Slider

മനസ്സമ്മതം

0
"ഹലോ ജിനു അല്ലെ? "
സത്യത്തിൽ അവളുടെ ശബ്ദം കേട്ടിട്ട് എനിക്ക് മനസിലായില്ല. ഞാനമ്പരന്നു നിൽക്കുമ്പോൾ ദേ വരുന്നു ബാക്കി ഡയലോഗ്
"അതെ ഞാനാ അന്നക്കുട്ടിയാ..ഓർമയില്ലേ? രണ്ടു മാസം കഴിഞ്ഞാൽ നമ്മുടെ മനസ്സമ്മതം ആണ് "
സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി കേട്ടോ. കാരണം എന്തെന്നോ?
"പെണ്ണിന് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ശീലമില്ലന്നെ ,അവൾക്കെപ്പോളും പഠിത്തം മാത്രമേയുള്ളു. കെട്ടു കഴിഞ്ഞാലും അവളെ പഠിപ്പിക്കുന്നതിൽ മോൻ ഉപേക്ഷ വിചാരിക്കരുത്"
എന്നൊക്കെയുള്ള ഭാവി അമ്മായിയപ്പന്റെ ഡയലോഗ് അന്നേരം ഓർത്തു ഞാൻ ..
"കൂയ്.. അവിടെയുണ്ടോ ?"
"ഉണ്ട് അന്ന പറയു "
"ഓ അത്രക്കൊന്നും പറയാനില്ല.ഒരു കുഞ്ഞു കാര്യം. ഇത് എന്റെ ഒരു കൂട്ടുകാരിയുടെ ഫോണാണ്. എന്റെ ഫോൺ അപ്പനും ആങ്ങളമാരും മേടിച്ചു വെച്ചിരിക്കുവാ ..നിങ്ങളോടെങ്കിലും സത്യം പറഞ്ഞില്ലെങ്കിൽ എന്റെ ചങ്കു പൊട്ടി ഞാൻ ചത്ത് പോകും കുറ്റബോധം കൊണ്ട് .അതാ "
"എന്നെ വിയർത്തു കുളിച്ചു ഇവൾ പറയാൻ പോകുന്ന ആ സത്യം ഞാൻ ഏതാണ്ട് ഊഹിച്ചു.
"ഞാൻ ഒരു ചെറുക്കനുമായി പ്രേമത്തിലാ..മിഥുൻ .അവൻ ഹിന്ദുവായതു കൊണ്ട് ഇവിടാരും സമ്മതിക്കുകേലെന്നെ ...ഞാൻ അവന്റ കൂടെ ഒളിച്ചോടിപ്പോകാൻ പോവാ .."
എനിക്ക് തല കറങ്ങി.വീഴാതിരിക്കാൻ ഞാൻ അടുത്തുള്ള കസേരയിൽ ഇരുന്നു .ഞാൻ അത്ര ബോൾഡ് ഒന്നുമല്ല കേട്ടോ ഒരു പാവം ആണ്.
"എന്ന പോകുന്നെ ?'ഞാൻ ഇടറി ചോദിച്ചു
"അങ്ങനെ ചോദിക്ക്. ഗുഡ് ബോയ്. വേറെ വല്ലോരുമാരുന്നെങ്കിൽ എന്തെല്ലാം ഇപ്പൊ എന്നെ പറഞ്ഞേനെ .നിങ്ങളെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ആളൊരു ജന്റിൽമാൻ ആണെന്ന് ... ഈ വരുന്നഏഴാം തീയതി രാത്രി വണ്ടിക്കു പോകാനാ പ്ലാൻ ...കാറിലൊക്കെ ആണെങ്കിൽ അപ്പൻ ഓടിച്ചിട്ട് പിടിക്കും .അവനും ഭയങ്കര പേടിയാ . ..എന്നാലും ഞങ്ങൾ പോകും "
"അല്ല എന്നാലും ഒന്നുടെ ആലോചിച്ചിട്ട് ..."
ശൊ ആലോചിക്കാനൊന്നും സമയമില്ലന്നെ ...മനസമ്മതത്തിനു പള്ളിയിൽ വന്നു " നോ" പറഞ്ഞു പറ്റിച്ചു എന്ന ചീത്തപ്പേര് കേൾപ്പിക്കാതിരിക്കാനാ ഇപ്പൊ പറയുന്നേ ...നാണക്കേടല്ലിയോ? അപ്പൊ ശരി ഭാവിയിൽ എപ്പോളെങ്കിലും കാണാം ..ഞാൻ പോയിട്ട് മാത്രമേ വീട്ടിൽ പറയാവു കേട്ടോ, പൊളിക്കരുത് ..പൊളിച്ചു അടുക്കരുത് ..ഒന്നുല്ലെങ്കിൽ നിങ്ങളെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചവളോട് നന്ദി വേണം കേട്ടോ നന്ദി "
ഞാൻ ചിരിച്ചു പോയി
"ഇല്ല ഞാൻ ആരോടും പറയില്ല പക്ഷെ സൂക്ഷിച്ചു പോകണം "
"അതൊക്കെ ഏറ്റു..വെയ്ക്കുവാണേ..പിന്നെ ..നിങ്ങൾ പാവാ കേട്ടോ നല്ല ഒരു പെണ്ണിനെ കിട്ടട്ടെ എന്നെ പോലൊരു മരം കേറി വേണ്ടെന്ന് "
ഞാൻ ഒന്നും മിണ്ടിയില്ല ഫോൺ കട്ട് ചെയ്തു ...
അവളെ പെണ്ണ് കാണാൻ പോയത് ഓർത്തു .ഇളം വയലറ്റ് ചുരിദാറിലെ മഞ്ഞപ്പൂക്കൾക്കിടയിൽ ഒരു പൂവ് പോലെ അവളുടെ മുഖം ..നീളൻ തലമുടി ആ മുഖത്തിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു . ചമയങ്ങളൊന്നുമില്ല . കഴുത്തിൽ ഒരു മാലപോലുമില്ല ...എത്ര സിമ്പിൾ ...ഈ ഫോണിൽ സംസാരിച്ച വായാടി അവളാണെന്നു ചിന്തിക്കാൻ കൂടി പറ്റുന്നില്ല ..മനസ്സിൽ ഈ കാലം വരെ ആരോടും തോന്നിയിട്ടില്ലാത്ത എന്തോ ഒന്ന് ഒറ്റ കാഴ്ചയിൽ ആ പെൺകുട്ടിയോട് എനിക്ക് തോന്നിയിരുന്നു ..ഒരു വല്ലായ്മ ..നഷ്ടബോധം ..ഞാൻ തല ഒന്ന് കുടഞ്ഞു ..പോട്ടെ സാരമില്ല എവിടെയാണെങ്കിലും നന്നായി ജീവിച്ചാൽ മതി
പിന്നീട ശരിക്കും പറഞ്ഞാൽ ജോലി തിരക്കുകൾക്കിടയിൽ ഞാൻ അത് വിട്ടു.ഒരു രാത്രി ഓഫീസിൽ ഇരുന്നപ്പോൾ ആണ് എനിക്ക് ഒരു കാൾ വരുന്നത് .സ്ഥലം പോലീസ് സ്റ്റേഷനിൽ നിന്ന് ...അത്യാവശ്യമായി അവിടെ എത്തണമെന്നായിരുന്നു സന്ദേശം
"ഹായ്‌ ജിനുചാച്ചാ വിളിക്കാൻ വരാമെന്ന് പറഞ്ഞു പറ്റിച്ചു ല്ലേ "ദേ അവൾ ഓടി വന്നു കയ്യിൽ പിടിക്കുന്നു
"ഇവരെ അറിയുമോ ?"
പോലീസ് കണ്ണുരുട്ടുന്നു
"അത് പിന്നെ ...അ..അറി..അറി .."
"പിന്നെ അറിയാതെ...എന്റെ അച്ചായന് എന്നെ അറിയാതെ പിന്നെ അല്ലേടാ ?"ഇവൾ അഭിനയിച്ചങ്ങു തകർക്കുവാണല്ലോ കർത്താവെ. എന്ന പിന്നെ ഞാനും..
" അതെ ..എന്താ സാർ കാര്യം ?"
"ഇവൾ രാത്രി റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടു പൊക്കിയതാ ..അപ്പോൾ പറഞ്ഞു ബ്രദറിനെ വെയിറ്റ് ചെയ്യുകയാണെന്ന് .."
ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി
"സത്യമാണോ ?"പോലീസ്‌കാരൻ വീണ്ടും
" ..അതെ ...ഞാൻ ജോലിത്തിരക്കിനിടെയിൽ കൂട്ടികൊണ്ടു വരാൻ മറന്നു ...എന്റെ അനിയത്തി ആണ്. ഹോസ്റ്റലിൽ നിന്നും വരുംന്നു പറഞ്ഞു പിന്നെ വിളിച്ചില്ല അതാണ് ഞാൻ .... "
ഹോ എന്നെ സമ്മതിക്കണം. ജീവിതത്തിൽ ഇത് വരെ കാര്യമായ കള്ളങ്ങളൊന്നും പറഞ്ഞിട്ടില്ലാത്ത ഞാൻ ഇത്തരംഒരു പച്ചക്കള്ളം ഒരു ഉളുപ്പുമില്ലാതെ അങ്ങ് തള്ളി .
"നല്ല ബ്രദർ ...ഐഡികാർഡ് കാണിച്ചേ ...എഴുതി വെച്ചിട്ട് പൊക്കോ "
അവളുമൊത്തു ഇരുളിലൂടെ നടക്കുമ്പോൾ ആദ്യം എന്ത് ചോദിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു
"ജിനുവേ അവനെന്നെതേച്ചു "അവൾ പറഞ്ഞു .."അവൻ വന്നില്ല ..മൊബൈലും ഓഫ് ""
"ഇനിയിപ്പോ എങ്ങനെയാ ?"
"ഓ അതൊക്കെ എളുപ്പമല്ലിയോ വീടിന്റെ പുറകിലെ മതിൽ വഴി വന്നപോലെ അങ്ങ് ചാടിപ്പോകും "
"അതല്ല നമ്മുടെ മനസമ്മതം "
"ഓ അത് അത് ജിനു ഒരു നോ പറഞ്ഞേരെ ..മനസമ്മതം വരെയൊന്നും കാക്കണ്ട ..നാളെ തന്നെ പറഞ്ഞേരെ ..പിന്നെ ഞാൻ ഒളിച്ചോടിയെന്നു പറയണ്ട കേട്ടോ അപ്പനറിഞ്ഞാൽ എന്നെ തല്ലും ...ഒത്തിരി തല്ലും "ആ ശബ്ദം ഈറനായി
"പറയുകേല ..പോരെ ?"
ഞാൻ ചിരിച്ചു
അവൾ അവളുടെ വീടിന്റെ പുറകിലെ മതിൽ ചാടി കടന്നു കഴിഞ്ഞു ഞാൻ തിരിച്ചു പോരുന്നു.
എനിക്കവളെ ഇഷ്ടമല്ല എന്ന് പറയാൻ ഞാൻ ഒരു പാട് ശ്രമിച്ചു നോക്കി, ആ മുഖം ഓർക്കുമ്പോ എനിക്കങ്ങു പറ്റുന്നില്ലായിരുന്നു ,അത് ചിലപ്പോൾ അങ്ങനെ ആയിരിക്കും അല്ലെ? ജീവിതത്തിൽ ആദ്യമായി സ്നേഹിച്ചവളെ ചിലപ്പോൾ പെട്ടെന്നങ്ങു മറക്കാനൊന്നും പറ്റുകേലെന്നെ ആണിന് ..പെണ്ണ് അങ്ങനല്ല കെട്ടിക്കഴിയുമ്പോൾ കെട്ടിയോനായി പിള്ളേരായി. അവളങ്ങു മറക്കും ..ഞങ്ങൾ ആണുങ്ങൾ വേറെ കെട്ടിയാലും പിള്ളേർ ഉണ്ടായാലും ഇടയ്ക്കിടെ മിന്നൽ പോലെ വരുന്ന അവളുടെ ഓർമയിൽ അങ്ങ് തളർന്നു പോകുമെന്നെ,,അപ്പോളായിരിക്കും ചായയ്ക്ക് ചൂട് കൂടി, പിള്ളേർ കരയുന്നു .., കറികൾക്ക് ഉപ്പില്ല, എന്നൊക്കെ പറഞ്ഞു വെറുതെ കെട്ടിയോളോട് ഒന്ന് ചൂടായെച്ചും ഇറങ്ങി പോകുന്ന ..അവർക്കു പാവം അതൊന്നും മനസിലാവത്തില്ല ..പിന്നെ ഒന്നുടെ ആലോചിക്കുമ്പോൾ കെട്ടിയ പെണ്ണിനെ ഓർക്കുമ്പോൾ ഒരു മാപ്പ് ഒക്കെ പറഞ്ഞു വീണ്ടും പഴയ പടിയാകും..എന്നാലും കാലിൽ തറച്ച മുള്ളു ഊരിക്കളഞ്ഞാലും വേദന അവശേഷിക്കും പോലെ ആ ഓർമ്മകൾ ഉണ്ടാകും എന്നും
എനിക്ക് അങ്ങനെ മറ്റൊരു പെണ്ണിനോട് വഴക്കിടാൻ വയ്യ എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു ..
"പുറത്തെവിടയെങ്കിലും വെച്ചൊന്നു കാണണം എന്ന് പറഞ്ഞപ്പോൾ വൈകിട്ട് കോഫീഷോപ്പിൽ വെച്ചാവട്ടെ എന്ന് അവൾ
"അതൊന്നും വേണ്ടെന്ന് ..എനിക്ക് മിഥുനോട് ഇപ്പോളും പ്രണയമുണ്ടായിട്ടല്ല ..അവനും അവന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ വയ്യാന്നു പറഞ്ഞു ദേ ഇപ്പൊ പോയതേയുള്ളു ...ഓരോ പൊട്ടത്തരം ,,,എന്താ പറയുക ..പക്ഷെ ജിനു ..എന്നെ കല്യാണം കഴിക്കണ്ട ..വേറെ ഒന്നും കൊണ്ടല്ല ..എന്റെ മനസാകെ വല്ലതെ ...അമ്മയുണ്ടായിരുന്നെങ്കിൽ എല്ലാം പറഞ്ഞോന്നു കരയുമായിരുന്നു ...ഇതിപ്പോ ആരുമില്ല ..കുറച്ചു നാൾ കഴിയുമ്പോൾ ശരിയാകുമായിരിക്കും "
"എന്നെങ്കിലും ഒരാളെ കല്യാണം കഴിക്കില്ല ?"
ഞാൻ ചിരിച്ചു
"പിന്നേ.. അപ്പനെന്നെ പിടിച്ചു കെട്ടിക്കും "അവളും ചിരിച്ചു
"എങ്കിൽ പിന്നെ എന്നെ ആയിക്കൂടെ? "
"വേണ്ട ജിനു "ആ കണ്ണുകൾ നിറഞ്ഞു
"ആലോചിച്ചു മതി ...തന്നെ എനിക്കിഷ്ടമാണ് അന്നക്കുട്ടി "
ഞാൻ മെല്ലെ പറഞ്ഞു
അവളൊന്നും പറയാതെ എഴുനേറ്റു പോയി ,അവളെന്നെ കെട്ടാൻ സമ്മതിക്കുമെന്നെ ....
നിങ്ങൾ വിചാരിക്കും ഒന്ന് പ്രേമിച്ചവളെ ഒക്കെ കെട്ടാൻ നിനക്ക് നാണമില്ലെടാ എന്ന്
ഇല്ല എനിക്ക് നാണമില്ല..ആരേം പ്രേമിക്കാത്ത ഒന്നിനെ നോക്കിയിരുന്നാൽ ഞാൻ ഈ നൂറ്റാണ്ടിൽ പെണ്ണ് കെട്ടാതെ നിന്ന് പോകുകേയുള്ളു ..ഒന്ന് പ്രസവിച്ചവളെ ആണുങ്ങൾ കെട്ടുന്നു പിന്നെയാ ഒന്ന് പ്രേമിച്ചവളെ ...അല്ല പിന്നെ
എനിക്ക് അവളെ വലിയ ഇഷ്ടമാണെന്ന് ..
കാരണം എന്തെന്നോ ആ മനസ്സ് ശുദ്ധമാണ് അതിൽ നന്മയുണ്ട് ..അല്ലെങ്കിൽ അവളെന്നെ വിളിച്ചു പറയുമോ എല്ലാം? അവൾ ഒരു പൊട്ടിപ്പെണ്ണാണ്. പാവം
അപ്പോൾ ഈ പതിനാറാം തീയതി ഞങ്ങളുട മനസമ്മതമാണ് എല്ലരും വരണം കേട്ടോ...

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo