Slider

ചാ..ച്ചാ..ചൂ..ച്ചൂ.. ഹ്ഹ്... റൂ

0
Image may contain: Jolly Chakramakkil, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം ഒരു ദിവസം ക്ലാസ്സിൽ ഹെഡ്മിസ്ട്രസ്സ് വന്നു ഇങ്ങനെ പറഞ്ഞു
അടുത്തയാഴ്ച , അതായത് ഈ വരുന്ന നവംബർ 14 ന്
ശിശുദിനം കൊണ്ടാടുകയാണ് അന്നേദിവസം എല്ലാ കുട്ടികളും വെളുത്ത ഷർട്ടും വെളുത്ത ട്രൗസറും ഇട്ടു വരണം .
അസംബ്ലി കഴിഞ്ഞാൽ കലാപരിപാടികളും
ശേഷം പായസ വിതരണവും ഉണ്ടായിരിക്കും
കലാപരിപാടികളിൽ പങ്കെടുക്കേണ്ടവർ അവരവരുടെ പേരുകൾ ക്ലാസ്സ് ടീച്ചറെ ഏൽപ്പിക്കേണ്ടതാണ്
ഇതു കേട്ടപ്പോൾ ഏതൊരു കുട്ടിയിലും എന്ന പോലെ എന്നിലും ഒരു പരിപാടി അവതരിപ്പിക്കാനുള്ള മോഹം പുറംതോട് പൊട്ടിച്ച് വെളിയിൽ കറങ്ങി നടക്കാൻ തുടങ്ങി .കറങ്ങി കറങ്ങി തലചുറ്റി വീഴും മുമ്പേ ഞാൻ എൻറെ മോഹം അതേ സ്കൂളിലെ നഴ്സറി ടീച്ചറായ അമ്മയോട് പങ്കുവച്ചു.
"എസ് അമ്പിളി കഴിഞ്ഞാൽ
ശിശുദിനത്തിന് കലാപരിപാടികളുണ്ട്
എനിക്കും പേര് കൊടുക്കണം
" എസ് അമ്പിളിയോ ..?!
അസംബ്ലിയാണ്
നീ .എന്ത് പരിപാടി അവതരിപ്പിക്കാനാണ് …?
" ഞാൻ പതിനാലാം രാവുദിച്ചത് പാടി കൊള്ളാം.. !
വേണ്ട ... വേണ്ട ..എന്തിനാ പരിപാടി പിരിച്ചുവിടാനാണോ , പെറ്റതള്ള പോലും സഹിക്കില്ല …! നിന്റെ ഒരു പാട്ട് .
എന്നാ ഓട്ടംതുള്ളൽ ….!
അതൊന്നും വേണ്ട ശിശുദിനത്തെ പറ്റി ഒരു പ്രസംഗം പറഞ്ഞോ…
എന്നാൽ ഈ വക ചീള് കേസ് അമ്മ തന്നെ എഴുതി തരൂ …
100 പേജിൻറെ വരയിട്ട പുസ്തകത്തിൽനിന്നും ഒരു ഏട് കീറിയെടുത്ത് അമ്മ തന്നെ എഴുതി.
തലക്കെട്ട് ശിശുദിനം
താഴെ,
മാന്യ സദസ്സിന് വന്ദനം .
നമ്മുടെ പ്രിയങ്കരനായ ചാച്ചാ നെഹ്റുവിൻറെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്…
ചാച്ചാ നെഹ്റുവിന് കുട്ടികളും റോസാപ്പൂക്കളും വളരെ ഇഷ്ടമായിരുന്നു …
അങ്ങനെ ഇരുപുറവുമായി ഒരു പ്രസംഗം തയ്യാറായി അടുത്ത ദിവസങ്ങളിൽ അമ്മയുടെ വക തന്നെ പരിശീലനവും .
"മാന്യ സദസ്സിന് :എന്ന് പറയുമ്പോൾ രണ്ടു കൈകളും മലർത്തി പിടിക്കുകയും
വന്ദനം എന്നുപറയുമ്പോൾ കൈകൂപ്പി നെഞ്ചോടു ചേർക്കുകയും വേണം പിന്നെ ഇത്യാദി പല ആംഗ്യങ്ങളും പഠിപ്പിച്ചെടുത്തു .
പരിശീലന കാലത്ത് ആംഗ്യത്തിലും
വാച്യത്തിലും പ്രാഗൽഭ്യം തെളിയിച്ച്
ഞാനും നെഞ്ചു വിരിച്ചു നിന്നു .
പതിനാലാം തിയ്യതി പകൽ
ദേഹമെല്ലാം ചകിരി കൂട്ടി ഉരച്ചു കഴുകി വൃത്തിയാക്കി ആദ്യ കുർബാനയുടെ അന്ന് മാത്രം ധരിച്ച് അലമാരയിൽ പാറ്റഗുളികയോടൊപ്പം വിശ്രമിക്കുന്ന
വെളുത്ത ട്രൗസറും ഷർട്ടും
ഇടീച്ച്. നഴ്സറി ക്ലാസിലേക്ക് അമ്മയെന്നെ കൂട്ടിക്കൊണ്ടുപോയി അവിടെയാണ് എല്ലാവരുടെയും മേക്കപ്പ് റൂം . അവിടെന്ന്
കുട്ടിക്കൂറ പൗഡർ ആവോളം മുഖത്ത് വാരി പൊത്തി കണ്മഷി എടുത്ത് അത് കണ്ണുകളിൽ പുരട്ടി പൊതുവേ ചുരുണ്ടു കിടക്കുന്ന മുടി എണ്ണ വീഴ്ത്തി വലിച്ച്ചീകി നേരെയാക്കി ഒരു റോസാ പൂ ഷർട്ടിന്റെ പോക്കറ്റിൽ തുന്നി പിടിപ്പിച്ചു .അമ്മ നിവർന്നപ്പോഴാണ് രാധ ടീച്ചർ ആ വഴിക്ക് വന്നത് അവർ തന്റെ വാനിറ്റി ബാഗ് തുറന്നു ചുവന്ന ലിപ്സ്റ്റിക് എടുത്തെന്റെ ചുണ്ടിൽ അണിയിച്ച് ഇങ്ങനെ പറഞ്ഞു
" നന്നായി പറയണം ട്ടാ ..!
ചോദിക്കാനുണ്ടോ എന്നമട്ടിൽ തലകുലുക്കി ഞാനും നിന്നു .
നാലായി മടക്കിയ പ്രസംഗത്താൾ എൻറെ കയ്യിൽ തന്ന് അമ്മ പറഞ്ഞു
എന്തെങ്കിലും സംശയം വരുകയാണെങ്കിൽ ഇത് എടുത്തു നോക്കി വായിച്ചാൽ മതി ഒരു നാരങ്ങാ മിട്ടായി എടുത്ത് കയ്യിൽ വച്ചു തന്നിട്ട് പറഞ്ഞു പേടിക്കുകയൊന്നും വേണ്ട
സ്റ്റേജിന്റെ സൈഡിൽ ഞാനുണ്ടാവും.
എന്നും പറഞ്ഞ് പതിയെ വിക്ഷേപണത്തറയിലേയ്ക്ക് കൊണ്ടുപോയി
പ്രാർത്ഥനാ ഗാനവും ഒന്നു രണ്ടു കലാപരിപാടികളും കഴിഞ്ഞശേഷം എൻറെ പേര് വിളിക്കുകയുണ്ടായി നാലായി മടക്കിയ താള് പോക്കറ്റിൽ തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തി ഉറച്ച കാലുകളോടെ മൈക്കിനു മുന്നിലേക്ക്
" മാന്യ സദസ്സിന് വന്ദനം "
പരിശീലിച്ചതിന്റെ ഇരട്ടി സ്പീഡിൽ ആദ്യവാചകം വലിച്ചെറിഞ്ഞു.
മുന്നിലെ ആൾക്കൂട്ടം ചെറുതായിട്ട് ഒന്ന് മങ്ങിയ പോലെ .
നമ്മുടെ പ്രി ... പ്രി ... ചാ...ച്ചാ ... ചു ...ച്ചൂ
ഹ് ഹ് റ് റു …
പല അക്ഷരങ്ങളും അണ്ണാക്കിലെ വെള്ളത്തോടൊപ്പം ആവിയായി പോവുകയാണ്.
ഇഡ്ഡലിയ്ക്ക് മാവ് അരച്ചത് പോലെ അത്രയും
നൈസായി അരച്ച വാചകങ്ങളാണ്
മണിപ്പുട്ടിന് കുഴച്ച പൊടിയുടെ കണക്ക്
കട്ട കട്ടയായി ഒറ്റയ്ക്കും തെറ്റയ്ക്കും തെറിച്ചു വരുന്നത്.
ചുവന്ന പാന്റും കള്ളിഷർട്ടും തൊപ്പിയും മുട്ടുകാലിൽ സിംബൽ വച്ചുകെട്ടി,
കഴുത്തിൽ തൂക്കിയ ഡ്രമ്മിൽ കോലും വച്ച്
കീ കൊടുത്താൽ മുട്ടുകാലുകൊണ്ട് സിംബലും കൈകൊണ്ട് ഡ്രമ്മും അടിക്കുന്ന
ഒരു ജോക്കർ പാവയുണ്ടായിരുന്നു
സിംബൽ വച്ചുകെട്ടിയാൽ എൻറെയും അവസ്ഥ ഇപ്പോൾ അതാണ്
ഹൃദയം നല്ല ശക്തിയിൽ അടിക്കുന്നതുകൊണ്ട് ഡ്രമ്മിന്റെ ആവശ്യമില്ല
പീച്ചി ഡാമിൽ ഷട്ടർ തുറക്കുന്നത് കാണാൻ പോയത് ഒരു ഓർമ്മയായി വേട്ടയാടാൻ തുടങ്ങി.
തിരിഞ്ഞു നോക്കുമ്പോൾ അമ്മ കൈകൊണ്ട് ആക്ഷ്ൻ കാണിക്കുന്നുണ്ട് "പോക്കറ്റിൽ കയ്യിട് .!!!
വിറകരങ്ങളോടെ പോക്കറ്റിൽ കയ്യിട്ട് താൾ പുറത്തെടുക്കുമ്പോൾ
അറിയാതെ നാരങ്ങാ മിട്ടായി നിലത്തുവീണു
പ്രസംഗം പോയതിൽ വിഷമമില്ലായിരുന്നു
നാരങ്ങാ മിട്ടായി താഴെ വീണത്
സഹിക്കാവുന്നതിലുമപ്പുറമായിരുന്നു
അണപൊട്ടി ഒഴുകിയ കണ്ണീരോടെ താൾ അവിടെ ഉപേക്ഷിച്ച് അണിയറയിലേക്ക് ഓടിയൊളിച്ചു..
….മാന്യവായനക്കാർക്ക് വന്ദനം
ഏവർക്കും ശിശുദിനാശംസകൾ .!!
#
" അതെ .! ഇന്ന് എന്താ ദിവസം എന്നറിയോ..?
"ജി " യാണ് വാമഭാഗം
" ശിശുദിനം …
" ഓ …. ശിശു ന്റെ മാത്രമല്ല
എന്റേം കൂടി ദിനമാണ്. :
" ങ്ങാഹാ .. ജീ ... ഹാപ്പി ... ബർത്ത് ഡെ …!
" ഓ ... കാപ്പി ... വറുത്ത ഡെ ..!
ഒരു നുള്ളു സ്വർണ്ണം
പുതുതായി വാങ്ങിത്തരാൻ ഒന്നും പറഞ്ഞിട്ടില്ല ...ആ പണയം വെച്ചത് ഒന്ന് എടുത്ത് തന്നാൽ കണ്ടിട്ടു തിരിച്ചു തരാമായിരുന്നു…!!
" ഇതാണ് ഞാൻ എല്ലാ നവംമ്പർ 14 - ഉം
പേടിക്കാൻ കാരണം .
"ഒരു നാരങ്ങാ മിട്ടായി കിട്ടിയിരുന്നെങ്കിൽ ..!!!
2019 - 11 - 14
ജോളി ചക്രമാക്കിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo