Slider

മൂന്നാംദിവസം.

0

ചെറുകഥ
ഷൈനി.
മൂന്നാംദിവസം.
"അപ്പോള്‍ ഞങ്ങള്‍ അങ്ങട്ടെറങ്ങ്വായീ"
യാത്രാമൊഴിയോടെ കരുണാകരന്‍മാമയും അമ്മായിയും അയല്‍പക്കത്തെ വാസുക്കുറുപ്പും ഭാര്യ പത്മാവതിയും ടോര്‍ച്ചു തെളിച്ച്‌ ഒതുക്കിറങ്ങിയപ്പോള്‍ ഉമ്മറത്തൂണില്‍ ചാരി മരവിച്ചിരുന്നു വൈശാഖന്‍.
ഉമ മരിച്ചിട്ട്‌ ഇത്‌ മൂന്നാമത്തെ ദിവസം.
മുപ്പത്തിയെട്ടാമത്തെ വയസില്‍ അയാള്‍ വിഭാര്യനായി.
സംസ്‌കാര ചടങ്ങിനെത്തിയ അവസാന ബന്ധുവും പിരിഞ്ഞു കഴിഞ്ഞു.
" നില്‍ക്കാന്‍ പറ്റില്ല്യാഞ്ഞിട്ടാ ഏട്ടാ- കുട്ട്യോള്‍ക്ക്‌ പരീക്ഷ നാളെ തുടങ്ങ്വല്ലേ"
എന്ന്‌ അനിയത്തി.
" ലീവെടുക്കാന്‍ യാതൊരു നിര്‍വാഹവുമില്ല വൈശാഖാ" എന്ന്‌ ജ്യേഷ്‌ഠനും അറിയിച്ചു.
കരുണാകരന്‍മാമയും അമ്മായിയും കൂടി പടിയിറങ്ങിയതോടെ വീട്‌ കനത്ത നിശബ്ദതയിലേക്ക്‌ വീണു.
വല്ലാത്തൊരു നിശബ്ദത
അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടുന്നുണ്ടോ.
ഈര്‍ക്കലി ചൂലിന്റെ താളാത്മക ശബ്ദം നേര്‍ത്തു കേള്‍ക്കുന്നുണ്ടോ.
ഉമ ഇത്രയേറെ തന്റെ ഹൃദയസ്ഥയാണെന്ന്‌ ഇതുവരെ അയാള്‍ ചിന്തിച്ചിട്ടില്ലായിരുന്നു.
എം.എയും ബി.എഡും കഴിഞ്ഞ്‌ ഒരു പ്രൈവറ്റ്‌ സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യുമ്പോഴാണ്‌ വൈശാഖന്‍ അവളുടെ വീട്ടില്‍ ആലോചനയുമായി ചെല്ലുന്നത്‌.
അതിനും മൂന്നാലു വര്‍ഷം മുന്‍പേ അവര്‍ പ്രണയത്തിലുമായിരുന്നു.
എതിര്‍പ്പുകളുണ്ടായില്ല.
മൂന്നു മാസം കൊണ്ട്‌ വിവാഹം നടന്നു.
അതില്‍ പിന്നെ ജീവിതത്തില്‍ ഒമ്പതുവര്‍ഷവം പതിനൊന്ന്‌ മാസവും പിരിയാതെ അവളുണ്ടായിരുന്നു.
മൂന്നു ദിവസം മുമ്പ്‌ " ഒരു തലകറക്കം പോലെ വൈശാഖേട്ടാ" എന്ന്‌ അവള്‍ ആവലാതിപ്പെട്ടപ്പോള്‍ അയാള്‍ തന്റെ കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ചിരുന്ന ഒരു നോവലിന്റെ ക്ലൈമാക്‌സിലേക്ക്‌ കടക്കുകയായിരുന്നു.
നെറ്റിയില്‍ വിരലുകളമര്‍ത്തി അവള്‍ അടുത്ത്‌ വന്നു പറഞ്ഞു.
" തലയ്‌ക്കുള്ളില്‍ ഒരു പുളിയുറുമ്പ്‌ കൂട്ടം പൊട്ടിവീണത്‌ പോലെ.എന്തൊക്കെയോ തെരുതെരെ ഓടണു. കടിക്കണു. ഭ്രാന്ത്‌ പിടിക്കണ്‌്‌്‌"
" ഞാനിതൊന്ന്‌്‌്‌ വായിച്ചു തീര്‍ക്കട്ടെ ഉമേ.. ഇന്ന്‌ ലൈബ്രറിയില്‍ തിരിച്ചു വെക്കാനുള്ളതാ" എന്നയാള്‍ ദേഷ്യപ്പെട്ടു.
" തീരെ വയ്യ.. മേലാകെ ഒരു കുഴച്ചില്‍" എന്നായിരുന്നു മറുപടി.
മേശപ്പുറത്തിരുന്ന വെള്ളം ജഗ്ഗോടെ ഉയര്‍ത്തി കുടിച്ചിട്ട്‌്‌ അവള്‍ അകത്ത്‌ കട്ടിലില്‍ ചെന്നു കിടക്കുന്നത്‌ കണ്ടു
ഒന്നു രണ്ടുവട്ടം തിരിഞ്ഞും മറിഞ്ഞും കിടന്നു.
ഇടയ്‌ക്ക്‌ " വൈശാഖേട്ടാ" എന്ന്‌ വിളിച്ചത്‌ കേട്ടു.
" നീയാ വാഴക്കുല ചുമന്നോണ്ട്‌ വന്ന ക്ഷീണമായിരിക്കും. പണ്ടത്തെ ബാല്യക്കാരിയല്ലല്ലോ. വയസ്‌ മുപ്പത്തിമൂന്നു കഴിഞ്ഞില്ലേ" എന്ന്‌ കളിയാക്കിയതല്ലാതെ നോവലില്‍ നിന്ന്‌ കണ്ണു പറിച്ചില്ല.
കുറേക്കഴിഞ്ഞ്‌ നോക്കുമ്പോള്‍ അവള്‍ ചെരിഞ്ഞു കിടന്ന്‌ നല്ല ഉറക്കം
ഒരു സിഗരറ്റ്‌ വലിക്കാന്‍ കിട്ടിയ തക്കം മനസിലോര്‍ത്ത്‌ പുറത്തിറങ്ങി.
രാജുവിന്റെ പലചരക്ക്‌ പീടികയുടെ തൊട്ടപ്പുറത്തുള്ള ലൈബ്രറി ഹാളില്‍ നിന്ന്‌ ക്രിക്കറ്റ്‌ കളിയുടെ ഹരം ഉയരുന്നു.
സിഗരറ്റിന്റെ ഗന്ധം ആസ്വദിച്ച്‌ ക്രിക്കറ്റ്‌ മുഴുവനും കണ്ടു.
അടുക്കളപ്പുറത്തുള്ള മൂവാണ്ടന്‍ നിറയെ കായ്‌ച്ചു നില്‍പ്പാണ്‌.
മാങ്ങയും മാന്തള്‍ മീനുമിട്ട്‌്‌ പറ്റിച്ചാല്‍ ചോറുണ്ണാന്‍ വേറൊന്നും വേണ്ട.
രാജുവിന്റെ പീടികയില്‍ നിന്നും ഇരുന്നൂറ്‌ മാന്തളും വാങ്ങി തിരിച്ചു ചെല്ലുമ്പോഴും ഉമ ഉറക്കമാണ്‌.
മുറ്റം അടിച്ചിട്ടില്ല
കുളിച്ചിട്ടില്ല
ഉമ്മറത്ത്‌്‌ നിലവിളക്ക്‌ കൊളുത്തിയിട്ടില്ല.
അതിന്റെ ദേഷ്യം ഉള്ളില്‍ വെച്ച്‌്‌ " ഉമേ" എന്ന്‌ ഉറക്കെ വിളിച്ചിട്ടും മിണ്ടാട്ടം കേട്ടില്ല.
അരിശത്തോടെ അടുത്ത്‌ ചെന്ന്‌ ചുമലില്‍ തട്ടി വിളിച്ചപ്പോഴാണ്‌ ഞെട്ടിപ്പോയത്‌.
കടവായില്‍ നിന്നൊരു ചോരച്ചാല്‍ ഒഴുകി വന്ന്‌്‌്‌ കിടക്കയില്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്നു.
ആ നടുക്കം വീണ്ടും അയാളുടെ ഇടനെഞ്ചിലേക്ക്‌്‌്‌ പാറി വീണു.
കുറ്റബോധത്തിന്റെ വലക്കണ്ണിയില്‍ കുരുങ്ങിച്ചാടുന്ന മത്സ്യമായി മനസ്‌.
ജീവന്‍ പറന്നു പോകും മുമ്പ്‌ വൈശാഖേട്ടാ എന്ന്‌ അവള്‍ വിളിച്ചിരുന്നു.
ഒന്ന്‌ അടുത്തു ചെന്നിരിക്കാനും എന്തുപറ്റിയെന്ന്‌ ചോദിക്കാനും തനിക്ക്‌ മനസുണ്ടായില്ലല്ലോ ദൈവമേ.
അവളത്‌ എത്ര ആഗ്രഹിച്ചു കാണും.
ഒരു ആലംബം
ഒരു ആശ്രയം.
മരിക്കുന്നതിന്‌ മുമ്പ്‌ അവസാനത്തെ ഒരു കാഴ്‌ച
ഒരു തലോടല്‍.
ഒന്നിനും അവള്‍ക്കു ഭാഗ്യമുണ്ടായില്ല.
വൈശാഖേട്ടനെ അറിയിക്കാതെ ഭയപ്പെടുത്താതെ മെല്ലെ അങ്ങ്‌ അരങ്ങു വിട്ടു പോയിരിക്കുന്നു.
എന്നും തനിക്ക്‌ സര്‍പ്രൈസുകള്‍ നല്‍കുന്നതില്‍ മിടുക്കിയായിരുന്നു ഉമ.
വിവാഹവാര്‍ഷികവും പിറന്നാളും അവള്‍ ഓര്‍ത്തു വെച്ചു
ഒന്നും ഓര്‍ത്തു മെനക്കെടാത്ത തനിക്ക്‌ കൊച്ചു കൊച്ചുസമ്മാനങ്ങള്‍ കരുതിവെച്ചു.
" നിനക്കെന്താ ഭ്രാന്താണോ ഉമേ" എന്ന്‌ ദേഷ്യം കാണിച്ചിട്ടേയുള്ളു അപ്പോഴും.
" ഇങ്ങനൊരു റൊമാന്‍സില്ലാത്ത മനുഷ്യന്‍.. നന്നായിട്ടുണ്ട്‌ ഉമേ എന്ന്‌ പറഞ്ഞാല്‍ ലോകം ഇടിയുമോ"
്‌അവള്‍ക്കെന്നും അക്കാര്യങ്ങളില്‍ നിരാശപ്പെടാനായിരുന്നു യോഗം
എന്നാലും പരിഭവമൊന്നുമില്ലാതെ അവള്‍ അടുത്ത്‌ വന്ന്‌്‌്‌ കെട്ടിപ്പിടിച്ച്‌ ചുണ്ടില്‍ ചുംബിച്ചിട്ട്‌ പറയും
" എന്നാലും എനിക്കറിയാലോ ഈ നെഞ്ചില്‍ ഞാനുണ്ടെന്ന്‌്‌്‌"
വിവാഹശേഷം അധികം വൈകാതെ ഗള്‍ഫിലേക്ക്‌ പറന്നപ്പോള്‍ വല്ലാത്തൊരു ശൂന്യതയായിരുന്നു ആദ്യമൊക്കെ.
ഉമയുടെ ചലനങ്ങളില്ലാത്ത ലോകം വല്ലാതെ ശൂന്യമായി തോന്നിയിരുന്നു.
പിന്നെ ഗള്‍ഫ്‌ പരിചിതമായി
ജോലി മനസിനിണങ്ങി.
മരുഭൂമിയിലും വേരുപിടിച്ച്‌ തഴച്ചു വളരുന്ന ഈന്തപ്പനയായി സ്വയം രൂപാന്തപ്പെടുകയായിരുന്നു.
അറബിയ്‌ക്ക്‌്‌്‌ വേണ്ടി കൈയ്‌ മെയ്‌ മറന്ന്‌ അധ്വാനിക്കുന്ന തനിമലയാളിയായി.
എങ്ങനെയും വന്നു കിടന്നൊന്ന്‌ ഉറങ്ങിയാല്‍ മതിയെന്നു കരുതുമ്പോഴാണ്‌ ഉമ വിളിക്കുക.
എന്തെങ്കിലും ചോദിച്ചും പറഞ്ഞും എത്രയും പെട്ടന്ന്‌ സംഭാഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവള്‍ പലപ്പോഴും
കണ്ണീരില്‍ കുതിര്‍ന്ന്‌്‌്‌ വഴക്കിട്ടു
" വന്നുവന്ന്‌ സംസാരിക്കാനും വയ്യെന്നായല്ലോ.. ദുബായിലൊക്കെ എന്തും കിട്ടുംന്ന്‌്‌്‌ എനിക്കറിയാം. നിങ്ങള്‍ക്കിപ്പോ ആരോ കൂട്ടിനുണ്ട്‌ അവിടെ."
" എനിക്കാരെയും വേണ്ട.. എന്റെ ഉമ മതിയല്ലോ" എന്നൊരു വാക്കു മതി അവള്‍ക്ക്‌ എന്നറിയാഞ്ഞിട്ടല്ല.
ഉള്ളിലുയരുന്ന മത്സര ബുദ്ധിയോടെ പറയും.
" അതേ പലരുമുണ്ട്‌.. നീ എന്താണെന്ന്‌ വെച്ചാല്‍ ചെയ്യ്‌്‌്‌"
ദേഷ്യം വന്നാല്‍ സര്‍പ്പത്തെ പോലെ തിരുനെറ്റിയ്‌ക്ക്‌്‌്‌ ആഞ്ഞു കൊത്തുന്ന സ്വഭാവമാണ്‌ അവള്‍ക്ക്‌.
" പ്രേമമാണെന്ന്‌ പറഞ്ഞ്‌ പുറകേ തേനൊലിപ്പിച്ച്‌ നടന്നപ്പോള്‍ ഞാനോര്‍ത്തു നിങ്ങള്‍ക്കെന്നെ ഇഷ്ടമാണെന്ന്‌്‌്‌.. എന്‍രെ തിരഞ്ഞെടുപ്പ്‌ തെറ്റിപ്പോയി"
ആ വാക്കുകളെ രണ്ടുമൂന്നു ദിവസത്തെ പിണക്കത്തിനുള്ള ആയുധമാക്കിയെടുത്ത്‌്‌്‌ രക്ഷപെടാനായിരുന്നു ധൃതി.
എത്ര വഴക്കിട്ടാവും പതിനഞ്ച്‌ മിനുട്ടിനുള്ളില്‍ അവള്‍ വിളിക്കും
എന്നാലും വാശി കാണിക്കാനായിരുന്നു തിടുക്കം.
ഇണങ്ങുമ്പോള്‍ അവളുടെ കൊഞ്ചല്‍ കേള്‍ക്കാം
" എന്റെ ചക്കരേ എനിക്കെന്റെ വൈശാഖേട്ടനെ മാത്രം മതീലോ"
പ്രവാസിയുടെ ഭാര്യയും മറ്റൊരു പ്രവാസി തന്നെ.
പ്രവാസിയുടെ ഭാര്യയുടെ വേഷം അവള്‍ക്കൊട്ടും ചേര്‍ന്നില്ല.
എന്നും ഓരോരോ അസുഖങ്ങള്‍
ടെന്‍ഷനാണ്‌.
എല്ലാ ഡോക്ടര്‍മാരും പറഞ്ഞു.
" മനസ്‌ സന്തോഷമാക്കി വെക്കണം.. ടെന്‍ഷന്‍ പല അസുഖങ്ങളും സൃഷ്ടിക്കും. ഹൃദയം വരെ തകരാറിലാക്കും"
അവള്‍ കരഞ്ഞും പിഴിഞ്ഞും ഏറെ നിര്‍ബനധിച്ചപ്പോഴാണ്‌ ഇത്തവണ രണ്ടുമാസത്തെ ലീവെടുത്ത്‌്‌്‌ വന്നത്‌.
മിക്കപ്പോഴും കൂട്ടുകാര്‍ക്കൊപ്പം സിനിമയ്‌ക്കും പുറത്തും പോയി ശേഷിച്ച നേരം വായനശാലയിവും ചെലവഴിച്ച്‌ ചെല്ലുമ്പോള്‍ ആളിക്കത്തി നില്‍പ്പുണ്ടാകും അവള്‍.
" പിന്നെന്തിനാ ലീവിന്‌ വന്നത്‌.. ഒരു റൊമാന്‍സുമില്ലാത്ത മനുഷ്യന്‍"
" റൊമാന്‍സ്‌ തലയ്‌ക്കു പിടിച്ച ഭാര്യയാണ്‌ പുരുഷന്റെ ഏറ്റവും വലിയ ദുരിതം. ഭര്‍ത്താവിനെ ഇടംവലം വിടില്ല..റൊമാന്‍സ്‌ ഉരുട്ടി നാലുനേരം വിഴുങ്ങിയാല്‍ വയറ്‌ നിറയില്ല"
" എനിക്ക്‌ സ്‌നേഹിക്കാന്‍ ഒരു കുഞ്ഞു പോലുമില്ല.. വൈശാഖേട്ടനല്ലാതെ"
അവളുടെ കണ്ണുനീര്‌ കാണുമ്പോള്‍ ഉള്ളു നീറുമ്പോഴും ചിലപ്പോള്‍ ദേഷ്യം തോന്നും.
" എന്റെ പൊന്നിന്‌ ഞാനുണ്ടല്ലോ" എന്ന്‌ കേട്ടാല്‍ മതി അവള്‍ക്കെന്ന്‌്‌്‌ നല്ല നിശ്ചയമുണ്ട്‌.
എന്നാല്‍ അതു പറയാന്‍ തടസപ്പെടുത്തുന്ന ഒരു തരം നിഷേധാത്മകത രൂപപ്പെടും. അതിന്‌ വഴങ്ങിപ്പോകും.
എന്നാലും വല്ലപ്പോഴും പ്രകടിപ്പിക്കുന്ന സ്‌നേഹത്തരികള്‍ പെറുക്കിയെടുത്ത്‌്‌്‌ മയില്‍പ്പീലി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും അവള്‍.
പെറ്റു പെരുകാന്‍..
വൈശാഖേട്ടന്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്‌ അവള്‍ക്കറിയാം.
" എന്നോടെന്തിനാ ഈ ജാഢ. വൃത്തികെട്ട ഈഗോ. നമ്മള്‍ രണ്ടും ഒരാത്മാക്കളല്ലേ" എന്ന്‌ അവള്‍ ചോദിക്കുന്നതും അതു കൊണ്ടാണ്‌.
മൊട്ടു സൂചി കൊണ്ടാരോ ഹൃദയം കുത്തി നോവിക്കുന്നത്‌ പോലെ തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ്‌ കിടപ്പുമുറിയിലേക്ക്‌ പോയി.
ഉമ മണിക്കൂറുകളോളം ആരുമറിയാതെ മരിച്ചു കിടന്ന മുറി.
ആരോ അത്‌ അടച്ചിട്ടിരുന്നു.
വൈശാഖന്‍ വാതില്‍ തുറന്നു.
ഭയം കൊണ്ടാവാം ആരും ആ മുറിയില്‍ അധികം കടന്നിട്ടില്ല.
വൈശാഖന്‍ ചുളിവ്‌ വീണ വിരിയ്‌ക്ക്‌ മീതെ ചെരിഞ്ഞു കിടന്നു.
ഉമയുടെ ഗന്ധത്തിനൊപ്പം മടുപ്പിക്കുന്ന മരണ ഗന്ധവും ചൂഴ്‌ന്നു നില്‍പ്പുണ്ട്‌ വിരിപ്പില്‍.
ഏതാനും സമയത്തിനകം അവള്‍ക്കു മരിക്കേണ്ടതുണ്ടെന്നറിയാതെ ആ പകല്‍ ആസക്തിയില്‍ അവളോടൊപ്പം ഇണചേര്‍ന്ന നിമിഷങ്ങള്‍ ഓര്‍ത്തു.
വികാരം ഉടലുകളില്‍ കനല്‍ കൊളുത്തുമ്പോഴും അവള്‍ ചോദിച്ചു.
" ഇഷ്ടംണ്ടോ എന്നോട്‌ വൈശാഖേട്ടന്‌"
അപ്പോഴേക്കും കാമനകളുടെ പരിസമാപ്‌തിയില്‍ തളര്‍ന്ന്‌്‌്‌ " നീയെന്താ കുട്ടികളേപ്പോലെ" എന്ന്‌ അവളെ തള്ളി നീക്കി.
നഗ്നമായ ഉടല്‍ അയാളുടെ ഉടലിലേക്ക്‌്‌്‌ പതിച്ചു വെച്ച്‌്‌ അവള്‍ പിന്നെയും ചോദ്യം ആവര്‍ത്തിച്ചു.
" ഒന്നു പറയ്‌്‌ ചക്കരേ"
" വെറുതേ എന്നെ ദേഷ്യം പിടിപ്പിക്കരുതെന്ന്‌്‌്‌" എന്ന്‌്‌്‌ ശാസിച്ചപ്പോള്‍ അവള്‍ മുടി വാരിക്കെട്ടി എഴുന്നേറ്റു.
" നിങ്ങളെ പോലെ ഒരു കോന്തനെ കെട്ടിയതാ എന്റെ നഷ്ടം"
അവള്‍ നിലത്തു ചുരുണ്ടു കിടന്ന നൈറ്റി എടുത്ത്‌ ധരിച്ചു.
" ഇഷ്ടമുണ്ടെങ്കിലല്ലേ ഉണ്ടെന്നു പറയൂ" എന്നു കോപിഷ്‌ഠയായി.
" ഇതിലും ഭേദം മരിയ്‌ക്ക്യായിരുന്നു"
"മരിച്ചാല്‍ ആരും നിന്നെ എടുത്ത്‌ വെച്ച്‌്‌്‌ ഉണക്കുകയൊന്നുമില്ല. കുഴിച്ചിടും"
അയാള്‍ ചിരിച്ചു.
" എന്നെ സ്‌നേഹിക്കാന്‍ ആരുമില്ല"
എന്ന്‌്‌്‌ പരിതപിച്ച്‌്‌്‌ അവള്‍ പിണങ്ങിപ്പോയപ്പോള്‍ അല്‍പ്പം മുന്‍പ്‌ ആവേശത്തോടെ ശരീരം പങ്കിട്ടതോര്‍മ വന്നു വൈശാഖന്‍ പശ്ചാത്തപിച്ചു.
" നീയെന്റെ ജീവനാണെന്നോ , നിന്നോടല്ലാതെ എനിക്കാരോടാ ഇഷ്ടം എന്നോ ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമായിരുന്നു.
ആ വിധ പൈങ്കിളി പ്രയോഗങ്ങള്‍ പ്രണയകാലത്ത്‌ നിര്‍ലോഭം ചൊരിഞ്ഞതു കൊണ്ടാവാം അവള്‍ ഇപ്പോഴും അതേയിടത്തു തന്നെ നില്‍ക്കുന്നത്‌.
അവളുടെ ഉടല്‍ചൂട്‌ തണുത്തുറഞ്ഞ കിടക്ക അയാളെ പൊള്ളിക്കാന്‍ തുടങ്ങി.
അവള്‍ക്ക്‌ ഇഷ്ടപ്പെട്ടതു പോലെ എന്തെങ്കിലുമൊന്ന്‌ പറഞ്ഞിരുന്നെങ്കില്‍ അവള്‍ കുറേ നേരം കൂടി അടുത്ത്‌ കിടക്കുമായിരുന്നു.
മൂപ്പെത്തിയ വാഴക്കുല വെട്ടി വെക്കാന്‍ ആ നട്ടുച്ച നേരത്ത്‌്‌്‌ ഇറങ്ങിപ്പോകില്ലായിരുന്നു.
നോക്കി നില്‍ക്കുന്നതിനിടെ ഒരു മാജിക്കു പോലെ മാഞ്ഞു പോകില്ലായിരുന്നു.
ഉമേ.. നിന്നോടല്ലാതെ ആരോടാണ്‌ പൊന്നേ എനിക്കിഷ്ടം എന്നു ചോദിക്കാന്‍ അയാള്‍ പരവേശപ്പെട്ടു.
പറയാതെ കൂട്ടിവെച്ചതൊക്കെ ഏതു ലോകത്ത്‌ ചെന്നാണൊന്ന്‌ പറയുക
അടുത്ത ജന്മമുണ്ടെങ്കില്‍ അന്നോ..
" എന്റെ ഉമേ" തലയിണയിലേക്ക്‌ മുഖമമര്‍ത്തി വൈശാഖന്‍ കരഞ്ഞു.

Shyni 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo