Slider

കല്ല്യാണം

0

“എനിക്കെ..കല്ല്യാണം കഴിക്കണം”.. റൗണ്ട്‌സ്‌നിടയിൽ അങ്ങനെ ഒരു ശബ്ദം കേട്ടപ്പോൾ സഹപ്രവർത്തകയുമായുള്ള ചർച്ചയിൽ നിന്നും മുഖം തിരിച്ചു നോക്കി..ഏതാണ്ട് പതിനെട്ട്-ഇരുപത് വയസ്സു കാണും..ഒരു പയ്യൻ..ഇന്നലെ അഡ്മിറ്റ് ആയതാണ്...”അതിനിപ്പെന്താ..കഴിക്കാലോ...പക്ഷെ താൻ എങ്ങനെ ഭാര്യയെ പോറ്റും..?” ചീഫ് സൈക്കിയാട്രിസ്റ് തന്റെ സ്വതസിദ്ധമായ ചിരിയോടെ ചോദിച്ചു..”ഞാൻ ടൈൽസിന്റെ പണിക്കുപോകും” “അതിനു തനിക്കാ പണി അറിയോ..?”..”ങ്ങൂ..ങ്ങൂ..ല്ല..” “എന്നാ ആദ്യം മരുന്നൊക്കെ കഴിക്കു..എന്നിട്ടു പണിക്കുപോകുന്ന കാര്യം ആലോചിക്കാ..”.. ചീഫ് അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അകമ്പടിക്കാരായ ഞങ്ങൾ ചിരിച്ചു..അവന്റെ മുഖം നാണത്താൽ കുനിയുന്നത് ഞാൻ കണ്ടു..”ഉം.. ഒരു ബാഗും കൊടുത്തു പ്ലസ് ടൂ വിനു വിട്ടാലോ എന്ന എന്റെ ചിന്ത..കല്യാണം കഴിക്കേണ്ട പ്രായം..തിരിച്ചു നടക്കുമ്പോൾ ഞാൻ സുഹൃത്തിനോട് പറഞ്ഞു ചിരിച്ചു..
ഒ പി യിൽ കയറികഴിഞ്ഞാൽ പിന്നെ ഇറങ്ങുമ്പോഴേക്കും തല വലിഞ്ഞു മുറുകുന്നു പോലിരിക്കും..ഉച്ച വരെ മാത്രമേ ഒ പി ഉള്ളു..അതു കഴിഞ്ഞാൽ റൂമിൽ ചുമ്മാ ഇരിക്കാൻ മടികാരണം ആദ്യമൊക്കെ ഒ ടി സെഷൻ പോയി ഇരിക്കുമായിരുന്നു..അവിടെ ഇൻ പേഷ്യൻസിന്റെ തെറാപ്പി കണ്ടിരിക്കാൻ നല്ല രസമാണ്..അന്ന് അവനെ ഞാൻ അവിടെ വെച്ചു വീണ്ടും കണ്ടു..ഒരു കസേരയിൽ ഒറ്റക്കിരുന്നു ഉറക്കം തൂങ്ങുന്നു..വായിൽ നിന്നും ചാറു ഒലിച്ചിറങ്ങി അവന്റെ താടി രോമങ്ങൾ നനഞ്ഞിരുന്നു.. ഞാൻ അടുത്തു പോയീ മെല്ലെ തോളിൽ കൈവെച്ചു...”ഏതു മാറ്റവനാ..ഉറങ്ങാനും സമ്മതിക്കൂല..”.അലറിക്കൊണ്ടവൻ ചാടി എഴുന്നേറ്റപ്പോൾ വീഴാൻ പോയെങ്കിലും എന്റെ കൈകൾ അവനെ താങ്ങി..”രാത്രി ഉറങ്ങിയാപോരെ..ഇപ്പൊ എന്റെ കൂടെ വാ..ഞാൻ ഒരൂട്ടം കളി പറഞ്ഞു തരാ..”.. “സമ്മാനുണ്ടാ..”..”ഉം...നീ വാ”.. അവനെ ഞാൻ മറ്റുള്ളവർക്കിടയിൽ കൊണ്ടിരുത്തി..അന്ന് ആ ഒ റ്റി സെഷൻ മുഴുവനും പിന്നെ ഞാൻ അവരോടൊപ്പം കളിച്ചു തീർത്തു..” അതേയ്..ഞാൻ ന്താ വിളിക്ക..കല്യാണം കഴിഞ്ഞതാണാ... ഒ റ്റി കഴിഞ്ഞിറങ്ങുമ്പോൾ അവൻ ചോദിച്ചു..ഉം..അതേ..ഒരു വാവയുമുണ്ട്...ആന്നോ..വാവേന്റെ പേരെന്താ..അതേയ്..എനിക്കും കല്യാണം കഴിക്കണം.. അതിനെന്താ കഴിക്കാലോ..നീ കൃത്യായിട്ടു മരുന്നു കഴിക്കാത്തൊണ്ടല്ലേ വീണ്ടും വന്നേ..മരുന്ന് കഴിക്കു ആദ്യം..എന്നിട്ട് കല്യാണം കഴിക്കാ..ആ..ഡോട്ടർ പറഞ്ഞാ എനിക്ക് ഒക്കെയാ..ഒറ്റ എണ്ണം ശരിയല്ല ഇവിടെ...ആന്നോ..സാരില്ല...ഞാൻ ഇല്ലേ..നീ ഇപ്പോൾ വാ.. അവനെ കാന്റീൻ വാതിൽക്കൽ വിട്ടു ഞാനും മെസ്സിലേക്കു പോയി..
ബാർബി ഡോളിന്റെ കണ്ണുകൾ പോലെ നിറയെ നീണ്ട പീലികൾ നിറഞ്ഞ വെള്ളാരം കല്ലുപോലത്തെ കണ്ണുകൾ...അതാണാദ്യം ശ്രദ്ധയിൽ പെടുക..വർഷങ്ങൾ ആയി ബ്രഷ് ചെയ്തിട്ടില്ലാത്ത കറുത്ത പല്ലുകൾ അവൻ ഒലിച്ചിറങ്ങുന്ന ചാറു തുടക്കാൻ ചിറി കോട്ടുമ്പോൾ മാത്രമേ കാണു..അവനെക്കാൾ ഇറക്കത്തിൽ ഉടുത്തിരിക്കുന്ന കാവി മുണ്ട് ഇടക്കിടെ അഴിഞ്ഞു വീഴാൻ പോകുമ്പോൾ ഞങ്ങൾ ഓർമ്മപ്പെടുത്തണം അവനെ..
ലവേഴ്‌സ് ബെഞ്ചിലെ അന്നത്തെ രാത്രി ചർച്ചയിൽ അവനെ ഒരു പാന്റ്‌സ് ഇടുവിക്കുന്നതിനെ കുറിച്ച് ആയിരുന്നു ഞങ്ങളുടെ ചിന്ത..
അടുത്ത ദിവസം റൗണ്ടസ്നു പോയപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചപ്പോൾ കണ്ണുകളിലെ തിളക്കം ഞാനും എന്റെ സഹപ്രവർത്തകയും ഒന്നിച്ചു കണ്ടു..അന്നും ഒ പി കഴിഞ്ഞു ഞങ്ങൾ നേരെ ഒ റ്റി സെഷൻ അറ്റൻഡ് ചെയ്യാം എന്ന് കരുതി...ഇത്തവണ ഉറക്കം തൂങ്ങി ഇരുന്ന അവനെ എഴുന്നേല്പിക്കാൻ ഞാൻ പോയില്ല. പകരം അടുത്തു ഒരു കസേര ഇട്ടു ഞാനും ഇരുന്നു..നീ ഇപ്പോ ഉറങ്ങിയാ രാത്രി ആരുറങ്ങും... എന്റെ ചോദ്യം കേട്ട് വായ തുടച്ചു കൊണ്ടു കണ്ണു തുറന്നു...ഡോട്ടരെ... ആ പെണ്ണ് ശരിയല്ല ട്ടോ..ഞാനെ പെണ്ണ് കെട്ടീട്ടില്ല.. എന്നോട് കളിക്കണ്ടാ പറയ്‌... അവൻ ചൂണ്ടി കാണിച്ച ആളിനെ ഞാൻ നോക്കി...കല്യാണം കഴിഞ്ഞു ഒരു മാസം തികയുന്ന മുന്നേ അസുഖം പിടിച്ചു ചികിത്സ തുടങ്ങിയ ഒരു പാവം പെങ്കൊച്ച്‌..അസുഖം മൂത്താൽ അവൾക്കു ആണ് പെണ് വ്യത്യാസം ഇല്ല..ആരോടും എന്തും പറയും...സാരില്ല..ഞാൻ പറയാ..ഉം..നിനക്കെത്രയ വയസ്സ്.. എനിക്കെ 39 വയസ്സായി..എന്റെ നക്ഷത്രം അറിയോ...പുരുട്ടാതി... എന്റെ വീട് അറിയോ...എന്റെ അച്ഛന്റെ പേര് അറിയോ...അവൻ വാചാലനായി...ഞാൻ സുന്ദരനല്ലേ... ഒരു പെണ്ണിനെ നന്നായി നോക്കില്ലേ..എനിക്കെന്താ ഒരു കുറവ്..എന്നിട്ടും ആരും എനിക്കൊരു പെണ്ണിനെ തരുന്നില്ല... അവന്റെ കണ്ണു നിറഞ്ഞു...ഒഴുകി വന്ന ചാറു തുടച്ചു കൊണ്ട് അവൻ എഴുന്നേറ്റു വേച്ചു വേച്ചു നടന്നു..
അന്നത്തെ ഞങ്ങളുടെ ലവേഴ്‌സ് ബഞ്ച് ചർച്ചയിൽ അവൻ മാത്രം ആയിരുന്നു വിഷയം..ഇടക്കിടെ ചിലരുടെ ഒക്കെ സംസാരം മിമിക് ചെയ്യുന്ന സ്വഭാവം ഉള്ള ഞാൻ അവന്റെ ഞഞ പിടിച്ച സംസാരം അനുകരിച്ചു പറയുമ്പോൾ ഞങ്ങളുടെ ചർച്ചയുടെ ചൂടിത്തിരി കുറയും..ദിവസങ്ങൾ കഴിഞ്ഞു...ഒരു നാൾ അവന്റെ ഫയൽ ചീഫിനെ കൊണ്ടു വരുത്തിച്ചു നോക്കിയപ്പോൾ ആണ് കണ്ടത് മാസം തികയാതെ ഉള്ള ജനനം..വയസ്സു 39..'അമ്മ തളർന്നു കിടപ്പിൽ... രണ്ടു സഹോദരിമാർ വിവാഹിതർ..അച്ഛൻ ആണ് ഏക ആശ്രയം.. സഹോദരിമാർ അനുജനെയോ അമ്മയെയോ തിരിഞ്ഞു നോക്കാറില്ല.. ചീഫ് പറഞ്ഞു...
പിന്നീട് അവൻ ഞങ്ങളുടെ അടുത്ത കൂട്ടുകാരൻ ആയി.. ആയിടക്കു എനിക്കു 2 ദിവസത്തെ ലീവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു..എത്തിയതിന്റെ പിറ്റേ നാൾ സഹ പ്രവർത്തക ഫോൺ ചെയ്തു..ചേച്ചി..അവൻ ഡിസ്ചാർജ് ആയി..അച്ഛൻ വന്നു കൊണ്ടുപോയി...ഇങ്ങേ തലയ്ക്കൽ ഞാൻ ഒന്നും മിണ്ടിയില്ല... ചേച്ചി..എന്റെ നിശബ്ദത അവൾ ഊഹിച്ചു...സുഖായിട്ട് അവൻ ഒരിക്കലും പോകില്ലലോ..പിന്നെന്താ ചേച്ചി..അതല്ല ..വീട്ടിൽ അവനു ഭക്ഷണം ഉണ്ടാക്കി കൊടുക്കാനോ മരുന്നു എടുത്തു കൊടുക്കാനോ ആരാ ഉള്ളെ...അവിടെ ആയിരുന്നേൽ അതൊക്കെ..ഉം..അതേ ചേച്ചി വിഷമിക്കേണ്ട..അവൻ ഒരു മാസം കഴിയുമ്പോൾ വീണ്ടും വന്നു കിടന്നോളും.
വിഷമിക്കേണ്ട.. എന്തിനു... ഞാൻ എന്തിന് വിഷമിക്കണം..കൗണ്ടർ ട്രാൻസ്ഫറൻസ് അല്ലെന്നു ഞാൻ എന്നെ തന്നെ ഉറപ്പു വരുത്തി വീണ്ടും ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു...അവന്റെ സംസാരം ഞാൻ അനുകരിക്കാതെ ഒരു രാത്രിയും പിന്നീട് ലവേഴ്‌സ് ബെഞ്ചിൽ ഉണ്ടായിരുന്നില്ല..
ആഴ്ചകൾ കടന്നു പോയി..ഒരു ദിവസം ഒ പി യിൽ നിന്നും ഇറങ്ങിയ ഒരു ഫാമിലിക്കൊപ്പം ഞാനും വാതിൽക്കൽ വരെ ചെന്നു..കയ്യിലിരുന്ന ഫയൽ വെളിയിൽ നഴ്‌സിനെ ഏൽപ്പിച്ചു തിരിഞ്ഞു നടക്കുമ്പോൾ ആരോ എന്റെ കയ്യിൽ കടന്നു പിടിച്ചു..ഒന്നു അമ്പരന്നു പോയീ ഞാൻ..ഒ പി യിൽ വെച്ചു ആദ്യയായിട്ടാണ് ഇങ്ങനെ..പൊതുവെ ഒ പി യുടെ വെളിയിൽ ഇരിക്കുന്നവർ മുഖത്തു നോക്കാറില്ല... അമ്പരപ്പ് മാഞ്ഞപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..നീണ്ട പീലികൾ നിറഞ്ഞ വെള്ളാരം കണ്ണുകൾ കൊണ്ടു ചിരിച്ചും കൊണ്ട് അവൻ..അങ്ങിങ് കറ പിടിച്ച വെള്ള ഷർട്ടും വെള്ള മുണ്ടും..ഡോട്ടരെ..കാണും വിചാരിച്ചയല്ല...വായിൽ നിന്നും ഒഴുകുന്ന ചാറ് ഷർട്ട് കൊണ്ട് തുടച്ചു കൊണ്ട് അവൻ പറഞ്ഞു...പെട്ടന്നു എന്റെ കയ്യിൽ നിന്നും അവന്റെ കൈ എടുത്തു ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഇരുപത് രൂപ എടുത്തു നീട്ടി..ഡോട്ടർ പോയ്‌ കാപ്പി കുടിച്ചോ..ഏയ്..വേണ്ട..വേണം....ഡോട്ടർക്കു തരാൻ ഞാൻ വേറൊന്നും കൊണ്ടാന്നിട്ടില്ല...ഇതു അച്ഛൻ തന്നതാ..ദേ അതാ എന്റച്ഛൻ... ആ കാശു തിരിച്ചവന്റെ പോക്കറ്റിൽ വെച്ചു കൊടുക്കുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..
**********
"നല്ലെഴുത്തു"
മനസിൽ വികാരങ്ങളുടെ വേലിയേറ്റ – ഇറക്ക ദിനങ്ങളിൽ ആയിരുന്നു എന്റെ എഴുത്തുകൾ ഏറെയും.. ഇപ്പോഴത്തെ കാര്യമല്ല ട്ടോ ഞാനീ പറയുന്നത്.. വർഷങ്ങൾക്കു മുൻപേ..എഴുതി ഒരുപാട്.. എന്നും സ്വപ്നങ്ങൾക്കൊപ്പം ആയിരുന്നു.. അതുപോലെ നിറമാർന്നതായിരുന്നു എന്റെ എഴുത്തും...പിന്നീടെപ്പോഴോ..ഇല്ല അങ്ങനെ പറയാൻ പറ്റില്ല ..കൃത്യമായി പറഞ്ഞാൽ മാനസികാരോഗ്യ മേഖലയിൽ എത്തിപ്പെട്ടത് മുതൽ; മറ്റൊരാളുടെ മനസ്സിനൊപ്പം സ്വന്തം മനസ്സും നിയന്ത്രണത്തിൽ ആയതിൽ പിന്നെ അറിയില്ല എന്തോ എഴുതുവാൻ കഴിഞ്ഞില്ല.. ഒരു തുള്ളിപോലും തൂവാത്ത മനസ്സ് എന്നെ അതിനു സമ്മതിച്ചില്ല.. വായന മാത്രം ഒരു മാറ്റവും ഇല്ലാതെ അങ്ങനെ തുടരുന്നു.
അങ്ങനെ ഇരിക്കെയാണ് ഞാൻ നല്ലെഴുത്തിൽ എത്തിപ്പെടുന്നത്.. നല്ലെഴുത്തു വായനക്കാരെ പോലും എഴുത്തുകാർ ആക്കും എന്നു വായിച്ചു..സത്യമാണ്..ഞാനും അതാഗ്രഹിക്കുന്നുണ്ട്...ഏറെ ഇഷ്ടമാണ് നല്ലെഴുത്തിലെ ഓരോ രചനയും..മനസ്സിൽ ഏറെ ഇഷ്ടം തോന്നിയ, ആരാധന തോന്നിയ, എഴുത്തുകാരുമുണ്ട്.. ചിലരോടൊക്കെ സംവദിക്കാറുമുണ്ട്‌. നല്ലേഴ്ത്തിന്റെ വാർഷിക മീറ്റ് അടുത്ത മാസം തൃശ്ശൂർ വെച്ചു നടക്കുമ്പോൾ , അതു എന്റെ നാട്ടിൽ ആയിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു...പലരെയും കാണാനും നേരിൽ പരിചയപ്പെടാനും ആഗ്രഹം ഉണ്ട്..നിങ്ങൾക്ക് എന്നെ അറിയില്ല..കാരണം ഞാൻ ഒരു വായനക്കാരി മാത്രമാണ്.. ആ കാരണം കൊണ്ട് തന്നെ എനിക് നിങ്ങളെ അറിയാം...
കൊതിയോടെ കാത്തിരിക്കുകയാണ്.. ഒരു പൗർണമിക്കായ്....എന്റെ മനസ്സിന്റെ തിരയിളക്കത്തിനായ്...
ഇതു ഒരു കഥയല്ല... എന്റെ മനസ്സിൽ തട്ടിയ ഒരു അനുഭവം എന്നോ കുറിച്ചു വെച്ചത്...
വെറുതെ ഒരു വായനക്കായി സമർപ്പിക്കുന്നു..നന്ദി..എന്നെ വായിച്ചതിനു...

By: Shyama Revathi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo