നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം


കുറച്ചു ദിവസങ്ങൾക്കു ശേഷം
ഒരു രാത്രി വാപ്പച്ചിക്കൊരു എഴുത്തെഴുതി വെച്ച് ഞാൻ അവനോടൊത്തം ഇറങ്ങി പോയി,
ഞാനൊരു മുസ്ലിമും, അവനൊരു ഹിന്ദുവും എന്നതായിരുന്നു പരസ്പരം ഇഷ്ടപ്പെടുന്നതിൽ നിന്നു ഞങ്ങൾ പോലും ഞങ്ങളെ ആദ്യം തടഞ്ഞത്,
എന്നാൽ സ്നേഹത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങുന്നത് മണ്ണിലല്ല മനസ്സിലാണെന്നു തിരിച്ചറിഞ്ഞതും,
ഉള്ളിലുള്ള സ്നേഹ പ്രവാഹങ്ങളുടെ ശക്തിക്ക് ജാതിയേയും മതത്തേവും മാത്രല്ല വൻകരകളെ പോലും തകർത്തെറിയാനുള്ള കരുത്തുണ്ടെന്നു കൂടി മനസിലായതോടെ മുന്നിലെ ആദ്യമതിൽ വീണു,
എന്നാൽ
പ്രണയം എന്റെ വീട്ടിലറിഞ്ഞതും അതേ മതിൽ വീണ്ടും ഞങ്ങൾക്കു മുന്നിലുയർന്നു,
കാര്യങ്ങൾ അറിഞ്ഞതും വാപ്പച്ചി വളരെ സീരിയസായി തന്നെ എന്നോടു പറഞ്ഞു,
നീ പറയാൻ പോകുന്ന കഥകളൊന്നും കേൾക്കാനുള്ള നേരം എനിക്കില്ല,
എനിക്കറിയേണ്ടത് ഇത്രമാത്രമാണ്,
ഈ ബന്ധം തുടങ്ങുമ്പോൾ
തന്നെ നീ വിചാരിച്ചിരിക്കും ഈ ബന്ധം വീട്ടിലുള്ളവർക്ക് ഇഷ്ടമാവില്ലായെന്നും അങ്ങിനെ ഇഷ്ടമായില്ലെങ്കിൽ അവനെ ഒഴിവാക്കേണ്ടി വരുമെന്നും....!
പിന്നെ എന്തു കൊണ്ട് ഇപ്പോൾ അവനെ ഒഴിവാക്കാൻ നിനക്കു കഴിയുന്നില്ലാ...? ? ?
ഒന്നുകിൽ നീ ഇതിൽ നിന്നു സ്വയം പിന്മാറുക അല്ലെങ്കിൽ,
എന്നെയും നിന്റെ ഉമ്മച്ചിയേയും പോലെ ഒരാൾക്ക് മറുത്ത് ചിന്തിക്കാനാവാത്ത വിധം ഏറ്റവും കൺവിൻസിങ്ങായ ഒരു ഉത്തരം നീ തരണം..!
അതിനും കഴിഞ്ഞില്ലെങ്കിൽ
പിരിയാൻ തയ്യാറായിക്കോള്ളുക...!
വളരെ ശക്തമായിരുന്നു
വാപ്പച്ചിയുടെ ഒരോ വാക്കുകളും !
വാപ്പച്ചിയോട് അവനെ
സ്നേഹിച്ചു പോയി,
ഇഷ്ടപ്പെട്ടു പോയി,
പിരിയാൻ പറ്റുന്നില്ല,
മറക്കാൻ കഴിയുന്നില്ല എന്നൊക്കെ പറഞ്ഞാൽ അങ്ങിനെ പറഞ്ഞവരാണ് കൂടുതലും പിരിഞ്ഞിട്ടുള്ളതെന്ന് വാപ്പച്ചി തിരിച്ചെന്നോടും പറയും,
എന്നാൽ അവർക്കു കൺവിൻസിങ്ങായ ഒരു ഉത്തരം നൽകാനായില്ലെങ്കിൽ എല്ലാം ഇവിടെ അവസാനിക്കുകയും ചെയ്യും,
ഡോക്ടറായ വാപ്പച്ചിയേയും വക്കീലായ ഉമ്മയേയും എന്തെങ്കിലും പറഞ്ഞു കൺവിൻസിങ്ങ് ചെയ്യുക എന്നത് നടക്കാത്ത കാര്യവുമാണ്,
ഞാൻ ശരിക്കും ത്രിശങ്കുസ്വർഗ്ഗത്തിലായി...!
വാപ്പച്ചി ഒരു തീരുമാനം എടുക്കുന്നതിനായി എനിക്കനുവദിച്ചിരിക്കുന്ന സമയം രണ്ടാഴ്ച്ചയാണ്,
വാപ്പച്ചിയുടെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്ന് എത്രയാലോചിച്ചിട്ടും എനിക്കൊരുത്തരവും കിട്ടിയില്ല,
പൊതുവേ നമ്മൾ നമ്മുടെ ഇഷ്ടം നടക്കാനായി വീട്ടിൽ പറയപ്പെടുന്ന ഏതൊരു കാരണത്തിലും വാപ്പച്ചി തൃപ്തനാവില്ലെന്ന് മനസിലായതോടെ എന്റെ ഭയവും കൂടി,
എന്നാൽ ആ ആലോചനയിൽ മറ്റൊരു കാര്യം കൂടി എനിക്കു മനസിലായി,
ശരിക്കും അതായിരുന്നു എന്നെ കൂടുതൽ ഭയപ്പെടുത്തിയത് !
ആ ചോദ്യം കൊണ്ട്
വാപ്പച്ചിയെന്നെ പരീക്ഷിക്കുകയാണ്,
വാപ്പച്ചിയുടെ ആ ചോദ്യം
സത്യത്തിൽ വലിയൊരു ട്രാപ്പായിരുന്നു,
എന്റെ ഇഷ്ടങ്ങളെ
ന്യായീകരിക്കാനായി ആ ചോദ്യത്തിനു ഞാനെന്തുത്തരം നൽകിയാലും തൃപ്തികരമല്ലെന്നു പറഞ്ഞു അതിനെ നിഷേധിക്കാൻ അവർക്കാവും,
അവരുടെ മനസിലുള്ള ഉത്തരം തന്നെ അവരോടു പറയുക എന്നത് പ്രാവർത്തീകവുമല്ല,
അതോടൊപ്പം വാപ്പച്ചിക്ക് വക്കീലായ ഉമ്മയുടെ പൂർണ്ണ സപ്പോർട്ടും കൂടിയുണ്ട്,
അതു കൊണ്ടു തന്നെ ജയം അവർക്കൊപ്പമേ നിൽക്കു എന്നും മനസിലായി,
എന്നാൽ
അവരുടെ ചിന്തകളിലേക്ക് നിഷേധിക്കാനാവാത്ത സത്യത്തിന്റെ വെടിയുണ്ട പോലെ ഉള്ളു തുളച്ചു കയറാനാവുമെങ്കിൽ അതൊരവസരം കൂടിയാണ്....!
100-ൽ വെറും 1% മാത്രം
വിജയസാധ്യതയുള്ള അവസരം...!
സമയം മെല്ലെ കടന്നു പോയി
അവനെ പിരിയുക എന്നല്ലാതെ എന്റെ മുന്നിൽ ഒരു വഴിയും തെളിഞ്ഞില്ല, അവന്റെ കൂടെ ഇറങ്ങി പോകണം എന്നൊക്കെയുണ്ട് പക്ഷെ അതിനും ഉള്ള ധൈര്യമില്ലാതെ ഞാൻ നിന്നു കുഴങ്ങി,
അങ്ങിനെ വാപ്പച്ചി എനിക്കനുവദിച്ച രണ്ടാഴ്ച്ചയുടെ അവസാന ദിവസം തമ്മിൽ പിരിയാം എന്നു പറയാനായി ഞാനവനെ ഫോണിൽ വിളിച്ചു,
ഒരിക്കൽ കൂടി തമ്മിൽ കാണാൻ പോലും ഞാൻ അശക്തയാണ് എന്നു തുടങ്ങി വാപ്പച്ചി എന്നോടു ചോദിച്ച ചോദ്യമടക്കം ഞാനെല്ലാം അവനോടു പറഞ്ഞു,
എല്ലാം കേട്ട ശേഷം പതിഞ്ഞ ശബ്ദത്തിൽ അവനെന്നോടു ചോദിച്ചു,
നമ്മൾ ഭയപ്പെട്ടത് സംഭവിക്കാൻ പോവാണല്ലെയെന്ന് ?
ഞാനതിനുത്തരമൊന്നും പറഞ്ഞില്ല, പറയാൻ എന്റെ കൈയ്യിൽ ഉത്തരങ്ങളൊന്നുമുണ്ടായിരുന്നുമില്ല,
എന്നാൽ
അപ്പോഴാണവൻ മറ്റൊരു ചോദ്യം ചോദിച്ചത്,
ഈ കാലമത്രയും ഭയമില്ലാതെ
ഒരിക്കലെങ്കിലും നമ്മൾ തമ്മിൽ കാണുകയോ മിണ്ടുകയോ ചെയ്തിട്ടുണ്ടോയെന്ന് ? ?
എന്തിനേയാണോ നമ്മൾ പ്രണയത്തിൽ ഭയപ്പെടുത്തത് ആ ഭയത്തെ തന്നെ ഉള്ളിൽ വളർത്തിയെടുത്ത് അതിനു തന്നെ കീഴ്പ്പെടുക മാത്രമല്ലെ നമ്മൾ ചെയ്യുന്നത് ?
അന്നേരം അവന്റെ ആ ചോദ്യം എന്നെ വല്ലാതെ പൊള്ളിച്ചു,
തുടർന്ന് ഒരക്ഷരം പോലും പറയാതെ ഞാനുടനെ ഫോൺ വെച്ചു,
എങ്കിലും ഞാൻ ആലോചിച്ചു
അവൻ പറഞ്ഞത് ശരിയാണ്,
ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ
ഭയപ്പെടുകയാണ് ചെയ്തിട്ടുള്ളത്,
ആ ഭയത്തിനിടയിലുള്ള ചെറിയ സമയങ്ങളിലെപ്പഴൊക്കയോ മാത്രമേ ശരിക്കും ഞങ്ങൾ സ്നേഹിച്ചിട്ടുള്ളൂയെന്ന് അപ്പോഴെനിക്കും മനസിലായി,
എന്റെ കാര്യത്തിൽ മാത്രമല്ല ഒട്ടുമിക്കവരുടെ പ്രണയത്തിലും സ്നേഹത്തിനേക്കാളും പിടിക്കപ്പെടുമോ എന്ന ഭയത്തെ തന്നെയാവും അവർ കൂടുതൽ കരുതലോടെ പരിപാലിച്ചിട്ടുണ്ടാവുക അവസാനം അവൻ പറഞ്ഞ പോലെ ആ ഭയത്തിനു തന്നെ കീഴടങ്ങിയിട്ടുമുണ്ടാകും,
ഞാനും അവനെ സ്നേഹിക്കാൻ തുടങ്ങിയതു തന്നെ പിരിയേണ്ടി വരുമോ എന്ന ഭയപ്പാടിലാണ്,
മറ്റുള്ളവർ അറിയുമോ, പിടിക്കപ്പെടുമോ എന്ന ആധിയോടെയാണ് ഞങ്ങൾ ഒരോ നിമിഷവും സ്നേഹിച്ചത്,
ചുറ്റും ആരും ഇല്ലെങ്കിൽ പോലും
പേടി കാരണം അവനോട് ഒന്നു ചേർന്നു നിൽക്കാൻ പോലും ധൈര്യപ്പെട്ടില്ല,
പലപ്പോഴും അവനെ അടുത്തു കിട്ടിയിട്ടു പോലും അവന്റെ മുഖമൊന്ന് ശരിക്ക് കാണാൻ പോലും കഴിഞ്ഞിട്ടില്ല,
അതിനു പോലും ഭയമാണ്,
എപ്പോഴും എന്നിലേക്ക് നോട്ടങ്ങളായി മാത്രം എന്നെ തിരഞ്ഞെത്തുന്ന അവന്റെ കണ്ണുകൾ മാത്രമാണ് ഞാൻ കണ്ടു കൊണ്ടിരുന്നത്,
പലപ്പോഴും ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അവന്റെ മുഖത്തേക്കും കണ്ണുകളിലേക്കും ഒരു ഭയപ്പാടുകളും കൂടാതെ ആരാധനയോടെ നോക്കിയിരിക്കണമെന്ന്,
ഒരിക്കലും അതിനിതുവരെ സാധിച്ചിട്ടില്ല, ഭയമില്ലാത്ത ഒരു നിമിഷം പോലും തമ്മിലുണ്ടായിട്ടില്ല,
അവനോടൊത്തു ചേരുമ്പോൾ കാണുന്നതിലെല്ലാം ഭയം എന്നത് പലപ്പോഴും എന്നെ കൊല്ലാതെ കൊന്നിട്ടുമുണ്ട്,
ഭയമില്ലാതെ ആകെ കേൾക്കാനാവുന്നത് അവന്റെ ശബ്ദം മാത്രമാണ്,
ഇനി അതും നഷ്ടപ്പെടാൻ പോകുന്നു,
എത്ര കൊതിച്ചിട്ടുണ്ടെന്നറിയോ അവന്റെ ആ കണ്ണുകളോട് കഥ പറയാനും,
അവൻ എന്റെതാണെന്ന ഉത്തമ വിശ്വാസത്തോടെ ഇരുകൈകളിലുമായി അവന്റെ മുഖം കോരിയെടുത്തു കൊണ്ട് ആ നെറ്റിയിലും കണ്ണുകളിലും ഉമ്മ വെക്കാനും,
പക്ഷെ എന്തു ഫലം ?
നടക്കില്ല എന്നുറപ്പുള്ള ആഗ്രഹങ്ങളിൽ ഒന്നായി മനസ്സിന്റെ ഉള്ളറകളിൽ എവിടയോ ഈ ആഗ്രഹവും ചിതലരിച്ചു കിടപ്പുണ്ടാവും !
എല്ലാം കൂടി ഒാർത്തപ്പോൾ അവസാനമായി ഭയമില്ലാതെ ഒന്നു തമ്മിൽ കണ്ടശേഷം പിരിയാമെന്ന ധാരണയിൽ ഞാനും എത്തിച്ചേർന്നു,
അങ്ങിനെ പിരിയാനായി തമ്മിൽ കാണാൻ തീരുമാനിച്ച് പറഞ്ഞുറപ്പിച്ച സ്ഥലത്ത് ഞങ്ങളെത്തി,
അല്ലെങ്കിലും അവസാനക്കാഴ്ച്ചകൾക്ക് നിറം കൂടുതലാണ് ചിലപ്പോൾ അതവസാനത്തേതാണെന്ന തിരിച്ചറിവിൽ അവയുടെ പൂർണ്ണഭംഗി അവക്കു കൈവരുന്നതാവാം,
അവനെന്റെ അടുത്തെത്തിയതും ഭയപ്പാടുകളെയെല്ലാം മാറ്റിവെച്ച് എനിക്ക് അവനെ കാണാനായി അവനും അവനു എന്നെ കാണാനായി ഞാനും നിന്നു കൊടുത്തു,
കുറച്ചധികം നിമിഷങ്ങൾ കണ്ണിലേക്കല്ലാതെയും ഞങ്ങൾ നോക്കി നിന്നു,
പിരിയുക എന്ന ആശയം മുന്നോട്ടു വെച്ചത് ഞാനായതു കൊണ്ടും,
അവിടെ നിൽക്കുന്ന ഒരോ നിമിഷവും സ്വന്തം വേദനയുടെ ആഴം വർദ്ധിപ്പിക്കാമെന്നല്ലാതെ വലുതായൊന്നും സംഭവിക്കാനില്ലെന്നും മനസിലായതോടെ,
വന്നു കുറച്ചു കഴിഞ്ഞതും
അവനെന്നോടു ചോദിച്ചു,
ഞാൻ തിരിച്ചു പോയിക്കോട്ടെയെന്ന് ?
അന്നേരം മാത്രമാണ് ഞാനവന്റെ കണ്ണുകളിലേക്ക് നോക്കിയത് ആ സമയം അവൻ എന്നിൽ നിന്നവന്റെ കണ്ണുകൾ വെട്ടിച്ചു കളഞ്ഞു,
അതോടെ അവനു തിരിച്ചു പോകാൻ ഞാൻ സമ്മതം കൊടുത്തു,
എന്റെ സമ്മതം കിട്ടിയതും അവൻ തിരിഞ്ഞു നടന്നു,
എന്നെ വിട്ടകലും മുന്നേ ഒന്നു തിരിഞ്ഞു നോക്കുമെന്നു കരുതി ഞാനവൻ പോകുന്നതും നോക്കി നിന്നെങ്കിലും അവൻ തിരിഞ്ഞു നോക്കിയതേയില്ല.,
അവൻ എന്നിൽ നിന്ന് മടങ്ങുന്ന കാഴ്ച്ച കണ്ടു നിൽക്കേണ്ടി വന്നതോടെ അടക്കിവെച്ച വേദനകളെല്ലാം ഒന്നൊന്നായി സൂചി പോലെ വന്ന് എന്റെ നെഞ്ചിനകത്തു തറച്ചു രക്തം കിനിയാൻ തുടങ്ങിയിരുന്നു,
അതോടെ എന്റെ ഉള്ളിൽ എന്നോള്ളം അളവിൽ പൊട്ടിത്തെറിക്കാൻ ആവും വിധം കണ്ണീരും എന്നിൽ വന്നു നിറഞ്ഞു,
അവൻ ഇനി നാലടി കൂടി നടന്നാൽ പൂർണ്ണമായും എന്റെ മുന്നിൽ നിന്ന് അപ്രത്യക്ഷമാവും എന്നു തോന്നിയതും പെട്ടന്ന് എന്തോ പ്രേരണയിൽ ഞാൻ ഉറക്കെ #രോഹൻ " എന്ന അവന്റെ പേര് നീട്ടി വിളിച്ചു,
വിളി കേട്ടതും പെട്ടന്നവൻ തിരിഞ്ഞു നോക്കിയതും ഒന്നിച്ചായിരുന്നു,
ആ നിമിഷം ഞാൻ കണ്ടു അവനിൽ നിന്നും അണപ്പൊട്ടിയൊഴുകുന്ന അവന്റെ കണ്ണുനീർ,
അന്നേരം അവന്റെ കണ്ണിൽ നിന്ന് ധാരധാരയായി പുറത്തെക്കൊഴുകുന്നത് കണ്ണീരല്ല അതവനുള്ളിലെ ഞാൻ തന്നെയാണെന്നു തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല,
എന്റെ വിളിയിൽ പെട്ടന്നുള്ള തിരിയേണ്ടി വന്നതിൽ സ്വന്തം കണ്ണീരൊളിപ്പിക്കാൻ മാത്രം അവനു സാവകാശം ലഭിച്ചില്ല, എങ്കിലും പെട്ടന്നവൻ ആ കണ്ണീരുകൾ തുടച്ചു കൊണ്ട് എന്നെ നോക്കി ആ സമയം ഞാനവനിലേക്ക് നടക്കുകയായിരുന്നു,
അവനടുത്തെത്തിയതും ഞാനവനെ ശരിക്കും നോക്കി ആ സമയം യാതൊരു ഭയവുമില്ലാതെ ഞാനവനോടു ചോദിച്ചു,
ഇത്രയും വേദനകൾ ഉള്ളിലൊളിപ്പിച്ചു കൊണ്ട് നമുക്ക് പരസ്പരം പിരിയേണ്ടതുണ്ടോന്ന് ??
അതു കേട്ടതും അവനെന്നോടു പറഞ്ഞു,
ഇവിടെ നിന്ന കഴിഞ്ഞ കുറച്ചു സമയങ്ങളിലായി ഞാനീ ചോദ്യം ഒരായിരം വട്ടമെങ്കിലും നിന്നോടു ചോദിക്കണമെന്നു കരുതിയിട്ടുണ്ടാവും,
നിനക്ക് ചിലപ്പോൾ അതിഷ്ടമായില്ലെങ്കിലോ എന്നു കരുതി പറയാതിരുന്നതാണ് എന്നവൻ പറഞ്ഞപ്പോൾ എന്റെ ശരീരത്തിലെ സർവ്വശക്തിയോടെയും ചേർത്തു ഞാനവനെ കെട്ടിപ്പിടിച്ചു,
അങ്ങിനെ ഒന്നാവാൻ പരസ്പരം തീരുമാനിച്ചതോടെ എന്നെ സംബന്ധിച്ച് അച്ഛന്റെ ചോദ്യത്തിന് വലിയ പ്രസക്തിയില്ലാതായി,
കാരണം അവരുടെ സമ്മതം ആവശ്യമുണ്ടെങ്കിലല്ലെ ആ ചോദ്യത്തിനുള്ള ഉത്തരം എനിക്കാവശ്യമുള്ളൂ !
എങ്കിലും അവിടുന്നുള്ള തിരിച്ചു വരവിൽ ആ ചോദ്യം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു,
അന്നേരം മാത്രമാണ് ആ ചോദ്യം ഞാനെന്റെ ഹൃദയത്തിനു കൈമാറിയത്, തുടർന്ന് ഞാനെന്റെ കണ്ണുകളടച്ച് ഹൃദയത്തിലേക്കാഴ്ന്നിറങ്ങി,
ആ ചോദ്യം എന്റെ ഹൃദയവുമായി ഒരുപാടു നേരം മല്ലടിച്ചു, അന്നേരമാണ് പെട്ടന്നൊരാമ്പുലൻസിന്റെ സൈറൺ എന്റെ കാതുകളിലൂടെ കടന്നു പോയത്,
കുറച്ചു ദിവസങ്ങൾക്കു ശേഷം
ഒരു രാത്രി വാപ്പച്ചിക്കൊരു എഴുത്തെഴുതി വെച്ച് ഞാൻ അവനോടൊത്തം ആരുമറിയാതെ ഇറങ്ങി പോയി,
പിറ്റെ ദിവസം എന്റെ മുറിയിൽ നിന്നു കിട്ടിയ കത്തുമായി ഉമ്മച്ചിയാണ് വാപ്പയേ വിളിച്ചെഴുന്നേൽപ്പിച്ച് കാര്യം പറഞ്ഞത്,
ഉമ്മയുടെ കൈയിൽ നിന്നു ആ എഴുത്തു വാങ്ങി വായിച്ചതും വാപ്പച്ചി ഉമ്മച്ചിയോടു പറഞ്ഞു,
ബ്രില്യന്റ് "
ആ എഴുത്തിലുള്ളത് ഇത്രമാത്രമായിരുന്നു,
" ഒരു സർജ്ജൻ ഒരിക്കലും തന്റെ ശസ്ത്രക്രിയ പാതി വഴിയിൽ വെച്ച് നിർത്തി പോവാൻ തയ്യാറാവുകയില്ല,
കാരണം അങ്ങിനെ ചെയ്താൽ
ആ രോഗിയുടെ മരണം സുനിശ്ചിതമാണെന്ന് അയാൾക്കറിയാം "
വാപ്പച്ചിക്ക് എന്തായാലും ഒരു കാര്യം മനസിലായി കാണും ആഗ്രഹങ്ങളുടെ തീവ്രതക്ക് ബലം വെക്കുമ്പോൾ നിസാരവും അസാധ്യവുമായി തോന്നുന്ന,
1% ത്തിൽ നിന്നു 100% ത്തിലെക്കുള്ള ദൂരം അത്ര അധികമല്ലായെന്ന്...!
പലപ്പോഴും നമ്മൾ ഉത്തരങ്ങൾക്കായി കൂടുതലും ആശ്രയിക്കുന്നത് തലച്ചോറിനേയാണു,
എന്നാൽ നമുക്ക് വേണ്ട ഉത്തരങ്ങൾ നമ്മുടെ ഹൃദയത്തിൽ തന്നെയുണ്ട്,
നമ്മൾ പലപ്പോഴും അവിടെ തിരയാൻ മറക്കുന്നു എന്നുമാത്രം...!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot