നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നൂറിന് വേണ്ടി ഞെട്ടോട്ടം!!



സുഹൃത്ത് രണ്ട് പുസ്തകം തന്നിരുന്നു...
ബഷീറിന്റെ ജന്മദിനവും ഓർമ്മക്കുറിപ്പും. എന്നെയേല്പിക്കുമ്പോൾ ചങ്ങാതിക്ക് അസാധാരണമായ രണ്ടാവിശ്യമാണുണ്ടായിരുന്നത്.
'തിരിച്ച് തരണം' എന്ന് സ്ഥിരമായുള്ളയൊന്ന്. 'ജന്മദിനം' എന്ന കഥ നിർബന്ധമായും വായിക്കണം മറ്റൊന്ന്... ..
"ബഷീറിന്റെ ജന്മദിനത്തിൽ നമ്മളെ കാണാം..."
"ബഷീർ തന്റെ വിശപ്പിനെ നോക്കി പൊട്ടിച്ചിരിക്കുന്നു... ഞാൻ ചിരിച്ചു... നിനക്ക് ചിരിക്കാനാവുമോ... നീ വായിക്കണം...."
വിശപ്പിന്റെ കഥയാണ് ജന്മദിനം. വിശപ്പറിയാത്തവർ ചുരുക്കമായിരിക്കും. ഓരോരുത്തരുടെ വിശപ്പിന്റെ നീളവും ആഴവും വേറെയായിരിക്കും.. ചിലത് മണിക്കൂറുകൾ... ചിലത് ദിവസങ്ങൾ... ചിലത് ആഴ്ചകൾ....
ആഴ്ചകളോളം വിശക്കുന്നത് വിശപ്പല്ല. പട്ടിണിയാണ്... വിശന്നിട്ടുണ്ട്.. അതിലൊക്കെ വിശിഷ്ടമായ വിശപ്പുണ്ട്. അത് പറയാം.
ചെറിയ ശമ്പളമായിരുന്നു ബാംഗ്ലൂരിലെ ആദ്യ ജോലിക്ക്. കിടപ്പ് ഹോട്ടലിൽ. ഹോട്ടലെന്ന് പറഞ്ഞാൽ പകലും രാത്രിയും ആളുകൾ ചെരുപ്പ് കാലിട്ട് ചവിട്ടുന്ന സ്ഥലം.
ഹോട്ടൽ രാത്രി പന്ത്രണ്ട് മണിക്ക് അടക്കും. അത് കഴിഞ്ഞ് നമ്മൾ നിലം തൂത്ത് കഴുകി വൃത്തിയാക്കി പായ വിരിക്കും. കൂടെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഒരാളുണ്ട്. ജോലിക്കാർക്ക് പ്രത്യേക റൂമുണ്ടായിട്ടും മൂപ്പിലാൻ ഈ ഹോട്ടൽ മുറിയിൽ തന്നെ കിടന്നു. റൂമിൽ ആള് കൂടുതലാണ് ഒച്ചപ്പാടാണ് എന്നൊക്കെയാണ് മൂപ്പിലാന്റെ ന്യായം...
മൂപ്പിലാൻ ഹോട്ടലിൽ കിടക്കാൻ തീരുമാനിച്ചത് എനിക്കുപകരമായി.. കിടക്കാനൊരിടമായി.. കിടന്നാൽ കുറെ കഥകളുണ്ടാവും പറയാൻ.. അദ്ദേഹം നാട്ടിൽ കാട്ടിയ വീരശൂരപരാക്രമണങ്ങൾ, തല്ലുകൊള്ളിത്തരങ്ങൾ. രണ്ട് വീശിയിട്ടാണുള്ളതെങ്കിൽ നാലാം ക്ലാസ്സിൽ റാങ്ക് വാങ്ങിയ കഥയൊക്കെ പറയും... സുഖമായി രണ്ട് വീശാനാണ് മൂപ്പിലാൻ അപ്പുറം കിടക്കാത്തത് എന്നാണ് എന്റെ കണ്ടുപിടുത്തം. ഏറെ കുറെ ശരിയാണ്. മണിക്കൂറുകളോളം നീളുന്ന കഥ കേട്ട് കൊണ്ടിരിക്കെ ഞാനുറങ്ങിപ്പോവും...
രാവിലെ എട്ടൊമ്പത് മണിക്ക് നമ്മളുടെ കിടപ്പ് മുറി വീണ്ടും ഹോട്ടൽ മുറിയാവും... എത്ര വൈകിയുറങ്ങിയാലും ആ നേരത്തിന് തന്നെ എണീക്കണം... അതുകൊണ്ടാണ് ചങ്ങാതിയുടെ കഥ കൂടുതൽ കേൾക്കാത്തത്. ചങ്ങാതിക്ക് രാവിലെ എണീറ്റാലും മറ്റേ റൂമിൽ പോയി കിടക്കാം.. എനിക്ക് കിടക്കാനാവില്ല.. ഉച്ചവരെ അവിടെയുമിവിടെയുമിരുന്ന് നേരം കൂട്ടും. ഉച്ചക്കാണ് ഡ്യൂട്ടി...
ആയിടക്കാണ് ഹോട്ടലുകാർ അവരുടെ ജോലിക്കാരുടെ റൂം മാറ്റാൻ തിരുമാനിച്ചത്... വലിപ്പവും സൗകര്യമുള്ള പുതിയ റൂം കിട്ടി... പഴയ റൂം ഒഴിവാക്കാൻ മേല. എത്രെയോ വർഷങ്ങളായിട്ട് ഹോട്ടലുകാരുടെ കൈവശമുള്ള റൂമാണ്... ചെറിയ വാടകയെയേയുള്ളു..
അവരെന്നോട് 'റൂം വേണോ' എന്ന് ചോദിച്ചു. അഡ്വാൻസ് വേണ്ട... വെറും വാടക കൊടുത്താൽ മതി... സുഖസുന്ദരമായി ജീവിച്ച ഞാനാണ് തിന്നാനൊരു കെട്ടിടത്തിൽ, കിടക്കാനൊരു കെട്ടിടത്തിൽ, കുളിക്കാനും മാറ്റാനും മറ്റൊരിടത്തായി ഷട്ടിൽ കളിക്കുന്നത്.. മറുത്തൊന്നുമാലോചിച്ചില്ല... റൂം വേണം..
നാല് നില കെട്ടിടത്തിന്റെ മുകളിലാണ് പുതിയ റൂം.. രണ്ട് പേർക്ക് പായ പിരിച്ച് കിടക്കാനുള്ള സൗകര്യമുണ്ട്.. ഒരു മേശയുമിടാം... അതിന്റെ കൂടെ തന്നെ അലക്കാനും കുളിക്കാനുമുള്ള ചെറിയ ഇടമുണ്ട്.. കക്കൂസ് റൂമിന് പുറത്താണ്.. കക്കൂസിന്റെ വാതിലിന് വലിയ ദ്വാരമുണ്ട്... ഒരാളുടെ തലയും കഴുത്തും ചുമലും കടത്തി വെക്കാനുള്ള ദ്വാരം.. അതിലൂടെ കാറ്റും കൊണ്ട് കാര്യം സാധിക്കാം... കാര്യം സാധിക്കുമ്പോൾ തന്നെ പുറത്തുള്ളവരുമായി അഭിമുഖ സംഭാഷണങ്ങൾ നടത്താം.. അങ്ങിനെ നടന്നില്ലെങ്കിലും..
കൂട്ടായിട്ട് റൂമിൽ ആരുമുണ്ടാവാറില്ല.. ഒറ്റക്ക്. എങ്ങിനെയാണ് ഒറ്റക്കിരുന്നതെന്ന് ആലോചിക്കുമ്പോൾ എന്നോട് തന്നെ ഒരു ബഹുമാനം തോന്നാറുണ്ട്. ടീവിയോ ഇന്റെർനെറ്റോ ന്യൂസ്പേപ്പറോ പുസ്തകങ്ങളോ ഒന്നുമില്ല സമയം തള്ളാൻ... ഇഗ്നോയുടെ MCA ടെക്സ്റ്റ് ബുക്കുകളുണ്ട്... കുറച്ച് നേരം അത് നോക്കി നേരം കളയും.. എത്ര നേരം!... വെയിലില്ലെങ്കിൽ പുറത്തിരിക്കും. പൊട്ടിയ കസേരയിൽ ആകാശം നോക്കി... വിശാലമായ നീലാകാശം നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്...
റൂം ശരിയായെങ്കിലും ഭക്ഷണം പഴയപോലെയാണ്... വേറൊരു റൂമിൽ. ബാംഗ്ലൂരിൽ എത്തിയിട്ട് പരിചയമായവർ. ഒരു കുടുംബം, നല്ല മനുഷ്യർ. അവർക്ക് വെക്കുന്നതിൽ കുറച്ച് കൂട്ടി വെക്കും. വീട്ടിലുണ്ടാക്കുന്ന വൃത്തിയുള്ള ഭക്ഷണം തിന്നാം. മാസം അതിലേക്കുള്ള ചെലവ് പങ്കിട്ടാൽ മതി.. വലിയ ചെലവൊന്നുമില്ല... ഊണും അത്തഴവുമാണ് ഭക്ഷണം... എന്നെ കൂടാതെ വേറൊരാൾ കൂടെയുണ്ട് ഭക്ഷണത്തിന്റെ പങ്കുകാരിൽ.. ഞാനടക്കം നാലുപേർ.
സാലറി തരാൻ കമ്പനിക്ക് മടിയാണ്. ഒരു മാസം സാലറി ക്രെഡിറ്റാവാൻ നല്ല പോലെ ലേറ്റായി... ഒന്നാം തിയ്യതി തരേണ്ടത് അഞ്ചാം തിയ്യതിയും തന്നില്ല.. പത്തായിട്ടും കിട്ടിയില്ല.. കടം ചോദിക്കാനാളില്ല. ഭക്ഷണത്തിന്റെ പൈസ കൊടുത്തിട്ടില്ല. പുതിയ റൂമിന്റെ വാടക കൊടുത്തിട്ടില്ല. ഒന്നിനും ഒന്നുമില്ല.. ആകെയുള്ളത് അടുത്ത ദിവസം സാലറി ക്രെഡിറ്റാവുമെന്നുള്ള ഉറപ്പാണ്...
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ഭക്ഷണം നൽകുന്ന വീട്ടുകാരാനെ വിളിച്ച് ഇന്ന് ഭക്ഷണത്തിനില്ലെന്ന് പറഞ്ഞു. സാലറി കിട്ടേണ്ട ദിവസവും കഴിഞ്ഞ് ഭക്ഷണത്തിന് പോവുമ്പോൾ വല്ലാത്തൊരു മടിയാണ്. പൈസ കൊടുക്കാതെ എങ്ങിനെ? അവരെന്ത് കരുത്തും?. അവരങ്ങിനെ ചിന്തിക്കില്ലയെങ്കിലും..
നാളെ സാലറി വരും. എന്നിട്ട് വയറ് നിറച്ച് തിന്നാമെന്ന സുന്ദര മോഹത്തിൽ കിടന്നുറങ്ങി. അന്ന് രാത്രി വയറ് നിറച്ച് പച്ചവെള്ളമുണ്ട്... ഓഫീസിൽ കട്ടൻചായ ഇഷ്ടം പോലെ കിട്ടും, പച്ച വെള്ളവും.. ഉച്ചക്ക് തിന്ന പച്ചരിച്ചോറ് മാത്രമാണ് വയറ്റിലുള്ളത്... രണ്ടോ മൂന്നോ മണിക്കൂറിൽ കൂടുതൽ പച്ചരി ചോറിന് വിശപ്പിന്റെ ആക്രമണത്തെ പിടിച്ച് നിർത്താനാവില്ലയെന്നത് വേറെയൊരു സത്യം.
കിടന്നുറങ്ങി രാവിലെയെണീക്കുമ്പോൾ തന്നെ വയറ് കത്തുന്നുണ്ട്.
കത്തലടക്കണം..
മൊബൈലിൽ മെസ്സേജ് വന്നിട്ടുണ്ടോയെന്ന് നോക്കി.
ഇല്ല.... സാലറി ക്രെഡിറ്റായിട്ടില്ല
ശനിയാഴ്ചയാണ്. അവധിയാണ്. ഇന്നും സുഖസുന്ദരമായി റൂമിൽ ഒറ്റക്ക് പട്ടിണി കിടക്കാം... പറയുന്ന പോലെ എളുപ്പമല്ല... വയറ് കാലിയായാൽ സമയം നീങ്ങില്ല.. വെയിലിന് ചൂട് കൂടും... എങ്ങിനെയേലും ഉച്ചയായാൽ മതി.. ഭക്ഷണത്തിന് കണ്ടില്ലെങ്കിൽ അവർ വിളിക്കും....വിളിച്ചാൽ പോവും.. മണി പന്ത്രണ്ടും ഒന്നും രണ്ടും കഴിഞ്ഞു വിളിയൊന്നും വന്നില്ല. പോവാൻ മേല....... വിളിച്ചില്ല.
ഹോട്ടലിൽ പോയി തിന്നാം.. കടം പറയാം... നമ്മൾ വലിയ പരിചയക്കാരായിരിക്കുന്നു. വേണ്ട.... പക്ഷെ ഇന്നേവരെ ഹോട്ടലിൽ നിന്ന് ഒരു കട്ടൻചായ പോലും കുടിച്ചിട്ടില്ല. അതൊക്കെ എന്റെ സ്വഭാവഗുണങ്ങളായി വാഴ്ത്തപ്പെട്ടിരുന്നു. സത്യം എനിക്ക് മാത്രമേ അറിയൂ.
ഭക്ഷണത്തിന്റെയും റൂമിന്റെയും പൈസ കൊടുത്തിട്ടില്ല. അത് കൊണ്ട് ആ ഭാഗത്ത് പോവുന്ന കാര്യം ചിന്തിക്കാനാവില്ല.
ആരെങ്കിലും വന്നെങ്കിൽ. ഇത് പോലെ പട്ടിണി കിടന്ന ഒരു ദിവസം കാദർ വന്നിരുന്നു. കാദർ വെറുതെ വിളിച്ചതാണ്.. ഞാൻ പറഞ്ഞു "പട്ടിണിയാണ്"... അവനോട് അത് പറയാൻ മടിയുണ്ടായില്ല. പാവം അന്നെനിക്ക് കൂൾഡ്രിങ്ക്സും സ്നാക്സൊക്കെ കൊണ്ട് വന്നു.
ഫോണിൽ വേറെ മെസ്സേജുകൾ വന്നു കൊണ്ടിരിക്കുന്നു.. സാലറി ക്രെഡിറ്റെഡ് എന്ന് വന്നില്ല.... വൈകിട്ട് ആറ് മണിവരെ മെസ്സേജിന് കാത്തിരുന്നു.. ആരെങ്കിലും വിളിക്കുമെന്ന് കാത്തിരുന്നു... ആരും വന്നില്ല. വിളിച്ചില്ല.
ചില സമയത്ത് സാലറി വന്നാലും മെസ്സേജ് വരാറില്ല... പത്ത് മിനിറ്റ് നടന്നാൽ ഒരു എടിഎം ഉണ്ട്.. സാലറി ക്രെഡിറ്റായോയെന്ന് പോയി നോക്കാം.. കിടന്നതിന്റെ ക്ഷീണവും വിശപ്പിന്റെ ക്ഷീണവുമുണ്ട്.. നടന്നു. . എടിഎമ്മിന് മുന്നിൽ സാധാരണ കാണുന്ന ക്യൂ.
ഊഴമെത്തിയപ്പോൾ അകത്ത് കയറി. കാർഡ് സ്വൈപ് ചെയ്ത് നോക്കി... സാലറി വന്നിട്ടില്ല. നിരാശയ്ക്ക് പകരം വല്ലാത്തൊരാശ്വാമുണ്ട്... വിശപ്പ് മാറ്റമുള്ള വകയുണ്ട് എടിഎമ്മിൽ... നൂറ് രൂപയുണ്ട് അക്കൗണ്ടിൽ. ഇതെങ്ങിനെ ബാക്കിയായി എന്ന് ചിന്തിക്കാനുള്ള നേരമില്ല... മെഷീനിൽ ക്യാഷ് പിൻവലിക്കാനുള്ള ഓപ്ഷനിൽ കുത്തി നൂറ് രൂപ കൈകളിൽ വീഴുന്നതും കാത്തിരിക്കുന്നതിനിടയിൽ പെട്രോൾ പമ്പിനടുതുള്ള തട്ട് കട മനസ്സിലേക്ക് വരാതിരുന്നില്ല...
ഒരു സെറ്റ് ദോശ!
ഒരു ഗോബി മഞ്ചൂരിയൻ!..
അമ്പത് രൂപ ബാക്കി!...
ഇന്ന് സാലറി ക്രെഡിറ്റായില്ലെങ്കിൽ നാളെ സൺഡേയാണ്... സാലറി ക്രെഡിറ്റാവാൻ സാധ്യതയില്ല... അമ്പത് രൂപ കൊണ്ട് നാളെയും കൂടി തള്ളി നീക്കാം...
എടിഎം ൽ നിന്ന് നൂറിന്റെ നോട്ട് വീണില്ല... മെഷിനിൽ പണമില്ല എന്നെഴുതി കാണിക്കുന്നു... ഇത്രയുമാളുകൾ ഇത്രനേരവും പണമെടുത്തിട്ട് എനിക്കൊരു നൂറ് രൂപ തരാനില്ല... അടുത്ത എടിഎമ്മിലേക്ക് പത്ത് പതിനഞ്ച് മിനിറ്റ് നടക്കണം... അതിനടുത്താണ് തട്ട് കട... നൂറ് രൂപയുണ്ട്... നടക്കാൻ തന്നെയാണ് തീരുമാനം...
അവിടെ എടിഎം ന് മുന്നിൽ ആളുകളൊന്നുമില്ല... വേഗം കയറി കുത്തി നോക്കി... അവിടെയും കാശില്ല... അടുത്ത എടിഎം രണ്ട് സ്റ്റോപ്പ് അപ്പുറമാണ്.. മെയിൻ റോഡിലാണുള്ളത്. ഇഷ്ടം പോലെ ബസ്സുണ്ട്. പോവാൻ പൈസയുണ്ടെങ്കിൽ വരാൻ പൈസയുണ്ടാവും.. ചിലപ്പോൾ വരാനും പൈസയുണ്ടാവില്ല.. ബസ്സിന് കൊടുക്കാനൊന്നുമില്ല... നടത്തം തന്നെ ശരണം...
തിരക്കിനിടയിലൂടെ നടന്നു... നൂറ് രൂപക്ക് വേണ്ടിയാണ് നടത്തം.. നടത്തത്തിനിടയിൽ തട്ട് കടയുടെ സ്ഥലം കടന്ന് പോയി... അവിടെ ആളുകൾ പാത്രം പിടിച്ച് ഇരുന്നും നിന്നും കൊണ്ട് ചൂട് ദോശ തിന്നുന്നു.. നടത്തത്തിന് വേഗത കൂട്ടി. അടുത്തെത്തി. എടിഎമ്മിനകത്ത് കയറി. മെഷിന് മുകളിൽ ഒരു കുറിപ്പെഴുതിയിട്ടുണ്ട്...
'മെഷീൻ തകരാറിലാണ്... അടുത്ത എടിഎം സന്ദർശിക്കുക'
സന്തോഷം! ഇനി അടുത്തൊന്നും എടിഎം ഇല്ല... പരതി നടക്കാനാവുന്നുമില്ല.. ഓഫീസിലേക്കുള്ള വണ്ടി വരുന്നയിടത്തേക്ക് നടക്കണം. അരമണിക്കൂർ നടക്കണം... അവിടെ ഒരു എടിഎം ഉണ്ട്. വലിയ പ്രതീക്ഷയില്ല... വഴിയിൽ കണ്ട മറ്റു ബാങ്കുകളുടെ മൂന്ന് എടിഎമ്മിൽ കയറി ഒന്നിലും പൈസയില്ല...
ഇന്നൊരിടത്തും പൈസയില്ല... എല്ലായിടത്തും എന്തൊക്കെയോ തകരാറാണ്.. പട്ടിണി പടച്ചോൻ കണക്കാക്കിയതാണെങ്കിൽ പിന്നെ രക്ഷയില്ല..
അവിടെ അവസാനത്തെ പ്രതീക്ഷയാണ്.
നടന്നു... എനിക്കറിയാവുന്ന കുറുക്ക് വഴികളിലൂടെ... ആലോചനയും നടത്തവും മടക്കവുമൊക്കെയായി അവസാനത്തെ എടിഎം ന് മുന്നിലെത്തുമ്പോൾ രണ്ട് മണിക്കൂറോളമായിരിക്കുന്നു ... പ്രതീക്ഷയല്ല എന്നെ നടത്തുന്നത് വിശപ്പാണ്.. ഇന്നും കൂടിവെള്ളം കുടിച്ച് ഉറങ്ങാനാവില്ല...
അവിടെയെത്തുമ്പോൾ എടിഎമ്മിന് മുൻപിൽ നല്ല തിരക്ക്... ഒരിടത്തും പൈസ ഇല്ലാത്തത് കൊണ്ട് എല്ലാവരും ഇവിടെ വന്ന പോലെ.. ക്യൂവിൽ നിൽക്കുമ്പോൾ പ്രാർത്ഥനയാണ്... മെഷീന് കേടുകളൊന്നുമില്ല.. മെഷിനിൽ പണമുണ്ട്.. ആളുകൾ പണമെടുത്ത് പുറത്ത് വരുന്നുണ്ട്... എനിക്കുള്ള നൂറ് രൂപ ബാക്കിയായാൽ മതി.. ആദ്യം കേറിയ എടിഎമ്മിലും പണമുണ്ടായിരുന്നു... ഞാൻ കേറി കുത്തുമ്പോഴേക്ക് പണം തീർന്നു...
ഇല്ല... പടച്ചോൻ പട്ടിണിയാക്കാൻ തീരുമാനിച്ചിട്ടില്ല.. എടിഎമ്മിൽ കേറി കുത്തിയപ്പോൾ നൂറ് രൂപ കിട്ടി... പുറത്തിറങ്ങി അരികെയുള്ള തട്ട് കട തേടി നടന്നു.
പതിവായി ഞാൻ നടക്കാറുള്ള വഴികൾക്ക് രാത്രി വെളിച്ചത്തിൽ ആഘോഷത്തിന്റെ മുഖമുള്ളത് പോലെ തോന്നി...
സെറ്റ് ദോശയും ഗോബി മഞ്ചുറിയനും വേണ്ടി നടക്കാനാവില്ല...
അടുത്ത് കണ്ട തട്ടകടയിൽ നിന്ന് നൂറിന് താഴെ എന്തൊക്കെയോ തിന്നു... നാളത്തേക്ക് ബാക്കിയൊന്നുമില്ല...
ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത ഒരാശ്വാസമുണ്ട്.
ഭക്ഷണം കഴിക്കാറുള്ളടിത്ത് നിന്ന് വിളി വന്നു..
"എന്തേ ഉച്ചക്ക് വരാത്തതെന്ന്"
"ഇപ്പൊ വരൂല്ലേയെന്ന്"...
വയറ് കാലിയായപ്പോൾ തടഞ്ഞ് നിർത്തിയ നാണം അവിടെ തന്നെയുണ്ട്...
"ചങ്ങാതിയുടെ കൂടെയാണ് ഇന്ന് വരില്ല" യെന്ന് കള്ളം പറഞ്ഞു.
വെറുതെ ഫോണിലെ മെസ്സേജിലേക്ക് നോക്കി...
'സാലറി ക്രെഡിറ്റെഡ്!!!'
ശൂന്യമായതിലേക്കാണെല്ലോ വന്ന് നിറയുക. ബാങ്ക് അക്കൗണ്ട് ശൂന്യമാവാൻ കാത്ത് നിന്നതാവും.
റൂമിലേക്ക് നടന്നു...
മുറിയുടെ പുറത്ത് വിശാലമായ ടെറസ്സിൽ പൊട്ടക്കസേരയിലിരുന്ന് ആകാശം നോക്കി. നിറയെ നക്ഷത്രങ്ങളുണ്ട്... ഇരുട്ടിൽ മാത്രം തെളിയുന്ന നക്ഷത്രങ്ങൾ.
രാത്രിയെപ്പോഴോ ഉറക്കമുണർന്നപ്പോൾ ഞാൻ കസേരയിൽ തന്നെയുണ്ട്...
ചിരിച്ചു... നേരത്തിന് സാലറി തരാത്ത കമ്പനിക്കാരെയോർത്ത്.. പണം നിറക്കാത്ത കേടായ എടിഎം മെഷിനുകളെയോർത്ത്.. വിശന്ന് നടന്ന എന്നെയോർത്ത്..

By: Sabith Pallipram

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot