നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിളി

Image may contain: 1 person, beard and outdoor
നിനക്കെന്താ ഒരു വല്ലായ്‌മ പോലെ...
പറമ്പിൽനിന്നും കയറിവന്ന അയാൾ വിയർപ്പിൽ കുതിർന്ന ഷർട്ട്‌ഊരി അയയിൽ ഇടുന്നതിനിടെ ഭാര്യയോട് ചോദിച്ചു.
ഏയ് നിങ്ങൾക്ക് തോന്നുന്നതാ...
അവൾ പറഞ്ഞൊഴിഞ്ഞു
എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയണം, അല്ലാതെ....
അയാൾ അല്പം ദേഷ്യത്തോടെ അവളുടെ കൈയ്യിൽ നിന്നും വെള്ളം വാങ്ങിക്കുടിച്ചു, എന്നിട്ട് മുറ്റത്തേക്കിറങ്ങി...
അവളുടെ മനസ്സിൽ ഒരു വലിയ സംഘർഷം നടക്കുന്നു.... വീട്ടിലെ സ്ഥിതിയോർക്കുമ്പോൾ... വേണ്ട ഒന്നും പറയണ്ട, തല്ക്കാലം മകന്റെ സങ്കടം കണ്ടില്ലെന്നു നടിയ്ക്കാം... ഒരു നീണ്ട നെടുവീർപ്പോടെ അവരകത്തേയ്ക്കു പോയി..
പിന്നാലെ ഭർത്താവിനെ ഭക്ഷണംകഴിക്കാനുള്ള വിളിയെത്തി.... അതേയ്... ചോറെടുത്തുവച്ചു കഴിയ്ക്കാൻ വാ....അയാൾ വന്ന് കഴിക്കാൻ ഇരുന്നിട്ട് ചുറ്റും നോക്കി... എന്നിട്ട് ചോദിച്ചു, അമ്മയെവിടെ??...
സമയം എത്രയായെന്നാ....അമ്മ കഴിച്ചു,
നിങ്ങൾക്ക് പറമ്പും, പശുവും കഴിഞ്ഞുവേറൊന്നും വേണ്ടല്ലോ മണിക്കൂർ രണ്ടായി ഉണ്ണാൻ വിളിച്ചിട്ട്...
എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവരും അയാളോടൊപ്പം ഉണ്ണാനിരുന്നു.....
ഊണുകഴിഞ്ഞു പതിനഞ്ചുമിനിറ്റ് നേരത്തെ പതിവ് വിശ്രമം കഴിഞ്ഞുവീണ്ടും പറമ്പിലേക്കിറങ്ങി....
അധികം വൈകാതെതന്നെ അവരുടെ ഏകമകൻ സ്കൂൾവിട്ടു വന്നു...
വന്നവഴി ബാഗ് അവന്റെ റൂമിലേയ്ക്കെറിഞ്ഞു വേഗം അടുക്കളയിലെത്തി....
ന്താമ്മേ കഴിക്കാൻ... ചോദ്യത്തോടൊപ്പം ഓരോ പത്രങ്ങളുടെയും മൂടിയവൻ പൊക്കിമാറ്റി..
ഇഷ്ടവിഭവം കണ്ട അവന്റെ കണ്ണുകൾ അല്പം വിടർന്നു...
അതിരുന്നിരുന്ന കാസറോളോടുകൂടി അവൻ ഭക്ഷണമേശയിലേയ്ക്ക് പോകുന്നതിനിടെ ചായ എന്ന് വിളിച്ചു പറഞ്ഞു..
അമ്മേ.... ഞാൻ പറഞ്ഞകാര്യം അപ്പയോട് പറഞ്ഞോ...
താൻ ഭയപ്പെട്ടിരുന്ന ചോദ്യം എത്തി....
അതുപിന്നെ... നീയാദ്യം കഴിക്കാൻ നോക്ക്,അവർ തപ്പിത്തടഞ്ഞു...
പറഞ്ഞില്ലാല്ലേ.... അവൻ എഴുന്നേറ്റു...
ഇല്ല, പറയാം,
സമയമുണ്ടല്ലോ അവർ പറഞ്ഞു.....
കാസറോൾ താഴെവീണുചിതറുന്ന ഒച്ചകേട്ടവർ ഓടി ഭക്ഷണമുറിയിലെത്തി.....
അവന്റെ കണ്ണിൽ എരിയുന്ന കനലിന്റെ തീക്ഷ്ണതയാൽ അവന്റെ മുഖത്തുനോക്കാൻ അവർ ഭയപ്പെട്ടു...
ക്രൂരമായ വാക്കുകളോടെ അവനവരെ നേരിട്ടു....
അപ്പോഴും ആ അമ്മ അവനോടു പറയുന്നുണ്ടായിരുന്നു, നീയിപ്പോ പ്ലസ്ടു അല്ലേ ആയുള്ളൂ, ഈ വർഷം കഴിഞ്ഞു ലൈസൻസ് എടുക്കാൻ പ്രായമാകുമ്പോൾ അമ്മ അപ്പയോട് പറഞ്ഞ് ഉറപ്പായും എന്റെ മോനൊരു ബൈക്ക് മേടിച്ചു തരാം...
ഇപ്പൊ നീയിങ്ങനെ വാശിപിടിക്കല്ലേ മോനെ....
അവർ നിന്ന് കരഞ്ഞു....
കുറെകാലം ആയി അവൻ ബൈക്ക്, ബൈക്ക് എന്ന് പറയാൻ തുടങ്ങിയിട്ട്....
വീട്ടിലെ ദുരിതങ്ങൾ കൊണ്ടും അവനതുപയോഗിക്കാൻ പ്രായമാകാത്തതിന്റെ അങ്കലാപ്പ് കൊണ്ടും ഇതുവരെ ഭർത്താവിനോട് പറഞ്ഞിട്ടില്ല...
ഈയിടെയായി അവന്റെ വാശി കൂടികൂടി വരുന്നു..
അവന്റെ കൂട്ടുകാരിൽ ബൈക്ക് ഇല്ലാത്തത് കുറച്ചുപേർക്ക് മാത്രമാണത്രെ.....
കേവലം പ്ലസ്ടുവിനു പഠിക്കുന്ന കുട്ടികളുടെ ഇടയിൽ പോലും ബൈക്ക് ഇല്ലാത്തവർ ഇല്ല എന്നുള്ള തിരിച്ചറിവ് അല്പം അസ്വസ്ഥയാക്കിയോ??? മനസ്സ് ഒന്ന് പതറിയോ!!!
പലവിധ ചിന്തകളാൽ മനസ്സ് തേങ്ങിയപ്പോൾ ഹൃദയംമുറിയ്ക്കുന്ന അവന്റെ ചോദ്യമെത്തി.....
ആരും നിർബന്ധിച്ചിട്ടല്ലല്ലോ, മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവില്ലെങ്കിൽ ഉണ്ടാക്കരുതാരുന്നു.....
ഭൂമിപിളർന്നു താൻ പാതാളത്തിലേക്ക് മാഞ്ഞുപോയിരുന്നെങ്കിൽ എന്ന് ദൈവത്തോട് കരഞ്ഞനിമിഷം....
പൊട്ടിവന്ന തേങ്ങൽ ള്ളിലൊതുക്കി അപ്പയോട് പറഞ്ഞു മേടിച്ചുതരാം എന്ന് എങ്ങിനെയോ പറഞ്ഞൊപ്പിച്ചു കിടപ്പ് മുറിയിലേക്കോടി...
കിടക്കയിൽ വീണുപൊട്ടിക്കരഞ്ഞു.....
രാത്രി....
കുളിയെല്ലാം കഴിഞ്ഞു കിടപ്പറയിൽ എത്തിയപ്പോൾ എത്ര ഒതുക്കിവയ്ക്കാൻ ശ്രമിച്ചിട്ടും സങ്കടം അണപൊട്ടിയൊഴുകി....
അന്ധാളിച്ചുപോയ അയാൾ തന്റെ പ്രാണേശ്വരിയെ നെഞ്ചോട് ചേർത്ത് കാര്യം തിരക്കി....
കരച്ചിലിനിടയിൽ അവർ കാര്യം അവതരിപ്പിച്ചു..
മക്കളുടെ ഇഷ്ടത്തിന് തുള്ളാൻ എന്നെക്കിട്ടില്ലെന്നു പറഞ്ഞയാൾ ദേഷ്യപ്പെട്ടുപുറത്തേയ്ക്കിറങ്ങി..
മനസ്സ് അസ്വസ്ഥമാകുമ്പോൾ വന്നിരിയ്ക്കാറുള്ള, വീടിനോട് ചേർന്നുള്ള പാറപ്പുറത്തായാൾ വന്നിരുന്നു... തോറ്റുകൊടുക്കേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ...
വിവാഹം കഴിഞ്ഞു ആഘോഷതിമിർപ്പിന്റ ഇടവേളയിൽ ആണ് ഒരു കുഞ്ഞെന്ന സ്വപ്നം തങ്ങളുടെയിടയിൽ കലശലായത്..
പക്ഷെ ഈശ്വരാനുഗ്രഹം അകന്നുനിന്നു..
ഒടുവിൽ....
നീണ്ട പതിനെട്ടുവർഷത്തെ പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായി,അവൾ അമ്മയായ ദിവസം..... ഏകദേശം രണ്ടുമണിക്കൂറിൽ കൂടുതൽ ഓപ്പറേഷൻ തിയേറ്ററിനുമുൻപിൽ, ഒന്നിരിയ്ക്കുക പോലും ചെയ്യാതെ കാത്തുനിന്ന് നഴ്സിൽനിന്നും അവനെ ഏറ്റുവാങ്ങുമ്പോൾ ലോകം ജയിച്ചവന്റെ മുഖമായിരുന്നു....
ഉള്ളിൽ വീർപ്പുമുട്ടുന്ന ആഹ്ലാദത്തിന്റെ തീവ്രതയാൽ ഹൃദയം പൊട്ടിപ്പോകുമോ എന്നുപോലും ഭയപ്പെട്ട നിമിഷങ്ങൾ....
ഒരുപാടു വര്ഷങ്ങളുടെ കാത്തിരിപ്പിന്റെ ഫലമായതിനാൽ കുറെയധികം കൊഞ്ചിച്ചുവോ.....
അവന്റെ ഇഷ്ടങ്ങൾ സാധിക്കുവാൻ ഞങ്ങൾ മത്സരിച്ചുവോ...
പലപ്പോഴും, തെറ്റാണെന്നറിഞ്ഞിട്ടും അവന്റെ ഇഷ്ടങ്ങൾ നിറവേറ്റിപ്പോന്നു...
*********
ഏട്ടാ.... കരഞ്ഞു തളർന്ന ഭാര്യയുടെ നേർത്ത വിളിയൊച്ച അയാളെ മെല്ലെ ഓർമ്മയിൽനിന്നുണർത്തി.... ഞാൻ... ഞാൻ പറഞ്ഞതാ ഏട്ടാ.... വീട്ടിൽനിന്ന് ഇറങ്ങുമ്പോഴും ഞാൻ പിന്നാലെ എത്തികൊണ്ടുകൊടുത്തതാ .... ഹെൽമെറ്റ്‌ വച്ചിട്ടേ പോകാവൂ എന്ന് വഴക്കും പറഞ്ഞതാ... എന്റെ കൈയ്യിൽ നിന്നും ഹെൽമെറ്റ്‌ മേടിച്ചവൻ തലയിൽ വച്ചത് ഞാൻ കണ്ടതാ... ഇപ്പൊ ഇവര് പറയുന്നു, ഹെൽമെറ്റ്‌ നമ്മുടെ പറമ്പിലെ വാഴയുടെ ചുവട്ടിൽ കിടപ്പുണ്ടെന്ന് അവനത് കൊണ്ടോയില്ലെന്ന് എനിക്കറിയില്ലാരുന്നു.. ... സത്യാണോ.... അവിടെ നിന്നവർ അടക്കം പറയുന്നു , തിരിച്ചറിവില്ലാത്ത പ്രായത്തിൽ ബൈക്ക് മേടിച്ചു കൊടുത്തു നമ്മൾ നമ്മുടെ മോനെ കൊന്നതാണെന്ന്....... അവന് പ്രായപൂർത്തി ആവാത്തത് കൊണ്ട് എന്റെ ഏട്ടൻ ജയിലിൽ പോകേണ്ടി വരുമെന്ന്... സത്യാണോ... സത്യാണോന്ന്....
പതംപറഞ്ഞു കരയുന്ന ഭാര്യയെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അയാൾ തന്റെ പ്രിയപ്പെട്ട പാറപ്പുറം ലക്ഷ്യമാക്കി കാലുകൾ വലിച്ചുവച്ചു...
അതിനടുത്തുള്ള മൺകൂനയിൽ നിരത്തിവച്ചിരിക്കുന്ന പൂക്കളിൽ ഒന്നുമാത്രം വാടിയിട്ടില്ലേ !!!!
ഇളകുന്ന കാറ്റിന്റെ കുസൃതിപോൽ ഒരുമൊഴി മധുരമായെൻകാതിൽ മന്ത്രിച്ചുവോ, ഇനിയെനിയ്ക്കൊരുജന്മമുണ്ടെങ്കിൽ നിങ്ങൾതൻ മകനായ് പിറക്കാൻ അനുവദിക്കൂ......

By: Shine Kattamkottil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot