അവർക്ക് വായിച്ചു മനസ്സിലാക്കാൻ സാധിക്കാത്ത ഇംഗ്ളീഷിൽ , കുടുംബ ഡോക്ടർ ഒരു കുറിപ്പെഴുതികൊടുത്തിട്ട് പറഞ്ഞു ,
"വേഗം ആസ്പത്രിയിലെത്തിക്ക് , വളരെ അർജന്റ് , എമർജൻസി സെക്ഷനിൽ ഈ കുറിപ്പ് കാണിച്ചാ മതി, വേഗം ചെല്ല്"
ഡോക്ടർ ധൃതികൂട്ടി , ഇനി കൂടുതൽ ഒന്നും ചിന്തിക്കാനില്ല.
പുലർച്ചെ രണ്ടരമണിക്ക് എന്നെയും കൊണ്ട് കാർ പാഞ്ഞു , വാടിയ ചേമ്പിൻ തണ്ടു പോലെ, അംബാസഡർ കാറിന്റെ പിൻസീറ്റിൽ ഒടിഞ്ഞു കൂടിക്കിടക്കുകയാണ് ഞാൻ. കയ്യിലൊരു പ്ലാസ്റ്റിക് കവറുണ്ട് , ഇടയ്ക്കിടെ തികട്ടി വരുന്ന ഛർദ്ദിൽ പുറത്തേക്ക് വരുമ്പോൾ ആ കവറിനകത്തേക്കാണ് വായ കാട്ടേണ്ടത്. ഛർദ്ദിച്ചു ഛർദ്ദിച്ചു ഇപ്പോൾ , കഷായത്തെക്കാൾ കയ്‌പേറിയ കടുത്ത പച്ച നിറത്തിലുള്ള ദ്രാവകം മാത്രമേ പുറത്തേക്ക് വരുന്നുണ്ടായിരുന്നുള്ളൂ.
റോഡിൽ വാഹനങ്ങൾ നന്നേ കുറവാണ്. ടാക്സി ഡ്രൈവർ മൻസൂർ ആക്‌സിലേറ്ററിൽ ആഞ്ഞു ചവുട്ടി, പത്തു മിനിറ്റിനകം നഗരത്തിലെ അറിയപ്പെടുന്ന 'സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ' എത്തി, കൂടെയുണ്ടായിരുന്ന ജ്യേഷ്ഠൻ സതീഷും , അളിയൻ ബാബുവും , ചേർന്നു കാറിൽ നിന്നിറങ്ങാൻ സഹായിച്ചു, തന്റെ വലതു കൈ വയറിൽ താങ്ങിപ്പിടിച്ചു കൊണ്ട് , അവരുടെ സഹായത്താൽ ഞാൻ മെല്ലെ നടന്നു നീങ്ങി. ആശുപത്രി വരാന്തയിൽ വെച്ച് , ഉടനെ തന്നെ സ്‌ട്രെച്ചറിൽ കിടത്തി എമെർജെൻസി ഡ്യൂട്ടി ഡോക്ടർക്ക് കയ്യിലുള്ള കുറിപ്പ് നൽകി. ഡോക്ടറുടെ മുറിയിൽ പ്രാഥമിക പരിശോധനയും കഴിഞ്ഞു സ്‌ട്രെച്ചർ, ഐ സി യു ലക്ഷ്യമാക്കി ജീവനക്കാർ തള്ളിക്കൊണ്ടുപോയി.
വയറു വേദനയും , കഴുത്തിന്റെ വലതു ഭാഗം മുതൽ ചെവിയുടെ അകത്തുകൂടി തലച്ചോറിലേക്ക് ഇടക്കിടക്ക് തുളഞ്ഞു കയറുന്ന ആ വേദനക്കും യാതൊരു ശമനവും തോന്നിയില്ല. താനിപ്പോൾ മരിച്ചു പോകുമോ എന്ന് ഞാൻ ഭയന്നു.
"അപ്പെന്റിസൈറ്റിസാ , എത്രയും വേഗം തന്നെ ഓപ്പറേഷൻ ചെയ്തു നീക്കേണ്ടതുണ്ട്. ഞാൻ സർജനെ ഫോൺ ചെയ്തു വരുത്താം" പ്രാഥമിക പരിശോധനക്ക് ശേഷം , ഡ്യൂട്ടി ഡോക്ടർ അളിയൻ ബാബുവിനോടായി പറഞ്ഞു.
കുറച്ച് സമയത്തിനുള്ളിൽ സർജ്ജനെത്തി, കാര്യങ്ങൾ ബാബുവിനും, സതീഷിനും വിവരിച്ചു കൊടുത്തു,
സർജ്ജറി ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങി. പിന്നെ എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോകാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
അസുഖമെന്താണെന്ന് മനസ്സിലായ ഞാൻ , ഓപ്പറേഷൻ തിയറ്ററിനകത്ത് വെച്ച്, സ്‌ട്രെച്ചറിൽ കിടന്നു കൊണ്ട് തന്നെ സങ്കടത്തോടെ ഡോക്ടറോട് ചോദിച്ചു,
"ഡോക്ടർ , നാളെ എനിക്ക് പി ജി ഫൈനൽ ഇയർ അവസാന പരീക്ഷയാണ്. ഞാൻ ഇവിടെ നിന്നും നേരെ കോളേജിൽ പോയി പരീക്ഷ എഴുതി തിരിച്ചിവിടെ വന്നു സർജ്ജറിക്കായി അഡ്മിറ്റ് ആവാം, അത് വരെ എനിക്ക്, ഈ വേദനയും ഛർദ്ദിയും ഇല്ലാതിരിക്കാൻ മരുന്നുകൾ നൽകുമോ ?” ഞാൻ ഈ വിഷയം നന്നായി പഠിച്ചതുമാണ്, എങ്ങനെയെങ്കിലും പരീക്ഷക്കിരിക്കാൻ സാധിച്ചാൽ മതി.
എന്റെ അപ്പോളത്തെ മാനസികാവസ്ഥയിൽ തനിക്കുള്ള വിഷമം പുറത്തു കാട്ടാതെ , പുഞ്ചിരിച്ചു കൊണ്ട് സർജ്ജൻ ഡോക്ടർ കോശി എന്നോട് പറഞ്ഞു ,
" മിസ്റ്റർ ബൈജു, നിങ്ങൾ വളരെ ക്ഷീണിതനാണ്, കഠിനമായ വയറുവേദനയോടു കൂടിയാണ് നിങ്ങളിവിടെ എത്തിയിരിക്കുന്നത്. ഈ അവസ്ഥയിൽ നിങ്ങൾ നാളെ എങ്ങനെ പരീക്ഷയെഴുതാൻ പോകാനാണ് ? അടിയന്തിരമായി സർജറി ചെയ്യേണ്ടതാണ്. വൈകുന്തോറും റിസ്ക് കൂടുതലുമാണ് . സർജറിക്ക് ശേഷവും , കുറച്ചു ദിവസം വിശ്രമം അത്യാവശ്യവുമാണ്. പരീക്ഷയൊക്കെ പിന്നെയും എഴുതാലോ , ഇപ്പോൾ സമാധാനിക്കൂ. അതേക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ട, ക്ഷമിക്കുക, ഓപ്പറേഷൻ കഴിയാതെ എനിക്ക് നിങ്ങളെ ഇനി പുറത്തേക്ക് വിടാൻ സാധിക്കില്ല." തുടർന്ന് ഡോക്ടർ സർജ്ജറി നടപടികൾ ആരംഭിക്കുകയും ചെയ്തു.
രാവിലെ പരിശോധനക്കെത്തിയ ഡോക്ടറുടെയും, നഴ്‌സിന്റെയും സംസാരം കേട്ടാണ് ബൈജു ഉണർന്നത്.
"പേടിക്കേണ്ടട്ടോ, ശരിയായിക്കൊള്ളും, സ്റ്റെതസ്കോപ്പ് വെച്ച് പരിശോധിക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു".
"പരീക്ഷക്ക് പഠിച്ചു കൊണ്ടിരിക്കുവാ അല്യോ"
മരുന്ന് നൽകുന്നതിനിടയിൽ നഴ്‌സിന്റെ കുശലം പറച്ചിൽ.
"അതെ, നാളെ ലാസ്റ്റ് എക്സാം ആണ് , അതിപ്പോ എനിക്ക് എഴുതാനും പറ്റാണ്ടായി .. ഇനി ഒരു വർഷം കാത്തിരിക്കണം ? " തളർന്ന സ്വരത്തിൽ അത് പറയുമ്പോൾ എന്റെ കൺകോണുകളിൽ കണ്ണുനീർ തളം കെട്ടി നിന്നിട്ടുണ്ടായിരുന്നു.
കൂടുതൽ സംസാരിക്കാൻ നിൽക്കാതെ നഴ്സ് മുറിവിട്ടു പോയി.
ബെഡിനടുത്തുള്ള പ്ലാസ്റ്റിക് കസേരയിലിരുന്നു കൊണ്ട് നിരാശയോടെ അളിയൻ ബാബു പറഞ്ഞു, “മൂന്നു ദിവസം ഇവിടെ തന്നെ കഴിയണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം, പരീക്ഷയുടെ കാര്യമൊക്കെപറഞ്ഞപ്പോൾ ഡോക്ടർ ചോദിക്കുവാ , പരീക്ഷ വേണോ, അതോ അസുഖം മാറണോ എന്ന്". ബാബു നിരാശയോടെ ചുണ്ടുകൾ മുന്നോട്ട് കൂട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
ഫൈനൽ പരീക്ഷയിൽ ഇതുവരെയുള്ള നാല് വിഷയങ്ങളും വളരെ നന്നായി തന്നെ എഴുതിയിരുന്നു. എഴുതിയ വിഷയങ്ങളിലെല്ലാം നല്ല മാർക്കും കിട്ടുമെന്നുറപ്പുണ്ട്. നല്ല ആത്മവിശ്വാസത്തിൽ അഞ്ചാമത്തെ പരീക്ഷക്ക്, അതും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'ബിസിനസ് മാനേജമെന്റ് തിയറിയാണ്' വിഷയം. ലെക്ച്ചറിംഗ് പരിശീലനത്തിൽ താൻ ഏറെ ഷൈൻ ചെയ്യാറുള്ള വിഷയം. അതിൽ, തന്നെ ഏറ്റവും സ്വാധീനിച്ച അധ്യായമാണ് 'മോട്ടിവേഷൻ'. മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിക്കുമ്പോൾ , എങ്ങനെ മറ്റുള്ളവർക്ക് മോട്ടിവേഷൻ നൽകാം എന്ന് സഹപാഠികൾക്ക് ക്ലസ്സെടുത്തു കൊടുത്തിട്ടുള്ള തനിക്കിപ്പോ തീരെ മോട്ടിവേഷൻ ഇല്ലാതായിരിക്കുന്നു.
അവസാന വിഷയ പരീക്ഷ എഴുതാൻ ഇത്തവണ സാധിക്കാത്ത സ്ഥിതിക്ക് , ഇനി അതെഴുതണമെങ്കിൽ അടുത്ത വര്ഷം വരെ കാത്തിരിക്കണം. അപ്പോളും എഴുതാൻ പറ്റുമോ ആവോ .. സർജറി ചെയ്‍തതിന്റെ ശാരീരിക ക്ഷീണത്തിന് പുറമെ പരീക്ഷയെഴുതാൻ സാധിക്കാത്തതിന്റെ കടുത്ത നിരാശയിൽ ഞാൻ അസ്വസ്ഥനായി .
അവസാന നിമിഷം എല്ലാം കൈവിട്ടു പോയല്ലോ എന്ന ചിന്ത എന്നെ മാനസികമായി വല്ലാതെ ഉലച്ചു.
"പ്രൈവറ്റ് ആസ്പത്രിക്കാർ ഒരു രോഗിയെ കിട്ടിയാ പിന്നെ വിടുമോ , അവർക്ക് പൈസയുണ്ടാക്കാനൊരാളെക്കൂടി കിട്ടീലെ".. , പഠിപ്പിലൊന്നും വല്യ താൽപര്യമില്ലാത്ത, എന്നാൽ എല്ലാ കാര്യത്തിലും ഒരു ദുരൂഹത കാണാറുള്ള ഏട്ടൻ സതീഷിൻറെ അഭിപ്രായം വന്നു കഴിഞ്ഞു.
അച്ഛൻ കാണാൻ വന്നപ്പോൾ ഞാൻ സങ്കടം കൊണ്ട് കുറെ കരഞ്ഞു.
"സാരമില്ല, അടുത്ത കൊല്ലത്തെ പരീക്ഷക്ക് എഴുതാലോ, മറ്റുള്ള വിഷയങ്ങൾ വിജയിച്ചാൽ പിന്നെ ഈ ഒരു വിഷയം മാത്രമല്ലേ എഴുതിയെടുക്കേണ്ടതുള്ളൂ, അത് നല്ലോണം പഠിച്ചു മോനെഴുതാലോ, പിന്നെന്താ ? "
എല്ലാവരും സമാധിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും, എൻറെയുള്ളിൽ, തന്റെ പഠനജീവിതത്തിലെ ഒരു വർഷം നഷ്ടപ്പെടുന്ന നിരാശ നിറഞ്ഞു തന്നെ നിന്നു.
മെയ് 27 , ഇന്നാണ് അവസാന പരീക്ഷ. താനിവിടെ ആശുപത്രിക്കിടക്കയിൽ. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പരീക്ഷാക്കാലം ഇന്ന് അവസാനിക്കുകയാണ്, വീടിനു മുന്നിലുള്ള വയലിലേക്ക് ചാഞ്ഞു കിടക്കുന്ന പൂത്ത കശുമാവിൻ ചില്ലകളുടെ തണലിൽ കസേര ഇട്ടിരുന്നു പഠിച്ചതും, മോട്ടിവേഷൻ ചാപ്റ്റർ സഹപാഠികൾക്ക് ഭംഗിയായി പറഞ്ഞു കൊടുത്തതിന് ജോസഫ് മാഷ് അഭിനന്ദിച്ചതും എന്റെ മനസ്സിലൂടെ കടന്നു പോയി.
സതീഷേട്ടനാണ് അന്നത്തെ മാതൃഭൂമി പത്രം എനിക്ക് നൽകിയത്. മുൻപേജിൽ തന്നെ പ്രധാന തലക്കെട്ടായി എസ് എസ് എൽ സി പരീക്ഷാഫലം, റാങ്കുകാരുടെ ചിത്രങ്ങൾ അങ്ങനെ.. ഒരു നിമിഷം തന്റെ എസ് എസ് എൽ സി പരീക്ഷാഫലവും ഞാൻ ഓർമ്മിച്ചു.
എന്നാൽ, ഒന്നാം പേജിൽ രണ്ടാം പകുതിയിൽ കണ്ട തലക്കെട്ട് വാർത്ത !, എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു !!
‘ജില്ലയിൽ എന്റെ അടുത്തപ്രദേശത്ത് , പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് വലിയന്നൂർ പ്രസാദ് കൊല്ലപ്പെട്ടു. ജില്ലയിൽ ഇന്ന് ഹർത്താൽ..’
‘ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രസാദിനെ ബൈക്ക് തടഞ്ഞു നിർത്തി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, രാഷ്ട്രീയ എതിരാളികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും സഹപ്രവർത്തകനുമായ കെ പി മനോജിനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രീയിൽ പ്രവേശിപ്പിച്ചു. പ്രസാദിന് ഭാര്യയും പതിമൂന്നും പത്തും വയസ്സുള്ള രണ്ട് ആണ്മക്കളുമുണ്ട്’..
പ്രസാദിന്റെ ക്രൂരമായ കൊലപാതകമറിഞ്ഞു അലമുറയിട്ടു കരയുന്ന അമ്മയുടെയും, ഭാര്യയുടെയും മക്കളുടെയും ചിത്രങ്ങളും കൊടുത്തിട്ടുണ്ട്.
ഹർത്താൽ പ്രമാണിച്ച് കോഴിക്കോട് സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ഇങ്ങനെ പോകുന്നു വാർത്ത.
എന്തൊക്കെയോ വികാരങ്ങൾ കടന്നുപോയി !.. ഒരു ,മുഷ്യനെ പച്ചക്ക് വെട്ടി കാലപുരിക്കയച്ചത് വളരെ സങ്കടകരം തന്നെ.
പ്രീ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയം , അയൽവാസിയായ മനുവിന്റെ, തറവാട് വീട്ടിൽ വെച്ചായിരുന്നു , ഒരു സംഘടനയുടെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹൈവേയിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ഓടിച്ചു , പ്രാണ രക്ഷാർത്ഥം മനുവിന്റെ, പൂട്ടിക്കിടക്കുകയായിരുന്ന തറവാട് വീട്ടിലേക്ക് ഓടിക്കയറിയ അയാളെ ആ വീടിന്റെ ഉമ്മറത്തിട്ടു വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. അന്ന് കണ്ട, വെട്ടേറ്റ് മുഖം വികൃതമായ ആ മൃതദേഹം എന്റെ ഓർമ്മയിലെത്തി. ഇന്നലെ കൊല്ലപ്പെട്ട പ്രസാദിന്റെ മൃതദേഹവും സമാനമായ രീതിയിലാവുമെന്ന് ഞാൻ മനസ്സിൽ കണ്ടു. എന്തിനാണ് രാഷ്ട്രീയപ്പാർട്ടികൾക്ക് വേണ്ടി സാധാരണ പ്രവർത്തകർ ഇങ്ങനെ പരസ്പരം കൊന്നു തള്ളുന്നതെന്നും ഞാൻ വേദനയോടെ ചിന്തിച്ചു.
എന്നാൽ ഈ സാഹചര്യം തന്നെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹവുമാണ്. തന്റെ വിദ്യാഭ്യാസ ജീവിതത്തിലെ നിർണ്ണായകമായ പരീക്ഷ, തനിക്ക് ഈ വർഷം എഴുതാൻ കഴിയില്ലെന്ന് കരുതിയത് ഇനി സാധിക്കും. എന്തായാലും കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞേ മാറ്റിവെച്ച പരീക്ഷ ഉണ്ടാകൂ. അപ്പോളേക്കും ഞാൻ ആരോഗ്യവാനായിരിക്കും.
"ഭീരുക്കളാണ് പ്രസാദിനെ വെട്ടിക്കൊന്നത് , പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്നും, പ്രസാദിന്റെ കുടുംബത്തിന്റെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്ന" നേതാവിന്റെ പ്രസ്താവനയും പത്രത്തിലുണ്ട്.
“അപ്പോ ഈ നേതാക്കളൊന്നും ഭീരുക്കളല്ലേ ? അവരുടെ പാർട്ടിയും ഇതേ രീതിയിൽ അക്രമങ്ങൾ കാണിക്കാറില്ലേ ? എന്തായാലും ആ കുടുംബത്തിന് നാഥനില്ലാണ്ടായി.. ഞാൻ ചിന്തിച്ചു.
പിന്നീട് പത്ത് ദിവസങ്ങൾക്ക് ശേഷമായിരുന്നു മാറ്റിവെച്ച പരീക്ഷ നടന്നത്.
വളരെ നന്നായി പരീക്ഷ എഴുതിയ ഞാൻ , ഉയർന്ന മാർക്കുകളോടെ പി ജി പരീക്ഷ ജയിച്ചു.
രണ്ടു മാസങ്ങൾക്ക് ശേഷം മാർക്ക് ലിസ്റ്റ് കൈപ്പറ്റുമ്പോൾ ബിസിനസ് മാനേജ്‌മെന്റ് വിഷയത്തിന് നേരെ കണ്ട എൺപത്തിയേഴ് മാർക്ക്, കൊല്ലപ്പെട്ട പ്രസാദിന്റെ രക്തത്തുള്ളികൾ കൊണ്ടാണ് എഴുതിയിരിക്കുന്നതെന്ന് എനിക്ക് തോന്നി.
മാസങ്ങൾ പിന്നിട്ടൊരു ദിവസം , സർവ്വകലാശാല നൽകിയ മാസ്റ്റർ ഡിഗ്രി സർട്ടിഫിക്കറ്റിൽ, കൊല്ലപ്പെട്ട പ്രസാദിന്റെ മൃതദേഹത്തിൽ വീണു പൊട്ടിക്കരയുന്ന , അമ്മയുടെയും, ഭാര്യയുടെയും, മക്കളുടെയും ചിത്രങ്ങളും ഞാൻ കണ്ടു.
മാസ്റ്റർ ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിൽ ചിരിക്കണോ അതോ കരയണോ എന്ന് നിശ്ചയിക്കാനാവാത്ത അവസ്ഥയിലായിരുന്നു അപ്പോൾ ഞാൻ..
- മുഹമ്മദ് അലി മാങ്കടവ്
12/11/ 2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക