Slider

ഒരു വെട്ടിയാന്റെ കഥ.

0
Image may contain: 1 person, closeup

ഒരു വെട്ടിയാന്റെ കഥ.
ഒരു കഥ പറയാൻ മനസ്സ് സജ്ജമായി കഴിഞ്ഞിരിക്കുന്നു. സവർണ്ണ ജാതിയിൽ പിറന്ന പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ കുലം വിട്ടുപോയ ഒരു വെട്ടിയാന്റെ കഥ. ഈ കഥക്ക് നേരിന്റെ നനവുണ്ട്, ചോരയുടെ കാൽപാടുകൾ പതിഞ്ഞ ഗ്രാമത്തിന്റെ ഇടവഴികളിൽ, മരണത്തിന്റെ ഗന്ധവും പേറി അലഞ്ഞു നടക്കുന്ന കാറ്റിന്റെ ചൂളം വിളിയുണ്ട്. ജീവിച്ചിരിക്കുന്ന ദൃക്സാക്ഷികൾ, മരിച്ചു മണ്ണടിഞ്ഞു പോയ രക്തസാക്ഷികൾ അങ്ങനെ ഒരുപാടു പേരുണ്ടെങ്കിലും ആരൊക്കെ ഈ കഥയിൽ കൂടി വെട്ടത്തിലേയ്ക്ക് വരുമെന്ന് ഒരുറപ്പുമില്ല.....
ആണ്ടുകൾക്ക് മുമ്പ് പാണ്ഡ്യനാട്ടിൽ നിന്നും കേരളനാട്ടിലേയ്ക്ക് മുറിച്ചു മാറ്റപ്പെട്ട ഒരു ഗ്രാമം. ആ ഗ്രാമത്തിന്റെ മദ്ധ്യഭാഗത്തു കൂടി മലഞ്ചരക്കു വ്യാപാരത്തിനായി തമിഴ്നാട്ടിലേയ്ക്ക് പോകാൻ വെട്ടിയുണ്ടാക്കിയ ചെമ്മൺ പാത, ആ പാതയുടെ ഇരുവശങ്ങളിലുമായി നിറഞ്ഞു, നിൽക്കുന്ന കരിമ്പന കൂട്ടങ്ങൾ അവകളിൽ കാണാം,മഴ പെയ്യാൻ മറന്നു പോകുന്നൊരു നാടിന്റെ വേദന. പെൺ പനകളിൽ ചോരയും നീരും വറ്റി,മരിച്ചുപോയിട്ടും മുല കാമ്പിൽ നിന്നും പിടിവിടാതെ നിൽക്കുന്ന, കുറെ നൊങ്ങിണ്ടികൾ.യൗവനത്തിൽ തന്നെ വാർദ്ധക്യത്തിന്റെ നരകളേറ്റു വാങ്ങാൻ വിധിക്കപ്പെട്ട കീറിയ പനമ്പട്ടകൾ,കാറ്റിന്റെ ആജ്ഞ കേട്ട് നിലം പൊത്താൻ തയ്യാറെടുത്തു.
സൂര്യന്റെ താപം കൊണ്ട് അഭ്ര പാളികളിൽ വിള്ളലേറ്റു.ആ സുഷിരത്തിൽ കൂടി രോഗം പടർത്തുന്ന കിരണങ്ങൾ,ആ പ്രദേശങ്ങളിലാകമാനം കെടുതികൾ വിതച്ചു.കന്നു കാലികൾ ചത്തൊടുങ്ങി.പാടത്ത് പണിയെടുക്കുന്നവരുടെ മുതുകിൽ,വെയിൽ വിളയാടി രസിച്ചു.സൂര്യന് പേടിച്ച് ആളുകൾ നട്ടുച്ചനേരത്ത്,പുറം പണിക്കു പോകാതെ വീട്ടിലടയിരുന്നു.ആ കൊടും ചൂടിന് വകവെക്കാതെ ചെമ്മൺ പാതയോരത്തു കൂടി, കൈവണ്ടി വലിച്ചു കൊണ്ട് വരുന്ന ചെറുപ്പക്കാരനെ ശ്രദ്ധിക്കു.അവനാണ് ശങ്കർ.ഈ കഥയുടെ മുന്നോടുള്ള യാത്രയിൽ,
നമ്മളോടൊപ്പം അവനുമുണ്ടാകും.വെട്ടിയാൻ കുലത്തിലെ അവസാനത്തെ ആൺതരി. പാരമ്പര്യമായി കിട്ടിയ തൊഴിലിൽ ഉപജീവനം കണ്ടെത്തി,കുടുബത്തിന്റെ മാനംമര്യാദ കാക്കുന്നവൻ.പ്രേതം ദഹിപ്പിച്ചാൽ കിട്ടുന്ന മുന്നൂറ് രൂപക്ക് വേണ്ടി കഷ്ടപ്പാടിന്റെ വണ്ടി ചക്രം വലിക്കുന്നു......
ശങ്കർ വണ്ടി വലിക്കുകയായിരുന്നു വളരെ ശക്തിയോടെ....
ഭാരം വലിക്കാൻ വിധിക്കപ്പെട്ട മൂരികൾ,ചുമടുകൾ വലിച്ചു നടന്നേ മതിയാകു.ലാടത്തിനു തേയ്മാനം സംഭവിച്ചാലും,കാലുകൾ തളർന്നാലും, നിയോഗത്തിൽ നിന്നും ഒളിച്ചോടാൻ ആർക്കുമാവില്ല.മക്കളും,മരുമക്കളും, പേരക്കുട്ടികളുമുണ്ടായിട്ടും നോക്കാനാളില്ലാതെ അഗതിമന്ദിരത്തിൽ ഉപേക്ഷിച്ചൊരു,വൃദ്ധന്റെ പിണമാണ് വണ്ടിയിൽ.
മുന്നൂറ് രൂപക്ക് കരാറുപ്പിക്കുമ്പോൾ മനസ്സ് വേദനയോടെ വിലപിച്ചു.
'സാവിൽ വാഴ്വ്വ് ! .
സത്യമാണത്.ഒന്നു നശിച്ചാലേ മറ്റൊന്നിന് വളമാകുകയുള്ളു.നാശം പ്രകൃതി നിയമാണ്.ആ നിയമത്തിന് അനുസൃതമായി ഒഴുകുകയല്ലാതെ, മനുഷ്യനു മുന്നിൽ മറ്റെന്താണ് മാർഗ്ഗം.
ഒരു മരണത്തിൽ നിന്നും അസംഖ്യം ആളുകൾ ഉയീർവാഴുന്നു.പൂക്കച്ചവടക്കാരനിൽ തുടങ്ങി, കുഴിവെട്ടുകാരൻ വരെ.അവരുടെയൊക്കെ കുടുബങ്ങൾ,മരണം കേൾക്കാൻ കാതോർത്തിരിക്കുന്നു.
ഓരോന്നു ആലോചിച്ചു കൊണ്ട് ശ്മശാന വാതിക്കൽ,ശങ്കർ വണ്ടിയും വലിച്ചെത്തി.
പ്രേതം ചുമന്ന് ചിതയിലേയ്ക്കെടുത്തു വച്ചു.ചാണകവരളി കൊണ്ട് ശവശരീരം മുഴുവൻ മൂടി മറച്ച്,ചിതക്ക് തീകൊടുത്തു.ആഗ്നിനാളങ്ങൾ ആർത്തിയോടെ ശരീരഭാഗങ്ങളെ തിന്നു കൊണ്ടിരുന്നു.മാംസം കത്തി കരിഞ്ഞ മണം വായുവിൽ പടർന്നു. ഏതോ ഒരു ദിക്കിൽ നിന്നും പാഞ്ഞു വന്ന പാണ്ടി കാറ്റ് ആ ഗന്ധവും വഹിച്ച് ശ്മശാനത്തിന്റെ വെളിയിലേയ്ക്ക് പോയി.
കുറച്ച് തിരുനൂറ് മാത്രം ബാക്കിയാക്കി ആ വൃദ്ധനും മണ്ണിൽ നിന്നും വിടവാങ്ങി.
ഊര് കുളത്തിൽ മുങ്ങി നിവർന്ന് ശങ്കർ വീട്ടിലേയ്ക്ക് നടന്നു.തമ്പ്രന്റെ കള പുരയുടെ മുന്നിലെത്തിയപ്പോൾ കാലുകൾ ആരോ പിടിച്ച് കെട്ടിയതുപ്പോലെ നിന്നു.തല വെട്ടിച്ചു ഞാറ്റുപ്പുരയ്ക്കകത്തേയ്ക്കു നോക്കി.കാണാൻ കൊതിച്ചിരുന്ന മുഖം കളപ്പുരയ്ക്കകത്ത് തൂണുകളുടെ മറപറ്റി നില്പുണ്ടോ?നാനാ ദിക്കുകളിലേയ്ക്കും കണ്ണുകൾ പായിച്ചു.കണ്ടു കിട്ടാതെ വന്നപ്പോൾ കനം തൂങ്ങുന്ന മനസ്സുമായി രണ്ടു ചുവട് മുമ്പോട്ട് വച്ചു.പെട്ടെന്നായിരുന്നു പിന്നിൽ നിന്നൊരു വള കിലുക്കം കേട്ടത്.
ശങ്കറിന്റെ വെള്ളാരം കണ്ണുകൾ തിളങ്ങി,മനസ്സ് മന്ത്രിച്ചു താമര!....
ഒറ്റക്കല്ലിൽ ചെതുക്കിയ ശില്പം വരെ നാണിച്ചു തലതാഴ്ത്തും,ആ സൗന്ദര്യത്തിനു മുന്നിൽ.ചുവന്ന കല്ലു പതിപ്പിച്ച മൂക്കുത്തിയിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. മുടിയിൽ ചൂടിയ കനകാമ്പരത്തിന്റെ മണം, നാസിക പിടിച്ചെടുത്തപ്പോൾ,മനസ്സ് ശരീരമറിയാതെ അവളിലേയ്ക്ക് കൂടുതൽ ആകർഷിക്കുകയായിരുന്നു.
: നിങ്ങളെന്താന്ന് ആദ്യായി കാണുമ്പോലെ ഇങ്ങനെ നോക്കണ്....
ശങ്കറിന്റെ ചുഴ്ന്നു നോട്ടം ശ്രദ്ധയിൽ പെട്ടതുകൊണ്ടാവണം അവൾ അങ്ങനെ ചോദിച്ചത്.
ഭാഷ പരിഷ്ക്കാരം ഗ്രാമങ്ങളിൽ വന്നു നിറഞ്ഞിട്ടും അവളുടെ നാവിനു മാത്രം
വഴങ്ങാത്തതെന്താണ്?എങ്കിലും നീട്ടിയും കുറുക്കിയുമുള്ള അവളുടെ സംസാരം കേൾക്കാൻ നല്ല ചേലാണ്.
: നിന്റെ അഴക് കണ്ട് നോക്കിയതാണ് പുള്ളേ....
അതു കേട്ട് താമരയുടെ കവിളിൽ തുണക്കുഴികൾ തെളിഞ്ഞു,പെരുവിൽ കൊണ്ടവൾ നിലത്ത് കളം വരച്ചു.
: അപ്പൻ എനക്ക് ചെക്കനേ
നോക്കണ്ട്ട്ടോളിൻ...
ആഹ്ലാദത്തിന്റെ താരകമുദിച്ചു നിന്ന ശങ്കറിന്റെ മുഖത്ത്,വേദനയുടെ കാർമേഘം വന്നു നിറഞ്ഞു. വെട്ടിയാൻ എങ്ങനെയാണ് മേലാളന്റെ പടിപ്പുര താണ്ടി ചെന്ന് പെണ്ണ് ചോദിക്കുക?താഴ്ന്ന ജാതിയിൽ ജനിച്ചതോർത്ത് അന്ന് ആദ്യമായി അവന്റെ മനസ്സ് പിടഞ്ഞു.ജാതിയുടെ പേരിൽ മനുഷ്യനെ പിരിച്ചപ്പോൾ വെട്ടിയാന്റെ വേഷം കെട്ടി കാശുള്ളവരുടെ മുന്നിൽ ഓച്ഛാനിച്ചു നിന്ന കുലം കുത്തികളായ പൂർവ്വികരോടുള്ള പുച്ഛം ശങ്കറിന്റെ മുഖത്ത് പ്രകടമായി.
: അപ്പന്റെ ആഗ്രഹമാണോ നിനക്കും?..
അതു കേട്ട് അവളുടെ മിഴികൾ നിറഞ്ഞു.
കാലമൊരുപ്പാടായി താമരയെ കാണുന്നു,അങ്ങനെയൊരു ആഗ്രഹം അവൾക്കുണ്ടെങ്കിൽ,താൻ പലതവണ ഒഴിഞ്ഞു മാറാൻ ശ്രമിച്ചപ്പോൾ,അവൾ കൂടുതൽ ശക്തിയോടെ തന്നിലേയ്ക്ക് അടുക്കില്ലായിരുന്നു.പിന്നീട് ആലോചിച്ചപ്പോൾ തോന്നി അവളെ കരയിക്കേണ്ടിയിരുന്നില്ലെന്ന്.
: ഒരു തമാശ പറഞ്ഞതാണ് പുള്ളേ......
ശങ്കർ അവളുടെ കൈതണ്ടയിൽ കടന്നു പിടിച്ചു.......
സങ്കടം മുറ്റി നിന്ന അവളുടെ മിഴികളിൽ പ്രണയത്തിന്റെ മാസ്മരികഭാവം വിസ്മയം വിരിയിച്ചു തുടങ്ങി........
ആ കളപ്പുരക്കകത്ത് തങ്ങി നിന്ന വായുവിൽ കാമത്തിന്റെ ഗന്ധം പടർന്നു.ഉണങ്ങിയ
തുവരച്ചെടികളുടെ മുകളിൽ കിടന്ന്, രണ്ടു നഗ്നശരീരങ്ങൾ കാട്ടിയ കൂട്ടിയ കോപ്രായങ്ങളിൽ തുവരകായകൾ പൊട്ടിത്തെറിച്ചു.താമരയുടെ ശരീരത്തിൽ നിന്നും വിയർപ്പുതുള്ളികൾ പൊടിഞ്ഞു.ആ നേർത്ത ജലകണങ്ങൾക്ക് ചന്ദനത്തിന്റെ സുഗന്ധം!! പരിമളം പടർത്തുന്ന ശരീരത്തിൽ തളർന്ന് കിടക്കുമ്പോൾ ശങ്കറിന് തോന്നി. പുരുഷൻ ഒരിക്കലും സ്ത്രീയെ ജയിക്കാൻ പ്രാപ്തനായിട്ടില്ലെന്ന്. സ്ത്രീ ബുദ്ധിയോടു കൂടി കാമവികാരത്തെ സമീപിക്കുമ്പോൾ,പുരുഷൻ കരുത്തിലൂടെ കീഴടക്കാൻ നോക്കും, ബുദ്ധിയും ശക്തിയും മാറ്റുരക്കുന്ന മത്സരത്തിൽ അന്തിമ ജയം സ്ത്രീക്ക് അനുകൂലമായിരിക്കും...
കളപ്പുരയിൽ പിറന്നപടി കിടക്കുമ്പോൾ,ആരെങ്കിലും കടന്നു വരുമെന്നുള്ള ചിന്തകളൊന്നും ലവലേശം അവരിൽ ഉണ്ടായിരുന്നില്ല. പ്രണയത്തിന്റെ അനിർവചീനയമായ അനുഭൂതിയിലേയ്ക്ക് അവരുടെ മനസ്സ് പൂർണ്ണമായും അടിമപ്പെട്ട് കഴിഞ്ഞിരുന്നു.ആ മായി കാവലയത്തിൽ അകപ്പെട്ട് കിടക്കുമ്പോൾ താമര ചോദിച്ചു.
: എന്നെ എന്നു തിരുമണം ശെയ്യും.....
പ്രതീക്ഷയോട് തന്റെ മുഖത്തേക്ക് നോക്കുന്ന,താമരയുടെ കണ്ണുകളിലേയ്ക്കു നോക്കി പറഞ്ഞു.
: നാളെ ഒരു സൂര്യോദയമുണ്ടെങ്കിൽ നിന്റെ കഴുത്തിൽ മിന്നു കെട്ടും.....
ആ ഉറച്ച വാക്ക് അവളിൽ സന്ദേഹത്തിനിടം നല്കിയില്ല,കാരണം ശങ്കറിന്റെ വാക്ക് അവന്റെ ജീവൻ തന്നെയാണ്.
പേക്കൂത്തിനിടയ്ക്ക് അരയിൽ
നിന്നും തെറിച്ചുപ്പോയ അരഞ്ഞാണമെടുത്ത് അവൾ ശങ്കറിനു നേരെ നീട്ടി.
: ഇതുരുക്കി താലി പണിയിക്ക് ......
ആ അരഞ്ഞാണം വാങ്ങിച്ച് ശങ്കർ താമരയുടെ അരയിൽ ചുറ്റിക്കൊരുത്തു.
: നിന്റെ അരക്കെട്ടിൽ കിടക്കുമ്പോഴാണ് പുള്ളേ ഈ പൊന്ന് അരഞ്ഞാണത്തിന് ഭംഗി.....
താമര ശരീരത്തിൽ നിന്നും ശങ്കറിനെ തള്ളിമാറ്റി. നിലത്തു കിടന്നിരുന്ന വസ്ത്രങ്ങളെടുത്തു ധൃതിയിൽ ധരിച്ചു.
വീട്ടിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ശങ്കർ ഓർമ്മിപ്പിച്ചു.
: രാവിലെ ആറു മണിക്ക് മാങ്കരയമ്മൻ കോവിലേയ്ക്ക് വരണം....
താമര വരമെന്നേറ്റു യാത്ര പറഞ്ഞു.
ആണ്ടുകളായി കൊണ്ടു നടക്കുന്ന പ്രണയമെന്ന വികാരത്തിന്റെ അന്ത്യമാണിന്ന്.നാളെ കാമുകനിൽ നിന്നും ഭർത്താവിലേയ്ക്കുള്ള പരകായപ്രവേശമാണ് കടമകളും കടപ്പാടുകളും കൂടുകയാണ്, വരുംവരായ്കകളെ കുറിച്ചോർത്ത് ഉറച്ച കാൽവെപ്പുകളോട് ശങ്കർ നടന്നു.തട്ടാന്റെ പട്ടര നോക്കി.......
മധുര സ്വപ്നങ്ങൾ കണ്ടുറങ്ങിയ ആ സുന്ദര രാത്രി,പുലരി സൂര്യന്റെ മുമ്പിൽ വഴിമാറി കൊടുത്തു.ശങ്കർ എഴുന്നേറ്റ് കുളിച്ച് വസ്ത്രം മാറി.തട്ടാൻ പണികഴിപ്പിച്ചു നല്കിയ താലിയെടുത്ത് അരയിൽ തുരുകി കോവിലിലേയ്ക്ക് നടന്നു.
ആയിരം കണ്ണുള്ള ദേവിയെ
മുൻനിർത്തി താമരയുടെ കഴുത്തിൽ ശങ്കർ വരണമാല്യം ചാർത്തി.
അവിടെ കൂടിനിന്നരുന്ന ആളുകളടക്കം പറഞ്ഞു.
: വണ്ണിയർ പെണ്ണിനെ വെട്ടിയാൻ ചെക്കൻ തിരുമണം ശെയ്തു....
ആ വാർത്ത കാട്ടുതീപ്പോലെ പടർന്നു. ആ വാർത്തയും കൊണ്ട് ആരോ ഒരാൾ താമരയുടെ വീട് ലക്ഷ്യമാക്കി ഓടി...
വാർത്തികൻ പറഞ്ഞതു കേട്ട് താമരയുടെ അച്ഛൻ ഉറഞ്ഞു തുള്ളി.ഇറയത്ത് തിരുകി വെച്ചിരുന്ന കൊടുവാളെടുത്ത് മൂത്ത മകനേ ഉറക്കെ വിളിച്ചു
: ശെൽവം ആ കൂത്തിച്ചി മകൾ ചതിച്ചെടാ......
അച്ഛന്റെ കലി തുള്ളി നില്ക്കുന്ന ഭാവം കണ്ട് ശെൽവൻ അമ്പരപ്പോടെ തിരക്കി.
: എന്തു പറ്റി അപ്പാ?.......
: നിന്റെ തങ്കച്ചി താമര ആ വെട്ടിയാൻ ചെക്കനെ കല്യണം കഴിച്ചു,ആ രണ്ടിനെയും ......
ശെൽവത്തിന്റെ സിരകളിൽ ജാതി വെറി പടർന്നു പിടിച്ചു.കണ്ണുകളിൽ തീക്ഷ്ണതയോടെ പക ജ്വലിച്ചു,മുണ്ട് മടക്കികുത്തി അച്ഛനോടെപ്പം ചാടിയിറങ്ങി.
കോവിലിൽ തൊഴുതിറങ്ങിയ ശങ്കറിന്റെ,ശിരസിലേയ്ക്കായിരുന്നു താമരയുടെ അച്ഛന്റെ കൈയിലിരുന്ന കൊടുവാൾ ആദ്യം പതിച്ചത്. അതു കണ്ട് താമര വലിയ വായിൽ നിലവിളിച്ചു.ആ നിലവിളി കേൾക്കാൻ നേരമില്ലാതെ,കൊടുവാൾ പിടിച്ച കരം ശങ്കറിന്റെ ശരീരത്തിനു നേരെ പല തവണ ഉയർന്നു പൊങ്ങി.ശങ്കറിന്റെ ശ്വാസം നിലച്ചെന്ന് ഉറപ്പു വരുത്തി ശേഷം ശെൽവത്തിനു നേരേ കൊടുവാൾ നീട്ടി.
: കുലം മുടിക്കാൻ ജനിച്ചവൾ ഇനി ഈ ഭൂമുഖത്ത് വേണ്ട......
ബന്ധങ്ങളെ തിരിച്ചറിയാത്ത വിധം ജാതിയെന്ന പെരുമരം,ആ മനുഷ്യരുടെ മുന്നിൽ പിന്നെയും വളർന്നു വലുതായി.
മാരകമായൊരു ആയുധം തലയിൽ വന്നു പതിക്കുന്നതോ,തലയോട്ടി പിളർന്ന് ചോര ഒഴുകുന്നതോ താമര അറിയുന്നുണ്ടായിരുന്നില്ല. അസാധാരണമായ ഏതോ ഒരു വികാരത്തിനടിമപ്പെട്ട്,പാതി അടഞ്ഞ ശങ്കറിന്റെ മിഴികളിൽ നോക്കി ആ ചെമ്മൺ പാതയുടെ നടുവിൽ താമര കിടന്നു.
മരണത്തിന്റെ ഗന്ധവും പേറി ഗ്രാമത്തിന്റെ തെരുവോരങ്ങളിൽ,ആ കാറ്റ് ചൂളം വിളിച്ച് അലറി കരഞ്ഞു.....
***********
ആ കൊലപാതകം നിസ്സഹായതയോടെ നോക്കി നില്ക്കേണ്ടിവന്ന, ദൃക്സാക്ഷിയെന്ന നിലക്ക് നേരിട്ടു കണ്ട കാര്യം ഞാൻ കോടതയിൽ ധരിപ്പിച്ചു.കോടതി മുറിയിൽ വാദിഭാഗത്തിന്റെയും, പ്രതിഭാഗത്തിന്റെയും വാക്പോരാട്ടങ്ങൾ തകൃതിയായി നടന്നു. കൊലപാതക രംഗങ്ങൾ കണ്ടു നിന്ന ഞാനുൾപ്പെടെയുള്ള ദൃക്സാക്ഷികൾ,കൃത്യം ചെയ്ത കുറ്റവാളികൾ അവരുടെയൊക്കെ മുഖങ്ങൾ,നിയമത്തിന്റെ കൂട്ടിൽ പല തവണ മിന്നി മറഞ്ഞു. ഒടുവിൽ ഇരുട്ടിന്റെ മറപറ്റി നിന്ന സത്യം വെളിച്ചത്തേയ്ക്കു വന്നു.പരമോന്നത നീതിപീഠം ആ പാപികൾക്ക് ശിക്ഷ വിധിച്ചു.
'മരണം വരെ തൂക്കിലേറ്റുക!
ആ വിധി കേട്ട് സംതൃപ്തിയോടെ കോടതി വളപ്പിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി, ചെമൺ പാതയോരത്തു കൂടെ നടന്നു. പുറകിൽ നിന്നൊരു വളകിലുക്കം കേട്ട് തിരിഞ്ഞു നോക്കി.
ആകാംഷയോടെ വായനക്കാർ തിരക്കിയേക്കും
: ആ കുപ്പി വളകിലുക്കം ആരുടേതായിരുന്നു?......
: മനസ്സ് എന്ന മായാപ്രപഞ്ചത്തിന്റെ ഉള്ളറകളിൽ നിന്നും തോന്നിയ, വെറുമൊരു മിഥ്യ മാത്രമായിരുന്നത്.
വെറുമൊരു മിഥ്യ മാത്രം........

************************************
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo