Slider

അമ്മയുടെ പാട്ട്

0
അമ്മയുടെ പാട്ട്
***************
അമ്മേ.... അമ്മേ... ഒരു പാട്ട് പാടുമോ?
കിച്ചു അമ്മയോട് ചോദിച്ചു.
അത്താഴത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ അടുക്കളയിൽ തിരക്കിട്ട് നടത്തുകയാണ് അവൾ.
അതിനിടയിൽ കിച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ, അവൾ പറഞ്ഞു, ഇപ്പോൾ പറ്റില്ലെ ടാ.... രാത്രി ഉറങ്ങാൻ നേരത്ത് പാടി കേൾപ്പിക്കാം. ഇപ്പോൾ നീ ചേട്ടന്റെ അടുത്തേക്ക് പോയ്ക്കോ.
അമ്മേ... പ്ലീസ് അമ്മേ.. ഒന്നു പാടൂ...
പോടാ.... നിന്നോടല്ലേ ഇപ്പം പറഞ്ഞത് .
അമ്മേ...!
എടാ ഇപ്പോൾ പാടിയാൽ എന്റെ കോൺസട്രേഷൻ പോകും. കറിയൊന്നു ഉണ്ടാക്കട്ടെ.
എന്നിട്ടും അവന്റെ മുഖത്തിന് തൃപ്തി വന്നില്ല. അതു കണ്ടപ്പോൾ അവൾ അവനെ വാരിയെടുത്തിട്ട് കവിളിൽ ഉമ്മ കൊടുത്തിട്ട് പറഞ്ഞു,
'എൻേറ ടാ.... പാടിത്തരാട്ടോ ... ഉറങ്ങാൻ നേരത്ത്. ഇപ്പം പാടിയാൽ കറി ഉണ്ടാക്കുന്നതിൽ ശ്രദ്ധ മാറും. ഞം ...ഞം... ന്ന് നന്നായിട്ട് കഴിക്കണ്ടേ.... എന്റെ ചക്കരയല്ലേ ...'
അപ്പോൾ അവനു തൃപ്തിയായി. അവന്റെ ചേട്ടന്റെ അടുത്ത് കളിക്കാൻ ഓടി.
അവൾ ചിന്തിച്ചു, 'അല്ലേലും.. അവന് എന്നോട് എന്തൊരു സ്നേഹമാണ്, അവന്റെ പപ്പ ഇതൊന്നു കേൾക്കുന്നുണ്ടോ .... ആവോ... ഒരിക്കൽ പോലും എന്നോട് ചോദിച്ചിട്ടില്ല ...'നീ ഒന്നു പാടിക്കേ... എന്ന് .
കലാപരമായിട്ടുള്ള കഴിവുള്ള ഭാര്യമാരെ പൊതുവെ ഭർത്താക്കന്മാർ പ്രോത്സാഹിപ്പിക്കാറുണ്ട് എന്ന് ടി വി യിലും, പത്രത്തിലും കാണുമ്പോൾ , ഇവിടെയൊള്ള എന്റെ ഭർത്താവിനെ കാണുമ്പോഴാ... ഹൊ....ഒരിത് വരുന്നത്.
പഠിക്കുന്ന കാലത്ത് എന്റേത് നല്ല സ്വരമാണെന്ന് പുകഴ്ത്തിയവർ ഉണ്ടായിരുന്നു. പഠനത്തിൽ ശ്രദ്ധ കൊടുത്തിരുന്നതിനാൽ, അങ്ങനെ കൊടുക്കാൻ നിർബന്ധിക്കപ്പെട്ടി രുന്നതിനാൽ, എപ്പോഴും കായിക കലാ മത്സരങ്ങളിലൊന്നും പങ്കെടുക്കാൻ സാധിച്ചിട്ടില്ല.
ഇങ്ങനെ ഓരോന്നും ചിന്തിച്ചു കൂട്ടി ഒരു നെടുവീർപ്പോടുകൂടി, അവൾ വീണ്ടും ജോലികളിൽ വ്യാപൃതയായി.
പണിയെല്ലാം കഴിഞ്ഞ്, അവളും, ഭർത്താവും , മക്കൾ രണ്ടു പേരേയും കൂട്ടി കുടുംബ പ്രാർത്ഥന ആരംഭിച്ചു.
പ്രാർത്ഥന അവസാനിച്ചു കഴിഞ്ഞപ്പോൾ, എണീറ്റ് പരസ്പരം സ്തുതി ചൊല്ലി .
അവൾ അടുക്കളയിൽ കയറി, അത്താഴത്തിനായി, ചപ്പാത്തിയും , പരിപ്പുകറിയും എടുത്ത് മേശപ്പുറത്ത് വച്ചു. അപ്പോഴേക്കും, പപ്പയും, മക്കളും വന്നിരുന്നു. പ്ലേറ്റുകളെല്ലാം നിരത്തി വച്ച് , അവർക്ക് വിളമ്പിവച്ച് അവൾ ഒപ്പം ഇരുന്നു. ഭക്ഷണം കഴിക്കലും, വിശേഷങ്ങൾ പങ്കിടലുമായി കുറച്ചു സമയം അങ്ങനെ കടന്നു പോയി.
അത്താഴം കഴിഞ്ഞ്, പ്ലേറ്റുകളെല്ലാം കഴുകി വച്ച് , അടുക്കള ഒന്നു വൃത്തിയാക്കി, പിള്ളേരെ പിടിച്ചു വലിച്ച്, രണ്ടു മൂന്നു ഒച്ചയെടുത്ത് അവരെ പല്ലുതേപ്പിച്ചു.
പിന്നെ പിള്ളേരുടെ മുറിയിൽ കൊണ്ടുപോയി കട്ടിലിൽ അവരെ അവളുടെ രണ്ടു സൈഡിലായി കിടത്തി .
അപ്പോൾ കിച്ചു പറഞ്ഞു, അമ്മേ... പാട്ട് ..
ങും... പാടാം.
അമ്മ പാടാൻ പോകുവാണോ.... അച്ചു ചോദിച്ചു .
അതെ. പാടാൻ പോകുകയാണ്.
ശരി അമ്മേ ... പാടിക്കോ... എന്നു പറഞ്ഞിട്ടു അച്ചു തല വഴി പുതപ്പെടുത്ത് മൂടി.
എടാ നിനക്ക് അമ്മേടെ പാട്ട് കേൾക്കെണ്ടെടാ ... അവൾ അച്ചു തല വഴി പുതയ്ക്കുന്നതു കണ്ടപ്പോൾ ചോദിച്ചു.
അമ്മേ... ഞാൻ കേൾക്കുന്നുണ്ട്. അച്ചു പറഞ്ഞു.
പിന്നെ എന്തിനാടാ പുതപ്പ് . തല മൂടാതെ പുതപ്പ് മാറ്റെടാ....
എന്റെ അമ്മേ... കാറ്റ് ചെവിയിൽ കേറാതിരിക്കാനല്ലേ പുതപ്പ് ഇടുന്നത്.
ഓ.. ശരി.. ശരി...
അമ്മ പാടുന്നുണ്ടോ ...? കിച്ചു വിന്റെ ക്ഷമ കെട്ടു.
ഏതു പാട്ടാ... ടാ.... വേണ്ടത്? ഈശോയുടെ പാട്ടു മതിയോ?
എന്നാ.. അത് പാട്.... കിച്ചു പറഞ്ഞു.
അവൾ മനസ്സിൽ വിചാരിച്ചു, ശ്രോതാക്കൾ രണ്ടു പേരുണ്ട്. വേറെ ആരേയും കിട്ടിയില്ലെങ്കിലെന്താ ... മക്കൾക്കു വേണ്ടി നന്നായി പാടാം.. അവൾ സകല കഴിവും പുറത്തെടുത്തു കൊണ്ട് പാടാൻ തുടങ്ങി...
'' ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ...
അവിടത്തെ നാമം.. '
അമ്മേ... രണ്ടു പേരും ഒരേ സ്വരത്തിൽ വിളിച്ചു.
ഇതു വേണ്ട ...വേറെ പാട്ട് മതി...
എന്താ ഈ പാട്ട് ഇഷ്ടപ്പെടില്ലേ...?
ഓ... അതു വേണ്ട അമ്മേ... വേറെ .. മതി.
എന്നാൽ മാതാവിന്റെ പാട്ട് പാടാം.. അവൾ അതു പറഞ്ഞിട്ട് വീണ്ടും പാടാൻ തുടങ്ങി.
'' നിത്യ വിശുദ്ധയാം കന്യാമറിയമേ ..
നിൻ നാമം വാഴ്ത്തപ്പെടട്ടേ..
നന്മ നിറഞ്ഞ നിൻ സ്നേഹ .. ''
അമ്മേ.. ഇതു വേണ്ട.. ഉടൻ കിച്ചു പറഞ്ഞു.
പിന്നെ ഇതും ഇഷ്ടപെട്ടില്ലേ....
ചെറുതായി അവൾക്ക് അരിശം വരുന്നുണ്ടായിരുന്നു. ഒരു പാട്ടും മുഴുമിപ്പിക്കാൻ സമ്മതിക്കുന്നില്ലല്ലോ ഈ പിള്ളേര്.
പുതപ്പിനിടയിൽ നിന്നും അച്ചുവിന്റെ അമർത്തിപ്പിടിച്ച ചിരി കേൾക്കുന്നുണ്ടായിരുന്നു.
പിന്നെ ഏതു പാട്ടാ.. ടാ.. വേണ്ടത്‌?
അമ്മ സിനിമാപ്പാട്ട് പാടിയാൽ മതി.
എന്നാ ശരി... ഇനി മാറ്റണം എന്ന് പറയരുത് എന്നു പറഞ്ഞിട്ടവൾ വീണ്ടും പാടാൻ തുടങ്ങി,
'' അന്തിക്കടപ്പുറത്തോരോലക്കുട
യെടുത്ത്, നാലും കൂട്ടി മുറുക്കി നടക്കണതാരാണ്... ആരാണ് .....
ഞാനല്ല .. പരുന്തല്ല തിരകളല്ല...'
അമ്മേ... ഇതു വേണ്ടാ ....
മിണ്ടിപ്പോകരുത്. ഈ പാട്ട് ഞാൻ മുഴുവനും പാടും.. മിണ്ടാതിരുന്ന് കേൾക്കുക. അതിനു ശേഷം എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞാൽ മതി. കേട്ടല്ലോ ...
നാഗവല്ലി സ്റ്റെലിലുള്ള അമ്മയുടെ മുഖം കണ്ടപ്പോൾ , കിച്ചു വേഗം കൈയ്യെത്തിച്ച് ലൈറ്റ് ഓഫാക്കി കിടന്നു.
അവൾ വീണ്ടും ' അന്തിക്കടപ്പുറത്ത് ' പാടാൻ തുടങ്ങി. ചുമ്മാ പാടുകയല്ലായിന്നു , താളമടിച്ചിട്ടു തന്നെയാണ് അവൾ പാടിയത്.
പാടി തീർന്നിട്ടു... അവൾ ചിന്തിച്ചു , ഭീഷണിപ്പെടുത്തിയിട്ടാണെങ്കിലും, സ്വന്തം മക്കളുടെ മുമ്പിൽ പാട്ട് മുഴുവനും പാടാൻ പറ്റി. ശ്ശെടാ .... പാട്ട് പാടിക്കഴിഞ്ഞിട്ടും, പിള്ളേരുടെ ഒരു പ്രതികരണവുമില്ല ല്ലോ . .... അവൾ കൈയ്യെത്തിച്ചിട്ട് മുറിയിലെ ലൈറ്റ് ഇട്ടു.
അച്ചുവിന്റെ തലവഴി പുതച്ചിരിക്കുന്ന പുതപ്പ് പതുക്കെ പൊക്കി നോക്കിയപ്പോൾ, ചെവിയിൽ കൈവിരൽ തിരുകിക്കേറ്റി ഉറങ്ങിയ അവസ്ഥയിലായിരുന്നു.
ഓഹോ....ഹും...
അവൾ തിരിഞ്ഞ് കിച്ചുവിനെ നോക്കിയപ്പോൾ , ഒട്ടകപ്പക്ഷിയുടെ മാതിരി അവന്റെ തല തലയണയ്ക്കടിയിൽ ..ചെവി പൊത്തിപ്പിടിച്ച നിലയിൽ, കമിഴ്ന്നു, മുട്ടുമേൽ മുതുക് ഉയർത്തി കിടക്കുന്നു .
അവനും ഉറങ്ങിപ്പോയിട്ടുണ്ടായിരുന്നു.
ഹും.... നല്ല വാക്ക് പോലും പറയാതെ ഉറങ്ങിയല്ലോ രണ്ടെണ്ണം. ഈ പിള്ളേർക്ക് സംഗീതത്തെക്കുറിച്ച് എന്തറിയാം....? എന്ന് പിറുപിറുത്തു കൊണ്ടവൾ അവിടെ നിന്നും എഴുന്നേറ്റ് ലൈറ്റ് ഓഫാക്കിയിട്ട് കിടക്കാൻ പോയി.
സുമി ആൽഫസ്
*****************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo