നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മ മനസ്സ്

Image may contain: indoor
"അമ്മേ.. എന്തായിത് ..ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണമ്മ എന്നോടിങ്ങനെ പെരുമാറുന്നത് ..?
വിങ്ങിക്കൊണ്ട് അമല ജാനകിയോട് ചോദിച്ചു ..!
''ഫ്ഭൂ ,,,ജാനകി അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ആട്ടി ..
"ഒരുന്പെപട്ടവളേ... എന്റെ വായീന്ന് ഒന്നും കേൾക്കണ്ടട്ടാ ..ഇപ്പോ ഇറങ്ങി പൊയ്ക്കൊള്ളണം എന്റെ വീട്ടീന്ന്...."
അവർ അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളുമടങ്ങിയ ബാഗ് കൊണ്ട് വന്ന് പുറത്തേക്കെറിഞ്ഞു ...!
"അമ്മേ പ്ളീസമ്മേ.. ഞാൻ പറയുന്നതൊന്ന് കേൾക്ക്...ഞാനും ദിനേശേട്ടനും തമ്മിൽ അമ്മ കരുതുന്നത് പോലെ അരുതാത്ത ബന്ധമൊന്നും ഇല്ലമ്മേ... ഞാൻ പറയുന്നത് കേൾക്കമ്മേ...!!
അവൾ കേണപേക്ഷിച്ചു ..
"ജാനകി നീ എന്ത് ഭ്രാന്താണീ കാണിക്കുന്നത്...? മോൾക്ക് പറയാനൊരു അവസരം കൊടുക്ക് .!
ഇതൊക്കെ കണ്ടു കൊണ്ട് വരാന്തയിലെ അര പ്ലേസിൽ ഇരുന്നിരുന്ന ബാലൻ ഓടി വന്ന് ജാനകിയെ തടയാൻ ശ്രമിച്ചു ...
"ഒന്നും കേൾക്കാനില്ല... ഇവൾ ഇനി ഒരു നിമിഷം എന്റെ വീട്ടിൽ നില്ക്കാൻ പാടില്ല .."
അതും പറഞ്ഞു അവർ അമലയെ പിടിച്ചു പുറത്തേക്ക് തള്ളി,,
'നിങ്ങൾ മിണ്ടരുത് .'..നിലത്തു വീണ അമല ഞെട്ടിപ്പിടിച്ചെഴുന്നേറ്റ് ബാലന് നേരെ കൈ ചൂണ്ടിക്കൊണ്ട് അലറി ...അവളുടെ കണ്ണുകളിൽ അയാളോടുള്ള വെറുപ്പ് കൊണ്ടുള്ള തീ പാറി...
'അമ്മ എന്നോട് കാണിക്കുന്ന വെറുപ്പിന്റെ പിറകിൽ നിങ്ങളാണെന്ന് എനിക്ക് നന്നായറിയാം ..."
അവൾ വീറോടെ പുലന്പി..
"ഞാൻ ഈ വീട്ടിൽ നിന്ന് പൊയ്ക്കൊള്ളാം..!
അവൾ നിലത്തു നിന്നും തൻറെ വസ്ത്രങ്ങളും ബുക്കുകളും അടങ്ങിയ ബാഗ് കയ്യിലെടുത്തു കൊണ്ട് തിരിഞ്ഞു നടന്നു ..
രണ്ടടി നടന്നതിന് ശേഷം തിരിഞ്ഞു നിന്ന് ബാലനെ നോക്കി കൊണ്ട് അവൾ മുരണ്ടു ...
" പക്ഷെ നിങ്ങൾ ജയിച്ചൂന്ന് കരുതണ്ട..ഞാൻ ചത്താലും നിങ്ങളുടെ മോഹം നടക്കാൻ പോകുന്നില്ല..'"
'എന്ത് പറഞ്ഞെടീ അഹങ്കാരീ . നീ ആരോടാണ് സംസാരിക്കുന്നതെന്ന് ഓർത്തോ."
ജാനകി അവളെ തള്ളി മാറ്റിക്കൊണ്ട് ചീറി..
."നീ ഇന്ന് ഞങ്ങളുടെ മുന്പിൽ ഇങ്ങനെ നിൽക്കുന്നത് പോലും ഇങ്ങേരുടെ ഔദാര്യമാ .. നിൻറെ തല കണ്ടപ്പോ മുകളിൽ പോയതാ തന്ത...പിന്നെ ജീവിക്കാൻ കുറെ പൊരുതിയതാ... ഈ നിൽക്കുന്ന മനുഷ്യൻ വന്നതിന് ശേഷമാണ് സമാധാനത്തോടെ ജീവിക്കാൻ തുടങ്ങിയത് ."
.അവർ നിന്ന് കിതച്ചു..
ആ സമയത്തു ബാലന്റെ കണ്ണുകളിൽ വിരിഞ്ഞ ക്രൂരമായ പുഞ്ചിരി ആ സ്ത്രീയുടെ കണ്ണിൽ പതിഞ്ഞില്ല ...
പിന്നെ അമല അവിടെ നിന്നില്ല ...ഉറച്ച കാലടികളോടെ മുന്നോട്ട് നടന്നു എങ്ങോട്ടെന്നറിയാതെ .. നടക്കുമ്പോൾ കണ്ണുകളിൽ നിന്നും പെയ്യുന്ന തീ കലർന്ന മഴയെ .അവൾ പാടെ അവഗണിച്ചു... !!
അമ്മയ്ക്ക് വന്ന മാറ്റം അവൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു..നാളിത് വരെ തന്നെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാത്ത ആളാണിപ്പോൾ അയാളുടെ വാക്ക് കേട്ട് തന്നെ തള്ളിപ്പറഞ്ഞ് പുറത്താക്കിയത്..
"അയാൾ...അയാളാണ്
എല്ലാത്തിനും കാരണം. ..ആ ദുഷ്ടൻ.."
അയാളോടുള്ള വെറുപ്പും ദേഷ്യവും കൊണ്ട് തലയ്ക്ക് മുകളിലുള്ള സൂര്യൻ തൻറെ ഹൃദയത്തിലിരുന്ന് ജ്വലിക്കുന്നത് പോലെ അവൾക്ക് തോന്നി...!
അമ്മയുടെ ഓരോ വാക്കുകളും ഓരോ ശരം പോലെ തൻറെ ഹൃദയത്തിൽ വന്ന് പതിച്ചത് പോലെ അവൾക്ക് തോന്നി..
"ശരിയാണ് ..താൻ ജനിച്ചതിൻറെ മൂന്നാം ദിവസം മരിച്ചതാണച്ഛൻ..പക്ഷേ അന്ന് മുതൽ അമ്മ തന്നെ ചേർത്ത് പിടിച്ചിട്ടേയുള്ളൂ..തന്നെ വളർത്താൻ വേണ്ടി ജീവിതത്തോട് പൊരുതിയിട്ടേയുള്ളൂ..തൻറെ മുഖം ഒന്ന് വാടിയാൽ ..താൻ ഒന്ന് സങ്കടപ്പെട്ടാൽ കൂടെ കരഞ്ഞിരുന്ന അമ്മ തന്നെയാണിതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...കുറച്ച് ദിവസങ്ങളായിട്ട് അമ്മയ്ക്കുണ്ടായ മാറ്റങ്ങളൊന്നും തന്നെ ഉൾകൊള്ളാനും പറ്റുന്നില്ല.."
അവൾ നടത്തം നിർത്തി മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി ..പക്ഷെ അമ്മയുടെ മുഖം കണ്ടപ്പോൾ യാന്ത്രികമായി അവളുടെ കാലുകൾ മുന്നോട്ട് തന്നെ ചലിച്ചു ...
കോളേജിൽ സീനിയറായിരുന്ന ദിനേശേട്ടന് തന്നോടുള്ള ഇഷ്ടം അമ്മയ്ക്കറിയാവുന്നതുമാണ്..
അമ്മയ്ക്കറിയാത്ത ഒരു രഹസ്യവും ഇത് വരെ തൻറെ ജീവിതത്തിലുണ്ടായിട്ടില്ല...!!
"തന്നെ മനസ്സിലാക്കാനെന്തേ ഇപ്പോളമ്മയ്ക്ക് പറ്റുന്നില്ല..?
പറ്റാത്തതല്ല..അമ്മ ശ്രമിക്കുന്നില്ല..!
ഓരോന്നും ആലോചിച്ചപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിയില്ല..!
'അമ്മ പണിക്ക് പോകുന്ന മരക്കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്ന ബാലമ്മാവന്ന് തന്നെ വല്യ കാര്യമായിരുന്നു ..
സ്കൂളില്ലാത്ത സമയത്തൊക്കെ അമ്മയ്ക്ക് കൂട്ടിന് പോകുമായിരുന്ന തനിക്ക് നല്ല മിട്ടായികളും കളിപ്പാട്ടങ്ങളും ഉടുപ്പുകളുമൊക്കെ സമ്മാനിക്കുമായിരുന്നു..
ബാലമ്മാവൻറെ ഭാര്യ മരിച്ചപ്പോൾ താനും കൂടി നിർബന്ധിച്ചാണ് അമ്മ അയാളെ കല്യാണം കഴിച്ചത് ..
എന്തോ അച്ഛന്റെ സ്നേഹം കിട്ടാത്ത തനിക്ക് ഒരു അച്ഛനും ഭർത്താവിന്റെ സുഖം അന്യമായിരുന്ന അമ്മയ്ക്ക് കൂട്ടിന് ഒരാളും കിട്ടിയ സന്തോഷത്തിലായിരുന്നു തങ്ങൾ.. ഒറ്റയ്ക്ക് ഒരു പെൺകുട്ടിയുമായി കഴിഞ്ഞിരുന്ന അമ്മയ്ക്ക് ആശ്വാസമായിരുന്നു ആ കല്യാണം .. !!
പക്ഷേ തൻറെ സന്തോഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല ...
തന്നോടുള്ള അയാളുടെ പെരുമാറ്റം മാറാൻ തുടങ്ങി..
താൻ വലുതാകുന്തോറും തൻറെ നേരെയുള്ള അയാളുടെ വല്ലാത്ത നോട്ടം... അറിയാതെ എന്നവണ്ണമുള്ള തൊടലും തലോടലും..നാളുകൾ നീങ്ങുന്തോറും വളരാൻ തുടങ്ങി..
ഒന്നും അമ്മ അറിയല്ലേ എന്ന് കരുതി സഹിച്ചു ...തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയുടെ സന്തോഷം കളയാൻ താൻ ഒരുക്കമല്ലായിരുന്നു ..!
പക്ഷെ ..ഇന്നലെ രാത്രി.. അമ്മ കുളിക്കുന്ന സമയത്ത് അയാൾ തന്നെ കടന്നു പിടിച്ചപ്പോൾ കുതറി മാറി അയാളുടെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു കൊടുത്തു..അതും കണ്ട് കൊണ്ടാണ് അമ്മ കുളി കഴിഞ്ഞു പുറത്തിറങ്ങിയത്..തനിക് എന്തെങ്കിലും പറയാൻ പറ്റുന്നതിന് മുന്പ് തന്നെ അയാൾ തന്നെയും ദിനേശേട്ടനെയും വേണ്ടാത്ത സാഹചര്യത്തിൽ എവിടെയോ കണ്ടുവെന്നും അത് ചോദ്യം ചെയ്തതിന് താൻ അയാളെ അടിച്ചുവെന്നും വരുത്തി തീർത്തു ..
ഇത് കേട്ട അമ്മ അപ്പോഴൊന്നും തന്നെ മിണ്ടാതെ തൻറെ നേരെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് പോയി.അതിൻറെ ബാക്കി ഇങ്ങനെയാവുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയതല്ല ..!
ഓരോന്ന് ഓർത്തു കൊണ്ട് അമല അടുത്തുള്ള ബസ്റ്റോപ്പിൽ പോയിരുന്നു ..
എങ്ങോട്ട് പോകണമെന്നറിയാതെ ആ പാവം കണ്ണീർ വാർത്തു കൊണ്ട് ചുറ്റുമൊന്ന് നോക്കി..
അവിടെയ്ങ്ങും ആരുമില്ല ..ഒരു വശത്തു ഒരു പൂച്ചയും കുഞ്ഞുങ്ങളും കളിക്കുന്നുണ്ടായിരുന്നു ..
അത് കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഹൃദയവേദനയുണ്ടായി ..!!
ഭർത്താവിന് വേണ്ടി സ്വന്തം മകളെ തള്ളിപ്പറഞ്ഞ അമ്മയോട് അവൾക് ജീവിത്തിലാദ്യമായി അവജ്ഞ തോന്നി ..
"എന്തൊരു സ്ത്രീയാണവർ...? സ്വന്തം മകൾ പറയുന്നത് പോലും കേൾക്കാൻ കൂട്ടാക്കാത്ത അവർ അമ്മമാർക്ക് തന്നെ ഒരു പേരുദോഷമാണ് ."
അമല മനസ്സ് കൊണ്ട് അമ്മയെ ശപിച്ചു..!
"ഏതായാലും വീട്ടിൽ നിന്ന് പുറത്താക്കി ..ഇനി രണ്ട് വാക്ക് പറഞ്ഞിട്ട് തന്നെ കാര്യം ..."
അവൾ ഫോണെടുത്തു അമ്മയുടെ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്ത് വെച്ചു..!
"ആരെയാണ് അമല വിളിക്കുന്നത് ..?
ശബ്ദം കേട്ട ഭാഗത്തേക്ക് അമല തലയുയർത്തി നോക്കി ..
ദിനേശേട്ടാ..
അവളുടെ വിളിയിൽ എല്ലാമുണ്ടായിരുന്നു..ആകുലതകളും വ്യാകുലതകളും സങ്കടങ്ങളുമെല്ലാം ..!
ഒരു നിമിഷത്തേക്ക് അവരുടെയിടയിൽ നിശബ്ദത തളം കെട്ടി നിന്നു..!
"അമ്മയെയാണോ വിളിക്കുന്നത് ...?
"അത് ദിനേശേട്ടാ ..അമ്മ എന്നെ ...!!
കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു വന്നത് പൂർത്തിയാക്കാൻ അവൻ സമ്മതിച്ചില്ല ...!
'അമ്മ എന്ത് ചെയ്തൂന്നാണ് നീ പറയുന്നത്.. വീട്ടിൽ നിന്ന് പുറത്താക്കിയ കാര്യമല്ലേ..??
"അതെ എന്നർത്ഥത്തിൽ അവൾ തലയാട്ടി..!
അവളുടെ കരഞ്ഞു തളർന്ന മുഖം രണ്ട കയ്യിലും കോരിയെടുത്ത അവൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു ..
"നിനക്കറിയോ..സത്യത്തിൽ നിൻറെ അമ്മ നിന്നെ രക്ഷിക്കുകയാണ് ചെയ്തത് .."
അവൻറെ വാക്കുകൾ കേട്ട് അവളുടെ മുഖത്തു വിരിഞ്ഞ അമ്പരപ്പ് കണ്ട അവൻ അവളെ പിടിച്ചു അവിടെ ഇരുത്തി ..ഒരു കൈ തൻറെ കയ്യിലെടുത്തു വെച്ച് തലോടി ..
"നിൻറെ അമ്മ എന്നെ വിളിച്ചു എല്ലാ വിവരങ്ങളും പറഞ്ഞിരുന്നു ..ഇവിടെ വന്ന് നിന്നെ കൂട്ടി കൊണ്ട് പോയി സ്വസ്ഥമായി ജീവിക്കാൻ അമ്മയാണ് പറഞ്ഞത്.."!
"അത് പിന്നെ ഏട്ടാ അമ്മ എന്നോട് ...!
"നീ ഒന്നും പറയണ്ട ..അയാളുടെ നിന്നോടുള്ള സമീപനം അമ്മ നേരത്തേ മനസ്സിലാക്കിയിരുന്നു .. കുറച്ചു ദിവസങ്ങളായിട്ട് അമ്മയുടെ കണ്ണുകൾ അയാളറിയാതെ നിന്നോടൊപ്പമുണ്ടായിരുന്നു ..ഒരു രക്ഷാ കവചം പോലെ.."
ഇത് കേട്ട അവൾ പൊട്ടിക്കരയാൻ തുടങ്ങി..
അവൻ സ്നേഫത്തോടെ അവളെ മെല്ലെ തൻറെ തോളത്തേക്ക് ചായ്ചു..
കണ്ണീര് തുടച്ചു കൊണ്ട് പറഞ്ഞു..
"ഒരമ്മ ചെയ്യേണ്ടതേ നിൻറെ അമ്മ ചെയ്തിട്ടുള്ളൂ..ഒരമ്മയ്ക്ക് അങ്ങനെയേ ചെയ്യാൻ പറ്റൂ..തൻറെ മകളെ കൊത്തി വലിക്കാൻ തക്കം കാത്തിരുന്ന കഴുകനിൽ നിന്ന് രക്ഷിക്കാൻ ആ പാവത്തിന് ഇങ്ങനെയൊരു നാടകം കളിക്കേണ്ടി വന്നു.."
ഒന്നു നിർത്തിയിട്ട് അവൻ തുടർന്നു..
"അതാണ് അമലേ അമ്മ..എല്ലാവർക്കും അത് മനസ്സിലായെന്ന് വരില്ല..!
അപോൾ അമലയുടെ കണ്ണിൽ നിന്നും വന്ന കണ്ണുനീരിന് കുറ്റബോധത്തിൻറെ രുചിയായിരുന്നു..ഒരു നിമിഷത്തേക്കെങ്കിലും അമ്മയെ തെറ്റിദ്ധരിച്ചതിൽ..!!!
Safeeda Musthafa

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot