Slider

അറുപത്തിനാലാമത്തെ ശില്‍പ്പം

0

**********************************
ആറുമാസംമാത്രം ജീവിതം ബാക്കിയാകുന്ന ഒരു സ്ത്രീ അത് കൊണ്ട് എന്തൊക്കെ ചെയ്യാനാകും പ്ലാന്‍ ചെയ്യുക ?
ഹൌ ടൂ യൂട്ടിലൈസ് ദ ഒണ്ലി സിക്സ് മന്ത്സ് ഓഫ് യുവര്‍ ലൈഫ് ?
ജയലക്ഷ്മി വെറുതെ ഗൂഗിളില്‍ തിരഞ്ഞു.പൊടുന്നനെ ട്രെയിന്‍ ഒരു ഇരുണ്ട തുരങ്കത്തിലേക്ക് പാഞ്ഞുകയറി.റേഞ്ച് പോയി.കുലുക്കം മാത്രം.ട്രെയിനിലെ ഇരുട്ടില്‍ ,യാത്രക്കാരുടെ കയ്യിലെ മൊബൈല്‍ ഫോണുകള്‍ ,പ്രകാശിച്ചു.പണ്ടെപ്പോഴോ കണ്ടു മറന്ന ഒരു ദു:സ്വപ്നത്തിന്റെ ഭീതി ജയലക്ഷമിയുടെ ദേഹത്തു പടര്‍ന്നു.അതില്‍നിന്ന് രക്ഷപെടാനെന്നവണ്ണം അവള്‍ കണ്ണടച്ചു.
‘ത ക ധി മി ത ക ജ നു ത ക തി മി ത
ത ക ധി മി ത ക ജ നു താ “
“ജയലക്ഷ്മീ വലതു പാദത്തിന്റെ അഗ്രം മുകളിലേക്ക് ,ഇടതുപാദം നിലത്തോട്‌ ചേര്‍ന്ന് ...”
തന്റെ അരികിലേക്ക് വരുന്ന ശ്രീകലടീച്ചര്‍...
“കൈകള്‍ രണ്ടും ഇടുപ്പില്‍ വയ്ക്കൂ...”
“ഇനി മെല്ലെ ദേഹം താളത്തിനൊപ്പം ചലിപ്പിക്കൂ..”
“ത ക ധി മി ത ക ജ നു താ’
ഭരതനാട്യം പഠിക്കുന്നതിന്റെ ആദ്യ ചുവടുകള്‍.ആദ്യ വ്യായാമമുറകള്‍.ചാട്ടം. കാലുകളും അരക്കെട്ടുകളും വഴക്കമുള്ളതാക്കാന്‍ പരിശീലിപ്പിക്കുന്ന അടവുകള്‍.
അറിയാതെ അവള്‍ പാദങ്ങള്‍ കൊണ്ട് താളമിട്ടു.
ഇപ്പോള്‍ എത്ര വര്‍ഷമായി താന്‍ ചുവടു വച്ചിട്ട്?കാലില്‍ ചിലങ്ക കെട്ടിയിട്ട് ?
ട്രെയിന്‍ ചെന്നൈയില്‍ എത്തിയതിന്റെ അറിയിപ്പ് മുഴങ്ങുന്നു.സ്റ്റേഷനില്‍ ഭാസുരന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ദ്വീപില്‍ കാലുവയ്ക്കുന്ന ഏഴുവയസ്സുകാരിയുടെ കൗതുകത്തോടെ അവള്‍ ഭാസുരനൊപ്പം ഒരു ഓട്ടോയില്‍ കയറി.അയാള്‍ ഒരു ബ്രോക്കറാണ്.ഒരു കൂട്ടുകാരിയാണ്‌ ഇയാളുടെ നമ്പര്‍ സംഘടിപ്പിച്ചു തന്നത്.അയാള്‍ക്ക് കുറച്ചു മലയാളവും അറിയാം.
“മേഡം ഇങ്കെ എവ്വളവ് നാള്‍കള്‍ ഇരിപ്പിര്‍കള്‍?” ഓട്ടോയിലിരുന്നു അയാള്‍ ചോദിക്കുന്നു.
എത്ര നാള്‍ താന്‍ ചെന്നൈയില്‍ ഉണ്ടാകും ?”
എത്ര നാള്‍ താന്‍ ഭൂമിയില്‍ തന്നെയുണ്ടാകും ?
മാസങ്ങളും വര്‍ഷങ്ങളും കൊണ്ട് കണക്കു കൂട്ടിയിരുന്ന ആയുസ്സിന്റെ കണക്കുകള്‍ ഒടുവില്‍ ദിവസങ്ങളിലേക്ക് എത്തിയിരിക്കുന്നു.തൊടിയില്‍നിറയെ പൂത്തു,കായ്ച്ചു നിന്ന വസന്തങ്ങള്‍ ഇപ്പോള്‍ ഒരു കയ്യിലെ ഒരു പിടി മഞ്ചാടിമണികളായി ചുരുങ്ങിയിരിക്കുന്നു.
“അറിയില്ല.പറയാന്‍ പറ്റില്ല...”അവളുടെ ശബ്ദം അറിയാതെ ഇടറിയത് വാഹനങ്ങളുടെ ഹോണ്‍ ശബ്ദങ്ങള്‍ക്കിടയില്‍ ഭാസുരന്‍ ശ്രദ്ധിച്ചില്ല.
മഹാമല്ലപുരത്തെക്കാണ് അവര്‍ പോകുന്നത് .ശില്പവിദ്യക്ക് പേര് കേട്ട മഹാമല്ലപുരം.ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങള്‍ ഉണ്ടവിടെ. .ഭരതനാട്യത്തിന്റെ കളിത്തൊട്ടില്‍.ഗ്രാമമാണോ അതോ നഗരത്തിന്റെ ഒരുഭാഗമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു പ്രദേശം .ഒരു ഭാഗത്ത് കടല്‍ത്തീരമാണ്.തിരകള്‍ നാട്യം പരിശീലിക്കുന്ന പാറക്കെട്ടുകള്‍.പാദം തൊട്ടാല്‍ കരയുന്ന പഞ്ചാരമണല്‍ നോക്കത്താദൂരം പരന്നുകിടക്കുന്ന കടല്‍ത്തീരം.
ഭാസുരന്‍ ആദ്യം കൊണ്ട് പോയത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കുടുംബവും താമസിക്കുന്ന വീട്ടിലേക്കാണ്.അവിടുത്തെ ഔട്ട്‌ഹൗസായിരുന്നു വാടകക്ക് കൊടുക്കാന്‍ പരസ്യം ചെയ്തിരുന്നത്.
“നിങ്ങള്‍ ഡാന്‍സ് പഠിക്കാന്‍ വന്നതാണോ .?”അയാള്‍ ചോദിച്ചു.
“ഒറ്റക്ക് താമസിക്കാനെങ്കില്‍ മുറി കൊടുക്കില്ല.”.”അവിടേക്ക് വന്ന ഉദ്യോഗസ്ഥന്റെ ഭാര്യയായ തടിച്ച സ്ത്രീ പറഞ്ഞു.തന്റെ ഭര്‍ത്താവിന്റെ കണ്ണുകള്‍ ജയലക്ഷ്മിയുടെ ദേഹം ഉഴിയുന്നത് അവര്‍ ശ്രദ്ധിച്ചു.
“സാരമില്ല.നമ്മുക്ക് നോക്കാം.മേഡം വരൂ..”ഭാസുരന്‍ അവളെ ആശ്വസിപ്പിച്ചു.
ടെസ്റ്റ് റിസല്‍ട്ടുകള്‍ വന്നപ്പോള്‍ രാമചന്ദ്രന്‍ ഡോക്ടര്‍ അവളെ വിളിപ്പിച്ചു.മെറൂണ്‍ നിറമുള്ള ജനാലവിരികള്‍ക്കിടയില്‍നിന്ന് ദു:ഖകരമായ ഒരു കാറ്റ് ഡോക്ടറുടെ ക്യാബിനില്‍ ഒളിച്ചു കടന്നു.അദ്ധേഹത്തിന്റെ നരച്ച താടി ഒരു അപ്പൂപ്പന്‍താടി പോലെ ഇളകി.ഈ പ്രായത്തിലും ,ഡോക്ടറുടെ കണ്ണുകള്‍ക്ക് എന്തൊരു തിളക്കമാണ്.എല്ലാം അറിയുന്ന ,കാണുന്ന കണ്ണുകള്‍ പോലെ.
“ഡോക്ടര്‍ എന്തെങ്കിലും പ്രതീക്ഷയുണ്ടോ ?”ജയലക്ഷമി ചോദിച്ചു.
“എന്താ ജയലക്ഷ്മി ഈ പ്രതീക്ഷ എന്ന് ഉദ്ദേശിക്കുന്നത്.?’ടെസ്റ്റ്‌ റിസല്‍ട്ടുകള്‍ അടങ്ങിയ പേപ്പറുകള്‍ കവറില്‍ തിരികെ വച്ച് കൊണ്ട് ഡോക്ടര്‍ ചോദിച്ചു.
“എത്ര നാള്‍ കൂടി..ഇങ്ങനെ..?”
“ആറുമാസം...ആറാം മാസം മുതല്‍ എപ്പോള്‍ വേണമെങ്കിലും മരിക്കാം.മരിക്കാതെയുമിരിക്കാം.”ഡോക്ടര്‍ ഒരു സാധാരണ കാര്യം പറയുംപോലെ പറഞ്ഞു.
“പക്ഷേ നാം ജനിക്കുമ്പോള്‍ മുതല്‍ അത്തരം ഒരു ഗാപ് എപ്പോഴും മരണവുമായി കീപ്‌ ചെയ്താ നാം നടക്കുന്നത്.”ഡോക്ടര്‍ ഓര്‍മ്മിപ്പിച്ചു.
“ഈ ആറുമാസത്തിനിടെ തലകറക്കം ഉണ്ടാകും.ബോധക്ഷയം ,രക്തം വോമിറ്റ് ചെയ്യാം..ഇഫക്ട്സ് കുറക്കാനുള്ള മരുന്നുണ്ട്.പക്ഷേ..”
“പക്ഷേ ...? അവള്‍ ചോദിച്ചു.
“പക്ഷേ..അവസാനദിവസങ്ങള്‍ കഠിനമാകും.അതാണ് പ്രോബ്ലം.”
“എങ്കില്‍ വേണ്ട ഡോക്ടര്‍. ..ഒരു കാര്യം മാത്രം..ഈ ആറുമാസം എനിക്ക് ജോലി ചെയ്യാമോ ?”
“തീര്‍ച്ചയായും.ഇടക്കിടക്ക് പ്രശ്നങ്ങള്‍ ഉണ്ടാകും.യൂ വില്‍ നോ വെന്‍ ഇട്സ് നിയര്‍...”
അത് അരികിലെത്തുമ്പോള്‍ നിങ്ങള്‍ അത് തിരിച്ചറിയുന്നു..മരണം..
“മേഡം വീടായി.മേഡം ഉറക്കമായോ ?”ഭാസുരന്റെ ശബ്ദം അവളെ ഉണര്‍ത്തി.
ആ വീടും അവള്‍ക്കിഷ്ട്മായില്ല.വലിയ വാടക.അത് കൂടാതെ ,ഒരു യാന്ത്രികത ഫീല്‍ ചെയ്യുന്ന നിര്‍മ്മിതി.അതൊരു ചതുരക്കട്ടയാണ്.തിരിച്ചു വീണ്ടും ഓട്ടോയില്‍ കയറി.
“മേഡം ഒരു വീടുണ്ട്.പക്ഷേ...”
“വാടക കുറവാണ്.പക്ഷേ അവിടെ ആളുകള്‍ അങ്ങിനെ താമസിക്കാന്‍ വരാറില്ല..”
“അതെന്താ...അത്...ആളുകള്‍ക്ക് ഓരോ കാരണങ്ങള്‍ ഉണ്ടാകും...പഴയ ഉടമസ്ഥന്‍ ഒരു നൃത്ത ഗുരുവാണ്.പുള്ളിയുടെ കയ്യില്‍നിന്ന് ഇപ്പോഴത്തെ ഓണര്‍ ചുള്വിലക്ക് മേടിച്ചതാ..”
“ഓ.അത് ശരി...ആരാ ഗുരു. ?”
“ഏതോ ഒരു അയ്യങ്കാര്‍..!”
“പരമേശ്വര അയ്യങ്കാര്‍ ?”അവള്‍ ചോദിച്ചു.
“അതെ .അത് തന്നെ.”
ഓട്ടോ വീടിനു മുന്‍പില്‍ നിര്‍ത്തി.
ഇന്റര്‍ലോക്കിട്ട മുറ്റം.വീടിന്റെ പൂമുഖം ഗ്രില്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു.ഇന്റര്‍ ലോക്ക് പാകിയ മുറ്റത്തിന്റെ ഒരതിരില്‍ ഒരു മാവ് നില്‍പ്പുണ്ട്.ആ വീടിരിക്കുന്ന സ്ഥലത്തെ ഏകവൃക്ഷം.പ്രത്യേകതകള്‍ ഒന്നുമില്ലാത്ത സാധാരണവീട്.അടുത്തു മറ്റു താമസക്കാരില്ല.മഴ പെയ്യുന്നതിനു തൊട്ടുമുന്‍പ് തോട്ടങ്ങളെ മൂടുന്ന കാര്‍മേഘങ്ങളുടെ ഇരുളിമ പോലെ നിശബ്ദത വീടിനെ ചൂഴ്ന്നു നിന്നു
നൃത്തം ചെയ്യാന്‍ പറ്റിയ ഒരിടം.
മരിക്കാനും.
“ഇത് മതി ഭാസുരാ..ഉറപ്പിക്കാം.”
“പക്ഷെ മേഡം..ഇത് തന്നെ വേണോ ..?”
“അതെന്താ...”
“അല്ല ..ഇവിടെ മേഡം തനിച്ചു ..”അയാള്‍ എന്തോ പറയാന്‍ വന്നത് വിഴുങ്ങി.
ശരിക്കും എല്ലാ സ്ത്രീകളും ഒരര്‍ത്ഥത്തില്‍ തനിച്ചാണ് ജീവിക്കുന്നത് .ഭാസുരന്‍ അത് അറിയുന്നില്ല.ഭാസുരന്‍ മാത്രമല്ല പല പുരുഷന്‍മാരും.
ഭാസുരന്‍ വീട്ടുടമസ്ഥനെ വിളിച്ചു.എഗ്രിമെന്റും മറ്റു ഇടപാടുകളും അയാളാണ് ചെയ്തത്.മൂന്നുമാസത്തെ അഡ്വാന്‍സ് കൈമാറി.
ആറുമാസത്തെ ജീവിതത്തിനു മൂന്നുമാസത്തെ അഡ്വാന്‍സ്.
ജയലക്ഷ്മി വീടിന്റെ വാതില്‍തുറന്നു അകത്തു കയറി.
“ആഴ്ചയില്‍ ഒരിക്കല്‍ അടുത്തുള്ള ഒരു സ്ത്രീ വന്നു വീട് ,തൂത്തു വൃത്തിയാക്കും.പാത്രങ്ങള്‍,കിടക്ക ,അങ്ങിനെ താമസിക്കാന്‍ അത്യാവശ്യം സാധനങ്ങള്‍ ഒക്കെയുണ്ട്.കുറച്ചു നാള്‍ മുന്‍പ് ,വേറെ ഒരു കൂട്ടരായിരുന്നു വാടകക്ക് .അവര്‍ പോയി.” ഭാസുരന്‍ പറഞ്ഞു.
തനിക്ക് കുറച്ചു സ്ഥലം മാത്രം മതി.
സ്വീകരണമുറിയില്‍ ആദ്യം കണ്ണില്‍പ്പെട്ടത് ഒരു നടരാജവിഗ്രഹമാണ്‌.പട്ടുതുണി വിരിച്ച മേശയില്‍ അത് വച്ചിരിക്കുന്നു.ഭിത്തിയില്‍ ഒരേ ഒരു പെയിന്റിംഗ് .വനത്തിനു നടുവിലെ തടാകത്തിനു മുന്‍പില്‍ നടനം ചെയ്യുന്ന അജ്ജാതനര്‍ത്തകി.അവര്‍ക്ക് പിന്നില്‍ മൂടല്‍മഞ്ഞു പടര്‍ന്ന ഒരു സന്ധ്യ അവസാനിക്കുന്നു.തടാകത്തില്‍ ഒരു വെള്ള അരയന്നം ആ സുന്ദരിയുടെ നൃത്തം ആസ്വദിക്കുന്നു.
മൂന്നു വലിയ കിടപ്പറകള്‍.നൃത്തം പരിശീലിക്കാനായി ഒരു വലിയ തളം.അതിന്റെ മൂലയില്‍ ഒരു ക്ലാവ് പിടിച്ച നിലവിളിക്ക്.ഒരു ടേപ്പ് റെക്കോര്‍ഡര്‍ സെറ്റ്.
ഭാസുരന്‍ കുറച്ചു ഫോണ്‍ നമ്പരുകള്‍ തന്നിട്ടാണ് പോയത്.എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിക്കാന്‍.ഇന്നിനി ഒന്നിനും വയ്യ.നീണ്ട യാത്രയുടെ ക്ഷീണം വീട് കണ്ടുപിടിക്കുന്നത് വരെ മാറിനിന്നത് ,അവളെ ഒറ്റനിമിഷം കൊണ്ട് വലയം ചെയ്തു.തന്ന നമ്പരുകളില്‍ ഒന്നില്‍ വിളിച്ചു ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
ഒരു തമിഴന്‍ കുട്ടിയാണ് ഭക്ഷണം കൊണ്ടുവന്നത്.
“അമ്മാ ,നിങ്കല്‍ ഇവിടെ തനിച്ചാ പാക്ക പോറെ?” അവന്‍ ആരാഞ്ഞു.
അതേ എന്ന് പറഞ്ഞപ്പോള്‍ ,അവന്റെ മുഖത്ത് ഭയംപോലെ എന്തോ ഒന്ന് നിഴലിച്ചു.
വാടകവീടിന്റെ വാതില്‍ചാരി കട്ടിലിലേക്ക് വീഴുമ്പോള്‍ ജയലക്ഷ്മിക്ക് ഭയം തോന്നിയില്ല.അല്ലെങ്കില്‍ത്തന്നെ ഭയം എന്ന വികാരം അവളെ ഉപേക്ഷിച്ചിട്ട് എത്രനാളായി.ഭയവും ദു:ഖവും അവള്‍ക്കിപ്പോള്‍ അന്യമാണ്.അവള്‍ സ്വതന്ത്രയാണ്.ഒരു ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ അവള്‍ക്ക് തല ചായ്ക്കുവാന്‍ ഒരു ഇടം കിട്ടിയിരിക്കുന്നു.ആശ്വാസത്തിന്റെ മുകളില്‍ ശരീരത്തിന്റെ അസ്വാസ്ഥ്യം അവളെ പൊതിഞ്ഞു.കിടക്കുന്നതിനു മുന്‍പ് മരുന്നുകള്‍ കഴിച്ചു.മരുന്നുകള്‍ ,വേദനയുടെ വെള്ളത്തില്‍ ചവിട്ടാതെ അവളുടെ കൈപിടിച്ചു ഉറക്കത്തിന്റെ പുഴയോരത്തേക്ക് അവളെ കൂട്ടിക്കൊണ്ട് പോയി.
നാല്‍ത്തിയഞ്ചു കഴിഞ്ഞ തനിക്ക് ഇനി ചുവടുകള്‍ പഠിച്ചു അരങ്ങേറ്റം നടത്താന്‍ കഴിയുമോ ?
എത്ര നേരം ഉറങ്ങി.അറിയില്ല.കിടപ്പ് മുറിയില്‍ ഒരു പൂപ്പല്‍ മണം തങ്ങിനിന്നു.രാത്രിയില്‍ എപ്പോഴോ മഴ തുടങ്ങിയിരിന്നു.
രൂക്ഷമായ മദ്യഗന്ധം അനുഭവപ്പെട്ടപ്പോഴാണ് കണ്ണ് തുറന്നത്.ആരോ മദ്യപിക്കുന്നു.ഈ ഗന്ധം തനിക്ക് ഏറെ പരിചയമുള്ളതാണ്.ലൈറ്റിട്ടു.ഇല്ല ആരും വീട്ടിനുള്ളില്‍ ഇല്ല.രണ്ടു കിടപ്പ്മുറികള്‍ അടച്ചു പൂട്ടി ഇട്ടിരിക്കുകയാണ്.തളത്തിനുള്ളിലും ആരുമില്ല.ആരുമില്ലെന്ന് കരുതി ,സാമൂഹ്യവിരുദ്ധര്‍ ആരെങ്കിലും മദ്യപിക്കാന്‍ കയറിയതാവും എന്നാണു ജയലക്ഷ്മി വിചാരിച്ചത്.പക്ഷേ സംശയിക്കത്തക്ക ഒന്നുമില്ല.മദ്യത്തിന്റെ രൂക്ഷഗന്ധം അവിടെയെല്ലാം തങ്ങിനില്‍ക്കുന്നു.
തിരികെ സ്വന്തം മുറിയിലേക്ക് നടക്കുന്നതിനിടെ അവള്‍ ഒരുനിമിഷം നിന്നു.
അടച്ചിട്ട ഒരു മുറിയില്‍ നേരിയ വെളിച്ചമുണ്ടോ ?
അകത്തു ആരോ താളം പിടിക്കുന്നത് പോലെ.സോഡാ പൊട്ടുന്ന സ്വരം.മദ്യം ഗ്ലാസില്‍ പകരുന്ന ശബ്ദം.എല്ലാത്തിന്റെയും പുറമേ ,നൃത്തച്ചുവടുകള്‍ക്ക് താളം പിടിക്കുന്ന ഒരു പുരുഷസ്വരം.പക്ഷേ ആ സ്വരത്തിനു ഒരു പ്രത്യേകതയുണ്ട്.തൊട്ട് മുന്‍പിലുള്ള മുറിയാണെങ്കിലും ,ആ സ്വരം വളരെ അകലെനിന്ന് വരുന്നത് പോലെയാണ്.ഒരു നിമിഷം ഒരു ദ്രശ്യം അവളുടെ സങ്കല്‍പ്പ കണ്ണാടിയില്‍ തെളിഞ്ഞു. വളരെ ദൂരെ ,മഞ്ഞു മൂടിയ കുന്നിന്‍മുകളില്‍ ഒരു പെണ്‍കുട്ടി തനിച്ചു നൃത്തം ചെയ്യുന്നു.അത് കണ്ടു കൊണ്ട് പുല്‍മെത്തയില്‍ ഒരു പുരുഷനിരുന്നു താളമടിച്ചു അവളെ പ്രോത്സാഹിപ്പിക്കുന്നു.അയാളുടെ സ്വരമാണ് അത്.മറ്റൊരു ലോകത്ത്നിന്ന് വരുന്ന അവ്യക്തമായ സ്വരം.
ജയലക്ഷ്മിക്ക് ആ മുറി തുറന്നു കയറിനോക്കാമായിരുന്നു.എങ്കിലും എന്തോ ഒന്ന് അവളെ തടഞ്ഞു.കടുത്ത ക്ഷീണം അവളെ ആലിംഗനം ചെയ്തു.നിദ്രയുടെ ഇടവേളകളില്‍ ,മരണമടുത്ത ഒരു സ്ത്രീക്കുണ്ടാകുന്ന മതിഭ്രമങ്ങളാണിത്.അബോധത്തിന്റെ കണ്ണാടിച്ചീളുകള്‍,ഭ്രമിപ്പിക്കുന്ന സ്വപ്നങ്ങളായി തന്റെ മുന്നില്‍ തെളിയുന്നു.ആ കണ്ണാടിചില്ലുകളില്‍ സ്വന്തം ജീവിതം പ്രതിഫലിക്കുന്നത് പോലെ.അവള്‍ വേഗം മുറിയില്‍ പോയി കിടന്നു.കണ്ണടച്ചയുടനെ ജയലക്ഷ്മി ഉറങ്ങിപ്പോയി.
വളരെ വൈകിയാണ് ജയലക്ഷ്മി ഉണര്‍ന്നത്.ഉണരുമ്പോള്‍,പുതപ്പിന്റെ മൃദുലമായ സ്പര്‍ശത്തില്‍ ഉറക്കത്തിന്റെ മാലാഖകള്‍ എങ്ങോട്ടോ പറന്നുപോകുന്നു.സമയം കുറവാണ്.തനിക്ക് സമയം കുറവാണ്.
കുളിക്കാനായി ബാത്ത്റൂമില്‍ കയറിയ ജയലക്ഷമി ഞെട്ടി.
അവളുടെ ശരീരത്തു ചുവന്ന പാടുകള്‍.
ചുവന്ന തിണര്‍ത്ത പാടുകള്‍ ഒരു ചാട്ട കൊണ്ട് അടിയേറ്റതു പോലെ.
ഇനി വല്ല ചാഴിയോ മൂട്ടയോ മറ്റോ ആണോ ?അല്ല എന്ന് തോന്നിയെങ്കിലും അവള്‍ കിടക്ക കുടഞ്ഞു പരിശോധിച്ചു.ഇല്ല ,ഒരു ഉറുമ്പ് പോലുമില്ല.
അതോ ..ഒരുപക്ഷെ ഇനി തന്റെ അസുഖം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണോ?
അവള്‍ അത് അവഗണിച്ചു.പിന്നെ വേഗം കുളി പൂര്‍ത്തിയാക്കി വസ്ത്രം മാറി.ഒരു ആട്ടോ പിടിച്ചു അവള്‍ സരസ്വതി ഡാന്‍സ് സ്കൂളിലേക്ക് പോയി.
പരമേശ്വരന്‍ അയ്യങ്കാര്‍ക്ക് എഴുപതിനു മേല്‍ പ്രായം തോന്നിച്ചു.വെള്ള വേഷ്ടി.കഴുത്തില്‍ സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷം.അയാള്‍ക്കരികില്‍ മകള്‍ പാര്‍വതി അയ്യങ്കാര്‍.ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്തവിദ്യാലയങ്ങളില്‍ ഒന്നായ നൂപുര ഡാന്‍സ് സ്കൂളിന്റെ ഉടമകള്‍.പരമേശ്വരന്‍ അയ്യങ്കാര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭരതനാട്യം ആചാര്യന്‍മാരില്‍ ഒരാളാണ്.
“ചെറുപ്പത്തില്‍ ഭരതനാട്യം പഠിച്ചു.പിന്നെ എന്താണ് അന്ന് അരങ്ങേറ്റം നടത്താഞ്ഞത് ?”
“അത്..അപ്രതിക്ഷിതമായി അച്ഛന്‍ മരിച്ചു.പിന്നെ പഠിത്തം മുടങ്ങി...അങ്ങിനെ..”
“ഇവിടെ ഒറ്റക്കാണോ വന്നത് ?”
“അതേ.കഴിഞ്ഞ മാസം എന്റെ വിവാഹബന്ധം അവസാനിച്ചു.ഒരു മകള്‍ ഉണ്ട്.അവള്‍ അമേരിക്കയില്‍ പഠിക്കുകയാണ്.”ജയലക്ഷ്മി മുഖം കുനിച്ചു പറഞ്ഞു.
അയ്യങ്കാരുടെയും മകളുടെയും മുഖം ഇരുണ്ടു.
“ഇപ്പൊ..പെട്ടെന്ന് വീണ്ടും ഭരതനാട്യം പഠിക്കാന്‍ ..എന്താ തോന്നാന്‍ കാരണം ?”അയ്യങ്കാര്‍ ചോദിച്ചു.വൃദ്ധന്റെ കണ്ണുകളില്‍ സഹതാപം തെളിഞ്ഞു.
“ഇപ്പൊ ഫ്രീയായി.കുടുംബമില്ല...പിന്നെ..”ബാക്കി പറയാന്‍ വന്നത് അവള്‍ വിഴുങ്ങി.
“പിന്നെ...അച്ഛന്റെ വലിയ ഒരു ആഗ്രഹഹമായിരുന്നു എന്റെ അരങ്ങേറ്റം .അത് നിറവേറ്റണം..അങ്ങയുടെ ശിക്ഷണത്തില്‍ എന്നെ പഠിപ്പിക്കണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു അച്ഛന്...” ജയലക്ഷ്മി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“തുറന്നു പറയുന്നത് കൊണ്ട് ജയലക്ഷ്മിക്ക് ഒന്നും തോന്നരുത്.ജയലക്ഷ്മിയെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.നിങ്ങളുടെ പ്രായം അതിക്രമിച്ചിരിക്കുന്നു.ശരീരത്തില്‍ ക്ഷീണം വളരെ വ്യക്തമാണ്ഇനി ചുവടുകള്‍ വഴങ്ങില്ല.അത് കൊണ്ട് വീണ്ടും പരിശീലനം നടത്തി അരങ്ങേറ്റം കുറിക്കുക ബുദ്ധിമുട്ടാണ്... ....” അയ്യങ്കാര്‍ പറഞ്ഞു.നിര്‍ത്തി.
ജയലക്ഷ്മി ഒന്നും പറഞ്ഞില്ല.അവള്‍ അവരെ വെറുതെ നോക്കുക മാത്രം ചെയ്തു.
“മഹാനവമിക്ക് ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ഉള്ളു.അന്നാണ് ഇവിടുത്തെ കുട്ടികളുടെ അരങ്ങേറ്റം.അന്ന് മുതല്‍ മഹാമല്ലപുരത്തെ ഭാരതി ക്ഷേത്രത്തില്‍ നൃത്തോത്സവം തുടങ്ങും.നാലാഴ്ച നീണ്ടു നില്‍ക്കുന്ന ഉത്സവം.അതിന്റെ തിരക്കിലാ ഞങ്ങള്‍..നല്ല കുട്ടികളെ സെലക്റ്റ് ചെയ്തു കൊണ്ട് പോകാന്‍ ഫോറിനേഴ്സ് ഒക്കെ വരുന്നുണ്ട്...ഞങ്ങള്‍ അതിന്റെ തിരക്കിലാണ്.” പാര്‍വതി അയ്യങ്കാര്‍ കൂട്ടി ചേര്‍ത്തു.
അവള്‍ക്ക് മനസ്സിലായി.താന്‍ അവരുടെ വിലപ്പെട്ട സമയം കളയുകയാണ്. നന്ദി പറഞ്ഞു പുറത്തേക് ഇറങ്ങി നടന്നു.വരാന്തയില്‍നിന്ന് ഇറങ്ങാന്‍ നേരം പുറകില്‍നിന്ന് ആരോ വിളിച്ചു.
പരമേശ്വരന്‍ അയ്യങ്കാര്‍.
“കുട്ടിയാണോ എന്റെ പഴയ വീട്ടില്‍ വാടകക്ക് താമസിക്കുന്നത് ?” അയാള്‍ ചോദിച്ചു.
“അതെ.”
“കുട്ടി അവിടെ താമസിക്കണ്ട.എത്രയും വേഗം തിരിച്ചു പോകൂ...”അയാള്‍ പറഞ്ഞു.അയ്യങ്കാരുടെ കണ്ണിലെ ഭീതി ജയലക്ഷ്മി തിരിച്ചറിഞ്ഞു.
“പ്രേതത്തിലും ഭൂതത്തിലും ഒന്നും കുട്ടി വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നറിയില്ല.കഥ ഞാന്‍ ചുരുക്കി പറയാം.എന്റെ മകള്‍ പാര്‍വതിക്ക് ഒരു പ്രണയമുണ്ടായിരുന്നു.ഞാനത് സമ്മതിച്ചില്ല.വാസുദേവന്‍ .എന്റെ പ്രിയപ്പെട്ട ശിഷ്യന്‍ അവനെയാണ്‌ ഞാന്‍ അവള്‍ക്ക് വരാനായി കണ്ടത്.”അയ്യങ്കാര്‍ കിതച്ചു.
“എന്നിട്ട് ?”
“പാര്‍വതിയുടെ വിസമ്മതം ഞാന്‍ കണക്കിലെടുത്തില്ല.വാസുദേവനെക്കൊണ്ട് ഞാന്‍ അവളെ കെട്ടിച്ചു.ഞങ്ങളുടെ പഴയ വീട് അവര്‍ക്ക് താമസിക്കാന്‍ വിട്ടു കൊടുത്തു.പക്ഷേ അതോടെ എന്റെ മകളുടെ ജീവിതം തുലഞ്ഞു.അവനു അവളെ സംശയമായിരുന്നു.എല്ലാ ദിവസവും അവളെ അടിക്കും.ചാട്ട കൊണ്ട്! ഞാന്‍ അറിഞ്ഞില്ല ഒന്നും! മകള്‍ എന്റെ മുന്‍പില്‍ നിന്ന് എല്ലാം മറച്ചുവച്ചു.!പക്ഷേ ഒരുദിവസം ഞാന്‍ എല്ലാം അറിഞ്ഞു.അവളുടെ ദേഹത്തെ ചുവന്ന പാടുകള്‍!അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു.അവന്‍ സ്ഥിരമായി മദ്യപിക്കാന്‍ തുടങ്ങിയിരുന്നു.എന്റെ മോളെ ഞാന്‍ വീട്ടില്‍ കൊണ്ട് വന്നു നിര്‍ത്തി.ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വാസുദേവന്‍ തൂങ്ങി മരിച്ചു.!അതോടെ എല്ലാം അവസാനിച്ചു.” അയ്യങ്കാര്‍ പറഞ്ഞു.
അകത്ത് പാര്‍വതി ,കുട്ടികള്‍ക്ക് ചുവടുകള്‍ പറഞ്ഞു കൊടുക്കുന്നത് ജയലക്ഷ്മി കേട്ടു.ചിലങ്കകള്‍ ചിരിക്കുന്നു.
“ഞാന്‍ ആ വീട് വിറ്റു.എങ്കിലും അവിടം ശാന്തമല്ല.അവന്റെ ആത്മാവിന്റെ ശല്യം ഇപ്പോഴും അവിടെ ഉള്ളതായി പിന്നെ താമസിക്കാന്‍ വന്ന പലരും പറഞ്ഞു ഞാന്‍ കേട്ടു.അത് കൊണ്ടാണ് കുട്ടിയോട് ആ വീട് വിടാന്‍ ഞാന്‍ പറഞ്ഞത്.”
അയ്യങ്കാര്‍ മെല്ലെ പറഞ്ഞു.അത്രയും നേരം സംസാരിച്ചതു കൊണ്ടാകാം അയാളുടെ വെളുത്ത മുഖത്തു ചുവപ്പ് രാശി പടര്‍ന്നു.വെറുതെയല്ല ആ വീട് തനിക്ക് കുറഞ്ഞ വാടകക്ക് കിട്ടിയത്.
മനുഷ്യജീവിതത്തില്‍ കടന്നു വരുന്ന ചില രാത്രികളുണ്ട്.വേദനയുടെ കറുത്തനിറം പൂണ്ട കാളരാത്രികള്‍. തനിക്ക് അത്തരം കാളരാത്രികളായിരുന്നു കൂടുതലും.ഇതാ ,ആ ലിസ്റ്റിലേക്ക് ഈ രാത്രിയും.
അയ്യങ്കാര്‍ തന്നെ പഠിപ്പിക്കില്ല.തന്റെ അരങ്ങേറ്റം നടക്കാന്‍ പോകുന്നില്ല.മരിക്കുന്നതിനു മുന്‍പ് താന്‍ ഒരു നര്‍ത്തകിയാകില്ല.
ഇരുട്ടില്‍ സിഗരറ്റ് പുകയുന്ന ഗന്ധം.മദ്യത്തിന്റെ ഗന്ധവും പരക്കുന്നു.വാതില്‍ ചാരിക്കിടന്ന ആ മുറിയില്‍നിന്ന് ഒരു പുരുഷശബ്ദം..
“ആനന്ദനര്‍ത്തനം ഗണപതിം...ആടിനാ.."
ഊത്തുക്കാട് വെങ്കട സുബ്ബയ്യര്‍ സൃഷ്‌ടിച്ച പദം.അതിനൊപ്പം ആരോ ചുവടു വയ്ക്കുന്നു.അകത്തു ഒരു നീലവെളിച്ചം പരക്കുന്നു.
പ്രേതം.അയ്യങ്കാരുടെ മരിച്ചുപോയ മരുമകന്റെ പ്രേതം.
അവള്‍ നേരെ ആ മുറിയുടെ വാതിലിന്റെ മുന്‍പില്‍ പോയിനിന്നു.പിന്നെ വാതിലിന്റെ നടുവില്‍ ഒറ്റച്ചവിട്ടു കൊടുത്തു.ചവിട്ടിന്റെ ഊക്കില്‍ വാതില്‍ വലിയ ശബ്ദത്തോടെ മലര്‍ക്കെ തുറന്നു.
അകത്തു വെളിച്ചമില്ല.ശബ്ദമില്ല.ഇരുട്ട് മാത്രം.
“ചാകാറായ ഒരു സ്ത്രീയാണ് ഞാന്‍.എനിക്കുറങ്ങണം.എന്നെ ശല്യപ്പെടുത്തരുത്. ഇനി ശല്യപ്പെടുത്തിയാല്‍ ഈ വീട് ഞാന്‍ കത്തിക്കും.” അവള്‍ ആക്രോശിച്ചു.പിന്നെ നേരെ താന്‍ കിടക്കുന്ന മുറിയില്‍ പോയി വാതില്‍ അടച്ചു.കിടന്നയുടനെജയലക്ഷ്മി മയങ്ങിപോയി.
“എഴുന്നേല്‍ക്കൂ ..ബ്രാഹ്മമുഹൂര്‍ത്തമായി.ഇപ്പോഴാണ് ചുവടുകള്‍ അഭ്യസിക്കേണ്ടത്.” ചെവിക്കരികില്‍ ആരോ പിറുപിറുക്കുന്നു.മദ്യത്തിന്റെ ഗന്ധമല്ല.സുഖകരമായ കര്‍പ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം.
“ജയലക്ഷ്മി എഴുന്നേല്‍ക്കൂ..മാധവിയമ്മന്‍ കോവിലില്‍ പോകൂ. കടല്‍ത്തീരത്തിനോട് ചേര്‍ന്നുള്ള അമ്പലമാണ്.ഈ സമയം അവിടെ ആരും വരാറില്ല.നൃത്തം അഭ്യസിക്കാന്‍ ,ഇതിലും പറ്റിയ ഒരു സ്ഥലമില്ല ഈ മഹാമല്ലപുരത്ത്..”നേര്‍ത്ത പിറുപിറുക്കല്‍ തുടരുന്നു.
അവള്‍ മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരുന്നു.ഒരു സ്വപ്നാടകയെപോലെ അവള്‍ മെല്ലെ നടന്നു ജനാലകള്‍ തുറന്നു.രാത്രിഗര്‍ഭത്തില്‍ പിറക്കാന്‍ തുടങ്ങുന്ന ബ്രാഹ്മമുഹൂര്‍ത്തം.ദൂരെ ആകാശചരിവില്‍ ഒരു ഒറ്റനക്ഷത്രം.നിലാവില്‍ കുളിച്ചു കിടക്കുന്ന വിജനപാത.
കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴും അവളുടെ മനസ്സ് മയക്കത്തിലായിരുന്നു.കണ്ണുകള്‍ തുറന്നു സ്വപ്നത്തിന്റെ പടവുകളില്‍ തെന്നിവീഴാതിരിക്കാന്‍ എന്നപോലെ അവള്‍ വായുവില്‍ കൈകളൂന്നി.
മാധവിയമ്മന്‍ കോവില്‍.
ആ പേര് മാത്രം ഇപ്പോള്‍ മനസ്സില്‍ ആരോ ആവര്‍ത്തിക്കുന്നു.
കാലുകള്‍ വലിച്ചു നീട്ടി അവള്‍ നടന്നു.വഴിയില്‍ ആരുമില്ലായിരുന്നു.ഒരു നായ അവളെക്കണ്ട് ശബ്ദമുണ്ടാക്കാതെ ഒതുങ്ങിനിന്നു.ദൂരെ കടലിന്റെ ശബ്ദം കേള്‍ക്കുന്നിടത്തേക്ക് അവള്‍ വേഗം നടന്നു.
“നൃത്തം പഠിക്കാന്‍ പോവുകയാണോ ?”ഒരു ചെറുപ്പക്കാരന്റെ ശബ്ദം. ട്രാക്ക് സ്യൂട്ട്.ടീ ഷര്‍ട്ട്.താടി.അയാള്‍ ജോഗ് ചെയ്തു തന്റെ അരികില്‍ എത്തിയിരിക്കുന്നു.
“അതേ..”അവള്‍ പറഞ്ഞു.
“എവിടെക്കാണ്‌?’
“മാധവിയമ്മന്‍ കോവിലില്‍.”അവള്‍ യാന്ത്രികമായി മറുപടി പറഞ്ഞു.
“ഞാനും അങ്ങോട്ടാ.”അയാള്‍ പറഞ്ഞു.
നിലാവ് വീണുകിടക്കുന്ന തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെ അവര്‍ നടന്നു.ഊടുവഴികള്‍.പൊന്തക്കാടുകള്‍.സദാ രാത്രി മാത്രമുള്ള ,പകല്‍ അന്യമായ മറ്റേതോ ഗ്രഹത്തിലെന്ന പോലെ ഇരുട്ടിലും നിലാവിലും മുങ്ങിക്കിടക്കുന്ന ഭൂമിക.ചെറുപ്പക്കാരന്‍ ഒന്നും ചോദിച്ചില്ല.അവള്‍ അയാളെ മിണ്ടാതെ അനുഗമിക്കുക മാത്രം ചെയ്തു.
“ഇവിടെയിപ്പോള്‍ അങ്ങനെ ആരും വരാറില്ല.” കോവിലിന്റെ മുന്‍പില്‍ വന്നപ്പോള്‍ അയാള്‍ പറഞ്ഞു.
ഇടിഞ്ഞ മതില്‍ക്കെട്ടിനുള്ളില്‍ ചെടികള്‍ വളര്‍ന്നു പടര്‍ന്നിരിക്കുന്നു.അതിനപ്പുറം കടല്‍ ഇരമ്പി.ഇടിഞ്ഞുപൊളിഞ്ഞ കല്‍ക്കെട്ടുകളില്‍ തിരമാലകള്‍ ആഞ്ഞടിച്ചു.രണ്ടു സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്ന പടിവാതില്‍.അതിനപ്പുറം ശില്പഭംഗി നിറഞ്ഞ ചെറിയ ഗോപുരം.ഒരു ചെറിയ കല്‍വിളക്ക്.അതിനുചുവട്ടില്‍ മഴവെള്ളം കെട്ടിക്കിടന്നു.അയാള്‍ അമ്പലത്തിന്റെ ഉള്ളിലേക്ക് പോയി.തിരികെ വരുമ്പോള്‍ തിരിയും എണ്ണയുമുണ്ടായിരുന്നു.മഴവെള്ളത്തില്‍ വിളക്കിന്റെ ,മഞ്ഞപ്രഭയില്‍ അവര്‍ രണ്ടുപേരുടെയും കണ്ണുകളിടഞ്ഞു.അയാളും ഒരു സ്വപ്നത്തിലാണ് എന്ന് ജയലക്ഷമിക്ക് തോന്നി.
അയാള്‍ അവളെ ഗോപുരത്തിനരികിലേക്ക് കൂട്ടിക്കൊണ്ടു പോയി.
“മാധവി എന്ന ദേവദാസിയെ കുടിയിരുത്തിയിരിക്കുന്ന കോവിലാണിത്.ഗോപുരഭിത്തിയിലെ മാധവിയുടെ കല്ലില്‍ കൊത്തിയിരിക്കുന്ന ശില്പങ്ങള്‍ ഭരതനാട്യം അഭ്യസിക്കുന്നവര്‍ക്കുള്ള പാഠങ്ങളാണ്.ഇതാ നോക്കൂ ആദ്യത്തെ ശില്‍പം ,ഗുരുവിന്റെ മുന്‍പില്‍ തട്ടിക്കുമ്പിടല്‍ നടത്തുന്ന വിദ്യാര്‍ത്ഥിനിയുടെയാണ്. രണ്ട് കൈകളിലും കടകമുഖമുദ്രകൾ പിടിച്ച് നെഞ്ചിനു മുന്നിൽ കൊണ്ട് വന്ന് ഭുജങ്ങൾ ചതുരനിലയിൽ നിർത്തി,മുഖം നേരേ പിടിച്ച് മുന്നോട്ട് നോക്കി,സമ പാദത്തിൽ ശരീരം വളയാതെ നിൽക്കുന്ന ശില്‍പം. അടുത്തത് രണ്ടു കൈകളും ശിഖരമുദ്രയാക്കി ചുമലിൽകൂടി കൊണ്ട് വന്ന് അതത് വശത്തേക്ക് പതാകകളാക്കി മലർത്തിനീട്ടി മുഴുമണ്ഡല നിലയിൽ ഇരിക്കുക്കകയാണ് മാധവി.”
അവള്‍ നോക്കി.ശരിയാണ്.ഓരോ ശില്‍പ്പവും നൃത്തചുവടുകള്‍ വയ്ക്കുന്ന നിലയിലാണ്.
“അറുപത്തിനാല് ശില്‍പ്പങ്ങള്‍ ,അടവുകളും,കരണങ്ങളും ,അഭിനയവും ,ഹസ്തമുദ്രകളും എല്ലാമുണ്ട്...”അയാള്‍ തുടര്‍ന്നു.
അയാള്‍ വീണ്ടും അമ്പലത്തിനുള്ളിലെക്ക് പോയി.ഇത്തവണ അയാളുടെ കയ്യില്‍ ചിലങ്കകള്‍ ഉണ്ടായിരുന്നു.
അവള്‍ ചിലങ്കകള്‍ അണിഞ്ഞു.പിന്നെ അയാളെ നോക്കി തൊഴുതു.അയാള്‍ അവളുടെ കൈമുദ്ര ശില്പത്തിന്റെ നില നോക്കി ശരിയാക്കി.മെല്ലെ അവള്‍ ചുവടുകള്‍ വച്ചു.കടല്‍ത്തിരകള്‍ കല്‍ക്കെട്ടുകളില്‍ ആഞ്ഞടിച്ചു പിന്‍വാങ്ങുന്ന നേരം അവളുടെ ചിലങ്കകള്‍ കിലുങ്ങുന്ന ശബ്ദം ഉയരാന്‍ തുടങ്ങി.
‘ത ക ധി മി ത ക ജ നു ത ക തി മി ത
ത ക ധി മി ത ക ജ നു താ “
അയാള്‍ നിലത്തു ചമ്രം പടിഞ്ഞിരുന്നു താളം ചൊല്ലിക്കൊടുത്തു.ചിലങ്കകള്‍ അനുസരണയോടെ അതേറ്റ് ചൊല്ലി.നിലാവില്‍ അയാളുടെ മുഖം ഒരു മഞ്ഞമേഘക്കീറു പോലെ മിന്നി.രാത്രിയുടെ നൃത്തശാലയുടെ വിരികള്‍ മാറ്റി പുലരിയുടെ വെട്ടം കടന്നുവരുന്നതിന്റെ ഒരുക്കമായി ചന്ദ്രിക മാഞ്ഞു.അവള്‍ അയാള്‍ക്കരികില്‍ തളര്‍ന്നിരുന്നു.
“എന്താണ് നിങ്ങളുടെ പേര് ?”
“പേരല്ല പഠിക്കേണ്ടത്.ഭരതനാട്യമാണ്.”അയാള്‍ പിറുപിറുത്തു.
വെളിച്ചം മുഖത്തടിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നു.അയാള്‍ എപ്പോഴോ പോയികഴിഞ്ഞിരുന്നു.മാധവിയുടെ ശില്പത്തിന്റെ കരമുദ്രയുടെ തണുപ്പ് അവളുടെ കവിളില്‍ തങ്ങിനിന്നു.
ആ ദിവസങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു.പകല്‍ അവള്‍ കിടന്നുറങ്ങും.രാത്രി അടഞ്ഞുകിടക്കുന്ന മുറികളില്‍ പ്രേതത്തിന്റെ സാന്നിധ്യം അവളറിഞ്ഞു.പക്ഷേ അവള്‍ അത് കാര്യമാക്കിയില്ല.ശരീരത്തില്‍ നൃത്തത്തിന്റെ വഴക്കം രൂപം കൊള്ളുന്നത്‌ അവള്‍ അറിഞ്ഞു.നിലാവ് വീണ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരാന്‍ അവള്‍ ഉറങ്ങി.
“ഈ മാധവി ഒരു ദേവദാസിയായിരുന്നു.അവളുടെ നൃത്തത്തില്‍ അസൂയയാലുവായ രാജകുമാരി അവളുടെ ശരീരത്തില്‍ കൊത്താന്‍ തേളിനെ പറഞ്ഞയച്ചു.തേള്‍ കുത്തിയ വേദനയിലും അവള്‍ നൃത്തം തുടര്‍ന്നു.ഒടുവില്‍ മനോഹരമയ നൃത്തം അവസാനിക്കുമ്പോള്‍ അവള്‍ മരിച്ചുവീണു.”
ഒരു ദിവസം അയാള്‍ മാധവിയുടെ കഥ അവള്‍ക്ക് പറഞ്ഞു കൊടുത്തു.
അന്ന് നൃത്തം അവസാനിക്കുമ്പോള്‍ അവള്‍ മാധവിയുടെ ശില്‍പ്പമുഖത്തു ഉമ്മ വച്ചു.തേള്‍ കുത്തിയിട്ടും നൃത്തം ചെയ്യുന്ന ദേവീ,എനിക്ക്,ജയലക്ഷ്മിക്ക് നിന്നെ മനസ്സിലാക്കാം.
“നീ ഒരുങ്ങി കഴിഞ്ഞു ജയലക്ഷ്മി.നാളെ മഹാനവമി രാത്രിയില്‍ ദേവിയുടെ തിരുനടയില്‍ ചുവടു വയ്ക്കൂ...ഞാനുണ്ടാകും കാണാന്‍.” മുഖത്ത് ലാസ്യഭാവവുമായി ,കുഞ്ചിതപാദങ്ങളില്‍ ,ചുവടുവച്ച് നില്‍കുന്ന മാധവിയുടെ അറുപത്തിനാലാമത്തെ ശില്‍പ്പത്തിന്റെ മുന്‍പില്‍ വച്ച് അയാള്‍ പറഞ്ഞു.
മഹാനവമി രാത്രി വന്നു.
മഹാമല്ലപുരത്തെ നൃത്തോത്സവങ്ങള്‍ തുടങ്ങുന്ന രാത്രി.ഈ രാത്രി കഴിഞ്ഞാല്‍ തനിക്ക് ശാന്തമായി മരിക്കാം.ഇന്ന് തന്റെ അരങ്ങേറ്റമാണ്.തിരശീല മാറിയപ്പോള്‍ അവള്‍ വെള്ളിവെളിച്ചത്തില്‍ കുളിച്ചു.ആടകള്‍ തിളങ്ങി.ചിലങ്കകള്‍ തുള്ളി.സദസ്സില്‍ ഒരു മൂലയില്‍ അയാള്‍ ഇരുപ്പുണ്ടായിരുന്നു.ഏറ്റവും മുന്‍നിരയിലിരുന്ന അയ്യങ്കാരുടെയും മകളുടെ മുഖത്ത് അമ്പരപ്പ്.
മുറുകുന്ന താളം.മുഖത്ത് തെളിയുന്നത് രൗദ്രം കലര്‍ന്ന ദൈവികഭാവം.
“അയഗിരി നന്ദിനി ,നന്ദിത മേദിനി
വിശ്വ വിനോദിനി നന്ദനുതേ
ഗിരിവര വന്ദ്യ ശിരോധി നിവാസിനി
വിഷ്ണു വിലാസിനി ജിഷ്ണു നുതേ..
ചുവടുകളും മുദ്രകളും ഭാവവും പിഴക്കാത്ത നൃത്തം.ഒരു പൂ വിരിയുന്നത് പോലെ മെല്ലെ തുടങ്ങി,ഒരു കൊടുങ്കാറ്റായി അവള്‍ വേദിയില്‍ പകര്‍ന്നാടി.
പെട്ടെന്നാണ് അയ്യങ്കാര്‍ കസേരയില്‍നിന്ന് ചാടിയെഴുന്നെറ്റത്.അവളെ നോക്കി അയാള്‍ ഉറക്കെയലറി.
“അതാ വാസുദേവന്‍ ..അവനാണ് നൃത്തം ചെയ്യുന്നത്..ഞാന്‍ കൊന്നതാണവനെ...ഇതാ അവന്‍ വീണ്ടും വന്നിരിക്കുന്നു...” അയാള്‍ എങ്ങോട്ടോ ഓടി രക്ഷപെടാന്‍ തുനിഞ്ഞു.പക്ഷേ അധികം മുന്‍പോട്ടു പോകുന്നതിനു മുന്‍പ് അയാള്‍ കുഴഞ്ഞുവീണു.
പക്ഷേ ജയലക്ഷ്മി അതൊന്നും ശ്രദ്ധിച്ചില്ല.തന്റെ ഒപ്പം മറ്റാരോ നൃത്തം ചെയ്യുന്നത് പോലെ അവള്‍ക്കനുഭവപ്പെട്ടു.മറ്റാരോ...ഒരു കാറ്റ് പോലെ തനിക്ക് ശക്തി പകരുന്നു.ആ കാറ്റില്‍നിന്ന് ഒരു പിറുപിറുക്കല്‍ അവളുടെ ആത്മാവ് ശ്രവിച്ചു.
“ഞാന്‍ വാസുദേവന്‍.അയ്യങ്കാരുടെ പ്രിയ ശിഷ്യന്‍.അയാളുടെ മകള്‍ പാര്‍വതിയുടെ ഭര്‍ത്താവ്.പാര്‍വതിക്ക് പക്ഷേ ഇഷ്ടം മറ്റൊരാളോട് ആയിരുന്നു.വിവാഹശേഷം ഇതറിഞ്ഞതോടെ എന്റെ നൃത്തജീവിതം നശിച്ചു.മദ്യപാനം...പക്ഷേ ഞാന്‍ ഒരിക്കലും അവളെ ഉപദ്രവിച്ചിരുന്നില്ല.പക്ഷേ അവള്‍ അയ്യങ്കരെ തെറ്റിധരിപ്പിച്ചു.ഇല്ലാത്ത പാടുകള്‍ ചൂണ്ടിക്കാണിച്ചു ഞാന്‍ അവളെ ചാട്ട കൊണ്ട് തല്ലിയതാണ് എന്ന് പറഞ്ഞു.കോപാകുലനായ അയ്യങ്കാര്‍ ,മകള്‍ക്ക് അവള്‍ ആഗ്രഹിച്ച ജീവിതം കൊടുക്കാന്‍ എന്നെ കൊന്നു.പക്ഷേ മരണശേഷവും എനിക്ക് പൊറുതി കിട്ടിയില്ല...എന്നാലിപ്പോള്‍ ഈ നൃത്ത മണ്ഡപത്തില്‍ നിന്റെ ആത്മാവിന്റെ ഒരു തുണ്ടില്‍പ്പിടിച്ചു ഞാന്‍ കര കയറുന്നു.."
അരങ്ങേറ്റം പൂര്‍ത്തിയായി.അവള്‍ വേദിയില്‍ തളര്‍ന്നിരുന്നു.ഒരുപാടാളുകള്‍ അവളെ അഭിനന്ദിച്ചു.പ്രായത്തിനെയും രോഗത്തിനെയും വകവയ്ക്കാതെ തന്റെ ആഗ്രഹം നിറവേറ്റാന്‍ ചിലങ്കയണിഞ സ്ത്രീ...മാധ്യമങ്ങള്‍ അവളെ വാഴ്ത്തി.വാര്‍ത്തകളില്‍ നിറഞ്ഞത്‌ വളരെ പെട്ടെന്നാണ്.
അകന്നു കഴിഞ്ഞിരുന്ന മകള്‍ അവളെ തേടിവന്നു.അമ്മയെ ഒപ്പം കൊണ്ടുപോകാനായി.ജീവിതം എന്തൊക്കെ അത്ഭുതങ്ങളാണ് അവള്‍ക്ക് കാത്തുവച്ചത്.
മഹാമല്ലപുരം വിടുന്നതിനു മുന്‍പുള്ള അവസാനത്തെ പുലരിയില്‍ ,നിലാവില്‍ വെളുത്ത തിരകള്‍ കല്‍ക്കെട്ടുകളില്‍ ചുംബിക്കുന്ന മാധവിയമ്മന്‍ കോവിലില്‍ ജയലക്ഷ്മി ഒരിക്കല്‍കൂടി തനിച്ചു ചെന്നു.ഒരു സ്വപ്നത്തിലെന്നപോലെ താന്‍ നൃത്തം പഠിച്ച ശില്പഗോപുരത്തിനു മുന്‍പില്‍ ,മാധവിയുടെ അറുപത്തിനാലാമത്തെ ശില്‍പ്പത്തിനുമുന്‍പില്‍ അവള്‍ ചിലങ്കകള്‍ അണിഞ്ഞു അയാളെ കാത്തിരുന്നു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo