നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

-അപരാധപ്രണയം-

Image may contain: 1 person, beard
ഓട്ടുവളയൊന്നൂടെയാറ്റുമണൽ തേച്ചിട്ടു
കാട്ടുതുളസിക്കതിർ ചേർത്തു മുടികെട്ടി.
മഞ്ഞളരച്ചുവരച്ചകവിൾ ഭംഗിയവൾ- 
വെള്ളത്തിൽ നോക്കിയിട്ടൊന്നുനാണിച്ചു.
കാറ്റിലിലഞ്ഞി കനിഞ്ഞുകൊടുത്തമല-
രൂറ്റിയെടുത്തമണമുടലിൽപ്പകർന്നു.
കാട്ടരുവിക്കരെ കാണാതെ നിന്നവന-
മുല്ലയോടൊരുപിടി വാങ്ങിയതു കോർത്തു.
നേർത്തമരവുരിയൊന്നു ചേർത്തു പുതച്ചു
പേടമാൻതുകലും ഞൊറിയിട്ടുടുത്തു.
മഷിയിട്ട കണ്ണിനാലവനെത്തിരഞ്ഞുകൊ-
ണ്ടാശ്രമവഴിയിലായ് കാത്തവൾ നിന്നു.
കാട്ടുവാസിപെണ്ണ് മോഹിക്കുവാൻ മാത്രം
കാടനല്ലത്രേ കരുത്തരാണത്രെ.
നാടുഭരിക്കും അരചണെന്നറിയാത്ത-
താരുടെ കുറ്റമതെന്നുമറിഞ്ഞീല.
മൂക്കും മുലയും മുറിഞ്ഞു പോയിട്ടും
നീറ്റലാൽ ചുടുനിണം ചീറ്റിയൊഴുകീട്ടും
നേർത്തുപോം ബോധവെളിച്ചത്തിനിടയിലായ്
ചൊന്നു- എൻപ്രണയം പൊറുക്കൂ കുമാരാ.
-വിജു കണ്ണപുരം-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot