"പോത്ത്" ഒരു പ്രതീകമാണ്, വിവേകശൂന്യത കാണിയ്ക്കുന്ന മനുഷ്യനെ, പോത്ത് എന്ന് കളിയായും കാര്യമായും വിളിയ്ക്കാൻ തുടങ്ങിയിട്ട് നാളേറെയായിരിയ്ക്കുന്നു. "വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല" എന്നൊരു ചൊല്ലും ഉണ്ട്, നമുക്ക് സ്വന്തമായിട്ട്.
അറക്കാൻ നോക്കുന്നതിനിടയിൽ പ്രാണരക്ഷാർത്ഥം ഇറങ്ങിയോടുന്ന ഒരു പോത്തും, അതിനു പിന്നാലെ ഓടുന്നൊരു നാടും... ഇതാണീ ചിത്രത്തിന്റെ ഇതിവൃത്തം.
ഇറച്ചി വെട്ടുകാരൻ കാലൻ വർക്കി നാടിനു വേണ്ടപ്പെട്ടവനായിരുന്നു, പക്ഷെ ഒരു സുപ്രഭാതത്തിൽ അയാൾ, കുതറിയോടുന്ന ഒരു പോത്ത് വരുത്തിക്കൂട്ടുന്ന വിക്രിയകൾക്ക് സമാധാനം പറയേണ്ടവനാവുന്നു. ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കിൽ, അന്നും പതിവുപോലെ നാട്ടിലെ തീൻമേശകളിലെ കൊതിയൂറും വിഭവമാകുമായിരുന്ന ആ പോത്ത്, സിറ്റുവേഷനൊന്നു മാറിയപ്പോൾ, വിളിയ്ക്കപ്പെടുന്നു, "നാശം"...
ഞായറാഴ്ച്ച പള്ളി കുർബാനയ്ക്ക് കേറുന്നവർ കിറ്റിലാക്കി മരക്കൊമ്പിൽ തൂക്കിയിടുന്നതും, തുളസിത്തറയിലൊന്നു തൊട്ടതിന് ഉച്ചത്തിൽ അശ്രീകരമായും പിന്നെ അടക്കിയ സ്വരത്തിൽ തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കേണ്ടുന്ന വിഭവമായും മാറുന്നതും, എല്ലാം നേരത്തേ പറഞ്ഞ ഈ "നാശ"മാണ് കേട്ടോ...
പോത്തും ഈ ഭൂമിയുടെ അവകാശിയാണെന്നും അതൊരു പാവമല്ലേയെന്നുമൊക്കെ വേദാന്തം പറയുന്ന പോളേട്ടൻ തന്റെ താറുമാറായ തോട്ടം കണ്ട് നിമിഷ നേരത്തിനുള്ളിൽ അഭിപ്രായം മാറ്റുന്നതും, പള്ളിമേടയിൽ വച്ച് ഇറച്ചി വാങ്ങുന്ന സന്തോഷം, പള്ളിപ്പറമ്പ് അലങ്കോലപ്പെടുത്തിയ "പോത്തി"നോട് അച്ചന് തോന്നാത്തതും, നഷ്ടങ്ങൾ സംഭവിച്ച പാൽക്കാരനും ചായക്കടക്കാരനും രാഷ്ട്രീയപ്പാർട്ടിക്കാരനും എന്നു വേണ്ട നാട്ടുകാർക്ക് ഒട്ടുമുക്കാലും വർക്കിച്ചനൊരു ശത്രുവാകുന്നതും അയാളുടെ പിതൃക്കൾ വരെ സ്മരിയ്ക്കപ്പെടുന്നതുമായ; സാധാരണ ഒരു നാട്ടിൽ തികച്ചും സംഭവ്യമായ കാര്യങ്ങൾ എത്ര കൃത്യമായിട്ടാണ് സംവിധായകൻ ഒരു മുത്തുമാലയിലെന്ന പോലെ കൊരുത്തെടുത്തിരിയ്ക്കുന്നത്.
മകളുടെ ഒത്തു കല്ല്യാണ സദ്യ, പോത്തിറച്ചിയില്ലാതെ കേമമാകില്ലെന്ന ആശങ്കയാൽ കുര്യച്ചൻ രാത്രിയിൽ ഒരു ഓൾട്ടർനേറ്റീവ് ഓപ്ഷൻ മുന്നിൽക്കണ്ട് ഇറങ്ങിത്തിരിയ്ക്കുന്നത്, സദാചാരവാദികൾ ആഘോഷമാക്കുന്നതും, മകൾ ഒളിച്ചോടാൻ ശ്രമിച്ചു പരാജയപ്പെടുന്നതും, എല്ലാം നമുക്കു വളരെ പരിചിതമായ രീതിയിൽ, യാഥാർത്ഥ്യത്തിലൂന്നിയുള്ള ഫ്രെയിമുകളാക്കപ്പെട്ടിരിയ്ക്കുന്നു.
സോഫിയുടെ ശ്രദ്ധയാകർഷിയ്ക്കാൻ വേണ്ടി ആന്റണി ചെയ്തു തുടങ്ങുന്ന കുതന്ത്രങ്ങൾ, സ്വാർത്ഥ നേട്ടങ്ങൾക്ക് മനുഷ്യൻ ചെയ്തു പോയേക്കാവുന്ന കൃത്യങ്ങളുടെയെല്ലാം എക്സ്ട്രീം ആണെന്നു തന്നെ പറയേണ്ടി വരും. കുട്ടച്ചനെ ഒറ്റിയത്, പോത്തിനെ താൻ വീഴ്ത്തിയെന്ന അവകാശവാദം, നാടിനു ശല്ല്യമായിട്ടു പോലും പോത്തിനെ വെടിവെച്ചിടാൻ സമ്മതിയ്ക്കാത്തത്, സോഫിയെ വിശ്വസിപ്പിയ്ക്കൽ, അനാവശ്യമായി വാശി കാണിയ്ക്കൽ, ഇവയെല്ലാം ചേർത്തു വയ്ക്കുമ്പോൾ ആ പോത്ത് ഓടിയതുപോലും ഇയാളുടെ ഒരു ചെയ്തിയാണെന്ന് തോന്നിപ്പോവുന്നു.
"മനുഷ്യൻ രണ്ടു കാലിൽ ഓടുന്ന മൃഗമാണ്", എന്ന് സിനിമയ്ക്കകത്തു തന്നെ പരാമർശിയ്ക്കുന്നുണ്ട്. വിറളി പിടിച്ചോടുന്ന പോത്തിനേക്കാൾ വകതിരിവ് കുറഞ്ഞാണ് പലപ്പോഴും നമുക്ക് നമ്മുടെ പ്രതിനിധികളെ സിനിമയിൽ കാണാനായത്. "ജല്ലിക്കെട്ട്" മാതൃകയിൽ അതിനെ കീഴ്പ്പെടുത്തി, മറ്റുള്ളവരാൽ വാഴ്ത്തപ്പെടാൻ വേണ്ടി പായുന്ന ഒരു കൂട്ടം പ്രാകൃതരായ മനുഷ്യരെ സ്ക്രീനിൽ വളരെ സ്പഷ്ടമായി കാണാമായിരുന്നു. ഞാൻ അഥവാ ഞങ്ങൾ പിടിയ്ക്കും, ഞങ്ങൾക്കേ സാധിയ്ക്കൂ എന്ന് ഒറ്റയ്ക്കും തറ്റയ്ക്കും നിന്ന് പരസ്പരം ആക്രോശിയ്ക്കുകയും പോരടിയ്ക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ, ശരിയ്ക്കുമൊരു ഭീതി കീഴ്പ്പെടുത്തുന്നതു പോലെ; ഇത്തരം സിറ്റുവേഷനുകളിൽ നമ്മളും ഇതുപോലാകുമോ പെരുമാറുക ???
"മനുഷ്യൻ ഒരു മൃഗമാവാൻ, വെറുമൊരു പോത്ത് വിചാരിച്ചാൽ മതി", എന്ന സന്ദേശം നല്കും വിധം, ശരീരമാസകലം മുറിവുകളുമായി ഇനിയോടാൻ വയ്യാത്ത വിധം ക്ഷീണിതനായി ഒരു ചതുപ്പിലിറങ്ങി നിന്നിരുന്ന ആ പോത്തിന്റെ ശരീരത്തിൽ ആഞ്ഞാഞ്ഞ് കുത്തിക്കൊണ്ട്, താനാണ് കുത്തിയത്, താനാണ് കുത്തിയത് എന്ന് പരസ്പരം ആക്രോശിച്ചും മല്ലടിച്ചും ഒരു മനുഷ്യ മലയായ് രൂപപ്പെടുന്ന ജനതയെ കാണിച്ചു കൊണ്ടൊരു Excellent Climax - ഉം സംവിധായകൻ നമുക്ക് തന്നിരിയ്ക്കുന്നു.
നമുക്ക് അങ്ങനെ ആകാതിരിയ്ക്കാൻ ശ്രമിയ്ക്കാം ല്ലേ ???
ചിത്രത്തിൽ കഥ വളരെ വിരളം, എന്നാൽ അത് പറഞ്ഞിരിക്കുന്ന രീതി, ഇന്നുവരെ ഒരു മലയാള സിനിമയിലും കാണാത്ത വിധം ക്യാമറ ചലിപ്പിച്ച്, ദൃശ്യ-ശ്രാവ്യ വിന്യാസങ്ങളുടെ കറയറ്റ ഒരു മേളനമായി, ഒരാസുരതാളത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നു.
ഗിരീഷ് ഗംഗാധരന്റെ ക്യാമറ പോകുന്ന വഴിയേ കണ്ണും മനസ്സും ഇറങ്ങിയങ്ങ് ഓടുകയായിരുന്നു, എത്ര മനോഹരമായിട്ടാണ് ഓരോ രംഗവും ചിത്രീകരിച്ചിരിയ്ക്കുന്നത്. സിനിമയുടെ കപ്പിത്താൻ, ലിജോ, എന്തു വർക്കാണെന്റിഷ്ടാ !!!!! അനുയോജ്യമായ കാസ്റ്റിങ് ആ ഏകോപനത്തിന്റെ ബ്രില്യൻസ് എടുത്തു കാട്ടുന്നു... ഇതൊരു റഫറൻസ് വർക്ക്പീസ് തന്നെയാണ്, മലയാള സിനിമയ്ക്ക്...
ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (Comment Box ൽ കൊടുത്തിട്ടുണ്ട്) ഒരുക്കിയ ഡിസൈനർ R. Mahesh പടത്തിന്റെ റിലീസിനു ഒരു മാസം മുന്നേ, ഹാർട്ട് അറ്റാക്കു മൂലം മരിച്ചിരുന്നു. വളരെ റിയലിസ്റ്റിക്കായി മാനുവൽ ഡിസൈനിങ് ചെയ്യുന്ന ഒരു രീതിയായിരുന്നുവത്രേ അങ്ങേരുടേത്. ഈ പോസ്റ്റർ മണ്ണുവച്ചു തന്നെ ബ്രഷ് ചെയ്യുകയായിരുന്നു എന്ന് മുന്നേ ഒരിക്കൽ വായിച്ചിട്ടുണ്ട്. മഹാനായ ആ കലാകാരനു മുന്നിൽ ശിരസ്സു നമിയ്ക്കുന്നു...
Hats off to, Lijo Jose Pellissery and the entire crews...
By Krishna Cherat
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക