"അമ്മു... എബിയാണ്... എന്റെ നമ്പറിൽ നിന്നു വിളിച്ചാൽ നീ അറ്റൻഡ് ചെയ്യില്ലെന്നറിയാം... പറഞ്ഞു തീരുന്നതിനു മുൻപ് നീ കട്ട് ചെയ്യരുത്.. പ്ലീസ്.. "
സ്റ്റാഫ് റൂമിലിരുന്നാൽ മറ്റു ടീച്ചേർസ് ശ്രദ്ധിക്കും എന്നറിയാവുന്നതു കൊണ്ട് ഫോണുമായി ഞാൻ പുറത്തേക്കു നടന്നു.
എബി തുടർന്നു..
"ഞാൻ ഇന്നലെ നാട്ടിലെത്തി.. എനിക്ക് നിന്നെ ഒന്നു കാണണം.. കണ്ടേ പറ്റു.... അതും ഇന്നു തന്നെ. നീ ഹാഫ്ഡേ ലീവ് എടുക്കണം, ഉച്ചക്ക് മുന്നേ ഞാൻ അവിടെയെത്തും.. സിലിയും റോയിച്ചായനുമുണ്ട് കൂടെ.മുന്നേ പറഞ്ഞാൽ നീ എന്തെങ്കിലും പറഞ്ഞൊഴിവാക്കും എന്നുറപ്പുള്ളതു കൊണ്ടാണ് ഇപ്പൊ വിളിക്കുന്നത് " ഒറ്റ ശ്വാസത്തിൽ എബി പറഞ്ഞു തീർത്തു.
"ഞാൻ വരില്ല.. എനിക്കാരെയും കാണണ്ട .."
"നീ വരും... എനിക്ക് പറയാനുള്ളത് കേൾക്കും.അടുത്തമാസത്തേക്ക് സാൻക്ഷൻ ആയിരുന്ന ലീവ് ക്യാൻസൽ ആക്കി ഇപ്പൊ ഞാൻ ഇത്രയും ദൂരം വന്നത് നിന്നെ കാണാൻ വേണ്ടി മാത്രമാണെങ്കിൽ കണ്ടിട്ടേ ഞാൻ പോകു." അതും പറഞ്ഞു കോൾ കട്ട് ആയി.
നിറഞ്ഞു വരുന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ, കോഫി കുടിക്കാനെന്ന പേരിൽ ക്യാന്റീനിലേക്ക് നടന്നു... കോഫിയുമായി ഒഴിഞ്ഞൊരു മൂലയിൽ സ്ഥലം പിടിച്ചപ്പോഴേക്കും നൂലുപൊട്ടിയ പട്ടം പോലെ മനസ്സ് ഭൂതകാലത്തേക്കു പറന്നിരുന്നു. അന്ന ഈപ്പൻ എന്ന ഈ അന്നമ്മുവിന്റെയും, സിലി തോമസ് എന്ന എന്റെ സില്ലയുടെയും ഭൂതകാലത്തേക്കു...
മലകേറി കാട് വെട്ടിപ്പിടിക്കാൻ വന്ന കാലം തൊട്ടു അപ്പനും, തോമാച്ചായനും ആത്മമിത്രങ്ങളാണ്.. അവരുടെയാ സൗഹൃദം മക്കളിലൂടെയും തുടർന്നു ... LKG തൊട്ടു പഠിക്കുന്നതും, കളിക്കുന്നതും, കുരുത്തക്കേട് കാണിക്കുന്നതുമെല്ലാം ഞാനും സില്ലയും ഒരുമിച്ചു...
അങ്ങനെ സ്നേഹിച്ചും, തല്ലുകൂടിയും നടക്കുന്നതിനിടയിലാണ് ഞങ്ങൾ എട്ടാം ക്ലാസ്സിലേക്ക് ജയിച്ച സമയത്ത് തോമാച്ചായന്റെ പെങ്ങടെ മോൻ എബിൻ മാത്യു ഞങ്ങടെ ഇടയിലേക്ക് ഇടിച്ചു കയറി വരുന്നത്. പ്ലസ്ടു അഡ്മിഷൻ അമ്മാച്ചന്റെ വീടിനടുത്തു കിട്ടിയ എബിയും പിന്നെ ഞങ്ങളിൽ ഒരാളായി... അന്നമ്മു എബിക്ക് അമ്മുവായിരുന്നു.
കളിയും ചിരിയുമായി കാലം കടന്നുപോയി. എബി പ്ലസ്ടു കഴിഞ്ഞവന്റെ പാട്ടിനു പോയി. ഞാനും സില്ലയും പത്തും കഴിഞ്ഞു പ്ലസ്ടു വരെ ഒന്നിച്ചായിരുന്നു. ശേഷം ഞാൻ നാട്ടിൽ ഡിഗ്രിക്കും അവള് നേഴ്സിങ്ങിനു ബാംഗ്ലൂർക്കും പോയതോടെ വല്ലപ്പോഴുള്ള ഫോൺ കോളുകളായിരുന്നു ആശ്വാസം. അതിനിടയിൽ എബിക്ക് ആർമിയിൽ സെലെക്ഷൻ കിട്ടിയെന്നും ട്രൈയിനിങ്ങിനു പോയെന്നുമൊക്കെ അവളിലൂടെ അറിഞ്ഞു... പഠിത്തവും പുതിയ സൗഹ്രദങ്ങളുമൊക്കെയായി ജീവിതം മറ്റൊരു ദിശയിലേക്കു നീങ്ങി.
കാലം കടന്നു പോയി.. പിജി സെക്കന്റ് ഇയർ പഠിക്കുന്ന സമയത്താണ് റോയിച്ചനുമായുള്ള സില്ലയുടെ കല്യാണം... സെമസ്റ്റർ എക്സാം ആയതുകൊണ്ട് കല്യാണത്തിന് അവൾ ഇളവ് തന്നു... പക്ഷെ എൻഗേജ്മെന്റിനു ചെന്നെ പറ്റു...
നാളുകൾ കൂടി പഴയ ടീമിനെയൊക്കെ കണ്ട ഓളത്തിലും ബഹളത്തിലും നടക്കുന്നതിനിടയിലാണ് "അമ്മു ഓർമ്മയുണ്ടോ? " എന്ന ചോദ്യവുമായി ആറടി പൊക്കത്തിൽ ഒരു മനുഷ്യൻ..
രൂപവും ഭാവവുമൊക്കെ മാറിയിരുന്നെങ്കിലും അമ്മു എന്ന വിളിയിൽ തന്നെ ആളെ തിരിച്ചറിഞ്ഞിരുന്നു ഞാൻ, എന്നെ അങ്ങനെ വിളിച്ചിട്ടുള്ള ഒരേയൊരാൾ എബിയാണല്ലോ... പറയാൻ വിശേഷങ്ങൾ ഏറെയായിരുന്നു... ട്രെയിനിങ് കഴിഞ്ഞതും, ഇപ്പൊ ഹിമാചലിൽ പോസ്റ്റഡ് ആണെന്നും തുടങ്ങി ഞങ്ങൾ അന്നു പിരിഞ്ഞതിൽ പിന്നെയുള്ള ഒരുപാട് കഥകൾ.. കോളേജ് കഥകൾ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു ഞാനും ചിലച്ചു കൊണ്ടിരുന്നു..
പിന്നീട് വല്ലപ്പോഴുമുള്ള ഫോൺ വിളികളിലൂടെ ആ ബന്ധം മുൻപോട്ടു പോകുന്നതിനിടയിൽ എക്സാം കഴിഞ്ഞൊരു ദിവസം ഉള്ളിലെന്നോടുള്ള ഇഷ്ടം എബി തുറന്നു പറഞ്ഞു.. അങ്ങനൊരു കാര്യത്തെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ലാത്ത ഞാൻ കൂൾ ആയി നോ പറഞ്ഞു. അധികം ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ അതു കഴിഞ്ഞു.
PG റിസൾട്ട് വന്നയുടൻ തന്നെ പഠിച്ച കോളേജിൽ ഗസ്റ്റ് ലെക്ചറർ ആയി ഉദ്യോഗവും കിട്ടി.. വീണ്ടും ഹോസ്റ്റൽ ജീവിതം.
പക്ഷെ കാര്യങ്ങൾ കൈ വിട്ടുപോകുന്നത് ഏകദേശം ഒന്നരമാസങ്ങൾക്കു മുൻപ് അമ്മച്ചിയുടെ കൂട്ടുകാരി ടെസ്സി ആന്റിയുടെ മകൻ കെവിനുമായുള്ള പ്രെപ്പോസൽ വന്നപ്പോഴാണ്.ദുബായിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ. ക്രിസ്മസിന് ലീവ് വരുമ്പോൾ പെണ്ണുകാണൽ തീരുമാനിക്കുന്നു . എനിക്കൊഴിച്ചു എല്ലാവർക്കും സന്തോഷം.മനസ്സിലൊരു നീറ്റൽ.എന്തോ കൊളുത്തി വലിക്കുന്ന പോലെ.
രണ്ടും കല്പ്പിച്ചു ചങ്കും, ചങ്കിടിപ്പുമായ അപ്പനോട് എബി പറഞ്ഞതും, ഞാൻ നിരസിച്ചതും, ഇപ്പൊ ഉള്ള നീറ്റലുമൊക്കെ അവതരിപ്പിച്ചു... പക്ഷെ ഇപ്പോഴും എബിയെ ഇഷ്ടമാണോ എന്ന ഉറപ്പും എനിക്കില്ല..
ഒരു പൊട്ടിച്ചിരി ആയിരുന്നു അപ്പന്റെ ഉത്തരം. "രണ്ടാളും സംസാരിച്ചു ഒരു തീരുമാനം എടുക്കുവാണെങ്കി അപ്പന് വിരോധം ഇല്ല.. പഠിച്ചവരാണ് .. സ്വന്തം കാലിൽ നിൽക്കുന്നവരാണ് ... ആദ്യം നിങ്ങള് സംസാരിക്കു... ബാക്കി പിന്നെയല്ലേ... " അപ്പൻ ധൈര്യം തന്നു...
രണ്ടും കല്പ്പിച്ചു എബിയെ വിളിച്ചു എനിക്കുവന്ന പ്രെപ്പോസലിനെ പറ്റി പറഞ്ഞെങ്കിലും എന്റെ മനസ്സിലുള്ള ഇഷ്ട്ടം ഞാൻ ഒളിച്ചുവെച്ചു.
"All the best "പറഞ്ഞൊരു ആശംസയായിരുന്നു എബിയുടെ മറുപടി... ഒപ്പം "അവനും ചില പ്രെപ്പോസൽസ് വരുന്നുണ്ടെന്നും വൈകാതെ കെട്ടണമെന്നും നാട്ടിലുണ്ടെങ്കിൽ എന്റെ കല്യാണത്തിന് വരാമെന്നൊക്കെ" കേട്ടപ്പോൾ കലിയോടെ ഞാൻ ഫോൺ വെച്ചു .
"അതൊന്നും സെറ്റാകില്ല അപ്പാ.. അമ്മച്ചി പറഞ്ഞ ആലോചന തന്നെ നോക്കാം "എന്നു അപ്പന് ഞാൻ മറുപടി കൊടുത്തു.
എബി എന്നെ വാശിപിടിപ്പിക്കാൻ ചെയ്തതാണെന്നും പറഞ്ഞു തോമാച്ചായന്റെ വക ഡയറക്റ്റ് പ്രെപ്പോസൽ വന്നിട്ടും നോ ആയിരുന്നു എന്റെ മറുപടി. ആലോചിക്കാൻ എല്ലാവരും പറഞ്ഞിട്ടും വാശിയായിരുന്നെനിക്കു. ആവശ്യമില്ലാത്ത വാശിയാണെന്നറിഞ്ഞു കൊണ്ട് തന്നെ ഒരു പക്വതയും കാണിക്കാതെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.. തെറ്റിദ്ധാരണ മാറ്റാൻ പലവട്ടം എബി ശ്രമിച്ചു... കേൾക്കാൻ ഞാൻ തയ്യാറായിരുന്നില്ല..
പക്ഷെ ഈഗോയിൽ പൊതിഞ്ഞു മറച്ചു പിടിച്ച ആ ഇഷ്ട്ടം എനിക്കൊരിക്കലും മനസമാധാനം തന്നിരുന്നില്ല.
ഓരോന്ന് ആലോചിച്ചിരുന്നു സില്ലയുടെ കോൾ വന്നപ്പോഴാണ് സ്ഥലകാലബോധം വന്നത്.
"അന്നമ്മേ... എതായാലും എബിച്ചായൻ നിന്നെ കണ്ടേ പോകൂ.. നിനക്ക് നന്നായറിയാം ഇച്ചായനിപ്പോ അങ്ങോട്ട് വന്നാ സീൻ ആകുവെന്നു . രണ്ടാൾക്കും പറയാനുള്ളതു പറഞ്ഞു തീർക്കു ... ചുമ്മാ കൊച്ചു പിള്ളേരെ പോലെ കാണിക്കാതെ.. " സിലി പറഞ്ഞു
അവള് പറഞ്ഞത് ശെരിയാണെന്നു തോന്നിയത് കൊണ്ട് ഹാഫ്‌ഡേ ലീവെഴുതി കൊടുത്തു അപ്പനെ വിളിച്ചു സമ്മതവും വാങ്ങി ഞാൻ കോളേജിനു പുറത്തേക്കു നടന്നു... ദൂരെ നിന്നു എബിയെ കണ്ടിട്ടും അവനെയൊന്നു നോക്കാൻ പോലും എന്റെ പിടിവാശി അനുവദിച്ചില്ല.
"ഞാൻ നിനക്കൊപ്പമേ ഇരിക്കു." ഡ്രൈവിംഗ് സീറ്റിലിരുന്ന റോയിച്ചന്റെ അടുത്തേക്ക് കയറാൻ തുടങ്ങിയ സില്ലയുടെ കൈപിടിച്ച് ഞാൻ പറഞ്ഞു..
ഒന്നും മിണ്ടാതെ എബി മുന്നിലേക്ക് കയറി. ഞാനും അവളും പിന്നിലും... വാതോരാതെ അവളും റോയിച്ചായനും സംസാരിച്ചെങ്കിലും ഞങ്ങള് നിശ്ശബ്ദരായിരുന്നു...
"ഇച്ചായാ വണ്ടി നിർത്തു... " വണ്ടി മുന്നോട്ടു നീങ്ങുന്നതിനിടയിൽ എപ്പോഴോ എബി റോയിച്ചനോടായി പറഞ്ഞു.
വണ്ടി നിർത്തിയതും എബി ഇറങ്ങി വന്നു കാറിന്റെ ബാക്ക് ഡോർ തുറന്നു സില്ലയെ മുൻപിലേക്കയച്ചു എനിക്കൊപ്പം ഇരുന്നു.
ഒന്നും മിണ്ടാതെ ഒരരികിലേക്കു ചേർന്ന് ഞാൻ പുറം കാഴ്ചകളിൽ കണ്ണുനട്ടു.
ക്ഷമ നശിച്ചു എബി എനിക്ക് നേരെ തിരിഞ്ഞു..
"ടി.. ഉണ്ട മറിയേ .. എനിക്ക് വേറെ പെണ്ണുകിട്ടാത്തതു കൊണ്ടൊന്നുവല്ല... പ്രാന്തു പിടിക്കണപോലെ ഞാനങ്ങു ഇഷ്ടപ്പെട്ടുപോയി.. അതു ഇന്നും ഇന്നലേയും ഒന്നുവല്ല അന്നു നീ ഫുൾപാവാടയും ഇട്ടു രണ്ടുഭാഗത്തു മുടി പിന്നിയിട്ടു നടക്കണ കാലത്തു തുടങ്ങിയ ഇഷ്ടാ.. "
"അന്നു തുറന്നു പറയാഞ്ഞതു അതു പ്രായത്തിന്റെ ചാപല്യം ആണോ എന്ന തോന്നലിലാ ... എല്ലാം ഇവൾക്കറിയാം... പലവട്ടം ഇവളെന്നോട് എല്ലാം പറയാൻ പറഞ്ഞതാ.. പക്ഷെ വേണ്ട... പഠിക്കട്ടെ... ജോലിയാകട്ടെ... പ്രേമിക്കാനും ജീവിക്കാനുമൊക്കെ സമയം ധാരാളം ബാക്കിയുണ്ട്. പക്ഷെ പഠിത്തത്തിൽ ഡിസ്ട്രക്ഷൻ വന്നാൽ..."
"നീ എനിക്കുള്ളതാണെന്നുള്ളൊരു കോൺഫിഡൻസ് എന്തോ എനിക്കുണ്ടായിരുന്നു..നീ വേറെ ആരെയെങ്കിലും പ്രേമിച്ചാലോ എന്നൊക്കെ ഇവള് പറഞ്ഞെന്നെ ഇളക്കിയിട്ടും എന്തോ ആ വിശ്വാസം അങ്ങനെ തന്നെ ഇരുന്നു. "
"നിന്റെ മനസ്സിൽ നിന്നു എന്നോടുള്ള ഇഷ്ട്ടം തോണ്ടി പുറത്തിടാനാ ഞാനന്ന് നീ വിളിച്ചപ്പോ അങ്ങനെയൊക്കെ .."
" പൊന്നുമോളെ പതിനാറാമത്തെ വയസ്സു തൊട്ടു എന്റെ പെണ്ണിന്റെ മുഖം എന്നത് എനിക്ക് നിന്റെയീ ഉണ്ട മുഖവാ .. നിന്നെ എന്നേക്കാൾ മനസ്സിലാക്കാൻ, സ്നേഹിക്കാൻ ആർക്കും പറ്റത്തില്ലടി... അത്രയ്ക്ക്... ഇതിൽ കൂടുതൽ മനസ്സ് തുറന്നു കാണിക്കാനും, പൈങ്കിളി ആകാനുമൊന്നും എനിക്കറിയത്തില്ല... "
ആ പറഞ്ഞതൊന്നും പെട്ടന്നൊരു വികാരത്തിന്റെ പുറത്തുള്ള പ്രകടനമല്ല എന്നെനിക്കുറപ്പായിരുന്നു...
കുറച്ചുനേരത്തെ മൗനത്തിനു ശേഷം എബി തുടർന്നു.
"അമ്മു... സോറി മോളെ പെട്ടന്ന് വന്ന ദേഷ്യത്തിൽ ഞാനെന്തൊക്കെയോ.. ഇനി നീ തീരുമാനിച്ചോ.. നിന്റെ തീരുമാനം എന്തു തന്നെയായാലും എന്റെ മനസ്സ് നിന്നെ അറിയിച്ചു എന്ന സമാധാനം എനിക്കുണ്ടല്ലോ. അതുമതി. "
"സിലി ഇങ്ങോട്ടേക്കിരുന്നോ.. ഇവളെ ഹോസ്റ്റലിൽ വിട്ടേച്ചു നമുക്ക് പോകാം ഇച്ചായാ" എന്നു പറഞ്ഞു ഡോർ തുറന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയ എബിയുടെ കൈയിൽ ഞാൻ ഇറുക്കിപ്പിടിച്ചു.
നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്കു നോക്കിയപ്പോൾ എന്റെ നെഞ്ചും പിടഞ്ഞു. ... ഉള്ളിലുള്ള ഈഗോയും, വാശിയും എല്ലാം കളഞ്ഞു ഞാനാ നെഞ്ചിൽ മുഖം പൂഴ്ത്തി കുറ്റബോധം കൊണ്ട് തേങ്ങികരഞ്ഞു ... ചുറ്റിപിടിച്ചെന്നെ നെഞ്ചോടു ചേർക്കുമ്പോൾ ആ കണ്ണുകളും തുളുമ്പുന്നുണ്ടായിരുന്നു.
"ഞങ്ങളിവിടെ ഉണ്ടേ" എന്നു പറഞ്ഞു സില്ല ചുമച്ചപ്പോൾ അകന്നു മാറാൻ നോക്കിയ എബിയെ വിടാതെ ഞാൻ കൂടുതൽ ഇറുക്കിപിടിച്ചു... ആ നെഞ്ചിലൊന്നു പല്ലമർത്തി സ്നേഹം കാണിച്ചു ... അതുകൂടെയായപ്പോ സ്നേഹം നിറഞ്ഞു ശ്വാസം മുട്ടിപോകുന്ന ഒരവസ്ഥയില്ലേ... പറയാനും എഴുതാനുമാകില്ല അനുഭവത്തിൽ മാത്രം വരുന്നൊരവസ്ഥ..
"ഇനിയെത്ര പിച്ചും, മാന്തും, കടിയുമെല്ലാം കിട്ടാനിരിക്കുന്നു.. ആഹ്..എബിച്ചന്റെ വിധി.. ചിലരൊക്കെ സ്നേഹം പ്രകടിപ്പിക്കുന്നതിങ്ങനെയൊക്കെ ആണല്ലോ.. " ഈ പറഞ്ഞതൊക്കെ എന്റെ കയ്യിൽ നിന്നും ധാരാളം കിട്ടിയവളുടെ വക കമന്റ്.
എത്ര നേരം എബിയോട് പറ്റിച്ചേർന്നു അങ്ങനെ ഇരുന്നുവെന്നു എനിക്കറിയില്ല...
"രണ്ടാളും ഈ ഇരിപ്പു ഇങ്ങനെ തുടർന്നാൽ ശെരിയാവില്ല മോളെ " എന്നു പറഞ്ഞെന്നെ പിടിച്ചു വലിച്ച ആ കുശുമ്പിയെ തള്ളിമാറ്റി ഞാൻ വീണ്ടുമാ നെഞ്ചോടു ചേർന്നു..
"ഈ പ്രേമമിത്ര പൈങ്കിളി ആണോ " എന്നു ചോദിച്ച സില്ലയെ ഞാൻ അവഗണിച്ചു. ആ നിമിഷത്തിൽ ആരും ഒന്നും എനിക്ക് പ്രശ്നമായിരുന്നില്ല.
"നിന്നെ ഇവിടെ വിട്ടേച്ചിനി ഞാനെങ്ങനെ തിരിച്ചു പോകും പെണ്ണെയെന്നു " കുസൃതിയോടെ ചോദിച്ചു എന്റെ നെറുകയിലവൻ ചുണ്ട് ചേർത്തു.
"ഇത്രക്ക് അസ്ഥിക്ക് പിടിച്ച സ്നേഹം ഒളിച്ചു വെച്ചേച്ചാണോ കൊച്ചേ ഈ കാട്ടി കൂട്ടിയതൊക്കെ" എന്നു ചോദിച്ചു റോയിച്ചായനും കളിയാക്കി. "പിടിവാശി വെച്ചു രണ്ടാളും രണ്ടു ജീവിതത്തിലേക്ക് പോയിരുന്നെങ്കിൽ... ഒന്നു ആലോചിച്ചു നോക്കിയേ... " ഇച്ചായൻ പറഞ്ഞപ്പോൾ കുറ്റബോധത്തോടെ മുഖം കുനിച്ചിരിക്കാനേ എനിക്കായുള്ളു.
"അല്ല ഇച്ചായാ എന്നതാണേലും പെണ്ണുകാണല് നടന്നാ പോലും അടുത്തമാസം ഇച്ചായൻ വരുന്നേനു മുന്നൊന്നും ഇവളെ ആരും കെട്ടിക്കൊണ്ടു പോകത്തില്ലായിരുന്നു... പിന്നെ എന്നാത്തിനായിരുന്നു ഈ ഓട്ടപാച്ചിൽ "
സില്ല ചോദിച്ചപ്പോൾ മറുപടി അറിയാനുള്ള കൗതുകത്തോടെ ഞാനുമാ മുഖത്തേക്ക് നോക്കി.
"ഒരു പെണ്ണിനെ വന്നു കണ്ടിഷ്ട്ടപ്പെടുമ്പോ തൊട്ടു ആണിന്റെ മനസ്സിൽ സ്വപ്‌നങ്ങൾ മുളപൊട്ടാൻ തുടങ്ങും... വിവാഹം ഉറപ്പിച്ച ശേഷം അല്ലെങ്കിൽ എൻഗേജ്മെന്റു കഴിഞ്ഞു/ കല്യാണപ്പന്തലിൽ നിന്നൊക്കെ വേറൊരാൾക്കൊപ്പം പോകുന്നത് സിനിമയിലും കഥയിലുമൊക്കെ കാണാനും വായിക്കാനുമൊക്കെ സുഖം കാണും , പക്ഷെ യഥാർത്ഥത്തിൽ അതു അനുഭവിക്കുന്നവന്റെ മാനസിക ബുദ്ധിമുട്ട് ... പ്രേമവും, തല്ലും, വഴക്കുമൊക്കെ നമ്മുടെ കാര്യം.. അതിനു മറ്റൊരാളെ ബലിയാടാക്കണോ... അതുകൊണ്ട് തന്നെയാ മോഹിപ്പിച്ചു ഒരാളെ വഞ്ചിക്കരുത് എന്നു കരുതി തന്നെയാ ഞാൻ ഓടിവന്നത് . എനിക്കറിയാമായിരുന്നു ഞാനൊന്ന് നേരിട്ടു സംസാരിച്ചാൽ തീരുന്ന വാശിയെ ഇവൾക്കുള്ളു എന്നു.. അതിനിടയിലേക്കു വേറൊരാളെ വലിച്ചിട്ടു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. "
"പിന്നെ എന്റെ പെണ്ണങ്ങനെ മറ്റൊരുത്തന്റെ മുന്നില് ഒരുങ്ങിക്കെട്ടി നിൽക്കുന്നത് എനിക്കിഷ്ടവല്ലാന്നു കരുതിക്കോ... അതിൽ എന്റെ സ്വാർത്ഥത കൂടി ഉണ്ടെന്നു വെച്ചോ... "
എബിയുടെ ഓരോവാക്കും പിടിവാശികൊണ്ടു മൂടിപ്പോയ എന്റെ മനസ്സിലേക്ക് കുത്തിത്തറക്കുകയായിരുന്നു.. ശേഷം വീട്ടിലേക്കു വിളിച്ചു സംസാരിച്ചപ്പോഴാണ് എബിയുടെ ഈ വരവ് ആത്മസ്നേഹിതന്മാരുടെ കൂടെ അറിവോടെയായിരുന്നു എന്നു മനസ്സിലായത്. എന്നതായാലും എല്ലാവരും ഹാപ്പി...
കളിയും ചിരിയും കഴിഞ്ഞു മനസ്സില്ലാ മനസ്സോടെയാണ് എന്നെ ഹോസ്റ്റലാക്കി എബി മടങ്ങിയത് എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല.
ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ മുഴുവൻ എബിയുടെ വാക്കുകളായിരുന്നു മനസ്സിൽ..
"നമ്മുടെ സ്വാർത്ഥതക്കു വേണ്ടി മറ്റൊരാളുടെ ഇമോഷൻസ് ഇട്ടു തട്ടി കളിക്കരുതെന്നൊരു വലിയ പാഠം ആയിരുന്നു എബി പകർന്നു തന്നത്... "
"നമ്മുടെ സ്വാർത്ഥതക്കു വേണ്ടി മറ്റൊരാളുടെ ഇമോഷൻസ് ഇട്ടു തട്ടി കളിക്കരുതെന്നൊരു വലിയ പാഠം ആയിരുന്നു എബി പകർന്നു തന്നത്... "
എല്ലാ ഈഗോയും വലിച്ചെറിഞ്ഞു ഒരുപാട് സ്വപ്നങ്ങളുമായി.. പ്രണയാർദ്രമായ മനസ്സുമായി ഞാൻ മുന്നോട്ടു നടന്നു "എബിയുടെ സ്വന്തം... അവന്റെ മാത്രം അമ്മുവായി.. "
രചന : Aswathy Joy Arakkal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക