Slider

മച്ചി

0
മച്ചി
-----
"അവളാണോ പെണ്ണ്??..."
മൂടും മൊലേം ഇണ്ടായോണ്ട് പെണ്ണാവില്ല്യ സുഭദ്രേട്ടത്ത്യേ.. കൊല്ലം നാല് കഴിഞ്ഞു ഈ മച്ചിയേ എന്റെ കുടുംബത്തിലേക്ക് കൊണ്ടുവന്നിട്ട്.."
"നിങ്ങളൊന്ന് പതുക്കെ പറയ്.. ആ കുട്ടി കേൾക്കും"
"കേൾക്കട്ടെ.. അല്ലെലും പേറ്റുനോവറിയാത്തോൾക്ക് പെറ്റമ്മയുടെ വേദനയറിയല്ല.. ന്റെ മോന്റെ ജീവിതം കൂടി നശിപ്പിക്കാൻ കയറി വന്ന മൂധേവീ.."
അന്നേരം പൂജമുറിയിലെ നിലവിളക്കിലെ തിരിയേക്കാൾ കണ്ണീരിനാൽ തിളങ്ങുന്നുണ്ടായിരുന്നൂ നന്ദനയുടെ കണ്ണുകൾ..
"അമ്മ പറഞ്ഞത് ശരിയാണ്..ഞാൻ മച്ചിയാണ് ദേവേട്ടാ.. എന്നെ ഒഴിവാക്കി നല്ലൊരു പെൺക്കുട്ടിയെ കല്ല്യാണം കഴിച്ചൂടായിരുന്നോ ദേവേട്ടന്.."
(നന്ദുവിന്റെ കരച്ചിലടക്കാൻ ശ്രമപ്പെടുന്ന മുഖം കണ്ടിട്ടാണ് ദേവൻ എഴുന്നേറ്റത്..)
ഒരുപാടു കാലത്തെ പ്രണയമൊന്നുമില്ലങ്കിലും നന്ദനയെന്ന ദേവന്റെ നന്ദൂട്ടിയുടെ മനസ്സുതൊട്ടറിഞ്ഞ അന്നേ അവൻ ഉറപ്പിച്ചതാണ് ഇനിയവൾ ദേവന്റെ പെണ്ണാണെന്ന്.. വീട്ടുക്കാരുടെ എതിർപ്പിനെ അവഗണിച്ച് അവളെ കൂട്ടിക്കൊണ്ട് വന്നിട്ടിപ്പോ കൊല്ലം നാല് കഴിഞ്ഞൂ..
നന്ദനയുടെ നിശ്വാസത്തിന്റെ ചൂടിനൊപ്പം കണ്ണുനീർ നനവും തന്റെ നെഞ്ചിലൂടെ പടർന്നപ്പോൾ ദേവൻ ഓർമ്മകളിൽ നിന്നുണർന്നൂ..
"നന്ദൂട്ട്യേ ഇങ്ങനെ കരഞ്ഞ് കരിമഷിയൊക്കെ പരത്തിയിട്ടുള്ള ഈ മൊഖവും കണ്ട് ആശുപത്രിയിൽ പോയാ ദേവേട്ടന് എന്ത് സമാധാനാടീ ഇണ്ടാവാ.. കരച്ചില് നിർത്തി ഈയ് പോയി ഏട്ടന് ചായ കൊണ്ടുവന്നേ പെണ്ണേ.."
"എനിക്ക് പ്രസവവേദനയറിയണം.. അടിവയറ്റിൽ നിന്നും തുളഞ്ഞു വരുന്ന ആ നോവാണ് എന്നെ പൂർണതയുള്ളവളാക്കൂള്ളൂ ..
എന്റെ മാറിടങ്ങൾ ദേവേട്ടന്റെ കുഞ്ഞിനു വേണ്ടി പാൽ ചുരത്തണം.. എനിക്ക് അമ്മയാവണം ദേവേട്ടാ.."
"നമുക്ക് നാളെതന്നെ പോയി എന്റെ കൂട്ടുക്കാരൻ ഡോക്ടർ പ്രസാദിനെ കാണിക്കാം നന്ദൂട്ട്യേ.. അവൻ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല്യ.. നീ കരയല്ലേ.."
നന്ദനയുടെ തേങ്ങൽ നേർത്തുവന്നൂ.. അവൾ അടുക്കളയിലേക്ക് പോയി നാളെ ഡോക്ടറെ കണ്ടാൽ തന്റെ പ്രശ്നത്തിനു പരിഹാരം കിട്ടുമെന്ന ആശ്വാസത്തിൽ..
ദേവൻ വീണ്ടും ഭൂതക്കാലത്തിലേക്ക് തന്റെ ഓർമ്മകളെ പായിച്ചു..
രണ്ടാനച്ഛന്റെയും അയാളുടെ കൂട്ടുക്കാരുടെയും കൂട്ടമാനഭംഗത്തിനിരയായ
പന്ത്രണ്ടാംക്ലാസുകാരിയേ താൻ ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് ഗർഭഛിദ്രം നടത്താൻ കൊണ്ടുവന്നതും
കൂട്ടമാനഭംഗത്തിന്റെ ഇരയ്ക്ക് ആ കുഞ്ഞിനൊപ്പം നഷ്ടമായത് അവളിലെ അമ്മയെന്ന വികാരത്തിനെ പൂർണതയിലെത്തിക്കുന്ന ഗർഭപാത്രമെന്ന കരുതൽ കൂടിയായിരുന്നൂ...
അവളിലെ തുടയിടുക്കിലൂടെ പിന്നീട് ആർത്തവരക്തം ഒഴുകിയിട്ടില്ല.. ആർത്തവമില്ലാത്ത പെണ്ണിന് പേറ്റുനോവറിയാൻ ഭാഗ്യമുണ്ടാകുമോ..
ദിവസവും ചന്ദനക്കുറിതൊടുന്ന പെണ്ണുങ്ങളെ മാസത്തിൽ അഞ്ച്ദിവസം ഒഴിഞ്ഞ നെറ്റിയുമായി കാണുമ്പോൾ എന്റെ നന്ദൂട്ടീ നിസഹായതയോടെ എന്നെ നോക്കും.. കൂടെ കരഞ്ഞ് ആ മനസ്സ് വേദനിപ്പിക്കാതെ അവളെ ഈ നെഞ്ചിൽ ചേർത്തുകിടത്തി ആ നെറ്റിയിലെ ചന്ദനക്കുറിയെ അധരങ്ങൾകൊണ്ടങ്ങ് തുടച്ചെടുക്കും അന്നേരം ഞാൻ..
പക്ഷേ അമ്മയാവാനുള്ള അവളിലെ ആഗ്രഹം ശക്തമായിക്കൊണ്ടിരിക്കുകയാണ് ഇന്ന്..
ഭോഗിക്കുവാനുള്ള വസ്തുവായിട്ടല്ല ആ മനസ്സിന്റെ നന്മയറിഞ്ഞതു കൊണ്ടാണ് എന്റെ പെണ്ണായി വർഷങ്ങൾക്കു ശേഷം
ആ നഗരത്തിൽ നിന്നും ഇവിടെയ്ക്ക് നിന്നെ കൊണ്ടുവന്നേ..
എന്തുചെയ്യാം പെണ്ണേ.. കുഞ്ഞുങ്ങളില്ലാത്ത പെണ്ണുങ്ങളെ അംഗീകരിക്കാത്ത സമൂഹത്തിലല്ലേ ഞാനും നീയും ജീവിക്കുന്നത്..!!!
അവർക്ക് കാർന്നോമാരൊരു പേരും കണ്ടുവെച്ചൂ...
"മച്ചി"..!!
- അപർണ അശോകൻ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo