-------
ഒരു പണിയും എടുക്കാതെ ഒരു ചൂരൽ തൂക്ക് കസേരയിൽ ഇരുന്ന് വട്ടം കറങ്ങി ഏതോ അറു തല്ലിപ്പൊളി ടി വി പ്രോഗ്രാം കണ്ടു കൊണ്ടിരിക്കെ ആണ് മോന്റെ സ്കൂൾ വാൻ ഓടിക്കുന്ന ഇക്ക വിളിച്ചത്...
സാധാരണ എന്തെങ്കിലും പ്രശ്നം പറഞ്ഞ് ഞാൻ ചോദ്യം ചെയ്തെങ്കിലോ എന്ന് കരുതി ആൾ ഒരിക്കലും വിളിക്കാറില്ല. ഇത്തവണ പക്ഷേ മോൻ സ്കൂളിൽ നിന്ന് വരണ്ട സമയം ആയതു കൊണ്ടും അതേ വണ്ടിയിൽ തന്നെ വരേണ്ടത് കൊണ്ടും അല്പം ആശങ്ക തോന്നിയ ഞാൻ പെട്ടെന്ന് ചാടി ഫോൺ എടുത്തു..
"രാജീവേട്ടൻ അല്ലേ..."
"അതെ. "
"അച്ചു..."
"അച്ചു????"
"അല്ല, ഒന്നൂല്ല... അച്ചു സ്കൂളിൽ നിന്ന് ഇറങ്ങി വരുമ്പോ ഒന്ന് വീണു."
"എവിടന്ന്?"
"വാൻ കിടക്കുന്ന സ്ഥലത്തേക്ക് വരും വഴി റോഡിൽ. കാലു തെറ്റി വീണതാ"
അത്രേയുള്ളോ എന്ന ആശ്വാസം മനസ്സിൽ തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു...
"പരിക്കുണ്ടോ"
"ഉണ്ട്. അതിലും കഷ്ടം അവന് ആകെ വിഷമമായീന്നാ... കരച്ചിലായിരുന്നു പാവം.."
ഇത്രേം കേട്ടപ്പോ എനിക്കും സങ്കടം തോന്നി... പെട്ടെന്ന് ഓടിച്ചെന്ന് അവനെ വീണ സ്ഥലത്ത് നിന്ന് വാരിയെടുത്ത് രണ്ടു കൈയിലും പിടിച്ച് ഒന്നാട്ടാനും നിലത്ത് കളിയായി ഒരടി കൊടുക്കാനും മുറിവിൽ തുടച്ചു കൊടുക്കാനും മണ്ണ് തട്ടിക്കളയാനും ഒക്കെ തോന്നി....
"നിങ്ങള് ഇപ്പൊ എവിടെ എത്തി?"
"ടൗൺ എത്താറായി.."
"എന്നാ ആ പാലത്തിന്റെ അവിടെ കാണാം... ഞാൻ ഇപ്പൊ ടൗണിൽ വരാം."
"ശരി ചേട്ടാ.. ഓക്കേ."
പുറത്തേക്ക് ഇറങ്ങാൻ നേരം അമ്മയോട് കാര്യം പറഞ്ഞു. അപ്പോഴാണ് അമ്മ മറ്റൊരു വിവരം കൂടി പറയുന്നത്. രാവിലെ വലത്തെ കവിളിൽ ആൾറെഡി മാങ്ങാച്ചുന കൊണ്ട് പൊള്ളി ഇവൻ അത് മാന്തിപ്പൊളിച്ച് ചെറിയ നീര് വന്നിട്ടുണ്ട്.
അത് കൂടി കേട്ടതോടെ എന്റെ വിഷമം ഇരട്ടിച്ചു.
വണ്ടി ദൂരെ നിന്ന് വരുന്ന കണ്ടപ്പോഴേ എന്റെ നെഞ്ചു പിടയ്ക്കാൻ തുടങ്ങി. ചെക്കൻ ആകെ വിഷമത്തിൽ ആ വണ്ടിയിൽ ഉണ്ട്. വീണിരിക്കുകയാണ്. എന്താ പരിക്ക് എന്ന് അറിയില്ല. കരച്ചിൽ ആണെങ്കിൽ അത് പരിഹരിക്കാൻ എന്ത് ചെയ്യാൻ പറ്റും? ഒരു ഐസ് ക്രീമോ മറ്റോ വാങ്ങാം.. അല്ലെങ്കിൽ പുറത്ത് നിന്ന് ഫുഡ് കഴിക്കാം... ആശുപത്രിയിൽ കൊണ്ടു പോകണോ ആവോ... മുറിവ് അധികം ഉണ്ടെങ്കിൽ ആകെ സങ്കടം ആകും. ടിടി ഇഞ്ചക്ഷൻ ഒക്കെ എടുക്കേണ്ടി വരും... ഇവനൊക്കെ മര്യാദയ്ക്ക് നടക്കാൻ മേലെ ഓടാതെ.. പോരാത്തതിന് മാങ്ങാച്ചുന കൊണ്ട് പൊള്ളിയ നീരും!
എന്നിങ്ങനെ പല വിധ ചിന്തകളിൽ എന്റെ മനസ്സ് പിടഞ്ഞു.
വാനിന്റെ ഡോർ തുറന്ന് ഇറങ്ങി വരുന്ന ചെക്കനെ കണ്ടപ്പോൾ പിടച്ചിൽ ഒരു നെഞ്ച് വേദനയിലേക്ക് മാറി. വലത്തെ കവിളിൽ ഒരു അരിനെല്ലിക്കയുടെ വലിപ്പത്തിൽ തൊലി പോയിട്ടുണ്ട്. ചുവന്ന നിറത്തിൽ തിണർത്ത് കിടക്കുന്നു... ഇടത്തെ പുരികത്തിനു മുകളിൽ നീളത്തിൽ തൊലി പോയി ചുവന്നു കിടക്കുന്നു. കണ്ണിനു താഴെയായി കവിളിന്റെ മുകളിൽ നല്ല വലുപ്പത്തിൽ റോഡിൽ ഉരഞ്ഞു പൊട്ടിയിരിക്കുന്നു. പിന്നെ ഇടതു ഭാഗം ചേർന്ന് മുഖത്ത് ധാരാളം പരിക്കുകൾ വേറെയും ഉണ്ട്. ഇവയെല്ലാം കൂടി ചേർന്ന് ഒരു ചെറിയ പന്ത് പോലെ ആയിട്ടുണ്ട് കവിളിന്റെ ഭാഗവും മറ്റും.
വാനിൽ നിന്ന് ചാടിയിറങ്ങിയപ്പോൾ ഒന്ന് മുടന്തുന്ന പോലെ കൂടി തോന്നിയപ്പോൾ എന്റെ നെഞ്ച് വേദന ഹൃദയാഘാതം പോലെ ആയി മാറി.
വാൻ വിട്ടു പോയ ശേഷം വണ്ടിയിൽ കയറ്റുന്നതിന് മുൻപായി ഞാൻ ചെക്കനെ ചേർത്ത് പിടിച്ചു. സങ്കടത്തോടെ ചോദിച്ചു..
"വേദന ഉണ്ടോടാ?"
ഒന്നും മിണ്ടാതെ അവൻ തല മുകളിലോട്ടും താഴോട്ടും പിന്നെ രണ്ടു വശങ്ങളിലേക്കും നിഷേധാർത്ഥത്തിൽ തലയാട്ടി.
"നീ കരഞ്ഞോ വീണപ്പോ?"
"കൂ..." എന്നൊരു ശബ്ദം മാത്രം...
ഇവൻ മിണ്ടാത്തിടത്തോളം വിഷമം സഹിക്കാൻ പറ്റാത്ത കാരണം ഞാൻ അവന്റെ ബാഗും കുടയും എല്ലാം വണ്ടിയുടെ പല ഭാഗങ്ങളിൽ ആയി സെറ്റ് ആക്കിയ ശേഷം അവനോട് സ്കൂട്ടറിന്റെ മുൻപിൽ കയറാൻ ആവശ്യപ്പെട്ടു.
ഒരക്ഷരം മിണ്ടാതെ വണ്ടിയിൽ കയറാൻ തുടങ്ങിയ അവനെ, ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാം എന്നും പിന്നെ ഏതെങ്കിലും ഒരു നല്ല ബേക്കറിയിൽ കൊണ്ട് പോയി ഒരു ഐസ് ക്രീം വാങ്ങിക്കൊടുക്കാം എന്നുമെല്ലാം ഞാൻ കണക്ക് കൂട്ടി.
പിന്നെ കൈ കൊണ്ട് മാങ്ങാച്ചുന വീണ ഭാഗത്ത് തടവിക്കൊണ്ട് അവനോട് പറഞ്ഞു...
"എന്നാലും നീ ഈ സമയത്ത് തന്നെ ഈ കവിളും മാന്തിപ്പൊട്ടിച്ചല്ലോടാ....അതല്ലേ ഇത്രേം നീരു വെച്ചത്"
പെട്ടെന്ന് പിടിച്ചു വെച്ച അണക്കെട്ട് പൊട്ടിയ പോലെ ലവൻ ചിരി തുടങ്ങി. നീര് വെച്ച വായിൽ നിന്ന് എന്തോ കനമുള്ള സാധനങ്ങൾ എന്റെ നേരെ ചീറ്റിത്തെറിച്ചു.. അമ്പരന്നു നിൽക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് തന്നെ അവൻ മൂന്ന് നാല് ചവ ചവച്ചു... പിന്നെ വായിൽ കിടന്ന എന്തോ പതുക്കെ ഇറക്കി.
അദ്ഭുതം! ആ നീര് ഇപ്പൊ കാണാനില്ല!
എന്റെ ഞെട്ടൽ മാറും മുൻപ് അതേ ചിരിയോടെ അവൻ പറഞ്ഞു...
"ഞാൻ ജോണിന്റെ സ്നാക് ബോക്സീന്ന് അവൻ തന്ന അരിയുണ്ട വിഴുങ്ങാൻ നോക്കീതാ... നീരൊന്നും അല്ല!"
------------Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക