Slider

സ്മൃതിപഥങ്ങളിലൂടെ.

0
Image may contain: 1 person, eyeglasses
(പ്രിയ നല്ലെഴുത്ത് സുഹൃത്തുക്കളെ... ഏറെ നാൾക്കു ശേഷം ഒരു ചെറിയ കുറിപ്പ് ഇവിടെ ചേർക്കുന്നു.)
നാലാം ക്ലാസ്സുവരെ പഠിച്ചത് ചേച്ചമ്മ പ്രധാനദ്ധ്യാപകയായിരുന്ന മുക്കാട്ടുകര ഗവണ്മെന്റ് എൽ.പി സ്കൂളിൽ.അഞ്ചാo ക്ലാസ്സുമുതൽ, കുഞ്ഞ്യേച്ചിയും ഓപ്പയും പഠിച്ചിരുന്ന മണ്ണുത്തി വി.വി.എസ്. എച്ച്. എസ്സിൽ.
ചേച്ചമ്മയുടെ വലിയ മോഹമായിരുന്നു ഞാൻ സംസ്കൃതം പഠിച്ചു കാണണമെന്ന്, എനിക്കാണെങ്കിൽ മലയാളഭാഷയോട് വല്ലാത്തൊരു കമ്പവും.
മലയാളം പഠിക്കണം, നിറയെ കവിതകൾ വായിക്കണം, കവിതകളെഴുതണം, കവിതകൾ ചൊല്ലണം, കഥകളെഴുതണം എന്നൊക്കെയുള്ള മോഹങ്ങൾ അന്നു മുതലേ ഉണ്ടായിരുന്നു.
അവസാനം ചേച്ചമ്മയുടെ സങ്കടം കണ്ടപ്പോൾ സംസ്‌കൃതം തന്നെ പഠിക്കാമെന്ന്, മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.പിന്നെ പത്താംക്ലാസ്സ് വരെ സംസ്കൃതം തന്നെ ( മലയാളം 2nd ഉണ്ടായിരുന്നു ട്ടോ). ആ ഭാഷ ഭംഗിയൊക്കെ ഉണ്ടെങ്കിലും അതുമായി പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടായിരുന്നു.
സ്കൂൾ ലൈബ്രറിയിൽ നിന്നും മലയാള കവിതകൾ എടുത്ത് വായിക്കുമായിരുന്നു.പല കവിതകളും പല വൃത്തങ്ങളിൽ ചൊല്ലി ചേച്ചമ്മയെ കേൾപ്പിക്കുo. കഥയെഴുതൽ, കവിതയെഴുതൽ, ഉപന്യാസമെഴുതൽ എന്നിങ്ങനെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുo.മലയാള ഭാഷയോട് അത്രമാത്രം ഇഷ്ടമായിരുന്നു.
പത്താം ക്ലാസ്സിൽ സംസ്കൃതത്തിൽ തരക്കേടില്ലാത്ത മാർക്കോടെ പാസ്സായി.
പ്രശ്നങ്ങൾ അവിടം കൊണ്ടവസാനിക്കുന്നില്ല.
കോളേജിൽ ചേർന്നപ്പോൾ, സ്കൂൾ തലത്തിൽ മലയാളം പഠിക്കാത്തതു കൊണ്ട്, കോളേജിലും മലയാളം പഠിക്കാൻ സാധിക്കില്ല. വീണ്ടും സംസ്‌കൃതം തന്നെ പഠിക്കേണ്ടി വന്നു.
ഡിഗ്രി കഴിഞ്ഞു കലാലയത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഒട്ടും പ്രതീക്ഷിച്ചതല്ല വിദ്യാഭ്യാസം അവിടം കൊണ്ടു അവസാനിക്കുമെന്ന്.
ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു..,തുടർന്നു പഠിക്കണം, പഠിച്ച് പാസ്സായി, നല്ലൊരു ജോലി നേടി, ആദ്യ ശമ്പളം ചേച്ചമ്മയുടെ കൈകളിൽ വെച്ചു കൊടുക്കണo എന്നൊക്കെ..!
പക്ഷെ അമ്മ പറയും,
"കോളേജിലൊക്കെ വിട്ട് പഠിപ്പിക്കുന്നത് വലിയ ജോലി കിട്ടാനൊന്നുമല്ല ,ചെറുക്കന്റെ വീട്ടുകാർ തിരക്കിയാൽ, എന്റെ മോളാരു ബിഎക്കാരിയാ എന്ന് പറയാമല്ലോ!"
അങ്ങിനെ ജോലിയെന്ന മോഹവും ഉപേക്ഷിക്കേണ്ടി വന്നു. കല്യാണം കഴിഞ്ഞ് നേരെ പോയത് വടക്കു കിഴക്കൻ സംസ്ഥാനമായ ആസ്സാമിലെ ഗൗഹത്തിയിലേയ്ക്ക്..! അവിടെയും മലയാള ഭാഷയുടെ ആവശ്യം വളരെ കുറവ്.
തുടക്കത്തിൽ മുറി ഇംഗ്ലീഷും, ഹിന്ദിയുമായി കാര്യങ്ങൾ ഒപ്പിച്ചെടുത്തു. പല അന്യഭാഷക്കാരുടെ ഇടയിൽ താമസിക്കുമ്പോൾ ഒരു മലയാളിയെ കണ്ടുമുട്ടിയാൽ എന്തു സന്തോഷമാണെന്നോ..! ഹിന്ദിയും ഇംഗ്ലീഷിനോടുമെല്ലാം പോയ് പണി നോക്കാൻ പറഞ്ഞ്, നല്ല രണ്ടു തൃശ്ശൂര് ഭാഷ സംസാരിച്ചാലേ സമാധാനമാകൂ. ഒരു മലയാളം പത്രം പോലും വായിക്കാൻ കിട്ടാറില്ല. എല്ലാം ഇംഗ്ലീഷ് മയം! വീട്ടിനു പുറത്തിറങ്ങിയാലും ഇംഗ്ലീഷ് തന്നെ.
പിന്നെ, മെല്ലെ അവിടുത്തെ ഭാഷയായ ആസ്സാമിസ് സംസാരിക്കാൻ പഠിച്ചു.പുറം നാട്ടിൽ ജീവിക്കണമെങ്കിൽ മലയാളം കൊണ്ടുമാത്രം ആകില്ലെന്ന് മനസ്സിലായി. പോകപ്പോകെ, ഹിന്ദിയും ഇംഗ്ലീഷും ആസ്സാമിസ്സും നല്ലവണ്ണം സംസാരിക്കാമെന്നായി.മലയാള കവിതകളും കഥകളും വായിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നെന്ന കാര്യം പാടെ മറന്നു പോയി.
മാസത്തിലൊരിക്കൽ നാട്ടിൽ നിന്നും വരുന്ന ചേച്ചമ്മയുടെ കത്തിലൂടെ മാത്രമാണ് മലയാള ഭാഷയുടെ സുഖം അനുഭവിച്ചിരുന്നത്.
മാസത്തിലൊരിക്കൽ, Greater Guwahati Kerala Samajam സംഘടിപ്പിച്ചിരുന്ന മലയാളം സിനിമയായിരുന്നു ഏക ആശ്വാസം. അതൊരു ഞായറാഴ്ചയായിരിക്കും.ഗൗഹത്തിയുടെ പല ഭാഗങ്ങളിൽ നിന്നുമുള്ള മലയാളികൾ അന്നവിടെ ഒത്തുകൂടും. മിലിട്ടറി ക്വാർട്ടേഴ്സ്, എയർ ഫോഴ്സ് ക്വാർട്ടേഴ്സ്, സി ആർ പി എഫ് ക്യാമ്പ്, ഒ എൻ ജി സി എന്നിവിടങ്ങളിലുള്ള മലയാളികളെല്ലാം ഉണ്ടാകും. സിനിമ കാണുന്നതിനേക്കാൾ താല്പര്യം എല്ലാവർക്കും തമ്മിൽ തമ്മിൽ പരിചയപ്പെടാനും, അവർക്കിടയിൽ സ്വന്തം നാട്ടുകാർ ആരെങ്കിലുമുണ്ടോ എന്നറിയാനുമായിരിക്കും. അത്തരത്തിലുള്ള ഒരു ഞായറാഴ്ച ഒരു ഉത്സവം തന്നെയായിരിക്കും.
ഇപ്പോൾ ഗൗഹത്തിയിൽ ഏറെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.ഏറെക്കുറെ മലയാളികൾ അവിടെത്തന്നെ settle ആയി. നമ്മുടെ നേന്ത്രവാഴ, കപ്പ, കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക എന്നിവയെല്ലാം അവിടെ കൃഷി ചെയ്ത്, ഗൗഹത്തിയെ ഒരു കൊച്ചു കേരളമാക്കി മാറ്റിയിട്ടുണ്ട്.
ഒരു കുടുംബ ജീവിതത്തിന്റെ ഭദ്രതയ്ക്ക് ,ഒരു കുടുംബിനിയായപ്പോൾ ,എഴുത്തിനേയും വായനയേയും ഏറെ ദൂരം പിന്നിലാക്കി മുന്നോട്ടുള്ള യാത്ര തുടരേണ്ടി വന്നു( സഹയാത്രികൻ എഴുത്തിനും വായനക്കും അത്രക്കൊന്നും പ്രാധാന്യം കൊടുക്കാത്ത ഒരാളായിരുന്നു). ഒട്ടും പരാതികളില്ലാത്ത ഒരു ജീവിതയാത്ര.
മകൾ സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ഞാനും ഒരു സ്കൂളിൽ join ചെയ്തു. മകൾക്ക് വേണ്ടി regional ഭാഷയായ ആസ്സാമിസ് എഴുതാനും വായിക്കാനും പഠിച്ചു.
നീണ്ട 12 വർഷങ്ങൾക്കു ശേഷം അടുത്ത താവളം ചൈന്നൈ ആയി. അന്ന് മകൾ ആറാം ക്ലാസ്സിലും മകൻ L. K. Gയിലും. അവിടെയും മക്കൾക്ക് regional ഭാഷ പഠിക്കണം. മകൾ തമിഴിനു പകരം 2nd language സംസ്കൃതം എടുത്തു.അങ്ങിനെ ഞാൻ പണ്ട് പഠിച്ച സംസ്കൃതം ഉപകാരപ്രദമായി.മകന് വേണ്ടി തമിഴ് എഴുതാനും വായിക്കാനും പഠിച്ചു. പുത്തൻ ഭാഷകൾ പഠിച്ചെടുത്തപ്പോൾ അഭിമാനം തോന്നി.., പക്ഷെ, സ്വന്തം മാതൃഭാഷയായ മലയാളത്തിൽ നിന്നും ദൂരം കൂടുകയായിരുന്നു.
ഒന്നുറപ്പാണ്......, സ്ത്രീയ്ക്ക് ചെയ്യാനാകാത്ത കാര്യങ്ങളൊന്നും തന്നെയില്ല..! Knitting, Stitching പഠിച്ചെടുത്തു, മക്കൾക്ക് സ്വറ്ററും, കുഞ്ഞി ഉടുപ്പുകളും തയ്ച്ചു. അതൊക്കെ അവർ അണിഞ്ഞു കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകുന്നതല്ലായിരുന്നു. പുഴയും മലയും കിളികളും കാട്ടാറുകളും വരച്ച് fabric paint ചെയ്ത് വീടിനെ അലങ്കരിച്ചു.
പാചകകലയിലും ഒട്ടും പിന്നിലായിരുന്നില്ല. അമ്മ പറഞ്ഞു തന്നിട്ടുള്ള വിഭവങ്ങൾക്കു തന്റേതായ ഒരു twist ഒക്കെ കൊടുത്ത് സ്വന്തമായ ചാചക പരീക്ഷണങ്ങളും വിജയം കണ്ടു.പക്ഷെ, ഒന്നു മാത്രം മറന്നു..., ഞാനെന്ന വ്യക്തിയുടെ ഉള്ളിന്റെയുള്ളിൽ സൂക്ഷിച്ചിരുന്ന കൊച്ചു കൊച്ചു സ്വകാര്യ ഇഷ്ടങ്ങൾ...! അങ്ങിനെയൊന്ന് ഉണ്ടായിരുന്നോ എന്നു പോലും സംശയിക്കുന്നു.
മക്കൾക്കു വേണ്ടി ജീവിക്കുക, മക്കളുടെ സന്തോഷങ്ങളിൽ സന്തോഷിക്കുക. ആ ഒഴുക്കിൽ മനസ്സിന്റെ ഉള്ളറകളിൽ സൂക്ഷിച്ചിരുന്ന കഥയും കവിതയും എല്ലാ ഒഴുകിപ്പോയതറിഞ്ഞില്ല.
മക്കൾ വലുതായി.., മിടുക്കി- മിടുക്കന്മാരായി വളർന്നു.വീട്ടിൽ സംസാരിച്ചിരുന്നത് ഇംഗ്ലീഷ് - ഹിന്ദി - തമിഴ് എന്നിവ ഇടകലർന്ന ഭാഷ.മലയാളത്തിൽ അങ്ങോട്ട് സംസാരിച്ചാലും തിരിച്ചിങ്ങോട്ടുള്ള മറുപടി ഒരു അവിയൽ ഭാഷയായിരുന്നു.
വീട്ടിൽ ഇംഗ്ലീഷ് പത്രം മാത്രം.., മലയാള പത്രം ഇല്ല.(മലയാളപത്രമായാൽ കുട്ടികൾക്ക് വായിക്കാനാകില്ലല്ലോ! അവിടെയും പരാതികളില്ല). ചിലപ്പോഴെല്ലാം എനിക്ക് തോന്നിയിട്ടുണ്ട് ഞാൻ മലയാള ഭാഷയെ അവഗണിക്കുകയാണോ എന്ന്! പക്ഷെ അങ്ങനെയായിരുന്നില്ല.., അന്നത്തെ സാഹചര്യങ്ങൾ അങ്ങിനെയായിരുന്നു. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ(കുടുംബവും സ്കൂൾ ജോലിയും ഒന്നിച്ചു കൊണ്ടു നടക്കുന്നതിനിടയിൽ) ഒന്നിനും സമയമുണ്ടായില്ല.
ചിലപ്പോഴെല്ലാം, ചേച്ചമ്മയുടെ കത്തിന് മറുപടി എഴുതാൻ മലയാള വാക്കുകൾ കിട്ടാതെയാകുമ്പോൾ സ്വയം ദേഷ്യവും സങ്കടവും ഒരുമിച്ച് തോന്നാറുണ്ട്.മലയാള ഭാഷയെ ഗാഢമായ് സ്നേഹിച്ചിരുന്ന ആ പഴയ കുട്ടി താൻ തന്നെയാണോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.
അങ്ങിനെ...., മലയാളിയായിട്ടു പോലും മലയാളം എഴുതാനോ വായിക്കാനോ കഴിയാത്ത നിസ്സഹായയായ ഒരു മലയാളിയായിത്തീർന്നു ഞാൻ...!
അംബിക എന്ന പെൺകുട്ടിയിൽ നിന്നും മിസിസ്സ് മേനോൻ എന്ന പദവിയിലേക്കുള്ള കയറ്റത്തിൽ ചിലപ്പോഴെല്ലാം ഞാനെന്റെ പേരു പോലും മറന്നു പോയോ എന്ന് തോന്നിയിട്ടുണ്ട്. ചിലർക്ക് ഞാൻ മിസിസ്സ് മേനോൻ, ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിൽ മേനോൻ മിസ്സ്.., പുള്ളിക്കാരന്റെ സഹപ്രവർത്തകർക്ക് മോനോൻ ഭാഭി, മേനോൻ ദീദി..
ഓർമ്മകൾ കാട് കേറുന്നു...., നീണ്ട 12 വർഷത്തെ (1978 to 1990) ഗൗഹത്തി ജീവിതത്തിൽ ഇനിയും മായാതെ തങ്ങിനിൽക്കുന്ന ഏറെ അനുഭവങ്ങൾ. തികച്ചും യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന ഒരു കുട്ടി, വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ കൂടെ ജീവിതമാരംഭിക്കുമ്പോൾ ഏറെ സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. പക്ഷെ ജീവിതം ജീവിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും, രണ്ടും രണ്ടാണെന്ന്...! എഴുതാനുണ്ട്...., ഇനിയുമേറെ..., അതെല്ലാം മറ്റൊരവസരത്തിൽ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo