Slider

സീമന്ത രേഖ ഭാഗം - 2

0


ദിവസങ്ങൾ ചാരുവിന് പാമ്പ് ഇഴയും പോലെ സാവധാനത്തിലായി തോന്നി. മടുപ്പ് അവളെ മെല്ലെ ബാധിക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ അലസമായി ഇരിക്കുന്ന ഒരു ദിവസത്തിലാണ് പപ്പാ അവളെ തേടിയെത്തിയത്.
"എന്താ ഇങ്ങനെ ഇരിക്കണേ... പോകാൻ റെഡി ആവുന്നില്ലേ..?"
"എങ്ങോട്ട് പോകാൻ...?"
"ഇന്ന് കല്യാണ തലേന്നല്ലേ...?"
"ആരുടേയാ പപ്പാ..?"
"ഹാ... മോള് മറന്നോ... മാനസിയുടെ ചേട്ടന്റെ കല്യാണം അല്ലെ നാളെ..."
ചാരുവിന് അപ്പോഴാണ് ആ കാര്യം ഓർമ്മ വന്നത്. മാനസി ഹരിക്ക് വിവാഹം നിശ്ചയിച്ചിരിക്കുന്ന പെൺകുട്ടിയാണ്. അവളുടെ സഹോദരന്റെ വിവാഹമാണ് നാളെ. അടുത്ത ബന്ധുക്കൾ ആകാൻ പോകുന്നതാണ്. ഇന്ന് പോകേണ്ടത് അത്യാവശ്യമാണ്. അവൾ അധികം വൈകാതെ തയ്യാറായി വന്നു.
ആ വീട്ടിൽ അവൾ മുൻപൊരിക്കൽ പോയിട്ടുണ്ടെങ്കിലും ചാരുവിന് അവിടെ വല്ലാത്തൊരു അപരിചിതത്വം തോന്നി. നിറയെ ആളുകൾ. തിരക്കും ബഹളവും. ബന്ധുക്കൾ ആകാൻ പോകുന്നതുകൊണ്ട് ഒഴിഞ്ഞു മാറാനും വയ്യ. കൂട്ടത്തിൽ അവളുടെ വിവാഹത്തിന്റെ ചർച്ചയും. അതാണ് അവൾക്ക് ഏറെ അലോസരമായി തോന്നിയത്.
മാനസിക്ക് ചാരുവിനേക്കാൾ പ്രായം കുറവാണ്. അവളുടെ വിവാഹം നിശ്ചയിച്ചിട്ടും ചാരുവിന് ആലോചനകൾ ഒന്നും ശരിയാവാത്തതിൽ എല്ലാവർക്കും ഒരു കപട സഹതാപം ഉണ്ടായിരുന്നു. ആ വിഷയം ചർച്ചക്ക് വരുമ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.
മാനസി വിവാഹം കഴിഞ്ഞ് ചെല്ലുമ്പോൾ ചാരു അവിടെ ഉണ്ടായാൽ പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്ന ഭയം ഉള്ളതുപോലെ പലരുടെയും സംസാരത്തിൽ അവൾക്ക് തോന്നി. വല്ലാത്തൊരു അസ്വസ്ഥത അവിടെ അവൾക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അവൾ ഒഴിഞ്ഞു മാറി ഒരു മൂലയിൽ പോയി നിന്നു.
വരേണ്ടിയിരുന്നില്ല എന്ന് തോന്നി ചാരുവിന്. ഈ ചോദ്യങ്ങൾ തന്റെ നേർക്ക് നീളുമ്പോഴൊക്കെ താൻ ഇത്രകണ്ട് അസ്വസ്ഥയാകുന്നത് എന്തിനാണെന്നും അവൾ ഓർത്തു. ഒരു മറുപടി കിട്ടിയില്ലെങ്കിലും ഒരു കാര്യം അവൾക്കുറപ്പായി കഴിഞ്ഞിരുന്നു. ഹരിയേട്ടന്റെ വിവാഹത്തോടെ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന്.
"എന്താ ഇവിടെ നിൽക്കുന്നെ..?"
ചാരു തിരിഞ്ഞ് നോക്കി. കല്യാണ ചെറുക്കനാണ്. മാനസിയുടെ ഏട്ടൻ, ജയദേവൻ. പുഞ്ചിരിച്ചുകൊണ്ട് അയാൾ നടന്നടുത്തു.
"ഒന്നൂല്യ വെറുതെ..."
"മാനസി പറഞ്ഞു വന്നിട്ടുണ്ടെന്ന്... "
ചാരു ഒന്ന് പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
"എന്ത് പറ്റി..? അളിയൻ പറഞ്ഞല്ലോ ഭയങ്കര വായാടിയാണെന്ന്... ഇവിടെ ഒന്നും മിണ്ടാതെ മാറിനിൽക്കുവാണല്ലോ...?"
"ഒന്നൂല്യ ഒരു കമ്പനി കിട്ടിയില്ല.. എല്ലാരും ബിസി."
"അത്രേയുള്ളു. കുറച്ച് നേരം ഞാൻ കമ്പനി തരാം. പോരെ..?"
ചാരു ചിരിച്ചു. അവർ എന്തൊക്കെയോ സംസാരിച്ച് നിന്നു. പതിയെ ചരുവിന്റെ ബോറടി മാറാൻ തുടങ്ങി. പക്ഷെ ആ സംസാരം വീണ്ടും വിവാഹചർച്ചയിൽ എത്തി.
"എന്താ കല്യാണം കഴിക്കാത്തെ... സമ്മതിക്കുന്നില്ലെന്ന് പറയുന്ന കേട്ടല്ലോ..?"
"ഹേയ്... അങ്ങനൊന്നുമില്ല. പതിയെ മതിയല്ലോ. ഞാൻ പഠിപ്പ് കഴിഞ്ഞ് വന്നല്ലേ ഉള്ളു."
"അത് നേരാ.. പെട്ടെന്ന് കല്യാണം കഴിച്ചാൽ ഉള്ള സ്വാതന്ത്ര്യം പോകും.."
ചാരു ചിരിച്ചു.
"എന്താ ചിരിക്കൂന്നേ...? ശരിയല്ലേ...?"
"അതെ. പക്ഷെ അതീ കല്യാണത്തലേന്ന് തന്നെ പറയണം.."
പുഞ്ചിരിച്ചുകൊണ്ട് ജയൻ മറുപടി പറഞ്ഞു.
"എനിക്കിപ്പോ കല്യാണം കഴിക്കാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല. അച്ഛന്റെ നിർബന്ധമാ... ജാതകത്തിൽ എന്തോ... പിന്നെ മാനസി പോകുമ്പോ വീട്ടിൽ ആളില്ലാതാവും. അതോണ്ട് ഉടനെ കെട്ടണം എന്ന അന്ത്യശാസനം. ഞാൻ അനുസരിക്കുന്നു എന്ന് മാത്രം."
ചാരു വീണ്ടും ചിരിച്ചു. പക്ഷെ അവളുടെ മനസ്സിൽ ആയിരം ചിന്തകൾ കടന്നു പോയി. താല്പര്യമില്ലാതെ ഒരു കല്യാണം. അത് തന്നെയാണ് തന്റെ ജീവിതത്തിലും സംഭവിക്കാൻ പോകുന്നത്. തനിക്കൊരു വിവാഹത്തിന് സമ്മതം ആകും വരെ ആരും കാത്തിരിക്കാൻ തയ്യാറാവില്ല. തന്റെ സ്വാതന്ത്യ്രത്തിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് എന്തുകൊണ്ടോ അവൾക്ക് തോന്നി.
വൈകീട്ട് തിരിച്ച് വീട്ടിലേക്ക് പോകുന്ന വരെയും അവൾ ആ ചിന്തകളെ മനസ്സിലിട്ട് തിരിച്ചും മറിച്ചും ആലോചിച്ചു നോക്കി. ആശങ്കകൾ കൂടിയതല്ലാതെ ഒട്ടും ആശ്വാസം ഉണ്ടായില്ല. നാളെ കല്യാണത്തിന് ഇതിൽ കൂടുതൽ ആളുകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരുമല്ലോ എന്ന് ആലോചിച്ച് അവൾ കൂടുതൽ അസ്വസ്ഥയായി.
പിറ്റേന്ന് കല്യാണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്നെ മമ്മിയുടെ അശരീരി വന്നു. 'സാരി ഉടുത്താ മതി.' അതെന്തിനാണെന്ന് വളരെ വ്യക്തമായി അറിയാം. ചാരുവിന് പക്ഷെ അല്പം പോലും ഇഷ്ടമുണ്ടായിരുന്നില്ല. രാവിലെ തന്നെ ഒരു വഴക്ക് വേണ്ട എന്ന് കരുതി അവൾ ഒരു സാരി എടുത്തുടുത്തു.
കണ്ണാടിയിൽ നോക്കിയപ്പോൾ കല്യാണ പ്രായം ആയി എന്നവൾക്ക് തന്നെ തോന്നി. അതോടെ അവൾ ആ നോട്ടം തന്നെ അവസാനിപ്പിച്ച് പെട്ടെന്ന് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. പപ്പയും മമ്മിയും തയ്യാറായി കഴിഞ്ഞിരുന്നു. സമയം പാഴാക്കാതെ ഞങ്ങൾ പുറപ്പെട്ടു.
അവർ നേരെ ക്ഷേത്രത്തിലേക്കാണ് പോയത്. അവിടെ എത്തിയപാടെ അവൾ തൊഴാൻ ക്ഷേത്രത്തിനകത്തേക്ക് കയറി. ഇപ്പോഴുള്ള മനഃപ്രയാസത്തിന് ഒരു പരിഹാരം കാണണേ.. എന്ന് ദേവിയോട് കേണപേക്ഷിച്ചു. തിരിച്ചിറങ്ങി വരുമ്പോഴാണ് അവൾ ഓരോ മുഖങ്ങളിലും ശ്രദ്ധിച്ചത്. വല്ലാത്തൊരു ഗൗരവം എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. അവൾ ഓരോരുത്തരെയും മാറി മാറി നോക്കി. എല്ലാവരിലും ഒരു മ്ലാനത. ചാരുവിന് ഒന്നും മനസ്സിലായില്ല.
അവൾ നേരെ നടന്ന് പപ്പയുടെ അടുത്തേക്ക് ചെന്നു. അവിടെ മുതിർന്നവർ എന്തോ കാര്യമായ ചർച്ചയിലാണ്. മമ്മിയുടെ കൂടെ നിൽക്കാം. ഇപ്പോൾ അങ്ങോട്ട് പോകുന്നത് ഉചിതമല്ല. അവൾ ഓർത്തു. മമ്മിയുടെ അടുത്ത് ചെന്നപ്പോഴും ഒരു വല്ലായ്മ തോന്നി.
"എന്താ മമ്മി...? എന്തോ പ്രശ്നം ഉണ്ടല്ലോ..?"
രഹസ്യമായി ചോദിച്ചെങ്കിലും മിണ്ടരുതെന്ന് മമ്മി കണ്ണുരുട്ടി കാണിച്ചു. വിഷയം വളരെ ഗൗരവമുള്ളതാണെന്ന് മനസ്സിലായപ്പോൾ ചാരു അവിടെ നിന്നും പതുക്കെ മാറി നിന്നു. അവൾക്ക് ആകപ്പാടെ അസ്വസ്ഥത തോന്നി.
ഒഴിഞ്ഞ് മാറി നിന്നെങ്കിലും കാര്യം എന്താണെന്ന് അറിയണമെന്ന് അവൾക്ക് ആഗ്രഹം തോന്നി. പപ്പയുടെ അടുത്ത് ചെന്നാൽ വിവരം അറിയാം. പക്ഷെ ഇപ്പോൾ അങ്ങോട്ട് പോകുന്നത് അത്ര പന്തിയല്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു. അവൾ പപ്പയെ നോക്കി. അദ്ദേഹം തന്നെ നോക്കുന്നുണ്ട്.
'എന്തെ?' എന്നവൾ ആംഗ്യം കാണിച്ചു. ഒന്നുമില്ലെന്ന് പപ്പയും മറുപടി കാണിച്ചു. അതോടെ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന എല്ലാവരുടെയും നോട്ടം അവളുടെ നേർക്ക് നീണ്ടു. അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ നിന്നു.
ആ നിൽപ്പിൽ അവൾക്ക് അല്പം പന്തികേട് തോന്നി. അവൾ മെല്ലെ നടന്ന് മാനസിയുടെ അടുത്തേക്ക് ചെന്നു. അവൾ കരച്ചിലിന്റെ വക്കിലാണ്. എന്താ കാര്യമെന്ന് അറിയില്ലെങ്കിലും എല്ലാം അറിഞ്ഞ ഭാവത്തിൽ അവളെ ആശ്വസിപ്പിക്കും പോലെ ചാരു കൂടെ നിന്നു.
എന്താണ് കാര്യം എന്നറിയാനുള്ള ആഗ്രഹം ഉണ്ടായെങ്കിലും ഒന്നും അവൾ ചോദിച്ചില്ല. എന്തായാലും വിഷയം ദുഃഖകരമാണെന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു. അത് കുത്തികുത്തി ചോദിച്ച് ആരെയും വേദനിപ്പിക്കേണ്ട എന്നവൾ നിശ്ചയിച്ചു.
അല്പം നേരം കഴിഞ്ഞപ്പോൾ പപ്പയും മമ്മിയും അവളുടെ അടുത്തേക്ക് വന്നു. ചാരുവിനെ അവർ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറ്റി നിർത്തി. എന്തോ ഗൗരവമുള്ള വിഷയം തന്നെ അറിയിക്കാനാണ് അവരുടെ വരവെന്ന് ചാരു പെട്ടെന്ന് മനസ്സിലാക്കി.
"എന്താ പപ്പാ...?"
"അത്... മോളെ... ഒരു വിഷയം ഉണ്ട്..."
ചാരു സംശയത്തിൽ പപ്പയെ ഉറ്റുനോക്കി.
"കല്യാണപെണ്ണ്... കല്യാണപെണ്ണ് ഇന്ന് രാവിലെ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടി.."
ചാരുവിന് കേട്ടത് വിശ്വസിക്കാനായില്ല. അന്ധാളിപ്പിൽ അവളങ്ങനെ നിന്നു പോയി. ഇന്നലെ കണ്ട ജയേട്ടന്റെ മുഖം അവളുടെ മനസ്സിലേക്ക് ഓടി വന്നു. അയാളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് വല്ലാത്ത വിഷമം തോന്നി.
"മോളെ... എല്ലാരും പപ്പയോട് ഒരു കാര്യം ചോദിക്കുന്നു. അത് മോളോട് ചോദിക്കാനാ പപ്പ വന്നത്.."
അവൾ പപ്പയെ നോക്കി.
"അത് മോളെ... അവന്റെ ജാതകത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്. ഇപ്പൊ കല്യാണം നടന്നില്ലേൽ പിന്നെ കുറെ വൈകും. അതോണ്ട്..."
"അതോണ്ട്..?"
"അതോണ്ട്.. മോളെ കല്യാണം കഴിച്ചു കൊടുക്കുമോ എന്ന് ചോദിക്കുന്നു..."
തലകറങ്ങുന്ന പോലെ തോന്നി ചാരുവിന്. പപ്പ ഒരു തമാശ പറയുകയാണോ എന്നവൾക്ക് സംശയം തോന്നി. അടുത്ത നിമിഷം അവൾ സമനില വീണ്ടെടുത്തു.
"പറ്റില്ലെന്ന് പറയാമായിരുന്നില്ലേ പപ്പക്ക്..."
പറഞ്ഞതല്പം കടുത്ത ഭാഷയിൽ ആയിപ്പോയോ എന്ന് ചാരുവിന് പിന്നീട് തോന്നി. പക്ഷെ തന്റെ തീരുമാനം അതാണ്. അതേതുവിധേനയും പറഞ്ഞെ പറ്റൂ.
"അതങ്ങനെ ഒറ്റയടിക്ക് പറയാൻ പറ്റുമോ മോളെ..?"
"എന്തുകൊണ്ട് പറ്റില്ല.."
"മോളെ...നമ്മുടെ അടുത്ത ബന്ധുക്കൾ ആണിവര്. ഇവർക്കൊരു പ്രശ്നം വരുമ്പോ നമ്മൾ കൂടെ നിൽക്കണം. അതിനിടയിൽ കടുപ്പിച്ചൊരു 'നോ' പറയാൻ പറ്റില്ല. ആലോചിച്ച് വേണം സംസാരിക്കാൻ."
പപ്പ പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നി ചാരുവിന്. പക്ഷെ ഇത് പറയാതെ മറ്റു നിവൃത്തിയും മുന്നിലില്ല. ഒരു വിവാഹത്തിന് മനസ്സ് കൊണ്ട് താൻ തയ്യാറല്ല. അത് ആരെയും വേദനിപ്പിക്കാതെ പറഞ്ഞു തീർക്കണം. ചാരു അതിനുള്ള വഴികൾ ആലോചിച്ചു.
"നീ ഒരു മറുപടി പറഞ്ഞില്ല..."
ചാരു അത്ഭുത ഭാവത്തിൽ അദ്ദേഹത്തെ നോക്കി.
"എനിക്കിപ്പോ ഒരു വിവാഹത്തിന് സമ്മതമല്ല. ഞാൻ പറഞ്ഞതല്ലേ എനിക്ക് കുറച്ച് സമയം വേണമെന്ന്.."
"ഉവ്വ്... പക്ഷെ സാഹചര്യം ഇതായിപ്പോയില്ലേ.."
"അതുകൊണ്ട്...? എനിക്ക് പറ്റില്ല പപ്പാ.."
കരയും പോലെ ആയി ചാരുവിന്റെ ശബ്ദം.
"നോക്ക് മോളെ.. പപ്പ ചില കാര്യങ്ങൾ പറയാം.. നിന്നെ ആരും നിർബന്ധിക്കില്ല. പക്ഷെ വേറെ ചില കാര്യങ്ങൾ ഉണ്ട്."
ചാരു അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർത്തു.
"നമ്മൾ ഇവരുമായി ഒരു ബന്ധം സ്ഥാപിക്കാൻ പോകുന്നവരാണ്. ഹരിയുടെ കല്യാണം കഴിഞ്ഞാൽ ഏറ്റവും അടുത്ത ബന്ധുക്കൾ നമ്മളാണ്. ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ കൂടെ നിൽക്കേണ്ടതും നമ്മളാണ്. പിന്നെ നീ കല്യാണപ്രായമായ കുട്ടിയാണ്. അവരുടെ മകളേക്കാൾ മുതിർന്നവൾ. സ്വാഭാവികമായും നിന്റെ നേരെ വിരൽ ചൂണ്ടും.
മുൻപേ തന്നെ ഒരു ബന്ധം പറഞ്ഞുറപ്പിച്ച് വച്ചിട്ടുള്ളതുകൊണ്ട് ആ ചോദ്യത്തിന് ശക്തി കൂടുകയും ചെയ്യും. ഞാൻ വേണ്ട എന്ന് പറഞ്ഞാൽ ഈ പ്രശ്നം ഇവിടെ തീരും. നമുക്ക് തിരിച്ച് പോകുകയും ചെയ്യാം. പക്ഷെ നാളെ ഹരിയുമായുള്ള ബന്ധത്തിന് അതൊരു വിള്ളൽ ആകും. ആവശ്യം നേരത്ത് കൈയൊഴിഞ്ഞവരായി നമ്മളെ കാണും.
പക്ഷെ ഇതിനൊന്നിനും വേണ്ടി എന്റെ മോള് ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിന് സമ്മതിക്കണം എന്ന് പപ്പ പറയില്ല. നന്നായി ആലോചിച്ച് നോക്കിട്ട് മതി."
ചാരു പപ്പയുടെ മുഖത്തേക്ക് നോക്കി. വല്ലാത്തൊരു ഗൗരവം ആ മുഖത്തുണ്ടായിരുന്നു. ആ ഗൗരവത്തോടെ തന്നെ അദ്ദേഹം തുടർന്നു.
"പിന്നെ.. എന്റെ മനസ്സിൽ നേരത്തെ ഒരാഗ്രഹം ഉണ്ടായിരുന്നു. ജയനെപ്പോലെ ഒരു പയ്യനെ വേണം എന്റെ മോൾക്ക് വേണ്ടി കണ്ടു പിടിക്കാൻ എന്ന്. ഇതിപ്പോ ഇങ്ങനെ ഒക്കെ വന്നപ്പോ. പപ്പക്കൊരു തോന്നൽ, എല്ലാം ഒരു നിയോഗമാണെന്ന്..."
ചാരുവിന് ആ നിയോഗത്തിൽ ഒട്ടും വിശ്വാസം തോന്നിയില്ല. അവൾക്ക് അവിടെ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗമായിരുന്നു അപ്പോൾ വേണ്ടിയിരുന്നത്. അവൾ അതിനായി ചുറ്റും നിൽക്കുന്നവരെ നോക്കി. പക്ഷെ പരാജയം ആയിരുന്നു ഫലം.
അവളുടെ തീരുമാനം അറിയാനായി എല്ലാവരും അവളെ ഉറ്റുനോക്കി. മനസ്സിലുള്ള ഉത്തരം വിളിച്ചു പറയുവാൻ അവൾക്ക് ഭയം തോന്നി. പ്രതീക്ഷയോടെ അവളെ നോക്കുന്ന ഓരോ മുഖങ്ങളും താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി. തീരുമാനം വൈകുന്നു എന്ന് തോന്നിയതുകൊണ്ട് മറ്റു ചിലരും അവരുടെ അടുത്തേക്ക് വന്നു.
പിന്നെ ഉപദേശങ്ങൾ മാത്രമായിരുന്നു കേട്ടുകൊണ്ടിരുന്നത്. പലതും പറഞ്ഞ് അവർ അവളെ സമ്മതിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവളുടെ തീരുമാനത്തിന് മാറ്റം ഉണ്ടായില്ല. ഒടുവിൽ ഇത് നടക്കില്ല എന്ന് തന്നെ പപ്പ അവരെ അറിയിച്ചു.
പക്ഷെ എല്ലാം കേട്ട് മാറി നിന്നിരുന്ന ജയേട്ടന്റെ അച്ഛൻ എന്തോ ഓർത്തിട്ടെന്നപോലെ അവളെ തേടി വന്നു. കുറച്ച് നേരം ഒന്നും മിണ്ടാതെ അദ്ദേഹം തലകുനിച്ച് നിന്നു. പിന്നെ മെല്ലെ മുഖമുയർത്തി. ചുവന്നു കലങ്ങിയ ആ കണ്ണുകളിൽ കണ്ണുനീരിന്റെ നനവ് കണ്ടപ്പോൾ അവൾക്ക് വല്ലാത്ത പിടച്ചിൽ തോന്നി. അദ്ദേഹം എന്തൊക്കെയോ പറയാൻ തുടങ്ങുകയാണെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ എന്ത് പറഞ്ഞാലും തന്റെ തീരുമാനം മാറില്ല എന്ന് അവൾ ഉറപ്പിച്ചുകൊണ്ട് ആ വാക്കുകൾക്ക് കാതോർത്തു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo