Slider

കൊൽക്കൊത്തയിലെ പനിനീർത്തണ്ടുകൾ

0
Image may contain: 1 person, smiling, closeup

എഴുത്തിൽനിന്നൊഴിഞ്ഞു നിന്നിരുന്ന കാലത്തായിരുന്നിട്ടുകൂടി
മൊറാറിനുവേണ്ടി ഒരു ലേഖനം തയ്യാറാക്കാൻ സമ്മതിച്ചത്
കൊൽക്കൊത്താ നഗരത്തോടുള്ള പ്രണയംകൊണ്ട് മാത്രമായിരുന്നു.
അധികം ജനവാസമില്ലാത്ത ഒരു ചെറുതെരുവിലായിരുന്നു താമസം.
അടുത്തെവിടെയോ, സമയംതെറ്റിക്കാത്ത മണിക്കിലുക്കം കടന്നുവരുന്ന ഒരു സരസ്വതീക്ഷേത്രമുണ്ടായിരുന്നു.
അറിവിന്റെ ശംഖൊലി,
അതവിടത്തെ ഒറ്റപ്പെട്ട ശബ്ദമായിരുന്നു.
മണിയടിയുടെ പിൻവാങ്ങൽവഴികളിലൂടെ ഒരു സ്ത്രീ ചോറുപാത്രവുമായി ഓടുന്നതും സ്ഥിരം കാഴ്ചയായി..
എനിക്ക്
തന്നെവെച്ചുകഴിക്കാൻ
ഓഫീസ് ചിലവിൽ മൊറാർ ഗോതമ്പ് പാക്കറ്റുകൾ കൊണ്ടുവെച്ചിട്ടുണ്ട്.
പക്ഷേ ഗോതമ്പ് ഭക്ഷണത്തിൽ പ്രിയമില്ലാത്തതിനാൽത്തന്നെ
അടുത്തൊരു മധ്യവയസ്ക നടത്തുന്ന "ഭോജൻശാല"യിൽ ഭക്ഷണത്തിന് ഏർപ്പാട് ചെയ്തു.
കാഴ്ചയിൽ മതിപ്പ് തോന്നിക്കുന്ന നീളൻ ജുബ്ബയും താടിയും കണ്ടിട്ടാവണം ആ സ്ത്രീ എന്നെ മാസ്റ്റെർജി എന്നായിരുന്നു വിളിച്ചിരുന്നത്.
ചിന്തകൾ കടന്നുവരാൻ വിമുഖത കാണിക്കുന്ന മനസായതുകൊണ്ട് ഞാൻ മിക്കവാറും സമയവും വെറുതെയിരുന്നു.
മുറിക്കകത്ത് വല്ലാതെ ചൂട് തോന്നുകയും,
ഒരു പുസ്തകം എടുത്തുവെച്ച് വീശാൻ തുടങ്ങുകയും,
ഒരുപക്ഷേ പുറത്തുപോയിരുന്നാൽ കാറ്റുകൊള്ളാം എന്ന് ഓർമപ്പെടുകയും,
ശേഷം പുസ്തകവുമെടുത്ത്‌ വാതിൽക്കൽ വന്നിരിക്കുകയും,
അങ്ങനെയിരിക്കവേ
പുറംചട്ടയില്ലാത്ത പുസ്തകം പിടിച്ച ഇടതുകൈയ്യിലെ ,
മറുകാണോ എന്നിനിയും തീർച്ചപ്പെടുത്താൻ കഴിയാത്ത പാട് മായ്ക്കാനുള്ള ശ്രമങ്ങളും,
ബോധക്രമങ്ങളിലെ വരിതെറ്റിക്കാത്ത ചിന്താ പിശകുകളായി നിലകൊൾകയാൽ
അവയെ ഞാനെന്റെ "ശീലങ്ങൾ" എന്ന് വിളിച്ചുപോന്നു.
എന്റെ മേൽപ്പറഞ്ഞ ശീലങ്ങളെ സസൂക്ഷ്മം വീക്ഷിച്ചിരുന്ന
എതിർനിരയിലെ രണ്ടാംനിലമുറിയിലെ ജനലിൽ സദാ പ്രത്യക്ഷപ്പെടുന്ന പെണ്‍കുട്ടി
എന്നെയൊരു മഹാനായ വായനക്കാരനായി കണ്ടിരിക്കാം എന്നും ഞാൻ ചിന്തിച്ചുകൂട്ടി.
ആയിടെ എന്റെ താമസത്തിൽ പന്തികേട് തോന്നിയ ഒരു ദേശവാസി വെള്ളവസ്ത്രക്കാരൻ
പലതവണ എന്നെ തുറിച്ചുനോക്കി കടന്നുപോവുകയുണ്ടായി.
ഒരിക്കൽ പതിവ്തെറ്റിച്ച് അയാൾ
തന്റെ വീക്ഷണങ്ങളെയും വിശകലനങ്ങളെയും കാച്ചിക്കുറുക്കി ഒറ്റ ചോദ്യവുമായി എന്റെ നേർക്ക് വന്നു.
" നിങ്ങൾ എന്നാണിവിടം വിടുക ? "
" ജൂലൈ മുപ്പത്തിയെട്ടിന് "
എന്ന എന്റെ മറുപടിയിൽ തെല്ലൊന്നമ്പരന്നത് എന്നെ അത്ഭുതപ്പെടുത്തിയില്ലെങ്കിലും ,
ഇപ്പോൾ ആഗസ്റ്റ്‌ പകുതി കഴിഞ്ഞിരിക്കുന്നു എന്നതിനെ അയാൾ ചിന്തയ്ക്കെടുത്തുവോ എന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു.
ഈ ചെറു സംഭവത്തിന് സാക്ഷിയായ ആ പെണ്‍കുട്ടി ജനാലയിൽ കെട്ടിപ്പിടിച്ച് സ്വയംമറന്ന് ചിരിക്കുന്നതിന് ഞാനും സാക്ഷിയായി.
ഒരാൾക്കൂട്ടവുമായും ഒരു പൊട്ടിത്തെറിയുമായും അയാളുടെ മടങ്ങി വരവ് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല.
അന്നത്തെ വൈകുന്നേരങ്ങൾ ചിലവിട്ടത് എസ്പ്ലനേയ്ട് എന്ന തെരുവിലായിരുന്നു.
പ്രത്യക്ഷത്തിൽ തീരങ്ങളൊന്നും ഇല്ലാതെ ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വന്നത് എന്നെ ചിന്തിപ്പിച്ചു.
ഒടുക്കം ഈ സംശയം ഒരു മുറിഹിന്ദിക്കാരനോട്‌ ചോദിച്ചു,
അയാൾ തെക്കോട്ട് വിരൽചൂണ്ടി
" ഹൂഗ്ലീ ഉധറേ " എന്ന് പറഞ്ഞുതന്നു.
ഒരിക്കൽ എന്റെ അയൽക്കാരി പെണ്‍കുട്ടി അവിടെയിരുന്ന് പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് കാണുകവഴി,
അവിടെ വൈകുന്നേരങ്ങളിൽ വന്നിരിക്കുകയും,
കയ്യിൽ ഒരു കടലാസിൽ ഗോതമ്പ് പൊതിഞ്ഞ് കൊണ്ടുവരികയും എന്റെ പതിവായി.
എന്നും ഗോതമ്പ് മണികൾ കൊണ്ട്നൽകുക വഴി
ഞാൻ പക്ഷികളോടും , പ്രത്യേകിച്ച് പ്രാവുകളോടും മമതയുള്ളവനാണെന്ന വസ്തുത അവരെയറിയിക്കാൻ ഞാൻ നന്നേ പരിശ്രമിച്ചു.
ചിലപ്പോഴൊക്കെ, പ്രാവുകൾക്ക് എന്നോടുള്ള ഭയം മാറിയോ എന്നറിയാൻ,
ഗോതമ്പുമണികൾ
ഇരിക്കുന്നതിന്റെ അടുത്തായി വിതറിയിട്ടുനോക്കിയെങ്കിലും
ഞാൻ നടന്ന് ദൂരെയെത്തുംവരെ പ്രാവുകൾ ആ ഗോതമ്പുമണികളിൽ താൽപര്യം കാണിച്ചില്ല.
ഒരിക്കൽ, ഒരു പ്രാവ് ഞാനുമായി ചങ്ങാത്തത്തിലാവുന്നതും
എന്റെ കൈവെള്ളയിലെ ഗോതമ്പ്മണികൾ കൊത്തിത്തിന്ന് എന്നെ വലംവെച്ച് പറക്കുന്നതും,
കൂട്ടത്തിലേയ്ക്ക് പറന്നു ചെന്ന്,
മറ്റ് പ്രാവുകളോടായി
" വരൂ, അയാളൊരു നല്ല മനുഷ്യനാണ് "
എന്ന് പറയുന്നതും ഞാൻ സ്വപ്നം കാണുകയുണ്ടായി.
ഭോജൻശാലയിലെ സ്ത്രീ ഉച്ചനേരങ്ങളിൽ ഭക്ഷണം കൊണ്ടുവരുന്ന സമയത്തിൽ കൃത്യത പാലിക്കുന്നതിനാൽ
അത് കഴിക്കുന്ന സമയത്തിൽ ഞാനും നിഷ്ഠ പാലിച്ചു.
പുറത്തിരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ എന്നും ഒരു കുഞ്ഞ്
സ്കൂളുള്ള ദിക്കിൽനിന്ന് തിരക്കിട്ട് നടന്നുവന്ന് എന്റെ മുന്നിലൂടെ വലത്തോട്ടും
അരമണിക്കൂർ കഴിഞ്ഞ് അതേ ധൃതിയിൽ തിരികെ ഇടത്തോട്ടും പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
ആദ്യമൊക്കെ എന്നെ ശ്രദ്ധിക്കാതെ കടന്നുപോയെങ്കിലും ഇടക്കൊക്കെ ചില ദിവസങ്ങളിൽ ഇടംകണ്ണിട്ടെന്നെ നോക്കാറുമുണ്ടായിരുന്നു.
അങ്ങനെ പല ദിവസങ്ങളിൽ തുടർച്ചയായി ഞാനാ കുഞ്ഞിനോട് ചിരിക്കുകയും
കുറച്ചു ദിവസങ്ങൾക്കകംതന്നെ കുഞ്ഞെന്നോട് ചിരിക്കാനും തുടങ്ങി.
ഒരു ദിവസം വൈകുന്നേരം അടുത്ത് വിളിച്ച് ചോദിച്ചപ്പോൾ തന്റെ പേര് ദിയ എന്നാണെന്ന് കുട്ടി പറഞ്ഞു.
വീട് കുറച്ച് ദൂരെയാണെന്നും, അമ്മ മാത്രമേ ഉള്ളുവെന്നും, ഉച്ചഭക്ഷണം കഴിക്കാനാണ് താൻ ധൃതിയിൽ പോകുന്നതെന്നും,
ഇതേ സമയംകൊണ്ട് ജോലിസ്ഥലത്ത്നിന്ന് വീട്ടിലെത്തി തനിക്ക് ഭക്ഷണം തരാൻ അമ്മ നന്നേ ബുദ്ധിമുട്ടുന്നു എന്നും ദിയ പറഞ്ഞു.
ആ കുഞ്ഞുമുഖത്തെ സങ്കടം എന്നെയും ദുഖിതനാക്കി.
നാളെമുതൽ ഉച്ചയ്ക്ക് ഇവിടെവരെ വന്നാൽ മതിയെന്നും ഭക്ഷണം ഞാൻ തരാമെന്നും പറഞ്ഞപ്പോൾ
അമ്മയോട് ചോദിക്കണം എന്ന് പറഞ്ഞ് ദിയ നടന്നുപോയി.
അടുത്ത ദിവസം രാവിലെ വാതിലിൽ മുട്ടി
"അമ്മ സമ്മതിച്ചു"
എന്ന് പറഞ്ഞ് ദിയ സ്കൂളിൽ പോയി.
അന്നുമുതൽ എന്റെ ഉച്ചനേരം കൂടുതൽ മനോഹരമായി.
എന്റെ കുഞ്ഞു കുഞ്ഞു തമാശകളിൽ ആ കുഞ്ഞ് കണ്ണ് നിറഞ്ഞും വയറ് പൊത്തിയും ചിരിക്കുന്നത് കണ്ട് ഞാനും സന്തോഷിച്ചു.
കുഞ്ഞുമായുള്ള എന്റെ ബന്ധത്തെ സന്തോഷത്തോടെ വീക്ഷിച്ച ജാലകപ്പെണ്‍കൊടി, ഇടക്കൊക്കെ ഞങ്ങളുടെ കൂടെ ചിരിക്കുകയുംചെയ്തു.
പ്രാവുകളുമായുള്ള ഒരു സായന്തനത്തിൽ എന്റെ നേരെ നടന്നെത്തി കുറച്ചുസമയം സംസാരിച്ചു.
തിരിച്ചുനടക്കുമ്പോൾ
" നിങ്ങളൊരു നല്ല മനുഷ്യനാണ് " എന്നും പറഞ്ഞു
ആയിടെ ദിയയും ജാലകപ്പെണ്‍കൊടിയുമായി ചേർന്ന് മണ്‍ചട്ടിയിൽ ഞാൻ രണ്ട് റോസത്തണ്ടുകൾ വെച്ചുപിടിപ്പിച്ചു.
അതിന് മഞ്ഞനിറമാവുമെന്ന് ഞാനും അല്ല ചുവപ്പ് നിറമാവുമെന്ന് ദിയയും പറഞ്ഞു.
അതൊന്ന് വിരിഞ്ഞു വരാൻ ഞങ്ങൾ ഒരുപോലെ ആകാംക്ഷ പ്രകടിപ്പിച്ചു.
ഒടുക്കം ചുവപ്പ് നിറത്തിൽ മൊട്ടുകൾ വന്നപ്പോൾ ഞാനും സന്തോഷിച്ചു.
അവധിയായതിനാൽ ശനി,ഞായർ ദിവസങ്ങൾ വളരെ വിരസമായിരുന്നു.
ഞാൻ ദുഖിതനാകാമെന്ന ഊഹത്തോടെ ജാലകപ്പെണ്‍കൊടി റോസാച്ചെടിയുടെ വിശേഷം തിരക്കി വന്ന് എന്നോട് സന്തോഷത്തോടെ സംസാരിക്കാൻ ശ്രമിച്ചു.
എല്ലാ ദിവസവും പല സമയങ്ങളിലായി ഒരു കന്യാസ്ത്രീ മുന്നിലൂടെ കടന്ന് പോവാറുണ്ടായിരുന്നു.
ബുദ്ധിമുട്ടി വരുത്തിയെടുത്ത ഗൗരവം മാറ്റിനിർത്തിയാൽ അവർ സുന്ദരിയായിരുന്നു.
ഇടയ്ക്ക് ഒന്നുരണ്ടുതവണ ഉച്ചസമയത്ത് പോകുമ്പോൾ അവരുടെ നോട്ടം, കഴിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളിൽ വീഴുകയും,
പിന്നീട് അവർ യാത്ര ഉച്ച സമയത്തേക്ക് സ്ഥിരപ്പെടുത്തുകയുമുണ്ടായി.
ദിവസങ്ങളിൽ ഞങ്ങൾ മൂവരും സ്നേഹത്തിലാവുകയും ഉച്ചനേരം തികയാതെവരികയും ചെയ്തു !
ചന്ദനനിറമുള്ള വേഷം ധരിച്ചിരുന്നതിനാൽ അവർ റോമൻ കത്തോലിക്കൻ വിഭാഗത്തിൽ പെടുന്നുവെന്ന് അനാവശ്യമായി ഞാനൂഹിച്ചു.
കുഞ്ഞിനെ താലോലിക്കുന്നതിലും സംസാരിക്കുന്നതിലും അവർ സന്തോഷം പ്രകടിപ്പിച്ചു.
കൊൽക്കൊത്ത കൂടുതൽ സുന്ദരമാവുകയായിരുന്നു.
ശിശുദിനത്തിൽ ചുവന്ന റോസാപ്പുഷ്പം മുടിയിൽ ചൂടി ചെന്നതിന് ടീച്ചർ അഭിനന്ദിച്ചത് ദിയ സന്തോഷത്തോടെ വിവരിച്ചു.
മിടുക്കിക്കുട്ടി എന്ന് പറഞ്ഞ് കന്യാസ്ത്രീ രണ്ട് ചോക്ലേറ്റുകൾ ഞങ്ങൾക്കായി തന്നു.
അതിന്റെ വെള്ളിക്കടലാസുകൊണ്ട്
നൃത്തം ചെയ്യുന്ന രാജകുമാരിയെ ഉണ്ടാക്കിക്കൊടുത്തപ്പോൾ ദിയ എന്നോട് കണ്ണടയ്ക്കാൻ പറഞ്ഞു.
പെട്ടന്ന്,
കവിളിലൊരു മുത്തം തന്ന്,
ഓടിപ്പോയി.
ഞാനും ജാലകപ്പെണ്‍കൊടിയും കന്യാസ്ത്രീയും പരസ്പരം ചിരിച്ചു.
ആ ദിവസങ്ങൾക്കിടെ തന്നെ
കൊൽക്കൊത്തയിലെ ദരിദ്രകുടുംബങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള ലേഖനം
ഏകദേശം മുഴുവനായും എഴുതിക്കഴിഞ്ഞിരുന്നു.
ഒരിക്കൽ ഒരു ഞായറാഴ്ച അമ്മയോടൊപ്പം വന്ന ദിയ,
ഇവിടത്തെ സ്കൂളിൽ നാലാം ക്ലാസ് വരെയേ ഉള്ളൂ,
അതുകൊണ്ട് കുറച്ചുകൂടെ ദൂരെ പഠിക്കാൻ പോകുന്നു എന്ന് സങ്കടത്തോടെ പറഞ്ഞു.
അമ്മ കൈകൂപ്പി നന്ദി പറഞ്ഞു.
പിന്നീടുള്ള കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ദിയയുടെ പഠനച്ചിലവും ഭക്ഷണച്ചിലവും ഏറ്റെടുക്കാൻ കന്യാസ്ത്രീ താല്പര്യം പറഞ്ഞു.
ഞാനും അതേക്കുറിച്ച് വ്യാകുലനായിരുന്നു.
എന്റെ അഡ്രസ്സ് അവർക്ക് കൊടുത്ത് ഇടയ്ക്കിടെ വിവരം പറഞ്ഞ് കത്തെഴുതാൻ ഞാൻ ആവശ്യപ്പെട്ടു.
ഇടയ്ക്കിടെ പണം അയച്ചുകൊടുക്കണമെന്നും മനസ്സിൽ ഉറപ്പിച്ചു.
കൊൽക്കൊത്തയിലെ അവസാനത്തെ ദിവസം വികാരനിർഭരമായിരുന്നു.
സന്തോഷത്തോടെ സംസാരിക്കാൻ ഞങ്ങളെല്ലാവരും ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.
ജാലകപ്പെണ്‍കൊടി എപ്പോഴും നിറഞ്ഞ കണ്ണുകളോടെ ചിരിച്ചുകൊണ്ടിരുന്നു.
കന്യാസ്ത്രീ ഇടയ്ക്കിടെ ദിയമോൾക്ക് മുത്തംകൊടുത്തു, നന്നായി പഠിക്കണം എന്നും പറഞ്ഞു.
റെയിൽവേ സ്റ്റേഷനിലേയ്ക്ക് കുതിരവണ്ടികയറിപ്പോകാൻ നിൽക്കുമ്പോൾ ദിയമോളുടെ ചോദ്യം വന്നു
" ദാദാ, വാപ്പസ് കബാവോഗേ ? "
ചിരിച്ചും കരഞ്ഞും എന്റെ കണ്ണ്‍ നിറഞ്ഞൊഴുകി
കുഞ്ഞിനെ വാരിയെടുത്ത് നെറ്റിയിൽ ഒരുമ്മകൊടുത്ത് തിരികെ വണ്ടികയറുമ്പോൾ,
ആ റോസാച്ചെടികൾ ഇനി പൂവിടില്ലെന്നും
ഒരുപക്ഷേ തിരിച്ച് തണ്ടുകളായി മാറിയിരിക്കാമെന്നും ഞാൻ ചിന്തിച്ചു.
കൊൽക്കൊത്ത എന്നെയും പ്രണയിച്ചുകഴിഞ്ഞിരുന്നു.

By Sarath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo