അയാൾഗേറ്റ് കടന്നു പോകുന്നത് അനിത നോക്കിനിന്നു...
വലിയ ബാഗു തൂക്കി പോകുന്നത് അയാൾ പോകുന്നതു കണ്ടപ്പോൾ അവൾക്കു വിഷമം തോന്നി...
"കണ്ടോ ഏട്ടന്റെ പോക്ക്... ഇനി എത്ര നേരം ബസിലിരുന്നാലാ... അതും ആ ബാഗും തൂക്കി... " അവൾ ചുമരിൽ മാലയിട്ടിരിക്കുന്ന അവളുടെ ഗുരുവിനെ നോക്കി പരിഭവം പറഞ്ഞു...
സമാധിയായിട്ടും കയ്യിലിരുപ്പുകൊണ്ട് ആത്മാവിന് മോക്ഷം കിട്ടാതെ ചുമരിൽ പടമായിരിക്കുന്ന അനിതയുടെ ഗുരു ഓട്ടകണ്ണിട്ടു ദൂരെ നടന്നകലുന്ന അവളുടെ കെട്ടിയോന്റെ ബാഗ് സ്കാൻ ചെയ്തു....
കുറച്ചു തുണികളും സുഗന്ധദ്രവ്യ കുപ്പികളും മുഖം വെളുപ്പിക്കാനുള്ള ക്രീമുകളും ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു തമിഴത്തിയുടെയും കുറച്ചു സിനിമാനടിമാരുടെയും പടങ്ങളും പിന്നെ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു സിം കാർഡും...
"ഭാരമാണത്രെ ഭാരം "
മുന്നിൽ കണ്ണടച്ച് കുമ്പിട്ടു നിൽക്കുന്ന അനിതയെ നോക്കി ഗുരു പുച്ഛിച്ചു വീണ്ടും കണ്ണടച്ചു...
മുന്നിൽ കണ്ണടച്ച് കുമ്പിട്ടു നിൽക്കുന്ന അനിതയെ നോക്കി ഗുരു പുച്ഛിച്ചു വീണ്ടും കണ്ണടച്ചു...
ഒന്നു കൂടി ഗുരുവിനെ തൊട്ടു വണങ്ങി അനിത അടുക്കളയിലേക്കു പോയി...
അടുക്കളയിൽ ജോലിയെടുക്കുമ്പോഴും അവളുടെ മനസ്സ് മുഴുവൻ ഭർത്താവിനെ കുറിച്ചായിരുന്നു...
വെള്ളിയാഴ്ചകളിൽ ആലപ്പുഴയിൽ നിന്നും അവധിക്കു വരാറുള്ള ഭർത്താവ് നൽകിയ ഉമ്മകളും സ്നേഹവും ഓർത്തു അവൾ നെടുവീർപ്പിട്ടു.... ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ എന്നോർത്ത് അവളുടെ നെഞ്ചു നീറി....
"എന്റേട്ടനൊന്നും വരുത്തല്ലേ... അസുഖം വരതേ കാക്കണേ ന്റെ ഗുരുവേ.. " അനിത ഉറക്കെ പ്രാർത്ഥിച്ചു ... അടുക്കളയിൽ എവിടെ നിന്നോ അതു കേട്ടു ഒരു പല്ലി ചിലച്ചു...
തനിക്കു മോക്ഷം കിട്ടാത്തതിന്റെ പ്രധാനകാരണം ഈ നെഞ്ചത്തടിച്ചുള്ള പ്രാർത്ഥനയാണെന്ന് മനസ്സിലാക്കിയിരുന്ന ഗുരു അതു കേട്ട ഭാവം നടിച്ചില്ല.......
പുറത്തു ബെല്ലടി കേട്ടു അനിത വാതിൽ തുറന്നു... മീന്കാരനാണ്...
"മീൻ വേണ്ട അസനാരെ... ഏട്ടനില്ലാതെ മീൻ ഇറങ്ങില്ല... "
അനിത വാതിലടക്കാൻ ഒരുങ്ങി...
"ചേച്ചി നല്ല ഒന്നാന്തരം അയലയാണ്... ചേച്ചിയെ പോലെ പിടയ്ക്കുന്നതു.. " അയാൾ ഒരു കുറുക്കന്റെ ചിരിയോടെ പറഞ്ഞു...
അനിത അതിനു മറുപടി പറയാതെ വാതിലടച്ചു.....
"ന്റെ ഗുരുവേ പോണവഴി അവന്റെ മീനെല്ലാം ചീഞ്ഞു നാറി ആരും മേടിക്കാതെ പോണേ "... അവൾ ഗുരുവിന്റെ മുൻപിൽ തൊഴുതു...
അസനാരുടെ കുളിരുള്ള വാക്കുകേട്ട് കണ്ണു പയ്യെ തുറന്നിരുന്ന ഗുരു ഈ അഭ്യർത്ഥന കേട്ടു വീണ്ടും കണ്ണു ഇറുക്കിയടച്ചു...
ഉച്ചക്കുള്ള സീരിയലിൽ ഭർത്താവ് ഭാര്യയുടെ തുണിയലക്കുന്നതു കണ്ട അനിത വീണ്ടും കെട്ടിയോന്റെ ഓർമകളിൽ തളർന്നു...
അവൾ ക്ലോക്കിൽ നോക്കി... സമയം നാലുമണിയോടടുക്കുന്നു...
ഏട്ടൻ ഇപ്പൊ ആലപ്പുഴയിൽ എത്തിയിട്ടുണ്ടാവും.....
യാത്രാ ക്ഷീണം കൊണ്ടാവും വിളിക്കാത്തത്... !
യാത്രാ ക്ഷീണം കൊണ്ടാവും വിളിക്കാത്തത്... !
അവൾ തന്റെ അരികിൽ കിടന്ന മൊബൈലിനെ നോക്കി... ഒരു അനക്കവുമില്ല...
അങ്ങോട്ടൊന്നു വിളിച്ചാലോ...? അവൾ മൊബൈൽകയ്യിലെടുത്തു....
ചിലപ്പോൾ ഏട്ടൻ ഉറക്കത്തിലാണെങ്കിലോ... പാവം... വേണ്ട ഉണർത്താണ്ട...
അവൾ മൊബൈൽ താഴെ വച്ചു....
എന്തെങ്കിലും കഴിച്ചു കാണുമോ എന്തോ...?.... അവൾ വേവലാതിയോടെ ഗുരുവിനെ നോക്കി...
"ന്റെ ഗുരുവേ....കൊടുത്തു വിട്ട പൊതിച്ചോറിൽ വച്ച അവിയൽ പുലർച്ചെ ഉണ്ടാക്കിയത് കൊണ്ടു കേടായോ ആവോ... ഒരു സമാധാനവുമില്ല... ന്റെ ഏട്ടനെ രക്ഷിക്കണേ.. ".. അവൾ മൂന്നു പ്രാവശ്യം കുനിഞ്ഞു വണങ്ങി...
അവിടെ ആലപ്പുഴയിൽ വാടകവീട്ടിൽ ഉണക്കമീനും ചോറും സാമ്പാറും കൂട്ടി കുഴച്ചുരുട്ടുന്ന അവളുടെ കെട്ടിയോനെയും അതു വിളമ്പി കൊടുത്ത മഞ്ഞള് തേച്ച തമിഴത്തിയെയും കണ്ടു ഗുരു കണ്ണു മലക്കെ തുറന്നു.. .
അനിത കൊടുത്തുവിട്ട പൊതിച്ചോറ് മീനില്ലാത്തതു കൊണ്ടു പട്ടി പോലും തിന്നാതെ വഴിയരികിൽ കിടക്കുന്നതു കണ്ടു ഗുരുവിനു ചിരി പൊട്ടി...
ഗുരുവിന്റെ ഒച്ച തടഞ്ഞു വച്ചിരിക്കുന്നത് കൊണ്ട് അനിത ആ ചിരി കേട്ടില്ല.....
രാത്രി ഉറങ്ങാൻ കിടന്നപ്പോഴാണ് അനിതയ്ക്കു ഭർത്താവിന്റെ ഫോൺവിളി വന്നത്... അയാൾ ആലപ്പുഴയിൽ സുഖമായി എത്തിയെന്നും രാത്രി അനിതയുടെ ഓർമയിൽ ഉറക്കം വരുന്നില്ലെന്നും പറഞ്ഞതു കേട്ടു അനിത നിശബ്ദം കരഞ്ഞു...
ചുമരിൽ ഉറങ്ങാൻ തുടങ്ങിയ ഗുരുവിനെ നോക്കി അവൾ കണ്ണുതുടച്ചു......
രണ്ടു ദിവസം കഴിഞ്ഞു ഒരു രാവിലെ എഴുന്നേറ്റ് കുളിച്ചു കുറി തൊട്ടു ഗുരുനാമം ചൊല്ലിക്കൊണ്ടിരുന്നപ്പോഴാണ് വാതിക്കൽ ബെല്ല് കേട്ടത്...
അനിതയുടെ നാമം ചൊല്ലലിൽ അസ്വസ്ഥതപെട്ടിരുന്ന ഗുരു ആ ഒച്ച കേട്ടു ആശ്വസിച്ചു...
അനിത വാതിൽ തുറന്നപ്പോൾ മഹേഷാണ്... മഹേഷ് അനിതയുടെ ഭർത്താവിന്റെ സുഹൃത്താണ്...
മഹേഷിന്റെ ഇടയ്ക്കുള്ള വരവ് അനിതയ്ക്കു ഒരു ആശ്വാസവും ഗുരുവിനു മോക്ഷം കിട്ടാനുള്ള ഒരു പ്രതീക്ഷയുമാണ്...
"അനില് പോയല്ലേ... വരാൻ പറ്റിയില്ല.. തിരക്കിട്ടു ഒരിടം വരെ പോകാനുണ്ടായിരുന്നു ".. അതുപറഞ്ഞു അനിൽ അനിതയെ ഒന്നുരുമി അകത്തേക്ക് കടന്നു...
അവൻ പറയുന്നത് കള്ളമാണെങ്കിലും ഗുരു അവന്റെ വരവിൽ സന്തോഷവാനായിരുന്നു... മഹേഷിന്റെ വരവുകൾ ഗുരുവിനു പ്രതീക്ഷകൾ നൽകുന്നതായിരുന്നു.....
മഹേഷിനെ ഇരുത്തി അനിത അടുക്കളയിൽ ചായ എടുക്കാനായി പോയി... അവളുടെ നടത്തത്തിനിടയിൽ അവളുടെ ശരീരത്തിൽ നിന്നും വരുന്ന ഭസ്മത്തിന്റെ സുഗന്ധം അയാൾ ആസ്വദിച്ചു...
"കണ്ണിൽ മരുന്നൊഴിക്കുന്നുണ്ടോ ഇപ്പൊ " ചായ ആറിച്ചു കൊണ്ടിരുന്ന അനിത ആ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി...
മഹേഷിന്റെ ശ്വാസം തന്റെ തോളിൽ തട്ടുന്നതു അവൾ അറിഞ്ഞു...
പടമായിരുന്ന ഗുരു ഇതു കണ്ടു കഴുത്തിലെ മാലയിൽ മുറുക്കി പിടിച്ചു...
"ഇപ്പൊ മരുന്നില്ല... "... അതു പറയുമ്പോൾ അവളുടെ ഒച്ച പതറിയിരുന്നു...
രണ്ടാഴ്ച മുന്നേ ഒരു കോല് കൊണ്ടു മുറിഞ്ഞ കണ്ണു ഡോക്ടറെ കാണിക്കാനും മരുന്ന് മേടിക്കാനും കൂടെ വന്നത് അന്ന് മഹേഷാണ്.....
രണ്ടാഴ്ച മുന്നേ ഒരു കോല് കൊണ്ടു മുറിഞ്ഞ കണ്ണു ഡോക്ടറെ കാണിക്കാനും മരുന്ന് മേടിക്കാനും കൂടെ വന്നത് അന്ന് മഹേഷാണ്.....
പലപ്പോഴും വീട്ടിൽ വരുമ്പോഴുള്ള മഹേഷിന്റെ പെരുമാറ്റം അവളെ അസ്വസ്ഥതപെടുത്തിയിട്ടുണ്ട്..
പക്ഷെ അതിനേക്കാൾ കൂടുതലുള്ള അവന്റെ തന്റെ മേലുള്ള അന്വേഷണം അവളെ സന്തോഷിപ്പിച്ചിട്ടുമുണ്ട്...
പക്ഷെ അതിനേക്കാൾ കൂടുതലുള്ള അവന്റെ തന്റെ മേലുള്ള അന്വേഷണം അവളെ സന്തോഷിപ്പിച്ചിട്ടുമുണ്ട്...
"എവിടെ നോക്കട്ടെ.. " അയാൾ അവളോട് ചേർന്നു നിന്നു അവളുടെ കണ്ണിൽ തൊട്ടു... അതോടൊപ്പം അയാളുടെ മുഖം അവളുടെ കവിളിൽ ഉരസുന്നതും അവൾ അറിഞ്ഞു... ........... ആ സമയം അറിയാതെ മഹേഷിന്റെ കാലിന്റെ ചവിട്ടേറ്റ് ഒരു പല്ലി ചതഞ്ഞരഞ്ഞു...
ഉച്ചകഴിഞ്ഞു മഹേഷ് തിരികെ പോകുന്നത് ഗുരു അറിഞ്ഞില്ല...അയാളെ യാത്രയാക്കി വാതിലടച്ചു തിരികെ വന്ന അനിതയുടെ നോട്ടം കണ്ടതുമില്ല .......
ആ സമയം അവിടെ അന്ന് മോക്ഷം കിട്ടിയവരുടെ പട്ടികയിൽ പെട്ട ഗുരു തന്റെ കൂടെ വന്ന പല്ലിയുമായി കുശലന്വേഷണത്തിലായിരുന്നു....
Chithra
നല്ല കഥ. ഗുരുവിന്റെ ആത്മാവിലൂടെ സത്യം വെളിപ്പെടുത്തിയത് രസകരമായി.
ReplyDelete