പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
---------------------------------------
---------------------------------------
കുറേക്കൊല്ലം മുൻപ് ഇന്ത്യൻ ഏകസ്പ്രസ് പത്രത്തിൽ ജോലി ചെയ്യുന്ന കാലത്ത്, തിരുവനന്തപുരം ഓഫീസിൽ ഇരുന്ന് എപ്പോഴോ ഫ്രീ ടൈം കിട്ടിയപ്പോൾ യേശുദാസിന്റെ ഒരു പോർട്രെയ്റ്റ് ആണോ കാരിക്കേച്ചർ ആണോ എന്നുറപ്പില്ലാത്ത ഒരു ചിത്രം വരച്ചു.
യേശുദാസ് ആണെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെങ്കിലും, പൊതുവെ വര പതിവില്ലാത്ത കൊണ്ടും ആരെങ്കിലും അത് കണ്ടത് കൊണ്ട് എനിക്കോ യേശുദാസിനോ യാതൊരു ഉപകാരവും ഇല്ലാത്തത് കൊണ്ടും ഞാൻ ആരെയും കാണിക്കാൻ പോയില്ല.
അല്പം കഴിഞ്ഞ് എന്തോ ഒരു മെയിന്റനൻസ് വർക്കുമായി തിരക്കിലായ ഞാൻ തിരികെ വന്നു നോക്കുമ്പോൾ എനിക്ക് ടേബിളിൽ കൊണ്ട് വെച്ചിട്ടുള്ള ചായ കാന്റീൻ കാരൻ ഈ ചിത്രം വെച്ച് അടച്ചു വെച്ചിരിക്കുന്നു...
കാര്യം, ആരെയും കാണിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എങ്കിലും ഈ വർക്ക് ഇങ്ങനെ ചെയ്തു കണ്ടപ്പോ എന്റെ നെഞ്ച് പൊട്ടിപ്പോയി. സങ്കടം കാരണം ഞാൻ ഒരുതരം പരാതി പോലെ കൂടെ ഇരിക്കുന്ന ഒരു സുഹൃത്തിനോട് പറഞ്ഞു.
എന്റെ പരാതി കേട്ട സുഹൃത്ത് എന്റെ കൈയിൽ നിന്നും ചിത്രം വാങ്ങി നോക്കി. തുടർന്ന് എന്നെയും നോക്കി. ചിത്രത്തെയും എന്നെയും മാറി മാറി നോക്കി... പിന്നെ ചിത്രം ഇടം കൈയിലേക്ക് മാറ്റി വലം കൈ കൊണ്ട് എനിക്കൊരു ഷെയ്ക് ഹാൻഡ് തന്നു. കൂടെ ഒരു കമന്റും.
"ദാസേട്ടനെ ഫോട്ടോ എടുത്ത് വെച്ച പോലെ തന്നെ കേട്ടാ...."
പിന്നെ, ഒരു പ്രകോപനവും ഇല്ലാതെ അറ്റണ്ടർമാരെ വിളിക്കാൻ ഉദ്ദേശിച്ചുള്ള ബെൽ അടിച്ചു.
എന്തോ അത്യാവശ്യ കാര്യം എന്ന മട്ടിൽ വന്ന പിച്ചുമണി എന്ന തമിഴൻ അറ്റൻഡർ, ഇദ്ദേഹത്തിന്റെ കൈയിൽ ഇരുന്ന ചിത്രം നോക്കി ആരാ എന്താ എന്ന് പോലും അറിയാതെ ഒറ്റ അഭിപ്രായം വെച്ചു കൊടുത്തു.
"ആഹാ... പെരിയവർ പടം.. റൊമ്പ പ്രമാദം... സൂപ്പറാ പണ്ണിയിരുക്കെ"
പിന്നെ പടവും കൈയിലെടുത്ത് എനിക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപ് അടുത്ത ഡിപ്പാർട്ട്മെന്റുകളിലേക്ക് എന്തൊക്കെയോ ഒച്ചകൾ പുറപ്പെടുവിച്ച് ഓടിപ്പോയി...
അൽപ സമയം കൊണ്ട് തന്നെ ഓഫീസിൽ ഉള്ള ഒട്ടു മിക്കവാറും ആളുകൾ റൊമ്പ പ്രമാദമാന യേശുദാസിനെ കണ്ട് ആഹ്ലാദിച്ചു. ഒറ്റയ്ക്കും തെറ്റയ്ക്കും ഓരോരുത്തരായി വന്ന് എന്നെ അഭിനന്ദിച്ചിട്ടു പോയി. യൂണിറ്റ് മാനേജർ പോലും വന്ന് എന്നെ അഭിനന്ദിച്ച സ്ഥിതിക്ക് ഞാൻ അത്യാവശ്യം തെറ്റില്ലാത്ത ഒരു സംഭവം ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി..
ഇതിനിടെ പിച്ചുമണി ഡ്യൂട്ടി കഴിഞ്ഞ് പോകാറായി. പോകും മുൻപ് ചിത്രം ഭദ്രമായി എന്നെ തിരിച്ചെൽപ്പിച്ച് വീണ്ടും ഒരു ഷെയ്ക് ഹാൻഡ് കൂടി തന്ന് ചരിതാർഥനായി.
അല്പം കൂടി കഴിഞ്ഞപ്പോൾ ഈ ചിത്രം ആദ്യം കണ്ട സഹപ്രവർത്തകൻ ഡ്യൂട്ടി കഴിഞ്ഞ് പോയ ഒഴിവിൽ, വിജയൻ നായർ എന്ന ഒരു സൂപ്പർ വൈസർ ഡൂട്ടിയ്ക്കായി വന്നു.
ഇത്രയും പേര് കണ്ട് അഭിനന്ദിച്ച ഒരു ചിത്രമിതാ... വേണമെങ്കിൽ എന്നെ അഭിനന്ദിച്ചിട്ട് പൊയ്ക്കോ എന്ന മട്ടിൽ ഞാൻ മുഖം അല്പം കോടിച്ച് തികഞ്ഞ പുച്ഛത്തോടെ ചിത്രം വിജയൻ നായർക്ക് നീട്ടി.
"എന്തരിത്?"
"ഒരു ചിത്രം വരച്ചതാ.."
"ആഹാ... യിതാര് പടത്തില്?"
ഞാൻ മിണ്ടിയില്ല. വേണെങ്കിൽ കണ്ടുപിടിച്ചോട്ട് എന്ന മട്ടിൽ ഇരുന്ന് കൊടുത്തു.
വിജയൻ നായർ കാഴ്ച പ്രശ്നം ഉള്ളവരുടെ പോലെ ചിത്രം വെളിച്ചത്തിന് നേരെ പിടിച്ചു. പിന്നെ കണ്ണിൽ നിന്ന് അകത്തി പിടിച്ചു. തല അകത്തിപ്പിടിച്ചു..
നന്നായി മനസ്സിരുത്തി നോക്കിയ ശേഷം പറഞ്ഞു....
"നമ്മടെ ഓവർ ബ്രിഡ്ജീന്ന് തമ്പാനൂര് പോണ വഴീക്കെടക്കണ രാഗം ന്നൊരു കാസറ്റ് കട കണ്ടിട്ടൊണ്ടാ നിങ്ങള്?"
"ഉവ്വ്. കണ്ടിട്ടുണ്ട്"
"അയിന്റെ മുന്നിലും ഇത്രേം തന്നെ വൃത്തികേടായിട്ട് യേസാസിനെ വരച്ച് വെച്ചിട്ടൊണ്ട്!"
തലയുടെ കൃത്യം മെഡുല്ല ഒബ്ലാംകട്ട ഭാഗത്ത് ഒരടി കിട്ടിയ പോലെ ഞാൻ ഇരിക്കുന്നതിനിടെ, യാതൊരു പ്രകോപനവും കൂടാതെ വിജയൻ നായർ അറ്റൻഡർമാരെ വിളിക്കാനുള്ള ബെൽ അടിച്ചു..
എന്തോ അത്യാവശ്യ കാര്യം എന്ന മട്ടിൽ ഓടി വന്ന മധു എന്ന അറ്റൻഡറിനോട് നായർ ഈ ചിത്രം കൊടുത്ത് അനുബന്ധമായി ഇവ്വിധം ചോദിച്ചു.
"യിതാരെന്ന് പറഞ്ഞാണ്.."
ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന് ചിത്രം വാങ്ങി എന്നെയും ചിത്രത്തെയും തലങ്ങും വിലങ്ങും നോക്കി ഒരു രഹസ്യം കണ്ടു പിടിച്ച പോലെ മധു ചോദിച്ചു...
"ഷഫീക്കിനെ വരച്ചെയാണാ?"
ചാണകത്തിൽ ചവിട്ടിയ പോലെ ഇരിക്കുന്ന എന്റെ മുഖത്ത് നോക്കി മധു ഒന്നുകൂടി ചോദിച്ചു..
"കാണിക്കട്ടാ?"
=============Rajeev Panicker
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക