പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
--------------
--------------
കണ്ണൂരിൽ അമ്മയുടെ വീട്ടിൽ പോവുക, ബന്ധുക്കളുടെ വീടുകളിൽ താമസിക്കുക എന്നത് അവധിക്കാലത്തെ ഏറ്റവും പ്രധാന അജണ്ട ആയിരുന്നു...
ചെറുകുന്നമ്പലത്തിലെ വിഷുവുൽസവം, വെടിക്കെട്ട്, തിടമ്പ് നൃത്തം, ചന്തം എല്ലാം കാണുക, ഉത്സവപ്പറമ്പിൽ നിന്ന് കണകുണ കളിപ്പാട്ടങ്ങളും ബലൂണും ഒക്കെ പറ്റിയാൽ വാങ്ങുക എന്നൊക്കെയായിരുന്നു ഉന്നം...
ഒരു പ്രാവശ്യം വിഷു അവധിക്ക് അല്ലാതെ വെക്കേഷന്റെ രണ്ടാം പകുതിയിൽ മാത്രമേ കണ്ണൂരിൽ പോകാൻ സാധിച്ചുള്ളൂ... ഉത്സവത്തിന് പോകണം എന്ന ഞങ്ങൾ കുട്ടികളുടെ ആവലാതി തീർച്ചയായും പരിഗണിക്കപ്പെട്ടില്ല.
അങ്ങനെ മെയ് മാസത്തിൽ കണ്ണൂരിൽ എത്തപ്പെട്ട ഞങ്ങൾ അന്നേരം അവിടെ എന്തൊക്കെ സാധിക്കും എന്ന ചിന്തയുടെ അവസാനം കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് പോകാം എന്ന തീരുമാനത്തിൽ എത്തി. ബാവലിപ്പുഴയുടെ ഇരുകരകളിലുമായി അതിമനോഹരമായ കൊട്ടിയൂർ അമ്പലം ഞങ്ങളുടെ മനസ്സ് നിറച്ചു... ചെറുകുന്നമ്പലം പോലെ തന്നെ പെട്ടിക്കടക്കാരും വാണിഭക്കാരും ഉണ്ടായിരുന്നത് പോരാതെ പുഴയിൽ മുങ്ങി നിവർന്ന് ഈറനായി അമ്പലത്തിൽ തൊഴുന്നതും ഒരു പുതിയ അനുഭവം ആയിരുന്നു....
തൊഴൽ ഒക്കെ കഴിഞ്ഞ് പുഴയിൽ ഇറങ്ങിക്കയറി തിരിച്ച് ഇക്കരെ വന്ന് ഡ്രസ് മാറിക്കഴിഞ്ഞു നോക്കിയപ്പോൾ എല്ലാ കടകളിലും വഴിയിലും എല്ലാം ഒരു പ്രത്യേക സാധനം തൂക്കിയിട്ടിരിക്കുന്നു... അമ്മ പറഞ്ഞു തന്നു. അതാണ് ഓടപ്പൂവ്.
(ദക്ഷയാഗം നടന്ന സ്ഥലമാണത്രെ കൊട്ടിയൂർ. സമസ്ത വ്യക്തികളെയും ദക്ഷൻ യാഗത്തിന് വിളിച്ചെങ്കിലും മോളേം കെട്ട്യോനായ മഹാദേവനേം നൈസ് ആയിട്ട് അങ്ങട്ട് ഒഴിവാക്കി. കാര്യം ഇൻസൽറ്റ് ആയെങ്കിലും അമ്മായിയച്ഛൻ ഒരു പരിപാടി നടത്തിയിട്ട് പോകാഞ്ഞാ മോശല്ലേ എന്നോർത്ത് നന്ദികേശനെ സ്റ്റാർട്ടാക്കി ഫാമിലിയായി പരമേശ്വരൻ കൊട്ടിയൂരെത്തി. അതല്ല, ഭാര്യയുടെ നിർത്താതെയുള്ള ചെവിയിലോത് ചെവിക്കുചുറ്റും അടുക്കടുക്കായി ജട വച്ചടച്ചിട്ടും അതും തുളച്ച് ഉള്ളിലേക്ക് കയറുന്നത് അവസാനിപ്പിക്കാനാണെന്നും ശ്രുതിയുണ്ട്. കണ്ണിക്കണ്ട ചെമ്മാനേം ചെരുപ്പുകുത്തിയേം വരെ വിളിച്ച് അകത്തേക്ക് കൊണ്ടുപോയി വെൽക്കം ഡ്രിങ്ക്സ് ഒക്കെ കൊടുത്ത ദക്ഷച്ഛൻ ഫാമിലിയായി വന്ന മോളെ തീരെ മൈൻഡാക്കിയില്ല. കൈലാസ് ഭവനിൽ നിന്ന് ഇക്കാര്യം പല പ്രാവശ്യം പറഞ്ഞിട്ടും കേൾക്കാതെ ഹസ്സിനെയും കൊണ്ട് ഇറങ്ങിപ്പുറപ്പെട്ട സതീദേവി തിരിച്ച് വീട്ടിൽ ചെന്നാൽ ഉണ്ടാകാൻ ഇടയുള്ള ഈഗോ ക്ലാഷ് ഓർത്ത് ടെൻഷൻ ആയി ദക്ഷൻ പൂട്ടിയ യാഗാഗ്നിയിൽ ചാടി സൂയിസൈഡ് ചെയ്തു. അതൊരു അന്യായ മൂവ് ആരുന്നു.. ആകെ അലമ്പായി, ദക്ഷന്റെയും ഗസ്റ്റുകളുടേയുമടക്കം അനേകം ബാല്യങ്ങൾ പകച്ചു പോയി. മഹാദേവൻ വയലന്റായി. തലയിൽ നിന്ന് ഒറ്റപ്പിടി ജട പറിച്ചെടുത്ത് നിലത്ത് ഒറ്റയടി. അടിയുടെ ശക്തിയിൽ ജടയിൽ നിന്ന് വീരഭദ്രൻ എന്നൊരു സൂപ്പർമാൻ പിറന്നു. മുടി മുറിക്കാൻ പറഞ്ഞാ തല വെട്ടിക്കൊണ്ട് വരുന്ന പാർട്ടിയായിരുന്നു വീരു. ആൾ നിമിഷ നേരം കൊണ്ട് ശിവന്റെ ഭൂതഗണ ങ്ങളുടെ കൂടെ ചെന്ന് ദക്ഷച്ഛന്‍റെ കഴുത്തുപാകം നോക്കി ഒരു വെട്ട് വെട്ടി ഒരു പ്ലെയ്‌റ്റിൽ വെച്ച് ഡെക്കറേഷൻ ഒക്കെ ചെയ്ത് ശിവന് എത്തിച്ചു കൊടുത്തു.
ഇത് കണ്ടതും ദക്ഷന്റെ ഫാമിലി മൊത്തം നെലോളി ബഹളം ആയി. സങ്കടം തോന്നിയ ഭഗവാൻ അവിടെ സദ്യയ്ക്ക് ഫ്രൈ ചെയ്യാൻ തലേന്ന് മറിച്ച ഒരു മട്ടൻ തല വെച്ച് ദക്ഷനെ അസംബിൾ ചെയ്ത് വീണ്ടും ജീവിപ്പിച്ചു.
അങ്ങനെ പറിച്ച് എറിഞ്ഞ ജട ആണെന്നും ദക്ഷന്റെ താടി ആണെന്നും ഒക്കെയാണ് ഓടപ്പൂവിന്റെ ഐതിഹ്യം.)
അപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. അമ്മയുടെ തറവാട്ടിലും വഴിയിൽ കയറിയ ബസ്സുകളിലും എല്ലാം ഇത് തൂക്കിയിട്ടിട്ടുണ്ട്. ശിവ സങ്കൽപ്പത്തോടെ ഉള്ള ഒരു പ്രവൃത്തി ആയിട്ടാണ് അവിടങ്ങളിൽ ഇത് ആളുകൾ ചെയ്യുന്നത്. എല്ലാ കടകളിലും മുൻപിൽ ഇരുന്ന് ആളുകൾ ഓട എന്ന ഒരിനം മുള പ്രത്യേക തരം ചുറ്റിക കൊണ്ട് അടിച്ച് പതം വരുത്തി ചീപ്പ് പോലെയുള്ള ഒരു ഐറ്റം കൊണ്ട് ചീകി ഓടപ്പൂവ് ഉണ്ടാക്കുകയാണ്...
മറ്റൊരു രസകരമായ സംഗതി കേട്ടത് ഓടപ്പൂവ് അവിടെ വെച്ച് മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ എന്നതും ആയിരുന്നു....
ഇത്രേം ഒക്കെ കേട്ടപ്പോ ഞങ്ങൾ വീട്ടിലേക്ക് ഒരെണ്ണം, അച്ഛന്റെ ചേട്ടൻമാർക്കും ചേച്ചിമാർക്കും ഓരോന്ന്, തറവാട്ടിൽ ഒരെണ്ണം അങ്ങനെ എല്ലാവർക്കും തലയെണ്ണി
പത്ത് പതിനഞ്ച് ഓടപ്പൂവ് വാങ്ങി പൊതിഞ്ഞെടുത്തു. പിന്നെ വളരെ വിശിഷ്ടമായി അത് വീട്ടിൽ എത്തിച്ചു.
കുട്ടികളായ ഞങ്ങൾക്കായിരുന്നു ഡിസ്ട്രിബ്യൂഷന്റെ ചുമതല. എല്ലാവർക്കും കൃത്യമായി വിതരണം ചെയ്ത ശേഷം ബാക്കി വന്ന ഒരെണ്ണം വീട്ടിൽ ബാക്കി ഉള്ളവരോട് വഴക്ക് കൂടി എന്റെ ഒരു ബെസ്റ്റ് ഫ്രണ്ടിന്റെ വീട്ടിൽ ഐശ്വര്യം കുമിഞ്ഞു കൂടുന്നതിലേക്കായി അവന്റെ വീട്ടിൽ കൊണ്ടുപോയി കൊടുത്തു ഞാൻ.
കുറെ നാളുകൾക്ക് ശേഷം പഠന സംബന്ധിയായ എന്തോ ഒരു ആവശ്യത്തിന് ഒരു ദിവസം അവന്റെ വീട്ടിൽ പോകാനിടയായി. എപ്പോൾ അവന്റെ വീട്ടിൽ പോയാലും കാണാൻ സാധിക്കുന്ന ഒന്നു രണ്ട് സ്ഥിരം കാഴ്ചകൾ ഉണ്ട്. ഒന്ന് ആരോ സ്റ്റാച്യു പറഞ്ഞിട്ട് പൊയ്ക്കളഞ്ഞതു പോലെ, (സ്കൂളിലെ ഒരു കളി ആണ് സ്റ്റാച്യൂ. സ്റ്റാച്യൂ കൂടുക എന്ന് പറയും. സ്റ്റാച്യൂ കൂടിയവരിൽ ആരെങ്കിലും മറ്റെയാളോട് സ്റ്റാച്യൂ പറഞ്ഞാൽ അയാൾ അപ്പോൾ എന്ത് ആക്ടിവിറ്റിയിൽ ആണോ അതിൽ പ്രതിമ പോലെ നൽകണം. അനങ്ങിയാൽ തോറ്റു. സ്റ്റാച്യൂ പറഞ്ഞയാൾ ഓക്കേ പറഞ്ഞാൽ അനങ്ങാം) സിറ്റൗട്ടിലെ ക്രാസി കൊണ്ടുള്ള കൈവരിയിൽ ഒരു കാൽ കയറ്റി വെച്ച് മീശ പിരിച്ചു നിൽക്കുന്ന അവന്റെ അച്ഛൻ.
മറ്റൊന്ന്, അടുക്കളയിൽ പാത്രങ്ങളുമായോ ഭക്ഷണവുമായോ മല്ലിടുന്ന അവന്റെ അമ്മ.
ഞാൻ ചെല്ലുമ്പോൾ ഒരു കാൽ രഥത്തിൽ കയറ്റി വെച്ച് അമ്പെയ്യാൻ നിൽക്കുന്ന പോലെ അച്ഛൻ സ്ഥിരം പോസിൽ നിൽക്കുന്നുണ്ട്. അമ്മ അകത്തും. ഞാൻ അവനെ അന്വേഷിച്ചപ്പോൾ കടയിലോ മറ്റോ വിട്ടിരിക്കുകയാണ് എന്ന് പറഞ്ഞു. അടുത്തതായി ഞങ്ങൾ തമ്മിൽ പഠനത്തെ പറ്റിയുള്ള ക്‌ലീഷേ ചോദ്യങ്ങളും അതിനേക്കാൾ ക്‌ലീഷേ ഉത്തരങ്ങളും കൈമാറിക്കൊണ്ടിരിക്കെ അടുക്കളയിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിലും പാത്രങ്ങൾ താഴെ ഇട്ടു പൊളിക്കുന്ന ശബ്ദവും ഇതിനെ ഒന്ന് എടുത്തോണ്ട് പോകാമോ എന്ന അമ്മയുടെ ആക്രോശവും കേട്ടു..
ഏതാ കുട്ടി എന്ന് ഞാൻ ചോദിച്ചപ്പോൾ മോളുടെ മോനാ എന്ന് മറുപടി പറഞ്ഞ് ന്യൂട്ടന്റെ ഒന്നാം ചലന നിയമപ്രകാരം നേരിട്ട് അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കുന്നത് വരെ ഞാൻ എന്റെ സ്ഥായിയായ നിശ്ചലാവസ്ഥയിലോ നേർരേഖയിൽ ഉള്ള സമാന ചലനത്തിലോ തുടരും എന്ന മട്ടിൽ കരിങ്കല്ലിന് കാറ്റ് പിടിച്ച പോലെ പുള്ളി ഒറ്റ നിൽപ്പ് നിന്ന് കളഞ്ഞു.
ഇനിയും വൈകിയാൽ ഒന്നുകിൽ അമ്മൂമ്മ കൊച്ചുമോനെയോ കൊച്ചുമോൻ അമ്മൂമ്മയെയോ തട്ടും എന്ന് ഉറപ്പായ സ്ഥിതിക്ക് ഒറ്റയോട്ടത്തിനു ഞാൻ അടുക്കളയിൽ എത്തി.
അടുക്കളയിൽ എത്തുമ്പോൾ ഞാൻ കാണുന്ന കാഴ്ച അതീവ രസകരമായിരുന്നു...
ഒരു കൈയിൽ ചട്ടുകവും മറ്റെ കൈയിൽ അടപ്പ് തുറന്ന മണ്ണെണ്ണക്കുപ്പിയുമായി ഒഴിക്കാൻ തയ്യാറായി നിൽക്കുന്ന കൊച്ചുമോനെ, പാത്രം കഴുകുന്നതിനിടെ ഇരു കക്ഷത്തിലും പിടിച്ച് ദേഹത്ത് നിന്നും അകത്തിപ്പിടിച്ച് എടുത്തു കൊണ്ട് നിൽക്കുന്ന അമ്മൂമ്മ.
ചിരി മുഖത്ത് വരാതെ ആത്മസംയമനം പാലിച്ച് കുഞ്ഞിനെ കൈയിലേക്ക് വാങ്ങുന്നതിനിടെ എപ്പോഴോ എന്റെ ശ്രദ്ധ, പാത്രം കഴുകിക്കൊണ്ടിരുന്ന, കൂട്ടുകാരന്റെ അമ്മയുടെ കൈകളിലേക്ക് പാളി വീണു... അമ്മയുടെ കൈയിലെ സ്ക്രബ് എനിക്ക് നല്ല പരിചയം....
ഓടപ്പൂവ്!
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക