നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുട്ടത്തു വർക്കി

Image may contain: 1 person, closeup
ഒരു ഉച്ചക്ക് ചുമ്മാ ഇരുന്നു മടുത്തപ്പോഴാണ് ലൈബ്രറിയിലേക്ക് വച്ചു പിടിച്ചത്... കുറെ നാളുകളായിരുന്നു അങ്ങോട്ടേക്ക് പോയിട്ടു... തോരാമഴ കാരണം എന്റെ മൂക്കും കുറേ നാളായി തോരാതെ നിക്കുന്നു... അങ്ങനെ വിശ്രമം... മൊത്തം വിശ്രമം... പുറത്തിറങ്ങാതെ.... അസുഖം മാറിയിട്ട് ആദ്യത്തെ കറക്കം ആണ്...
ടൗണിലെ തിരക്കുള്ള സ്ഥലത്താണ് ലൈബ്രറി... അതും മുകൾനിലയിൽ... ജനലിൽ കൂടി മുവാറ്റുപുഴ കാണാം... തിരക്ക് കാണാം.... എനിക്കു അവിടെ ഞാൻ സ്ഥിരം ഒരു സീറ്റ് പിടിച്ചിട്ടുണ്ട്...
ലൈബ്രറിയിൽ ഒരു പെങ്കൊച്ചാണ് ഇരിക്കുന്നത്... ഞാനും അവളും നല്ല പരിചയക്കാരികൾ ആണ്... ഇടയ്ക്കിടെ മദർ ഇൻ ലോ ഉണ്ടാക്കുന്ന അവലോസുണ്ട ഞാൻ അവൾക്കും കൊണ്ട് കൊടുക്കാറുണ്ട്... അതിന്റെ ഒരു സ്നേഹം ഉണ്ട്.....
അവിടെ ചെന്നപ്പോൾ സാമാന്യം തിരക്കുണ്ട്... കോളേജിൽ പഠിക്കുന്ന പിള്ളേരാണ് ഭൂരിപക്ഷം.... ആകെ പരിചയമുള്ള രണ്ടു മുഖങ്ങൾ മാത്രം... ഒന്ന് ലൈബ്രറി പെങ്കൊച്ചും പിന്നെ വലിയ ഒരു വായനക്കാരനായ കൃഷ്ണൻ നായർ സാറും മാത്രം...
"എത്ര ദിവസായി കണ്ടിട്ട്... " ലൈബ്രറി പെൺകൊച്ചു എന്നെ സ്വാഗതം ചെയ്തു......
"പുതിയ പുസ്തകം വല്ലോം ഉണ്ടോ കയ്യിൽ " കൃഷ്ണൻ നായർ സാർ തല ഉയർത്തി ചോദിച്ചു....
"ആകെ ഒരു കൈലാസ യാത്ര മാത്രം " ഞാൻ എന്റെ പതിവ് സ്ഥലം പിടിച്ചു...
ഷെൽഫിൽ മുട്ടത്തു വർക്കി എന്നെ നോക്കി ചിരിച്ചു... ഞാനും... വാർഷിക പതിപ്പുകൾ നോക്കി യിരുന്നപ്പോളാണ് എതിർവശത്തു ഇരിക്കുന്നവരെ കണ്ടത്
ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ആണ് അവർ ഇരിക്കുന്നത്.. കോളേജിൽ പഠിക്കുന്നവരാണ്...
പെൺകുട്ടിയുടെ കണ്ണുകൾ മീൻ പോലെ കണ്മഷി കൊണ്ട് എഴുതിയിരിക്കുന്നു.... ചെക്കന്റെ തലമുടി അടികാടു വെട്ടിയ വനം പോലെ...
രണ്ടു പേരും കണ്ണും കണ്ണും നോക്കിയിരിക്കുന്നു...
ഇതിനുമാത്രം എന്താണ് അവരുടെ കണ്ണിൽ എന്നറിയാൻ ഒരു കൗതുകം ഉണ്ടായി എനിക്ക്... പക്ഷെ ഷെൽഫിൽ ഇരിക്കുന്ന മുട്ടത്തുവർക്കി എന്നെ പിന്തിരിപ്പിച്ചു... എന്നാലും എന്റെ കണ്ണിന്റെ ഒരു സൈഡ് ഞാൻ അവർക്ക് സമർപ്പിച്ചു....
"അപ്പൊ നിനക്ക് എന്നെ ഒട്ടും മിസ്സ് ചെയ്യില്ലാ... "ആ മീങ്കണ്ണി യാണ്... ഞാൻ എന്റെ ചെവിയും അവർക്ക് സമർപ്പിച്ചു...
"ഇല്ലടാ ചക്കരേ... നീ ഇങ്ങനെ സങ്കടപെടല്ലേ "... ആ ചെക്കനാണ്..
അപ്പൊ എന്തോ കാര്യമായ പ്രശ്നമാണ്... ഞാൻ മുട്ടത്തു വർക്കിയെ നോക്കി... പുള്ളി ആ ചെക്കന്റെ തലയിൽ നോക്കി ഇരിക്കുവാണ്....
ഞാൻ വാർഷിക പതിപ്പിൽ മുഖം ഒളിപ്പിച്ചു ഒരു സി ഐ ഡി ആയി.... ഇങ്ങനെ രഹസ്യം കണ്ടുപിടിക്കാനുള്ള ആ കഴിവ് എനിക്ക് പാരമ്പര്യസ്വത്തായി തന്നത് എന്റെ സ്വന്തം അമ്മയാണ്.... ഈ കഴിവിൽ ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു.....
"ഞാൻ കല്യാണം കഴിച്ചു പോയാൽ നീ എങ്ങനെ സഹിക്കും "....ആ പെണ്ണാണ്... അപ്പൊ പെണ്ണിന്റെ കല്യാണം ആണ്.. അതാണ്...
"നമുക്ക് ഒളിച്ചോടാമായിരുന്നു... ബട്ട്‌ വീട്ടുകാരെ വഞ്ചിക്കുന്നത് തെറ്റല്ലേ"
പെണ്ണ് ചെറുക്കനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ്...
"സാരമില്ലെടി... ഞാൻ സഹിച്ചോളാം... നീ വീട്ടുകാരെ വെറുപ്പിക്കരുത്... "ചെക്കന്റെ വാക്കുകൾ കേട്ട് പെണ്ണ് ആശ്വാസം രേഖപ്പെടുത്തി...
"എന്നാലും നീയില്ലാതെ "..പെണ്ണിന് അങ്ങ് ദഹിക്കുന്നില്ല....
"എടി നമുക്ക് കല്യാണം അടിച്ചുപൊളിക്കണം... എല്ലാ ഫ്രണ്ട്‌സ്നെയും വിളിക്കണം.. തകർക്കാം "...ചെക്കൻ പറയുന്നതുകേട്ടപ്പോൾ ആവേശത്തിൽ അവൻ ലൈബ്രറി തകർക്കുമെന്ന് തോന്നി...
ഇവരുടെ പറച്ചിൽ കേട്ടപ്പോൾ ഞാൻ പഴയ ഒരു പ്രണയം ഓർത്തു.. പക്ഷെ അതിലെ സി ഐ ടി ഞാനല്ല... എന്റെ അമ്മയായിരുന്നു.. അമ്മയുടെ ചെറുപ്പത്തിൽ കൂട്ടുകാരുമായി കുറ്റിക്കാട്ടിൽ പൂച്ചപ്പഴം പറി ക്കുമ്പോൾ കേട്ടത്.... അതിലെ നായിക സത്യഭാമയും നായകൻ ചായക്കടയിൽ ജോലിയുള്ള പ്രഭാകരനും ആയിരുന്നു....
"ചേട്ടൻ എന്നെ ഉടനെ കെട്ടിയില്ലേൽ ഇനി വരുമ്പോ എന്നെ കാണില്ല "....അതായിരുന്നു അന്ന് സത്യഭാമ പറഞ്ഞത്...
"ആ ചായക്കടേല് ചായ അടിക്കാൻ നിന്നാ ചായ കുടിക്കാനുള്ളത് കൂടി കിട്ടില്ല... പിന്നെ വീട് നോക്കണം... ഉടനെ നിന്നെ കെട്ടിയാൽ ചിലവിനു എന്തു ചെയ്യും ഭാമേ "...പ്രഭാകരൻ നിസ്സഹായനായി....
പ്രഭാകരൻ നടന്നുപോകുന്നത് സത്യഭാമ കരഞ്ഞുകൊണ്ട് നോക്കിനിന്നു....ഒപ്പം കാട്ടിൽ പൂച്ചപ്പഴം തിന്ന് കുട്ടികളായ അമ്മയും കൂട്ടുകാരും...
ഏതാനും ദിവസങ്ങൾ കഴിഞ്ഞു സത്യഭാമ മോട്ടോർപുരയിൽ സൂക്ഷിച്ചിരുന്ന ഫ്യൂരിഡാൻ കഴിച്ചു ഛർദ്ദിച്ചു മരിച്ചു... സത്യഭാമയെ മരിച്ചു കൊണ്ടുപോകുന്നത് കാണാൻ പ്രഭാകരൻ വന്നില്ല....
എന്തിനാണ് പ്രഭാകരൻ കെട്ടാത്തതിന് സത്യഭാമ വിഷം കഴിച്ചതെന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്... മറുപടി ഇതു വരെ കിട്ടിയിട്ടില്ല....
എന്തായാലും പ്രഭാകരൻചേട്ടൻ ഇപ്പോൾ ഭാര്യയും മക്കളും അവരുടെ മക്കളുമായി കഴിയുന്നു.... സ്വന്തമായി ഹോട്ടലും ഉണ്ട്.... സത്യഭാമയുടെ പ്രേതം അന്നൊക്കെ അതുവഴി വന്നിരുന്നു എന്നൊക്കെ അമ്മ പറഞ്ഞിരുന്നു... ഇപ്പൊ അതൊന്നും കേൾക്കാറില്ല... വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.....
ഇവിടെ ഇപ്പോൾ ആ പ്രണയം അല്ല... ഈ മീങ്കണ്ണി കെട്ടുന്നത് ഈ ചെക്കൻ സന്തോഷത്തോടെ അംഗീകരിച്ചിരിക്കുന്നു.... തലമുറയുടെ കാഴ്ചപ്പാടിൽ എനിക്ക് അഭിമാനം തോന്നി....
"കേട്ടു പഠിക്കണം "...ഞാൻ മുട്ടത്തു വർക്കിയെ നോക്കി ആംഗ്യ ഭാഷയിൽ പറഞ്ഞു...
"എന്നാലും ഞാൻ അയാളുടെ കൂടെ ഹണിമൂണിന് പോവുമ്പോൾ നിനക്ക് നോവില്ലേ "...പെണ്ണ് വീണ്ടും ചെക്കന്റെ സെന്റിയിൽ പിടിച്ചിരിക്കുവാണ്.... അവൾക്കിട്ടു രണ്ടെണ്ണം കൊടുക്കാൻ എന്റെ കൈ തരിച്ചു... ആ ചെക്കനെ വിഷമിപ്പിച്ചു ഇവള് വിഷം കുടിപ്പിക്കാനുള്ള പരിപാടി വല്ലതും ആണോ...
"നീ ഹണിമൂണിന് മസിനഗുഡിക്കു വാടി... ഞാൻ അവിടെ കാണും... നമുക്ക് അടിച്ചുപൊളിക്കാം "ആ ചെക്കൻ കാക്ക ചിരിക്കും പോലെ പറഞ്ഞു....
ഇത്തവണ ഞാനും മുട്ടത്തുവർക്കിയും ഞെട്ടി തെറിച്ചു..
"ടൺ.... മസിനഗുഡി ഒക്കെടാ ചക്കരേ.. "....രണ്ടും കൈ കൂട്ടി അടിച്ചു പുറത്തേക്ക്.....
മുട്ടത്തു വർക്കിയുടെ പൊട്ടിച്ചിരി ഞാൻ കേട്ടില്ലെന്നു വച്ചു....

By CHithra

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot