
അയാൾ കണ്ണുകളടച്ചുനിന്ന് ആ മുറിയിൽ ചൂഴ്ന്നുനിന്നിരുന്ന ഗന്ധം നുകരുവാൻ ശ്രമിയ്ക്കുകയായിരുന്നു, അപ്പോഴാണ് പുറകിൽ അമ്മയുടെ കാൽപ്പെരുമാറ്റം, ഒപ്പം ഇടറിയ സ്വരവും; “മോനേ സേതു, നീ വന്നതല്ലേയുള്ളൂ… കുളിച്ചെന്തേലും കഴിയ്ക്കാദ്യം…”
മറുപടിയായി, അയാളൊന്നു മൂളുക മാത്രം ചെയ്തു…
അയാളാ മുറിയൊട്ടാകെ കണ്ണുകൾ കൊണ്ടു പരതുകയായിരുന്നു, താൻ തേടുന്നതവിടെയില്ലെന്ന് ഉറപ്പായിരുന്നിട്ടു കൂടി… അഴയിൽ തൂങ്ങുന്ന കാവിമുണ്ടും ഷർട്ടും, അതിനോടൊട്ടിക്കിടക്കുന്ന കാലൻകുടയും, വിരിച്ചിട്ട കിടക്കയും, കട്ടിലിനു കീഴെയായി ആധാരപ്പെട്ടിയും, വായിച്ചു തീർന്നതും വായിയ്ക്കാനുള്ളതുമായ ഒരുപാടു പുസ്തകങ്ങൾ കൃത്യമായടുക്കിവെച്ച ചുമരലമാരിയും, അതിന്റെയൊരു കോണിലെ അയ്യപ്പസ്വാമിയുടെ ഫോട്ടോയുടെ മുന്നിൽ അഴിച്ചു വച്ച രക്തചന്ദനമാലയും വാച്ചും കണ്ണടയും എല്ലാം നോക്കിയെത്തിയപ്പോഴേയ്ക്കും മിഴിക്കോണിൽ നനവു പടർന്നു തുടങ്ങിയിരുന്നു.
തൊട്ടടുക്കലിരുന്നിരുന്ന മൊമെന്റോ-ഷീൽഡിൽ കണ്ണുകളുടക്കിയത് സ്വാഭാവികം, കർമ്മരംഗത്തെ സമസ്തസംഭാവനയ്ക്ക് ദേശസ്നേഹികളെല്ലാം ഒത്തുകൂടി സമ്മാനിച്ചത്.... ഏറെ ആദരം അർഹിയ്ക്കുകയും അതേറെ ആഗ്രഹിയ്ക്കുകയും ചെയ്തിരുന്ന ആ മനസ്സ്, അന്നതേറ്റുവാങ്ങിയപ്പോൾ എന്തു മാത്രം നിറഞ്ഞുതുളുമ്പിയിരിയ്ക്കുമെന്ന് അയാൾക്ക് ഊഹിയ്ക്കാൻ പറ്റുന്നുണ്ടായിരുന്നു. അന്നത് നേരിൽ കാണുവാൻ ഈ ഭാഗ്യദോഷിയ്ക്ക് സാധിച്ചില്ലല്ലോയെന്നു കൂടിയോർത്തപ്പോൾ, അയാൾക്ക് തൻ്റെ കണ്ണുനീരിനെ തടുക്കാനായില്ല. ഒന്നും മനപ്പൂർവ്വമായിരുന്നില്ല, ജോലിസംബന്ധമായ സ്വാഭാവികത്തിരക്കുകൾ മാത്രം.
കഴിഞ്ഞതവണ ലീവിൽ വന്നപ്പോൾ തന്നോടു പറയുകയുണ്ടായി, ശാരീരികക്ഷീണമുള്ളതിനാൽ പുറത്തോട്ടിറങ്ങി സുഹൃത്തുക്കളോടൊക്കെ ഒന്നിടപഴകാൻ സാധിയ്ക്കാത്തതിനാൽ, വളർന്നുവരുന്ന ഒറ്റപ്പെടലിന്റെ വേരുകളെപ്പറ്റി. അന്നു താനതിനൊരു പോംവഴിയായി നിർദ്ദേശിച്ചപ്പോഴും തീരെ കരുതിയിരുന്നില്ല, ഒരിയ്ക്കൽ നിർത്തിവച്ചിരുന്ന ഭക്തിഗാനങ്ങളെഴുതുന്ന ആ പഴയ പതിവ്, വീണ്ടും തുടങ്ങുമെന്ന്. അങ്ങനെ ആ തിരക്കുകളുമായിട്ടൊക്കെയൊന്ന് ഊർജ്ജസ്വലമായി വന്നതായിരുന്നു....
അറുപതാം വയസ്സെന്ന വാർദ്ധക്യകാലം നാമം ചൊല്ലി ഒതുങ്ങി ജീവിയ്ക്കാനുള്ള ഒന്നല്ല, എന്ന് ഉറപ്പിച്ചമാതിരിയായിരുന്നല്ലോ പതിനഞ്ചു വർഷം മുമ്പ്, താനേ നേടിയെടുത്ത കംപ്യൂട്ടർ വൈദഗ്ധ്യം. എടുക്കുന്ന ഏതു തൊഴിലിലും ഒരു തികഞ്ഞ പെർഫെക്ഷനിസ്റ്റിനെ കാട്ടിത്തരുമായിരുന്ന ആ പ്രകൃതത്തിനോടെന്നും, തനിയ്ക്കാരാധനയായിരുന്നു. പക്ഷെ ആശുപത്രിക്കിടക്കയിൽ വച്ചാ രൂപം, അവസാനമായൊന്നു കാണുവാൻ പോലും സാധിയ്ക്കാതെ വിസാസംബന്ധിയായ കുരുക്കുകളിൽ കിടന്നുഴലുമ്പോൾ, അയാളന്ന് ഉള്ളുരുകി പ്രാർത്ഥിയ്ക്കുകയായിരുന്നു, തന്നെ ശപിയ്ക്കരുതേയെന്ന്….
ആരവമൊഴിഞ്ഞ അരങ്ങുപോലെ, ശൂന്യത തളംകെട്ടി നിന്നിരുന്ന ആ മേശപ്പുറം ഒരു കാലഘട്ടത്തിന്റെ തന്നെ അവസാനമാണെന്നാണോ വിളിച്ചോതുന്നത് ? അറിയില്ല…. മരണമെന്നത് അനിവാര്യതയാണെന്ന് സ്വയമറിയാമെങ്കിലും, ഒരിയ്‌ക്കൽക്കൂടി തിരിച്ചുതന്നിരുന്നെങ്കിൽ എന്നു നാമാശിച്ചുപോവുന്ന സന്ദർഭങ്ങൾ നമുക്കോരോരുത്തർക്കുമുണ്ടാവുമല്ലോ…. അത്തരമൊരു അവസ്ഥയുടെ പ്രതിനിധിയായി അയാളാ കംപ്യൂട്ടർ മോണിറ്ററിനരികെയിരുന്നിരുന്ന പ്രിന്ററിനെയൊന്നു തൊട്ടു തലോടി. ഭാവനകൾക്ക് ചിറകു വിരിയിച്ചു പറക്കാൻ ഒരു നെല്ലിട മതിയാകും എന്ന് തെളിയിച്ചു തന്ന, ആ പഴയ യന്ത്രം.
അതെ, എൻ്റെയച്ഛന്റെ പ്രിന്റർ…. അച്ഛന്റെ വികാരവിചാരങ്ങളെ കഴിഞ്ഞ പതിനഞ്ചുവർഷക്കാലം പകർത്തിയവൻ. അച്ഛന്റെ ശരി തെറ്റുകളെ വേർതിരിയ്ക്കാതെ, ചോദ്യം ചെയ്യാതെ, തന്നെയേൽപ്പിയ്ക്കുന്ന ജോലികൾ പരിഭവമില്ലാതെ എന്നും, ചെയ്തുപോന്നവൻ. തൻ്റെ ഹൃദയരക്തം പകർന്ന് അച്ഛന് സദാ അക്ഷരങ്ങളാൽ അഞ്ജലിയർപ്പിച്ചിരുന്നവൻ. അർഹതപ്പെട്ട അംഗീകാരം തനിക്ക് കിട്ടിയിട്ടില്ല എന്ന അച്ഛന്റെ നിത്യദുഃഖത്തിന്, എന്നും അകമ്പടിയായിരുന്നവൻ....
അച്ചടിയ്ക്കാനുള്ള രചനകൾ പേറിയിരുന്ന കടലാസുകളും, അച്ചടിച്ച ബുക്കുകളിൽ വിരാജിച്ചിരുന്ന കാവ്യശകലങ്ങളും മുന്നിലില്ലാതിരുന്നിട്ടും പഴയ പ്രതാപം വിടാതെയവൻ തനിക്ക് നേരെ പുഞ്ചിരിയ്ക്കുന്നതായി, അയാൾക്കു തോന്നി. പ്രായം തളർത്താത്ത അവൻ്റെ തലയെടുപ്പിനെപ്പറ്റി ചിന്തിച്ചപ്പോൾ, മരിക്കുന്നതിന്റെ വളരെയടുത്ത ദിനങ്ങളിൽ സംഭാഷണവിഷയമായിരുന്ന അവന്റെ പ്രവർത്തന-വിഷമതകൾക്ക് പരിഹാരമായി, നമുക്ക് വേറെ വാങ്ങാമെന്നു പറഞ്ഞതിന്; പറ്റില്ലാ, റിപ്പയർ ചെയ്താ മതീ-ന്ന് അച്ഛൻ ശഠിച്ചതും എല്ലാമയാളപ്പോൾ ഓർത്തു...
തന്റെയച്ഛനെ പകർത്തുന്നതിന് തന്നെക്കാളധികം ഭാഗ്യം സിദ്ധിച്ച അഥവാ അച്ഛന്റെ “തനിപകർപ്പാ”യ ആ യന്ത്രത്തെ അയാളപ്പോൾ, വല്ലാത്തൊരു വികാരവായ്പ്പോടെ തഴുകിക്കൊണ്ടു മന്ത്രിച്ചു, "നീ ഇവിടെത്തന്നെയുണ്ടാവും കേട്ടോ...എന്നും…"
കൃഷ്ണകുമാർ ചെറാട്ട്
#krishnacheratt
#krishnacheratt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക