Slider

ഇന്നിന്റെ സത്യം

0
ഇന്നിന്റെ സത്യം.
★--------------------★ 【ചെറുകഥ】
പകലിന്റെ നീളം ചുരുങ്ങി,ചുരുങ്ങി വന്നു.
വഴികൾ വിജനമായ്‌.
ഏതോ സിനിമാഗാനത്തിന്റെ ഈണത്തിൽ ബാന്റ്മേളം കാതിൽ വീണു. അടിവാരത്ത് എന്തെങ്കിലും പരുപാടിഉണ്ടാവും.
പതിയെ ആ ശബ്ദംഅകന്നകന്ന് പോയ്‌.
ഒറ്റയടിപാതയിൽ ഇരുൾ വീണു തുടങ്ങി.മഞ്ഞിൻ ഇളം കുളിരിൽ നടത്തത്തിനു വേഗം കൂട്ടി.
വീടണയാൻ ഇനിയും കുറച്ച് നടക്കണം.മലമുകളിലെ വീടുകളിൽ മങ്ങിയ വിളക്കുകൾ മിഴിചിമ്മിത്തുടങ്ങി...തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന പണിക്കാരുടെ കുറച്ചു വീടുകളെ ഉള്ളു..അതിലെ ഏതോ ഒരുവീട്ടിലെ റേഡിയോയിൽ നിന്നുംഗാനഗന്ധർവ്വൻ യേശുദാസിന്റെ പതറിയ പോലെ ഒരു തമിഴ് സിനിമാ ഗാനംകേട്ടു. ആരോ റേഡിയോയുടെ സ്റ്റേഷൻ ട്യൂൺ ചെയ്യുന്നപോലെ അനുഭവപ്പെട്ടു. കുറച്ചു നേരം ഇരച്ചു നിന്ന ശേഷം വീണ്ടും കാതുകളിൽ തേന്മഴയായി..
" ആഴകനാ. പുള്ളിമാനെ...
ഉനക്കാകെ...അഴുതെനെ...
പൊണ്ണ്ക്കു താലി ഏതുക്കു..മൂന്നു മുടിച്ചു ബഹുമാനം.. ഓ. ആറു മുടിച്ചു അപമാനം.."..
പാട്ട് കാതിൽ നിന്നും അകന്നു പോയിട്ടും ചുണ്ടുകളിൽ ആ ഈരടികൾ തത്തി കളിച്ചുകൊണ്ടിരുന്നു..
ഇനി അങ്ങോട്ടു തീർത്തും വിജനമാണ്..
ഭാഗവതർ പറമ്പ് തുടങ്ങുകയായി.. വർഷങ്ങൾക്കു മുൻപ് ഏതോ ഭാഗവതരുടെതായിരുന്നു ആ സ്ഥലം..
ഭാഗവതരുടെ ഭാര്യയുടെ മരണശേഷം ഭഗവതർ മക്കളെയും കൂട്ടി എവിടേയ്ക്കോ പോയ്‌..പിന്നെ തിരിച്ചു വന്നിട്ടില്ല..
കുറ്റിക്കാടുകൾ മഞ്ഞിൽ കുളിച്ചു നിൽക്കുന്നു..മിന്നാമിന്നികൾ എന്തിനോ വേണ്ടി മിന്നിത്തെളിയുന്നു..ചീവിടുകൾ ആർത്തു വിളിക്കുന്നു..
ഫോണിൽ ടോർച്ചു തെളിച്ചു..ആ ചെറിയ വെട്ടത്തിൽ നടന്നു.. മുന്നിൽ എന്തോ അനക്കം. വെട്ടം മുന്നിലേക്ക് തെളിച്ചു..
ഒരുപാമ്പ് പതിയെ ഇഴഞ്ഞു കടന്നു പോയ്‌..
അതു പോയ്‌ മറഞ്ഞിട്ടും നടുക്കം വിട്ടു മാറാതെ
കുറച്ചു നേരം നിന്നു..
വീണ്ടും നടപ്പു തുടർന്നു.. .
പെട്ടെന്നാണ് കുറച്ചുമാറി കുറ്റിക്കാട്ടിൽ നിന്നും ഒരു അമർത്തിയ നിലവിളി ഉയർന്നത്
ശ്രദ്ധിച്ചു ..
അതെ. . !ഒരു പെണ്ണിന്റെതാണ്‌ ആ ശബ്ദം.
വാ പൊത്തി പിടിച്ചപോലെ.. അതിനുമുകളിലൂടെ അരിച്ചുവരുന്ന നിലവിളി..,
ബലപ്രയോഗത്തിലൂടെ ഇരയെ കീഴടക്കുന്ന ആണുടലിന്റെ ഗർജ്ജനങ്ങൾ...
വീണ്ടും ചെവിയോർത്തു..
ഇതെല്ലാം ഇവിടെ പതിവാണ്.. വിജനമായ പറമ്പിൽ പകല് പോലും കള്ളു കുടിയും ,വ്യഭിചാരവും മറ്റ് ആഭാസത്തരങ്ങളും അരങ്ങേറിക്കൊണ്ടിരിന്നു..
തനിയെ പകൽ പോലും ഈ വഴിയിലൂടെ നടക്കാൻ ഗ്രാമത്തിലെ പെണ്ണുങ്ങൾക്ക് ഭയമാണ്.
ആരും ചോദിക്കാനും ,പറയാനും ഇല്ല....ചോദിക്കാൻ ധൈര്യം ആർക്കും ഇല്ല. അതാണ് സത്യം.. എന്തിനാ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത് എന്ന ഭാവം എല്ലാ മനസ്സിലും വേരോടി ഉറച്ചു പോയ്‌..
വീണ്ടും ശബ്ദം ഉയർന്നു.. ഇപ്പോൾനേരിയ ഞരക്കം മാത്രം ശേഷിച്ചു...
ഒന്നും കേൾക്കാത്ത ഭാവത്തിൽ നടന്നു..പോക്കറ്റിൽ നിന്നും ഒരു സിഗരറ്റിന് തീകൊളുത്തി.. പുകച്ചുരുളുകൾ മഞ്ഞിന്റെ കൈകൾ ഏറ്റുവാങ്ങി സ്വന്തമാക്കി..
ദൂരെ നിന്ന് കണ്ടു .ബൽബിന്റെ മങ്ങിയവെട്ടത്തിൽ വീടിനു മുന്നിൽ ആരെക്കെയോകൂടിനിൽക്കുന്നു..മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി..അമ്മയ്ക്ക് എന്തെങ്കിലും..?
പതറിയമനസ്സുമായി അവിടെയ്ക്ക് ചെന്നു..
ഏങ്ങിക്കരയുന്ന ഭാര്യയെകണ്ടു.. പതം പറഞ്ഞു കരയുന്ന അമ്മയെ കണ്ടു ..പിന്നെ ..?എന്തെന്ന ചോദ്യം മനസ്സിൽ പിടഞ്ഞു
തന്നെ കണ്ടു ഭാര്യ... കരച്ചിലിന്റെ ശക്തി കൂട്ടി.
"ഏട്ടാ..."
"എന്താ..എന്തുണ്ടായി..?"തന്റെ ശബ്ദം വിറകൊള്ളുന്നതായി അറിഞ്ഞു..
"ഏട്ടാ ..സന്ധ്യയ്ക്ക് മുതൽ മിന്നുവിനെ കാണാൻ ഇല്ല.."അവൾ സാരിത്തൽപ്പുകൊണ്ട് വാ പൊത്തി പിടിച്ചുവിങ്ങി പൊട്ടി..
"അവൾ എവിടെ പോയെടി..?" ചിലബിച്ചസ്വരംഎന്നിൽ നിന്നാണോ പുറത്തു വന്നത് എന്നു സംശയിച്ചു.
"അറിയില്ല ഏട്ടാ.. സ്കൂളിൽ നിന്നും വന്നിട്ടു ട്യൂഷന് പോയതാ .. പിന്നെ ഞാൻ കണ്ടിട്ടില്ല...ഏട്ടാ.."
"എന്റെ മോള് പിന്നെ എവിടെ പോയെടി...?"
തലയ്ക്കു കൈ കൊടുത്തു കൊണ്ടു തിണ്ണയിൽ ഇരുന്നു...
പെട്ടെന്നാണ് മനസ്സിൽ ഭാഗവതര് പറമ്പിൽ നിന്നുയർന്ന നിലവിളി മനസ്സിൽ തെളിഞ്ഞത്.
ചാടി എഴുന്നേറ്റു..
"ചതിച്ചോന്റെ ദൈവങ്ങളെ...."ഭ്രാന്തനെപ്പോലെ ഓടുകയായിരുന്നു.. കാര്യമെന്തെന്നറിയതെ പിന്നാലെ മറ്റുള്ളവരും.
ഓട്ടത്തിനിടയിൽ പലയിടത്തും തട്ടിവീണു. അതൊന്നും കാര്യമാക്കാതെയുള്ള ഓട്ടമായിരുന്നു..നിലവിളി കേട്ട സ്ഥലത്തു എത്തി.കുറെ ടോർച്ചുകൾ ഒന്നിച്ചു മിന്നി...
"മോളെ... മിന്നു മോളെ.."ഉറക്കെയുള്ള വിളി അവിടെ പ്രകമ്പനം കൊണ്ടു..മലകളിൽ തട്ടി തിരിച്ചു വന്നു..
അൽപ്പംമാറി ഒരു ഞരക്കം കേട്ടു.. ടോർച്ചു വെട്ടം അവിടേയ്ക്ക് ചെന്നു...ടോർച്ചിന്റെ വെട്ടത്തിൽ കണ്ടു ..പാതി നഗ്നമായ പെണ്ണുടൽ.. കൈകൾ പിന്നിലേക്ക്
ബന്ധിച്ചിരിക്കുന്നു..വായിൽ പഴയൊരു തുവർത്തു കയറ്റി വച്ചിരിക്കുന്നു..
പേടിച്ചരണ്ട കണ്ണുകൾ ...അഴിഞ്ഞുലഞ്ഞ മുടി.
അതു പക്ഷെ മിന്നുവല്ലായിരുന്നു..തൊട്ടടുത്ത ഗ്രാമത്തിലെ മാനസികനിലതെറ്റി എങ്ങും ചുറ്റിത്തിരിയാറുള്ള സുമതി ആയിരുന്നു..കഷ്ട്ടം. അവളെയും ആരോ പ്രാപിച്ചിരിക്കുന്നു..സുമതിയുടെ കൈകളുടെ ബന്ധനം അഴിച്ചപ്പോൾ അവൾ ഇരുകൈകൾ കൊണ്ടും മണ്ണ് വാരിഞങ്ങളുടെ നേർക്ക് എറിഞ്ഞു.. പതിയെകുറ്റിക്കാടുകൾക്കിടയിലൂടെ
ഓടി മറഞ്ഞു..
മനസ്സിനു അൽപ്പം ആശ്വാസം തോന്നി..
എല്ലായിടവും തിരഞ്ഞു ..മിന്നുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല..
"മിന്നു വന്നു..വല്ലിയമ്മാവനുമായി ബുക്ക് വാങ്ങിക്കാൻ ടൗണിൽ പോയതായിരുന്നു.."ശബ്ദം കേട്ടു ടോർച്ചിന്റെ വെട്ടം അവിടേക്ക് ചെന്നു. അടുത്ത വീട്ടിലെ കുഞ്ഞാപ്പി.
തീ പിടിച്ച മനസ്സിൽ ഒരു കുളിർ മഴയായ്ആ വാക്കുകൾ പതിഞ്ഞു. .
ആശ്വാസത്തിൻ മാലാഖമാർ പറന്നിറങ്ങിയത് നേരിൽ കണ്ടു..
തിരികെ വീട്ടിലേക്കു മടങ്ങവേ മനസ്സിൽ കുറ്റബോധമായിരുന്നു..
എന്തെങ്കിലും കാര്യം വരുമ്പോൾ മാത്രം മനുക്ഷ്യർ മനുക്ഷ്യരാകുന്നു.. അല്ലെങ്കിൽ..! തികഞ്ഞ സ്വാർത്ഥന്മാർ തന്നെ.. അല്പം മുൻപ് താൻ ഒന്നു ഒച്ച വച്ചിരുന്നെങ്കിൽ സുമതിക്കു ആ ഗതി വരില്ലായിരുന്നു..തന്നോട് തന്നെ പുച്ഛം തോന്നി..നാളെ തന്നെ ഇവിടെയുള്ള കാടുകൾ മുഴുവൻ വെട്ടിക്കളയണമെന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട്..
നടന്നു നീങ്ങവെ..എവിടെനിന്നോ വീണ്ടും ആ ബാന്റ്മേളം കാതിൽ വീണു..
ശുഭം..
By ✍️
Nizar vH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo