Slider

കാവ്. പേജ് 15

0
Image may contain: 1 person, selfie, closeup and outdoor
മഴയ്ക്ക് മുൻപെ കാവിലേക്കെത്താൻ ശിവൻ നടത്തത്തിന്റെ വേഗത കൂട്ടി.
ഭഗവതിക്കാവിലെ ദേവിയ്ക്ക് മുന്നിൽ ശിവന് എന്നും രണ്ട് പ്രാർത്ഥനകളുണ്ട്.
ഭഗവതിയ്ക്ക് എന്നും കൗതുകമായിരുന്നിരിക്കാം,
ആ പതിനെട്ടു വയസ്സുകാരന്റെ പ്രാർത്ഥനയിൽ. ചുറ്റുമതിലുകളൊന്നും ഇല്ലാത്ത ഭഗവതിക്കാവ്. മരങ്ങൾ കൂട്ടംകൂടി നിൽക്കുന്ന ചെറിയൊരു വനത്തിനുള്ളിലാണത്. വിഗ്രഹങ്ങളൊന്നും പ്രതിഷ്ഠ ഇല്ലാത്തൊരു കാവാണ്. ആകാശം മുട്ടോളം ഒറ്റത്തടിയായി വളർന്ന് നിൽക്കുന്നൊരു പാലമരമുണ്ട്. മരത്തിന് ചുവട്ടിലായാണ് ഭഗവതിയെന്ന സങ്കൽപ്പം. പാലമരത്തിന്റെ ചുവട്ടിലൊരു കരിങ്കൽ പാറയുണ്ട്. പാറയുടെ നടുവിലായി കണ്ണിന്റെ ആകൃതിയിലൊരു കുഴിയും ഉണ്ടായിരുന്നു.അതിനുള്ളിൽ എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കാം.എണ്ണ മെഴുക്കാർന്ന കല്ല്, കറുത്ത നിറമായിരുന്നു. പാറയുടെ ചുറ്റിനും ചന്ദനത്തിരികളുടെ കവറുകളും,
ഒഴിഞ്ഞ എണ്ണക്കുപ്പികളും ചിതറിക്കിടക്കുന്നു.
സൂര്യപ്രകാശം അകത്തേയ്ക്ക് കടന്ന് വരാത്ത വിധം, പാലമരത്തിന് ചുറ്റും ചെറു മരങ്ങൾ വളർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്.
ശിവൻ കാവിനടുത്ത് എത്താറായതും മഴ പെയ്തു തുടങ്ങി. നനയാതിരിക്കാൻ അവൻ ഓടി. കാവിനുള്ളിലേക്ക് കയറി. പാലമരം അവന് കുട പിടിച്ചു. മഴ, മരത്തിന്റെ ഇലകൾ അൽപ്പനേരം നനച്ചു. ചെറിയൊരു തണുത്ത കാറ്റ് വീശി, ശിവന് സുഖമുള്ളൊരു കുളിർമ്മ നൽകി. കാറ്റ് മഴയെ പുൽകി മറ്റെവിടേക്കോ കൊണ്ടുപോയി. പാലച്ചുവട്ടിലെ കണ്ണാകൃതിയിലെ കുഴിയിൽ ശിവൻ കൈയ്യിൽ ഉണ്ടായിരുന്ന എണ്ണ ഒഴിച്ചു.
ഒരു തിരിയിട്ട് കത്തിച്ചു. കൈകൾ കൂപ്പി കണ്ണുകൾ അടച്ചവൻ പ്രാർത്ഥിച്ചു. നിന്നു. തന്റെ അരികിലേക്ക് ആരോ നടന്ന് വരുന്നതവൻ അറിഞ്ഞു. വസ്ത്രങ്ങൾ ഉലയുന്ന ശബ്ദം ഉണ്ടായിരുന്നു. കാറ്റിൽ പുതിയ വസ്ത്രത്തിന്റെ മണം പരന്നു. മിഴികൾ തുറക്കാതെ അവൻ പ്രാർത്ഥിച്ചു നിന്നു. വന്നയാൾ തന്റെ അരികിൽ ഇടതു ഭാഗം ചേർന്ന് നിൽക്കുന്നത് അനുഭവപ്പെട്ടു. ശിവൻ കണ്ണുകൾ തുറന്നു. തന്റെ അരികിലായി പ്രാർത്ഥിച്ചു നിൽക്കുന്നു. ഭാനു.
ഒരു സാരിയായിരുന്നു. അവളുടെ വേഷം.
പുതിയതായിരിക്കണം, വസ്ത്രത്തിന്റെ പുതുമണം അതിൽ നിന്നായിരുന്നു.
ഭാനു മിഴികൾ പൂട്ടി പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു. അടഞ്ഞ കണ്ണുകൾക്കുള്ളിൽ കൃഷ്ണമണികൾ പിടയുന്നത് കാണാം, നെറ്റിയിലേക്ക് വീണുകിടക്കുന്ന കുറുനിരകൾ കാറ്റിൽ പറക്കുന്നു. അടഞ്ഞ ചുണ്ടുകളും പതിയെ എന്തോ മന്ത്രിക്കുന്നു. അവൾ കണ്ണുകൾ തുറന്നു. "ആഹാ ശിവനായിരുന്നോ?"
അതിശയത്തോടെയുള്ള ഭാനുവിന്റെ ചോദ്യത്തിന് മറുപടി ഇല്ലാതെ ശിവൻ അവളെ നോക്കി നിന്നു. പിന്നെ ഒരു പുഞ്ചിരി സമ്മാനിച്ചവൻ തലയാട്ടി. കാവിൽ തൊഴുവാൻ മറ്റാരും ഉണ്ടായിരുന്നില്ല. ശിവനും, ഭാനുവും കാവ് വലംവച്ച് തൊഴുതു വന്നു.
തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.
ഇലകളിൽ നിന്ന് മഴത്തുള്ളികൾ പൊഴിഞ്ഞു വീണു. മുൻവശത്ത് തൊഴുതു നിന്ന അവരുടെ ശിരസ്സിലൂടത് വർഷിച്ചു. കാവിന് മുന്നിലെ കരിങ്കൽ തൂണിന് മുകളിലെ കുങ്കുമം, മഴത്തുള്ളികൾ വീണു കുതിർന്നു. ശിവൻ ആ കരിങ്കൽ തൂണിലെ കുഴിയിൽ നിന്ന് നനഞ്ഞ കുങ്കുമം തൊട്ട് നെറ്റിയിൽ വരച്ചു. അവന്റെ വിരൽപ്പാടിന് മുകളിലായിരുന്നു. അവളും വിരൽ തൊട്ട് കുങ്കുമം എടുത്തത്. ഭംഗിയായി അവളത് നെറ്റിയിൽ തൊട്ടു. കുറച്ച് കുങ്കുമപ്പൊടികൾ അവളുടെ മൂക്കിൻ തുമ്പിലേക്ക് വീണത് ശിവൻ കണ്ടു. തോളോട് തോൾ ചേർന്നു.
അവർ കാവിന് പുറത്തേയ്ക്ക് നടന്നു.
"ഞാൻ ആദ്യമായിട്ടാണ് സാരി ഉടുത്തത്."
കാലുകൾ പതിയെ പതിയെ വച്ചായിരുന്നു. അവൾ നടന്നത്. ഒരു കൈ കൊണ്ട് സാരിയുടെ ഞൊറികൾ മുറുകെ പിടിച്ചവൾ പറഞ്ഞു. ശിവൻ ഒന്നു ചിരിച്ചു.
"കൊള്ളാമോ?" അവൾ ചോദിച്ചു.
കൊള്ളാം എന്ന് ശിവൻ തലയാട്ടി.
"സാരി ഭാനുവിന് നന്നായി ചേരുന്നുണ്ട്.
ഈ നീല നിറവും." ശിവൻ പറഞ്ഞു.
അവൾ വിടർന്നൊരു ചിരി സമ്മാനിച്ചു.
മുൻവശത്തെ താഴെ വരിയിലെ നടുവിലെ രണ്ട് പല്ലുകൾ കൈകൂപ്പി നിൽക്കുന്ന പോലെ ശിവൻ കണ്ടു. പുറത്തെത്തി അവൾ "പൊയ്ക്കോട്ടെ?" എന്ന് ചോദിച്ചു. ശിവൻ സമ്മതഭാവത്തിൽ തലയാട്ടി. കാവിന് മുന്നിലെ വഴിയിലൂടെ ഭാനു നടന്നകന്നു.
#കാവ് . #പേജ്_16.
സ്ക്കൂൾ കലോൽസവത്തിലെ നൃത്തത്തിനിടയിലാരുന്നു. ശിവൻ ഭാനുവിനെ അരികിൽ കണ്ടത്. കർട്ടൻ പിടിച്ച കയറുമായി ശിവൻ ഭാനുവിനെ നോക്കിയിരുന്നു. നൃത്തത്തിനിടയിൽ അവളുടെ കാൽച്ചിലങ്കയിൽ ഒരു മുത്ത് അടർന്നുവീണു.
അത് അവളുടെ കാലിൽ കോർത്ത് കയറുമെന്ന് ശിവന് ഭയമായി. കണ്ണുകൾ കൊണ്ട് അവൻ അവൾക്ക് ആംഗ്യം കാണിക്കാൻ ശ്രമിച്ചു. ഭാനു മതിമറന്ന് ആടുകയായിരുന്നു. ചിലങ്കയുടെ ശബ്ദം തന്റെ ഹൃദയതാളത്തിനും വേഗം ചടുലമാണെന്ന് ശിവന് തോന്നി.
അടുത്ത നിമിഷം അവളുടെ പാദം തട്ടി ചിലങ്കയിലെ മുത്ത് അവന്റെ കാലുകൾക്കരികിലേക്ക് ഉരുണ്ട് വന്നു.
നൃത്തം കഴിഞ്ഞ് കരഘോഷങ്ങൾ മുഴങ്ങി.
ശിവൻ കർട്ടൻ താഴ്ത്തിയിട്ടു.
സ്റ്റേജിന് പുറകിലേക്ക് നടന്ന് പോയ അവൾ ഒന്ന് തിരിഞ്ഞു നിന്നു. അവനെ നോക്കി.
നടന്ന് പോയി. ശിവൻ ചിലങ്കയിലെ ആ മുത്ത് തന്റെ വീട്ടിലെ ഓലപ്പുരയിൽ സൂക്ഷിച്ചു. വച്ചു.
തിരികെ നൽകാൻ കൊതിച്ചിരുന്നു. മനസ്സിലെ ഇഷ്ടം തുറന്ന് പറഞ്ഞ്. ചിലങ്കയിലെ മുത്ത്
ഏറെ നാൾ ശിവന്റെ കീശയിൽ കിടന്നു. കാലങ്ങളോളം അവന്റെ പാദപതനത്തിനത് അകമ്പടിയായി കിലുങ്ങി. ഒരു കൗമാരക്കാരന് തുറന്ന് പറയാൻ കഴിയാത്ത പ്രണയം, സ്വന്തമാക്കാൻ യവ്വനത്തിൽ അവൻ ആഗ്രഹിച്ചപ്പോഴാണ്, സ്വന്തം രക്തത്തിനും നിറം വേറെയാണെന്ന് സമൂഹം പറഞ്ഞത്.
സ്വപ്നത്തിനും വിലക്കുകൾ ഉണ്ടെന്ന് അവനറിഞ്ഞത്. ഉള്ളിൽ സൂക്ഷിച്ച സ്വപ്നം പോലെ, അവൻ ചിലങ്കയിലെ മണിയും നഷ്ടമാകാതെ സൂക്ഷിച്ചു വച്ചു.
#കാവ്. #പേജ്_17
ഭഗവതിക്കാവിന് മുന്നിലൂടെ ഒരു ചെമ്മൺപാതയായിരുന്നു.
ചെമ്മൺപാത ചെന്നവസാനിക്കുന്നത്, പുഴക്കരയിലുള്ള ഭാനുവിന്റെ വീടിന് അരികിലാണ്. ഓല മേഞ്ഞ മനോഹരമായ വീട്. ശിവൻ ആ വീട് ആദ്യമായി അന്വേഷിച്ച് കണ്ടെത്തുമ്പോൾ മനസ്സിലൊരു ആഗ്രഹമുണ്ടായിരുന്നു.
"ചെറിയൊരു വീടായിരിക്കണേ ഭാനുവിന്റെ " എന്തിനെന്നറിയാതെ ശിവൻ മനസ്സിൽ അങ്ങനെ ആഗ്രഹിച്ചിരുന്നു. ആഗ്രഹം പോലെ ചെറിയൊരു വീടായിരുന്നു. ചുവരുകൾ സിമന്റ് പൂശിയിട്ടില്ലായിരുന്നു.
പുഴയ്ക്ക് അഭിമുഖമായ വീടിന്റെ മുൻവാതിൽ, അതിനരികിലായി ഇല്ലം എന്നെഴുതിയിരുന്നു. മുൻവാതിലിന് അരികിലായുള്ള ജനലിലൂടെ ശിവൻ ഭാനുവിനെ കണ്ടു. അവളുടെ മുഖത്തൊരു അതിശയം വിടരുന്നതും കണ്ടു.
മുൻവശത്തെ വാതിലിന് ഇരുവശത്തുമായി രണ്ട് കൈകൾ മുന്നോട്ട് നീട്ടിയത് പോലെ ആയിരുന്നു. മുൻവശത്തെ വരാന്തയുടെ ഇരുവശത്തുമുള്ള രണ്ട് മുറികൾ, മുറികളിലെ വാതിലുകൾ വശങ്ങളിലായി മുന്നിലെ വരാന്തയിലേക്കായിരുന്നു. തുറക്കുന്നത്. രണ്ട് മുറികളിലും മുൻവശത്തായി രണ്ടുപാളികൾ ഉള്ള തടിയിലെ ജനാലകൾ ഉണ്ടായിരുന്നു. മുറിയ്ക്കുള്ളിൽ നിന്നും ആ ജനാല വഴി പുഴയിലെ കാഴ്ച്ചകൾ കാണാം.
അതിൽ ഒന്നായിരിക്കും ഭാനുവിന്റെ മുറി. വർഷങ്ങൾക്ക് ശേഷം, ആ ചിന്ത സത്യമായിരുന്നു.എന്ന് ശിവൻ കണ്ടറിഞ്ഞു.
പന്തൽ ജോലിക്കാരനായ അച്ഛന്റെ കൂടെ ശിവനും ജോലിയ്ക്ക് ഇറങ്ങിയിരുന്നു. പുഴക്കരയിലെ ഭാനുവിന്റെ വീട്ടിലായിരുന്നു.അന്ന് പന്തൽ ജോലി. അവളുടെ വീട് മോടിപിടിപ്പിച്ചിരുന്നു. ചുവരുകൾ സിമന്റ് പൂശി. വെള്ള നിറം അണിഞ്ഞിരുന്നു. ഓല മേച്ചിലുകൾ പൊളിച്ചെടുത്ത്, പുതിയ ഓലകൾ മേഞ്ഞു. ശിവൻ ആ വീടിനുള്ളിൽ ശ്വാസം ആഞ്ഞെടുത്ത് നടന്നു. ഭാനുവിന്റെ ശ്വാസം നിറഞ്ഞു നിൽക്കുന്ന അവളുടെ മുറി. ജനാല അവൻ തുറന്നിട്ടു. കാഴ്ച്ച പുറത്ത് മനോഹരമായ പുഴയിലേക്കായിരുന്നു.
പുഴയിൽ മീൻ പിടിക്കാൻ തോണിയുമായി തുഴയുന്നുണ്ട്. ചിലർ. മുറിയ്ക്കുള്ളിൽ ഇട്ടിരുന്ന കട്ടിലിൽ തല വയ്ക്കുന്ന ഭാഗത്ത് നിന്ന് കാഴ്ച്ചയും പുഴയിലേക്കാണ്.
വെള്ളയിൽ നീല നിറത്തിലെ ചെറിയ പൂക്കളുള്ള ഷീറ്റ് വിരിച്ചിരിക്കുന്നു.
വായിച്ചു നിർത്തിയ ഒരു പുസ്തകം തലയിണയിൽ തുറന്ന് കമിഴ്ത്തി വച്ചിട്ടുണ്ടായിരുന്നു. ഒരറ്റത്ത് മനോഹരമായ വലിയൊരു നിലക്കണ്ണാടി. ജനാലയോട് ചേർന്ന് ഒരു മേശ ഇട്ടിരിക്കുന്നു. മേശയ്ക്ക് പുറകിലായി ഒരു കസേരയും, മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ. ബഷീറിന്റെ പ്രേമലേഖനം അവന്റെ കണ്ണിൽ പെട്ടു. കസേരക്കാലിൽ അവൾ അഴിച്ചിട്ടിരിക്കുന്ന വസ്ത്രത്തിൽ നിന്നും, ലാവൻഡറിന്റെ മണത്തെയും തോൽപ്പിച്ച് മുഴച്ച് വന്ന അവളുടെ വിയർപ്പിന്റെ ഗന്ധമുണ്ടായിരുന്നു. ചുവരിൽ ഭാനുവിന്റെ പല പ്രായത്തിലുള്ള ചിത്രങ്ങൾ വച്ചിരിക്കുന്നു. എല്ലാം നൃത്തവേഷങ്ങളിൽ ഉള്ളതായിരുന്നു. എല്ലാ ചിത്രങ്ങൾക്ക് താഴെയായും, രണ്ട് ചിലങ്കകളും ആണിയിൽ കോർത്ത് വച്ചിരുന്നു. ശിവൻ തനിക്ക് പരിചിതമായ ഭാനുവിന്റെ ചിത്രത്തിനരികിൽ എത്തി. അതിന് താഴെയായുള്ള ചിലങ്കയിൽ ഒരു മുത്ത് നഷ്ടമായിരുന്നത് കണ്ടു. രണ്ടു ദിവസം ജോലി കഴിഞ്ഞ് പോകുന്നത് വരെയും ശിവൻ അവിടെ വച്ച് ഭാനുവിനെ കണ്ടിരുന്നില്ല. കല്യാണ ആവശ്യങ്ങൾക്കായി ഭാനു അകലെ എവിടെയോ പോയിരുന്നു. ഭാനുവിന്റെ കല്ല്യാണമാണ്. അതാണ് വീടിന്റെ മോടിപിടിപ്പിൽ ജോലിയും, പന്തൽ പണിയും നടന്നത്. വർഷങ്ങളായി ശിവൻ സൂക്ഷിച്ചിരുന്ന ചിലങ്കയിലെ മുത്ത് അടുത്ത ദിവസം അവന്റെ കൈവശം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് പോകുന്ന ദിവസം ശിവൻ ചിലങ്കയിലെ ഒരു മുത്ത് ഭാനുവിന്റെ മുറിയ്ക്കുള്ളിൽ മേശപ്പുറത്ത് വച്ചു.കൂടെ മനസ്സിലെ മോഹവും സ്വപ്നങ്ങളും.
#സാറയും_ഞാനും.
രാത്രി ആംബുലൻസ് ഒതുക്കി വീട്ടിലേക്ക് നടക്കുമ്പോൾ എനിക്കുറപ്പായിരുന്നു.
ഇന്നും സാറയുടെ വഴക്ക് കേൾക്കേണ്ടി വരും.
വെള്ള ഷർട്ട് നിറയെ ചോര പറ്റിയിരിക്കുന്നു.
"ചേട്ടായി ഇങ്ങനെ എന്നും ഷർട്ടിൽ ചോരയും പറ്റിച്ചോണ്ട് വന്നാൽ സങ്കടാണ് ട്ടാ കഴുകാൻ ഞാൻ ഉള്ളോണ്ടല്ലേ." വെള്ള ഷർട്ട് കുത്തിപ്പിഴിഞ്ഞ് കഴുകുന്നതിനിടയിൽ അവൾ പിറുപിറുക്കുന്നുണ്ടായിരുന്നു. രാത്രി നേരം, വീടിന് പിന്നിലെ അലക്കു കല്ലിനരികിൽ അവൾക്ക് കൂട്ടായി ഞാനും ഇരുന്നു.
അവൾ ഷർട്ട്, ബക്കറ്റിലെ വെള്ളത്തിൽ മുക്കിയെടുത്ത് കുത്തിപ്പിഴിഞ്ഞ് കഴുകുന്നുണ്ട്. "സാറാമ്മോ നീ അതിലെ ചോര മുഴുവൻ കഴുകിക്കളയണ്ട. ചെറിയൊരു കറയതിൽ ബാക്കി വച്ചേയ്ക്ക് അതിനൊരു കഥ പറയാനുണ്ട്." ഞാനവളോട് പറഞ്ഞു.
"ചേട്ടായിക്കെല്ലാത്തിനും ഓരോ കഥ ഉണ്ടാകുമല്ലോ പറയാൻ, ദേ മോള് സ്ക്കൂളിൽ പറയാൻ ഒരു കഥ വേണമെന്ന് പറയുന്നു.
ചേട്ടായീടെ ഒരു ബുക്കും വായിച്ചു കൊണ്ടവിടെ കിടപ്പുണ്ട്." പറഞ്ഞ് നിർത്തി. അവൾ പുറകിൽ വന്നിരുന്ന കൊതുകിനെ നനഞ്ഞ കൈ കൊണ്ടടിച്ചു. ഞാൻ എഴുന്നേറ്റ് അവൾക്കരികിലേക്ക് ചെന്നു.
"വേണ്ട വേണ്ട ചേട്ടായി അവിടെ ചെന്നിരുന്ന് കഥ പറ." അവൾ എന്നെ പഴയ സ്ഥലത്ത് കൊണ്ടിരുത്തി. "ഇന്ന് എന്തായിരുന്നു?സവാരി. ആംബുലൻസിൽ ആരെയാ കൊണ്ട് പോയത്.?
അവളുടെ ചോദ്യത്തിന് മറുപടി ഞാനൊരു കഥയായി പറഞ്ഞു. അല്ലെങ്കിലും എഴുതാൻ ബാക്കി വച്ച കഥ തന്നെയായിരുന്നു.അത്.
"ഗർഭിണിയായ ഒരു സ്ത്രീ ആയിരുന്നു. ഇന്ന് ആംബുലൻസിൽ. ഫോൺ വന്ന് ഞാനവിടെ ആംബുലൻസുമായി ചെന്നപ്പോൾ, നിറഗർഭിണിയായ ഒരു പെണ്ണ് ബസ് സ്റ്റോപ്പിൽ പ്രസവവേദനയിൽ പിടയുകയായിരുന്നു.അവിടെ കൂടിയിരുന്നവർ ചേർന്ന് വാഹനത്തിനുള്ളിലേക്ക് കയറ്റി. ഞാൻ ആശുപത്രിയിലേക്ക് പാഞ്ഞു. നിലവിളിയുമായി കിടന്ന ആ പെണ്ണ് ആശുപത്രി എത്തിയപ്പോഴേക്കും നിശബ്ദയായിരുന്നു. സ്ട്രെക്ച്ചർ മുഴുവൻ ചോരയുമായി. കൂടെ കയറിയവർ ചോരയും മറ്റും കണ്ടപ്പോൾ മുങ്ങിക്കളഞ്ഞു. അവളെ അപ്പോൾ തന്നെ ലേബർ റൂമിലേക്ക് കയറ്റി.
''കൂടെ വന്നതാരാ?" എന്ന് ചോദിച്ച് ഒരു നഴ്സ് വന്നു. ഒരു കടലാസ്സ് തന്നു. ലേബർ റൂമിൽ അവൾക്ക് അണിയാനുള്ള വസ്ത്രങ്ങൾ വാങ്ങി കൊടുക്കാൻ, ഞാൻ പിന്നെ വസ്ത്രങ്ങളും, മരുന്നും എല്ലാം വാങ്ങി കൊടുത്തു.
"ഒരിടത്തും പോകരുത് ഇവിടെ തന്നെ നിൽക്കണം." നഴ്സ് എനിക്ക് താക്കീത് നൽകിയിട്ടാണ് പോയത്. അര മണിക്കൂർ കഴിഞ്ഞപ്പോൾ, നഴ്സ് വന്ന് പറഞ്ഞു.
"പ്രസവിച്ചു, പെൺകുഞ്ഞാണ്." ഞാൻ സമാധാനത്തിൽ ചിരിച്ചു. പിന്നെ അവൾ ഇറങ്ങി വന്നപ്പോൾ കൈകളിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞ് ഉണ്ടായിരുന്നു.
"ദാ മോളെ വാങ്ങിക്കോളു." നഴ്സ് കുഞ്ഞിനെ എനിക്ക് നേരെ നീട്ടി. ഞാൻ കൈകൾ നീട്ടി കുഞ്ഞിനെയേറ്റ് വാങ്ങി നെഞ്ചോട് ചേർത്തു. അപ്പോഴേക്കും വിവരം കേട്ടറിഞ്ഞ്, ആ പെൺക്കുട്ടിയുടെ ഭർത്താവും വീട്ടുകാരും ഓടി പാഞ്ഞെത്തി. എന്റെ കൈകളിൽ നിന്നവർ കുഞ്ഞിനെ വാങ്ങി. ഷർട്ട് നിറയെ ചോര പറ്റി നിന്ന എന്നെ നോക്കി അവർ നന്ദി പറഞ്ഞു. "മോന് പുണ്യം കിട്ടും സമയത്ത് എത്തിച്ചതിന്." അവളുടെ അച്ഛനാണെന്ന് തോന്നുന്നു. എന്റെ കൈകൾ കൂട്ടിപ്പിടിച്ചത് പറഞ്ഞത്.
ഞാൻ കഥ പറഞ്ഞ് നിർത്തി. സാറ ഷർട്ട് കഴുകി അയയിൽ വിരിച്ചിരുന്നു. ഇടുപ്പിൽ കൈയ്യും കുത്തി നിന്ന് കഥ കേൾക്കുകയായിരുന്നു.
നമ്മൾ ഉറങ്ങാനായി മുറിയിൽ എത്തുമ്പോഴേക്കും,കട്ടിലിന് അരികിൽ മാളു ഉറക്കമായിരുന്നു. മാറിൽ വായിച്ചു കൊണ്ടിരുന്ന പുസ്തകം നിവർത്തി വച്ചിരിക്കുന്നു. സാറ ആ പുസ്തകം അവളുടെ മാറിൽ നിന്നും എടുത്തു. കാവ്, പതിനാറും, പതിനേഴും പേജുകൾ. നിവർത്തി വച്ചിരുന്നു.
മാളുന് അരികിലായി ഞാൻ കിടന്നു. "അച്ചോയി.. കഥയിൽ പുതുമ ഒന്നും ഇല്ലട്ടാ..സ്ഥിരം പ്രണയനഷ്ടം തന്നെ."
മാളു ഉറക്കപ്പിച്ചിൽ പറഞ്ഞു. ഞാനൊന്നു മൂളി. "ന്നാലും അച്ചോയീ.. ശിവന്റെ കാവിലെ പ്രാർത്ഥനകൾ എന്തായിരുന്നു?"
ഞാൻ മൗനമായി മച്ചിലെ ഫാനിലേക്ക് നോക്കി കിടന്നു. മാളു ഉറങ്ങി. കട്ടിലിൽ ഇരുന്ന സാറ ആ പുസ്തകം കടലാസ്സ് മറിച്ചു. ഉറക്കെ വായിച്ചു.
#കാവ്. #പേജ്_18
ശിവന് കാവിൽ എന്നും രണ്ട് പ്രാർത്ഥനകൾ. ഉണ്ടായിരുന്നു.
ഒന്ന്,
"ഭഗവതി എനിക്ക് ഭാനുവിനോടൊപ്പം കാവിൽ വന്ന് പ്രാർത്ഥിച്ചു നിൽക്കാൻ കഴിയണെ..
എന്റെ വിരൽ സ്പർശമേറ്റ കുങ്കുമം അവളുടെ നെറ്റിയിൽ തൊടാൻ കഴിയണെ
രണ്ട്,
ഭാനു അമ്മയാകുന്ന നിമിഷം അവളുടെ അരികിൽ ഞാൻ ഉണ്ടായിരിക്കണേ
അവളുടെ കുഞ്ഞിനെ ഏറ്റുവാങ്ങാനുള്ള ഭാഗ്യം എനിക്കുണ്ടാകണേ.."
സാറ ആ ബുക്ക് മടക്കി വച്ചു.
അവനെ നോക്കി. അവൻ മുകളിലെ ഫാനിലേക്ക് നോക്കി കിടക്കുകയായിരുന്നു.
സാറ അവന്റെ മാറിലേക്ക് തല ചേർത്തു വച്ചു.
"പ്രാർത്ഥനയുടെ അർഥം മറ്റൊന്നായിരുന്നെങ്കിലും ഭഗവതി വാക്ക് പാലിച്ചു. രണ്ടും സാധിച്ചു തന്നു. ഭാനു, ശിവന് സ്വന്തമായില്ല. എന്നു മാത്രം.
ഒരു അമ്മയുടെ പ്രാർത്ഥനയ്ക്കായിരുന്നു. ഭഗവതി മുൻഗണന കൊടുത്തത്.
അവളുടെ അമ്മയുടെ പ്രാർത്ഥനയ്ക്ക്.
ഭഗവതി എല്ലാം സാധിച്ചു തന്നു.
ഭഗവാൻ നീതിമാനാണ്. " അവൻ പറഞ്ഞു.
"ചേട്ടായിക്ക് ഇപ്പൊഴും സങ്കടമുണ്ടല്ലേ?"
സാറയുടെ ശബ്ദത്തിൽ നൊമ്പരം കലർന്നിരുന്നു.
"അൽപ്പം പോലുമില്ല. അവൾ നഷ്ടമായതുകൊണ്ടല്ലേ. ?
എനിക്ക് നിന്നെ കിട്ടിയത്.?
നമ്മുടെ മാളൂനെ കിട്ടിയത്.?
"പ്രണയം നഷ്ടമായത് തന്നെയായിരുന്നു. അതിന്റെ ഭംഗി. "
കാറ്റിൽ പുസ്തകത്തിലെ പേജുകൾ മുൻപോട്ട് മറിഞ്ഞ് മറിഞ്ഞ് പോയി.
എഴുതാൻ ബാക്കി വച്ച അക്ഷരങ്ങൾ ശൂന്യമായ കടലാസ്സിലെത്തി. അതു നിന്നു.
"നാളെ നമുക്കൊന്ന് കാവിൽ പോകണം. മാളുവിനെയും കൊണ്ട്. "
സാറ ശിവന്റെ കാതിൽ പറഞ്ഞു.
#ജെ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo