നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗുണ്ടുമണി

Image may contain: Anjali Rajan, smiling, text and closeup
ഉരുണ്ട് ഗുണ്ടുമണിയായി ചീർത്ത കവിളുകളോടെ സ്വന്തം കുടുംബത്തിലെ ഏതെങ്കിലും ഫങ്ഷനിൽ എത്തണം.
അവിടെ സന്നിഹിതരായിരിക്കുന്ന പ്രായമായവരുടെ മുഖമപ്പോൾ
പൂനിലാവ് പോലെ വിടർന്ന്
പ്രകാശം പൊഴിക്കും.
അവർ പരസ്പരമോ, അല്ലങ്കിൽ ആ വേദിയിൽ ഇല്ലാതിരുന്നയാളെ പിന്നീട് കണ്ടുമുട്ടുമ്പോഴോ പറയും,
"അതേ... ആ പെങ്കൊച്ച് ഇപ്പോൾ
നല്ലോണം മിടുക്കിയായിരിക്കുന്നു കേട്ടോ....!"
ശേഷം...,,
ഏതോ മുറിയുടെ മൂലയ്ക്ക് ഫോണിൽ തോണ്ടിയിരുന്നപ്പോൾ,
എങ്ങനയോ വെളിവോദയം ഉണ്ടായതിൻ്റെ വെട്ടത്തിൽ,
തടി കൂട്ടുന്ന ആഹാരങ്ങളോടുള്ള അടങ്ങാത്ത കൊതി ചങ്ങലയ്ക്കിട്ടു പൂട്ടി,
പട്ടിണി കിടന്നതിൻ്റെ പരിണിതഫലമായി
പലവട്ടം തല കറങ്ങിയെങ്കിലും തടി കുറച്ചു.
പത്തു മിനിട്ടു മാജിക് കൊണ്ട് വെളുത്ത മുടികളെ കറുപ്പിക്കാമെങ്കിലും,
രണ്ട് മൂന്ന് മണിക്കൂർ ഹെന്ന
തലയിൽ വാരി പൊത്തി മുടികൾ
നല്ല മെറൂൺ നിറവും കൈവരിച്ചു.
(ഹെന്നയിട്ട് ഇരിക്കുന്നതിനിടെ,
ആരെങ്കിലും വന്നു കോളിംഗ് ബൽ അമർത്തിയാൽ വാതിൽ തുറക്കാൻ പോണ്ട.
വന്നവർ കുറച്ചു നേരം ബെൽ
ഞെക്കി കളിച്ചു വിരലു കുഴയുമ്പോൾ തിരിച്ചു പൊക്കോളും.)
അടുക്കളയിലെ ആവശ്വത്തിനു വാങ്ങിയ
ഒട്ടു മുക്കാലും സാധനങ്ങൾ,
പാൽ പഴം മുട്ട വെണ്ണ തൈര് ഓട്സ് തക്കാളി വെള്ളരിക്ക നാരങ്ങ പഞ്ചസാര കടലമാവ് തുടങ്ങി കൊച്ചിനു കുടിക്കാൻ വാങ്ങി വച്ചിരുന്ന ശുദ്ധമായ തേനടക്കം മുഖത്ത് തേച്ച്, തിളങ്ങുന്ന മുഖവും സ്വന്തമാക്കി.
പുതിയ സൽവാർ കമ്മീസ് അണിഞ്ഞ് ഗോദ്റജ് അലമാരയുടെ മുന്നിലെ നീളൻ കണ്ണാടിക്ക് മുന്നിൽ ചാഞ്ഞും ചരിഞ്ഞും നോക്കി, ദീപികാ പദുക്കോൺ ഓർ
സോനം കപൂർ എന്ന് സ്വയം നിർവൃതി
പൂണ്ട് പുറത്തോട്ടിറങ്ങുമ്പോൾ,
"കൊള്ളാല്ലോടീ...!,
ഇതൊക്കെ എങ്ങനെ സാധിക്കുന്നടീ..ഉവ്വേ...?"
എന്ന കൂട്ടുകാരികളുടെ അതിശയഭാവത്തിന്,
''ഓ...ഇതൊക്കെ... യെന്ത്..!"
എന്ന മറു ഭാവം നൽകി,
"ദൈവമേ പാവത്തുങ്ങൾക്ക് എന്തിനിത്ര സൗന്ദര്യം നൽകി.., ഉണ്ടേൽ
കുറച്ചു കൂടി താ "
എന്ന് മനസ്സിൽ പറഞ്ഞ് വീണ്ടാമത്തെ, കുടുംബ ഫങ്ഷനിൽ എത്തണം.
മുൻപേ കണ്ട പ്രായമായവർ,ഇവിടെയും
മുന്നിൽ തന്നെ ആസനസ്ഥരായിട്ടുണ്ടാവും.
ഒന്നു രണ്ട് നിമിഷങ്ങൾക്ക് ശേഷം അവരുടെ പുരികങ്ങൾ ചാന്ദ്രയാൻ റ്റു പോലെ മേലോട്ടുയരും.
പിന്നെ,
"ഇതെന്നാ കോലമാടീ....കൊച്ചേ,
നിനക്കെന്നാ വല്ലതും
മേലാതിരിക്കുവാണോ...?
അതു കേട്ട കൃഷ്ണമണികൾ പുറത്തേക്കിറങ്ങി ഓടാൻ ശ്രമിക്കുമ്പോൾ അടുത്തത് വരും,
''ഇതെന്നാടീ...., ഈ മുടിയേല്...?കോഴിക്കുഞ്ഞുങ്ങൾക്ക് ചായം തേച്ച മാതിരി...!"
അതു കേട്ട് വലതു ഇടതു വശങ്ങളിൽ നിൽക്കുന്നവർ ചിരി ഒളിപ്പിക്കാനായി തലകൾ യഥാക്രമം
അക്യുട്ട് ,ഒബ്റ്റ്യൂസ് ആംഗ്ൾകളിലേക്ക്
തിരിക്കും.
അപ്പോൾ റൈറ്റ് ആംഗ്ളിൽ നിൽക്കുന്ന നമ്മോട് നമ്മുടെ മനസ്സ് മന്ത്രിക്കും, "തീർന്നടീ..., നീ...തീർന്ന്."
ഹൊ ! പിന്നെന്റെ സാറേ ചുറ്റും നടക്കുന്നതൊന്നും നമ്മളറിയില്ല.
നമ്മളപ്പോൾ നമ്രശിരസ്ക്കരായ് നിലത്തേയ്ക്കു നോക്കി നിൽക്കുകയാവും.
എന്തിനെന്നോ.., ?
കാൽനഖം കൊണ്ട് ചിത്രം വരയ്ക്കാനോ,
ഭൂമി പിളർത്തി താഴോട്ടു പോകാനോ അല്ല, വേറൊന്നും ചെയ്യാനില്ല അത്ര തന്നെ..!
Anjali Rajan

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot