നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആകാശ ചെരുവിലെ നക്ഷത്രങ്ങള്‍


**********************************
"നീ എന്തിനാണ് , ഇത്രയും ഒക്കെ ആലോചിക്കുന്നത് ..? ഇത് വളരെ സിമ്പിൾ ആയ ഒരു കാര്യമാണ് .നമ്മൾ ഇഷ്ടപെടുന്ന മഴ പോലെ പുഴ പോലെ മഞ്ഞു പോലെ ..അത്രയ്ക്ക് സിമ്പിൾ ആയ ഒരു കാര്യം .."
രേവതി എന്റെ നേരെ നോക്കി . സൂര്യന്റെ ചെഞ്ചായം വീണു ചുവന്ന കണ്ണുകൾ. കടൽക്കാറ്റിൽ ഇളകി പറക്കുന്ന നീളൻ മുടിയിഴകൾ. തുടുത്ത കവിളിൽ പിന്നെയും ശോണിമ പകർത്തുന്ന അസ്തമന സൂര്യന്റെ മാജിക് . ഒഴുകി പടർന്ന മുടിയിഴകളിൽ ഒന്ന് ചുണ്ടിൽ പറ്റി ചേർന്നിരിയ്ക്കുന്നു . വിടർന്ന ചുണ്ടുകൾ എന്തോ പറയാൻ ഒരുങ്ങുന്നു . ഇരുൾ വീണു തുടങ്ങിയ കടപ്പുറത്തു, എന്നെയും രേവതിയേയും പോലെ വളരെ ചുരുക്കും ആളുകൾ മാത്രം അവശേഷിക്കുന്നു. കടലിൽ ചാടി മറഞ്ഞിരുന്ന എല്ലാവരെയും നീല ഉടുപ്പും നിക്കറും ഇട്ട ഗാർഡുകൾ വിസലുകൾ ഊതി പേടിപ്പിച്ചു എപ്പോഴേ കയറ്റി വിട്ടു .
എന്റെ കണ്ണുകൾ ചെങ്കനൽ പോലെ തിളങ്ങുന്ന ആകാശത്തേയ്ക്ക്.. അങ്ങകലെ മറയാൻ തുടങ്ങുന്ന ഒരു ചെറിയ തീഗോളം . ചുറ്റും മഞ്ഞയും ചുവപ്പും കലർന്ന ആകാശചെരിവ് .. ഒരു നിമിഷം കൊണ്ട് സൂര്യൻ മറയും ..പലപ്പോഴും ആ നിമിഷത്തിനു വേണ്ടി നോക്കി നിൽക്കാറുണ്ട് .എന്നും പക്ഷെ എന്നെ നന്നായി കബളിപ്പിച്ചു കൊണ്ട് എനിക്ക് മുഖം തരാതെ സൂര്യൻ ഓടി ഒളിക്കും . പക്ഷെ , ഇന്നാ അസ്തമയ സൂര്യനെ നോക്കാനേ തോന്നുന്നില്ല . അതിലും എത്രയോ സുന്ദരമാണ് രേവു നിന്റെ മുഖം .. നിന്റെ കണ്ണുകളിൽ എരിയുന്ന പ്രണയത്തിന്റെ അഗ്നി നാളങ്ങളിൽ പെട്ട് മരിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ..ആദ്യാവസാനങ്ങൾ ഇല്ലാതെ ഓർമ്മയും സ്വപ്നങ്ങളും ഇല്ലാതെ ഈ കണ്ണുകളിൽ ചുണ്ടിൽ മുടിയിഴകളിൽ വിരൽത്തുമ്പിൽ തൊട്ടും തലോടിയും .. ഈ മുഖം മാത്രം കണ്ടു ജീവിയ്ക്കണം ..മരിയ്ക്കണം ....
" നീ പറയും പോലെ അത്ര സിമ്പിൾ അല്ല കാര്യങ്ങൾ ഹരി .. അത് നിനക്കും അറിയാം . നമ്മൾ പരസ്പരം സ്നേഹിക്കുന്നവർ മാത്രമല്ല . നീയൊരു ഭർത്താവാണ് .. ഞാൻ ഒരു ഭാര്യയും .. പെരുത്തപെടാൻ വയ്യാത്ത ബന്ധങ്ങളിൽ വീണു പോയവർ . സ്വന്തം ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയാത്തവർ .. നമ്മൾ പറയുന്ന കാര്യങ്ങൾ നമുക്ക് മാത്രമേ മനസ്സിലാകൂ ... ഡിവോഴ്സ് ചെയ്യാൻ പോലും കാരണങ്ങൾ ഇല്ലാത്തവർ ... എന്താണ് ഹരി നമ്മൾ അവരിൽ നിന്നും ഓടി ഒളിക്കാനുള്ള കാരണം .. "
പെട്ടന്നാണ് ഇരുൾ വീഴുന്നത് ഞാൻ ആകാശചെരുവിലേക്ക് നോക്കി . സൂര്യൻ പൂർണമായും മറഞ്ഞു കഴിഞ്ഞു . ഞങ്ങൾക്ക് ഞങ്ങളുടെ നിഴലുകളെയും നഷ്ടമായി . ഞാൻ മെല്ലെ എഴുന്നേറ്റു അവൾക്കൊപ്പം ഇരുന്നു . കൈയ്യിലേയും മുടിയിലെയും മണൽ തട്ടി കളഞ്ഞു ..
കാരണം ..അതെ.. എല്ലാവർക്കും അറിയേണ്ടത് കാരണമാണ് . അനിതയോടു , എനിക്ക് ഇഷ്ടം തോന്നാത്തതിന് കാരണം .. എനിക്കറിയില്ല, അറിയില്ല എന്ന് പറയുമ്പോഴൊക്കെ അത് സത്യം ആണെന്ന് എനിക്ക് മാത്രമേ മനസ്സിലാകുന്നുള്ളു . അവളുടെ കൂടെ ആയിരിക്കുമ്പോൾ എനിക്ക് ഒരു സന്തോഷവും തോന്നുന്നില്ല . വർഷം രണ്ടായി കല്യാണം കഴിഞ്ഞിട്ട് . അഡ്ജസ്റ്മെന്റിന്റെ നീണ്ട രണ്ടു വർഷങ്ങൾ . ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണവും ഇല്ല.എന്നെ അത്രമേൽ ഇഷ്ടമാണ് അവൾക്കു . ഒരുപാട് . ഒരുപാട് ..പക്ഷെ , അവൾ നൽകുന്ന സ്നേഹത്തിന്റെ ഒരംശം പോലും തിരികെ നൽകാൻ ആവുന്നില്ല എന്ന തിരിച്ചറിവ്.. ഹോ അത് എത്ര വിഷമം പിടിച്ചതാണ് .
അങ്ങനെയാണ് ഓഫിസിൽ സ്ഥലം മാറി വരുന്ന രേവതിയെ പരിചയപ്പെടുന്നത്. ഒരു പുസ്തക ചർച്ചയിൽ തുടങ്ങിയ പരിചയം . പിന്നെ പിന്നെ ഇഷ്ടങ്ങൾ ഒന്നാണെന്ന് അറിഞ്ഞപ്പോൾ പെട്ടെന്ന് കൂട്ടായി . അവളോടൊപ്പമുള്ള ഓരോ നിമിഷവും , അവസാനിക്കല്ലേ എന്ന് പ്രാർത്ഥിച്ചു. എന്നെ അവൾക്കു മനസ്സിലാകുന്നു എന്നതു മാത്രമായിയിരുന്നു ഞങ്ങളുടെ ഇടയിലെ അടുപ്പത്തിന് കാരണം . ഞങ്ങൾ ഞങ്ങളിൽ സന്തോഷം കണ്ടെത്തുന്നു . അതിൽ ആദ്യം പ്രണയമോ ..അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല ... നല്ല സൗഹ്രദം . പക്ഷെ വളരെ പെട്ടെന്ന് തന്നെ അതിൽ എല്ലാവരും തെറ്റ് കണ്ടെത്തി . ..വിവാഹിതരായ ഒരു പുരുഷനും സ്ത്രീക്കും ഒരിയ്ക്കലും നല്ല സുഹൃത്തുക്കൾ മാത്രമായി ഇരിയ്ക്കാൻ കഴിയില്ലെന്ന് സമൂഹം വിധിയെഴുതി .
രേവതിയുടെ കുടുംബം . ഭർത്താവ് വിദേശത്താണ് . അവൾക്കറിയാം അയാൾക്ക് അവളെ ഒരുപാട് ഇഷ്ടമാണ് . പക്ഷെ തിരയ്ക്കുകൾക്കിടയിൽ പലപ്പോഴും അവളെ അയാൾ മറക്കുന്നു . ഒരിയ്ക്കലും അവളുടെ ഇഷ്ടമാകാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല . കാശും സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതല്ലല്ലോ സ്നേഹം ..അവൾ ആഗ്രഹിക്കുന്ന ഒരു നിമിഷം പോലും കൂടെ ഉണ്ടാകാൻ അയാൾക്ക് കഴിയുന്നില്ല . അവളുടെ ഇഷ്ടങ്ങൾ എന്താണെന്ന് അയാൾ ചോദിച്ചിട്ടു പോലുമില്ല . അവൾക്കു എല്ലാം ഉണ്ട് ..ഇല്ലാത്തതു ഒന്ന് മാത്രമാണ് . അതാണ് സന്തോഷം .. അതാണ് ഞങ്ങൾക്ക് ഇല്ലാത്തതു ..
സന്തോഷം തോന്നുന്നില്ല എന്ന കാരണം പറഞ്ഞു കല്യാണം മാറ്റാൻ കഴിയില്ല . ബന്ധം വേർപെടുത്താനും കഴിയില്ലത്രേ ..സ്ട്രോങ്ങ് ആയ റീസൺ വേണം . ഒരിയ്ക്കലും അനിതയെ കുറ്റപ്പെടുത്താനോ അവളുടെ പേരിൽ എന്തെങ്കിലും ആരോപണം ഉന്നയിക്കാനോ എനിക്ക് കഴിയില്ല . അത് പോലെ തന്നെ രേവതിയ്ക്കു ..അതിനാൽ മാത്രം ...ഇന്നും തുടരുന്ന ചില അഡ്ജസ്റ്മെന്റുകൾ ..
ആളുകൾ പറഞ്ഞു പറഞ്ഞാകാം പിന്നെ എപ്പോഴോ ഞങ്ങളിലും പ്രണയം നാമ്പിട്ടു . പരസ്പരം മിണ്ടാതിരിയ്ക്കാൻ വയ്യാ ..കാണാതിരിയ്ക്കാൻ വയ്യ . എത്ര ശ്രമിച്ചിട്ടും എത്ര ഒക്കെ അകന്നു നില്ക്കാൻ തയ്യാറായിട്ടും ...പിന്നെയും .പിന്നെയും ഒരേ നൂലിൽ കോർത്ത മുത്തുകൾ പോലെ ഞങ്ങൾ അടുത്ത് കൊണ്ടേ ഇരുന്നു .
എല്ലാം അവൾക്കറിയാം ..അനിതയ്ക്കു എല്ലാം അറിഞ്ഞിട്ടും . മുഖത്ത് പുഞ്ചിരി വരുത്തി ..സ്നേഹം കാണിക്കുമ്പോൾ സ്നേഹത്താൽ എന്നെ തോൽപ്പിക്കുമ്പോൾ വെറുപ്പു തോന്നുന്നത് എന്നോടു തന്നെയാണ് . അവളുടെ അടുത്തു നിൽക്കുമ്പോൾ ഓരോ നിമിഷവും ഞാൻ എന്നെ വെറുക്കുന്നു . എന്നോട് വല്ലാത്ത അറപ്പു തോന്നുന്നു . എന്നാൽ , രേവതിയുടെ അടുത്തുള്ളപ്പോൾ എല്ലാം മാറുന്നു ..ഞാൻ എന്നെ ഇഷ്ടപ്പെടുന്നു . ...എന്റെ ഇഷ്ടങ്ങളിൽ ഞാൻ സ്വയം മറന്നു സന്തോഷിക്കുന്നു . ...
എന്താണ് ഞങ്ങളുടെ മുന്നിലുള്ള വഴി ..അറിയില്ല ..മരണം വരെ ഒരു അഡ്ജസ്റ്മെന്റ്. അതെ അതിനുള്ള ഉടമ്പടിയാണല്ലോ അല്ലേ വിവാഹം ..
" നീ ഒന്നും പറഞ്ഞില്ല , ഹരി ..... "
" ഒന്നും പറയാത്തത് , ഉത്തരം ഇല്ലാഞ്ഞിട്ടാ രേവു .. ഞാൻ സന്തോഷവാനല്ല .. എന്നും പറഞ്ഞു വിവാഹ ബന്ധം വേർപെടുത്താൻ ആകുമോ ..അങ്ങനെ എങ്കിൽ അവൾക്കെങ്കിലും ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടാമായിരുന്നു . .. എല്ലാത്തിനും മനുഷ്യന്റെ എല്ലാ വികാരങ്ങൾക്കും ചിന്തകൾക്കും കാരണം കണ്ടെത്താൻ ആവുമോ രേവു .. എനിക്കറിയില്ല ... എല്ലാവർക്കും കാരണം അറിയണം . "
" അത് തന്നെയാണ് എന്റെയും പ്രശ്നം ഏട്ടനെ വേണ്ടെന്നു വെയ്ക്കാൻ എനിക്കും കാരണങ്ങൾ ഇല്ല .. ഏട്ടൻ എന്നെ സ്നേഹിക്കുന്നുണ്ട് ..നല്ലോണം നോക്കുന്നുണ്ട് .. കുടിക്കില്ല .വലിയ്ക്കില്ല . അങ്ങനെ എല്ലാവരും സ്വപ്നം കാണുന്ന ഒരു ഹസ്ബൻഡ് . ആ മനുഷ്യനെ ഞാൻ എന്ത് പറഞ്ഞാ ഹരി വേണ്ടെന്നു വെക്കുക .. ആളുകൾ എന്റെ മുഖത്ത് കാർപ്പിച്ചു തുപ്പും . ..."
നിശബ്ദത ... കടലിന്റെ ഇരമ്പലും .. അകലെ എവിടെയോ .എന്തെല്ലാമോ അകന്നു പോകുന്ന ചില ശബ്ദങ്ങളും മാത്രം .. ഇടയ്ക്കിടെ , ലൈറ്റ് ഹൌസിൽ നിന്നുമുള്ള വെട്ടം ഞങ്ങളെ തൊട്ടു മറയുന്നു .
ദീർഘ നിശ്വാസങ്ങൾ മാത്രം ... ഒരാണിനും പെണ്ണിനും ഒന്നിച്ചു കഴിയാൻ പരസ്പരം സ്നേഹിച്ചു മുന്നോട്ടു പോകാൻ വിവാഹം അല്ലാതെ വേറെ വഴികൾ ഇല്ല . വിവാഹം എന്നത് ഒരു അവസാനവും . പാടില്ലായിരുന്നു . രേവതിയെ കാണാൻ പാടില്ലായിരുന്നു . ..
ഈ കടൽക്കരയിൽ ഒന്നിച്ചു വരുമ്പോഴും അവളുടെ കൈ പിടിച്ചു ഇവിടെ ഇരിയ്ക്കുമ്പോഴും മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു . ഇനിയുള്ള കാലം ഇവൾക്കൊപ്പം ...പക്ഷെ ...
" ഹരി ...ഞാൻ ട്രാൻസ്ഫർനു അപ്ലൈ ചെയ്യട്ടെ ....
നമ്മൾ കാണാൻ പാടില്ലായിരുന്നു ... എനിക്ക് ഇഷ്ടം തോന്നുന്ന ആരെയും ഇനി ഞാൻ കാണാൻ പാടില്ല ... ഹരി പറഞ്ഞത് പോലെ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയാൽ .. ..ഈ സമൂഹം നമ്മുടെമേൽ കാർക്കിച്ചു തുപ്പും ..ശരീരസുഖം തേടി പോയവർ എന്ന് മുദ്രകുത്തും .. സുഹൃത്തുക്കളും ബന്ധുക്കളും ഇല്ലാതെ നാം നമ്മളിൽ തന്നെ ഒറ്റപ്പെടും ...അങ്ങനെ ഒരുപക്ഷെ നീ എന്നെയും , ഞാൻ നിന്നെയും വെറുത്തു പോയാലോ ...
ശരീരം ഇല്ലാതെ രണ്ടാത്മാക്കളായി ,മാത്രം കഴിയാൻ നമുക്കാവില്ലല്ലോ ഹരി .. സ്വതന്ത്രർ എന്നത് ഒരു തോന്നല് മാത്രമാണ് .. ആരും ..ആരും ഇവിടെ സ്വതന്ത്രരല്ല അല്ല .... നമുക്ക് വേണ്ടി ജീവിക്കാൻ നമുക്കാവില്ല ഹരി .... "
അത് കൊണ്ട് ...................."
"നമുക്ക് പിരിയാം ...." എന്റെ ശബ്ദം അല്പം ഉയർന്നിരുന്നു . ഞാൻ എഴുന്നേറ്റു ..
" എന്നിട്ടു ഈ അഡ്ജസ്റ്മെന്റ് നമുക്ക് തുടരാം ..എല്ലാവരെയും സന്തോഷിപ്പിക്കാം .... നമുക്ക് സ്വന്തമായിട്ട് ഒന്നുമില്ലല്ലോ അല്ലേ രേവു .. എവിടെന്നോ വന്നു ...എങ്ങനെയോ കണ്ടുമുട്ടി ..വളരെ കുറച്ചു നാൾ ,എന്തെല്ലാമോ സ്വപ്നം കണ്ടു .. "
എന്റെ ശബ്ദം ഇടറുന്ന ഞാൻ അറിയുന്നുണ്ട് ...
" കുറച്ചു നാൾ കുറച്ചു നാൾ എങ്കിലും എനിക്ക് എന്നെ നീ തിരിച്ചു തന്നു രേവു ... നന്ദി ഉണ്ട് ..ഒരുപാട് .. "
"ഹരി .... "
നടന്നു തുടങ്ങിയ ഞാൻ നിന്നു ..
കൈകളിൽ അവളുടെ വിരലുകൾ ചുറ്റി പിടിക്കുന്നു .. എന്റെ തോളിൽ അവളുടെ ഭാരം..ഞങ്ങൾ ഒന്നിച്ചു നടന്നു തുടങ്ങി ...
" നമുക്ക് വേണ്ടി ..മാത്രം ജീവിക്കുന്ന സ്വാർത്ഥർ ആകണോ ഹരി ..നമുക്ക് .. അതോ ..നമ്മളെ ജീവന് തുല്യം സ്നേഹിക്കുന്ന നമ്മുടെ പ്രീയപ്പെട്ടവർക്കു , അവർ ആഗ്രഹിക്കുന്ന സ്നേഹവും പരിഗണനയും കൊടുക്കുന്ന , അവർക്കു വേണ്ടി ജീവിക്കുന്ന ..നല്ല ഭർത്താവും ഭാര്യയും ആകണോ ..?? "
അവളുടെ ഭാരം കൂടുന്നുണ്ട്..എനിക്കറിയാം ..അവളുടെ ഓരോ വാക്കുകളും ആത്മാവിൽ നിന്നുമാണ് . വീഴാതിരിയ്ക്കാൻ അവളെന്നെ മുറുകി പിടിച്ചു . കാലുകൾ പൂഴിയിൽ തറഞ്ഞു പോകുന്ന പോലെ ..
" അതെ.. പരസ്പരം ശരീരം ആഗ്രഹിച്ചു , ഒന്നിച്ചു ചേരാൻ കൊതിച്ചവർ അല്ലല്ലോ രേവു നമ്മൾ ..നമ്മൾ ആഗ്രഹിച്ചത് പരസ്പരം അടുത്തു ഉണ്ടാകാൻ മാത്രമാണ് . ശരീരം കൊണ്ട് എത്ര ദൂരെ പോയാലും .. നമ്മളിൽ നിന്നും അടർത്തി മാറ്റാൻ ആവാത്ത ആത്മാവിന്റെ സാമീപ്യം ..എന്നിലും നിന്നിലുമായി ...നമ്മളിൽ എന്നും ഉണ്ടാകുമല്ലോ ..അവിടെ എനിക്ക് നീയും ..നിനക്കും ഞാനും ഒരുക്കുന്ന മനോഹരമായ ഒരു ലോകത്തു ..നമുക്ക് നിറയെ ..പ്രണയിക്കാമല്ലോ ..ഒന്നിച്ചവർ എങ്കിലും ..നാം ..പിരിയേണ്ടവർ ... "
അവളെ കാറിൽ കയറ്റി ഇരുത്തി ..കൈ വിടാൻ അനുവദിക്കാതെ വല്ലാതെ മുറുക്കി പിടിച്ചിരിയ്ക്കുന്നു .. നിറഞ്ഞ മിഴികളുടെ നോട്ടം സഹിയ്ക്കാൻ കഴിയില്ല . എന്റെ കൈകളിൽ അമർത്തി ചുംബിക്കുമ്പോൾ ..കണ്ണുകളിലെ നനവ് ..എന്റെ കൈകളിൽ ..
കൈകൾ മെല്ലെ അയഞ്ഞു ...ഞാൻ എന്റെ കൈകൾ മെല്ലെ അടർത്തി മാറ്റി ... മുന്നിലേക്ക് വീണു കിടന്ന മുടികൾ മെല്ലെ മാറ്റി .. അവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു അമർത്തി ചുംബിക്കുമ്പോൾ ഞാൻ അറിഞ്ഞു ... ഈ ലോകവും ജീവിതവും ..പ്രണയവും സ്വപ്നവും എല്ലാം ..എല്ലാം ഒരു ചുംബനത്തിൽ എങ്ങനെ ഒതുങ്ങുന്നു എന്ന് .. അവളുടെ നെറ്റിയിൽ എന്റെ ഉമിനീരിന്റെ നനവ് .. കണ്ണുനീരിന്റെ കനല്... അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നു ..ഒരു തണുത്ത കടൽകാറ്റു ഞങ്ങളെ തഴുകി കടന്നു പോയി
ഇരുൾ പടർന്ന കടൽക്കരയിൽ നിലാവെളിച്ചം വീണിരുന്നു .. അവളുടെ കാറിന്റെ വെട്ടം ..എന്നിൽ നിന്നും അകന്നു ദൂരേയ്ക്കും മറഞ്ഞിരുന്നു . ....
ഞാൻ നടന്നു തുടങ്ങി .. അഭിനയിച്ചു തുടങ്ങിയ ഒരു വേഷം ഉണ്ട് ..അത് പൂർത്തിയാക്കണം .. അതിൽ സന്തോഷം കണ്ടെത്തണം ... ആത്മാവിൽ അലിഞ്ഞ പ്രണയം നഷ്ടപ്പെടാതെ എനിക്കുള്ളിൽ ഞാൻ ഇഷ്ടപ്പെടുന്ന മറ്റൊരു ജീവിതവും .ലോകവും .. അവളുടെ നക്ഷത്ര കണ്ണുകളുടെ ഓർമ്മ ..ആ ചുണ്ടുകളുടെ നനവ് .. മതി ..ഈ ജീവിതം പൂർത്തിയാക്കാൻ ...... !!!
(( അവസാനിച്ചു ))
എബിൻ മാത്യു കൂത്താട്ടുകുളം
27 - 10 - 2016

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot