ഭാര്യയുടെ കൊട്ടും കൂക്കുവിളിയും കേട്ട് മനം പിരട്ടുന്ന പറങ്ങോടനോട് ഒരു ദിവസം സുഹൃത്ത് പറഞ്ഞു:
"സ്‌കൂളിൽ പഠിക്കുമ്പോഴൊക്കെ നീ എഴുതാറുണ്ടല്ലോ.. ഓൺലൈനിൽ എഴുതൂ... മനസ്സിന് ഒരാശ്വാസം കിട്ടും".
അത് നല്ലതാണെന്നു പറങ്ങോടനും തോന്നി. ഫെയ്‌സ് ബുക്ക് ടെക്കിയല്ലാത്ത പറങ്ങോടന് സുഹൃത്ത് നിർദേശങ്ങൾ കൊടുത്തു കൊണ്ടേയിരുന്നു.
"ലൈക്കിന് വേണ്ടി ഒന്നും എഴുതരുത്.. നിന്റെ കഴിവുകൾ പുറത്തെടുത്ത് വീശാനുള്ള ഒരു അവസരമായി കാണണം"
അങ്ങിനെ പറങ്ങോടൻ "വെഞ്ചാമരത്തിലെ നാലു തവളകൾ" എന്ന കഥ പോസ്റ്റ് ചെയ്തു. നാലഞ്ചാളുകൾ വന്നു മരിച്ച വീട്ടിലെ പോലെ ദുഃഖ ഇമോജികളും വചനങ്ങളും ചൊരിഞ്ഞു ബഹുമാനപൂർവ്വം മടങ്ങി.
ഉടനെ വന്നു സുഹൃത്തിന്റെ സന്ദേശം.
"മനുഷ്യന് മനസ്സിലാവുന്ന വല്ലതും എഴുത് തവളേ..ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പിൽ അഞ്ചാളുകളാ വായിച്ചത് "
അവന്റെ ചീത്തവിളി കേട്ടപ്പോൾ മത്തിക്കറിയുടെ പേരിൽ തന്നോട് പിണങ്ങിപ്പോയ ഭാര്യയെ നാരങ്ങാമിട്ടായി കൊടുത്ത് തിരിച്ചു കൊണ്ട് വരുന്ന ഒരു ചങ്കൻ ഭർത്താവിന്റെ കഥ പറങ്ങോടൻ പോസ്റ്റ് ചെയ്തു..ലക്സ് സോപ്പിലെ പതപോലെ ലൈക്സ് നുരഞ്ഞു പൊന്തിവന്നു..
സുഹൃത്തിന്റ സന്ദേശം ഉടനെ വന്നു.
"എന്തോന്നാടാ ഇത്...ചളിപിടിച്ച പൈങ്കിളി.....”
അങ്ങിനെ ടെൻഷൻ മാറ്റാനായി എഴുതാൻ തുടങ്ങിയ പറങ്ങോടന് പുതിയൊരു പിരിമുറുക്കം കൂടി ഫ്രീയായി കിട്ടി - എങ്ങിനെയെഴുതണം ? എന്തെഴുതണം ?
ചങ്ങാതിയുടെ നിർദേശങ്ങൾ പിന്നെയും വന്നു കൊണ്ടേയിരുന്നു.
"നിന്റെ കഥക്ക് ലൈക് അടിച്ച ലേഡീസിന് മുഴുവൻ റിക്വസ്റ്റ് അയക്കരുത് കേട്ടോ ?
"അയ്യോടാ...ആദ്യമേ പറയേണ്ടേ ? എല്ലാ ആണിനും പെണ്ണിനും അയച്ചു." ഫ്രണ്ട് ലിസ്റ്റിനെ പുഷ്ടിപ്പെടുത്താൻ വ്യായാമം ചെയ്യുന്ന പറങ്ങോടൻ പരുങ്ങി.
“അയച്ചത് അയച്ചു...അവരുടെ ഇൻബോക്സിൽ ഒന്നും പോകരുത്”
“അതെന്താടാ ഇൻബോക്സ് ? അവർ ഡ്രസ്സ് മാറുന്ന സ്ഥലമാണോ?”
പറഞ്ഞു തീർന്നില്ല, ഒരു മെസ്സേജ് : രുക്മിണി മാവിൻപുറം
"ചേട്ടാ ...കഥ വായിച്ചു കഴിഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു..ചേട്ടനെ ഒത്തിരി ഇഷ്ടമാണ് ട്ടാ .."
"ചേട്ടനോ ? എനിക്ക് അടുത്ത കുംഭത്തിൽ മുപ്പത്തഞ്ചു വയസ്സ് തികയുന്നതേ ഉള്ളൂ....പിന്നെ ഞാൻ കല്യാണം കഴിച്ചതാണ് ട്ടാ .അല്ലെങ്കിൽ രുക്കൂനെ കെട്ടിയേനേ ! "
അതോടെ ഉറച്ച ഒരു ലൈക്കും മൂന്ന് പാരഗ്രാഫിൽ കുറയാതെയുള്ള അതി നിഗൂഢമായ ഒരു കമന്റും പറങ്ങുവിനു നഷ്ടമായി.
"സെൻസ്‌ലെസ്സ് ഗയ്" വിവരം അറിഞ്ഞ സുഹൃത്ത് ചീത്ത പറഞ്ഞു..
പിന്നെയും ചിലരുടെ കമന്റുകൾ:
"സർ, താങ്കളുടെ എഴുത്ത് വായിച്ചപ്പോൾ എനിക്ക് ഗുന്തേ ഗ്രസ്സിന്റെ ഒരു നോവൽ ഓർമ വന്നു...ഒന്ന് കൂടെ വിശദീകരിക്കാമോ? "
"താങ്കളുടെ ഭാഷ എം.ടി യുടേതുപോലെ ഹൃദയം കൊണ്ടെഴുതിയത്.."
"താങ്കൾ നർമത്തിൽ വി.കെ എന്നിന്റെ.... "
പറങ്ങോടൻ വീണ്ടും വിയർത്തു.. ടെൻഷൻ മാറ്റാൻ എഴുതാൻ തുടങ്ങിയതാണ്...ഇപ്പോൾ താൻ ആരൊക്കെയായി ? കുന്തം ഗ്രാസ്...എം.ടി., വി.കെ.എൻ...തീർന്നില്ല...നാലു മാസം ഉറങ്ങി എഴുന്നേറ്റപ്പോൾ നല്ലവരായ സുഹൃത്തുക്കൾ പതിനാലു സാഹിത്യ കൂട്ടായ്മയിൽ ചേർത്തു. ദിവസവും പത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അഞ്ഞൂറോളം വളകിലുക്കം കേൾപ്പിച്ചു..
അതിനിടയിൽ എന്തെല്ലാം സംഭവങ്ങൾ ....ഗുഡ് നൈറ്റ് മെസ്സേജ് ഇട്ട ശോഭക്ക് റിപ്ലൈ കൊടുക്കാൻ വൈകിയപ്പോൾ അൺഫ്രണ്ട് ചെയ്തത്, പനി പിടിച്ചെന്ന് പോസ്റ്റിട്ട പാർവ്വതി "ആശംസകൾ" കിട്ടാത്തതിൽ പിണങ്ങിപ്പോയത്...എന്നും പ്രണയ കഥ എഴുതുന്ന ഭാസ്ക്കര ചേട്ടന്റെ നർമ്മ കഥക്ക് വായിക്കാതെ "പ്രണയത്തിന്റെ പൊന്നരഞ്ഞാണം" എന്നൊരു കമന്റ് ഇട്ടുപോയതും അതോടെ ആൾ ശത്രുവായതും..
രാത്രിയിൽ ഉറക്കമൊഴിച്ചിരുന്നിട്ടും പറങ്ങോടന് എല്ലാ സുഹൃത്തുക്കളുടെയും പോസ്റ്റിൽ എത്തിപ്പെടാനാവുന്നില്ല..പരിഭവം...പരാതി...പരിഹാസം.. "ശവം" വിളികൾ !
വൈകുന്നേരം കുട്ടേട്ടന്റെ ഹോട്ടലിൽ നിന്നും പുഴുങ്ങിയ മുട്ടയും പശുവിൻ നെയ്യ് ഒഴിച്ച കാപ്പിയും കഴിച്ചിട്ടും പറങ്ങോടൻ ക്ഷീണിച്ചു ക്ഷീണിച്ചു വന്നു.
മടുത്തു! പിറ്റേന്ന്, അതായത് ചൊവ്വാഴ്ച, നട്ടുച്ച നേരം 12 : 30 ന് പറങ്ങോടൻ ഓൺലൈൻ താഴിട്ട്പൂട്ടി ഭാര്യയുടെ കർപ്പൂര ഭാഷണത്തിനായി സാകൂതം കാത്തു നിന്നു.
"വന്നാട്ടെ....വന്നാട്ടെ....എത്ര ചുറ്റിയാലും ചേല അര വിടുമോ? പിന്നെ വേറൊരു കാര്യം .. ഉള്ളിലും പുറത്തും നാലു മാസത്തെ ചളിയും ചേറുമുണ്ട്..നന്നായി തേച്ചു കുളിച്ചിട്ട് വലതുകാൽ വെച്ചു വന്നാൽ മതി...ചൂടുള്ള ചോറും മോര് കറിയും തയ്യാർ ! "
(Haris)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക