നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അളകാപുരിയിൽ മഞ്ഞു പെയ്യുമ്പോൾ

Image may contain: 2 people, people smiling, people standing, ocean, sky, beach, outdoor, nature and water

———————————————-
മദ്ധ്യരാത്രം പിന്നിട്ടിരുന്നു .
രാത്രിമുല്ലകൾ ചുംബനമർപ്പിച്ച നനഞ്ഞ മണ്ണിലൂടെ ശുഭവസ്‌ത്രധാരിയായ അയാൾ പാലമരത്തെ ലക്ഷ്യമാക്കി നടന്നു .പാലപ്പൂവിന്റെ മണം കാറ്റിൽ പരന്നൊഴുകുന്നുണ്ടായിരുന്നു .നിലാവിന്റെ കൈകൾ പിടിച്ചു ആഞ്ഞിലി മരത്തിന്റെ ചില്ലകൾ നടവഴിയിൽ അവ്യക്തങ്ങളായ ചിത്രങ്ങൾ കോറിയിട്ടിട്ടുണ്ട് .പനമരത്തിൽ ചിറകിട്ടടിക്കുന്ന വവ്വാലുകളും , ഓരിയിടുന്ന കുറുക്കന്മാരും നിലാവൊഴുകുന്ന രാവിന്റെ നിശബ്‌ദതക്ക് ഭംഗം വരുത്തുന്നുണ്ടായിരുന്നു .എങ്കിലും , ഭയാശങ്കകളേതുമില്ലാതെ അയാൾ മുന്നോട്ടു നടന്നു .
പാലപ്പൂക്കൾ മെത്തയൊരുക്കിയ പാലമരച്ചുവട്ടിൽ സുസ്മേരവദനനായി ഇരുന്നു .
വനത്തേക്കുയർന്നു,തലയെടുപ്പോടെ നിൽക്കുന്ന പാലമരച്ചില്ലകൾക്കിടയിലൂടെ ഉതിർന്നു പൊഴിയുന്ന ചന്ദ്രവെളിച്ചം കൈപ്പിടിയിലൊതുക്കാൻ അയാളൊരു വിഫലശ്രമം നടത്തി .സ്വയം മെനഞ്ഞ ഏതോ പാട്ടിന്റെ ഈരടികൾ നിശബ്ദതയെ കീറിമുറിച്ചു,ചുണ്ടുകൾക്കിടയിലൂടെ ബഹിർഗമിക്കുന്നുണ്ടായിരുന്നു.നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പിനിടയിലെപ്പോഴോ അയാളൊന്നു മയങ്ങി .
അരനാഴിക കഴിഞ്ഞു ..
പൗർണ്ണമി രാവിനെ ധന്യമാക്കാനെന്ന പോലെ ,വാനത്തു നിന്നു പാലമരച്ചില്ലകൾക്കിടയിലൂടെ നിശബ്ദം മഹേന്ദ്രി ഇറങ്ങി വന്നു ...
അല്ല ...
ഒഴുകി വന്നു ...
നിലാവു പോലും ലജ്ജിക്കുന്ന തേജസ്സായിരുന്നു ആ മുഖത്തു .തുടുത്തു ചുവന്ന കവിളുകളും ,അഞ്ജനമെഴുതിയ മാന്മിഴികളും ,മെടഞ്ഞിട്ട
കേശഭാരവും ,വിരിഞ്ഞ തോളും,ആകാര ഭംഗി തുളുമ്പി നിൽക്കുന്ന ഇടുപ്പും ....
ചന്ദനവർണ്ണത്തിലുള്ള മുണ്ടും റൗക്കയുമാണ് വേഷം .മാറിടത്തിലൂടെ വിരിച്ചിട്ടുള്ള അംഗവസ്ത്രം ഇരുവശങ്ങളിലേക്കായി പിറകോട്ട് തൂക്കിയിട്ടിട്ടുണ്ട് .വൈഡൂര്യം പതിപ്പിച്ച വട്ടക്കമ്മലും,രത്നങ്ങളാൽ അലങ്കരിച്ച അരഞ്ഞാണവും നിലാവെട്ടത്തിൽ തിളങ്ങി.വെറ്റില തിന്നു ചുവപ്പിച്ച അധരങ്ങളും , തിളങ്ങുന്ന ദന്തനിരകളും .കാഞ്ചനക്കൊലുസണിഞ്ഞ പാദങ്ങളോടെ,മണ്ണിനെ നോവിക്കാത്ത വിധം മന്ദം മന്ദം മഹേന്ദ്രി അയാൾക്കരികിലേക്ക് ചെന്നു .
"ഉണ്ണീ .. ഏറെ നേരായോ കാത്തിരിക്കാൻ തുടങ്ങീട്ട് ?"
പകുങ്കുമണികൾ ചിതറുന്ന ശബ്ദസൗകുമാര്യത്തോടെ മഹേന്ദ്രി ചോദിച്ചു .
ആലിംഗനബദ്ധരായ കണ്ണിമകളെ ആ സ്വരമാധുരിക്ക് മുൻപിൽ ഉറക്കെത്തുറന്നയാൾ പുഞ്ചിരിച്ചു .
"ഉവ്വ് യക്ഷിതമ്പുരാട്ടീ ..
കുറേ നേരായി കാത്തിരിക്ക്ണു ..നേരം വൈകീച്ചാലും എന്തായാലും ഈ രാവിൽ വരുമെന്നെനിക്കറിയാലോ ...!"
ചമ്രം പടിഞ്ഞു അയാൾക്കടുത്തേക്കിരുന്നു മഹേന്ദ്രി .
" എത്ര തവണയായി ഉണ്ണീ ഞാൻ പറയണു, ന്നെ യക്ഷിത്തമ്പുരാട്ടീന്ന് വിളിക്കല്ലേ ന്ന് ...മഹേന്ദ്രി ന്ന് തന്നെ വിളിച്ചാ മതീട്ടോ .."
മറുപടി നൽകാതെ അയാൾ ഒന്നുകൂടെ മഹേന്ദ്രിയോട് ചേർന്നിരുന്നു .
"അളകാപുരിയിലെ വിശേഷങ്ങൾ എന്തൊക്കെയാ ..?"
മഹേന്ദ്രി ഉറക്കെ പൊട്ടിച്ചിരിച്ചു .
അയാളുടെ പകൽ സ്വപ്നങ്ങളിൽ വിരാജിക്കുന്നയിടമാണ് അളകാപുരി .ഹിമാലയസാനുക്കളിലെ
മനോഹരമായ ആ കൊട്ടാരം.
പഞ്ഞി പോലെ വെളുത്ത ,നനുത്ത മഞ്ഞും ,തണുപ്പിനെ ആവാഹിച്ചു ചൂളം വിളിക്കുന്ന കാറ്റും , ശില പോലെ ഉറഞ്ഞു നിൽക്കുന്ന ജലാശയങ്ങളും കാണാൻ ഒരിക്കൽ പോകണം .മഹേന്ദ്രിയോടൊത്ത് അളകാപുരി മുഴുവനും ചുറ്റിക്കാണണം .പറക്കാനുള്ള കഴിവേകാൻ പറയണം മഹേന്ദ്രിയോട് ..എന്നിട്ട് മഹേന്ദ്രിയുടെ കൈ കോർത്തു പിടിച്ചു ഹിമം പുൽകിയ മലകളെയും ,കോട പുതപ്പിച്ച താഴ്‌വരകളെയും ഒരു പക്ഷിയെ പോലെ ഉയരത്തിൽ നിന്നും നോക്കിക്കാണണം ..അസ്ഥികളിലേക്ക് തണുപ്പ് ഇരച്ചു കയറുമ്പോൾ ,മഹേന്ദ്രിയോട് ചേർന്നു നിന്നു ചൂടു കായണം .ഇടുങ്ങിയ ജലാശയങ്ങൾക്കു മുകളിലൂടെയുള്ള തൂക്കുപാലത്തിലൂടെ മഹേന്ദ്രിയുടെ കൈ പിടിച്ചു നടക്കണം .
മഞ്ഞു കണങ്ങളുടെ പരിരംഭണത്താൽ നിശ്ചലമായി നിൽക്കുന്ന മരച്ചില്ലകളെ പിടിച്ചു കുലുക്കി മഞ്ഞിന്റെ നേർത്ത കണങ്ങളെ മുഖത്തേക്ക് പെയ്യിക്കണം ..
"അളകാപുരിയിലെല്ലാർക്കും സുഖം തന്നെയാ ഉണ്ണീ ...കുബേര രാജാവ് ഏൽപ്പിച്ച ദൗത്യം നിറവേറ്റാൻ കൂടെയല്ലേ ഞങ്ങൾ കൊട്ടാരം ഇറങ്ങി വരാറ് ..
ദൗത്യം രഹസ്യായോണ്ട് ഉണ്ണിയോട് പറയാൻ നിർവ്വാഹല്ല്യ ട്ടോ .."
മഹേന്ദ്രി വീണ്ടും പൊട്ടിച്ചിരിച്ചു .
മഹേന്ദ്രി ഉണ്ണിയുടെ വലതു കരം ഗ്രഹിച്ചു .
"ഉണ്ണീടെ മുഖത്തൊരു വിഷാദഛായ ഉണ്ടോ ഇന്ന് !?"
"ഇല്ല്യല്ലോ .. ഞാനെന്നും ഇങ്ങനെത്തന്നെയല്ലേ മഹേന്ദ്രി .."
ഒരിളം ചിരിയോടെ അയാൾ പറഞ്ഞു .
"ശരിയാ ..
വിഷാദം തളം കെട്ടിയ മുഖം തന്നായിരുന്നു പലപ്പോഴും ഉണ്ണീടമ്മക്കും .. എനിക്കെന്തിഷ്ടായിരുന്നെന്നോ ഉണ്ണീടമ്മയെ ..എത്രയോ രാവിന്റെ അന്ത്യയാമങ്ങൾ ഞങ്ങളീ പാലമരച്ചുവട്ടിൽ ഒന്നിച്ചു ചിലവഴിച്ചിട്ടുണ്ട് .വേദനയും ആശങ്കയും പങ്കു വെക്കാൻ എന്നോളം വല്യൊരു കൂട്ട് ഉണ്ണീടമ്മക്കില്ലായിരുന്നു ന്ന് തന്നെ വേണം പറയാൻ ..
ഉണ്ണീടച്ഛൻ യുദ്ധത്തില് മരിച്ചയന്ന് രാത്രി ന്റെ മടീൽ കെടന്ന് ഉണ്ണീടമ്മ ഒഴുക്കിയ കണ്ണീരിനു കണക്കില്ല ..
ഉണ്ണീടെ കിളിക്കൊഞ്ചലിനെ പറ്റി പറയുമ്പോൾ മാത്രേ ആ മുഖത്തു സന്തോഷം കണ്ടിരുന്നുള്ളൂ .."
അശ്രു പൊടിഞ്ഞ ആ മാന്മിഴികൾ അയാളിലെ അമ്മയോർമ്മകളെയും തൊട്ടുണർത്തി .
" ആ രാത്രീലും ന്നോട് സംവദിക്കാനല്ലായിരുന്നോ ആരും കാണാതെ പാതിരാ കഴിഞ്ഞു ഇല്ലത്ത് നിന്നും ഇറങ്ങിയത് ! യക്ഷിയെ കാണാനാ പോണതെന്നു ഇല്ലത്തുള്ളവരോട് പറഞ്ഞാൽ അവരു ഭ്രാന്തിയാക്കി മുദ്ര കുത്തില്ലേ ഉണ്ണീടമ്മയെ..ആരും ഒന്നും അറിഞ്ഞിരുന്നില്ല .സർപ്പക്കാവിലൂടെ വരുന്ന നേരം ,ഇണ ചേരുകയായിരുന്ന നാഗങ്ങളെ അറിയാതൊന്നു ചവിട്ടിപ്പോയതല്ലേ ..
നാഗങ്ങൾ ആഞ്ഞു കൊത്തി ,തണുത്തു ,വിറങ്ങലിച്ച നീല ദേഹത്തെയല്ലേ ഞാൻ വന്നപ്പോ കണ്ടേ.."
ഉണ്ണി മൗനിയായി .
ഏഴാം വയസ്സു വരെ മാത്രം കണ്ട അമ്മയുടെ അവ്യക്തമായ ചിത്രം അയാളുടെ മനസ് പരതി .
"വെറുതെ വിടുവോ ഞാൻ ആ നാഗങ്ങളെ !
കഴുത്തു ഞെരിച്ചു ഹിംസിച്ചില്ലേ രണ്ടിനേം ..നേരത്തോടു നേരം തന്നെ സർപ്പക്കാവും നശിപ്പിച്ചു ..നാഗദൈവങ്ങളെ പാലൂട്ടിയ ഉണ്ണീടമ്മക്ക് തന്നെയിങ്ങനൊരു വിധി നൽകിയ നാഗങ്ങളെ ഇനി മേലിൽ ആരും പാലൂട്ടണ്ടാന്നു ഞാനങ്ങ് തീരുമാനിച്ചു .."
ആ കണ്ണുകളിലെ രോഷവും , വൈര്യവും അയാൾക്ക് വായിച്ചെടുക്കാനാകുമായിരുന്നു .
"മഹേന്ദ്രിക്ക് എന്റമ്മയോടുള്ള സ്നേഹം എനിക്കറിയാലോ .. അതോണ്ടാണല്ലോ എന്റമ്മേടെ സ്ഥാനത്തു ഞാൻ മഹേന്ദ്രിയെ കാണുന്നതും !പൂർണ്ണ ചന്ദ്രൻ സാക്ഷിയാകുന്ന രാവുകളിലെല്ലാം എനിക്ക് ലഭ്യമാവുന്ന ഈ മാതൃസ്നേഹം ..അതേ എനിക്ക് വേണ്ടൂ .."
കൊച്ചുകുഞ്ഞിനെ പോലെ അയാൾ മഹേന്ദ്രിയുടെ മടിത്തട്ടിൽ തല ചായ്ച്ചു ..അയാളുടെ കറുത്ത മുടിയിഴകളെ വാത്സല്യത്തോടെ തലോടി മഹേന്ദ്രി ..
"ഉണ്ണിക്ക് വേളി കഴിക്കേണ്ടേ ?
പ്രായം മുപ്പത്തിമൂന്നായി .."
"വേളിക്കൊരുങ്ങണുണ്ട്.. നാളെയും വടക്കൊരില്ലത്തെ കുട്ടിയെ കാണാൻ പോണുണ്ട് ..ഒറ്റ പെങ്കുട്ടീനേം എനിക്കങ്ങട്ട് ബോധിക്ക്‌ണില്ല്യ ..അമ്മയുടെ മുഖച്ഛായയുള്ളൊരു കുട്ടിയേ തന്നെ വേണെനിക്ക് .."
അതു പറഞ്ഞെങ്കിലും ,അപ്പോൾ അയാളുടെ അകതാരിൽ തെളിഞ്ഞത് മഹേന്ദ്രിയുടെ മുഖമായിരുന്നു .അമ്മയെന്ന വാക്കിന്റെ നേരർത്ഥം ഇപ്പോൾ മഹേന്ദ്രിയെന്നാണ് .. ഓരോ പെണ്ണുകാണലിനും അയാൾ പ്രാർത്ഥിക്കാറുള്ളത് മഹേന്ദ്രിയെ പോലുള്ള ഒരു പെൺകുട്ടിയാവണേ എന്നായിരുന്നു ,
അമ്മയെ പോലത്തെ പെൺകുട്ടി ...
" ന്റെ ഉണ്ണിക്ക് നല്ലൊരു പെങ്കുട്ടീനെ തന്നെ കിട്ടും ..."
അയാളുടെ നെറ്റിത്തടത്തിൽ കൈ വെച്ചു മഹേന്ദ്രി പറഞ്ഞു .
മഹേന്ദ്രിയുടെ ആലിലവയറിനോടൊട്ടി കിടന്നപ്പോൾ അമ്മയുടെ മണം തോന്നി അയാൾക്ക് .അമ്മ ചേർത്തു പിടിച്ചുറക്കിയ രാവുകളെ ഓർത്തെടുത്തു ..
ഇങ്ങനെ മടിത്തട്ടിലേക്ക് ചുരുങ്ങുമ്പോൾ , കാറ്റിന്റെ ശീൽക്കാരത്തോടൊപ്പം ഇടക്കെല്ലാം മഹേന്ദ്രിയുടെ അംഗവസ്ത്രം ഉയർന്നു പൊങ്ങി സ്ഥാനഭ്രംശം നേരിടുമ്പോൾ , അയാൾ കണ്ടറിയാറുണ്ടായിരുന്നു മഹേന്ദ്രിക്ക് രണ്ടു സ്തനങ്ങൾ ഇല്ലെന്ന വസ്തുത ..നെഞ്ചിന്റെ മധ്യത്തിലായി പൂർണ്ണാകാരത്തോടെ ഒരേയൊരു സ്തനം മാത്രം..
അമ്മയുടെ വികാരവായ്‌പോടെ മഹേന്ദ്രി ലാളിക്കുമ്പോഴെല്ലാം പലവുരു ചോദിയ്ക്കാൻ തുനിഞ്ഞതായിരുന്നു ഇരു മാറില്ലാത്തതിന്റെ കാരണം .
കേട്ട കഥകളിലെ യക്ഷികൾക്കെല്ലാം ഭംഗിയുള്ള ,വൃത്താകൃതിയിലുള്ള രണ്ട് സ്തനങ്ങളുണ്ട് ..
പിന്നെന്താ മഹേന്ദ്രിക്ക് മാത്രം ഇങ്ങനെ !?
അതോ,കേട്ട കഥകളിലെ യക്ഷികളെല്ലാം പൊള്ളയായ ശരീര വർണ്ണനകൾക്കുള്ളിലായിരുന്നോ !?
ചോദ്യങ്ങൾ അയാളെ വലം വെച്ചു .
"ഉണ്ണിക്കുറങ്ങണോ ?"
തലയിൽ കോതിക്കൊണ്ട് മഹേന്ദ്രി ആരാഞ്ഞു .
മഹേന്ദ്രിയുടെ മുഖത്തു നോക്കാതെ അയാൾ ചോദിച്ചു ..
"മഹേന്ദ്രിയ്‌ക്കെന്താ ഒരു മാറിടം മാത്രം ..???"
നിശബ്ദത തളം കെട്ടി നിന്ന
നിമിഷങ്ങൾ .മഹേന്ദ്രിയുടെ മുഖത്തേക്കു നോക്കാൻ ധൈര്യമില്ലാതെ,അനങ്ങാതെ അയാൾ കിടന്നു ..
ഉറക്കെയുറക്കെ മഹേന്ദ്രി പൊട്ടിച്ചിരിച്ചു .
"ഉണ്ണിയെന്തേ ഇത്ര നാളായിട്ടും ഇത് ചോദിച്ചില്ലാന്ന് ചിന്തിക്കയായിരുന്നു ഞാൻ .."
മഹേന്ദ്രിക്ക് അനിഷ്ടമില്ലെന്ന് കണ്ടയാൾ മടിയിൽ നിന്നുമെണീറ്റ് ആ മുഖത്തേക്ക് നോക്കിയിരുന്നു .
"നിക്കും അറിയില്ല്യാട്ടോ ഉണ്ണീ അതിന്റെ കാരണം . സഹസ്രാബ്ദങ്ങളായി എന്റമ്മയുടെ കുടുംബത്തിലെ യക്ഷിണികൾ ഒരു മാറു മാത്രമുള്ളവരാ . മുതുമുത്തശ്ശിമാരാരോ ചെയ്ത പാപത്തിന്റെ ഫലാത്രേ ഓരോ തലമുറയും നേരിടുന്നത് . എന്നെ ഇങ്ങനെ പടച്ചതെന്തിനാണ്ന്ന് കൃത്യായിട്ടറിയണേൽ , സാക്ഷാൽ ബ്രഹ്മാവിനോട് തന്നെ ചോദിക്കേണ്ടി വരും .."
ഉറക്കെ ചിരിച്ചു കൊണ്ടുള്ളതായിരുന്നു മറുപടി .
അപൂർണ്ണയായൊരു യക്ഷിണിയാണല്ലോ മഹേന്ദ്രി എന്നോർത്തു അയാൾക്ക് ദുഃഖം തോന്നി .
"മഹേന്ദ്രിക്ക് സങ്കടണ്ടോ ഇങ്ങനൊരു രൂപം കിട്ടിയതിൽ ?"
"ഒട്ടുമില്ലെന്റെ ഉണ്ണീ ..ഉണ്ണിക്കറിയോ അളകാപുരിയില് എന്റെയീ അംഗലാവണ്യത്തെ തോൽപ്പിക്കാൻ തക്ക യക്ഷിണികൾ ഒന്നു പോലുമില്ല .യക്ഷകന്മാരെല്ലാം എന്നെ പ്രേമഭാജനമാക്കാനായി നിര നിരയായി നിൽക്കയാണ് അവിടെ.ഈ വേറിട്ട ശരീരം തന്നെയാണെന്റെ അഹങ്കാരവും സന്തോഷവും ..."
"ഉണ്ണീടമ്മ എന്നെയെന്താ ഇടക്ക് വിളിക്കാറുണ്ടായിരുന്നേ ന്ന് അറിയോ.. ?"
ഇല്ലെന്ന അർത്ഥത്തിൽ അയാൾ തലയാട്ടി ..
ചുറ്റിലും ആരുമില്ലാതിരുന്നിട്ടും , ഉണ്ണിയുടെ കാതോട് ചേർന്നു , പതുങ്ങിയ സ്വരത്തിൽ മഹേന്ദ്രി പറഞ്ഞു ..
"ഒറ്റമുലച്ചി ."
വീണ്ടും ഉറക്കെ പൊട്ടിച്ചിരിച്ചു മഹേന്ദ്രി .
അയാളൊന്ന് പുഞ്ചിരിച്ചു .
അമ്മയും മഹേന്ദ്രിയും ഒന്നിച്ചു ചെലവഴിച്ച മുഹൂർത്തങ്ങളെ അയാൾ മനസ്സിൽക്കണ്ടു . ആ ശരീരം കാരണം മഹേന്ദ്രിക്ക് തെല്ലും സങ്കടം ഇല്ലെന്നറിഞ്ഞപ്പോൾ അയാൾക്കൊട്ട് ആശ്വാസം തോന്നി .അയാൾ കണ്ടതിൽ വെച്ചേറ്റവും വലിയ സുന്ദരി മഹേന്ദ്രി ആയിരുന്നു ,ഇപ്പോഴും അതെ..
മെല്ലെ മഹേന്ദ്രിയുടെ ചുമലിലേക്ക് തല ചായ്ച്ചു .
"മനുഷ്യ കുലത്തിൽ ഒറ്റ മുലച്ചികൾ ഉണ്ടോ ഉണ്ണീ ...?"
ആ ചോദ്യം കേട്ടപ്പോൾ ഞണ്ടുകളുടെ കരാളഹസ്തങ്ങളിൽ പെട്ടു ഞെരിഞ്ഞമർന്നു ,വേരറ്റു വീണ,ചോര ചിന്തിയ കുറേയേറെ സ്തനങ്ങളെ അയാൾക്കുള്ളിലെ ചിത്രകാരൻ ഭാവനയിലെ ക്യാൻവാസിൽ മെനഞ്ഞു .
കാലം ഒറ്റ മുലച്ചികളാക്കിയ പരിചിതവും , അപരിചിതവുമായ എത്രയെത്ര മുഖങ്ങൾ !!
"കാലം തീർത്ത ഒറ്റ മുലച്ചികൾ മനുഷ്യകുലത്തിലുണ്ട് മഹേന്ദ്രീ ..പക്ഷേ ,അവർക്കൊന്നും മഹേന്ദ്രിയുടെ ആകാരഭംഗി അവകാശപ്പെടാനില്ല ..ഏറെ നാൾ മുടിയിഴകൾ നാമ്പിടാത്ത തലയും ,കൊഴിഞ്ഞു വീണ കൺപീലികളും,പുരികക്കൊടികളുമായി ,യാതനകളോട് പൊരുതിയാണ് അവർ ഒറ്റ മുലച്ചികളാകാറുള്ളത് ..ഒട്ടിയ കവിളുകളിൽ പൊട്ടിച്ചിരികൾ വരകൾ വരുത്താറില്ല ..കണ്ണുകളിൽ തിളക്കമുണ്ടാകാറില്ല ..മഹേന്ദ്രിയെ പോലെ അവർക്കും ഇങ്ങനെ ഇടയ്ക്കിടെ പൊട്ടിച്ചിരിക്കാനായെങ്കിൽ എത്ര നന്നായിരുന്നു !"
കേട്ടതത്രയും അവിശ്വസനീയമായിരുന്നു മഹേന്ദ്രിക്ക് , ആ മിഴികൾ ആർദ്രമായി ..
"കഷ്ടം ലെ ഉണ്ണീ ..."
ഒന്നമർത്തി മൂളാനേ അയാൾക്കായുള്ളു .
ഉറക്കം മാടി വിളിക്കുന്ന ഇമകളോടെ അയാൾ മഹേന്ദ്രിയോടുരുമ്മിയിരുന്നു .
" നേരം പുലരാനാകുന്നു ഉണ്ണീ ..
എനിക്ക് തിരിച്ചു പോകാനായി .."
യാത്ര പറച്ചിലുകൾ ഒരിക്കലും എളുപ്പമല്ല .
മഹേന്ദ്രിയോടാകുമ്പോൾ അതയാൾക്ക് ഹൃദയം പൊടിയുന്ന വേദന കൂടിയാണ് .പ്രകൃതിയെ മാത്രം വരക്കാനിഷ്ടപ്പെട്ടിരുന്ന മികച്ചൊരു ചിത്രകാരൻ കൂടിയായ അയാളുടെ ക്യാൻവാസിൽ പതിഞ്ഞ, ചലിക്കുന്ന രണ്ടേ രണ്ടു രൂപങ്ങൾ അമ്മയുടേതും മഹേന്ദ്രിയുടെതും മാത്രമായിരുന്നു .അടുത്ത പൗർണമി രാവിനായുള്ള ഈ കാത്തിരിപ്പിനിടയിൽ ഇനിയും മഹേന്ദ്രിയുടെ ഏറെ ചിത്രങ്ങൾ വരക്കും .
പാലപ്പൂമണത്തിന്റെ ഒഴുക്കു നിന്നു .
വിട പറച്ചിലിന് അനുഭാവിയാകാൻ അന്ധകാരം നിശബ്ദം കൂട്ടു നിന്നു .അയാളുടെ ശിരസ്സിലൊരു സ്നേഹചുംബനമേകി മഹേന്ദ്രി പോകാനായെണീറ്റു , അടുത്ത പൗർണ്ണമി രാവിൽ മാതൃസ്നേഹം പകരാൻ വീണ്ടും എത്താമെന്ന വാഗ്ദാനത്തോടെ ..
പാലമരച്ചില്ലകളിക്കിടയിലൂടെ ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന മഹേന്ദ്രിയെ നോക്കി നിർന്നിമേഷനായി അയാൾ നിന്നു ..കൺവെട്ടത്തു നിന്നും മഹേന്ദ്രി അപ്രത്യക്ഷയായി .
നക്ഷത്രക്കൂട്ടങ്ങൾ അയാൾക്ക് നേരെ കണ്ണുകൾ ചിമ്മി .
മഹേന്ദ്രിയിരുന്നയിടത്തിലെ പാലപ്പൂക്കൾ പെറുക്കിയെടുത്തു ,അയാൾ നാസികയോട് ചേർത്തു വെച്ചു ..അവയ്ക്കപ്പോൾ മഹേന്ദ്രിയുടെ ഗന്ധമായിരുന്നു .
കാട്ടു ചെടികളുടെ ഓരം ചേർന്നു ഇല്ലത്തേക്ക് തിരിച്ചു നടന്നു .ദ്രവിച്ച സർപ്പക്കാവിനടുത്തെത്തിയപ്പോൾ തെല്ലിട നിന്നു.കാവിന്റെ കോണിൽ നിന്നുമൊരു കറുത്ത നായ തുറിച്ചു നോക്കുന്നത്അയാൾകണ്ടില്ല.രാത്രിമഴ നനച്ച ,പച്ച പൂപ്പൽ പിടിച്ച മുറ്റത്ത് നിന്നും ,ശബ്ദമുണ്ടാക്കാതെ അയാൾ ഇല്ലത്തിനകത്തേക്ക് കയറി .
അറക്കുള്ളിലേക്ക് നൂണ്ട് ,കതക് സാക്ഷയിട്ടു .ഒട്ടും നേരം കളയാതെ ,ചുമരിനോട് ചേർന്നുള്ള സ്റ്റാന്റിലെ ,വരക്കാനുപയോഗിക്കുന്ന പലകമേൽ വലിയൊരു വെള്ളക്കടലാസ്‌ നാട്ടിയിട്ട് തൂലിക കൈയിലെടുത്തു ..
അതു വരെ കാണാത്ത ,അറിയാത്ത സുന്ദരിയായ ഏതോ ഒരു പെൺകുട്ടിയുടെ മുഖം അയാളുടെ മനസ്സിൽ നിറഞ്ഞു വന്നു .ആദ്യമായി മൂന്നാമതൊരു സ്ത്രീ രൂപം വരക്കാനുള്ള ആർജ്ജവം അയാൾക്കുള്ളിൽ ഉണ്ടായി .തനിക്ക് വരണമാല്യം ചാർത്താൻ ഇങ്ങനൊരു പെണ്ണ് വേണമെന്ന് തൂലിക ദ്രുതഗതിയിൽ ചലിപ്പിക്കുമ്പോഴെല്ലാം അയാൾ ഉരുവിട്ടു കൊണ്ടേയിരുന്നു .
നിമിഷങ്ങൾക്കുള്ളിൽ , മനോഹരമായൊരു സ്ത്രീ രൂപം ആ വെള്ള പ്രതലത്തെ പൂകി .തെല്ലു നീങ്ങി നിന്നു , ചിത്രത്തിന്റെ മനോഹാരിത ആഹ്ലാദത്തോടെ അയാൾ ആസ്വദിച്ചു .
"എന്റെ ജീവിതത്തിലേക്ക് വരേണ്ട രാജകുമാരി ഇതു തന്നെ ... അമ്മയുടേയും മഹേന്ദ്രിയുടെയും ശാരീരം ഒന്നിച്ചടങ്ങിയ ഈ സ്ത്രീ രൂപം .. "
നാളെ കാണാൻ പോകുന്ന പെൺകുട്ടിക്ക് ആ ചിത്രത്തിലെ രൂപം സന്നിവേഷിപ്പിച്ചു ,മെത്ത വിരിച്ചയാൾ കിടന്നു ..
ഇളംകാറ്റിനോടൊപ്പം,ജനൽപ്പൊളികൾ കടന്നു വന്ന നിലാവെട്ടത്തിൽ സുന്ദരിയുടെ ചിത്രം
ഒന്നു കൂടെ ശോഭിച്ചു .
പൊടുന്നനെ , കട്ടിലിൽ നിന്നെണീറ്റു വന്നയാൾ ചിത്രത്തെ സസൂക്ഷമം വീക്ഷിക്കാനാരംഭിച്ചു , എന്തോ ഉറപ്പു വരുത്താനെന്ന പോലെ ..
അതേ .. എല്ലാം വളരെ കൃത്യമാണ് ..
ഒറ്റ മാറിടം മാത്രമേയുള്ളു ...
സന്തോഷത്തോടെ , ആശ്വാസത്തോടെ സ്വപ്നങ്ങളെ താലോലിച്ചയാൾ ഉറങ്ങാൻ തുടങ്ങി ...
(2018-മംഗളം ഓണപ്പതിപ്പിൽ
പ്രസിദ്ധീകരിച്ചു വന്ന കഥ .)
: ഫർസാന അലി :

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot