Slider

മുൾക്ക് (മുൾക്ക് രാജാനന്ദ് )

0
Image may contain: 1 person, sunglasses and closeup
...............
(സുഹൃത്ത് മുൾക്കിന്റെ ഒരു പ്രഭാതം)
ശാന്തമായ ഉറക്കത്തെയും സുന്ദരമായ സ്വപ്നത്തെയും ഭേദിച്ചു കൊണ്ട് ചെവിയിലേക്ക് പാഞ്ഞെത്തിയ അച്ഛന്റെ ഗർജ്ജനം കേട്ട് മുൾക്ക് ഞെട്ടിയുണർന്നു. മുന്നിൽ ഉറഞ്ഞു തുള്ളി അച്ഛൻ പ്രഭാകരൻ പിള്ള.
"ഡാ !! എഴുന്നേൽക്കെടാ ..."
എന്താ?
നിന്നോടല്ലേ എഴുന്നേൽക്കാൻ പറഞ്ഞത് എന്നും പറഞ്ഞ് അച്ഛൻ പ്രഭാകരൻ പിള്ള മുൾക്ക് കിടന്ന ബെഡ്ഷീറ്റ് പിടിച്ച് ഒറ്റ വലി. ദേ കിടക്കുന്നു മുൾക്ക് നിലത്ത്.
അച്ഛൻ കാര്യം പറ അച്ഛാ....
"നീ പുറത്തിറങ്ങി ആ സത്യൻ മാഷിന്റെ വീട്ടിലോട്ട് നോക്ക് "
ങേ,,, സത്യൻ മാഷ് വടിയായോ...?
"എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. പുറത്തിറങ്ങി നോക്കെട..."
മുൾക്ക് മെല്ലെ വീടിനു പുറത്തിറങ്ങി. സത്യൻ മാഷിന്റെ വീട്ടിലോട്ട് നോക്കിയ മുൾക്ക് ഞെട്ടി.
ങേ... ഇതെന്താ മൊത്തം തെങ്ങോല.. മതില് മഴുവൻ തെങ്ങോലകൾ ചാരി വച്ചിരിക്കുന്നു. മാഷിന്റെ വീട് കാണാനേയില്ല.
"ഇത് കണ്ടിട്ട് വല്ലതും മനസ്സിലായോ ?"
(പിന്നിൽ നിന്ന് പ്രഭാകരൻ പിള്ളയുടെ ചോദ്യം )
കണ്ടിട്ട് മാഷ് ഓല ബിസിനസ്സ് തുടങ്ങിയെന്നാ തോന്നുന്നത്.
" എന്നെക്കൊണ്ട് രാവിലെ തന്നെ പറയിപ്പിക്കരുത്. എടാ എന്നും രാവിലെ നീ അയാളുടെ മകളെ നോക്കിയിരിക്കുന്നുവെന്നും പറഞ്ഞാണ് അയാൾ ഈ കാണുന്ന ഓല മുഴുവൻ ഇവിടെ ചാരി വച്ചിരിക്കുന്നത്. "
ഞാനല്ല.. അയാളുടെ മകളാണ് ഇങ്ങോട്ട് നോക്കുന്നത്.
" അയാളുടെ മോൾക്ക് അത്രയ്ക്ക് ദാരിദ്ര്യം ഉണ്ടോടാ.. ഒരു കാര്യം ഞാൻപറഞ്ഞേക്കാം. അയൽവക്കക്കാരായി ഇനി മൂന്ന് വീടുകൾ കൂടി ബാക്കിയുണ്ട്. ഇനി അവരെക്കൊണ്ട് മതിലിൽ ഓല വെപ്പിക്കരുത്."
(പ്രഭാകരൻ പിള്ള രോഷം പൂണ്ട് അകത്തേക്ക് പോവുന്നു)
ഒരു ദീർഘശ്വാസം വിട്ട് മുൾക്ക് കിണറ്റിൽ കരയിലേക്ക് നടന്നു. ദേ നിൽക്കുന്നു മുന്നിൽ രോഷാകുലനായി അനിയൻ.
ന്താടാ.. നോക്കി പേടിപ്പിക്കുന്നോ.?
പെട്ടെന്ന് അനിയൻ ചാടി വീണ് മുൾക്കിന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് വായുവിലേക്ക് ഉയർത്തി.
"ചേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ട്."
ഷർട്ടിന് കുത്തിപ്പിടിക്കുന്നതും ചേട്ടാ എന്ന് വിളിക്കുന്നതും ഒരു ചേർച്ചയില്ല. അനിയാ.... വിട്.
(അനിയൻ പിടിവിടുന്നു)
പറ എന്താ അനിയന്റെ പ്രശ്നം?
" അതേ എനിക്ക് സർക്കാർ ജോലി കിട്ടിയിട്ട് കാലം കുറേ ആയി "
അത് നല്ല കാര്യമല്ലേ ?
"മര്യാദയ്ക്ക് വല്ല ജോലിക്കും പോയ് ഒരു കല്യാണം കഴിക്കാൻ നോക്കെടേയ്.. നീ കാരണം എനിക്ക് കെട്ടാൻ പറ്റുന്നില്ലെടാ തെണ്ടീ... ദയവു ചെയ്ത് പുല്ല് ലോറി പോലെ എന്റെ മുന്നിൽ തടസ്സം നിൽക്കരുത്.."
( രോഷാകുലനായി അനിയൻ വീടിനകത്തേക്ക്)
ഓ.. അപ്പോ അതാണോ നിന്റെ പ്രശ്നം...
ഇന്നലെ എടുത്ത സെൽഫിയുമായി നേരെ ചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ടിരിക്കുന്ന അമ്മയുടെ അടുത്തേക്ക്.. ആകെ വീട്ടിൽ സ്നേഹമുള്ളത് അമ്മയ്ക്ക് മാത്രമാണ്.
ഈ ഫോട്ടോ എങ്ങനുണ്ടമ്മേ.. ഇന്നലെ എടുത്തതാ...
"നമ്മുടെ റോസാചെടിയുടെ അടിയിൽ സ്ഥിരമായി ഒരു ഓന്ത് വരാറില്ലേ.. അതേ മോന്ത.. ഇവിടെ നൂറുകൂട്ടം പണിയുള്ളപ്പോഴാ അവന്റെ ഫോട്ടോ... "
ഒന്നും പറയാതെ തിരിഞ്ഞ് നടന്ന് വീടിന്റെ ഉമ്മറക്കോലായിലേക്ക് കയറിയപ്പോൾ ദേ കാലാവധി കഴിഞ്ഞ മുത്തച്ഛൻ ഇരുന്ന് പത്രം വായിക്കുന്നു..
ചരമ കോളം വായിക്യാ ല്ലേ??
"ന്തേ ,നെനക്ക് പിടിച്ചില്ലേ?
ഒരു പടമൊക്കെ വരണ്ടേമുത്തച്ഛാ...?
ഫാ.... !! കുരുത്തംകെട്ടവനേ... പോയി വല്ല പണിക്കും പോടാ...നീ കാരണം ആ ചെറുക്കന് പെണ്ണുകെട്ടാൻ പറ്റാത്ത അവസ്ഥയാ... നായൊട്ട് തിന്നുകയുമില്ല പശൂനെയൊട്ട് തീറ്റിക്കുകയുമില്ല... കേറി പോടാ"
അടിപൊളി... പുല്ല് ലോറി , റോസാചെടിയിലെ ഓന്ത് , പശുവിനെ തിന്നാൻ സമ്മതിക്കാത്ത പട്ടി . ബഹുമുഖ വിശേഷണം.... രാവിലെ എഴുന്നേറ്റാൽ തെറി കേൾക്കുമെന്ന അവസ്ഥ ഇന്ന് ഇനി പുറത്തൊന്നും പോയിട്ട് കാര്യമില്ല.. വെറുതെ നാട്ടുകാരുടെ വിശേഷണം കൂടി കേൾക്കണ്ട... മുൾക്ക് നേരെ മുറിയിലേക്ക് പോയി പുതപ്പിനടിയിലേക്ക് ചുരുണ്ടുകൂടി... അടുത്ത വിശേഷണവുമായി ആരെങ്കിലും വരുന്നത് വരെ വണക്കം മാപ്പിളെ...
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo