നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കല്യാണിയുടെ കല്യാണം

കല്യാണിയുടെ കല്യാണം
രണ്ടാം വർഷം ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എന്റെ സഹപാഠി കല്യാണിയുടെ വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് പഠനം നിർത്തിയ അവളെ ഞാൻ കാണുന്നത് വർഷങ്ങൾ കഴിഞ്ഞ് ഒരു ജോലിക്കുള്ള ടെസ്റ്റിന് പോയപ്പോൾ ആണ്.
എന്റെ കണ്ണുകളെ എനിക്ക് വിശ്വാസമായില്ല, സുന്ദരിയായിരുന്ന എന്റെ കല്യാണിയുടെ സ്ഥാനത്ത് മെലിഞ്ഞുണങ്ങിയ ഒരു രൂപം.
എന്നെ കണ്ടപ്പോൾ അവൾ ചിരിച്ചു. ആ ചിരിയിൽ അവൾക്ക് എന്നെ കണ്ടത്തിലുള്ള ആഹ്ലാദം മുഴുവനായും എനിക്ക് കാണുവാൻ സാധിച്ചു. എങ്കിലും ഒരു വിഷാദഭാവം ആ ചിരിയിൽ അടങ്ങിയിട്ടുണ്ടായിരുന്നു.
"മഹേഷിനു സുഖമാണോ?"
"എനിക്ക് സുഖമാണ്. കല്യാണിക്ക് സുഖമല്ലേ?" അവൾ തലയാട്ടി .കുറച്ചു നേരം ഞങ്ങളുടെയിടയിൽ മൗനം തളം കെട്ടി നിന്നു.
പരീക്ഷ കഴിഞ്ഞു കാണാം എന്നുപറഞ്ഞ് അവൾ തിടുക്കത്തിൽ ഹാളിലേക്ക് പോയി. ഞാൻ വാച്ച് നോക്കിയപ്പോൾ പരീക്ഷക്ക് ഇനിയും ഒരു മണിക്കൂർ കൂടിയുണ്ട്.
ഞാൻ അടുത്തു കണ്ട മരത്തിന് ചുവട്ടിൽ ഇരുന്ന് ഒരു പുസ്തകം മറിച്ചു നോക്കുവാൻ തുടങ്ങി. എന്നാൽ എനിക്ക് പഠിക്കുവാൻ സാധിച്ചില്ല. എന്റെ ഓർമ്മയിലേക്ക് സുന്ദരിയും സമർത്ഥയുമായ പഴയ കല്യാണി ഓടിയെത്തി.
ഒരു ദിവസം കാമ്പസ്സിൽ നാടക മത്സരത്തിന് പങ്കെടുക്കുന്ന ഞങ്ങൾ തീവ്രമായ റിഹേഴ്സൽ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ കല്യാണി തൊട്ടുമുൻപിൽ നിൽക്കുന്നു.
"എനിക്ക് മഹേഷിനോട് ഒരു കാര്യം ചോദിക്കുവാനുണ്ടായിരുന്നു". കൂടെയുള്ളവരെ നോക്കികൊണ്ടാണ് അവൾ പറഞ്ഞത്. എന്റെ ഹൃദയ വേഗത കൂടി. കൂട്ടുകാർ ഞങ്ങളെ അർത്ഥം വെച്ചുള്ള ഒരു നോട്ടം എറിഞ്ഞ് അവിടെ നിന്നും മാറിപ്പോയി.
ഞാൻ ആകാഷയോടെ അവളെ നോക്കി. അവൾ ഇപ്പോൾ പറയും, ഞാൻ പ്രതീക്ഷിച്ചു.
"എനിക്ക് ...എനിക്ക്”...... തുറന്നു പറയൂ കുട്ടി നിനക്കെന്നെ ഇഷ്ടമാണെന്ന്. നിന്റെ മഹേഷേട്ടൻ ഈ വാക്കുകൾ കേൾക്കുവാൻ എത്രകാലമായി കാത്തിരിക്കുന്നു? ഞാൻ ഞെട്ടുവാൻ തയ്യാറായി നിന്നു.
"എനിക്ക് നാടകത്തിൽ അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്” ഞാൻ ശരിക്കും ഞെട്ടി. ഇവൾ മനുഷ്യനെ വെറുതെ ആശിപ്പിച്ചു. ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു. അവൾ പിറകിൽനിന്നും പലപ്രാവശ്യം വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല.
അടുത്ത ദിവസവും ഈ ആവശ്യവുമായി എന്റെയടുക്കൽ വന്നു. ഞാൻ പറഞ്ഞു.
"ആൺകുട്ടികൾ മാത്രം അഭിനയിക്കുന്ന നാടകത്തിൽ ഒരു പെൺകുട്ടിയുടെ ഒഴിവ് ഇല്ല."
"അപ്പോൾ പിന്നെ എന്തുചെയ്യും?" അവളുടെ സ്വരത്തിൽ നേരിയ നിരാശ്ശ.
ഞാൻ രണ്ടും കല്പിച്ച് കണ്ണടച്ചുകൊണ്ട് പറഞ്ഞു "എന്റെ ജീവിതത്തിൽ നായികയുടെ ഒഴിവുണ്ട്. താല്പര്യമുണ്ടെങ്കിൽ തനിക്ക് അവസരം തരാം". ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുന്നിൽ ആരെയും കാണുവാനില്ല.
പിന്നീട് നാടകത്തിൽ അഭിനയിക്കണം എന്നാവശ്യവുമായി അവളെന്നെ സമീപിച്ചിട്ടില്ല. മാത്രമല്ല എന്നിൽ നിന്നും ഒരു അകൽച്ച അവൾ സൂക്ഷിക്കുകയും ചെയ്തു.
പരീക്ഷക്ക് ഒരുമാസം മുൻപ് അവൾ ക്ലാസ്സിൽ വരാതെയായി. അവളുടെ കല്യാണം നിശ്ചയിച്ചെന്നു ആരോ പറഞ്ഞ് ഞാൻ അറിഞ്ഞു.
ഞാൻ സമയം നോക്കി ഇനി അരമണിക്കൂർ കൂടിയുണ്ട് പരീക്ഷക്ക്‌. പരീക്ഷാ ഹാളിൽ കയറിയിട്ടും അവളെ കുറിച്ചുള്ള ചിന്ത എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു.
പരീക്ഷ ഒരു വിധത്തിൽ എഴുതി പുറത്തിറങ്ങി ഞാൻ അവളെ കാത്തു നിന്നു.
"നമുക്ക് ഒരു കോഫി കുടിച്ചാലോ? ഞാൻ ചോദിച്ചു. അവൾ തലയാട്ടി.
കോഫി ഷോപ്പിൽ നല്ല തിരക്കായിരുന്നു. ഞങൾ ഒരു മൂലയിലായി സ്ഥാനം പിടിച്ചു. ആവി ഉയർന്നു പൊങ്ങുന്ന കോഫിയിൽ നോക്കി കുറച്ചു സമയം ഞങ്ങൾ വെറുതെ ഇരുന്നു.
"ആ നായികയുടെ ഒഴിവ് നികത്തിയോ?" അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അത്... ഞാൻ ...അതൊരു ജോക്ക് ആയിരുന്നു". ഞാൻ പരുങ്ങി. എന്റെ പരുങ്ങൽ കണ്ട് അവൾ പൊട്ടിച്ചിരിച്ചു.
"മഹേഷ് അത് ജോക്കല്ല എന്നറിഞ്ഞതുകൊണ്ടാണ് ഞാൻ പിന്നീട് മഹേഷുമായി അകലം സൂക്ഷിച്ചത്".
"എന്താ എന്നെ ഇഷ്ടമല്ലായിരുന്നോ?" ഞാൻ ചോദിച്ചു.
"ഇഷ്ടമായിരുന്നു. ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷെ ".
"പക്ഷെ?" ഞാൻ അക്ഷമനായി. "ഞാൻ വേറൊരാളുമായി പ്രണയത്തിലായിരുന്നു."
"ആരാണത് ?" എന്റെ ശബ്ദം ഉയർന്നു. അടുത്തിരുന്ന ആളുകൾ ഞങ്ങളെ ശ്രദ്ധിക്കുവാൻ തുടങ്ങി. അവൾ സാവധാനം എഴുന്നേറ്റു.
"മഹേഷ് അതൊരു വലിയ കഥയാണ്. മഹേഷിന് വേണമെങ്കിൽ അത് നാടകമാക്കാം. അല്ലെങ്കിൽ തിരക്കഥയാക്കാം." ബസ്സ്‌ സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അവൾ പറഞ്ഞു. എന്റെ ആകാംഷ വർദ്ധിച്ചു.
"ഞാൻ പ്രണയിച്ച ആളെ മഹേഷിനറിയാം .വേറാരുമല്ല മൂന്നാം വര്ഷം പഠിച്ചിരുന്ന റോബിച്ചൻ".
"റോബിച്ചൻ??!" ഞാൻ ഞെട്ടിപ്പോയി. ഇവൾ ആള് കൊള്ളാമെല്ലോ!. പണക്കാരനും സുന്ദരുനുമായ റോബിച്ചന്റെ രൂപം എന്റെ മനസ്സിലേക്ക് ഓടിയെത്തി. പക്ഷെ നായരായ കല്യാണിയും ക്രിസ്ത്യാനിയായ റോബിച്ചനും! അതെങ്ങനെ ശരിയാകും?
അവൾക്കുപോകുവാനുള്ള ബസ്സ് വന്നപ്പോൾ അവൾ എന്നോട് യാത്രപറഞ്ഞു. ബസ്സിൽ സീറ്റ് ലഭിക്കുവാതെ കമ്പിയിൽ തൂങ്ങി നിന്നിരുന്ന അവൾ ബസ്സ് വളവിലെത്തുന്നതുവരെ എന്നെ നോക്കുന്നുണ്ടായിരുന്നു.
എന്റെ മനസ്സിൽ സംശയങ്ങൾ കൂമ്പാരമായി. എന്തായാലും അവളുടെ വിവരങ്ങൾ അറിയണമെന്ന തന്നെ ഞാൻ തീരുമാനിച്ചു. അവളുടെ അടുത്ത സുഹൃത്തായ ആനിയെ ഞാൻ വിളിച്ചു.
"മഹേഷ്. അവളുടെ കല്യാണം ഏറ്റുമാനൂർ അമ്പലത്തിൽ വെച്ചായിരുന്നു. അവൾ ഞങ്ങളെ ആരെയും ക്ഷണിച്ചില്ല. അതിനുശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടുമില്ല"
എന്റെ മനസ്സിൽ വീണ്ടും സംശയങ്ങൾ കുന്നുകൂടി . റോബിച്ചനുമായുള്ള കല്യാണം അമ്പലത്തിൽ വെച്ച് നടക്കുന്നതെങ്ങനെ? അതോ അവൾ റോബിച്ചനെ തേച്ചിട്ട്‌ വേറെയാളെ കല്യാണം കഴിച്ചോ? എനിക്കൊന്നും പിടികിട്ടിയില്ല.
ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ ഒരു ദിവസം കല്യാണി എന്നെ വിളിച്ചു "മഹേഷ് . ആനിയെ സിറ്റിയിൽ വെച്ച് കണ്ടിരുന്നു. അവളാണ് മഹേഷിന്റെ നമ്പർ തന്നത്. മഹേഷിന് എന്റെ കഥ കേൾക്കേണ്ട?"
അറിയുവാനുള്ള ആകാംഷ ഉണ്ടായിരുന്നെങ്കിലും താല്പര്യമില്ലാത്ത മട്ടിൽ ഞാൻ പറഞ്ഞു " ഞാൻ സ്വല്പം തിരക്കിലാണ്"
"ഓക്കേ. എന്റെ അഡ്രസ്സ് ഞാൻ തരാം. തിരക്ക് കഴിഞ്ഞിട്ട് വന്നാൽ മതി. മണിമലയിൽ നിന്നും മൂന്നാമത്തെ സ്റ്റോപ്പിലിറങ്ങുമ്പോൾ ഒരു ചെറിയ കട കാണാം. അവിടെ ചോദിച്ചാൽ അവർ റോബിച്ചന്റെ വീട് കാണിച്ചു തരും. വരുന്നതിനുമുമ്പ് ഒന്ന് വിളിക്കണം. തന്റെ ഒരു സഹായം എനിക്ക് ആവശ്യമുണ്ടായിരുന്നു. വരുമ്പോൾ പറയാം ". അവൾ ഫോൺ കട്ട് ചെയ്തു.
ഏതായാലും ഒരു കാര്യത്തിന് ഉത്തരമായി. അവൾ റോബിച്ചനെ തന്നെയാണ് വിവാഹം കഴിച്ചത്. എന്ത് സഹായമാണ് അവൾക്കാവശ്യം? പഠിക്കുമ്പോൾ ഏറ്റവും വിലകൂടിയ ഡ്രസ്സ് ധരിക്കുന്ന, പണം ചിലവാക്കുവാൻ ഒരുമടിയും ഇല്ലാത്ത റോബിച്ചന് എന്നെപോലെയുള്ള ഇടത്തരക്കാരോട് ഒരു തരം പുച്ഛ ഭാവമായിരുന്നു. റബ്ബർ ബിസിനെസ്സ് നടത്തുന്ന അച്ഛന്റെ ഒരേ ഒരു മോൻ. ഏതായാലും കല്യാണി ബുദ്ധിമതിതന്നെ.
പക്ഷെ കോടീശ്വരനായ റോബിച്ചന്റെ ഭാര്യ പി. എ .സ്സി പ്യൂൺ പരീക്ഷക്ക് വന്നതെന്തിന്? അവളുടെ ക്ഷീണിതരൂപം എന്റെ മനസ്സിൽ നിന്നും മായുന്നില്ല. ഞാൻ ചെല്ലുമ്പോൾ റോബിച്ചൻ എന്തുപറയും? പഴയപടി പുച്ഛിക്കുമായിരിക്കും.
എന്തായാലും ഞാൻ പോകുവാൻ തീരുമാനിച്ചു. മണിമലയിൽ നിന്നും മൂന്നാമത്തെ സ്റ്റോപ്പിൽ വണ്ടിയിറങ്ങി. അടുത്തുകണ്ട കടയിൽ കയറി. കടയിൽ ഇരുന്ന് സിഗരറ്റു വലിച്ചുകൊണ്ടിരുന്ന ഒരു ചേട്ടനോട് റോബിച്ചന്റെ വീട് ഞാൻ ചോദിച്ചു. അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ടു സിഗരെറ്റ്‌ ആഞ്ഞു വലിച്ചു നിലത്തിട്ട് ചവിട്ടിക്കെടുത്തി ഒന്നും മിണ്ടാതെ നടന്നകന്നു.
ഞാൻ ഉള്ളിൽ കയറി കടക്കാരനോട് ചോദിച്ചു. അയാൾ വിനയത്തിൽ മുണ്ടിന്റെ മടക്കികുത്ത് അഴിച്ചിട്ടു കൊണ്ട് ചോദിച്ചു "സാറ് പോലീസിൽ നിന്നുമാണോ ?"
"അല്ല” എന്നെക്കണ്ടാൽ ഒരു പോലീസുകാരന്റെ ലുക്കുണ്ടാവും. ഞാൻ മനസ്സിലോർത്തു.
ഞാൻ റോബിച്ചന്റെ ഭാര്യയുടെ സഹപാഠിയാണെന്നു പറഞ്ഞപ്പോൾ അയാൾ ചോദിച്ചു.
"തൂങ്ങിമരിച്ച റോബിച്ചന്റെ വീടല്ലേ?" എന്റെ ഞെട്ടൽ പുറത്തു കാണിക്കുവാതെ ഞാൻ പറഞ്ഞു.
" അച്ഛൻ റബ്ബർ മുതലാളിയായിരുന്ന. കോട്ടയത്തു പഠിച്ച റോബിച്ചൻ" അയാൾ ചിരിച്ചു.
"സാർ ഉദ്ദേശ്ശിച്ച ആളെ എനിക്ക് പിടികിട്ടി. ദേ ആ കാണുന്ന വീടാണ്." അയാൾ ദൂരേക്ക്‌ ചൂണ്ടി. അവിടെ കണ്ട കാഴ്ച എനിക്ക് വിശ്വസിക്കുവാൻ പറ്റിയില്ല. കല്ലുകൊണ്ടുമാത്രം പണിത തേക്കാത്ത ഒരു ചെറിയ വീട്. ഞാൻ സംശയിച്ചു നോക്കിയപ്പോൾ അയാൾ ചോദിച്ചു "കല്യാണി എന്നല്ലേ ആ സ്ത്രീയുടെ പേര്".
ആവീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ അത് എന്റെ കല്യാണി ആയിരിക്കരുതേ എന്നാണ് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചത്. ഒരേ പേരുള്ള എത്ര ഭാര്യാ ഭർത്താക്കന്മാർ ഈ ഭൂമിയിലുണ്ട്?
എന്നാൽ വീടിന്റെ മുൻവശത്തുള്ള ഭിത്തിയിൽ വാടിയ പൂമാലകൊണ്ട് അലങ്കരിച്ച റോബിച്ചന്റെ ഫോട്ടോ കണ്ടപ്പോൾ എന്റെ സംശയമെല്ലാം തീർന്നു.
ഞാൻ കതകിൽ മുട്ടി. കതക്‌ തുറന്ന് ഒരു സ്ത്രീ പുറത്തുവന്നു. വിലകുറഞ്ഞതെങ്കിലും കുലീനമായ വേഷം. എവിടെയോ കണ്ടുമറന്ന മുഖം.
"ആരാണ്? എനിക്ക് മനസ്സിലായില്ല"
"ഞാൻ മഹേഷാണ്. കല്യാണി ഇല്ലേ ? ഞാൻ സംശയത്തിൽ അകത്തേക്ക് നോക്കി.
"സാറ് കയറിയിരിക്ക്. ഞാൻ അവളെ വിളിക്കാം" അവർ വീടിനുള്ളിലേക്ക് കയറി. ഞാൻ ഇളം തിണ്ണയിൽ ഒരു കസേരയിൽ ഇരുന്നു. ചാണകംമെഴുകിയതാണെങ്കിലും വൃത്തിയുള്ള പരിസരം.
കല്യാണി ഇറങ്ങിവന്നു. നൈറ്റിയിൽ അവളെ കാണുവാൻ കൂടുതൽ സുന്ദരിയാണെന്നെനിക്കുതോന്നി.
"ചായ എടുക്കാം." അവൾ പറഞ്ഞു. ഞാനൊന്നും പറഞ്ഞില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാനിരുന്നു.
" എനിക്കറിയാം മഹേഷ് എന്താണ് ആലോചിക്കുന്നതെന്ന്. അതാണ് ഞാൻ പറഞ്ഞത് ഒരു സിനിമക്കുള്ള കഥയുണ്ടെന്ന്. കേൾക്കുവാൻ സമയമുണ്ടാകുമോ?" ഒരു കസ്സേര വലിച്ചിട്ട് അവൾ ഇരുന്നു.
ഞാനൊന്നും പറഞ്ഞില്ല. മൗനം സമ്മതം എന്നുകരുതി അവൾ പറയുവാൻ തുടങ്ങി ...
കൂലിപ്പണിക്കാരനായിരുന്നെങ്കിലും എന്റെ അച്ഛൻ എന്നെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. എന്നാൽ പണക്കാരായ അയൽക്കാരുടെ ജീവിത രീതി എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ആ ആകർഷണം തന്നെയാണ് റോബിച്ചനിലേക്കും എന്നെ അടുപ്പിച്ചത്. എന്നാൽ ക്രിസ്ത്യാനിയായ റോബിച്ചന്റെ കാര്യം വീട്ടിൽ പറയുവാൻ എനിക്ക് ഭയമായിരുന്നു.
വീടിനോടുചേർന്നുള്ള അഞ്ചു സെന്റ്‌ സ്ഥലം അടുത്തുള്ള ചാക്കോച്ചന് വിറ്റിട്ടാണ് അച്ഛൻ എന്റെ വിവാഹത്തിന് ഇരുപതുപവൻ ഉണ്ടാക്കിയത്. സ്വർണ്ണ പണയത്തിൽ പണം പലിശക്ക് കൊടുക്കുന്ന ചാക്കോച്ചൻ സ്ഥലത്തിന്റെ വിലയായി കുറെ പണവും ബാക്കിയുള്ളത് സ്വർണവുമായിട്ടാണ്‌ അച്ഛന് കൊടുത്തത്.
അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനുമുൻപിൽ എതിർക്കുവാൻ കഴിയാതിരുന്ന ഞാൻ റോബിച്ചനെ മറക്കുവാൻ തീരുമാനിച്ചു.
എന്നാൽ റോബിച്ചൻ പിന്മാറുവാൻ ഒരുക്കമല്ലായിരുന്നു. എന്നോട് ഇറങ്ങിവരുവാൻ പലപ്രാവശ്യം ആവശ്യപ്പെട്ടു . കല്യാണത്തിന്റെ തലേദിവസം റോബിച്ചൻ എന്നെ ഫോണിൽ വിളിച്ചു.
"കല്യാണി നാളെ ഞാൻ കാറുമായി കല്യാണമണ്ഡപത്തിനടുത്ത് കാത്തിരിക്കും”
ഞാൻ ഒന്നും പറഞ്ഞില്ല. അയാൾ ഫോൺ വെച്ചു.
പിറ്റേദിവസം കല്യാണപെണ്ണായി ഞാൻ അമ്പലത്തിൽ ചെന്നു . നടയിൽ അമ്മയോടൊപ്പം തൊഴുതു നിന്നപ്പോൾ ഞാൻ റോബിച്ചനെ കണ്ടു ഒരു കാറുമായി എന്നെ കാത്തിരിക്കുന്ന റോബിച്ചനെ!!...". കല്യാണി ഒരു നിമിഷം എന്തോ ഓർത്തു.
അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടു. റോബിച്ചന്റെ അമ്മ തന്ന ചായ ഞാൻ ഊതിക്കുടിക്കുവാൻ തുടങ്ങിയപ്പോൾ അവൾ തുടർന്നു….
എന്റെ മനസ്സ് സംഘർഷം കൊണ്ട് നിറഞ്ഞു. ഒരു വശത്ത് അച്ഛനും അമ്മയും, മറുവശത്ത് പണക്കാരനായ കാമുകൻ. എന്നെ കല്യാണം കഴിക്കുവാൻ ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി കാത്തിരിക്കുന്ന ചെറുപ്പക്കാരൻ എന്റെ മനസ്സിലേക്ക് വന്നതേയില്ല.
നാദസ്വരം മുഴങ്ങി. ഞാൻ പന്തലിലേക്ക് ആനയിക്കപ്പെട്ടു. ചെറുക്കന്റെ അച്ഛനും അമ്മയ്ക്കും ദക്ഷിണ കൊടുത്ത് തലയുയർത്തിയ ഞാൻ കണ്ടത് വിഷമിച്ചു നിൽക്കുന്ന റോബിച്ചനെയാണ്. ഞാൻ പിന്നെയൊന്നും ആലോചിച്ചില്ല. കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങി റോബിച്ചന്റെ കാറിനെ ലക്ഷ്യമാക്കിനടന്നു. പെട്ടന്നു തന്നെ കോട്ടും കുരവയും നിലച്ചു . അമ്മ എന്റെ കൈകളിൽ പിടിച്ചു പുറകോട്ട് വലിച്ചു. ഞാൻ ശക്തിയായി കുതറിച്ചുകൊണ്ട് പറഞ്ഞു "വീട് , എന്നെ വിട് എനിക്ക് റോബിച്ചന്റെ കൂടെ പോകണം".
കല്യാണ മണ്ഡപത്തിനുചുറ്റും ചെറുക്കന്റെയും പെണ്ണിന്റെയും ആൾക്കാർ തമ്മിൽ വാക്കുതർക്കം തുടങ്ങി . മൂന്നുനാലുപേർ എന്നെ ബലമായി പിടിച്ച് കല്യാണമണ്ഡപത്തിൽ തിരിച്ചെത്തിച്ചു. ആളുകളുടെ ബഹളം കുറഞ്ഞു. എന്നെ അവർ ബലമായി മണ്ഡപത്തിലിരുത്തി.
"മുഹൂർത്തം കഴിയുന്നതിന് മുൻപ് താലികെട്ട്" ആരോ വിളിച്ചു പറഞ്ഞു. എന്നാൽ കല്യാണ ചെറുക്കൻ താലി കെട്ടുവാൻ തയാറായില്ല. അയാൾ എന്നെ രൂക്ഷമായി നോക്കി പറഞ്ഞു " നിനക്കിത് ഇന്നലെ ആകമായിരുന്നില്ലേ ? ഇത്രയും അപമാനിക്കുവാൻ ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്?
എന്റെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞു " നിന്റെ ഇഷ്ടത്തിനൊന്നും എതിര്‌ പറയാത്ത ഞങ്ങളോട് നീ ഈ ചതി ചെയ്തല്ലോ ?" ....
കല്യാണി ഒരു നിമിഷം നിർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു.
അവൾ അകത്തുപോയി മുഖം കഴുകി തിരിച്ചു വന്നു.
"സോറി ഞാൻ വല്ലാണ്ട് ഇമോഷണൽ ആയി" ഞാൻ ഒന്നും പറഞ്ഞില്ല അവൾ തുടർന്നു.
വലിയ വീടും കാറും പ്രതീക്ഷിച്ച് റോബിച്ചന്റെ കൂടെ ഇറങ്ങിയ ഞാൻ ഈ വീട്ടിലെത്തി. റോബിച്ചൻ എന്നെ കബളിപ്പിക്കുകയായിരുന്നു. കാറും ബംഗ്ലാവും ആർഭാടജീവിതവും അയാളുടെ ഭാവന മാത്രമായിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ സ്വയം ശപിച്ചു.
ഞാൻ ഒരിക്കലും തിരിച്ചു കയറുവാൻ സാധിക്കാത്ത ഒരു കുഴിയിലേക്കാണ് എടുത്തു ചാടിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. റബ്ബറുവെട്ടുകാരനായ അച്ഛന്റെയും സാധുവായ അമ്മയുടെയും ഏക മകനായിരുന്നു റോബിച്ചൻ .
അയാളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുത്ത സാധുവായ മാതാപിതാക്കൾ എന്നെയും സ്നേഹത്തോടെ സ്വീകരിച്ചു.
ഞാൻ സാഹചര്യവുമായി ഇണങ്ങുവാൻ തീരുമാനിച്ചു . റോബിച്ചനും അച്ഛനും അമ്മയും എന്നെ സ്നേഹം കൊണ്ട് മൂടി. "എനിക്കർഹിച്ചത് കിട്ടി" ഞാൻ ആശ്വസിച്ചു.
എന്നാൽ വിധി അതിന്റെ പരീക്ഷണം തുടർന്നു. ജോലിയൊന്നും ഇല്ലെങ്കിലും റോബിച്ചൻ ആർഭാട ജീവിതം തുടർന്നു. പണത്തിനാവശ്യം വന്നപ്പോൾ എന്റെ ആഭരണങ്ങളെല്ലാം പല സ്ഥലങ്ങളിലായി പണയപ്പെടുത്തി. ഒരു ദിവസം രണ്ടു പോലീസുകാർ വീട്ടിൽ വന്ന് റോബിച്ചനോട് സ്റ്റേഷനിലേക്ക് ചെല്ലുവാൻ പറഞ്ഞു. എന്താണ് കാര്യമെന്ന് ആർക്കും മനസ്സിലായില്ല . വൈകിട്ട് പണി കഴിഞ്ഞു വന്ന ചാച്ചൻ സ്ഥലത്തെ പഞ്ചായത്തു മെമ്പറെയും കൂട്ടി പോലീസ് സ്റേഷനിലെത്തിയപ്പോഴാണ് അറിയുന്നത് മുക്കുപണ്ടം വെച്ച് പണം തട്ടിയതിന് റോബിച്ചനെ പോലീസ് അറസ്റ്റ് ചെയ്‌തെന്ന്.
പതിന്നാലു ദിവസത്തെ ജയിൽ വാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ റോബിച്ചൻ വീട്ടിലെത്തി ആരോടും ഒന്നും മിണ്ടിയില്ല. ജലപാനം പോലും ചെയ്യാതെ ഒരു മൂലക്കിരുന്നു. വൈകുന്നേരം ഉറങ്ങുന്നതിന് മുൻപ് എന്നോട് ചോദിച്ചു "നിന്നെ ജീവനുതുല്യം സ്നേഹിച്ച എന്നോട് എന്തിനാണ് നീ ഈ ചതി ചെയ്തത്?"
ഞാൻ ചതിച്ചതല്ല എന്നും അച്ഛനു സ്വർണം കൊടുത്ത ചാക്കോച്ചൻ ചതിച്ചതായിരിക്കും എന്നും ഞാൻ കരഞ്ഞു പറഞ്ഞു.
അന്ന് രാത്രിയിൽ എന്റെ റോബിച്ചൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു"
കൈകൾ രണ്ടും മുഖത്ത് അമർത്തി കരച്ചിലടക്കുവാൻ അവൾ പാടുപെട്ടപ്പോൾ വാതിലിനുള്ളിൽ നിന്നും അടക്കി പിടിച്ച ഒരു തേങ്ങൽ കേട്ടു. എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു.
അവരെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ കുഴങ്ങി. ഇനി നിന്നാൽ എനിക്ക് പിടിച്ചു നിൽക്കുവാൻ പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ എഴുനേറ്റു. പതുക്കെ പുറത്തേക്ക് നടന്നു.
അവൾ എന്റെ കൂടെ ബസ്സ് സ്റ്റോപ്പ് വരെ അനുഗമിച്ചു. ബസ്സ് വരുവാൻ ഇനിയും അരമണിക്കൂർ സമയമുണ്ട്. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല എങ്കിലും ഞാൻ പറഞ്ഞു "എല്ലാം ശരിയാകും".
"ഞാൻ മഹേഷിനെ വിളിച്ചത് ഒരു സഹായം ചോദിക്കുവാനാണ്. മഹേഷ് ഇപ്പോൾ ഒരു നാടക ട്രൂപ്പിൽ വർക്ക് ചെയ്യുന്നുണ്ട് എന്നറിഞ്ഞു. അവിടെ എനിക്കൊരവസരം കിട്ടുമോ എന്നറിയുവാനാണ്’'.
പഠിച്ചുകൊണ്ടിരുന്നപ്പോൾ ചോദിച്ച അതേ ചോദ്യം. ഞാൻ പറഞ്ഞു.
"നാടകമൊന്നും ആളുകൾക്കിപ്പോൾ വേണ്ട. പല സ്ഥലത്തും സൗജന്യമായിട്ടാണ് ഞങ്ങൾ കളിക്കുന്നത്. പിന്നെ എന്റെ ജീവിതത്തിലെ നായികയുടെ റോൾ ഇപ്പോഴും ഒഴിഞ്ഞു കിടപ്പുണ്ട് . വേണമെങ്കിൽ ..." ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി.
അവൾ ശൂന്യതയിൽ നോക്കി കുറച്ചു സമയം ആലോചിച്ചു. പിന്നെ പറഞ്ഞു.
" ആ ഒഴിവിനുള്ള യോഗ്യത എനിക്കില്ല. ഒരുപാട് പേരെ ഞാൻ കണ്ണീരുകുടിപ്പിച്ചിട്ടുണ്ട് . അവരുടെ ശാപം എന്റെമേൽ തീർച്ചയായും ഉണ്ടാവും. ഇനി സാധുക്കളായ റോബിച്ചന്റെ ചാച്ചന്റെയും അമ്മച്ചിയുടെയും ശാപം തലയിലേറ്റുവാൻ എനിക്കിപ്പോൾ വയ്യ. എനിക്കാവശ്യം ഒരു ജോലിയാണ്.”
അപ്പോഴേക്കും എനിക്കുപോകുവാനുള്ള ബസ്സ് വന്നു. ബസ്സിൽ കയറിയ എന്നെ നോക്കി അവൾ കൈവീശി കാണിച്ചു. ബസ്സ് അതിന്റെ വേഗതിയിൽ യാത്ര ആരംഭിച്ചു. കൈവീശി നിൽക്കുന്ന എന്റെ കല്യാണിയുടെ വലിപ്പം കുറഞ്ഞു കുറഞ്ഞു ഒരു പൊട്ട് ആകുന്നത് വരെ ഞാൻ പിറകിലേക്ക് നോക്കികൊണ്ടേയിരുന്നു.
അനിൽ കോനാട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot