായാലും വളരെ നല്ലതാണു ഞാനും തിരിച്ചു പറഞ്ഞു.
ഇത്തവണ ഉണ്ടക്കണ്ണു ഒന്നുടെ ഉരുട്ടിയെങ്കിലും ഒപ്പം ഒരു കള്ള ചിരിയും കൂടി ഉണ്ടായിരുന്നു.
Aneesh.Pt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo